പൂമുഖം നോവൽ യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 15 – ജിന്ന്

യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 15 – ജിന്ന്

പ്രഭാതം. ഒട്ടകത്തിൽ കയറുമ്പോൾ ശലമോൻ അകലേക്ക് നോക്കി. ആകാശത്തിന്റെ നിറം ചുവപ്പാണ്. അയാൾ പുഞ്ചിരിച്ചു. ആകാശം ചുവന്നാൽ മരുഭൂമി ശാന്തമാണെന്നാണ് ബിദവികളുടെ വിശ്വാസം. അന്ന് മരുക്കാറ്റിന് ഭ്രാന്തിളകില്ല. വെള്ളമൂക്കൻ നടന്നു. അവന്റെ പിന്നാലെ മറ്റ് ഒട്ടകങ്ങളും. തരിശുഭൂമിയിലെ നരകയാതനകൾ അവർ മറന്നു.കുറെ ദൂരം പിന്നിടുമ്പോൾ അവയെല്ലാം സംഭവിച്ചതാണോ എന്ന് പോലും സംശയിക്കും. ഒടുവിൽ ഒരു ദുസ്വപ്നത്തിന്റെ പൊട്ടും പൊടിയും മാത്രം അവശേഷിക്കും. ഉൽക്കടവ്യഥകളിൽ നിന്ന് ഫാത്തിമയും മോചിതയായി. പക്ഷേ, ദുരനുഭവങ്ങൾ അവളെ വേട്ടയാടാൻ തുടങ്ങി. കാമുകന്റെ ചതി അവൾക്ക് മറക്കാനായില്ല. കണ്ണിലെ കരട് പോലെ അതു വേദനിപ്പിച്ചു കൊണ്ടിരുന്നു. അവൾ മുഖം കുനിച്ച് ആരും കാണാതെ കരഞ്ഞു.

മരുപ്പരപ്പിൽ വെയിൽ പടർന്നു. അസ്മയുടെ മനസ്സിലെ സങ്കടകണങ്ങൾ ഉരുകാൻ തുടങ്ങി. അവൾ അകലേക്ക് ഉറ്റു നോക്കി. ചക്രവാളത്തിനപുറം എവിടെയോ പ്രിയപ്പെട്ട ലസ്കയുണ്ട്. അവൾ മരുക്കാറ്റിനു കാതോർത്തു. കാറ്റിൽ അവന്റെ നെടുവീർപ്പുകളുണ്ട്. വിധിയോട് പരിഭവിക്കുന്ന പരിദേവനങ്ങളുണ്ട്. പ്രഭാതത്തിലെ ദീർഘ നിശ്വാസമുണ്ട്. അവൾ അകലേക്ക് ദൃഷ്ടികൾ പായിച്ചു.
ഒന്ന് കരഞ്ഞപ്പോൾ ഫാത്തിമക്ക് ആശ്വാസം തോന്നി. അവൾ തല ഉയർത്തി നോക്കി. അസ്മയും കബീറും അംബരാന്തത്തിൽ ദൃഷ്ടികൾ പതിപ്പിച്ചിരിക്കുകയാണ്! കുറെ നേരമായി അവർ നോക്കുന്നു. എന്താണിത്ര നോക്കാനിരിക്കുന്നത്? അവൾ ചക്രവാളത്തിലേക്ക് ഉറ്റുനോക്കി. ഒന്നും വ്യക്തമല്ല. മങ്ങിയ ചാരനിറം മാത്രം. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു കറുപ്പു കണ്ടു. അത് പച്ചപ്പായിരിക്കുമോ? ആ പ്രതീക്ഷയിൽ അവളുടെ മനസ്സിലെ സങ്കടകണങ്ങൾ ഉരുകാൻ തുടങ്ങി. പ്രഭാത വെയിലിൽ മണൽപ്പരപ്പിലെ മഞ്ഞുരുകി. പിന്നീട് മണൽപ്പരപ്പിലേക്ക് നോക്കാൻ ഫാത്തിമ മടിച്ചു.

വെയിലിനു ചൂടു കൂടികൊണ്ടിരുന്നു. ശലമോൻ അതു കാര്യമാക്കിയില്ല. മരുക്കാറ്റും ശക്തമായി. ചിലപ്പോൾ അത് ഒരു പിഞ്ചുകുഞ്ഞിനെ പോലെ കരഞ്ഞു. പിന്നെ കുറെ പൊടിമണൽ ദൂരത്തേക്ക് വലിച്ചെറിഞ്ഞ് വാശിതീർത്തു! ഒന്നുരണ്ടു പൊടിക്കാറ്റുകൾ കടന്നുപോയി. നിമിത്തങ്ങൾ പറഞ്ഞതു പോലെ തന്നെ. അയാൾ നെറ്റിയിലെ വിയർപ്പു തുടച്ചു.

നേരം ഉച്ചയായി. ഇരുമ്പുദണ്ഡു ചൂടാക്കിയതു പോലെ മരുഭൂമി ചുട്ടുപഴുത്തു. സഞ്ചാരികൾ പരവശരായി. ഒരിറ്റു തണലിനായി അവർ ദാഹിച്ചു. അകലെ ഒരു മണൽക്കൂന പൊടിക്കാറ്റിനു മീതെ തലയുയർത്തി നിന്നിരുന്നു.. കുറെ സമയം കഴിഞ്ഞപ്പോൾ ശലമോൻ ഒരു കറുത്ത പൊട്ട് കണ്ടു. ക്രമേണ അതിന് വലിപ്പം വർദ്ധിച്ചു.. ഒടുവിൽ അത് ഒരു പച്ചപ്പായി മാറി. ഗാഫ് മരത്തിന്റെ ചുവട്ടിൽ ഒരു ബിദവി കാത്തുനിന്നിരുന്നു. അയാൾ പറഞ്ഞു.
“ഇനി മുതൽ ഞാനാണ് നിങ്ങളുടെ വഴി കാട്ടി.”
അവർ തലയാട്ടി. അയാൾ താടി ചൊറിഞ്ഞു.
“ഇതാ, ഈ യാത്രയുടെ പാതി ദൂരം നിങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഒന്നു രണ്ടു മരുപ്പച്ചകൾ കൂടി പിന്നിട്ടാൽ ജോഫാണ്.”
അൽ ജോഫ്! യെറുശലേം പാതയിലെ മരുപ്പച്ചയെക്കുറിച്ച് കേട്ടപ്പോൾ ശലമോന്റെ കണ്ണുകൾ വിടർന്നു. അയാൾ ബിദവിക്ക് പത്ത് നാണയങ്ങൾ നൽകി.

