പൂമുഖം TRAVEL ഗ്ലേസിയര്‍ 3000 – ആനന്ദദായകം

ഗ്ലേസിയര്‍ 3000 – ആനന്ദദായകം

dsc_3607-001

തിവ് പോലെ  രാവിലെ തന്നെ ഞങ്ങള്‍ പെട്ടിയൊക്കെ  പാക്ക് ചെയ്തതിനു ശേക്ഷം  ആണ്  പ്രഭാത ഭക്ഷണത്തിനു പോയത്. തലേ ദിവസം  പരാതി പറഞ്ഞതിനാല്‍ ആകും പ്രഭാത ഭക്ഷണം കുറെ കൂടി മെച്ചപ്പെട്ടിരുന്നു. എല്ലാവരും ലഗേജും ആയി  ബസ്സില്‍ കയറി, ഗ്രാന്‍ഡ്‌  സ്വിസ് ഹോട്ടലിനോടും മനോഹരമായ ആ പ്രദേശത്തോടും യാത്ര പറഞ്ഞു, ഞങ്ങള്‍ അടിവാരത്തിലേക്ക് പോയി. ഞങ്ങളെ കൂടാതെ മറ്റു  ചില ഇന്ത്യന്‍ വിനോദ സഞ്ചാര സംഘങ്ങളും കുറെയധികം ചൈനക്കാരും ആണ് ആ ഹോട്ടലില്‍ ആകെയുള്ളത്.

ഹലോജി, മൈക്രോ ഫോണ്‍ കൈയ്യിലെടുത്തു അന്നത്തെ പ്രോഗ്രാം ചാര്‍ട്ട് ചെയുകയാണ്. ആദ്യം നമ്മള്‍ പോകുന്നത്  ലൂസേന്‍ എന്ന  പട്ടണത്തിലേക്കാണ്.   അവിടെയാണ്  പ്രസിദ്ധമായ ലയണ്‍ മോനുമെന്‍റ്. ഞങ്ങള്‍ ആദ്യം പോയത് സിംഹ സ്മാരകം കാണുന്നതിനു വേണ്ടിയാണ്. 1792 ലെ ഫ്രഞ്ച് വിപ്ലവത്തില്‍ കൊല്ലപ്പെട്ട സ്വിസ്സ് ഗാര്‍ഡുകളുടെ ഓര്‍മ്മക്കായി 1820 -21 ല്‍ പ്രസിദ്ധ ശില്പി ബെര്‍ത്റെല്‍ തോല്‍വാസന്‍ ഒരു പാറയില്‍ രൂപകല്പന ചെയ്ത  ശില്‍പം ആണ് ലയണ്‍ സ്മാരകം. ലൂസേനില്‍ വരുന്നവരെല്ലാം തന്നെ ഈ സ്മാരകം കാണുകയും അവിടെ നിന്ന്  ഫോട്ടോ എടുക്കുകയും ചെയുന്ന പതിവുണ്ട്. പട്ടാളക്കാരുടെ സ്മരണ ഉള്ളതിനാലാവണം വിനോദ സഞ്ചാരികള്‍ കൂടാതെ തദ്ദേശിയര്‍ എന്ന് തോന്നിക്കുന്ന മറ്റു ചിലരും ആ സ്മാരകത്തിന് മുന്നില്‍ നിന്നിരുന്നു.

