പൂമുഖം നോവൽ യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 18 – കാറ്റിനെ പിടിക്കാനുള്ള ശ്രമം

യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 18 – കാറ്റിനെ പിടിക്കാനുള്ള ശ്രമം

നോവൽ അവസാനിക്കുന്നു

ആറ്റുതീരത്തെ ഒരു മണിമന്ദിരത്തിലാണ് അക്സ പാർത്തിരുന്നത്. ഭർത്താവ് അസര്യ ദാനിലെ പ്രഭുവായിരുന്നു. അയാൾ ഭാര്യയെ നെഞ്ചോടു ചേർത്തു . അവളുടെ മനസ്സിലെ മഞ്ഞ് ഉരുകി. സങ്കടങ്ങളെല്ലാം അവൾ മറന്നു. വടക്കൻ കലാപത്തിൽ അസര്യ യെറോബയാമിനെ പിൻതുണച്ചു. യുദ്ധത്തിനു സേനയെ വിളിച്ചു കൂട്ടാൻ ഒരു ദാസനെ അയച്ചു. അവൾക്ക് ഭയം തോന്നി.
“അങ്ങേയ്ക്ക് ശലമോനെ അറിയില്ല, അദ്ദേഹത്തിന്റെ ഹൃദയത്തിന് ആയിരം അറകളാണ്.. “
അസര്യ ചിരിച്ചു.
ദാൻ സേന തയ്യാറായി. അവർ നഗരത്തിൽ ജയാരവം മുഴക്കി.
“ശലമോനേ, കിടിലം കൊള്ളുക. ഇതാ, ദാൻ അരക്കച്ച മുറുക്കിയിരിക്കുന്നു!
പിന്നെ അവർ യാത്ര പറഞ്ഞു. അക്സ കവാടത്തിൽ നിന്നു.സേന മുഴുവനും ശതകണക്കായി കടന്നു പോകുന്നതു കണ്ടു. അവസാനം അസര്യ യാത്ര പറഞ്ഞു. അക്സ നിശബ്ദയായി.

പ്രഭാതത്തിൽ അക്സ എഴുന്നേൽക്കും. കവാടത്തിൽ പോയി കുറച്ചുനേരം അകലേക്ക് നോക്കി നിൽക്കും. പിന്നെ വെയിലിന് ചൂടു പിടിക്കുമ്പോൾ അവൾ മടങ്ങും. പടപ്പുറപ്പാടിന്റെ മൂന്നാം ദിനം ഒരാൾ ഓടി വരുന്നത് കണ്ടു. അയാൾ കരം ഉയർത്തി പറഞ്ഞു.
“എല്ലാം ശുഭമാണ്. “
അവൾ സന്തോഷിച്ചു. മടങ്ങാൻ ഭാവിച്ചപ്പോൾ മട്ടുപ്പാവിൽ നിന്ന കാവൽക്കാരൻ പറഞ്ഞു.
“അതാ, വേറോരാൾ കൂടി ഓടി വരുന്നുണ്ട്”
അവൾ നിന്നു. അയാൾ പറഞ്ഞു.
“വടക്കൻ സേന യുദ്ധത്തിൽ പരാജയപ്പെട്ടിരിക്കുന്നു.”
അവൾ കരഞ്ഞു. അക്സ വിധവയായി. കണ്ണുനീർ അവൾക്ക് രാപ്പകൽ ആഹാരമായി തീർന്നു. വിലാപകാലം കഴിഞ്ഞപ്പോൾ ബന്ധുക്കൾ മറ്റൊരു വിവാഹത്തിനു നിർബന്ധിച്ചു പക്ഷേ അവൾ തയ്യാറായില്ല. മക്കളോടൊപ്പം ഭവനത്തിൽ കഴിഞ്ഞു. അക്സ ശലമോനെ ശപിച്ചു.

ഈജിപ്തിലെ പുരോഹിതരുടെ മരണത്തിന് രാജാവ് നാതാനെ നാടുകടുത്തിയതാണ്.
രാജകുമാരൻ നഗരത്തിൽ എത്തിയെന്ന് ആരോ പറഞ്ഞ് അക്സ കേട്ടു. ബാല്യകാല സ്നേഹിതനെ കാണാൻ ഒരു മോഹം തോന്നി. പക്ഷേ , അവൾ മടിച്ചു. മക്കളും ബന്ധുക്കളും എന്താണ് പറയുക? അവൾ നാണക്കേട് ഭയന്നു..
നാതാൻ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു. ഒരു കിറുക്കനെ പോലെ പിറുപിറുത്തു. ഭോഷത്വത്തിൽ തുടങ്ങി ഭ്രാന്തിൽ അവസാനിക്കുന്ന വാക്കുകൾ! നാട്ടുകാർ പരിഹസിക്കുന്നത് കേട്ട് അവളുടെ ഹൃദയം പിടഞ്ഞു.
അക്സ അസ്വസ്ഥയായി. വീട്ടിലിരുന്നിട്ട് ഒരു സമാധാനവും തോന്നിയില്ല. സായാഹ്നത്തിൽ അവൾ നടക്കാനിറങ്ങി. നദീ തീരത്തുകൂടി നടന്നു. അകലെ അലരി മരത്തിനു ചുറ്റും നാലഞ്ച് തെരുവ് പിള്ളേർ നിൽക്കുന്നത് കണ്ടു. അവർ ഒരു ഭ്രാന്തനെ കൂവി വിളിക്കുകയാണ്. അയാൾ അവരോടു കയർത്തു. പിള്ളേർക്ക് വാശിയായി. അവർ പൂഴി വാരിയെടുത്ത് എറിയാൻ തുടങ്ങി. ചെറുക്കാനാവാതെ അയാൾ പിൻവാങ്ങി, മരത്തിനു പിന്നിൽ മറഞ്ഞു. കുട്ടികൾക്ക് ഹരം കയറി. വാരിയെറിയൽ തുടർന്നു. അയാൾ മുഖം പൊത്തി. ഒരു മനുഷ്യനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് അക്സായ്ക്ക് ഇഷ്ടപ്പെട്ടില്ല. അവർ കുട്ടികളെ വഴക്ക് പറഞ്ഞ് ഓടിച്ചു. ആ മനുഷ്യന് സമാധാനമായി. മുഖത്ത് നിന്ന് കരം എടുത്തു. നാതാനെ കണ്ട് അവളുടെ കരൾ നുറങ്ങി. ഹൃദയം ചുട്ടു നീറി. കരച്ചിൽ അടങ്ങിയപ്പോൾ അക്സ അമാന്തിച്ചില്ല. അവൾ ക്ഷണിച്ചു. നാതാൻ ആറ്റുതീരത്തെ മണിമന്ദിരത്തിലെത്തി. അവിടെ കുട്ടികളുടെ കളിയും ചിരിയും കണ്ടപ്പോൾ നാതാൻ സങ്കടങ്ങൾ മറന്നു.

