ഓർമ്മ

തെരുവിലെ മകൻmakan

തിരുവല്ല സ്വദേശി. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം. 35 വർഷം നീളുന്ന നോർത്തിന്ത്യൻ,വിവിധ വിദേശ രാജ്യ വാസങ്ങൾക്കു ശേഷം ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതം.

“ശർക്കരപ്പന്തലിൽ തേന്മഴ ചൊരിയും ചക്രവർത്തികുമാരാ..
നിൻ മനോരാജ്യത്തെ രാജകുമാരിയായ് വന്നു നില്ക്കാനൊരു മോഹം..”
ഈ പഴയ നാടകഗാനം കേൾക്കുമ്പോളൊക്കെ മനസ്സ് അറിയാതെ ബാല്യകാലത്തേക്ക് യാത്രയാവും. അവിടെ ഞാൻ പഠിച്ച അപ്പർ പ്രൈമറി സ്കൂൾ കാണാം. അതിനടുത്താണ് ആ കൊച്ചു മൈതാനം ഉണ്ടായിരുന്നത്. ഇപ്പോൾ മൈതാനം ഇല്ല. അവിടെ ഒരു രണ്ടുനില കെട്ടിടമാണ്. വൈകുന്നേരങ്ങളിൽ ഞങ്ങൾ കുട്ടികൾ കുടു-കുടു (കബഡിയുടെ നാടൻ പതിപ്പ്), വോളിബോൾ, തമ്മിൽത്തല്ല്, തുടങ്ങിയ വിനോദപരിപാടികൾ അരങ്ങേറിയിരുന്നത് ആ കൊച്ചു മൈതാനത്താണ്. അങ്ങനെ കളിചിരികളുമായി പതിവുപോലെ ഒരു ദിവസം ഞങ്ങൾ മൈതാനത്ത് ചെല്ലുമ്പോളുണ്ട് ആ സ്ഥലം രണ്ടുമൂന്നു പേർ കൈയെറിയിരിക്കുന്നു. കുഴിയെടുക്കൽ, മുള നാട്ടൽ, തുടങ്ങിയ ജോലികൾ തകൃതിയായി നടക്കുന്നു. ചോദിച്ചപ്പോൾ അടുത്ത ദിവസം മുതൽ അവിടെ സൈക്കിൾയജ്ഞം നടക്കാൻ പോവുകയാണ്‌പോലും! കുട്ടികൾ തല്ക്കാലം കളിക്കാൻ വേറെ സ്ഥലം നോക്കിക്കൊള്ളുക എന്നൊരു ശാസനയും കിട്ടി. കുറച്ചുദിവസം കളികൾ നടന്നില്ലെങ്കിലും സൈക്കിൾ യജ്ഞം കാണാമല്ലോ എന്ന സമാധാനത്തിൽ ഞങ്ങൾ കുട്ടികൾ പിരിഞ്ഞു.
അറുപതുകളിൽ കേരളത്തിൽ വ്യാപകമായി നടത്തിവന്നിരുന്ന ഒരു കായികാഭ്യാസ പരിപാടിയായിരുന്നു സൈക്കിൾയജ്ഞം. യജ്ഞക്കാരൻ സൈക്കിളിൽ കയറിയാൽപ്പിന്നെ 100 മണിക്കൂർ 120 മണിക്കൂർ തുടങ്ങി യുക്തം പോലെ സമയം നിശ്ചയിച്ച് താഴെ ഇറങ്ങാതെ ആ സമയമത്രയും സൈക്കിളിൽ കഴിച്ചുകൂട്ടുന്നു. ശരീരത്തിന്റെ ഒരു ഭാഗവും യാതൊരു കാരണവശാലും ഭൂമിയിൽ തൊടരുത്. അതാണ് നിയമം. നടുക്ക് ഒരു വലിയ മുള നാട്ടി അതിനു ചുറ്റിലുമാണ് യജ്ഞക്കാരൻ സൈക്കിൾ സവാരി നടത്തുന്നത്. യജ്ഞക്കാരനെയും കാണികളേയും തമ്മിൽ വേർതിരിക്കാൻ ചുറ്റിനും