പൂമുഖം LITERATUREപുസ്തകം മനുവും മഹാത്മാവും – രാജീവ് കൊഴുക്കുള്ളി

മനുവും മഹാത്മാവും – രാജീവ് കൊഴുക്കുള്ളി

ജാതക കഥകളിലെ ഒരു കഥ പറഞ്ഞു കൊണ്ടാണ് എഴുത്തുകാരൻ ഈ പുസ്തകം തുടങ്ങുന്നത്. അതിങ്ങനെയാണ്. അക്കാലത്തെ ഒരു രാജാവിന് ഒരു ഖജനാവു സൂക്ഷിപ്പുകാരനുണ്ടായിരുന്നു. അതിവിശേഷമായിരുന്നു അദ്ദേഹത്തിന്റെ ഊണ്. അതിന്റെ മണം പോലും ആളുകളെ അതിയായി കൊതിപ്പിക്കും. ഒരു ദിവസം ആ മണത്തിൽ ആകൃഷ്ടനായി ഒരു വഴിയാത്രക്കാരൻ ചുറ്റുമതിലിനപ്പുറമുള്ള മരത്തിൽ കയറി നോക്കി. അതിവിശിഷ്ടമായ ആ ഭോജ്യം കണ്ടതും അദ്ദേഹത്തിനു ആഗ്രഹം അടക്കാനായില്ല. വഴിയാത്രക്കാരൻ ഖജനാവു സൂക്ഷിപ്പുകാരനെ സമീപിച്ചു. “എന്റെ ഒരു നേരത്തെ ഭക്ഷണത്തിനു നീ മൂന്നു വർഷം എനിക്കു വേണ്ടി പണിയെടുക്കേണ്ടി വരും.” ഖജനാവു സൂക്ഷിപ്പുകാരൻ പറഞ്ഞു. വഴിയാത്രക്കാരൻ അതു സമ്മതിച്ചു. മൂന്നു വർഷങ്ങൾക്കു ശേഷം പ്രതിഫലമായ ഊണു തയ്യാറായി. കുളിച്ചൊരുങ്ങി വന്ന് ഊണു കഴിക്കാൻ ഇരുന്നപ്പോഴാണ് ഒരു ബുദ്ധസന്യാസി ഭിക്ഷാപാത്രവുമായി അവിടെയെത്തിയത്. യാതൊരു വൈമനസ്യവും കൂടാതെ ആ ഭക്ഷണം അയാൾ സന്യാസിക്കു നൽകി.

ഇത്തരമൊരു ത്യാഗത്തിന്റെ ആധുനികകാലത്തെ പ്രതിനിധികളിൽ ഒരാളാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജി. അദ്ദേഹത്തിന്റെ ബന്ധുവായ മനു എന്നു വിളിക്കപ്പെടുന്ന മൃദുല ഗാന്ധിയും മഹാത്മാഗാന്ധിയുമായുള്ള ബന്ധത്തെ ആസ്പദമാക്കിയുള്ള ജീവചരിത്ര നോവലാണ് ശ്രീ. രാജീവ് കൊഴുക്കുള്ളിയുടെ ‘മനുവും മഹാത്മാവും’.

1946 ൽ ഒരു പ്രത്യേകപരീക്ഷണത്തിനായി ഗാന്ധിജി മനുവിനെ വിളിച്ചു വരുത്തുന്നു. ലോകത്ത് അന്നോളം കേട്ടു കേൾവിയില്ലാത്ത ഒരു വിചിത്ര പരീക്ഷണമായിരുന്നത്. നാൽപതു വർഷമായി അദ്ദേഹം അനുഷ്‌ഠിച്ചു വന്ന ബ്രഹ്മചര്യത്തെ പരീക്ഷണവിധേയമാക്കണം. അതായത് കാമവികാരങ്ങൾ ഇപ്പോഴും തന്നിൽ നിലനിൽക്കുന്നുണ്ടോ എന്നറിയണം. അതു സ്വയമറിഞ്ഞാൽ പോരാ, മറ്റുള്ളവർക്കു കൂടി ബോധ്യമാകണം. താനൊരു നിർവ്വാണം പ്രാപിച്ച മനുഷ്യനാണെന്നു ലോകം അംഗീകരിക്കണം.

ആ ജീവിതകാലത്തു ഗാന്ധിജി, മനുവിനോടു പറയുന്ന രീതിയിലാണ് മഹാത്മാവിന്റെ ജീവിതവും ചരിത്രവും ഈ പുസ്തകത്തിൽ ഇതൾ വിരിക്കുന്നത്. ഇന്ത്യാചരിത്രവും ഗാന്ധിജിയുടെ വ്യക്തിജീവിതവും ഇഴ ചേർന്നും ഇഴപിരിച്ചും ഇരുപത് അധ്യായങ്ങളിലായി ഒതുക്കിയിരിക്കുന്നു.

ആദ്യമൊന്നും മഹാത്മജിയുടെ ചിട്ടകളോട് മനുവിനു ഒത്തുപോകാൻ കഴിഞ്ഞിരുന്നില്ല. പലപ്പോഴും മനു അദ്ദേഹത്തെ മനസിലാക്കാൻ പണിപ്പെട്ടിരുന്നു. രാത്രി ഒരു മണിക്കൊക്കെ വിളിച്ചെഴുന്നേൽപ്പിക്കുന്നതും കത്തെഴുതിക്കുന്നതുമൊക്കെ പീഡനങ്ങളായി മനു കരുതിയിരുന്നു. അപ്പോഴൊക്കെയും ” ഒരു മഹാത്മാവിനോടൊത്തു കഴിയുക എളുപ്പമല്ല” എന്ന മഹാദേവ് ദേശായിയുടെ വാക്കുകൾ ഓർക്കും. മെല്ലെ സ്വന്തം മനസ്സിനെ തണുപ്പിക്കും.

