പൂമുഖം LITERATUREലേഖനം കർഷകസമരവും കാർഷികനിയമത്തിലെ കാണാച്ചരടുകളും

കർഷകസമരവും കാർഷികനിയമത്തിലെ കാണാച്ചരടുകളും

കേന്ദ്രസർക്കാർ പാർലമെൻറിൽ സംശയകരമായ സാഹചര്യത്തിൽ കാർഷികനിയമം തിടുക്കപ്പെട്ട് പാസ്സാക്കിയപ്പോൾ, ഇത്തരത്തിലൊരു കർഷകപ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് ഒരിയ്ക്കലും കരുതിയിരിക്കുകയില്ല . തൊഴിലാളികളെ അപേക്ഷിച്ച് കർഷകർ പൊതുവെ അസംഘടിതരാണ്, നിയമത്തിലെ നൂലാമാലകൾ അറിയാനോ പരിശോധിക്കാനോ ഉള്ള ബുദ്ധി അവർക്കില്ല, അതുകൊണ്ട് അവർ ഈ നിയമത്തോട് രമ്യതപ്പെട്ടുകൊള്ളും, എന്നൊക്കെയായിരിക്കാം നിയമം പാസ്സാക്കിയെടുത്തവർ വിചാരിച്ചത്. എന്നാൽ, യഥാർത്ഥത്തിൽ അവർ സ്വയം ഒരു ഡെമോക്ലീസിന്റെ വാൾ തലയ്ക്ക് മുകളിൽ തൂക്കിയിടുകയായിരുന്നുവെന്ന് ഇപ്പോൾ തെളിയുന്നു. ഡൽഹിയുടെ അതിർത്തികളിൽ കർഷകർ തമ്പടിച്ചിട്ട് ഏതാണ്ട് മൂന്ന് മാസം പൂർത്തിയാകാൻ പോകുന്നു. വൃദ്ധരെന്നോ സ്ത്രീകളെന്നോ വ്യത്യാസമില്ലാതെയാണ് കർഷകർ പ്രതികൂല കാലാവസ്ഥയിലും റോഡുകളിൽ താൽക്കാലിക ഷെഡ്ഡുകൾ ഉയർത്തി കഴിയുന്നത്. സർക്കാർ അതിന്റെ മുഴുവൻ ശക്തിയും സ്വാധീനവും ഉപയോഗിച്ച് സമരത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചിട്ടും സമരം കൂടുതൽ ശക്തിയാര്ജിക്കുകയാണ് ഉണ്ടായത്. കേട്ടുകേൾവിയില്ലാത്ത മാർഗ്ഗങ്ങളാണ് സർക്കാർ സമരത്തെ നേരിടാൻ ഉപയോഗിച്ചത്. റോഡുകളിൽ കിടങ്ങുകൾ കുഴിച്ചും, ഇരുമ്പാണികൾ തറച്ചും മുൾവലയങ്ങൾ തീർത്തും അങ്ങേയറ്റം ഫാസിസ്റ്റ് മുറയിലാണ് സർക്കാർ സമരത്തെ നേരിടുന്നത്. പക്ഷെ കർഷകർ അതുകൊണ്ടൊന്നും പേടിച്ച് പിന്മാറിയില്ല. എന്നുമാത്രമല്ല, കൂടുതൽ കൂടുതൽ കർഷകർ സമരമുഖത്തേക്ക് എത്തിക്കൊണ്ടിരിക്കുകയുമാണ്. കൂടാതെ, പതിയിരക്കണക്കിന് കർഷകരാണ് ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ദിവസംപ്രതി നടക്കുന്ന ഖാപ് പഞ്ചായത്തുകളിൽ പങ്കെടുക്കുന്നത്. ഈ കരിനിയമങ്ങൾ പിൻവലിക്കാതെ മടങ്ങിപ്പോകില്ലെന്നാണ് കർഷകർ പ്രഖ്യാപിച്ചിരിക്കുന്നത്. കർഷകക്ഷോഭത്തിന് മുൻപിൽ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുകയാണ് ഗവണ്മെന്റും അതിനെ നയിക്കുന്നവരും.

