പൂമുഖം നോവൽ പത്ത് പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും!

പത്ത് പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും!

ഇതെങ്ങോട്ടേക്കാണ് പോയത്? കാത്തിരുന്ന് വേരുപിടിച്ചു. ഇനി ഒരുപക്ഷെ ഉടനെയൊരു ഒരു വരവുണ്ടായില്ലെന്നും വരാം…
എന്നാലും ഇതിത്തിരി കടുത്തുപോയ്
അമുദത്തിന്റെ വീട്ടുകാർ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടാവും, അത് ഉറപ്പാണ്, ആ ബന്ധം അദ്ദേഹം തുടരുകയും ചെയ്തു. അല്ലാതിരുന്നെങ്കിൽ “എന്റെ അമ്മയുടെ സഹോദരിയുടെ മകൻ” എന്ന് അന്നൊരിക്കൽ ഒരാളെ പരിചയപ്പെടുത്തില്ലായിരുന്നല്ലോ…
ഇങ്ങ് വരട്ടെ!


അടുക്കളപ്പുറത്ത് കുറേനേരമായ് വട്ടമേശ സമ്മേളനം. ജഡ്ജിയും, വക്കീലന്മാരും എല്ലാം ഹാജരുണ്ട്.
ആ ശബ്ദം… എത്ര രസമാണത്.
അങ്ങോട്ടേക്ക് ശ്രദ്ധിക്കേണ്ടെന്ന് കൊട്ടിയടച്ചിട്ടും ചിലത് തെന്നിത്തൂകി കാതിൽ വീഴുന്നു.

“പഠിക്കാൻ വിട്ടപ്പോൾ പഠിക്കണമായിരുന്നൂന്ന്, അവരൊക്കെ അങ്ങനെ പഠിച്ചാണ് ഈ വിധം ഉദ്യോഗം ഭരിക്കുകയും, പണം സമ്പാദിക്കുകയും ചെയ്തതെന്ന്…”

“അതിലെന്താ തെറ്റ് ? അവര് പറഞ്ഞത് ശരിയല്ലേ? അവരെപ്പോലെ നിന്നെയും പഠിക്കാൻ വിട്ടു. അവരെല്ലാവരും പഠിച്ചു. നീയോ ? പാതിയിൽ പഠിപ്പ് നിർത്തി. എന്നിട്ട് അവരെ കുറ്റംപറഞ്ഞിട്ട് കാര്യംണ്ടോ?”

“അപ്പച്ചിക്ക് അറിയില്ലേ ഞാനെന്താ പഠിത്തംനിർത്തിയതെന്ന്? ഞാൻ പഠിക്കാഞ്ഞിട്ടാണോ? ശൈലയക്കച്ചി കോളേജില് പഠിക്കാൻപോയിട്ട് തെക്കേത്തറ കോളനീലെ ചാമന്റെ മോനുമായ് പ്രേമത്തിലായി, ഞങ്ങൾ അഞ്ചുപേരിൽ മൂന്നാമത്തെവള് ആയിരുന്നില്ലേ അക്കച്ചി? ആകെയുള്ള രണ്ട് പെൺമക്കളിൽ മൂത്തവൾ… അക്കച്ചി അങ്ങനെ ചെയ്തതുകൊണ്ട് നന്നായി പഠിച്ചിരുന്ന എന്റെ പഠിത്തം നിർത്തിച്ചു…
എന്നിട്ടെന്തായി? അവളെ അങ്ങ് വടക്ക് കണ്ണൂരിലെ മുന്തിയ കുടുംബത്തിലെ ഉദ്യോഗസ്ഥനെക്കൊണ്ട് കെട്ടിച്ചു. അത്രയും പഠിച്ചതുകൊണ്ട് അവരുടെ സ്വാധീനത്തില് അവൾക്ക് ഉദ്യോഗവും കിട്ടി … ഞാനോ ? “

“അത് പിന്നെ കുടുംബത്തിന്റെ മാനം നോക്കണ്ടേ? വല്ല ചെമ്മാന്റേം കൂടെ അവള് പോട്ടേന്ന് വയ്ക്കാൻ പറ്റോ? അതിന്റെ തലേലെഴുത്ത് നല്ലതായിരുന്നു. ദൈവാധീനം! നല്ലൊരു കുടുംബത്തില് ചെന്ന് കേറി”

“പത്താംക്ളാസ് പരീക്ഷപോലും എന്നെക്കൊണ്ട് എഴുതിപ്പിച്ചില്ല..
ഞാനെന്ത് തെറ്റ് ചെയ്തിട്ടായിരുന്നു?”