ജാതിമതങ്ങൾക്കതീതമായി സ്വതന്ത്രചിന്ത, ധാർമികത, സത്യസന്ധത എന്നീ മൂല്യങ്ങൾ അദ്ദേഹത്തിൽ ഉറച്ചത് ‘കിങ്ഡം ഓഫ് ഗോഡ് ഈസ് വിതിൻ യു’ എന്ന ടോൾസ്റ്റോയി പുസ്തക വായനയിലൂടെയാണെന്ന് അദ്ദേഹം മനുവിനോടു വെളിപ്പെടുത്തി. അതോടെയാണ് ഒരു ദേവാലയത്തിലും ഈശ്വരനെത്തേടി അലയേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും.

അഹമ്മദാബാദിലെ ‘സത്യഗ്രഹാശ്രമ’ത്തിലെ താമസകാലത്തുണ്ടായ ഹൃദയപർശിയായ ഒരു സംഭവം അയിത്തജാതിയിലെ ഒരു കുടുംബം ആശ്രമത്തിൽ ചേരാൻ ആഗ്രഹിക്കുന്നതും അദ്ദേഹം അതിനു സമ്മതിക്കുന്നതുമാണ്. അതിന്റെ പേരിൽ ആശ്രമത്തെ സഹായിച്ചിരുന്നവർ അതു നിർത്തലാക്കിയത് ബുദ്ധിമുട്ടിലാക്കിയെങ്കിലും അദ്ദേഹത്തെ തളർത്തിയില്ല. ജോലി ചെയ്തു ജീവിക്കാമെന്നു തീരുമാനമെടുത്തു. ‘സബർമതി’ ആശ്രമത്തിന്റെ രൂപീകരണത്തിലേക്കു നയിച്ചതും ഇതാണ്.

മഹാത്മയുടെ മരണശേഷം മനു അവിടെ നിന്നും ഒഴിവാക്കപ്പെട്ടു. യാത്രയയ്ക്കുമ്പോൾ “ബാപ്പുവിനെക്കുറിച്ചുള്ള ഒരു വിവരവും പുറത്തു പറയരുത്” എന്ന താക്കീതാണ് അദ്ദേഹത്തിന്റെ ഇളയ മകനായ ദേവദാസ് മനുവിനോടു പറഞ്ഞത്. അവർ യാത്രയായ തീവണ്ടിയിൽ അവരെ പിന്തുടർന്നെത്തിയ ഇമാൻസു എന്ന പത്രലേഖകനും ഉണ്ടായിരുന്നു. ഇമാൻസുവിനു നല്‌കിയ അഭിമുഖത്തിൽ മഹാത്മജിക്കുള്ള ആദരാഞ്ജലിയായി ബ്രഹ്മചര്യത്തിൽ ഉറച്ചു നില്ക്കാനുള്ള തീരുമാനവും മനു വെളിപ്പെടുത്തുന്നുണ്ട്.

“നല്ല മനുഷ്യനായിരിക്കുക എന്നതു തന്നെ മറ്റുള്ളവരെ അലോസരപ്പെടുത്തുമെന്ന വലിയൊരു പാഠവും മുത്തച്ഛന്റെ ഈ ബലിദാനത്തിലൂടെ സ്പഷ്ടമായിരിക്കുകയാണ്.” മനുവിന്റെ ആത്മഗതം ഇന്നും പ്രസക്തമാണ്.

ഫേസ്ബുക്കിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുമ്പോഴേ പുസ്തകമായി വരണമെന്നു ആഗ്രഹിച്ചിരുന്നു. ഗാന്ധിജിയെക്കുറിച്ചുള്ള അനേകം പുസ്തകങ്ങൾ മലയാളത്തിലുണ്ട്. അവയിൽ ചിലതിലൊക്കെ മനുഗാന്ധിയെക്കുറിച്ചും പരാമർശങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ ഇവരെ രണ്ടുപേരെയും കുറിച്ചു ഇത്തരത്തിൽ ഒരു പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്നു തോന്നുന്നു. അതിനാൽത്തന്നെ ചരിത്രനോവൽ ശേഖരത്തിലേക്ക് ഒരു മുതൽക്കൂട്ടാകും ‘മനുവും മഹാത്മാവും’.

പ്രസാധനം: സൺഷൈൻ ബുക്‌സ് തൃശൂർ

വില: 140 രൂപ

sunshine680541@gmail.com or rajeevkozhukully@gmail com – ഇവയിൽ ഏതെങ്കിലും ഇമെയിലിൽ ബന്ധപ്പെട്ടാൽ പുസ്തകം വിപിപിയായി ലഭിക്കും.

രാജീവ് കൊഴുക്കുള്ളി
Comments
Print Friendly, PDF & Email

എറണാകുളം മരട് സ്വദേശി. ഇപ്പോൾ കാനഡയിലെ മിസ്സിസ്സാഗയിൽ താമസം. നീർമിഴിപ്പൂക്കൾ, വാക്കുകൾ പൂത്ത മേപ്പിൾവീഥികൾ എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

You may also like