img_4794ലയണ്‍ സ്മാരകത്തില്‍ നിന്ന് ഞങ്ങള്‍ നേരെ പോയത് ലൂസനിലെ ഷോപ്പിംഗ്‌ വീഥികളിലേക്കാണ്. അതാണ്‌ ഹലോജി ഞങ്ങള്‍ക്ക്  വേണ്ടി ഒരുക്കിയതും. അനേകം വിനോദസഞ്ചാരികള്‍  ലൂസേനിലെ തെരുവുകളില്‍ അതിരാവിലെ തന്നെ ഷോപ്പിങ്ങിനു ആയി എത്തിരിയിരിക്കയാണ്.  തെരുവില്‍  അനേകം കച്ചവട സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും കാസഗ്രാന്‍ഡ്‌  എന്ന പേരിലുള്ള ഷോപ്പിംഗ്‌ സെന്ററിലേക്കാണ്  ഹലോജി  ഞങ്ങളെ എത്തിച്ചത്.  പന്ത്രണ്ടു  മണിയാകുമ്പോള്‍ ബസില്‍ എല്ലാവരും എത്തണം എന്ന് പറഞ്ഞു ഹലോജി  മുങ്ങി.  ഹലോജിക്കും, ഒരു പക്ഷെ ടൂര്‍ ഓപ്പറേറ്റ്  ചെയ്ത കോക്സ്  ആന്‍ഡ്‌ കിംഗ്‌  എന്ന കമ്പനിക്കും ഇവിടെ നിന്ന്  കമ്മീഷന്‍ കിട്ടും എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞത്, ഞങ്ങള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അവര്‍ ഞങ്ങളുടെ വിശദവിവരങ്ങളും ടൂര്‍ കമ്പനിയുടെ വിവരങ്ങളും ആവശ്യപ്പെടുന്നത് മനസിലാക്കിയിട്ടാണ്. രണ്ടു മണിക്കൂര്‍ ഷോപ്പിംഗ്‌. ഞങ്ങള്‍ കാസ ഗ്രാന്‍ഡില്‍ കയറി, സോവനീറുകള്‍ ആണ് ഏറ്റവും അധികം. മൂര്‍ച്ചയേറിയ കറി കത്തികള്‍, കുക്കൂ ക്ലോക്കുകള്‍, ബെല്ലുകള്‍ , ബാഗുകള്‍ അങ്ങനെ അനവധിയായ, മനോഹരമായ സാധനങ്ങള്‍. തിരികെയെത്തുമ്പോള്‍ ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും കൊടുക്കുവാന്‍ എല്ലാവരും തിരക്കിട്ട്  സാധനങ്ങള്‍ വാങ്ങി കൂട്ടുകയാണ്. ഇതിനിടയില്‍ സ്ത്രീജനങ്ങളെ അവിടെ മേയ്യാന്‍ വിട്ടു ഞങ്ങള്‍ തെരുവിലൂടെ നടക്കുവാന്‍ തുടങ്ങി.

സ്വിസ് ബാങ്ക്  കെട്ടിടങ്ങള്‍, ലക്ഷക്കണക്കിന്‌ വിലയുള്ള ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള  സ്വിറ്റ്സര്‍ലന്‍ഡ് നിര്‍മ്മിതമായ സ്വിസ്സ്  വാച്ചുകള്‍, സ്റ്റൈന്‍ലെസ് സ്റ്റീല്‍  കൊണ്ട് നിര്‍മിക്കപ്പെട്ട സ്വിസ്സ് കത്തികള്‍, കുക്കു ക്ലോക്കുകളുടെ ശേഖരങ്ങള്‍, ലോകത്തിലെ പ്രധാന വസ്ത്ര ബ്രാന്‍ഡുകള്‍, വിനോദ സഞ്ചാരികൾക്കായുള്ള സോവനീറുകൾ വിൽക്കുന്ന ഷോപ്പിംഗ് നിരകൾ, പാസ്റ്ററി ഷോപ്പുകള്‍ എന്ന് വേണ്ട പഴകയാതെന്നു തോന്നിപ്പിക്കുന്ന കെട്ടിടങ്ങള്‍ ഭയങ്കര തലയെടുപ്പോടു  കൂടിത്തന്നെ നില്‍ക്കുന്നു. സ്വിസ്സ് ബാങ്കിന്‍റെ മുന്നില്‍ ചെന്ന്, നമ്മുടെ ഇന്ത്യന്‍ സാമ്പത്തീക രംഗത്തെ ഭീമന്മാര്‍ കള്ളപ്പണം നിക്ഷേപിക്കുന്ന ബാങ്കുകള്‍ ആണല്ലോ എന്നോര്‍ത്തു ആത്മഗതം നടത്തി ഞങ്ങള്‍ നടന്നു നീങ്ങി. അതിനിടയില്‍ ഞങ്ങള്‍ പുരുഷ കേസരികള്‍ അത്യാവശ്യം ഇന്ധനവും സംഘടിപ്പിച്ചു.

