ഇതൾ 19
ചോദ്യങ്ങളും ഉത്തരങ്ങളും! കഴിഞ്ഞുപോയ കാലത്തിന്റെ കുരുക്കുകൾ, അവയെ സസൂക്ഷ്മം അഴിക്കേണ്ടതുണ്ടായിരുന്നു.. അതല്ലാതെ ഉത്തരങ്ങളിലേക്കെത്താൻ മറ്റു വഴികളില്ലായിരുന്നല്ലോ . എന്തായാലും ഒന്നുറപ്പായിരുന്നു. ആ കുരുക്കുകൾ അഴിച്ചെത്തുന്നിടത്ത് അവളുണ്ടാവും, താനും. ഇല്ലാതിരുന്നെങ്കിൽ അവളിങ്ങനെ തന്നെ വിടാതെ പിൻതുടരുകയില്ലല്ലോ…
ഇതിനിടയിൽ ഒന്ന് പറയാൻ വിട്ടുപോയി എന്റേത് ഒരു മകനാണ് കേട്ടോ…
അവൾക്കും ഒരു മകനുണ്ടായിരുന്നു. നിങ്ങൾക്കത് ഓർമ്മയുണ്ടല്ലോ അല്ലേ?
അമ്മയെ കാണാതെ, അമ്മയ്ക്കൊപ്പം കളിക്കാതെ “അമ്മാ” എന്നുരുവിട്ട് ഏങ്ങിയേങ്ങി അന്നൊരുദിവസം
കരഞ്ഞുതളർന്ന് ഉറങ്ങിപ്പോയവൻ..
അന്ന്, മരണവീട്ടിൽനിന്നും തലതാഴ്ത്തി പരദേശികളെപോലെ ഇറങ്ങിപ്പോയ അവളുടെ ഉറ്റവർ,
അവർ നാടെത്തി…
വീടെത്തി…
അലക്കിപ്പിഴിഞ്ഞ ചോദ്യങ്ങളെ തോരാനിട്ടു.
” എതുക്കാകെ?
അവളവ് പ്രചന്നയെന്നാ കൂപ്പിട്ടിരുക്കലാമേ…
ഓടി വന്തിരുക്കലാമേ…
ആനാലും എതുക്കാകെ?
മരുമകനുമാ? അവരൊരു വാർത്തെയ് കൂടെ പേശവില്ലെയേ..
പേരൻ അഴുവത് നിപ്പാട്ടിയിരുക്കുമോ? ഏതാവത് ശാപ്പിട്ടിരുക്കുമോ?
തൂങ്കിയിരുക്കുമോ?
തായില്ലാമൽ എപ്പടി …
ആനാലും അവാളെതുക്കാകെ?”
നൂറുനൂറ് വേവലാതികൾ.. വേവുകൾ…
താളുകൾ ഓരോന്നായ് മറിഞ്ഞുപോയ്… അവളുടെ വെന്തശരീരത്തിന്റെ ഗന്ധവും, “അമ്മാ” എന്നുള്ള അവന്റെ കുതറിക്കരച്ചിലും അവരെവിട്ട് ഒഴിഞ്ഞ്പോയതേയില്ല…
പടിയിറങ്ങിപ്പോയവൾക്ക് പകരം പടികയറിവരുന്നൊരുവനെയും കാത്തുകാത്ത്….
അല്ലെങ്കിലും രക്തബന്ധത്തിന്റെ മുൾവേലികൾ നൂണ്ട്കടക്കുകയെന്നത്, രുചിച്ചറിഞ്ഞവർക്ക് അപ്രാപ്യമാണല്ലോ!
അമ്മപോയതിന്റെ മൂന്നാം മാസം, അച്ഛനും ബന്ധുക്കളും മറ്റൊരുവളെ മുന്നിൽനിർത്തി അമ്മയെന്ന് പറഞ്ഞാൽ അവനതിനെ ഉൾക്കൊള്ളുന്നതെങ്ങനെ?
മാതാപിതാക്കളെ അനുസരിക്കുന്ന, കുടുംബത്തിന്റെ മാനംകാക്കാൻ നിർബന്ധിതനായ പുരുഷന് വെന്തുമരിച്ച ഭാര്യയെ മറന്നതായ് ഭാവിക്കാം, ആശവെച്ചതും, അൻപ് വെച്ചതും , ഉടൽപങ്കിട്ടതും, ഉയിർ പങ്കിട്ടതും, കനവെന്ന് നടിക്കാം. പക്ഷേ, അവളിൽ ഉരുവായ പൊൻമകന് അതിനെങ്ങനെ സാധിക്കുമെന്നാണ്?
അവന്റെ അമ്മയുടെ സാരി..
