പൂമുഖം LITERATUREപുസ്തകം തുടർച്ച മാത്രമുണ്ടായിരുന്ന ഒരു കളി

തുടർച്ച മാത്രമുണ്ടായിരുന്ന ഒരു കളി

ആവർത്തിച്ച് വരുന്ന ബിംബങ്ങളുടെ സമൃദ്ധിയും നൂതനത്വവും കൊണ്ട് വേറിട്ട് നിൽക്കുന്ന ചെറുകഥയാണ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ടി അരുൺകുമാറിൻ്റെ “ലാ ടൊമാറ്റിനാ.”

ടി അരുൺ കുമാർ

രണ്ട് രാജ്യങ്ങളിൽ അകപ്പെട്ട് പോയ വ്യക്തികളുടെ പൗരത്യ പ്രശ്നങ്ങൾ രുചികരമായ ഒരു മീൻകറിയിലൂടെ തുറന്നിട്ട കഥയായിരുന്നു അരുൺ കുമാറിൻ്റെ മാച്ചേർ കാലിയ. ലാ ടൊമാറ്റിനായിൽ കോവിഡാനന്തര ഇന്ത്യയിൽ സത്യാന്വേഷകനായ, “വോയ്‌സ് ഓഫ് സോക്രട്ടീസ്‌ ” എന്ന വ്ലോഗിലെ ശബ്ദത്തിന് ഉടമയായ അറുപത്കാരൻ്റെ നരക തുല്യമായ തടവിലെ വിചിത്രമായ അവസ്ഥയാണ് വിഷയം.

മൂന്ന് മഞ്ഞ കരുക്കൾ ഉണ്ടായിരുന്ന വലിയൊരു താറാവ് മുട്ട ചട്ടിയിലൊഴിക്കുമ്പോഴാണ് മൂന്ന് പോലീസുകാർ വന്ന് അയാളെ വണ്ടിയിൽ കേറ്റിക്കൊണ്ട് പോകുന്നത്. ശാന്തനും സസ്യഭുക്കുമായ രാമകൃഷ്ണ അയ്യർ, വലിയ ശരീരവും കർക്കശക്കാരനുമായ സൈമൺ. പാചകക്കാരനും പോലീസുകാരനുമായ അബു എന്നിവരായിരുന്നു അവർ. ഭീകരമായ മർദ്ദനത്തിൽ പൊട്ടിയ മുട്ട പോലെ കിടക്കയിലേക്ക് പടരുകയാണ് പേരില്ലാത്ത വ്ലോഗർ. പാചകക്കാരനായ അബുവിൻ്റെ സാന്നിധ്യം അയാളെ പാർപ്പിച്ചിരിക്കുന്ന ഫ്ലാറ്റിലുണ്ട്. മറ്റ് തടവുകാർ ഉണ്ടെന്ന സൂചനകളുമുണ്ട്.

ബാത്‌റൂമിൽ നിന്ന് സ്കാൽപൽ ( clinical blade ) അയാൾ കാണുന്നുണ്ട്. കട്ടൻ ചായയിലും വിസ്കിയിലും മയക്കുമരുന്ന് നൽകി, നീണ്ട ഉറക്കത്തിലേക്കും മരണത്തിലേക്കും വരെ അവർ തള്ളിവിടുന്നതായി അയാൾ ഭയക്കുന്നു. ജനൽപ്പാളി തുടക്കുമ്പോഴാണ് അയാൾ തെരുവിലെ കാഴ്ച കാണുന്നത്. തലയറ്റൊരു കരിങ്കോഴി, ചിറകൊടിഞ്ഞൊരു മാടപ്രാവ്, മുതുകത്ത് വടിവാൾ വെട്ടിനാൽ വ്രണപ്പെട്ടൊരു തെരുവ് പട്ടി. അതിന് അറവ് കാരൻ ഇടയ്ക്ക് ബാക്കിവന്ന ഇറച്ചിത്തുണ്ടുകൾ നൽകുന്നുണ്ട്. ഒടുവിൽ മുനിസിപ്പാലിറ്റി വണ്ടി വരുമ്പോൾ, പണിക്കാർ ആ പട്ടിയുടെ ശവം അതിൽ കേറ്റുന്നു . ഇങ്ങനെ ജ്വര തീക്ഷ്ണമായ രൂപകങ്ങൾ തടവുമുറിയിലെ ജീവിതത്തെ ധ്വനിപ്പിക്കുന്നു. വ്ലോഗർക്ക് പനി വന്നപ്പോൾ കോവിഡ് ആയിരിക്കും എന്ന്‌ കരുതി ടെസ്റ്റ്‌ ചെയ്യുന്നുണ്ട്. ബുദ്ധിയാണ് നമ്മുടെ ചൂണ്ട എന്ന് ആവർത്തിക്കുന്ന, ശാന്തനായിരുന്ന രാമകൃഷ്ണ അയ്യരാണ് ഒടുവിൽ വ്ലോഗറെ മർദ്ദിക്കുന്നത്. ടൊമാറ്റോ സോസുമായി അബു വരുന്ന സന്ദർഭത്തിലാണ് ആ അടി ഏൽക്കുന്നത്. രക്ത പൂരിതമായ സോസ്.