“അതൊക്കെ അന്നത്തെ സാഹചര്യം. ആരും മനപ്പൂർവമൊന്നുമല്ലല്ലോ..”

” രണ്ടരക്കൊല്ലം അടുക്കളയിൽ അമ്മയെ സഹായിച്ചും ജേഷ്ഠൻമാർക്ക് റാൻ മൂളിയായും, അക്കച്ചീടെ കൊച്ചിനെ നോക്കിയും ജീവിച്ചു.. പഠിത്തമോ തൊഴിലോപോലും നോക്കാതെ കുടുംബം മാത്രം നോക്കി ഒരുത്തന്റെ തലേല് എന്നെ വെച്ച് കൊടുത്തു. എല്ലാവരും നന്നായ് സുരക്ഷിതരായ് ജീവിക്കുന്നു. ഞാനോ?”

“അതൊക്കെ ഓരോന്നിന്റെ വിധി.. കഴിഞ്ഞത് കഴിഞ്ഞു. അതൊക്കെ ഇനി പറഞ്ഞിട്ടെന്തിനാ?”

“വിധിയോ ആരുണ്ടാക്കിയ വിധി?
കഴിഞ്ഞത് കഴിഞ്ഞൂന്ന് എല്ലാവർക്കും പറയാം. ആർക്കും ഒന്നും നഷ്ടപ്പെട്ടില്ലല്ലോ.. മറ്റുള്ളവർ ചെയ്തതിന് ബലികൊടുത്തത് എന്റെ ജീവിതമാണ്”

“ശ്ശെടാ! ഇതാപ്പോ നന്നായത്. അവൾക്ക് കൊടുത്തതുപോലെയൊക്കെ നിനക്കും തന്നല്ലേ കെട്ടിച്ചത്? പിന്നെ ചക്കയോ മാങ്ങയോ ആന്നോ തുരന്ന് നോക്കാൻ.. നല്ല കുടുംബം. ആരോഗ്യമുള്ള ഒരുത്തൻ”

“അപ്പച്ചീ.. നമ്മള് കണ്ണടയ്ക്കുമ്പോ നമ്മൾക്ക് മാത്രാ ഇരുട്ട്.. മറ്റുള്ളവർക്ക് കാഴ്ചയുണ്ട്. എല്ലാമറിയുന്ന അപ്പച്ചി ഉൾപ്പടെയുള്ളവർക്ക് ഈ വിധം കണ്ണടയ്ക്കാൻ സാധിക്കുന്നത് എന്തുകൊണ്ടാണെന്നോ.. നിങ്ങൾക്കാർക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല…
നഷ്ടപ്പെട്ടതൊക്കെ എനിക്കാണ്.”

“പഠിപ്പിച്ചിരുന്നെങ്കിൽ ഞാനും അവരെപ്പോലെ ആയേനെ..
അത് പോട്ടെ, ഒരുത്തന്റെ കൂടെ ഇറക്കിവിടുമ്പോൾ ഒരു സ്ഥിരവരുമാനമുള്ള തൊഴിലോ, അതിനുള്ള വിദ്യാഭ്യാസമോ എങ്കിലും നോക്കാതിരിക്കാൻ എന്തായിരുന്നു കാരണം?”

“അങ്ങനെ ആയിരുന്നേല് ഇങ്ങനെ ആവില്ലായിരുന്നോ എന്നൊക്കെ ആർക്കും പറയാം .. ഓരോരോ കാലം, സാഹചര്യം പിന്നെ ഓരോന്നിന്റെ തലയിലെഴുത്ത്..”

“അല്ലാതെ അക്കച്ചിയുടെ കുടുംബപ്രശ്നങ്ങൾക്ക് പിന്നാലെ ഓടാൻവേണ്ടി ഞാനെന്ന ഉത്തരവാദിത്തത്തെ വല്ല വിധേനയും ഒഴിവാക്കിയതല്ല…”

“നിനക്ക് അങ്ങനെയൊക്കെ തോന്നും. അഹങ്കാരം”

” അപ്പോ എന്റെ ഈ അവസ്ഥയ്ക്ക് മറ്റാരും കാരണക്കാരല്ല എന്നാണോ? ആയ്ക്കോട്ടെ… അവരുടെ വിധിയെഴുതിയ അതേ ദൈവങ്ങളാണ് എന്റേയും വിധിയെഴുതിയത്.. അതെങ്കിലും ഓർമ്മയിലുണ്ടായാൽ മതി.”