ലൂസേന്‍ പട്ടണത്തില്‍ ആണ്  1333ല്‍ നിര്‍മ്മിക്കപ്പെട്ട ലോക പ്രശസ്ത ചാപ്പല്‍ ബ്രിഡ്ജ് നില കൊള്ളുന്നത്‌. റൂസ്  നദിക്ക് ഡയഗണലായി 200 മീറ്റര്‍ നീളമുള്ള മരത്തിലുണ്ടാക്കിയ ചാപ്പല്‍ ബ്രിഡ്‌ജിന്റെ മനോഹാരിത നേരില്‍ കാണണം എന്ന് കരുതിയെങ്കിലും ബസ് സമയത്തിനു പുറപ്പെടാത്തതിനാല്‍ ആഗ്രഹം മനസ്സില്‍ ഒതുക്കി. പിക്കാസോയുടെ ചിത്രങ്ങള്‍ അടങ്ങിയ റോസണ്‍ഗാര്‍ട്ട് മ്യൂസിയവും ലൂസേനില്‍ ആണ്. ദില്‍ വാലെ ദുല്‍ഹനിയ ലെ ജായംഗെ എന്ന വിശ്രുത ഹിന്ദി ചിത്രമടക്കം അനേകം ചിത്രങ്ങളില്‍ ലൊക്കേഷന്‍ ആയിട്ടുള്ള ഇടങ്ങള്‍ ആണ് ലൂസേനും ചുറ്റുവട്ടങ്ങളും എന്ന് ഹലോജി ഇതിനകം ഞങ്ങള്‍ക്ക് പറഞ്ഞു മനസിലാക്കി തന്നു. സെ. ഫ്രാന്‍സിസ് സേവ്യര്‍ എന്ന വിശുദ്ധന്റെ പേരിലറിയപ്പെടുന്ന ജെസ്യുട്ട് ചര്‍ച്ച്‌  ലൂസേനില്‍ ആണ്. ഈ പള്ളിയും സമയക്കുറവു കാരണം ബസില്‍ ഇരുന്നു കാണുവാന്‍ മാത്രമേ അവസരമുണ്ടായുള്ളൂ.

ലൂസനിന്റെ പ്രകൃതികാഴ്ചയിലെ ഏറ്റവും സുന്ദരമായതു ലൂസനിലെ ഏറ്റവും വലിയ തടാകം ആയ ലൂസന്‍ തടാകം ആണ്. മാന്ത്രിക പച്ച നിറത്തില്‍ പ്രകൃതിക്ക് സുന്ദരമായ ഒരു കാവ്യം ഒരുക്കിയ പോലെ മനോഹരമാണ് ആ ദ്രിശ്യം. യാത്രയിലുടനീളം ഞങ്ങള്‍ ആ തടാകത്തിന്റെ ഭംഗി കണ്ടു കൊണ്ടിരുന്നപ്പോള്‍ അങ്ങകലെ ഗ്ലേസിയര്‍ മുവായിരത്തിന്റെ അടിവാരത്തില്‍ എത്തിയത് അറിഞ്ഞതെ ഇല്ല.

ലെ ഡയബ്ല്രെട്സ് എന്ന ഭൂ പ്രദേശത്താണ് ഗ്ലേസിയര്‍ മുവായിരം. ആല്‍പൈന്‍ പര്‍വതത്തിന്റെ വശ്യത, അമ്പരപ്പിക്കുന്ന വാസ്തുവിദ്യ, കേബിള്‍ കാര്‍ അതോടൊപ്പം സാഹസികതയും കൂടി ചേര്‍ന്നതാണ് ഗ്ലേസിയര്‍ മുവായിരം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരിക്കലും അവസാനിക്കാത്ത സാഹസികത, അതും സമുദ്ര നിരപ്പില്‍ നിന്നും മുവായിരം മീറ്റര്‍ ഉയരത്തില്‍.