വാസ്തവത്തിൽ ഇതിന്റെയൊക്കെ ആവശ്യം ഉണ്ടായിരുന്നോ? കർഷകർ ആവശ്യപ്പെടാതെ ധൃതിപിടിച്ച് ഇങ്ങനെയൊരു നിയമം പാസ്സാക്കേണ്ട എന്ത് അടിയന്തിരസാഹചര്യമാണ് ഉണ്ടായിരുന്നത്? കാര്യങ്ങൾ സ്പഷ്ടമാണ്. ഇന്ത്യയിലെ കാർഷികവിപണി ചില ചെങ്ങാത്തമുതലാളികൾക്ക് തുറന്നുകൊടുക്കണം. ആ ഒരൊറ്റ ലക്ഷ്യത്തിലാണ് ഈ നിയമങ്ങൾ കൊണ്ടുവന്നത്. മുതലാളികളുടെ അച്ചാരം വാങ്ങി അധികാരത്തിലെത്തിയ മോഡി-ഷാ പ്രഭൃതികൾ നയിക്കുന്ന ഗവൺമെന്റിന് അവരെ പിണക്കി ഈ നിയമങ്ങൾ പിൻവലിക്കുക എന്നത് ആലോചിക്കാൻ കൂടി വയ്യ.

കർഷകരുടെ വരുമാനം കൂട്ടാനും കാർഷികമേഖലയിൽ സമഗ്രപരിവർത്തനം കൊണ്ടുവരാനും ഉദ്ദേശിച്ചുള്ളതാണ് പുതിയ കാർഷികനിയമങ്ങൾ എന്നാണ് സർക്കാരിന്റെ ഭാഷ്യം. എന്നാൽ വാസ്തവം എന്താണ്? കേന്ദ്രഗവൺമെന്റ് പറയുന്നതുപോലെ പുതിയ നിയമം കർഷകരുടെ വരുമാനം കൂട്ടുമോ? അവർക്ക് കൃഷിയിലും കാര്ഷികോല്പന്ന വിൽപ്പനയിലും കൂടുതൽ സ്വതന്ത്രമായി ഇടപെടാനുള്ള സാഹചര്യം ഉണ്ടാകുമോ? അങ്ങനെ സംഭവിക്കുകയില്ലെന്ന് മാത്രമല്ല, പുതിയ നിയമം കർഷകർക്ക് ഒരു കെണിയായി മാറാനുള്ള സാധ്യതയാണ് തെളിയുന്നത്. അത് വ്യക്തമായതുകൊണ്ടാണ് കർഷകർ പുതിയ നിയമത്തെ ഇത്രമാത്രം ശക്തിയോടെ എതിർക്കുന്നത്. ഇതിൽ ഏറ്റവും വിചിത്രമായ കാര്യം കൃഷി എന്നത് സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന കാര്യമായിട്ടും (state subject) കേന്ദ്രഗവൺമെന്റ് ഇത്തരമൊരു നിയമം കൊണ്ടുവന്നു എന്നതാണ്. ഈ നിയമം കൊണ്ടുവന്നത് വഴി കേന്ദ്രഗവൺമെന്റ് അനധികൃതമായി സംസ്ഥാനങ്ങളുടെ അധികാര-അവകാശങ്ങളിൽ കൈകടത്തുകയാണ്. ചെറുകിട കർഷകരാണ് ഇന്ത്യയിൽ ഭൂരിഭാഗവും. ഭീമന്മാരായ കുത്തകക്കമ്പനികളുടെ ഉപജാപങ്ങൾ ചെറുക്കുക എന്നത് അവർക്ക് സാധ്യമായ കാര്യമല്ല. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങൾ കർഷകരെ സംബന്ധിച്ചിടത്തോളം അത്യന്തം ഉത്കണ്ഠ ഉളവാക്കുന്നവയാണ്. പുതിയ കാർഷികനിയമം പിൻവലിക്കണമെന്ന് കർഷകർ ആവശ്യപ്പെടാനുള്ള പ്രധാനകാരണവും അതാണ്. ഇക്കഴിഞ്ഞ സെപ്തംബർ 20 -നാണ് സംശയകരമായ സാഹചര്യങ്ങളിൽ മൂന്ന് പുതിയ കാർഷികനിയമങ്ങൾ രാജ്യസഭ ശബ്ദവോട്ടൊടെ പാസ്സാക്കിയത്. The Farmers (Empowerment & Protection, Agreement of Price Assurance and Farm Services Bill, The Essential Commodities Act (Amendment) Bill and Farmers’ Produce Trade and Commerce (Promotion and Facilitation) Bill എന്നിവയാണ് ഈ ബില്ലുകൾ. സെപ്റ്റംബർ 27-ന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയതോടെ ഈ ബില്ലുകൾ നിയമമായി മാറി.