അവർ മരത്തണലിൽ കിടന്നു. ഉച്ചച്ചൂടിൽ കണ്ണടച്ചു കിടന്നു. പക്ഷേ ഉറങ്ങാൻ കാറ്റ് സമ്മതിച്ചില്ല. അത് സിംഹത്തെ പോലെ ഗർജ്ജിച്ചുകൊണ്ടിരുന്നു. പക്ഷേ യാത്രക്കാർ ഭയന്നില്ല. വെയിലാറിയപ്പോൾ അവർ എഴുന്നേറ്റു. വെള്ളമൂക്കന്റെ കടിഞ്ഞാണിൽ പിടിച്ചു കൊണ്ട് ശലമോൻ നടന്നു. ഒട്ടകങ്ങൾ മൂക്കനെ പിൻതുടർന്നു. നടക്കുന്നതിനിടയിൽ മരുപ്പരപ്പിൽ ചില അടയാളങ്ങൾ കണ്ടു. ബിദവിയുടെ കാല്പാടുകൾ. സായാഹ്ന സൂര്യനെ നോക്കി അയാൾ നടന്നു. ക്രമേണ മരുഭൂമിയിൽ ഇരുൾ പടർന്നു. അകലെ ഒരു തീക്കുണ്ഡം കണ്ടു. അടുത്തെവിടെയോ അറബികളുണ്ട്.

താവളത്തിനു മുന്നിൽ അറബി നിന്നിരുന്നു. അയാൾ അവരെ ക്ഷണിച്ചു. അവർ അയാളെ പിൻതുടർന്നു. അവർ ഒരു കൂടാരത്തിൽ ഇരുന്നു. അപ്പവും ഈത്തപ്പഴവും വിളമ്പി. പിന്നെ യാത്രയിലെ വിശേഷങ്ങൾ പറഞ്ഞിരുന്നു. തണുപ്പു മാറ്റാനായി നെരിപ്പോടിൽ തീ കത്തിച്ചിരുന്നു. തീ കായുമ്പോൾ അറബിപറഞ്ഞു.
“അടുത്തത് സക്കാക്ക മരുപ്പച്ചയാണു്.”
അസ്മ പുഞ്ചിരിച്ചു. ആ മരുപ്പച്ചയിലാണ് പ്രിയപ്പെട്ട ലസ്ക്ക! പക്ഷേ അവർ തമ്മിൽ വേർപിരിഞ്ഞിട്ട് നാലഞ്ചുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ അവൻ തന്നെ മറന്നിരിക്കുമോ? അസ്മയുടെ മുഖം വാടി.

ശലമോൻ പുറത്തിറങ്ങി. കിഴക്ക് കയ്യെത്തും ദൂരത്തിൽ ഒരു നക്ഷത്രം ഉദിച്ചത് കണ്ടു. പൊടുന്നനെ ശലമോന് തമാറിനെ ഓർമ്മ വന്നു. അവർ തമ്മിൽ പിരിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇനി ഒരിക്കലും കാണില്ല. അയാൾ നെടുവീർപ്പിട്ടു. കിഴക്കൻ കാറ്റ് അയാളെ തലോടി.
ശലമോൻ കൂടാരത്തിൽ പോയി കിടന്നു. ദിവസങ്ങൾക്ക് ശേഷം ശാന്തമായി ഉറങ്ങി. പക്ഷേ ഉറക്കത്തിൽ അയാൾ ഒരു നിലവിളി കേട്ടു. അയാൾ കണ്ണുതുറന്നു നോക്കി. അസ്മ പറഞ്ഞു.
“ചെന്നായ്ക്കൾ.”
അയാൾ കാതോർത്തു. ദൃഷ്ടമൃഗങ്ങളുടെ ഓരിയിടൽ കേട്ടില്ല. ഒരു പക്ഷേ മരുക്കാറ്റിന്റെ അലർച്ച കേട്ട് പേടിച്ചതായിരിക്കാം. അയാൾ പുഞ്ചിരിച്ചു.
അവർ കണ്ണടച്ചു കിടന്നു. ഉണർന്നപ്പോൾ മരുപ്പരപ്പിൽ വെട്ടം വീണിരുന്നു.
രാവിലെ ബിദവി ഉണർന്നു. അയാൾ ഒട്ടകങ്ങൾക്ക് തീറ്റയും വെള്ളവും കൊടുത്തു. ഒരിക്കൽ കൂടി അവർ യാത്ര തുടങ്ങി. മരുഭൂവിൽ പ്രഭാതവെയിൽ പരന്നു. മണൽത്തരികൾ കനകാഭമായി. ക്രമേണ അത് ചുട്ടുപഴുക്കാൻ തുടങ്ങി. അവർ ചക്രവാളത്തിൽ പരതി. അസ്മ ഒരു കറുപ്പു കണ്ടു, ക്രമേണ അത് പച്ചപ്പായി. സക്കാക്ക മരുപ്പച്ച കണ്ടപ്പോൾ അസ്മയുടെ മുഖം ചുവന്നു. കബീർ അവളെ കളിയാക്കി. അവൾ മുഖം തിരിച്ചു. പക്ഷേ ഫാത്തിമായ്ക്ക് ഭയം തോന്നി. അറബികളുടെ മരുപ്പച്ചയാണ്. ആരാണ് അവിടുത്തെ ശൈഖ്?
ഉച്ചയായി. മരുപ്പരപ്പിൽ ചില കൂടാരങ്ങൾ കണ്ടു തുടങ്ങി. മണൽ കുന്നിൽ ബിദവി കാത്തു നിന്നിരുന്നു. അയാൾ പറഞ്ഞു.
യാത്രക്കാരെ, അത് ഒരു പ്രേതഭൂമിയാണ്.”
അവർ അമ്പരുന്നു. സക്കാക്കയിൽ അറബികൾ വസിച്ചിരുന്നു. പക്ഷേ സന്ധ്യയായാൽ പിന്നെ അവിടെ ചതുപ്പിൽ നിന്ന് വരുന്ന ഭീകര ജിന്നുകളുടെ തേർവാഴ്ചയാണ്! ജിന്നുബാധയേറ്റ് അറബികൾ പിടഞ്ഞുമരിച്ചു. സന്ധ്യക്ക് മുന്നെ അവർ മരുപ്പച്ച കാലിയാക്കി. എന്നാൽ കറുത്ത വംശജരായ അടിമകൾ യജമാനൻ്റെ ഭവനത്തിൽ സുഖമായി കിടന്നു. എന്തു കൊണ്ടോ അവരെ ഉപദ്രവിക്കാൻ ജിന്നുകൾ മടിച്ചു. അവരുടെ കുട്ടികൾ യജമാനന്റെ വീട്ടിൽ കളിച്ചു നടന്നു.

സന്ധ്യയാകുമ്പോൾ സക്കാക്കയിലെ തെരുവുകൾ ശൂന്യമായി. കൂടും കിടക്കയും എടുത്ത് അറബികൾ കഴുതപ്പുറത്ത് പാഞ്ഞു. ജിന്നിന്റെ ശല്യമില്ലാതെ ഒരു താഴ്‌വരയിൽ അവർ കൂടാരമടിച്ചു.. ഇരുൾ പരക്കുന്നതിനു മുന്നെ അവർ വാതിൽ അടയ്ക്കും. പിന്നെ മൂടിപ്പുതച്ച് കിടക്കും. ഭയം കാരണം കുരുന്ന് കുട്ടികൾ പോലും കരഞ്ഞില്ല.
ജിന്നുകളെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ കേട്ട് അസ്മയുടെ മുഖം ആകാശം പോലെ വിളറി.
“ഭയപ്പെടണ്ടാ, പകൽ ജിന്നിന്റെ ശല്യമില്ല. വെയിലാറുന്നതിന് മുമ്പായി ഈ താവളം വിട്ടാൽ മതി.”
മുന്നറിയിപ്പ് നൽകിയിട്ട് ബിദവി മരുപ്പരപ്പിൽ അപ്രത്യക്ഷനായി.