സായാഹ്നമായി. കാറ്റ് കൊള്ളാനായി അക്സ ഉദ്യാനത്തിലേക്ക് ഇറങ്ങി.
കുട്ടികൾ അനുഗമിച്ചു. പുൽപ്പരപ്പിൽ അവർ കുഞ്ഞാടുകളു പോലെ ഓടി കളിക്കാൻ തുടങ്ങി. പൊടുന്നനെ ഒരാരവം ഉയർന്നു. ഉദ്യാനവാതിൽ കടന്ന് നാതാൻ വന്നു. അക്സ ഓർമ്മകളിൽ നിന്ന് ഉണർന്നു. കുട്ടികൾ അമ്മാവനെ പൊതിഞ്ഞു. അയാൾ വാത്സല്യപൂർവ്വം തലോടി. പിന്നെ അക്സയെ അഭിവാദ്യം ചെയ്തു. അവൾ ശ്രദ്ധിച്ചു. നാതാന്റെ മുഖം ചുവന്നിരിക്കുന്നു. കണ്ണുകളിൽ സന്തോഷം തിരയടിക്കുന്നു!
“എന്താണിത്ര സന്തോഷം.?”
അയാൾ പറഞ്ഞു.
“ഇന്ന് ഒരു യെറുശലേംകാരനെ കണ്ടു.”
അവൾക്ക് ആകാംക്ഷയായി. നഗരത്തിലെ വിശേഷങ്ങൾ അറിയാൻ കൗതുകം തോന്നി. വഴിയിൽ നിന്ന യെറുശലേംകാരനെ വീട്ടിലേക്ക് ക്ഷണിച്ചു.
യെറുശലേംകാരൻ ഇരുന്നു. പരിചാരികമാർ വീഞ്ഞു പകർന്നു. നാട്ടുവിശേഷങ്ങൾ അറിയാൻ അക്സായ്ക്ക് മോഹം തോന്നി.
യെറുശലേമിൽ എന്തുണ്ട് വർത്തമാനങ്ങൾ?
ശലമോൻ പറഞ്ഞു.
“രാജാവ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിരിക്കുന്നു!”
ശക്തിയേറിയ വടക്കൻക്കാറ്റിൽ കാലിടറാത്ത രാജാവ് നിലംപതിച്ചിരിക്കുന്നുവോ? അവൾ കുഴങ്ങി.
“ഓ, അതെങ്ങിനെ സാധ്യമാകും?”
അയാൾ പറഞ്ഞു.
“രാജാവിന് സേവകനായി ഒരു ഭൂതം ഉണ്ടായിരുന്നു. അവൻ രാജാവിനെ ചതിച്ചു!”
അവൾ ചിരിച്ചു. വടക്കൻ കലാപത്തിൽ ഭർത്താവ് വെന്തെരിഞ്ഞതും നാതാനെ നാടുകടത്തിയതും ഓർത്തു.
“താൻ കുഴിച്ച കുഴിയിൽ തന്നെ ശലമോൻ വീണിരിക്കുന്നു! എന്റെ സഹോദരനെ വധിച്ചാണ് അയാൾ രാജാവായത്. ഉപ്പുതിന്നവൻ വെള്ളം കുടിക്കണം!”
പ്രിയതമയുടെ വാക്ക് കേട്ട് നാതാൻ നിരാശനായി. അയാൾ സഹോദരനെ നോക്കി. അയാൾ പൊട്ടിച്ചിരിച്ചു. അവൾക്ക് ജിജ്ഞാസയായി.
“എന്താ നിങ്ങൾ ചിരിച്ചത്?”
അയാളുടെ മുഖം ശാന്തമായി.
“സഹോദരി, ഒന്നോർക്കുക, അന്ന് അദോനിയാഹു രാജാവായിരുന്നെങ്കിൽ എന്താണ് സംഭവിക്കുകയെന്നത് ഞാൻ ഓർത്തുപോയി.”
അക്സ ആലോചനയിലാണ്ടു.
ശലമോൻ്റെ തല കൊട്ടാരമുറ്റത്ത് ഉരുളുന്നതും ബെത്ശേബയും നാമയും അലമുറയിട്ട് കരയുന്നതും ജിവിതകാലം മുഴവൻ നാതാൻ തന്നെ ശപിക്കുന്നതും ഓർത്ത് അക്സ നടുങ്ങി.
അവൾ തുറിച്ചു നോക്കി. യെറുശലേംകാരൻ ചിരിച്ചു.
“സഹോദരീ, ഓട്ടത്തിൽ വേഗം ഉള്ളവർക്കല്ല വിജയം. യുദ്ധത്തിൽ ശക്തർക്കല്ല വിജയം. വിജ്ഞാനികൾക്കല്ല ഭക്ഷണം. ബുദ്ധിമാന്മാർക്കല്ല സമ്പത്ത്. സമർത്ഥർക്കല്ല പ്രീതി. എല്ലാം വരുത്തുന്നത് കാലവും വിധിയുമാണ്.
നമ്മളെല്ലാം വിധിയുടെ കയ്യിലെ വെറും കളിപ്പാവകളാണ്!”
അവൾ അടുത്ത് ചെന്ന് ആരാഞ്ഞു.
“സത്യം പറയുക, അങ്ങ് ആരാണ്?”
അയാൾ പറഞ്ഞു.
“ദൈവദാനം ധൂർത്തടിച്ച ഭോഷനായ മനുഷ്യൻ!”
അവൾ സഹോദരനെ പുണർന്നു.
അക്സ പരിചാരികയെ വിളിച്ചു പറഞ്ഞു.
“തോണിയിൽ വെള്ളം നിറയ്ക്കുക.”
അവൾ ചൂടുവെളളം നിറച്ചു. രണ്ടു തുള്ളി സുഗന്ധവും ഒഴിച്ചു. ജലത്തിൽ പരിമളം പടർന്നു. വസ്ത്രങ്ങൾ അഴിച്ച് ശലമോൻ നഗ്നനായി തോണിയിൽ കിടന്നു. പൊടികളും അഴുക്കുകളും കുതിർന്നു. ഒരു തുണി കഷണം കൊണ്ട് അവൾ തേച്ചു. യോർദാൻ നദി പോലെ തോണിയിലെ ജലം കലങ്ങി. പരിചാരിക പുഞ്ചിരിച്ചു. അയാൾ പുതുവസ്ത്രം ധരിച്ചു. സഹോദരനോടൊപ്പം വിരുന്നു ഭക്ഷിച്ചു.
രാത്രിയിൽ അക്സ തൂവൽക്കിടക്ക വിരിച്ചു. ശലമോൻ കിടന്നു. അയാൾക്ക് ഉന്മേഷം പകരനായി ഒരു ദാസിയെ നൽകി. ചെമ്മരിയാടിനെ പോലെ അവൾ ചൂടു പകർന്നു. ശലമോൻ മരുഭൂമിയിലെ ക്ലേശങ്ങളെല്ലാം മറന്നു. എല്ലാംകഴിഞ്ഞ് അക്ഷോഭ്യനായി കിടക്കുമ്പോൾ അയാൾ ഓർത്തു. ആലിംഗനത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ഒരു കാലം. ആലിംഗനം ചെയ്യാൻ മറ്റൊരു കാലം! കല്ലുകൾ എറിഞ്ഞു കളയാൻ ഒരു കാലം! കല്ലുകൾ ശേഖരിക്കാൻ മറ്റൊരു കാലം! അയാൾ ദീർഘമായി ശ്വസിച്ചു. കഴിഞ്ഞു പോയ കാലക്കേടിന് ചിലപ്പോൾ ഭാവിയിലെ ഭാഗ്യക്കേടിനെ മായ്ച്ചുകളയാനാകും.”