നിലവിലെ വ്യവസ്ഥ അനുസരിച്ച് എല്ലാ വർഷവും തെരഞ്ഞെടുത്ത കാര്ഷികോല്പന്നങ്ങൾക്ക് (പ്രധാനമായും അരി, ഗോതമ്പ് എന്നിവയ്ക്ക്) ഗവണ്മെന്റ് താങ്ങുവില പ്രഖ്യാപിക്കുകയും ഒരു വിഭാഗം കർഷകർ (പ്രധാനമായും പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ കർഷകർ) അവരുടെ ഉൽപ്പന്നം പ്രാദേശികചന്തകൾ (മണ്ഡികൾ) വഴി താങ്ങുവില അടിസ്ഥാനമാക്കി വിൽക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം മണ്ഡികളിൽ വിൽക്കാൻ നിവൃത്തിയില്ലാത്ത കർഷകർക്കും മണ്ഡികൾ നൽകുന്ന താങ്ങുവില അടിസ്ഥാനമാക്കി വിലപേശാനും അതിനോട് തുല്യമായ വിലയിൽ ഉൽപ്പന്നം വിൽക്കാനും സാധ്യമാകുന്നു. കർഷകരും വ്യാപാരികളും തമ്മിൽ ഏർപ്പെടുന്ന കരാറിൽ താങ്ങുവിലയ്ക്ക് (Minimum Support Price) തത്തുല്യമോ ഉയർന്നതോ ആയ വില ഉറപ്പാക്കണമെന്ന് പുതിയ നിയമം നിഷ്കര്ഷിക്കുന്നില്ല. ഇതിനർത്ഥം ഉൽപ്പന്നം വാങ്ങുന്ന കുത്തകകൾക്ക് അവർക്ക് ഇഷ്ടമുള്ള രീതിയിൽ വില നിയന്ത്രിക്കാമെന്നതാണ്. താങ്ങുവില എന്നത് ഒരു ഔദ്യോഗിക പ്രക്രിയ (administrative mechanism) മാത്രമാണെന്നും അത് ഇന്നത്തെ പോലെ തുടരുമെന്നും, നിയമത്തിൽ കൊണ്ടുവരേണ്ട വിഷയം അല്ലെന്നുമാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഷ്യം. താങ്ങുവില വർഷാവർഷം ഇന്നത്തെ നിലയിൽ പ്രഖ്യാപിക്കുന്നതിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നാണ് പ്രധാനമന്ത്രി നിരന്തരം പ്രഖ്യാപിക്കുന്നത്. എന്നാൽ ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടം കർഷകർ മണത്തു. നിയമപരിരക്ഷ ഇല്ലാത്ത കല്പനകൾ ഏതു നിമിഷവും പിൻവലിക്കാൻ ഗവൺമെന്റിന് തടസ്സമൊന്നുമില്ല. നാളെ ഒരു പുതിയ കക്ഷി അധികാരത്തിലെത്തിയാൽ താങ്ങുവില നിർത്തലാക്കാൻ നിയമപരമായി യാതൊരു തടസ്സങ്ങളും ഇല്ല.