കൂടാരങ്ങളിൽ വൃദ്ധർ കിടന്നു. രാവിലെ മരുപ്പച്ചയിലേക്ക് പോകാൻ അവർ മടിച്ചു. കഥകൾ പറഞ്ഞ് നേരം പോക്കി. ഇടയ്ക്ക് വഴി തെറ്റി ചില യാത്രക്കാർ വന്നിരുന്നു. അവർക്ക് അപ്പവും വെള്ളവും നൽകി. അകലെ ഒട്ടകങ്ങളുടെ തല കണ്ടപ്പോൾ വൃദ്ധൻ ആംഗ്യം കാട്ടി.
“ആരോ വരുന്നുണ്ട്!”
പെൺ അടിമ പുറത്തിറങ്ങി. അവൾ യാത്രക്കാരെ ക്ഷണിച്ചു.
“പ്രഭോ, അകത്ത് വന്നിരിക്കുക, എന്തിനു വെളിയിൽ നിൽക്കുന്നു? കൂടാരവും ഒട്ടങ്ങൾക്കും ഇടവും ഞാൻ ഒരുക്കാം.”
ഇതു കേട്ടപ്പോൾ ശലമോൻ സന്തുഷ്ടനായി. അയാൾ ഒട്ടകങ്ങളുടെ ജീനി അഴിച്ചു.
കബീർ കുറച്ച് അപ്പവും പഴക്കുലയും വാങ്ങി. കിഴവന് സന്തോഷമായി.
യാത്രക്കാർക്കുള്ള കൂടാരത്തിൽ അവർ ഇരുന്നു. കുടിക്കാനായി ഒരു ജലപാത്രം മൂലക്ക് വെച്ചിരുന്നു. അവർ ദാഹമകറ്റി. പിന്നെ ഭക്ഷിച്ച് കിടന്നു.
പക്ഷേ അസ്മക്ക് ഉറക്കം വന്നില്ല. അവൾ കണ്ണുതുറന്നു കിടന്നു. ഒരിക്കൽ കൂടി മരുഭൂമി തന്നെ തോൽപ്പിച്ചിരിക്കുന്നു! ഒരു വിളിപ്പാടകലെ ലസ്ക്കയുണ്ട്, പക്ഷേ അവനെ കാണാൻ ഭാഗ്യമില്ല! അവൾ യജമാനത്തിയുടെ കാലിൽ തൊട്ടു കേണു.
“തമ്പുരാട്ടീ, പ്രിയനെ ഒരു നോക്ക് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.!”
അവളുടെ നീറ്റൽ ഫാത്തിമ കണ്ടു. എത്രയോ കാലമായുള്ള കാത്തിരിപ്പാണ്. അവൾക്ക് അലിവു തോന്നി.
“ശരി. വേഗം പോയി വരിക”
അസ്മയുടെ മുഖം ദീപ്തമായി.
മരുഭൂമി ചുട്ടുപഴുത്തിരുന്നു. പക്ഷേ അസ്മാക്ക് ചൂട് തോന്നിയില്ല. കാറ്റിലാടുന്ന പച്ചത്തലപ്പുകൾ കണ്ടതോടെ ഹൃദയം തുടിച്ചു. പുൽമേടുകൾ കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു. പക്ഷേ ചതുപ്പിലെ ഇൽബ് മരങ്ങളുടെ ചില്ലകൾ കണ്ടപ്പോൾ ഭയന്നു. ഇലകൾക്കിടയിലാണ് ജിന്നുകൾ ഒളിച്ചിരിക്കുന്നത്.
തെരുവിന്റെ കവാടം കണ്ടപ്പോൾ കബീർ പറഞ്ഞു.
“അസ്മ നീ വിഷമിക്കരുത്. പ്രണയനദിക്ക് വളവുകളും കുത്തിറക്കങ്ങളും സമതലങ്ങളും പാലങ്ങളും ഉണ്ടെന്നാണ് വിദ്യാൻമാർ പറയുന്നത്!”
അവളുടെ മുഖംവിളറി.
ഇനിയും നിയതി തന്നെ കബളിക്കുമോ?
തെരുവിൽ നാലഞ്ചു കുട്ടികൾ കളിച്ചുകൊണ്ടിരുന്നു. അപരിചിതരെ കണ്ട് അവർ കളിനിർത്തി തുറിച്ചുനോക്കി. അവൾ ആരാഞ്ഞു.
“ക്വാതിൽ നിന്നുള്ള ഒരു യുവാവിനെ അറിയാമോ?”
പരസ്പരം നോക്കിയിട്ട് കുട്ടികൾ നിഷേധാർത്ഥത്തിൽ തല കുലുക്കി. അസ്മക്ക് കരച്ചിൽ വന്നു.
“ലസ്ക്ക “
വീടിൻ്റെ മുറ്റത്തിരുന്ന ഒരു വൃദ്ധ പറഞ്ഞു.
“ദാ, ആ നിൽക്കുന്ന മൂപ്പനോട് ചോദിക്കുക. ഈ മരപ്പച്ചയിലുള്ള ആണിനെയും പെണ്ണിനെയും അദ്ദേഹത്തിന് അറിയാം … “
അവർ തെരുവിൻ്റെ അറ്റത്തേക്ക് നടന്നു.
സൂര്യൻ പടിത്താറേക്ക് ചരിഞ്ഞു. അറബികൾ മടങ്ങാനുള്ള ഒരുക്കങ്ങൾ തുടങ്ങി. കഴുതകളുടെ പുറത്ത് സാധനങ്ങൾ വെച്ചുകെട്ടി. അറബി സന്ദർശകർക്ക് മുന്നറിയിപ്പ് കൊടുത്തു.
“ഇത് ചീത്തസ്ഥലമാണ്. ജീവൻ വേണമെങ്കിൽ വേഗം സ്ഥലം വിടുക.”
ശലമോൻ പറഞ്ഞു.
“ഞാൻ ഇവളുടെ ഒരു നാട്ടുകാരനെ തേടി വന്നതാണ്.”
“ശരി ശരി” അടിമകളുടെ കാര്യമാണെങ്കിൽ മൂപ്പനോട് ചോദിച്ചാൽ മതി.”
അറബി വടി വീശി. കഴുത നടന്നു.
മൂപ്പൻ പറഞ്ഞു.
“ലസ്ക്ക എന്നു പേരുള്ള മൂന്നാല് ചെക്കൻമാർ ഈ മരുവനത്തിലുണ്ട്. ഏതു മരുപ്പച്ചയെന്നാണ് പറഞ്ഞത്?
അസ്മ പറഞ്ഞു.
“ക്വാദ്”
“അവിടെ നിന്ന് രണ്ട് പേരുണ്ട്. പക്ഷേ അവന്മാര് പണിക്കു പോയിരിക്കുകയാണല്ലോ.’
അസ്മാക്ക് നിരാശയായി. അയാൾ പറഞ്ഞു.
“കരയാതെ കുഞ്ഞെ, ഇതാ പണി കയറാൻ സമയമായിരിക്കുന്നു. ഇപ്പോൾ തന്നെ എത്തും.”
അവൾ തെരുവിൽ ഇരുന്നു.
വെയിലാറിയതോടെ അടിമകൾ ഓരോരുത്തരായി വന്നുതുടങ്ങി. അവർ തെരുവിലൂടെ നടന്നു. ചിലർ ചിരിച്ചു. മറ്റു ചിലർ അരക്കെട്ടിൽ പിടിച്ച് ആശ്ലേഷിക്കാൻ തുടങ്ങി. ആ കാഴ്ചകളൊന്നും അസ്മ കണ്ടില്ല. തെരുവിൻ്റെ അറ്റത്ത് അവൾ കണ്ണുനട്ടിരുന്നു. ശലമോനു അലിവു തോന്നി.
“ഓ ദൈവമേ, എത്രയോ നാളുകളായുള്ള കാത്തിരിപ്പാണ്! അതു സഫലമാക്കേണമേ.”
അയാൾ കണ്ണുകളടച്ചു പ്രാർത്ഥിച്ചു.