രാജാവ് പന്ത്രണ്ട് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. അവരാണ് രാജാവിനും കുടുംബത്തിനും ഭക്ഷണം എത്തിച്ചിരുന്നത്. കാര്യദർശി ദാനിന്റെ മൂപ്പനെ കണ്ടു.
“രാജാവിന് ഭക്ഷണം എത്തിക്കുക!”
അയാൾ അസര്യയുടെ പുത്രൻ ദാനീയേലിനെ വിളിച്ചു വരുത്തി. ഭക്ഷണ സാമഗ്രികൾ യെറുശലേമിൽ എത്തിക്കാൻ നിയോഗിച്ചു. അയാൾ തന്റെ കുലത്തിൽ പിറന്നവരും പരിശീലനം നേടിയവരുമായ അമ്പത്തി ഒന്നു യോദ്ധാക്കളെ വിളിച്ചു കൂട്ടി.
ദാൻ പുറപ്പെട്ടു. ഒട്ടകങ്ങൾ കവാടം കടന്നു. ശലമോൻ വെള്ളമൂക്കനെ തലോടി. അവൻ പാഞ്ഞു. പിന്നാലെ ഒട്ടകങ്ങളും പാഞ്ഞു. അസ്മക്ക് ഭയം തോന്നിയില്ല. ലസ്കായെ കാണാമെന്ന് ഓർത്തപ്പോൾ അവൾ ചുവന്നു. മരുഭൂമിയിലെ എണ്ണിയാൽ ഒടുങ്ങാത്ത യാതനകൾ മറന്നു. അവർ പർവ്വതങ്ങൾ ചാടിക്കടന്നു. താഴ്‌ വരകൾ ഓടിക്കടന്നു. പത്താം ദിനം കുന്നിൻ മുകളിൽ നിരനിരയായ ഗോപുരങ്ങൾ കണ്ടു. അവയിൽ ആയിരം പരിചകൾ തൂക്കിയിരുന്നു!
ശിശിരത്തിലെ നീണ്ട സുഷുപ്തി വിട്ട് നഗരത്തിലെ ബദാംമരങ്ങൾ ഉണർന്നു. വസന്തത്തിന്റെ വരവറിയിച്ചുകൊണ്ട് പൂമൊട്ടുകൾ വിടർന്നു. രാജവീഥിയിലെ തവിട്ടും വെളുപ്പും കലർന്ന പൂക്കൾ കണ്ടപ്പോൾ ഫാത്തിമയുടെ ശ്വാസം നിലച്ചു. ഒരു ഇല പോലും ബദാമിൽ കാണാനില്ലായിരുന്നു.
ലസ്ക പറഞ്ഞു.
“പൂക്കാൻ ഒരു കാലം, ഇല കിളിർക്കാൻ മറ്റൊരു കാലം.”
ഫാത്തിമ പറഞ്ഞു.
“വെറുക്കാൻ ഒരു കാലം. സ്നേഹിക്കാൻ മറ്റൊരു കാലം!”
ഇലകൾ കിളിർക്കുന്നതിനു മുമ്പാണ് ബദാമുകൾ പൂക്കുക. പക്ഷേ ഫലം പാകമാകാൻ വേനൽക്കാലം വരെ കാത്തിരിക്കണമായിരുന്നു.
ഫാത്തിമ പുഞ്ചിരിച്ചു.

കൊട്ടാരത്തിനു പുറത്തുള്ള ഒരു അറബിയുടെ ഭവനത്തിലാണ് ഫാത്തിമ പാർത്തിരുന്നത്. അയാൾ രാജാവിന്റെ സ്നേഹിതനായിരുന്നു. അവൾ അവിടെ വിശ്രമിച്ചു. അവൾ കഴിഞ്ഞതെല്ലാം മറന്നു ശാഫാനെ മറന്നു. തോഴിയെ മറന്നു. തരിശു ഭൂമിയിലെ ശൈഖിനെ മറന്നു. അവൾ നടന്നു.
നഗരത്തിലെ കാഴ്ചകൾ ഫാത്തിമായെ വിസ്മയിപ്പിച്ചു. കാവൽക്കാർ അര മുറുക്കി. അവരുടെ പരിച ചെമന്നിരുന്നു. അവർ രക്താംബരം അണിഞ്ഞിരുന്നു. തെരുവിൽ കുതിരകൾ തീജ്വാല പോലെ വെട്ടിത്തിളങ്ങി. അവ കുതിച്ചെത്തുന്നു. വീഥികളിലൂടെ ചീറിപ്പായുന്നു. ആകാശത്തിൽ നിന്നും പതിച്ച മിന്നൽപിണരുകൾ പോലെ. തന്മൂലം വഴി നടക്കാൻ പോലും അവൾ ഭയന്നു. ഫാത്തിമ ഇടവഴിയിലേക്കിറങ്ങി. കുട്ടികൾ വെള്ളി തട്ടിക്കളിക്കുന്നത് കണ്ടു. അകലെ മലമുകളിൽ മഞ്ഞ് ഉയർന്നു. പൊടുന്നനെ കബീറിന്റെ നരച്ചമുടി ഓർമ്മവന്നു. യൂദനെക്കുറിച്ച് ഓർത്തപ്പോൾ അവളുടെ നെഞ്ചിൽ ഒരു ഗദ്ഗദം ഉയർന്നു.
കിഴക്കും നിന്നും കൊണ്ടു വന്ന ചരക്കുകൾക്കിടയിലൂടെ അവൾ നടന്നു. ലസ്ക അനുഗമിച്ചു. മാതാപിതാക്കൾ ഒഴിച്ച് മറ്റെന്തും സ്വന്തമാക്കാൻ കഴിയുന്നതായിരുന്നു യെറുശലേം തെരുവുകൾ! അവർ വടക്കൻ കവാടത്തിൽ ചെന്ന് യാത്രക്കാരെക്കുറിച്ച് അന്വേഷിച്ചു. പക്ഷേ, യുദനെക്കുറിച്ച് യാതൊന്നും പറഞ്ഞ് കേട്ടില്ല. കാറ്റിൽ ഒരുന്മാദഗന്ധം പരന്നു. അസ്മ താഴ്വരയിലുണ്ടെന്ന് അവനു തോന്നി.
യെറുശലേമിലെ സിംഹാസനം. വന്യമൃഗങ്ങൾ വദനം തുറക്കുന്ന പടവുകൾ കാണുമ്പോൾ അസ്മേദേവൂസിന്റെ പാദങ്ങൾ വിറച്ചിരുന്നു. അയാൾ ചുവന്ന വിഞ്ഞു കുടിച്ചു. ചാരക്കണ്ണുകൾ മുന്തിരി പോലെ ചുവന്നുതുടുത്തു. രാജാവിനു വല്ലാത്ത മടുപ്പു തോന്നി.
“വ്യർഥതകളിൽ വ്യർഥത. എല്ലാം വ്യർഥം. സൂര്യന് കീഴിൽ മനുഷ്യൻ പ്രയത്നിക്കുന്നു. പക്ഷേ , എന്താണ് അയാൾ നേടുന്നത്? “
പണ്ഡിതർ ഖിന്നരായി. സ്നേഹിതർ കാലത്തെയും വിധിയെയും പഴിച്ചു. മന്ത്രിമാർ മുഖം താഴ്ത്തി. ഓരോരോ കൊച്ചുവർത്തമാനങ്ങൾ പറഞ്ഞാണ് അവർ രാജ്യകാര്യങ്ങൾ നിവൃത്തിയാക്കിയിരുന്നത്.