പുതിയ കാർഷികനിയമമനുസരിച്ച് സ്വകാര്യ വ്യാപാര സ്ഥാപനങ്ങൾ കാര്ഷികോല്പന്നങ്ങൾ വാങ്ങുമ്പോൾ യാതൊരു നികുതിയും നൽകേണ്ടതില്ല. എന്നാൽ APMCകൾ (Agricultural Produce & Livestock Market Committee) നിയന്ത്രിക്കുന്നമണ്ഡികൾ വഴിയുള്ള വിൽപ്പനകൾക്ക് നികുതി തുടർന്നും ബാധകമാണ്. ഇതുവഴി സ്വകാര്യവ്യാപാരികൾ മണ്ഡികളുമായി മത്സരിക്കുമ്പോൾ അവർക്ക് വിലനിയന്ത്രണത്തിൽ മേൽക്കൈ ലഭിക്കുന്നു. പ്രധാനമായും താങ്ങുവിലയുടെ കാര്യത്തിലാണ് കർഷകരും ഗവണ്മെന്റും തമ്മിൽ തർക്കം നിലനിൽക്കുന്നത്. നികുതിയുടെ അധികബാധ്യത കൂടി ഏറ്റെടുക്കേണ്ടിവരുന്ന മണ്ഡികൾക്ക് വിപണിയിൽ പിടിച്ചുനിൽക്കാൻ കാലക്രമേണ ബുദ്ധിമുട്ട് അനുഭവപ്പെടും. അങ്ങനെ മണ്ഡികൾ സ്വാഭാവികമരണം വരിക്കും. അതോടെ സ്വകാര്യവ്യപാരികൾ അവരുടെ തനിനിറം പുറത്തെടുക്കും. സ്വകാര്യ വ്യാപാരികൾ cartel ഉണ്ടാക്കുകയും അവർക്ക് അനുകൂലമായി കാര്ഷികോല്പന്നങ്ങളുടെ വിലയിൽ കുറവ് വരുത്തുകയും ചെയ്യും. മണ്ഡികളുടെ അഭാവത്തിൽ, അസംഘടിതരായ കർഷകർക്ക് (പ്രത്യേകിച്ചും ചെറുകിട കർഷകർക്ക്) സ്വകാര്യഭീമന്മാർ നൽകുന്ന വിലയ്ക്ക് ഉൽപ്പന്നം വിൽക്കേണ്ടുന്ന സ്ഥിതി സംജാതമാകും. ഇതാണ് കർഷകരെ ഏറ്റവും കൂടുതൽ ആശങ്കാകുലരാക്കുന്നത്.

അടുത്ത കെണി പാട്ടക്കൃഷി (contract farming) ആണ്. പുതിയ നിയമത്തിൽ കരാർ ലംഘനം നടത്തുന്ന കമ്പനികൾക്ക് ശിക്ഷ നൽകാനുള്ള യാതൊരു വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടില്ല. കർഷകരും വ്യാപാരികളും തമ്മിലുള്ള കരാറിൽ എന്തെങ്കിലും തർക്കം ഉണ്ടായാൽ കോടതിയെ സമീപിക്കാൻ കർഷകനുള്ള സ്വാതന്ത്ര്യത്തിന് പോലും പുതിയ നിയമത്തിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. പകരം Conciliation Board, Sub-divisional Magistrate, Appellate Authority, എന്നിങ്ങനെ ത്രിതല സംവിധാനമാണ് നിയമത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള ബ്യൂറോക്രറ്റുകൾ തർക്കപരിഹാരപ്രക്രിയയിൽ ആരുടെ പക്ഷം പിടിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. Contract Farming നിയമത്തിൽ മറ്റൊരു വലിയ അപായം കൂടി ഒളിഞ്ഞിരിപ്പുണ്ട്. വലിയ കമ്പനികൾ കൃഷിഭൂമി പാട്ടത്തിനെടുത്തുകഴിഞ്ഞാൽ കർഷകന് അവർ പറയുന്ന വിള കൃഷി ചെയ്യേണ്ട സ്ഥിതി സംജാതമാകും. നിയമപിൻബലത്തിന്റെ അഭാവത്തിൽ കർഷകൻ പൂർണ്ണമായും കുത്തകക്കമ്പനികളുടെ വരുതിയിലാവും.