1945 ൽ സ്പെയിനിലെ വാലൻസിയയിൽ ആരംഭിച്ച തക്കാളിയേറാണ് ‘ലാ ടോമാറ്റിനാ ‘.

ജനാലയിലൂടെ കാണുന്ന തെരുവ് കാഴ്ച്ചയിൽ അറവ്കാരനെയാണ് എന്നും കാണുന്നത്. താടിയ്ക്ക് മാസ്ക് വെച്ച ആൾക്കൂട്ടവും. തുടക്കത്തിൽ തെരുവ് ശൂന്യമായിരുന്നു. മുറിക്കകത്ത് ലാപ്ടോപ്പും ടെലിവിഷനുമുണ്ട്. രക്ഷപ്പെടാനുള്ള സാധ്യതയൊന്നുമില്ലാത്ത തടവ്കാരൻ്റെ ദുരവസ്ഥയിലെ വിചിത്ര ഭാവനകൾ. ( സത്യങ്ങൾ ) ജോർജ് ഓർവെലിൻ്റെ 1984 ലെ വല്യേട്ടനെ പോലെ എല്ലാം നിരീക്ഷിക്കുന്ന സ്റ്റേറ്റ്.

ഭൂമി പരന്നതാണെന്ന് – ചന്ദ്രനിലെ ദൈനസോറുകളെക്കുറിച്ച് ഒക്കെ നിങ്ങൾക്ക് സംസാരിച്ചു കൂടേ എന്ന്‌ പോലീസുകാർ അയാളെ പരിഹസിക്കുന്നുണ്ട്.

” ഇവിടെ നിയമവും കോടതിയുമുണ്ട്, നിങ്ങൾ എല്ലാത്തിനും സമാധാനം പറയേണ്ടി വരും ” എന്ന്‌ അയാൾ ഉറക്കെ പറയുന്നുണ്ട്. വർത്തമാന അവസ്ഥയെ അതിൻ്റെ ഗൗരവം ചോർന്ന് പോകാതെ അവതരിപ്പിക്കാൻ സവിശേഷമായ ശൈലിയിലൂടെ വായനക്കാരെ ആ തടവ്മുറിയുടെ കടും നിറങ്ങളിലേക്ക് കൂട്ടി കൊണ്ട് പോകുന്നതിലാണ് ഈ കഥയുടെ വിജയം. കഥയിലെ സൂചകങ്ങളിലെല്ലാം ഇരയെ കുരുക്കുന്ന വേട്ടക്കാരനെ നമുക്ക് കാണാം. നമ്മുടെ ബോധ മണ്ഡലത്തെ തന്നെ ഈ കഥ മാറ്റിമറിക്കുന്നുണ്ട്.

വിവിധ വിഷയങ്ങളെ ആഴത്തിൽ നോക്കിക്കാണുന്ന ‘ ഡി ഫാക്ടോ’ എന്നൊരു കോളം അരുൺകുമാർ മലയാളനാട് വെബ് ജേണലിൽ കൈകാര്യം ചെയ്തിരുന്നു ‘മാച്ചേർ കാലിയ’ യ്ക്ക് 2020 ലെ ഓ വി വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ ഖസാക്ക് സുവർണ്ണ ജൂബിലി പുരസ്കാരം ലഭിക്കുകയുണ്ടായി. അരുൺ കുമാറിൽ നിന്നും മലയാളത്തിന് മികച്ച കഥകൾ ഇനിയും ലഭിക്കട്ടെ.

Comments
Print Friendly, PDF & Email

You may also like