രാജ്യകാര്യങ്ങൾ കഴിഞ്ഞപ്പോൾ സന്ദർശകർക്കുള്ള സമയമായി. ഊഴം കാത്തുനിന്ന അറബി രാജാവിനെ പ്രണമിച്ചു.
“യിസ്റേഏൽ മന്നവനായ ദാവീദിന്റെ പുത്രന് ക്വാദിലെ ശൈഖിന്റെ അഭിവാദ്യങ്ങൾ”
രാജാവു പുഞ്ചിരിച്ചു. നിക്ഷേപ പാത്രങ്ങൾ തുറന്ന് അയാൾ പൊന്നും മീറയും കുന്തിരിക്കവും തൃപ്പാദത്തിൽ കാഴ്ചവെച്ചു.
“പ്രഭോ, സിറിയൻ രാജാവിൽ നിന്നു തങ്ങളെ രക്ഷിക്കണം.”
രാജാവ് പറഞ്ഞു.
“ഭയപ്പെടേണ്ടാ, റെയ്സോൻ നിങ്ങളെ ശല്യപ്പെടുത്താതിരിക്കാൻ വേണ്ടത് നാം ഉടൻ ചെയ്യാം.”
അറബി പറഞ്ഞു.
“ഈ ഉപകാരം ഞങ്ങൾ ഒരിക്കലും മറക്കില്ല. അറേബ്യൻ മരുഭൂമിയിൽ ഞങ്ങൾക്ക് അവിടുത്തെ സംരക്ഷണം എന്നെന്നും ഉണ്ടാകണം.”
രാജാവ് പുഞ്ചിരിച്ചു.
ക്വാദുമായി ഒരു കരാർ ഉണ്ടാക്കി. പേർഷ്യൻ കടലിലേക്ക് പാത തെളിഞ്ഞതിൽ സന്തുഷ്ടനായി. കരാറിന്റെ ഉറപ്പിനായി വിവാഹവും ഉറപ്പിച്ചു.
അറബി സന്തുഷ്ടനായി.
“ഫാത്തിമ പ്രിയങ്കരിയായ മാൻപേടയാണ്, മനോജ്ഞയായ മാൻകുട്ടി. അവളുടെ സ്തനങ്ങൾ നിന്നെ സദാ ആമോദിപ്പിക്കട്ടെ!”
രാജാവിന്റെ മുഖം തെളിഞ്ഞു.
“അവൾ ഈത്തപ്പന പോലെ പ്രൗഢയും ഉന്നതയും ആണ്. യൗവ്വനം പുളച്ചുനിൽക്കുന്ന കുലകൾ ഞാൻ അടർത്തും. ഈത്തപ്പഴം ഞാൻ നുണയും!
രാത്രിയിൽ പ്രേയസിയോട് പറഞ്ഞു.
“ഞാൻ ആ പനയിൽ കയറും. അതിന്റെ മടലുകൾ ഓരോന്നായി പിടിക്കും!”
അവൾ ക്ഷണിച്ചു. .
“നമുക്ക് മുന്തിരി വള്ളികൾ തളിർത്തോ എന്നും പൂക്കൾ വിടർന്നോ എന്നും പഴങ്ങൾ കായ്ച്ചോ എന്നും നോക്കാം!”

രാജാവ് കൊട്ടാര വിചാരിപ്പുകാരനെ ചട്ടംകെട്ടി അയച്ചു. പത്തുകുതിരക്കാർ അയാൾക്ക് അകമ്പടി സേവിച്ചിരുന്നു. ക്വാദ് വധുവിനുള്ള നാനാതരം സമ്മാനങ്ങളും കരുതിയിരുന്നു. മീറയും കുന്തിരിക്കവും മണക്കുന്ന തെരുവിലെ ഒരു മന്ദിരത്തിനു മുന്നിൽ കുതിരകൾ നിന്നു. അറബി അവരെ സ്വീകരിച്ചു.
“അകത്ത് വരുക, എന്തിന് വഴിയിൽ നിൽക്കുന്നു? കുതിരകളെ എൻ്റെ ദാസൻ നോക്കിക്കൊള്ളും.”
ദാസി അയാളുടെ കാലുകൾ കഴുകി.
അവർ ആ മന്ദിരത്തിൽ കടന്ന് ഇരുന്നു. ആംഗ്യം കാട്ടിയപ്പോൾ പരിചാരികമാർ വീഞ്ഞും ഈത്തപ്പഴങ്ങളുമായി വന്നു തുടങ്ങി. പരിചാരകൻ ചഷകത്തിൽ വീഞ്ഞു പകർന്നു. ആമാടപ്പെട്ടി തുറന്ന് സ്വർണ്ണമൂക്കുത്തിയും പൊൻവളയും എടുത്തുകൊണ്ട് വിചാരിപ്പുക്കാരൻ പറഞ്ഞു.
“ശൈഖിൻ്റെ പുത്രിയെ വിളിക്കുക.”
അകത്തേയ്ക്കു നോക്കി അറബി പറഞ്ഞു.
“ഇതാ രാജദൂതൻ നിന്നെ കാണാൻ വന്നിരിക്കുന്നു.”
വാതിലിനു പിന്നിൽ നിന്നിരുന്ന ഫാത്തിമ ഇറങ്ങി വന്നു. അവളുടെ കവിളുകൾ ആപ്പിളിന്റെ നിറമാർന്നു.