പണികഴിഞ്ഞ് കുറച്ച് സ്ത്രീകൾ വന്നിരുന്നു. അവർ സംശയത്തോടെ നോക്കി. പിന്നെ അപരിചിതന് മുന്നറിയിപ്പ് കൊടുത്തു.
“എന്താ നിങ്ങൾക്ക് ജിന്നിനെ പേടിയില്ലേ?”
കബീർ എഴുന്നേറ്റു.
ഭാഗ്യക്കേടിൽ തന്നെത്തന്നെ പഴിച്ചുകൊണ്ട് അസ്മയും എഴുന്നേറ്റു.
അവർ നടന്നു. പെട്ടെന്ന് തെരുവിൻ്റെ അറ്റത്ത് നിന്ന് ആടുകൾ വരുന്ന ശബ്ദം കേട്ടു. അത് കണ്ട് അസ്മ വഴി മാറി നിന്നു. ആടുകൾ കടന്നു പോകും വരെ നിന്നു. ആടുകളെ തെളിച്ചു കൊണ്ടിരുന്നു ഇടയൻ നിന്നു. ലസ്ക്കയെ കണ്ട് അവൾ കരഞ്ഞു. അവനും വിതുമ്പി.
“ഈ ജൻമത്തിൽ കാണാൻ കഴിയുമെന്ന് വിചാരിച്ചതല്ല.”
അവൾ പറഞ്ഞു.
“ഞാനും “
ചക്രവാളത്തിൽ സൂര്യൻ ചുവന്നു. രജതരശ്മികൾ മേഘങ്ങളെ അരുണാഭിതമാക്കി..
മൂപ്പൻ ധൃതി കൂട്ടി
“നേരം ഇരുട്ടുകയാണ്. അയാളെ മരുപ്പച്ച കടുത്തുക ” .
അവൻ തലയാട്ടി. അവർ നടന്നു. .ചുണ്ടിൽ ഏതോ ഘനശൈത്യ ഭാരം ഉറഞ്ഞതു പോലെ അസ്ക മൂകനായി. മരുപ്പാതയിൽ വെളിച്ചം മാഞ്ഞിരുന്നില്ല. പക്ഷേ അസ്മയുടെ കണ്ണിൽ നിബിഡാന്ധകാരം നിറഞ്ഞു. ഒന്നു വാരി പുണരാതെ, ചുടുചുംബനം പകരാതെ യാത്രയാകയാണ്. നിഴലൊക്കെ പ്രിയപ്പെട്ടവന്റെ അഴലെന്ന് കരുതി ഇത്രനാൾ കഴിഞ്ഞു. ഇനി നിഴൽ കാണാത്ത രാത്രികളാണ്! അവൾ തേങ്ങി.

ശലമോന്റെ മനസ്സിൽ സമാധാനം നിറഞ്ഞു. മരുഭൂമി ശാന്തമാണ്. അകലെ താവളത്തിലെ ജ്വാലയും കാണാം. പൊടുന്നനെ ഒരു മർമ്മരം കേട്ടു. പൊടി മഴയാണോ?
ഇരമ്പൽ കേട്ട് അസ്ക അലറി.
“ഓടിക്കോ.”
ശലമോൻ ഒട്ടകത്തിൻ്റെ പള്ളയ്ക്ക് ഒന്നു തട്ടി. അസ്ത്രം പോലെ വെള്ളമൂക്കൻ പാഞ്ഞു. പിന്നിലായി ഒരു മൂളലും ചിറകടിയും ശലമോൻ കേട്ടു. മരുഭൂമിക്ക് മീതെ ജിന്നുകൾ പറന്നു.