img_4932താഴ്വാരത്തില്‍ കേബിള്‍ കാര്‍ പുറപ്പെടുന്ന പോയിന്‍റില്‍ ഞങ്ങള്‍ എത്തി ചേര്‍ന്നു. എല്ലാവരും ഫ്രഷ്‌ ആയി വന്നപ്പോഴെക്കു കേബിള്‍  കാറിന്‍റെ ടിക്കറ്റുമായി ഹലോജി എത്തി. ഞങ്ങളില്‍ ആരും കേബിള്‍ കാറില്‍ കയറിയിട്ടില്ല. ദൂരെ ഒരു മലമുകളില്‍ നിന്ന് രണ്ടു ഇരുമ്പു  കയറുകള്‍, അതിലൂടെ ഒരു പേടകം താഴേക്കും മുകളിലേക്കും പോകുന്നു. ഞങ്ങള്‍  കരുതി അമ്പതില്‍ അധികം അംഗങ്ങള്‍ ഉള്ള നമ്മള്‍ എല്ലാവരും കൂടി എങ്ങനെ ഇതില്‍ പോകും. പേടകവും ആയി മുകളിലേക്ക് പോകുമ്പോള്‍ ഉറപ്പിച്ചിരിക്കുന്ന കയര്‍ പൊട്ടിയാല്‍ എന്ത് ചെയ്യും. ചിലരെങ്കിലും തങ്ങളുടെ ഭയം പങ്കു വയ്ക്കാതിരുന്നില്ല. അപ്പോഴേക്കും മറ്റു ചില ബസുകളും യാത്രക്കാരും ആയി അവിടെ എത്തി. ഞങ്ങള്‍ ഓരോരുത്തര്‍ ആയി കേബിള്‍ കാറില്‍ കയറി. ആ പേടകത്തില്‍ വളരെ കുറച്ചു സീറ്റുകള്‍ മാത്രം. ഞങ്ങള്‍ എല്ലാവരും ആ പേടകത്തില്‍ നില്‍ക്കുന്നു. ഏകദേശം നൂറിലധികം ആളുകള്‍ ആ പേടകത്തില്‍ കയറി. പേടകം മുകളിലേക്ക് കയറി തുടങ്ങി. എല്ലാവരും ഭീതിയില്‍.

പേടകത്തിനകത്ത്‌ എല്ലാവരും ഭയത്തോടെ അന്യോന്യം നോക്കുന്നുണ്ടെങ്കിലും അതിലുപരി സാഹസികതയുടെ ഒരു വിസ്മയം എല്ലാ മുഖങ്ങളിലുംദ്രിശ്യമായി. പേടകത്തില്‍ നിന്ന് താഴേക്കു നോക്കുമ്പോള്‍ അതി ഭീകരമായ കൊക്ക. കേബിള്‍ കയര്‍ എങ്ങാനും പൊട്ടിപ്പോയാല്‍….

ഏകദേശം ഏഴു  മിനിട്ടിനകം ഞങ്ങള്‍ മലയുടെ നെറുകയില്‍ എത്തി. ഇതൊരു ഇടാത്താവളം മാത്രമാണ്. അവിടെ അതാ മറ്റൊരു കേബിള്‍ പേടകം ഞങ്ങള്‍ക്കായി കാത്തു കിടക്കുന്നു. ഞങ്ങള്‍ക്ക് പഴയ പരിഭ്രമം ഇപ്പോള്‍ ഇല്ല. എല്ലാവരും സന്തോഷത്തിലാണ്. ഞങ്ങള്‍ പേടകം മാറി കയറി. ഈ രണ്ടാമത്തെ പേടകം ഞങ്ങളെ ഗ്ലെസിയറിന്‍റെ നെറുകയില്‍ എത്തിക്കും. ജോണ്‍സണ്‍ തന്‍റെ സെല്‍ഫി സ്റ്റിക്ക് എടുത്ത് ഞങ്ങളുടെ സെല്‍ഫി ഫോട്ടം പകര്‍ത്തി. വീണ്ടും ഏഴു മിനുട്ട് , ഞങ്ങള്‍ ഇപ്പോള്‍ ഗ്ലേസിയര്‍ മുവായിരത്തിന്റെ നെറുകയില്‍ എത്തി.