കയർ കൊണ്ട് വൃത്തത്തിൽ വേലിയും കെട്ടിയിട്ടുണ്ടാവും. ഇടയ്ക്കിടെ ഒറ്റ ചക്രത്തിൽ സൈക്കിൾ നിർത്തുക, ഒറ്റക്കാലിൽ ചവിട്ടുക, ഓടുന്ന സൈക്കിളിൽ കയറി നില്ക്കുക, handle bar-ൽ തിരിഞ്ഞിരുന്നു ചവിട്ടുക എന്നിങ്ങനെ വിവിധ അഭ്യാസങ്ങളും അയാൾ കാണിക്കും. ഇതോടൊപ്പം നടുക്ക് നാട്ടിയ മുളയ്ക്ക് ചുറ്റിലും സൈക്കിൾ ഓടിക്കൊണ്ടേയിരിക്കും. യജ്ഞക്കാരൻ ഒരിക്കൽ പോലും സൈക്കിളിൽ നിന്ന് ഇറങ്ങുകയോ കാൽ നിലത്തു കുത്തുകയോ ചെയ്യില്ല. ഭക്ഷണം കഴിക്കുന്നതും സൈക്കിളിലിരുന്നു തന്നെ. അഭ്യാസങ്ങളെല്ലാം കണ്ട് വീട്ടിൽ വന്നു കഴിഞ്ഞാൽ എന്നെ അലട്ടിയിരുന്ന ഒരു സംശയമുണ്ട്‌. ഈ യജ്ഞക്കാരൻ സൈക്കിളിൽ നിന്ന് ഇറങ്ങാതെ എങ്ങനെയാണ് മലമൂത്രവിസർജ്ജനം നടത്തുന്നത്? മൂന്നും നാലും ദിവസങ്ങൾ മലമൂത്രവിസർജ്ജനം നടത്താതെ മനുഷ്യന് ജീവിക്കുക എന്നത് അസാധ്യം! അതിന്റെ രഹസ്യം എന്താണെന്ന് എത്ര ആലോചിച്ചിട്ടും സുഹൃത്തുക്കളുമായി ചർച്ച ചെയ്തിട്ടും മനസ്സിലായില്ല (രാതിയിൽ കാണികൾ ഒഴിയുന്ന യാമത്തിൽ ഇതെല്ലം നടത്തുന്നുണ്ടാവണമെന്ന് കരുതാനുള്ള ബുദ്ധി അന്നില്ലായിരുന്നല്ലോ!).
cycle
വെറും സൈക്കിൾ ചവിട്ടൽ മാത്രമായാൽ കാണികളെ ആകർഷിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് യജ്ഞത്തിനു കൊഴുപ്പ് കൂട്ടാൻ സഹായികളുടെ വക ചില്ലറ കലാപരിപാടികളും ഉണ്ടാവും. കാണാൻ ടിക്കറ്റ്‌ ഒന്നും ഇല്ല. സഹായികളിൽ ആരെങ്കിലുമൊക്കെ പാത്രവുമായി വരും, നമ്മൾ ഇഷ്ടമുള്ള സംഭാവന നല്കുക. അതായിരുന്നു രീതി. മിക്ക യജ്ഞങ്ങളിലും അരങ്ങ് കൊഴുപ്പിക്കാൻ ഒരു സ്ത്രീ അഭ്യാസിയും ഉണ്ടാവും. ഇടയ്ക്കിടെ , ഇനി വരാൻ പോകുന്ന അഭ്യാസപ്രകടനത്തെ പറ്റിയുള്ള വിവരണം മൈക്കിൽ കൂടി അറിയിച്ചു കൊണ്ടിരിക്കും. കൂട്ടത്തിൽ യജ്ഞക്കാരന്റെ സാഹസികതയെ പുകഴ്ത്തലുമുണ്ടാവും. ഈ അറിയിപ്പുകൾക്കിടയിലെ ശൂന്യത നികത്താനാണ് റെക്കോർഡ്‌ സംഗീതം വെച്ചിരുന്നത്. ഈ റെക്കോർഡ്‌ സംഗീതത്തിൽ ദിവസവും കേട്ടിരുന്ന പാട്ടാണ് “ശർക്കരപ്പന്തലിൽ തേന്മഴ ചൊരിയും ചക്രവർത്തികുമാരാ..” എന്നത്.