“നീ ഇറങ്ങുവാന്നോ? ഇറച്ചി വാങ്ങിച്ചിട്ടുണ്ട് , നിൽക്ക് കുറച്ച് കറി തന്നുവിടാം.”

“വേണ്ട അപ്പച്ചി. ഞാൻ കറിയൊക്കെ വെച്ചിട്ടാണ് വന്നത്. അപ്പച്ചി സാധിക്കുമെങ്കിൽ ഒരുപകാരം ചെയ്യണം.
അക്കച്ചി വിളിക്കുമ്പോൾ എന്നെക്കുറിച്ച് വാസ്തവവിരുദ്ധമായ കാര്യങ്ങൾ ബന്ധുക്കൾക്കിടയിൽ പറഞ്ഞുപരത്തരുത് എന്നൊന്ന് പറഞ്ഞേക്കണം.
ഞാനും എന്റെ വീട്ടുകാരനും നന്നായ് അധ്വാനിച്ചാണ് ജീവിക്കുന്നത്. ഇന്നോളം ഒരു സഹായവും ഞാൻ എന്റെ കൂടപ്പിറപ്പുകളുടെ കയ്യിൽ നിന്നും പറ്റിയിട്ടില്ല. അവരായിട്ട് സ്നേഹത്തോടെയോ അല്ലാതെയോ എനിക്കോ എന്റെ കുഞ്ഞുങ്ങൾക്കോ ഒന്നും തന്നിട്ടുമില്ല… എനിക്കതൊട്ട് വേണ്ടതാനും.
ഞാൻ പറയാതെ തന്നെ അപ്പച്ചിക്ക് ഇത് നേരറിവുള്ളതാണല്ലോ….
എന്റെ കുടുംബം നോക്കുന്നത് അവരാണെന്ന കുടുംബക്കാർക്കിടയിലെ ആ കരക്കമ്പിയുണ്ടല്ലോ…. അത് …”

“ദൈവമേ.. ആ പെണ്ണ് അങ്ങനെയൊന്നും ആരോടും പറയത്തില്ല… പരദൂഷണക്കാര് നിന്നെ ഇളക്കാൻ ഓരോന്ന് പടച്ചുവിടുന്നത്.. പാപം കിട്ടും”

“എന്നെ ഇങ്ങനെ ചിരിപ്പിക്കല്ലേ അപ്പച്ചീ.. ആരോടും പരദൂഷണം പറയാനും കേൾക്കാനും നിങ്ങടെ ആ വലിയ കുടുംബവുമായ് എനിക്ക് യാതൊരു ബന്ധവുമില്ല.. ആ ധൈര്യത്തിലാണല്ലോ ഈ പാടി നടക്കൽ…. പണം പണത്തിനോടേ ഒട്ടൂ എന്നത് അറിയാതെയോ, ആരെയും ഒന്നും ബോധിപ്പിക്കാനോ, സർട്ടിഫിക്കറ്റ് വാങ്ങാനോ വന്നതല്ല.
അപ്പച്ചി പറഞ്ഞില്ലേ സാഹചര്യം.. അതുപോലൊരു സാഹചര്യത്തിന്റെ നിർബന്ധം.. അതുകൊണ്ട്
പറഞ്ഞൂന്നേ ഉള്ളൂ.”
ചിലത് ഇങ്ങനെ തികട്ടിവരുമ്പോൾ തുപ്പിക്കളഞ്ഞില്ലെങ്കിൽ വയറ് കേടാകും.
നിറയെ തുമ്പികൾ പറക്കുന്ന ചുവന്ന സാരി ധൃതിയേതുമില്ലാതെ മഴയിലേക്ക് ഒഴുകിപ്പോകുന്നത്
ശൂന്യമിഴികളാൽ ജനാലയിലൂടെ ഞാൻ നോക്കിയിരുന്നു. ശേഷം അതൊരു മഴയാകുന്നത് ഹൃദയവും!

വര : പ്രസാദ് കാനത്തുങ്കൽ

കവർ : ജ്യോതിസ് പരവൂർ

Comments

You may also like