എല്ലാവര്ക്കും നല്ല വിശപ്പ്‌. ഗ്ലേസിയറില്‍ എത്തിയ ഉടന്‍ ആദ്യം ഞങ്ങള്‍ പോയത്  ഉച്ച ഭക്ഷണം കഴിക്കുവാന്‍ ആണ്. നല്ല വിശപ്പും നല്ല ഭക്ഷണവും സമ്മേളിച്ചപ്പോള്‍ എല്ലാവരുടെയും മനവും വയറും നിറഞ്ഞു.

img_4935

മനോഹരമായ  വാസ്തുവിദ്യയുടെ  സമ്മോഹനമാണ് ഗ്ലേസിയര്‍. മാരിയോ ബോട്ടോ എന്ന വാസ്തു വിദ്യ വിദഗ്ധന്‍ ആണ് ഗ്ലേസിയറിന്‍റെ  മനോഹരമായ രൂപകല്പന നടത്തിയിരിക്കുന്നത്. ഈ ചില്ല് കൊട്ടാരത്തില്‍ നിന്ന് നോക്കുമ്പോള്‍ ഇരുപത്തി നാലിലധികം മഞ്ഞില്‍ മൂടിയ കൊടുമുടികള്‍ കാണാം. ഈഗര്‍, മോന്ച് , യുങ്ങ്ഫ്രോ, മറ്റെര്‍ഹോം, ഗ്രാന്‍ഡ്‌ കംബന്‍, മോണ്ട് ബ്ലാങ്ക് തുടങ്ങിയ കൊടുമുടികള്‍ ഇതിലുള്‍പ്പെടുന്നു.

ഭക്ഷണം കഴിഞ്ഞു കൂടാരത്തിന് പുറത്തിറങ്ങിയപ്പോള്‍ എവിടെയും മഞ്ഞു കട്ടകള്‍ മാത്രം. ഇടതു വശത്തായി ആല്‍പൈന്‍ കോസ്റ്റര്‍ , അകലെ മഞ്ഞില്‍ യാത്രക്കാരെയും ആയി ബസ് നീങ്ങുന്നു. ഞങ്ങള്‍ എല്ലാവരും അസ്ഥി തുളയ്ക്കുന്ന തണുപ്പില്‍ നിന്നും രക്ഷപ്പെടാനുള്ള വേഷ വിധാനങ്ങളോട് കൂടിയാണ് ഗ്ലേസിയര്‍ കെട്ടിടത്തില്‍ നിന്നും വെളിയില്‍ ഇറങ്ങിയത്‌.

img_4992

മറ്റൊരു  പ്രധാന ആകര്‍ഷണം ഗ്ലേസിയര്‍ മുവായിരത്തില്‍ നിന്നും സ്കെസ് റൌജെ എന്ന പര്‍വതത്തിലെക്കുള്ള സ്റ്റീലില്‍ തീര്‍ത്ത ബ്രിഡ്ജ്. നൂറ്റി ഏഴു മീറ്റര്‍ നീളമുള്ള ഈ ബ്രിഡ്ജ് സ്വിറ്റ്സര്‍ലന്‍ഡിലെ റ്റിസോട്ട് എന്ന വാച്ച് കമ്പനി ആണ് നിര്‍മ്മിച്ചിരിക്കുന്നത്. മിക്കവാറും  പണി കഴിഞ്ഞു എങ്കിലും ഔദ്യോഗിക ഉത്ഘാടനം കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ആ ബ്രിഡ്ജില്‍ കയറുവാനുള്ള അനുവാദം ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല.

ഗ്ലേസിയറിലേക്ക് വരുമ്പോള്‍ നല്ല തെളിഞ്ഞ ആകാശമായിരുന്നു. പക്ഷെ ഞങ്ങള്‍ പുറത്തിറങ്ങിയപ്പോഴേക്കു കാലാവസ്ഥയില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. സൂര്യന്‍ പതുക്കെ അപ്രത്യക്ഷമാകുന്നു. നേര്‍ത്ത മഴത്തുള്ളികള്‍ വീണു തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ രണ്ടു പേര്‍ വീതം സ്കൈ ലിഫ്റ്റിലൂടെ മഞ്ഞിന്‍റെ താഴ്വരത്തെക്ക് നീങ്ങി. ആദ്യം ചെറിയ പേടിയുണ്ടായിരുന്നു എങ്കില്‍ കൂടി ഞാനും നമ്രതയും കൂടി ഒരു ലിഫ്റ്റില്‍. ഞങ്ങള്‍ക്ക് പിന്നില്‍ ഈരണ്ടു പേര്‍ വീതം ഏകദേശം എല്ലാവരും താഴെ മഞ്ഞിലേക്ക് എത്തി.

