പൂമുഖം LITERATUREലേഖനം ജയ് കിസാൻ

ജയ് കിസാൻ

ആറുമാസം കടന്ന പ്രതിഷേധ സമരത്തിൽ ഐതിഹാസികമായ ദൃഢ നിശ്ചയമാണ് കർഷകർ പ്രദർശിപ്പിക്കുന്നത്. കിടങ്ങുകൾ കുഴിച്ചും മുൾവേലികൾ പണിതും അള്ളു വെച്ചും ഭടന്മാരെ വിന്യസിച്ചും സർക്കാർ തങ്ങളുടെ അക്രമകാരികത വെളിപ്പെടുത്തുകയാണ് എല്ലാ വിനിമയ മാര്‍ഗ്ഗങ്ങളും വിച്ഛേദിക്കുമ്പോഴും മേൽ സന്നാഹങ്ങളുടെ ചിത്രം പ്രദർശിപ്പിക്കുന്നതിൽ ശ്രദ്ധവെക്കുന്നു ഈ ഭരണകൂടം ഏതറ്റം വരെയും പോവാൻ സന്നദ്ധമാണ് എന്ന് ഭീഷണമായി വിളംബരം ചെയ്യുകയാണ് ഒക്ടോബര്‍ വരെ തങ്ങൾ സമരം തുടരുമെന്നും അതുവരെയുള്ള കരുതൽ ശേഖരങ്ങൾ തങ്ങൾക്കുണ്ടെന്നും കർഷകർ ഉറച്ചു നിൽക്കുന്നു. പക്ഷെ ഭരണകൂടത്തിന്റെ നിര്‍ബന്ധ ബുദ്ധിക്കു അങ്ങനെ ഒരു സമയാതിർത്തി കുറിച്ചിട്ടില്ല.

എന്തു കൊണ്ട് കേന്ദ്ര സർക്കാർ നിയമം മുറുകെപ്പിടിക്കുന്നു ?.

കാർഷിക രംഗത്ത് സമഗ്രമായ മാറ്റം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നു. ഇതിന്റെ ദിശാ സൂചകങ്ങൾ ബജറ്റിൽ ദൃശ്യമാണ്. കാർഷിക വിഹിതത്തിന്റെ ഒരു വലിയ പങ്ക് FCI യുടെ കട ബാധ്യത തീർക്കുവാൻ വേണ്ടി നീക്കിവെച്ചിട്ടുള്ളതാണ് . താങ്ങു വില നിരക്കിൽ വിളവ് ശേഖരിച്ചു, റേഷൻ നിരക്കുകളിൽ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമ്പോൾ FCI ക്കു വൻ ബാധ്യത ഉണ്ടാവുന്നുണ്ട്‌. ഇതിൽ കേന്ദ്രസർക്കാർ നൽകുന്ന ബജറ്റ് വിഹിതത്തിൻമേലെയുള്ള തുക നാഷണൽ സേവിങ്സ് ഫണ്ട് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കുകയാണ് പതിവ്. സർക്കാർ സബ്സിഡി വിഹിതം കുറയുകയും സംഭരണം വർധിക്കുകയും ചെയ്യുക വഴി, പലിശയുൾപ്പെടെയുള്ള സഞ്ചിത ബാധ്യത ഉയരുകയാണ്. ഇതിലേക്ക് 20 -21 ലെ ബജറ്റ് 2 ലക്ഷം കോടി വകയിരുത്തുന്നു.

സംഭരണം കോർപറേറ്റുകളിലേക്കു കൈമാറുന്നതിലേക്കുള്ള ഒരു കാൽവെപ്പാണിത്. സ്റ്റോറേജിലെ അപര്യാപ്തതയും അനാസ്ഥയും കാരണം പതിനായിരക്കണക്കിന് ടൺ ധാന്യങ്ങൾ നശിച്ചു പോകുന്നത് ഒഴിവാക്കപ്പെടും .സ്വന്തം നിലക്ക് ശേഖരിക്കുന്ന ധാന്യം കാര്യക്ഷമമായി സൂക്ഷിക്കുവാനും, ബഫർ സ്റ്റോക്ക് നിയുക്ത പരിധിയിൽ പരിമിതപ്പെടുത്തി അധിക ശേഖരം ലാഭകരമായി വിൽക്കുവാനും കോര്പറേറ്റുകൾ നടപടി കൈക്കൊള്ളുമെന്നതിൽ സംശയമില്ല FCI നേരിട്ട സബ്സിഡി shortage സ്വകാര്യ കോര്പറേറ്റുകൾ നേരിടേണ്ടി വരില്ല. കുക്കിംഗ് ഗ്യാസ് സബ്സിഡി പോലെ അത് കേന്ദ്ര സർക്കാർ പൂർണമായും ഉത്ഭവസ്ഥാനത്തു തന്നെ കൈമാറ്റം ചെയ്യും. അതിന്റെ പ്രാരംഭ നടപടിയാണ് ഇത്തവണ സബ്സിഡി പൂർണമായും ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