യെറുശലേം കൊട്ടാരം ഒരു നവോഢയെ പ്പോലെ ഒരുങ്ങി. കൊട്ടാരത്തിന്റെ മുറ്റത്ത് കൂറ്റൻ പന്തൽ ഉയർന്നു. വെള്ളത്തിരശ്ശീലകളും നീലവിരികളും നിരന്നു. ലിനൻ ചരടുകളും ധൂമ്രവർണ്ണമുള്ള ചരടുകളും കൊണ്ട് അവ കൊട്ടാരത്തിന്റെ തൂണുകളിൽ ബന്ധിപ്പിച്ചു. വർണ്ണപ്പകിട്ടാർന്ന കല്ലുകളും മുത്തുകളും പതിച്ച പരവതാനി തറയിൽ എമ്പാടും വിരിച്ചു. രാജാവ് സഹോദരന്മാരെയും മൂപ്പന്മാരെയും പ്രഭുക്കന്മാരെയും സേനാനായകരെയും ക്ഷണിച്ചു. പക്ഷേ നാതാനെ മാത്രം വിളിച്ചില്ല. ഈജിപ്തിലെ റാണിയെ പിണക്കാൻ അസ്മേദേവൂസ് മടിച്ചു. രാജമാതാവ് ബെത്ശേബ സങ്കടപ്പെട്ടു.
പ്രഭാതത്തിൽ ലസ്ക ഉണർന്നു. അവൻ ഉദയത്തിനു മുമ്പെ എഴുന്നേറ്റ് നിലവിളിച്ചു. ഉഷസ്സിനായി കാത്തിരിക്കുന്ന കാവൽക്കാരനെ പോലെ എന്റെ ഹൃദയം അസ്മക്കായി കാത്തിരിക്കുന്നു! പ്രഭാതത്തിൽ അവളുടെ അചഞ്ചല സ്നേഹത്തെക്കുറിച്ച് കേൾക്കാൻ എനിക്ക് ഇടയാക്കണമേ!
അവൻ പുറത്തിറങ്ങി നോക്കി.
മലമുകളിൽ മഞ്ഞ് പെയ്യുകയാണ്. നഗരത്തിനു മീതെ ആരോ കമ്പിളി വിരിച്ചിരിക്കുന്നു! അറബിത്തെരുവ് വിജനമാണ്. തെരുവിലാകെ പൊടിമഞ്ഞ് നിറഞ്ഞിരിക്കുന്നു. പൊടുന്നനെ ആകാശത്ത് സൂര്യൻ തലകാട്ടി. തെരുവിലെ പൊടിമഞ്ഞ് അലിഞ്ഞു. തെരുവിന്റെ അറ്റത്ത് ഒരു രൂപത്തെ കണ്ടു. അവൻ സ്തംഭിച്ചു നിന്നു.
അറബിയുടെ പടിവാതിലിനു മുമ്പിൽ അസ്മ നിന്നു. അവളുടെ മുടിയും കുറുനിരകളും മഞ്ഞിൽ വെളുത്തിരുന്നു. കരങ്ങൾ നന്നെ ശോഷിച്ചിരുന്നു. അവൻ സങ്കടപ്പെട്ടു.
“എന്തൊരു കോലമാണ്”
അവൾ പറഞ്ഞു.
“നീണ്ട ശിശിരം അവസാനിച്ചിരിക്കുന്നു. ഇനി വസന്തകാലമാണ്! “
അവൻ പുഞ്ചിരിച്ചു. അവർ കരങ്ങൾ കോർത്ത് വീട്ടിലേക്ക് നടന്നു.
ഫാത്തിമ സന്തുഷ്ടയായി. ആപത്തുകളെ തരണം ചെയ്ത് കബീറും അസ്മയും നഗരത്തിൽ എത്തിയിരിക്കുന്നു. കബീറിനെ കാണാൻ ആഗ്രഹിച്ചു.
“എവിടെയാണ് കബീർ ? എനിക്ക് അദ്ദേഹത്തെ കാണണം”
അസ്മ പറഞ്ഞു.
“തമ്പുരാട്ടി വിഷമിക്കരുത്. യജമാനനു നല്ല സുഖമില്ല”
വിവാഹത്തിന് ക്ഷണിക്കാൻ കഴിയാത്തതിൽ ഫാത്തിമ കുണ്ഠിതപ്പെട്ടു. ഒടുവിൽ ഒരു ക്ഷണപത്രിക ലസ്കയുടെ പക്കൽ കൊടുത്തയച്ചു.
“പ്രഭോ, എന്റെ വിവാഹമാണ്. ഗുരുവിന്റെ ആശീർവാദത്തിനായി ഞാൻ കാത്തിരിക്കുന്നു.”
ലസ്ക നടന്നു.
അസ്മ മടങ്ങിയില്ല. അവൾ യജമാനത്തിയെ ഒരുക്കി. പകലിൽ അറബിപ്പെൺകൊടിമാർ ഒത്തുകൂടി. ഒരു കന്യക പാടി.
“അല്ലയോ യെറുശലേം പുത്രിമാരേ, നിങ്ങൾ എൻ്റെ പ്രിയനെ കണ്ടുവോ? ഞാൻ പ്രേമാതുരയാണെന്ന് അവനോട് പറയുക.”
അവർ ചിരിച്ചു.
“സ്ത്രീകളിൽ പരമ സുന്ദരീ, നിൻ്റെ പ്രിയൻ എവിടെ പോയി?”
പെൺകൊടി പറഞ്ഞു.
”എൻ്റെ പ്രിയതമൻ മരുഭൂമിയിൽ ഒട്ടകങ്ങളെ മേയ്ക്കുന്നു.”
ഒരുത്തി പാടി.
“അതാ, അവൻ പർവ്വതങ്ങൾ ചാടി കടന്നും കുന്നുകൾ മറികടന്നും വരുന്നു.”
അവർ ചിരിച്ചു.
മുററത്ത് അറബി പന്തലിട്ടു ഈത്തപ്പനയോലകൾ കൊണ്ട് അലങ്കരിച്ചു.
ഏഴു ദിവസം നീണ്ടു നിന്ന വിവാഹ വിരുന്ന് അയാൾ നടത്തി. അറബി വിരുന്നുകാരോട് പറഞ്ഞു.
“ഭക്ഷിക്കുക, കുടിക്കുക. അപ്പം ആനന്ദത്തിന്നാണ്. വീഞ്ഞു ജീവിതത്തെ ഉല്ലാസഭരിതമാക്കുന്നു!”
വിരുന്ന് ശാലയിൽ ചിരികൾ ഉയർന്നു.

ഫാത്തിമ ജാഗരൂകയായി. അറിയാത്ത ദിവസത്തിലും പ്രതീക്ഷിക്കാത്ത മണിക്കൂറിലുമാണ് രാജാവ് വരിക. രണ്ടു ദിവസങ്ങൾ കഴിഞ്ഞു. മൂന്നാം ദിനം യഹൂദർ വന്നു. അവർക്ക് ഈത്തപ്പഴങ്ങൾ നൽകി.
വള്ളിക്കുടിലിൽ നിന്നും ധൂമം ഉയരുന്നുണ്ടായിരുന്നു. യഹൂദർ ഇരുന്നു. അറബികളുടെ പ്രൗഢിക്കും ഔദാര്യത്തിനും അനുസൃതമായി വീഞ്ഞും അപ്പവും സമൃദ്ധമായി വിളമ്പി. നഗരത്തിലെ അറബികളും വന്നു ചേർന്നു. അവർ കുമാരിക്ക് വിലപ്പിടിപ്പുള്ള സമ്മാനങ്ങൾ നൽകി. കബീർ ഒരു സമ്മാനം കൊടുത്തയച്ചു. അൽ ജോഫിൽ നിന്ന് വാങ്ങിയതായിരുന്നു അത്. ലസ്ക ഒരു ചെപ്പ് കൈമാറി. ഫാത്തിമയുടെ കവിളുകളിൽ സാന്ധ്യരാഗം പടർന്നു. ആദ്യരാത്രിയിൽ മണിയറ സുഗന്ധപൂരിതമാക്കാനുള്ള ഒരു ചൂർണ്ണം ആയിരുന്നു അത്.