അവന്റെ അമ്മയുടെ മാല..
അവന്റെ അമ്മയുടെ
അവന്റെ അമ്മയുടെ….
അവന്റെ അമ്മ…
അച്ഛന്റെ ഭാര്യ ഒരിക്കലും അവന് അമ്മയായില്ല പകരം ചിത്തിയായ്, ഒളിഞ്ഞും തെളിഞ്ഞും പത്തിവിടർത്തി. അച്ഛനിൽ നിന്നും അകറ്റുക പതിവായ് .
പിന്നാലെവന്ന സഹോദരങ്ങളും അവന്റേതായില്ല.കൃത്യമായ അതിരുകൾ.
അറിവുകൾ. പണം തിരിക്കുന്ന കളങ്ങൾ.
പല നാവുകളിലൂടെ
ഒളിഞ്ഞുംതെളിഞ്ഞും ചെവിയിൽ വീണതും കണ്ടറിഞ്ഞതുമായ കാര്യങ്ങളെ കൂട്ടിച്ചേർത്തും, ബുദ്ധിയിൽ വായിച്ചുവളർന്നവന്
വീടകം ഒരിക്കലും അവന്റേതായില്ല.
അവനായ് കാത്തിരുന്നില്ല.
അവനായ് വേവലാതിപ്പെട്ടില്ല.
പലപല നോവുകളിൽ, പീഡകളിൽ, നാടുകളിൽ, അലഞ്ഞലഞ്ഞ്. അനാഥനൊരു ബാലൻ വളരുന്നു.
എത്രതരം മനുഷ്യർ, എത്രതരം കൈകൾ, എത്ര തരം വികാരങ്ങൾ അവനുടലിൽ, മനസ്സിൽ…. ചിന്തകളിൽ… പ്രവർത്തികളിൽ…
കടത്തിണ്ണകളിലെ തണുത്ത തറകളിൽ ഒട്ടിയവയറുമായ് കിടന്നുറങ്ങുമ്പോഴും അവൻ അമ്മായെന്നാണ് ശ്വസിക്കുന്നത്.
ഒക്കെയും അറിയുന്നവൾ,
വെന്തുപോയവൾ, വേവ് മാറാതെ , അവനൊപ്പം പെയ്തും തോർന്നും അവനായ്… നീറിനീറി..
“ഞാനല്ല..
ഞാൻ ചെയ്തതല്ല… “
കേൾക്കുന്നില്ലേ അവളുടെ കരച്ചിൽ
ഒരു നാടോടിക്കാലത്തിനുശേഷം നാട്ടിൽ പാതിരാത്രി ട്രെയിനിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ, യാത്രയിൽ മിണ്ടാൻ കിട്ടിയ അപരിചിതനായ വൃദ്ധൻ, ഒന്നും രണ്ടും പറഞ്ഞുപറഞ്ഞ്..
“എങ്ങോട്ടേക്കാ?”
” വലിയ വീട്ടിലേക്ക്”
“അവിടെ ആരെ കാണാൻ?”
” പ്രത്യേകിച്ച് ആരെയും കാണാനല്ല, എന്റെ വീടാണ്”
“വീടെന്ന് പറയുമ്പോൾ? ചിന്നയ്യായുടെ?”
” മൂത്ത മകനാണ്”
“അമുദാമ്മാടെ? “
“അമുദായുടെ മകൻ” അതിനേക്കാൾ അവനെ ത്രസിപ്പിക്കുന്ന ഒരു മേൽവിലാസം മറ്റേതെങ്കിലും ഉണ്ടായിരിക്കുമോ? അമ്മ വിശേഷങ്ങൾ കേൾക്കാൻ പറ്റുന്നതിലും വലിയഭാഗ്യം മറ്റെന്താണുള്ളത്?
വൃദ്ധനും ഭാര്യയും വലിയ വീട്ടിലെ പഴയ ജോലിക്കാരായിരുന്നു. അമുദായുടെ ആത്മഹത്യക്ക് ശേഷം ജോലിയിൽനിന്നും മാറി. മറ്റ് പലയിടത്തായ് ജോലിചെയ്തു. പെരിയയ്യായുടെ ആളുകൾ കുറേക്കാലം പിന്നാലെ എപ്പോഴുമുണ്ടായിരുന്നു. അതുകൊണ്ട് ഭയന്നുഭയന്ന് മടുത്തു.മച്ചുനനൊരാൾ ചാലയിലുണ്ടായിരുന്നു, അവന്റടുക്കലേക്ക് പോയി. ശേഷം അവിടെക്കൂടി. ഇപ്പോൾ ഈ വയസ്സാംകാലത്ത് നാട്ടിൽ ചുരുളാൻ മോഹം. അങ്ങനെ തിരികെപ്പോന്നു. മകനൊരുത്തൻ പെൺപള്ളിക്കൂടത്തിൽ ശിപായിയാണ്.