എല്ലാ സേവന മേഖലകളിൽ നിന്നും പിൻവലിയുന്ന സർക്കാരിന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ഇതിൽ ചില ഗുണങ്ങൾ ഉണ്ട് സർക്കാർ സംവിധാനത്തിൽ സംഭരണ-വിതരണ-സ്റ്റോറെജ് തലങ്ങളിൽ സംഭവിക്കുന്ന ചോർച്ചകളും നാശ നഷ്ടങ്ങളും ഒഴിവാക്കപ്പെടും. സംഭരണത്തിനും സ്വകാര്യ ഗോഡൗണുകൾ വാടകക്കെടുക്കുന്നതിനും വേണ്ടി വരുന്ന ചിലവ് ഒഴിവായിക്കിട്ടും FCI ക്കു സ്വന്തമായുള്ള ഗോഡൗണുകൾ രാജ്യവ്യാപകമായി വാടകക്ക് കൊടുത്തു വരുമാനമുണ്ടാക്കാൻ വഴി തുറക്കും.

നിലവിലെ സമ്പ്രദായത്തിൽ ഭൂരിഭാഗം ചെറുകിട കർഷകരും സ്വകാര്യ സംഭരണക്കാരുടെ ചൂഷണത്തിന് വിധേയരായി distress sale ന് നിർബന്ധിതരാവുന്നുണ്ട്. സപ്ലൈകോ സാമാന്യം ശക്തമായി ഇടപെടുന്ന കേരളത്തിൽ പോലും സ്വകാര്യ മില്ലുകാരുടെ സമ്മർദ്ദ തന്ത്രങ്ങൾ എല്ലാ സീസണിലും അരങ്ങേറുന്നു. ഇതിൽ നിന്ന് ഒരു മോചനമുണ്ടാവണമെന്നും അതിനുള്ള പരിഹാരമായി പകരം സംവിധാനമുണ്ടാകണമെന്നും വിദഗ്ധർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി. കേന്ദ്ര സർക്കാർ ബില്ലിനെ അതിനുള്ള പരിഹാരമായി ന്യായീകരിക്കുന്നു.

ബി ജെ പി യുടെ രാഷ്ട്രീയ അജണ്ടയിൽ സ്വകാര്യ വൽക്കരണത്തിനു മുൻഗണനയുണ്ട്. കാർഷിക മേഖല അതിനു പുറത്തല്ല.

പുതിയ സംവിധാനം പൊതു വിതരണത്തിനെ ബാധിക്കുമോ?

ഭക്ഷ്യ ധാന്യങ്ങളുടെ പൊതുവിതരണം നിർത്തലാക്കുന്നത് ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തു ഏതൊരു രാഷ്ട്രീയ കക്ഷിക്കും ആത്മഹത്യാപരമായിരിക്കും. പകരം അത് ക്രമേണ വെട്ടിച്ചുരുക്കപ്പെട്ടേക്കാം. ഒരു welfare സ്റ്റേറ്റ് കർഷകർക്കും ഉപഭോക്താക്കളിൽ അർഹരായവർക്കും സബ്സിഡി നൽകുക എന്നതാണ് മാതൃകാപരമായ അവസ്ഥ ക്രമാനുഗതമായ വളർച്ചയിലൂടെ അവശ വിഭാഗങ്ങൾ സൗജന്യ ഭക്ഷ്യ വിതരണ ബ്രാക്കറ്റിൽ നിന്ന് പുറത്തു കടക്കുക എന്നതാണ് യഥാർത്ഥ വികസനത്തിന്റെ ഫോർമുല എന്നാൽ നമ്മുടെ രാജ്യം ഇന്ന് ആ പാതയിലല്ല. ലാഭം maximise ചെയ്യന്ന ഒരു മുതലാളിത്ത പാതയിലാണ്. എന്നാൽ അതിനു അനുപേക്ഷണീയമായ അടിസ്ഥാന ഘടക മേന്മ തെല്ലും കൈവരിച്ചിട്ടുമില്ല . ഒരു പക്ഷേ പൊതു വിതരണ ശൃംഖലയിൽ നിന്ന് സാങ്കേതിക ഒഴികഴിവുകൾ ഉപയോഗിച്ച് കഴിയുന്നത്ര ആളുകളെ പുറത്താക്കുക വഴിയായിരിക്കും സർക്കാർ ഈ ചിലവ് കുറച്ചു കൊണ്ട് വരിക. ദാരിദ്ര്യ രേഖതാഴ്ത്തി വരക്കുക, ആധാർ തുടങ്ങിയ തിരിച്ചറിയൽ രേഖകളിലെ ന്യുനത മൂലം കുറേപേർ പുറത്താവുക എന്നിവ സ്വീകരിച്ചു കഴിഞ്ഞ ചില കുറുക്കു വഴികളാണ്.