ഈ മഞ്ഞില്‍ ആണ് ഷാരുഖ് ഖാനും കാജോളും ആടി പാടിയത്. ഇന്ത്യന്‍ സിനിമയിലെ മഞ്ഞിലെ ചിത്രീകരണം എല്ലാം ഗ്ലേസിയര്‍ മുവായിരത്തിലാണ് നടക്കുന്നത്. ഞങ്ങള്‍ സ്കൈ ലിഫ്റ്റില്‍ നിന്നും ഇറങ്ങി മഞ്ഞിലൂടെ അല്പദൂരം നടന്നു. അവിടെ ഞങ്ങളെ കൊണ്ട് പോകുവാനായി സ്നോ ബസ് കാത്തു കിടക്കുന്നു. ഞങ്ങള്‍ സ്നോ ബസ്സില്‍ കയറി, പതിനഞ്ചു മിനിറ്റോളം മഞ്ഞിലൂടെ യാത്ര ചെയ്തു. കുറെ നേരം ആ മഞ്ഞില്‍ ഞങ്ങള്‍ കുട്ടികള്‍ക്കൊപ്പം കളിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയുകയും ചെയ്തു. വീണ്ടും സ്കൈ ലിഫ്റ്റില്‍ ഞങ്ങള്‍ മുകളിലെത്തി.

കുട്ടികള്‍ എല്ലാവരും ലോകത്തില്‍ ഏറ്റവും ഉയരത്തിലെ റോളര്‍ കോസ്റ്ററില്‍ കയറുന്ന തിരക്കില്‍. ആല്‍പൈന്‍ കോസ്റ്റര്‍ ആണ്  ലോകത്ത്  ഏറ്റവും ഉയരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള റോളര്‍ കോസ്റ്റര്‍. റോളര്‍ കോസ്റ്ററില്‍ ഉറപ്പിച്ചിട്ടുള്ള ഒരാള്‍ക്ക്‌ മാത്രം ഇരിക്കാവുന്ന ചക്രങ്ങള്‍ ഘടിപ്പിച്ച സീറ്റില്‍ ഇരുന്നു വേഗത്തില്‍ താഴേക്കു പോകുന്നു. ദിശയും വേഗതയും അത് ഓടിക്കുന്ന ആള്‍ക്ക്  കണ്ട്രോള്‍  ചെയ്യാം. കുട്ടികള്‍ എല്ലാവരും അത്യുല്‍സാഹത്തോടെ റോളര്‍ കോസ്റ്ററില്‍ കയറുമ്പോഴും ഞങ്ങള്‍ മുതിര്‍ന്നവര്‍ ഭയന്നു വിറച്ചു നില്‍ക്കുന്നു. ആകാശത്തു ആണെങ്കില്‍ കാര്‍മേഘം നിറയുന്നു, ചെറുതായി മഴത്തുള്ളികള്‍ വീഴുന്നുമുണ്ട്. കാലാവസ്ഥ മോശമായാല്‍ ആക്റ്റിവിറ്റികള്‍ ഒന്നും നടക്കില്ല. കുറച്ചു നേരം കുട്ടികള്‍ റോളര്‍ കോസ്റ്ററില്‍ കയറുന്നത് കണ്ടു പേടിച്ചു നിന്ന മുതിര്‍ന്നവരും പതുക്കെ പതുക്കെ റോളര്‍ കോസ്റ്ററില്‍ കയറി തുടങ്ങി. ആ സാഹസത്തിനു ഒടുവില്‍ ഞാനും മുതിര്‍ന്നു. വല്ലാത്ത ഭയപ്പെടുത്തുന്ന ഒരു സവാരി ആയിരുന്നു അത്. എന്തായാലും ഏകദേശം അഞ്ചു മിനിട്ടുകള്‍  കൊണ്ട് റോളര്‍ കോസ്റ്ററിന്റെ താഴെ ഭാഗത്ത് എത്തി. പക്ഷെ മുകളിലേക്കുള്ള കയറ്റം ഒട്ടും ദുസഹമായിരുന്നില്ല. നാലുമണിയോടെ ഞങ്ങള്‍ എല്ലാവരും ഗ്ലെസിയറിലെ ഞങ്ങളുടെ  റൈഡുകള്‍ അവസാനിപ്പിച്ചു തിരികെ കേബിള്‍ കാറിനു അടുത്തേക്ക്‌ എത്തി. മിക്കവാറും സന്ദര്‍ശകര്‍ എല്ലാവരും പോയിക്കഴിഞ്ഞിരിക്കുന്നു. ഗ്ലെസിയറിലെ ജീവനക്കാരും ഞങ്ങളും മാത്രം ബാക്കി. അവസാനത്തെ കേബിള്‍ കാറില്‍ കയറി ഞങ്ങള്‍ മലയാടിവാരത്തിലേക്ക്. ഗ്ലേസിയര്‍ എല്ലാവര്ക്കും വളരെയധികം  സന്തോഷം നല്‍കിയതിന്‍റെ കുളിര്‍മ  എല്ലാവരുടെയും മുഖത്തു ദര്‍ശിക്കാം.