വര: പ്രസാദ് കാനത്തുങ്കൽ


സന്ധ്യക്ക് ഫാത്തിമ കൂടാരത്തിൽ കയറി വാതിലടച്ചു. മനസ്സിൽ ജിന്നിനെക്കുറിച്ചുള്ള ഭയം നിറഞ്ഞിരുന്നു. മരുഭൂമിയിൽ ഇരുൾ പരന്നിരിക്കുന്നു. പക്ഷേ ചക്രവാളത്തിൽ ഒരു നുറങ്ങു വെട്ടം ശേഷിച്ചിരുന്നു. അത് അന്തിക്കാറ്റിൽ മങ്ങിമങ്ങി തെളിഞ്ഞു. അല്പനേരം കൂടി കഴിയുമ്പോൾ ആ വെട്ടവും അണഞ്ഞു പോകും. പിന്നെ അന്ധകാരം മാത്രം! അൽപ്പം നേരം കൂടി പ്രിയനോടപ്പം ഇരിക്കാൻ കബീർ അനുവദിച്ചു. അയാൾ കൂടാരത്തിലേക്ക് മടങ്ങി. അവർ മണലിൽ ഇരുന്നു. താവളത്തിന് മുമ്പിൽ രണ്ട് അഗ്നികുണ്ഡങ്ങൾ എരിഞ്ഞു.
മരുപ്പരപ്പിൽ തണുപ്പു വീണു. ലസ്ക്ക സങ്കടപ്പെട്ടു. കണ്ടു കൊതിതീർന്നില്ല, അതിനു മുമ്പ് നേരം വെളുക്കും. പിന്നെ ജോഫിലേക്കുള്ള യാത്രയാണ്. അനന്തമായ മരുഭൂമിയിലേക്കുള്ള യാത്ര. ഒരു പക്ഷേ, ഒരിക്കലും മടങ്ങിവരാത്ത യാത്ര. അസ്മയും സങ്കടപ്പെട്ടു. അവൾ വിതുമ്പി. കണ്ണുനീർ വീണ് മണൽത്തരികൾ നനഞ്ഞു . ആശ്വസിപ്പിക്കാനായി ആ കരത്തിൽ ഒന്നമർത്തി. ഒരു പക്ഷിക്കുഞ്ഞിന്റെ വിറയൽ അവൻ അറിഞ്ഞു. പ്രിയതമയെ ഉപേക്ഷിക്കാൻ ഇനി വയ്യാ. അവൻ എഴുന്നേറ്റു. അവൾ അമ്പരുന്നു.
ലസ്ക്ക നടന്നു. യജമാനന്റെ വാതിലിൽ തട്ടി. അകത്ത് നിന്ന് അറബിയുടെ ശബ്ദം കേട്ടു.
“ആരാണ് ? “
അവൻ പറഞ്ഞു.
” അങ്ങയെ ശല്യപ്പെടുത്തിയതിന് ക്ഷമിക്കണം “
അറബി ചോദിച്ചു.
“എന്താടാ കാര്യം?”
” പ്രഭോ, എന്റെ പെണ്ണ് ഇവിടെ എത്തിയിട്ടുണ്ട്. അവളോടപ്പം പോകാൻ ഞാൻ ആഗ്രഹിക്കുന്നു “.
അറബിയുടെ കണ്ഠമിടറി.
“എനിക്ക് ഒരു മകനെ പോലെയാണ് നീ. ആടുകൾക്കോ നിന്നെ പ്രാണനാണ്. നിന്നെ പിരിഞ്ഞാൽ അവ സങ്കടപ്പെടില്ലേ?”
അറബിയുടെ കൗശലം അവനു മനസ്സിലായി. വില കൊടുക്കാതെ അയാൾ തന്നെ വിടില്ല. പിന്നെ അവൻ ഒന്നും ആലോചിച്ചില്ല. ആടിനെ മേയ്ക്കുമ്പോൾ പുൽമേട്ടിൽ നിന്ന് വിലയേറിയ ഒരു കല്ല് ലഭിച്ചിരുന്നു. അവനത് കീശയിൽ സൂക്ഷിച്ചിരുന്നു. അവൻ പറഞ്ഞു.
“പ്രഭോ, എന്റെ കയ്യിൽ ഒരു കല്ലുണ്ട്. അതു സ്വീകരിച്ച് എന്നെ വിട്ടയക്കണമേ.”
കിളിവാതിൽ തുറന്ന് അറബി നോക്കി. കല്ലിലെ വെളിച്ചം കണ്ടപ്പോൾ അയാൾ അമ്പരുന്നു. അയാൾ വാതിൽ ഇറന്നു. കല്ലു വാങ്ങി നോക്കിയിട്ട് അയാൾ പറഞ്ഞു. “ശരി നിന്റെ ഇഷ്ടം പോലെ നടക്കട്ടെ.”
ലസ്ക്ക യജമാനന്റെ കാലിൽ വീണു.
ചക്രവാളത്തിൽ ചന്ദ്രൻ പ്രത്യക്ഷനായിരുന്നു. ധവളരശ്മികൾ മരുഭൂമിയെ ഒരു പാൽക്കടലാക്കി. മരുഭൂമിയിൽ തിരകൾ ഉയർന്നു. ലസ്കയുടെ മനസ്സിലും ആനന്ദത്തിരമാലകൾ ഉയർന്നു. കൂടാരത്തിൽ ഫാത്തിമ നേരത്തെ തന്നെ ഉറക്കം പിടിച്ചിരുന്നു. യാത്രാക്ഷീണം കൊണ്ട് ശലമോനും ഉറങ്ങി. പക്ഷേ അസ്മായ്ക്ക് ഉറക്കം വന്നില്ല. നീണ്ട കാത്തിരിപ്പിനൊടുവിൽ ഒന്നിച്ചിരിക്കുന്നു. അവൾ അവന്റെ ശ്വാസഗതി കേട്ട് കിടന്നു. ഇരുട്ടിൽ ഒരു കൈപ്പടം തന്റെ നേരേ വരുന്നത് അവൾ കണ്ടു. അവൾ ഉറക്കം അഭിനയിച്ചു. അവളുടെ കയ്യിൽ തൊട്ടപ്പോൾ പൊള്ളേലേറ്റതുപോലെ അവൻ കൈപിൻവലിച്ചു. അവൾ ഉളളിൽ ചിരിച്ചു. പിന്നെ ആ ചൂടിൽ അവൻ ഒട്ടിച്ചേർന്നു. ഒരാടിൻ്റെ ചൂടും മൃദുലതയും ആദ്യമായി അവൻ അറിഞ്ഞു. ഒരു കുതിരയുടെ കരുത്തും ഗന്ധവും അവളും അറിഞ്ഞു. പിന്നെ ആനന്ദത്തളർച്ചയിൽ അവർ ബോധം കെട്ടുറങ്ങി.

പാതിരാത്രി കഴിഞ്ഞപ്പോൾ ചന്ദ്രിക മറഞ്ഞു. മരുഭൂമിയിലാകെ ഇരുൾ പടർന്നു.
ശലമോൻ ഞെട്ടിയുണർന്നു. ആരോ മൂർദ്ധാവിൽ അടിച്ചതു പോലെ ഒരു വേദന! കഠിന വേദന വരുമ്പോൾ ചെന്നിയിൽ മുറുക്കി കെട്ടാറുണ്ട്. അയാൾ ഒരു കഷണം തുണി കൊണ്ട് കെട്ടി നോക്കി. പക്ഷേ ഒരാശ്വാസവും ലഭിച്ചില്ല.കാതിൽ പൊടിക്കാറ്റിരമ്പുന്ന ശബ്ദം മുഴങ്ങി. ചെവിയടച്ച് കുറച്ചു നേരം കിടന്നു. തല പൊട്ടിത്തെറിച്ചേക്കുമെന്ന് ഭയന്നപ്പോൾ അലറിവിളിച്ചു. പക്ഷേ , ശബ്ദം പുറത്തുവന്നില്ല. നാവും ചുണ്ടും വല്ലാതെ വരണ്ടിരുന്നു!
അയാൾ എഴുന്നേറ്റു. കൂടാരത്തിൻ്റെ മൂലയ്ക്ക് ഇരിക്കുന്ന കുടിവെള്ളം ഓർമ്മ വന്നു. അയാൾ നടന്നു. ഒന്നുരണ്ടു കാലടി വച്ച മുമ്പോട്ടു പോയി, പിന്നെ ഒരു മദ്യപനെ പോലെ മണലിലേക്ക് കുഴഞ്ഞുവീണു.

ഉഷസ്സിന് മുന്നെ ലസ്ക എഴുന്നേറ്റു. യാത്രക്കുള്ള ഒട്ടകങ്ങളെ തയ്യാറാക്കണം. താവളത്തിൽ പ്രഭാതവെളിച്ചം വീണിരുന്നു. മുറ്റത്തെ അടുപ്പിൽ അസ്മ തീ കൂട്ടി. യാത്രക്കുള്ള അപ്പം ചുട്ടെടുക്കണം. കുഴച്ച അപ്പം തീയിലിട്ടു. അപ്പം മൊരിയുന്നതിന്റെ മണമുയർന്നു.