മറ്റൊരു വലിയ കെണി സ്വകാര്യ കമ്പനികൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും ശേഖരിച്ചു സൂക്ഷിക്കാവുന്ന കാർഷികോൽപ്പന്നങ്ങളുടെ പരിധി എടുത്തു കളഞ്ഞു എന്നതാണ്. അദാനി ഗ്രൂപ്പ് ആയിരക്കണക്കിന് ധാന്യസംഭരിണികൾ (silos) ഇതിനോടകം തന്നെ നിർമ്മിച്ചുകഴിഞ്ഞുവെന്ന വാർത്തകൾ വന്നുകഴിഞ്ഞു. വൃദ്ധികാലത്ത് കുറഞ്ഞ വിലയിൽ കാര്ഷികോല്പന്നങ്ങൾ വാങ്ങി സംഭരണികളിൽ സൂക്ഷിച്ച് ക്ഷാമകാലത്ത് ഉയർന്ന വിലയിൽ വിൽക്കാനുള്ള അവസരമാണ് ഈ വകുപ്പിലൂടെ വ്യാപാരികൾക്ക് വന്നുചേരുന്നത്. ഇതിന്റെ പ്രത്യാഘാതം കർഷകരെ മാത്രമല്ല, ഉപഭോക്താക്കളെയും ബാധിക്കും. പുതിയ നിയമമനുസരിച്ച്, വേഗം കേടുവരാത്ത (non-perishable) ഉൽപ്പന്നങ്ങൾക്ക് മുൻവർഷത്തേക്കാൾ 50 ശതമാനവും വേഗം കേടുവരുന്ന (perishable) ഉൽപ്പന്നങ്ങൾക്ക് 100 ശതമാനവും വിലവർദ്ധനവ് ഉണ്ടായാൽ മാത്രമേ ഗവണ്മെന്റിനെ ഇടപെടാനുള്ള വ്യവസ്ഥയുള്ളൂ. അവശ്യസന്ദർഭങ്ങളിൽ മാർക്കറ്റിൽ ഇടപെടുന്നതിനും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയുന്നതിനുമുള്ള അധികാരം ഈ നിയമം വഴി ഗവണ്മെന്റ് സ്വയം ഉപേക്ഷിക്കുകയാണ്. അങ്ങനെ കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെയ്പ്പിനും പരോക്ഷമായി സർക്കാർ തന്നെ പിന്തുണ നൽകുകയാണ്.

പുതിയ നിയമം കാർഷികോല്പന്നങ്ങളുടെ വിപണനം ഇന്ത്യയിൽ എവിടെയും അനുവദിക്കുന്നുവെന്നും അത് കർഷകന് വിലപേശാനും ഉയർന്ന വില കിട്ടുന്നിടത്ത് കൊണ്ടുപോയി വിൽക്കാനും പ്രാപ്തനാക്കുകയും ചെയ്യുന്നു എന്നാണ് സർക്കാരിന്റെ മറ്റൊരു വാദം. എന്നാൽ വാസ്തവം എന്താണ്? ഭൂരിപക്ഷം ചെറുകിട കർഷകർക്കും ഇത്തരത്തിൽ ഉൽപ്പന്നം സ്വന്തം ഗ്രാമമോ സംസ്ഥാനമോ വിട്ട് മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോയി വിൽക്കാനുള്ള ത്രാണിയില്ല. എന്നാൽ കുത്തകക്കമ്പനികളുടെയും വ്യാപാരികളുടെയും കാര്യം അങ്ങനെയല്ല. അവർക്ക് ഇന്ത്യയിൽ എവിടെനിന്നും ഉൽപ്പന്നം വാങ്ങാനും സംഭരിക്കാനുമുള്ള ശേഷിയുണ്ട്. അവർ സ്വന്തം നിലയിൽ സംഭരിണികളും ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള സ്ഥാപനങ്ങളും വിവിധ സ്ഥലങ്ങളിൽ തുടങ്ങിക്കഴിഞ്ഞാൽ, നികുതിയിളവിന്റെ ബലത്തിൽ, പതിയെ APMCകൾ (Agricultural Produce and Livestock Market Committee) അപ്രത്യക്ഷമാകും. പിന്നീട് എല്ലാം കുത്തകകളുടെ കൈപ്പിടിയിൽ ഒതുങ്ങും. ചുരുക്കത്തിൽ നിയമത്തിലെ ഈ വകുപ്പ് സഹായിക്കുന്നത് കുത്തകകളെ ആയിരിക്കും.

ചുരുക്കത്തിൽ ഏകപക്ഷീയമായി കർഷകവിരുദ്ധമായ നിയമം പാസ്സാക്കുക വഴി സർക്കാർ അവരോട് മാത്രമല്ല ഇന്ത്യൻ ജനതയോട് മൊത്തത്തിലാണ് അനീതി കിട്ടിയിരിക്കുന്നത്.

Comments
Print Friendly, PDF & Email

You may also like