വഴിപിരിയുമ്പോൾ വൃദ്ധൻ കൈകൾ കൂട്ടിപ്പിടിച്ച് പറഞ്ഞു
“പെരിയയ്യാ ധൃതിയിൽ അകത്തുനിന്നും വന്നു. അത്യാവശ്യമാണെന്ന്
പറഞ്ഞപ്പോൾ ചെല്ലപ്പന്റെ കടയിൽനിന്നും ഞാൻ മണ്ണെണ്ണ വാങ്ങിക്കൊടുത്തു. എന്തിനാണെന്നോ, ഏതിനാണെന്നോ ചോദിച്ചതുമില്ല പറഞ്ഞതുമില്ല. എന്നോട് പൊയ്ക്കൊള്ളാൻ പറഞ്ഞു.
പിന്നെ കേട്ടത് അമുദമ്മാ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി എന്നാണ്…
അന്നേരത്തെ ഭയത്തിൽ
മരിച്ചുപോയെന്ന് വിചാരിച്ച് അതിനെ മണ്ണെണ്ണയൊഴിച്ച് കൊളുത്തി മഹാപാപി.
നല്ല ധൈര്യമുള്ള സ്ത്രീയായിരുന്നു.. പതിനാറ് ദിവസം ആ വേദനതിന്ന് കിടന്നിട്ട് അമ്മായിയമ്മയോടല്ലാതെ മറ്റാരോടെങ്കിലും വായ തുറന്നോ? പണമെന്തിന്? നല്ല കുടുംബത്തിൽ പിറന്ന സ്ത്രീ. എന്നിട്ടതിനോട് നീതി കിട്ടിയോ? അതിന്റെ വീട്ടുകാരെയെങ്കിലും ഒരുനോക്ക് കാണിച്ചോ? മക്കളെന്നാൽ പ്രാണനായിരുന്നു.
ഇനി പറഞ്ഞിട്ടെന്ത്?”
വരണ്ടകണ്ണുകളിൽനിന്നും പ്രായശ്ചിത്തമോ പശ്ചാത്താപമോ കണ്ണുനീരായി ഉരുണ്ട് കൂട്ടിപ്പിടിച്ച കൈകളിൽ വീണു.
” അമ്മ കൂടെത്തന്നെയുണ്ട്. ഒന്നിലും വിഷമിക്കരുത് , എല്ലാം നേരെയാകുന്ന ഒരു കാലം വരും.”
വീട്ടിലേക്ക് നടന്ന കാലുകൾ ലക്ഷ്യം മറ്റൊന്നാണെന്ന തിരിച്ചറിവിൽ തിരികെ റെയിൽവേസ്റ്റേഷനിലേക്ക് നടന്നു.. മറ്റൊരു ട്രെയിൻ പിടിക്കാൻ.
“വീട്ടിൽ പോയില്ല?”
” ഇല്ല”
“അതെന്തേ? “
” മറ്റൊരിടത്തേക്കാണ് പോകേണ്ടതെന്ന് തോന്നി”
“എവിടേക്കായിരുന്നു ആ പോയത്?
” അമുദായുടെ വീട്ടിലേക്ക്
“അതിന് വഴി അറിയാമായിരുന്നു,?
“ഇല്ല”
“പിന്നെങ്ങനെ?”
” നാടിന്റെയും, മനുഷ്യരുടെയും പേരുകളറിയാമായിരുന്നല്ലോ, കണ്ടുപിടിക്കാൻ പറ്റുമെന്ന് തോന്നി”
“എന്നിട്ട് , അവിടെ ചെന്നു? അവർക്ക് ആളെ മനസ്സിലായോ?”
“എന്ത് മനസ്സിലാകാൻ”
“ഇത് അമുദത്തിന്റെ മകനാണെന്ന്.”
ആകാശമപ്പോൾ സായന്തനത്തിന്റെ പായ നെയ്യുകയായിരുന്നു.
ചെറു പുഞ്ചിരിയോടെ അദ്ദേഹം എഴുന്നേറ്റ് പുറത്തേക്ക് നടന്നു..
പിന്നിൽനിന്നും താൻ ഉറക്കെ വിളിച്ചുപറഞ്ഞു.
“വേഗം വരണം, ഞാനിവിടെ കാത്തിരിക്കും.”
ചിത്രം : പ്രസാദ് കാനത്തുങ്കൽ
കവർ : ജ്യോതിസ് പരവൂർ