വെളിച്ചം പരന്നിട്ടും അറബികൾ എഴുന്നേറ്റില്ല. വെയിൽ പരക്കുന്നതു വരെ അവർ ഭയന്നു കിടന്നു. ഫാത്തിമ ഉണർന്നു. പക്ഷേ കണ്ണുതുറക്കാൻ അവൾ മടിച്ചു. ആദ്യവെയിൽ നാമ്പുകൾ മരുഭൂമിയെ തൊട്ടപ്പോൾ അറബികൾ ചാടിയെഴുന്നേറ്റു. താവളത്തിൽ സർവ്വത്ര ബഹളമായി.
അവൾ എഴുന്നേറ്റു പുറത്തേക്ക് പോയി. അൽപം നേരം കഴിഞ്ഞപ്പോൾ മടങ്ങി വന്നു. കബീർ എഴുന്നേറ്റിട്ടില്ല. ബോധം കെട്ടതുപോലെ പാവം ഉറങ്ങുകയാണ്. ഒരു പക്ഷേ വെയിൽ പരന്നത് അറിഞ്ഞിരിക്കില്ല.
അവൾ അടുത്ത് ചെന്ന് വിളിച്ചു.
“കബീർ “
അയാൾ ഒന്നു ഞരങ്ങി. അവൾ സൂക്ഷിച്ചുനോക്കി. അയാളുടെ കണ്ണുകൾ പന്തം പോലെ ജ്വലിക്കുകയാണ്. അവൾക്ക് ഒന്നും മനസ്സിലായില്ല.
“അയ്യോ ഓടി വരണമേ.”
കൂടാരത്തിൽ നിന്ന് നിലവിളി കേട്ട് അറബികൾ ഓടി വന്നു. അവർ ആകുലരായി. അകത്ത് കയറി അവർ നോക്കി. പിന്നെ പുറത്തിറങ്ങി പിറുപിറുത്തു
“ജിന്ന്.”
വെയിൽ പരന്നു. താവളം കാലിയാക്കി മരുപ്പച്ചയിലേക്ക് മടങ്ങാൻ അറബികൾ മടിച്ചു. യൂദനെ ജിന്നു കൂടിയിരിക്കുന്നു. അവർ പരിഭ്രാന്തരായി. ജിന്നു പിടിച്ചാൽ പിന്നെ ഒരു മനുഷ്യന് അധികം ആയുസ്സില്ല. പക്ഷേ ഈ ലോകം വിട്ടു പിരിയുമ്പോൾ അയാൾ തനിച്ചല്ല പോകുക; ഒരു ജീവനെ കൂടി അയാൾ കൊണ്ടുപോകും! ഒരാൾ പറഞ്ഞു.
“യൂദനെ കുഴിച്ചിടണം.”
അതു മൂപ്പൻ സമ്മതിച്ചു. രണ്ടു പേർ മൺകേരികളുമായി നടന്നു. ലസ്ക്ക അവരെ കണ്ടു. അനുസരണക്കേട് കാട്ടിയ അടിമയെ അറബികൾ കുഴിയിൽ കഴുത്തറ്റം മണലിട്ട് നിർത്തിയിരുന്നു. പകൽ ചൂടിൽ ആ അടിമയുടെ മുഖം കരിവാളിച്ചിരുന്നു. ബാധയേറ്റ കബീറിനെ കുഴിച്ചിടാനാണ്.
ലസ്ക്ക മൂപ്പന്റെ കാലിൽ വീണു.
“പ്രഭോ, രക്ഷിക്കണം.”
അയാൾക്ക് അലിവു തോന്നി.
” ഒരു കാര്യം ചെയ്യാം മന്ത്രവാദിയെ ഒന്നു കാണിച്ചിട്ടാകാം ബാക്കി കാര്യങ്ങൾ.”
ഫാത്തിമ നെടുവീർപ്പിട്ടു..
താവളത്തിലെ ഒറ്റപ്പെട്ട കൂടാരത്തിലാണ് മന്ത്രവാദി പാർത്തിരുന്നത്. അവിടെ നിന്ന് കറുത്ത പുക ഉയർന്നിരുന്നു. ആ പുകയെ ഭയപ്പെട്ട ജിന്നുകൾ താവളത്തിൽ കടന്നിരുന്നില്ല! മന്ത്രശക്തിയാൽ അയാൾ ജിന്നിനെ ആവാഹിച്ചിരുന്നു.
കൂടാരത്തിനു മുമ്പിൽ ഫാത്തിമയും അസ്മായും നിന്നു. മന്ത്രവാദി പറഞ്ഞു.
“ഭയപ്പെടെണ്ടാ, ഇതിലും വലിയ ജിന്നിനെ ഞാൻ ഒഴിപ്പിട്ടുണ്ട്.”
ഫാത്തിമായ്ക്ക് പ്രതീക്ഷ തോന്നി.
ഒരു നെരിപ്പോടിനു മുന്നിൽ അയാൾ കബീറിനെ കിടത്തി. പിന്നെ കൈകാലുകൾ ബന്ധിച്ചിട്ട് മന്ത്രവാദി ചില പൊടികൾ നെരിപ്പോടിലേക്ക് ജപിച്ചെറിഞ്ഞു. ഒരു വെളുത്ത പുക മുറിയിലാകെ പരന്നു. കബീർ ചുമച്ചു. മന്ത്രവാദിയുടെ കണ്ണുകൾ പന്തം പോലെ ജ്വലിച്ചു.
പുകയേറ്റ് കബീറിനു ശ്വാസം മുട്ടി. ഒരു വടി എടുത്ത് മന്ത്രവാദി ആരാഞ്ഞു.
“സത്യം പറയുക, നീ ആരാണ്?”
അയാൾ ചിരിച്ചു.
‘ഞാനാണ് യിസ്റേഏൽ രാജാവായ ശലമോൻ “
മന്ത്രവാദി ചിരിച്ചു.
“എന്നാൽ ശരി, ശലമോനെ, മര്യാദക്ക് നീ വിട്ടുപൊയ്കൊള്ളണം.”
അയാൾ വാശി പിടിച്ചു
“ഇല്ല, ഞാൻ പോകില്ല. “
അപ്പോൾ മന്ത്രവാദിയുടെ കണ്ണിൽ നിന്ന് തീപ്പൊരി ചിതറി. വടിക്ക് ശലമോനെ പ്രഹരിക്കാൻ തുടങ്ങി. കാൽവണ്ണയിലും കയ്യിലും തല്ലേറ്റ വേദനകൊണ്ട് ശലമോൻ പുളഞ്ഞു, ഒടുവിൽ ഗത്യന്തരമില്ലാതെ അയാൾ ഉറക്കെ നിലവിളിച്ചു.
“അയ്യോ. ഓടി വരണേ, എന്നെ രക്ഷിക്കണേ.”
നിലവിളി കേട്ട് ഫാത്തിമ അകത്തേക്ക് കയറി നോക്കി. അടിയേറ്റ് കാലും കൈയും പൊട്ടിയിരിക്കുന്നു. രക്തം തിണർത്തിരിക്കുന്നു. ഒരിക്കൽ കൂടി മന്ത്രവാദി വടി വീശി. ഫാത്തിമ അലറി
“ഇനി ആ മനുഷ്യനെ അടിക്കരുത്.”
മന്ത്രവാദിക്ക് ഇഷ്ടപ്പെട്ടില്ല. അയാൾ ഫാത്തിമയെ ശപിച്ചു.
“നീ ഇതിൻ്റെ ഫലം അനുഭവിക്കും.”
അടിമകൾ കബീറിനെ എടുത്തു. മൂപ്പൻ പറഞ്ഞു.