ചരിത്രത്തിലെ ട്വിസ്റ്റ് എന്താണെന്നുവെച്ചാൽ ഇത്തരത്തിലുള്ള ഒരു സൈക്കിൾ യജ്ഞത്തിൽ വെച്ചാണ് എന്റെ ഒരു അമ്മായിക്ക് ചെറുപ്പത്തിൽ കളഞ്ഞുപോയ മകനെ തിരിച്ചു കിട്ടുന്നത്. മകൻ നഷ്ടപ്പെട്ട് വർഷങ്ങൾ കുറെ കഴിഞ്ഞിരുന്നെങ്കിലും ആ അഭിശപ്തദിനം അമ്മായിയെ അലട്ടാത്ത ദിവസമില്ലായിരുന്നു. അഞ്ചുവയസ്സുള്ള ഓമനമകൻ മുറ്റത്ത് കളിക്കുന്നത് കണ്ടാണ് അമ്മായി വീട്ടിനുള്ളിലേക്ക് പോയത്, വെറും അഞ്ചേ അഞ്ച് മിനുട്ടുകൾ. തിരിച്ചുവന്ന് നോക്കുമ്പോൾ മകനെ മുറ്റത്ത് കാണാനില്ല. പരിഭ്രാന്തയായ അമ്മായിയും വീട്ടുകാരും നാട് മുഴുവൻ തിരഞ്ഞെങ്കിലും മകനെ കിട്ടിയില്ല. നാടും വീടും വിട്ട് മഹാലോകത്തിന്റെ ഏതോ കോണിലേയ്ക്ക് ആരുടെയോ കൈപിടിച്ച് അവൻ യാത്രയായി. മകനെ കണ്ടെത്താൻ അന്ന് തുടങ്ങിയ അന്വേഷണം അമ്മായി തുടർന്നുകൊണ്ടേയിരുന്നു. എന്ത് ആവശ്യത്തിന് പുറത്തിറങ്ങിയാലും, ബസ്സിൽ ആവട്ടെ, ട്രെയിനിൽ ആവട്ടെ, നടവഴിയിൽ ആവട്ടെ, അമ്മായിയുടെ കണ്ണുകൾ കാണാതായ മകനെ പരതിക്കൊണ്ടേയിരിക്കും. എന്നെങ്കിലും ഒരുദിവസം മകനെ തിരിച്ചുകിട്ടുമെന്ന് അമ്മായി ദിവസവും സ്വയം ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
makn 2
അങ്ങനെ വർഷങ്ങൾ പത്തോ പതിനഞ്ചോ കഴിഞ്ഞപ്പോഴാണ് ആ ചരിത്രമുഹൂർത്തം സൈക്കിൾ യജ്ഞത്തിന്റെ രൂപത്തിൽ അമ്മായിയുടെ മുമ്പിൽ സംജാതമായത്. സൈക്കിൾ യജ്ഞം എന്താണെന്ന് അറിയാനുള്ള ജിജ്ഞാസയിലാണ് അതെ കുറിച്ച് കേട്ടറിഞ്ഞ അമ്മായി ഒരു സായാഹ്നത്തിൽ ഒന്നുരണ്ട് കൂട്ടുകാരുമൊത്ത് യജ്ഞം കാണാൻ പോയത്. അഭ്യാസങ്ങൾ കണ്ടിരുന്ന അമ്മായിയുടെ കണ്ണുകൾ ഇടയ്ക്ക് അഭ്യാസികളിലൊരാളുടെ മേൽ പതിഞ്ഞു. പിന്നീട് കണ്ണെടുക്കാൻ തോന്നുന്നില്ല. ഏതോ ഒരു ജന്മബന്ധം പോലെ അമ്മായിയുടെ കണ്ണുകൾ ആ യുവാവിൽ ഉടക്കി നിന്നു. ഇരുപതോ ഇരുപത്തൊന്നോ വയസ്സുണ്ടാവണം. തന്റെ കളഞ്ഞുപോയ മകന്റെ അതേ പ്രായം. “ഇവൻ തന്നെയല്ലേ കളഞ്ഞുപോയ ഓമനക്കുട്ടൻ?” അമ്മായിയുടെ മനസ്സ് ചോദിച്ചു. “അതെ, ഇത് അവൻ തന്നെ”. മനസ്സ് തന്നെ ഉത്തരവും കൊടുത്തു. നോക്കിനിന്നു സമയം പോയതറിഞ്ഞില്ല. കൂടെ വന്നവർ മടങ്ങാൻ തിരക്ക് കൂട്ടിത്തുടങ്ങി. അമ്മായിക്ക് പക്ഷെ അനക്കമില്ല. കളഞ്ഞു കിട്ടിയ മകനെ വിട്ടുവരാൻ ഒരുക്കവുമില്ല. അമ്മായിയുടെ വിടാതെയുള്ള നോട്ടവും സ്നേഹവായ്പ്പും യുവാവും ഇടയ്ക്കിടെ ശ്രദ്ധിച്ചിരുന്നു. എത്രയോ തെരുവുകളിൽ അലഞ്ഞിട്ടും യജ്ഞങ്ങൾ അനവധി പിന്നിട്ടിട്ടും ആരോടും തോന്നാത്ത അടുപ്പം ഈ സ്ത്രീയോട് തനിക്ക് എന്തുകൊണ്ട് തോന്നുന്നു എന്ന് അവൻ സ്വയം ചോദിച്ചു. ചോദ്യങ്ങൾക്കൊടുവിൽ യുവാവിനും സംശയം തുടങ്ങി, “ഇതെന്റെ അമ്മയല്ലേ?” അനാഥനായി തെരുവുകളിൽ വളർന്ന് യജ്ഞക്കാരന്റെ ട്രൂപ്പിൽ വന്നെത്തിയ താൻ അമ്മയെ കണ്ടിട്ടില്ല. പക്ഷെ ഇവരെ കാണുമ്പോൾ എന്തോ ഒരു അടുപ്പം തോന്നുന്നു. “അമ്മേ” എന്ന് വിളിക്കാൻ അവന്റെ ചുണ്ടുകൾ അനങ്ങി. ഇതിനിടയിൽ സൂര്യൻ കുങ്കുമരശ്മികൾ വിതറിക്കൊണ്ട് പടിഞ്ഞാറുദിക്കിൽ എത്തിയിരുന്നു. കൂട്ടുകാരികൾ മടങ്ങാൻ ധൃതി കൂട്ടിത്തുടങ്ങി. മനസ്സില്ലാമനസ്സോടെ അമ്മായി അവരോടൊപ്പം വീട്ടിലേക്ക് മടങ്ങി.