എന്ത് കൊണ്ടാണ് കർഷകർ നിയമം റദ്ദുചെയ്യുന്നതിൽ ഉറച്ചു നിൽക്കുന്നത് ?

ബിഹാറിൽ താങ്ങു വില ഇല്ലാതാക്കിയപ്പോൾ ഒന്ന് രണ്ട് സീസണുകൾക്കു ശേഷം ഉൽപ്പന്നവിലയിൽ ഇടിവുണ്ടായി .നിതീഷ് സർക്കാർ കൊണ്ടുവന്ന കാർഷിക ഉൽപ്പന്ന മാർക്കറ്റിംഗ് സൊസൈറ്റികൾ ഫലപ്രദമായി പ്രവർത്തിച്ചില്ല. പിന്നീടുള്ള വർഷങ്ങളിൽ ഉൽപ്പാദനം ഗണ്യമായി വർധിച്ചിട്ടും കർഷകൻ ഇടനിലക്കാർക്കു കുറഞ്ഞ വിലക്ക് വിൽക്കേണ്ടി വന്നു ഒരു പിൻബലവുമില്ലാതെ കർഷകർ receiving end ൽ ആയി. ഈ വര്‍ഷം കർണാടകയിൽ FCI യിൽ നിന്നും പ്രമുഖ കാർഷികോൽപ്പന്ന കമ്പനിയിൽ നിന്നും താങ്ങു വിലയേക്കാൾ ഉയർന്ന നിരക്കിൽ സ്റ്റോക്ക് ഏറ്റെടുത്തു റിലയൻസ് കാർഷിക നിയമത്തിന്റെ അപായകരമായ സാദ്ധ്യതകൾ പ്രയോഗവൽക്കരിച്ചിരിക്കുന്നു . നാളെ അവർക്ക് സർക്കാർ/സ്വകാര്യ ഏജൻസികളെ മറികടന്ന് നേരിട്ട് കർഷകനിലേക്ക് എത്തുവാൻ കാര്യമായ തടസ്സങ്ങൾ ഉണ്ടാവില്ല അതുമൂലം സംജാതമാകാവുന്ന കുത്തകയെയാണ് കർഷകരും സമരാനുകൂലികളുമായ സർവ ശക്തികളും പ്രതിരോധിക്കുന്നത്.

താങ്ങു വില നിലനിർത്തുമെന്ന് സർക്കാർ ആണയിടുന്നുണ്ടെങ്കിലും സർക്കാർ ഇടപെടൽ ഇല്ലാതെ തന്നെ താങ്ങുവിലയെ ക്രമേണ അപ്രസക്തമാക്കാൻ യുക്തമായ നടപടികൾ കോർപറേറ്റുകൾ കൈക്കൊള്ളുമെന്ന് കർഷകർ ദീർഘ ദർശനം ചെയ്യുന്നു. ഭൂരിപക്ഷം വരുന്ന ചെറുകിട കർഷകരെ മെച്ചപ്പെട്ട നിരക്ക് വാഗ്ദാനം ചെയ്തു വലയിലാക്കുക എളുപ്പമാണ്. അങ്ങനെ കർഷക പ്രതിരോധം ദുർബലമാവുകയും ക്രമേണ മേഖല കോര്പറേറ്റവൽക്കരണത്തിനു അധീനപ്പെടുകയും ചെയ്യുമെന്ന് അവർ ഭയക്കുന്നു. നോട്ടു നിരോധനത്തിന്റെയും പെട്ടെന്നുള്ള അടച്ചു പൂട്ടലിന്റെയും അവസരങ്ങളിൽ സാധാരണക്കാരും അതിനു താഴെയുള്ളവരും അനുഭവിച്ച യാതനകളും സർക്കാർ പുലർത്തിയ നിസ്സംഗതയും അവരിൽ വിശ്വാസ നഷ്ടത്തിന് കാരണമായി. പ്രബലരായ വ്യാപാര ഭീമന്മാർ രംഗത്ത് വന്നാൽ പിന്നൊരു തിരുത്തൽ ഒരിക്കലും സാധ്യമല്ലെന്നു അവർ തിരിച്ചറിയുന്നു. അതാണ് ഭേദഗതികളോ നീട്ടിവെക്കലോ കർഷകർക്ക് അസ്വീകാര്യമായിരിക്കുന്നത്.