സന്ധ്യമയങ്ങി. രാജപാതയിൽ നിന്നു കൊട്ടും പാട്ടും കേട്ടുതുടങ്ങി. എണ്ണവിളക്കുകളും പന്തങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര കണ്ട് ജനങ്ങൾ പുറത്തിറങ്ങി. പാതയുടെ ഇരുവശത്തുമായി ശരറാന്തലുകൾ തെളിഞ്ഞു. നക്ഷത്രപ്രഭയിൽ നഗരവീഥി കുളിച്ചു. രാജകീയമായി അലങ്കരിച്ച കുതിരപ്പുറത്താണ് അസ്മേദേവൂസ് ഇരുന്നത്. ഒരു സ്വർണ്ണവാൾ അയാൾ ഉയർത്തിപ്പിടിച്ചിരുന്നു. ഇരുട്ടിൽ അത് തിളങ്ങി. രാജാവിനെ ഒരു സംഘം നർത്തകിമാർ അനുഗമിച്ചിരുന്നു. അവർ ചുവടുകൾ വെച്ചപ്പോൾ അരമണികൾ കിലുങ്ങി. തെരുവിലാകെ വസന്തത്തിലെ കിലുകിലാരവം മുഴങ്ങി.
സ്നേഹിതർ അകലെ ഒരു വെളിച്ചം കണ്ടു. അവർ രാജാവിനെ കളിയാക്കി. രാജാവിന്റെ മുഖം മാതളം പോലെ ചുവന്നു. തെരുവിലെ ജനങ്ങൾ കരം വീശി. രാജാവ് അത്യധികം സന്തുഷ്ടനായി. ആകാശത്തിൽ നക്ഷത്രങ്ങൾ കണ്ണുചിമ്മി. മലമുകളിൽ നിന്ന് കാറ്റുവീശി. ദേഹമാകെ കുളിരിട്ടു. ആ ഘോഷയാത്ര അറബിയുടെ ഭവനത്തിൽ എത്തി. വാദ്യക്കാർ കരങ്ങൾ വീശീ.കാതടപ്പിക്കുന്ന പിച്ചളവാദ്യമേളങ്ങൾ ഉയർന്നു. രാജാവിനെ സ്വീകരിക്കാൻ കുറെ സ്ത്രീകൾ കാത്തുനിന്നിരുന്നു. അവർ കുരവയിട്ടു.
സ്ത്രീകൾ ഫാത്തിമായെ മണിയറയിലാക്കി. അസ്മ വാതിൽ അടച്ചു. ആചാരമനുസരിച്ച് ഫാത്തിമ കാത്തിരുന്നു. മുറിയിലെ വായുവും മാതള നാരങ്ങയുടെ തീക്ഷ്ണഗന്ധവും അവളെ വീർപ്പുമുട്ടിച്ചു. ഒരാപ്പിൾ കടിച്ചുതിന്നു. പക്ഷേ, ഉള്ളിലെ പാരവശ്യം അകന്നില്ല. അവൾ മണിയറയിലെ കിടക്കയിൽ ഇരുന്നു. അസ്മ വീശാൻ തുടങ്ങി.
മണിയറയുടെ പുറത്ത് പത്ത് കന്യകമാർ നിന്നിരുന്നു. അവർ രാജാവിനെ എതിരേറ്റു. എണ്ണവിളക്കിൽ ആനന്ദത്തിരികൾ തെളിഞ്ഞു. ഇടനാഴിയിൽ സ്വർണ്ണം തെളിഞ്ഞു. മൈലാഞ്ചിപ്പാട്ടുകൾ പാടി അവർ നടന്നു.
“വടക്കൻ കാറ്റേ, ഉണരു , തെക്കൻ കാറ്റേ, വരൂ
എന്റെ ആരാമത്തിലേക്കു വീശൂ.
എന്റെ പ്രിയൻ അയാളുടെ ഉപവനത്തിലേക്കു വരട്ടെ, അതിലെ നല്ല ഫലങ്ങൾ ഭുജിക്കട്ടെ! “
മണിയറയുടെ വാതിൽ അസ്മ തുറന്നു. കന്യകമാർ രാജാവിനെ ആനയിച്ച് മഞ്ചത്തിൽ ഇരുത്തി. രണ്ടുപേർ ഫാത്തിമായെ നിർബന്ധിച്ചു കൊണ്ടുവന്നു. അവളെ രാജാവിന്റെ അരികെ ഇരുത്തി.
“എന്റെ മണവാട്ടി, നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു.
നിന്റെ പ്രേമം വീഞ്ഞിനേക്കാൾ ലഹരി പകരുന്നത്.
നിന്റെ പരിമളം ഏതു തൈലത്തേക്കാളും ശേഷ്ഠo
നിന്റെ അധരങ്ങളിൽ തേനൂറുന്നു!”
അവൾ ഇടം കണ്ണിട്ട് രാജാവിനെ നോക്കി. പക്ഷേ, അവന്റെ രൂപം കണ്ട് നടുങ്ങി.
കബീർ?
അവൾ അയാളുടെ മുഖത്തേക്ക് ഉറ്റു നോക്കി. കന്യകമാർ കളിയാക്കി. അത് കേട്ട് അവൾ നോട്ടം പിൻവലിച്ചു. ഫാത്തിമയുടെ മുഖം ആപ്പിൾ പോലെ ചുവന്നു. അവൾക്ക് വല്ലാത്ത പാരവശ്യം തോന്നി. രാത്രി വൈകിയപ്പോൾ കന്യകമാർ പുറത്തിറങ്ങി.
രാജാവിന്റെ സ്നേഹിതർക്ക് ലസ്ക വീഞ്ഞു പകർന്നു. അസര്യയുടെ പുത്രൻ ദാനീയേലിനെയും രാജാവ് ക്ഷണിച്ചിരുന്നു. അയാൾ കുടിച്ചു. പടയാളികൾക്കും വീഞ്ഞു പകർന്നു. അവർ മനം പോലെ കുടിച്ചു. അവർ ഇടനാഴികയിൽ മയങ്ങി കിടന്നു. ദാനിയേൽ പുഞ്ചിരിച്ചു.
ഫാത്തിമ രാജാവിനു വീഞ്ഞു പകർന്നു. ഒരു കവിൾ കുടിച്ചിട്ട് രാജാവ് ചഷകം ചവിട്ടി പൊട്ടിച്ചു! അവൾ ലജ്ജാവതിയായി. രാജാവ് പ്രിയതമയുടെ കരം ഗ്രഹിച്ചു.
“ലോകത്തിൽ ഒരു ശക്തിക്കും നമ്മെ വേർപെടുത്താനാവില്ല. “
അവൾ തൃക്കരത്തിൽ അമർത്തി ചുംബിച്ചു. രാജാവിന് കുളിരിട്ടു.
മണിയറയിലെ ധൂപക്കുറ്റിയിൽ നിന്ന് സുഗന്ധം ഉയർന്നു. രാജാവിന്റെ നാസിക ചുമന്നു. മണിയറയിൽ ഒരു വിളക്ക് പ്രകാശം തൂകിയിരുന്നു. അസ്മ വിളക്കു കെടുത്തി. ഫാത്തിമ എഴുന്നേറ്റു. കുപ്പായങ്ങൾ ഓരോന്നായി അഴിച്ചുമാറ്റാൻ അസ്മ സഹായിച്ചു. അഗ്നിപ്രഭയിൽ രാജാവ് ഒരു കനകവിഗ്രഹം കണ്ടു! ഒരു സുതാര്യ വസ്ത്രമാണ് അവൾ ധരിച്ചിരുന്നത്. അവൾ കിടക്ക പൂകി. രാജാവിനു വല്ലാത്ത പാരവശ്യം തോന്നി. അയാൾ വീഞ്ഞുകോപ്പ ചുണ്ടോടടുപ്പിച്ചു.
രാജാവ് എഴുന്നേറ്റു. മണവറ സുഗന്ധ പൂരിതമാക്കുന്ന കാര്യം അസ്മ ഓർത്തു. കബീർ സമ്മാനിച്ച ചെപ്പു തുറന്നു. കുറച്ച് ചൂർണ്ണം ധൂപക്കുറ്റിയിലേയ്ക്ക് കുടഞ്ഞിട്ടു. കുറ്റിയിൽ നിന്ന് വെള്ളപ്പുക ഉയർന്നു. ആകാശം പോലെ മണവറയാകെ വെളുത്തു! നേരമ്പോക്കാണെന്നാണ് അസ്മേദേവൂസ് വിചാരിച്ചത് പക്ഷേ, ശ്വാസം മുട്ടിയപ്പോൾ കളി കാര്യമായി.
മത്സ്യഗന്ധമേറ്റ് രാജാവിന്റെ രൂപം മാറി. കോഴിയുടെ കാലും മനുഷ്യന്റെ മാറിടവും വ്യാളിയുടെ വാലും മുന്നു തലയുമുള്ള രൂപമായി. ദേഹമാകെ തണുത്തു വിറച്ചു. അവൻ ചുറ്റും നോക്കി. ചെപ്പുമായി നിൽക്കുന്ന ദാസിയെ കണ്ടു. അസ്മോദേവൂസിനു സംശയം തോന്നി. അവൻ മൂന്നാം കണ്ണുതുറന്ന് നോക്കി. ഇടനാഴിയിൽ കൊട്ടാരത്തിലെ അംഗരക്ഷകർ എല്ലാം വീഞ്ഞുകുടിച്ച് മത്തരായി കിടക്കുന്നു. അവൻ ശപിച്ചു. ഇരുളിന്റെ മറവിൽ ശലമോൻ നിൽക്കുന്നു! ഒരു സംഘം പോരാളികൾ ഇടനാഴിയിലും നിൽക്കുന്നുണ്ട്! അവർ ആയുധധാരികളാണ്. നട്ടെല്ലിലേക്ക് ഭയം ഇരച്ചു കയറി. അവൻ തളർന്നു. എങ്കിലും ഫാത്തിമായെ ഒന്നു നോക്കി. കാത്തുസൂക്ഷിച്ചൊരു ഈത്തപ്പഴം ഈച്ച കുത്തിപ്പോയതിൽ ഖിന്നനായി.
കാലത്തിൻ്റെ മറിമായമോർത്ത് പുഞ്ചിരിച്ചു. ചൂളയിൽ വീണപോലെ ശ്വാസം മുട്ടി.
മണിയറയുടെ ജനാല തുറക്കപ്പെട്ടു. അസ്മേദേവൂസ് പൊടിമഞ്ഞായി പുറത്ത് കടന്നു. തെരുവിൽ മൂടൽ മഞ്ഞ് പരന്നു. യെറുശലേം നഗരം പുകമഞ്ഞിൽ മൂടി. വടക്കൻകാറ്റിൽ മഞ്ഞുമേഘങ്ങൾ പറന്നു. ചെങ്കടൽ കടന്ന് ഈജിപ്തിലെ ചതുപ്പിൽ നീഹാരം ഘനീഭവിച്ചു.