“ഇയാളെ ഞങ്ങളുടെ കൂടാരത്തിൽ കിടത്താൻ പറ്റില്ല..”
അസ്ക്ക ചുറ്റുപാടും നോക്കി താവളത്തിന് അരികിലുള്ള ഒരു ആട്ടിൻതൊഴുത്ത് കാലിയായി കിടന്നിരുന്നു. നൂറ്റാണ്ടുകളിലെ മൂത്രം ആ തൊഴുത്തിൽ വീണിരുന്നു. മണൽ മഞ്ഞുശകലം പോലെ വെളുത്തിരുന്നു. മനം മടുപ്പിക്കുന്ന ദുർഗന്ധത്തിൽ അവർക്ക് ശ്വാസം മുട്ടി. എന്തു ചെയ്യണമെന്നറിയാതെ ഫാത്തിമ കുഴങ്ങി. അവർ ശലമോനെ കാലി തൊഴുത്തിൽ കിടത്തി. അയാൾക്ക് കഠിനമായ ചൊറിച്ചൽ അനുഭവപ്പെട്ടു. ഒരു കമ്പെടുത്ത് അയാൾ ശതീരം മന്ത്രിച്ചു കീറി. അത് കാണാൻവയ്യാതെ ഫാത്തിമ പുറത്തിറങ്ങി. അവൾ ഹൃദയം പൊട്ടിക്കരഞ്ഞു.
അൽപ്പം കഴിഞ്ഞപ്പോൾ അടിമകളുടെ മൂപ്പൻ എത്തി. ജിന്നുബാധയെപ്പറ്റി കേട്ടിരുന്നു. അയാൾ സഞ്ചി തുറന്നു. ഉപ്പിന്റെ ഗന്ധമുള്ള പച്ചിലകൾ എടുത്ത് കബീറിന്റെ ശരീരം ഉഴിഞ്ഞു. നാലഞ്ചു തവണ ഉഴിഞ്ഞപ്പോൾ അയാളുടെ ചൊറിച്ചിലിനു ശമനം ഉണ്ടായി.
ലസ്കാക്ക് പ്രതീക്ഷ തോന്നി. ചെറിയ ജിന്നുകളെ മൂപ്പൻ ഒഴിപ്പിക്കാറുണ്ട്.
അയാൾ തീ കൂട്ടി ഇലപുകച്ചു. നെഞ്ച് കത്തുന്ന ഒരു ഗന്ധം ആ തൊഴുത്തിലാകെ പടർന്നു. നുറ്റാണ്ടുകളുടെ ദുർഗന്ധം ഖനിഭവിച്ച വായു നേർത്തുനേർത്തു വന്നു. ഒടുവിൽ മരുപ്പച്ചയുടെ പുതുഗന്ധം അനുഭവപ്പെട്ടു.. യൂദൻ ശാന്തനായി അനക്കമറ്റ് കിടന്നു. നാഡി പരിശോധിച്ചിട്ട് മൂപ്പൻ പറഞ്ഞു.
“ഇതു മുന്തിയ ഇനം ജിന്നാണ്. അവൻ ഈ മനുഷ്യനെയും കൊണ്ടല്ലാതെ പോകില്ല… “
ഫാത്തിമയ്ക്ക് കൈകാലുകൾ തളരുന്നതുപോലെ തോന്നി.
ഉച്ചയായി. ഒരു യാത്രാസംഘം താവളത്തിൽ അഭയം തേടി. അവർ ക്വാത് സഖ്യത്തിലെ അറബികൾ ആയിരുന്നു. കബീറിനു ജിന്നു പിടിച്ചത് അവർ അറിഞ്ഞു. സംഘത്തലവൻ ഫാത്തിമയെ വിളിച്ച് ഉപദേശിച്ചു.
” കുട്ടീ ഈ നരകത്തിൽ നിന്ന് വേഗം പോകാൻ നോക്ക്. അല്ലെങ്കിൽ ജിന്നുപിടിച്ച് നീയും മരിക്കും.”
ഫാത്തിമയുടെ മുഖം വിളറി.
മരണാസന്നനായ ഒരാളെ തനിച്ചാക്കിയിട്ട് പോകാൻ അവൾ മടിച്ചു. കണ്ണേറു ദൂരം പിന്നിടുന്നതിനു മുമ്പായി അറബികൾ കബീറിനെ മണലിൽ കുഴിച്ചിടും. അത് ഓർക്കാനും കൂടി വയ്യാ.!
യജമാനത്തിയുടെ ധർമ്മസങ്കടം അസ്മ കണ്ടു.
“അവിടുന്ന് ഒന്നു കൊണ്ടും വിഷമിക്കരുത്. പുറപ്പെട്ടുകൊളളുക. യജമാനനെ ഞാൻ ശുശ്രൂഷിച്ചു കൊള്ളും”
ഫാത്തിമായ്ക്ക് സമാധാനമായി.
സായാഹ്നത്തിൻ ക്വാതുകാർ യാത്ര ആരംഭിച്ചു. ഒട്ടകത്തിന്റെ പുറത്ത് പ്രിയതമൻ പാണ്ഡങ്ങൾ കെട്ടുമ്പോൾ . അസ്മയുടെ ധൈര്യം ചോർന്നു. അവളുടെ മിഴികൾ ഈറനണിഞ്ഞു. ലസ്ക ചോദിച്ചു. .
“അല്ല , നീ കരയുകയാണോ?”
അവളുടെ സ്വരത്തിൽ വിഷാദം കലർന്നു.
“ഞാൻ ഒരു പെണ്ണാണു്.”
ഒട്ടകത്തിൽ കയറിയപ്പോൾ അവൻ നിശ്ശബ്ദനായി യാത്രപറഞ്ഞു. അവൻ എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ അവൾ കരഞ്ഞു പോയേനെ…
ഒട്ടകം നടന്നു തുടങ്ങി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ അവൻ ഒന്നു തിരിഞ്ഞുനോക്കി. അകലെ ഒരു കറുത്ത നക്ഷത്രം!
മരുപ്പൂച്ചയെ പോലെയാണ് ജിന്ന് ഇരകളെ തട്ടികളിക്കുക. അനക്കം തീരുമ്പോൾ പിടിവിടും. ഒന്ന് ജീവൻ വെയ്ക്കുമ്പോൾ വീണ്ടും തട്ടി കളിക്കും. പകൽ പനിയിൽ യുദൻ്റെ ശരീരം കവാത്തു ചെയ്ത മുന്തിരിവള്ളി പോലെ വാടിക്കിടന്നു. അയാൾ പകൽമയക്കത്തിൽ നിന്ന് ഉണർന്നു. അപ്പോൾ സന്ധ്യമയങ്ങിയിരുന്നു. അശനപാനങ്ങൾ കഴിച്ചിട്ട് നേരത്തോട് നേരമായി. ഒരു കൂടാരത്തിൽ നിന്ന് കുറച്ച് യവക്കഞ്ഞി അസ്മ യാചിച്ചുവാങ്ങി.. അൽപം കഞ്ഞി കോരിക്കൊടുത്തപ്പോൾ ആ കണ്ണുകൾ ഒന്നനങ്ങി. അവൾക്ക് ഒരു പ്രതീക്ഷ തോന്നി. ഒന്നുരണ്ടു ആഴ്ചക്കകം അൽജോഫിൽ വെച്ച് സന്ധിക്കാമെന്ന് ലസ്ക്കയോട് വെറും വാക്ക് പറഞ്ഞിരുന്നു. അത് യാഥാർത്ഥ്യമാകുമോ?