img_4942

ഇന്നത്തെ പരിപാടികള്‍ എല്ലാം തീര്‍ന്നു. ഞങ്ങള്‍ ബസ്സില്‍ ജെനീവ തടാകത്തിനടുത്തുള്ള ലോസന്‍ എന്ന പട്ടണത്തിലേക്ക് പോവുകയാണ്.  അവിടെ ഞങ്ങള്‍ എത്തുമ്പോള്‍ ആറുമണി കഴിഞ്ഞിരുന്നു എങ്കില്‍ പോലും നേരം ഇരുട്ടിയിരുന്നില്ല. എല്ലാവരും ഹോട്ടലില്‍  ചെക്കിന്‍  ചെയ്ത ശേക്ഷം ഫ്രഷ്‌   ആയി പുറത്തിറങ്ങി. ഞങ്ങള്‍ അടുത്തുള്ള കോപ്പറേറ്റീവ്  സ്റ്റോറില്‍ പോയി. അവിടെ നിന്ന് ഏതാനും പഴവര്‍ഗങ്ങളും  അന്നത്തെ  രാത്രിക്കുള്ള മദ്യവും വാങ്ങി. അവിടെ സ്റ്റോറില്‍ ജോലി ചെയുന്നവരില്‍ ഒരാള്‍ ശ്രീലങ്കന്‍ വംശജനും മറ്റൊരാള്‍ ഇന്ത്യക്കാരിയും. ഞങ്ങള്‍ തിരികെ ഹോട്ടലില്‍ വന്നപ്പോള്‍ രാത്രി ഭക്ഷണത്തിനുള്ള സമയമായി. സായിപ്പ്  ഉണ്ടാക്കിയ ഇന്ത്യന്‍ കറികള്‍ ആണ് എന്ന് ഭക്ഷണം കണ്ടപ്പോഴേ മനസിലായി. ഏതാനും കുറെ വിദേശ വിഭവങ്ങളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഉറക്കം വരാതിരുന്നതിനാലും ഒരു ഗ്രൂപ്പില്‍ വന്ന ഞങ്ങള്‍ എല്ലാവരും കൂടുതല്‍ അടുതതതിനാലും ആകണം ഞങ്ങള്‍ രാത്രിയില്‍ ആ നഗരം നടന്നു കാണുവാന്‍ തീരുമാനിച്ചു. ഞങ്ങള്‍ കുറികളും മുതിര്‍ന്നവരും എല്ലാവരും നടക്കുവാനിറങ്ങി. ഏകദേശം ഒരുമണിക്കൂര്‍ നനുത്ത തണുപ്പില്‍ വെടിവട്ടം പറഞ്ഞുള്ള ആ നടപ്പ് അത്യന്തം ഹൃദ്യമായി തോന്നി.

Comments
Print Friendly, PDF & Email

You may also like