അസ്മ മണിയറയുടെ വാതിൽ തുറന്നു. തണുത്ത കാറ്റ് വീശി. കാറ്റിൽ മുറിയിലെ വെളുത്ത പുക അലിഞ്ഞു ചേർന്നു. ശലമോൻ മണിയറയിൽ പ്രവേശിച്ചു. അയാൾ ഫാത്തിമായെ നോക്കി. പുകയേറ്റ് അവൾക്ക് ശ്വാസം മുട്ടിയിരുന്നു. അവൾ മയങ്ങിക്കിടന്നു. ശലമോൻ രാജവസ്ത്രങ്ങൾ ധരിച്ചു ശയ്യ പൂകി . രാത്രിയിൽ ഫാത്തിമ സ്വപ്നം കണ്ടു. ഒരാൾ കോതമ്പ് കറ്റ മെതിക്കുന്നു!
കിഴക്ക് വെള്ളകീറിയപ്പോൾ അറബിയുടെ ഭാര്യ വാതിലിൽ തട്ടിവിളിച്ചു.
“ഫാത്തിമ”
അവൾ എഴുന്നേറ്റു. ശാന്തമായി ശ്വാസം കഴിക്കുന്ന രാജാവിനെ നോക്കി. കഴിഞ്ഞ രാത്രിയിൽ മയങ്ങി വീണതും ചുമച്ചതും ഓർമ്മ വന്നു. ഒരു എത്തും പിടിയും കിട്ടുന്നില്ല! എന്താ ചെയ്യുക?
അവൾ പുറത്തിറങ്ങി.
അസ്മ യജമാനത്തിയ വണങ്ങി. പരിചാരികയെ വിളിച്ച് ആരാഞ്ഞു.
“അസ്മാ കഴിഞ്ഞ രാത്രിയിൽ എന്താണ് സംഭവിച്ചത്?”
അസ്മ ചിരിച്ചു. ഫാത്തിമായ്ക്ക് അരിശം കൊണ്ടു മുഖം ചുവന്നു.
“തമ്പുരാട്ടി, യജമാനൻ ഒരു മാന്ത്രികവിദ്യ കാട്ടിയതാണ്. “
“മാന്ത്രികവിദ്യയോ?
അസ്മ തലയാട്ടി.
പുറത്തേക്കു നടക്കുമ്പോൾ ഫാത്തിമ പിറുപിറുത്തു.
“വല്ലാത്ത മാന്ത്രികവിദ്യ തന്നെ!”
രാവിലെ കൊട്ടാര കവാടത്തിൽ രാജാവിനെയും റാണിയെയും എതിരേൽക്കാൻ മഹാറാണിയും യുവരാജാവും കാത്തുനിന്നു. രാജരഥം കവാടത്തിൽ നിന്നപ്പോൾ കാഹളം മുഴങ്ങി. കൊട്ടാരമുറ്റത്തു പ്രേയസിയും നിന്നിരുന്നു. അവൾ പുഞ്ചിരിച്ചു
“എങ്ങിനെ ഉണ്ടായിരുന്നു ആദ്യരാത്രി?”
രാജാവ് പറഞ്ഞു.
“കാറ്റിനെ പിടിക്കാനുള്ള ശ്രമം!”
പ്രേയസി അത്ഭുതപ്പെട്ടു. അവൾ രാജാവിനെ പിൻതുടർന്നു. ശലമോൻ കരം ഉയർത്തി. അവൾ പിൻവാങ്ങി.
പ്രേയസി ഈജിപ്തിലെ ഭവനത്തിലേക്ക് നടന്നു. ഭവനത്തിൽ ചുറ്റും പടയാളികൾ നിൽക്കുന്നു. അവർ അവളെ തടഞ്ഞു. അവൾ അമ്പരന്നു. അവൾ തിരികെ നടന്നു. അന്ത:പ്പുരത്തിൽ ചെന്ന് വിചാരിപ്പുക്കാരനെ കണ്ടു.
അയാൾ ചിരിച്ചു.
“രാജാവിന് നിന്നിൽ അപ്രീതി തോന്നിയിരിക്കുന്നു. തിരുമനസ്സ് വിളിക്കുന്നതു വരെ നീ കാത്തിരിക്കുക.”
അവൾ കാത്തു. ദിവസങ്ങൾ കഴിഞ്ഞിട്ടും രാജാവ് ആളെ അയച്ചില്ല. അവൾക്ക് സംശയം തോന്നി. ദാവീദിന്റെ പുത്രൻ മടങ്ങിയെത്തിയിരിക്കുന്നുവോ?
ബെത്ശേബ പുഞ്ചിരിച്ചു. നാതാന് രാജാവ് മാപ്പു നൽകിയതിൽ രാജമാതാവ് അതീവ സന്തുഷ്ടയായി. നാതാൻ അമ്മയുടെ കവിളിൽ ചുംബിച്ചു. മകന്റെ സ്നേഹച്ചൂടേറ്റപ്പോൾ അവരുടെ കണ്ണുകൾക്ക് അനക്കം വെച്ചു. മാതൃഹൃദയം ശാന്തമായി. പ്രഭാതത്തിൽ അവർ ഉണർന്നു. മകനെ കണ്ട് അമ്പരുന്നു. ചുമലിൽ ഭാണ്ഡക്കെട്ട് കണ്ട് അത്ഭുതപ്പെട്ടു. അവൻ യാത്ര പറഞ്ഞു.
“ഞാൻ ദാനിലേക്ക് മടങ്ങി പോകുകയാണ്.”
“എന്താണ് നിനക്കിത്ര തിടുക്കം?”
അയാൾ പറഞ്ഞു.
“അമ്മ ക്ഷമിക്കണം അക്സ തനിച്ചാണ്”
രാജമാതാവ് പുഞ്ചിരിച്ചു. മകന് പ്രണയസാഫല്യമായെന്ന് കേട്ടപ്പോൾ അവർ അത്യധികം സന്തുഷ്ടയായി.
രാജസദസ്സു കൂടിയപ്പോൾ ശലമോൻ ആരാഞ്ഞു.
അദോനിയാഹിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിട്ടുണ്ടോ?
മന്ത്രി പറഞ്ഞു.
“രാജകുമാരന്റെ ഒരു പുത്രൻ ജീവിച്ചിരുപ്പുണ്ട്. അയാൾ മുടന്തനാണ്”
ശലമോൻ പറഞ്ഞു.
“അയാളെ, എന്നും എന്റെ കൂടെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുക.”
മന്ത്രി അമ്പരന്നു. രാജാവ് പറഞ്ഞു.
“നാം ഇന്നലെയെന്ന പോലെ ഉണ്ടായവരാണ്, ഒന്നും അറിഞ്ഞു കൂടാത്തവർ.
ഭൂമിയിലെ നമ്മുടെ ദിനങ്ങൾ നിഴൽ പോലെയല്ലേ? അതുകൊണ്ട് രമ്യപ്പെടുക.”
ഹേമാൻ പുഞ്ചിരിച്ചു.
അദോനിയയുടെ പുത്രൻ വന്നു. അയാൾ രാജാവിനെ നമസ്ക്കരിച്ചു.
“പ്രഭോ, ഒരു ചത്തനായയുടെ നേരേ കനിവു കാണിക്കുന്നത് എന്തിന്?”
രാജാവ് പറഞ്ഞു.
“ദൈവം നിന്നോട് കരുണ കാണിച്ചിരിക്കുന്നു.”
വിരുന്നിനിടയിൽ വിദൂഷകൻ ഒരു അശ്ലീലകവിത ചൊല്ലി. രാജാവു ശാസിച്ചു.
“ദുർദിനങ്ങൾ വരുന്നതിനു മുൻപ്, എനിക്ക് ഒന്നിനും രസമില്ല എന്നു നീ പറയുന്ന വത്സരങ്ങൾ വന്നെത്തും മുമ്പ്, സ്രഷ്ടാവിനെ അനുസ്മരിക്കുക.”
അയാൾ അത്ഭുതപ്പെട്ടു.
വിവാഹം കഴിച്ചാൽ ഒരാൾ മാറി പോകുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഒറ്റ രാത്രി കൊണ്ട് ഇത്ര കണ്ടു മാറിപോകുമോ?