അവൾ യൂദനെ സൂക്ഷിച്ചുനോക്കി. പക്ഷേ അത് ജിന്നിന് ഇഷ്ടപ്പെട്ടില്ല. അത് കോപിച്ചു. ഒരിക്കൽ കൂടി യൂദനെ മയക്കത്തിലേക്ക് തള്ളിയിട്ടു.
മരുപ്പരപ്പിൽ ഇരുട്ടു പരന്നപ്പോൾ രാത്രിമൃഗങ്ങൾ അസ്വസ്ഥരായി. രാത്രിയുടെ തണുത്ത നിശ്ശബ്ദതയിൽ മന്ത്രവാദി ഒരു മന്ത്രം ചൊല്ലാറുണ്ടായിരുന്നു. ശലമോനെ ഒരു പാഠം പഠിപ്പിക്കുമെന്ന് അയാൾ ശപഥം ചെയ്തു. ശലമോന്റെ വെല്ലുവിളി അയാളെ കുത്തിനോവിച്ചു.
മരുഭൂമിയുടെ ഇരുണ്ട നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ചെന്നായ് കൂട്ടങ്ങൾ ഓരിയിട്ടു. ഇരയുടെ കൊതിപ്പിക്കുന്ന ഗന്ധം അവയെ ഭ്രാന്തു പിടിപ്പിച്ചു. ചുടു ചോരക്കായി അവ താവളത്തിലേക്ക് കുതിച്ചു പാഞ്ഞു. തൊഴുത്തിനു മുന്നിൽ ഒരിക്കൽ കൂടി ഓരിയിട്ടു.
മന്ത്രവാദി ചിരിച്ചു.
“രാവിലെ എല്ലിൻ കഷണം കിട്ടിയാൽ ഭാഗ്യമായി.’അയാൾ കാതോർത്തു. അൽപ്പനേരം കഴിഞ്ഞപ്പോൾ ചെന്നായ്ക്കൾ പിൻവാങ്ങി.
അയാൾ അത്ഭുതപ്പെട്ടു.
ഇരുട്ടിൽ ഒരു ജോഡി തീക്കണ്ണുകൾ ചെന്നായകൾ കണ്ടിരുന്നു. .അത് അവയെ ഭയപ്പെടുത്തി ഒരു പോള കണ്ണടക്കാതെ അസ്മ കാവലിരുന്നു.
പകൽ ഒരു സമാധാനവും ശലമോനു തോന്നിയില്ല. രാവിലെ മുതൽ തിരിഞ്ഞും മറിഞ്ഞും ഓലപ്പായിൽ കിടന്നു. ഒരു സ്വസ്ഥതയും ഇല്ല. മനസ്സിൽ ആയിരം ചുഴലികൾ ആർത്തു വിളിക്കുകയാണ്. ഉടുപ്പിൽ നിന്ന് ഉപ്പുറവകൾ ഒഴുകി. ഉച്ചവെയിലിൽ അസ്മാക്ക് ക്ഷീണംതോന്നി. അവൾ ഉറക്കം തൂങ്ങി.
മണൽത്തരികൾ കിരുകിരുക്കുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നു അവൾ കണ്ണുതുറന്നു നോക്കി. യൂദൻ വിറക്കുകയാണ്. അവൾക്ക് ഭയം തോന്നി. ഈ വിറ തുടർന്നാൽ വാരിയെല്ലുകൾ ഒടിയുകയില്ലേ ? ഒടുവിൽ ലസ്ക്കയെ ധ്യാനിച്ച് അവൾ ആ ശരീരത്തിൽ ബലമായി അമർത്തിപ്പിടിച്ചു. ഒരു വിറയൽ അവളുടെ ശരീരത്തിലൂടെ കടന്നു പോയി.
കാറ്റിൽ ജിന്നിൻ്റെ ചിരി മുഴങ്ങി.
ദിവസത്തിൽ ഒന്നുരണ്ടു തവണ അറബികൾ യൂദൻ്റെ സ്ഥിതി നോക്കിയിരുന്നു. രാവിലെ തൊഴുത്തിൽ നിന്ന് ഒരു മുരൾച്ച കേട്ടപ്പോൾ അമ്പരന്നു.
ചെന്നായയോ?
അവർ അകത്തേക്ക് തലയിട്ട് എത്തി നോക്കി. ഒരു ചെന്നായയെപ്പോലെ യൂദൻ അവരുടെ നേരേ എടുത്തു ചാടി. അറബികൾ ജീവനും കൊണ്ടോടി. അവർ പരസ്പരം പറഞ്ഞു.
“യൂദന് ഭ്രാന്തിളകിയിരിക്കുന്നു!”
കബീറിന്റെ ഭാവം കണ്ട് അവൾക്ക് ഭയം തോന്നി.പാതാളത്തിലെ പിശാചുക്കളെ നേരിൽ കണ്ടതുപോലെയാണ് നോട്ടം! അയാളെ ഒരു കുറ്റിയിൽ ബന്ധിക്കാൻ അസ്മാക്ക് സർവ്വശക്തിയും പ്രയോഗിക്കേണ്ടി വന്നു. ഒരു രാവും പകലും മുരണ്ടുകൊണ്ടിരുന്നു. നേരം വെളുക്കാറായപ്പോഴാണ് ഏതാണ്ട് ശാന്തനായത്. പ്രഭാതത്തിൽ ആ കണ്ണുകൾ ശൂന്യമായി. ശലമോൻ പിറുപിറുത്തു.
“ആകാശത്തിനു കീഴിൽ ഓരോന്നിനും ഓരോ കാലമുണ്ട്, ഓരോ സമയമുണ്ട്.
ജനിക്കാൻ ഒരു സമയം… മരിക്കാൻ ഒരു സമയം…”
ഒന്നു രണ്ടു ദിനങ്ങൾ കൂടി ഒരു വിധം ശാന്തമായി കടന്നു പോയി. പക്ഷേ യൂദൻ്റെ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരുന്നു. ശരീരം ഒരു പഴുത്തില പോലെ മഞ്ഞച്ചു. ഒരിക്കൽ കൂടി എത്തി നോക്കിയിട്ട് അറബികൾ പിൻവാങ്ങി. അവർ മൂപ്പനെ കണ്ടു.
“ലക്ഷണം കണ്ടിട്ട് സായാഹ്നത്തിനപ്പുറം പോകുമെന്ന് തോന്നുന്നില്ലാ.”
ഇനിയും ഈ മാരണത്തെ നോക്കി ഇരിക്കുന്നതിൽ അർത്ഥമില്ലെന്ന് മൂപ്പനും തോന്നി. അയാൾ പറഞ്ഞു.
“നിങ്ങൾ പോയി മരുഭൂമിയിൽ ഒരു കുഴിവെട്ടുക. “
മൺവെട്ടികളുമായി അറബികൾ മരുഭൂമിയിലേക്ക് നടന്നു.

ജിന്നു ബാധിച്ച ശലമോനെ തുത് മോസ റാണിക്ക് അസ്മോദേവൂസ് കാട്ടിക്കൊടുത്തു. റാണി പൊട്ടിച്ചിരിച്ചു.

[തുടരും]

വര : പ്രസാദ് കാനത്തുങ്കൽ

കവർ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like