പൂമുഖം LITERATUREപുസ്തകം തെയ്യക്കാരന്റെ വ്യാധികൾ

തെയ്യക്കാരന്റെ വ്യാധികൾ

വടക്കേ മലബാറിലെ തെയ്യം പശ്ചാത്തലമാക്കി 215 പേജുകളിൽ നിറഞ്ഞു നിൽക്കുന്ന മികച്ചൊരു ക്രൈം ത്രില്ലറാണ് അഖിലിന്റെ സിംഹത്തിന്റെ കഥ.ആദിയുടെയും, ശരവണന്റേയും പ്രതികാരത്തിന്റെ കഥ. ഇതെഴുതുന്ന നിമിഷം എവിടെ നിന്നോ ഒരു ചെണ്ടക്കൂറ്റ് എന്റെ ചെവികളിൽ അലയടിക്കുന്നുണ്ട്… പ്രതികാരം ചെയ്തു തന്നെ തീർക്കാനുള്ളതാണെന്നും, അതിങ്ങനെ തന്നെ ചെയ്യേണ്ടതാണെന്നും ഞാൻ വിശ്വസിക്കുന്നു…


അഖിലിന്റെ ഭാഷ, അനിതര സാധാരണമായ നിരീക്ഷണ പാടവം, നല്ല കയ്യടക്കമുള്ളൊരു മാന്ത്രികന്റേത് പോലെ അനുഭവപ്പെടുന്നു വായന മുറുകുമ്പോൾ… അത് പോലെ തന്നെ എഴുത്തുകാരൻ കഥ പറയാൻ തിരഞ്ഞെടുത്ത പശ്ചാത്തലം, വടക്കേ മലബാറിന്റെ സ്വന്തം തെയ്യവും, അതിൻറെ തട്ടകങ്ങളുമാണ്… ഏരിയ ഇലവൻ എന്ന പേരിലുള്ള നേവൽ ബേസിൽ നടക്കുന്നൊരു കുറ്റകൃത്യവും ഇതിൽ പ്രതിപാദിക്കുന്നുണ്ട്… പഴയ തലമുറയുടെ വിശ്വാസങ്ങളേയും, ആധുനിക ജീവിത രീതികളേയും കൂട്ടിക്കലർത്തി അതി ഭാവുകത്വമേതുമില്ലാതെ എഴുത്തുകാരൻ കഥ പറയുന്നു…
ഇരുമുഖൻ തെയ്യം ( മേലേരിയിൽ വീഴുന്ന തെയ്യം )കെട്ടിയാടുന്ന ചിണ്ടൻ ശിങ്കത്തിന്റെ ജീവിതത്തിലൂടെ കഥ തെളിഞ്ഞു വരുമ്പോൾ ഓരോ തെയ്യക്കാരന്റേയും ജീവിതം ഇത്രയും കഠിനമാണെന്നു വായനക്കാർക്ക് കൃത്യമായി മനസ്സിലാക്കുവാൻ കഴിയുന്നു…. ജാതി മേൽക്കോയ്മ കഥയിൽ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്… സവർണ്ണനായ അച്ഛൻ നമ്പൂതിരി അവർണ്ണനായ ചിണ്ടൻ ശിങ്കത്തിനെ വക വരുത്തുവാൻ തീരുമാനിക്കുന്നത് തന്നെ അതിനുത്തമോദാഹരണമാണ്.

തെയ്യം കെട്ടുന്ന കോലാധാരി, അവരുടെ വ്രതാനുഷ്ഠാനങ്ങൾ, മേലേരിയിൽ ( കൂറ്റൻ കനൽക്കൂമ്പാരം)വീഴുമ്പോൾ പൊള്ളലേൽക്കാതിരിക്കാനുള്ള ചില്ലറ ഉടുത്തു കെട്ടലുകൾ. എല്ലാമെല്ലാം അഖിൽ കൃത്യമായി വിവരിക്കുന്നുണ്ട്.അത് കൊണ്ട് തന്നെ തെയ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വ്യക്തിയെ സംബന്ധിച്ചു വായന പൂർത്തിയാകുമ്പോൾ തെയ്യം കാണുവാനുള്ളൊരു തീവ്രമായ ചോദന ഉള്ളിലുടലെക്കുന്നത് സ്വാഭാവികം.
എഴുതി തഴക്കം വന്നവന്റെ ഭാഷാ ശൈലിയാണ് അഖിലിന്റേത്.. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയെന്ന അക്കാദമിക് പരിമിതിയെ അഖിൽ തന്റെ ഭാഷാ ശുദ്ധി കൊണ്ട് മായ്ച്ചു കളയുന്നു.


ചിണ്ടൻ ശിങ്കവും, ആദിയും, ശരവണനും, എകർ മലയും, എട്ടുനാടും, പുര പുരി ക്ഷേത്രവും, പീലി മുടിയും, വണ്ണാത്തിപ്പുഴയും ഓരോ ഫ്രെയിം പോലെ വായനക്കാരിൽ തങ്ങി നിൽക്കും.. എഴുത്തുകാരൻ തന്റെ സ്വത്വം നില നിർത്തി കഥാപാത്രമായി വന്ന് ഒരു വേള വായനക്കാരെ അത്ഭുതപ്പെടുത്തുന്നുണ്ട്… ഈ പുസ്തകം വായിക്കുന്ന ഓരോ വ്യക്തിയും തെയ്യം എന്ന വടക്കിന്റെ പെരുമയെ അത് കെട്ടിയാടുന്ന കോലധാരികളെ അങ്ങേയറ്റം ബഹുമാനപൂർവ്വം കാണുമെന്നുറപ്പുണ്ട്. എഴുത്തുകാരൻ ആമുഖമായി ഇങ്ങനെ പറയുന്നുണ്ട്.. “കെട്ടി തട്ടിയുറപ്പിച്ചു വഴി മരുന്നും വിതറി കഥയുടെ കരിമരുന്നു പ്രതലം തയ്യാറായിക്കഴിഞ്ഞു.. വായനയുടെ തീ കൊണ്ട് ഇനിയൊന്നു തൊട്ടാൽ മതിയാകും “”

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like