സായാഹ്നത്തിൽ രാജാവ് ഗ്രന്ഥപ്പുര സന്ദർശിച്ചു. ആംഗ്യം കാട്ടിയപ്പോൾ എഴുത്തുകാരൻ എഴുതാൻ തയ്യാറെടുത്തു. നരച്ചതാടി തടവിയിട്ട് രാജാവ് പറഞ്ഞു.
“മനുഷ്യഹൃദയങ്ങൾ തിന്മ നിറഞ്ഞവയാണ്. ജീവിച്ചിരിക്കുമ്പോൾ അവരുടെ ഹൃദയങ്ങളിൽ ഭ്രാന്താണ്.”
ഒന്നു നിർത്തിയിട്ട് രാജാവു തുടർന്നു.
“ഒരിക്കൽ പക്ഷിയുടെ ചിലപ്പുനിലയ്ക്കും. ആ സംഗീതധ്വനി നിലയ്ക്കും. അന്ന് കയറ്റങ്ങൾ കയറാൻ ഭയപ്പെടും. വഴിയിൽ ഇറങ്ങാനും പേടിക്കും.”
എഴുത്തുകാരൻ ആ വാക്കുകൾ ചുരുളിലേയ്ക്ക് പകർത്തി.
ജനാലയുടെ മുമ്പിലെത്തിയപ്പോൾ രാജാവു നിന്നു. സന്ധ്യാകാശം നോക്കി പിറുപിറുത്തു.
“മോഹങ്ങൾ ഫലിക്കാതെ മനുഷ്യൻ മണ്ണിലേക്ക് മടങ്ങും. പ്രാണചൈതന്യം അത് നൽകിയ ദൈവത്തിലേക്ക് മടങ്ങും.”
എഴുത്തുകാരൻ അത്ഭുതപ്പെട്ടു. രാജാവു തുടർന്നു.
“വ്യർഥതകളിൽ വ്യർത്ഥത, എല്ലാം വ്യർത്ഥം. കാറ്റിനെ പിടിക്കാനുള്ള ശ്രമമാണ് ജീവിതം.”

വര : പ്രസാദ് കാനത്തുങ്കൽ

കവർ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like