അമ്മായിക്ക് പക്ഷെ വീട്ടിൽ ഇരിക്കാനായില്ല. മനസ്സിൽ സൈക്കിൾ യജ്ഞത്തിലെ യുവാവിന്റെ മുഖം മാത്രം. “അതെന്റെ മകൻ തന്നെ”, അമ്മായി മനസ്സിൽ ആവർത്തിച്ചു. നഷ്ടപ്പെട്ട മകനോടുള്ള സ്നേഹം മുഴുവൻ ആ യുവാവിലേക്ക് ചുരത്താൻ അമ്മായി വെമ്പി. അടുത്ത ദിവസം വീണ്ടും അവർ യജ്ഞസ്ഥലത്ത് എത്തി. കൈയ്യിൽ കരുതിയിരുന്ന പലഹാരപ്പൊതി യുവാവിന് നല്കി. യുവാവിന്റെ പേരും സ്ഥലവും വയസ്സും മറ്റും ചോദിച്ചുമനസ്സിലാക്കി. അവന്റെ വാക്കുകൾ മന്ദസമീരനെ പോലെ അമ്മായിയെ തഴുകി. കൂട്ടികിഴിക്കുമ്പോൾ കിട്ടുന്ന ഉത്തരം ഒന്ന് തന്നെ! “ഇവൻ എൻ പ്രിയമകൻ.” എന്തിനധികം പറയുന്നു. യജ്ഞം അവസാനിച്ചപ്പോൾ യുവാവ് എത്തിയത് അമ്മായിയുടെ വീട്ടിലാണ്. അമ്മായിയുടെ ഓമനക്കുട്ടനായി അയാൾ ആ വീട്ടിൽ കുറെ നാൾ കഴിഞ്ഞു. അമ്മയുടെയും സഹോദരങ്ങളുടെയും സ്നേഹം ആവോളം ആസ്വദിച്ചു. പക്ഷെ ഒന്നും സ്ഥിരമല്ലല്ലോ. സഹോദരങ്ങൾ പതിയെ തെരുവിൽ വളർന്ന ഓമനക്കുട്ടനിൽ പോരായ്മകൾ കണ്ടുതുടങ്ങി. അവന്റെ ഭാഷ, പെരുമാറ്റം, ദിനചര്യ, എല്ലാം തെരുവിന്റേതായിരുന്നു.. ഓമനക്കുട്ടനാകട്ടെ, വീടെന്ന ബന്ധനത്തിൽ വീർപ്പുമുട്ടിത്തുടങ്ങി. തെരുവിന്റെ, സ്വാതന്ത്യത്തിന്റെ വിളി, അമ്മയുടെ വാത്സല്യത്തിനും അപ്പുറമായിരുന്നു. അങ്ങനെയൊരു ദിവസം അമ്മായിയുടെ ഓമനക്കുട്ടൻ വീട്ടിൽ നിന്ന് (നാട്ടിൽ നിന്നും) അപ്രത്യക്ഷനായി. ഓമനക്കുട്ടനെ നാട്ടിലാരും പിന്നീട് കണ്ടിട്ടില്ല. അമ്മായി മരിക്കുമ്പോൾ ഞാൻ നാട്ടിലില്ല. രണ്ടാം പ്രാവശ്യവും “മകനെ” നഷ്ടപ്പെട്ടതിൽ ഉള്ളുരുകിയാണ് അമ്മായി മരിച്ചതെന്ന് ബന്ധുക്കാർ പറഞ്ഞറിഞ്ഞു. പാവം സ്ത്രീ!!
(ഇലുസ്ട്രേഷൻ – ദീപക്ക് വർമ്മ)
Comments
Print Friendly, PDF & Email