കർഷക പ്രശ്നത്തിന് പരിഹാരം ഉണ്ടാവണമെങ്കിൽ പ്രസ്തുത കുത്തകവൽക്കരണത്തെ പ്രതിരോധിക്കാൻവേണ്ട നടപടികളാണ് ചർച്ച ചെയ്യപ്പെടേണ്ടത്. പ്രതിപക്ഷങ്ങളും നിലവിലു ള്ള സംഭരണ ഏജൻസികളും ഈ വിഷയത്തിൽ പരിജ്ഞാനമുള്ള വിദഗ്ധരും ഇരു വിഭാഗങ്ങളെയും ചർച്ചയിലേക്ക് എത്തിക്കുകയും ചർച്ചയിൽ പങ്കാളികളാവുകയും വേണം.

കുത്തക ഉണ്ടാവാതിരിക്കണമെങ്കിൽ കൂടുതൽ players രംഗത്ത് വരികയും ആരോഗ്യകരമായ മത്സരം ഉറപ്പാക്കുകയും ആണ് വേണ്ടത് . Wealth creators എന്ന് ധനകാര്യമന്ത്രി വിശേഷിപ്പിക്കുന്ന കോർപറേറ്റുകൾ കാർഷിക രംഗത്തേക്ക് പ്രവേശിക്കുന്നു എന്ന് വിശാലമായി പുതിയ നിയമം പറയുമെങ്കിലും ഈ രാജ്യത്തു ഭരണ കൂടത്തിന്റെ പിന്തുണയും സംരക്ഷണവും ലഭിക്കുന്നത് പ്രധാനമായും രണ്ടു ഗ്രൂപ്പുകൾക്ക് മാത്രമാണ്. റിലയൻസ്, അദാനി ഗ്രൂപ്പുകൾ. ഭക്ഷ്യോൽപ്പന്ന രംഗത്തും അവരാണ് പ്രവേശനം നടത്തിയിരിക്കുന്നത്. ആദ്യം താല്പര്യം സൂചിപ്പിച്ച ടാറ്റ ഗ്രൂപ് പിന്നീട് പിൻവലിഞ്ഞു. നിർഭാഗ്യകരമെന്നു പറയട്ടെ, പ്രതിഭാശാലികളായ യുവാക്കളുടെയും നവസംരംഭകരുടെയും ശ്രദ്ധ കാർഷിക പ്രതിസന്ധി തുറക്കുന്ന നൂതനാവസരങ്ങളിലേക്കു തിരിയുന്നില്ല ഭീമമായ മൂലധനവും വിപുലമായ ലോജിസ്റ്റിക്‌സും ആവശ്യമായത് കൊണ്ടാവാം.

പ്രശ്ന പരിഹാരത്തിന്റെ വഴികൾ

വൻകിട കമ്പനികൾ അല്ലാതെ കൂടുതൽ ജനകീയവും കർഷക പങ്കാളിത്തമുള്ളതും സുതാര്യവും ആയ പകരം സംവിധാനമാണ് ആവശ്യം. ചർച്ചകൾ ആ വഴിക്കാണ് ഉരുത്തിരിയേണ്ടത്. കർഷക സഹകരണ പ്രസ്ഥാനങ്ങളാണ് ഒരു ബദൽ സംവിധാനം. അവക്ക് ആത്യന്തികമായി കർഷക താല്പര്യം മുറുകെപ്പിടിക്കുവാനും കോർപ്പറേറ്റ് പ്രലോഭനങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വശം വദരാവാതിരിക്കാനും കഴിയും. കർഷക താല്പര്യം സംരക്ഷിക്കുമെന്ന പ്രസ്താവനകളിൽ കേന്ദ്ര സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ അത്തരം സംഘങ്ങൾക്ക് വേണ്ട logistics ഏർപ്പാടാക്കുവാൻ സർക്കാർ തയ്യാറാവണം export processing സോണുകളും, വ്യവസായ പാർക്കുകളും പോലെ കാർഷിക കൂട്ട് സംരംഭ സോണുകൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉണ്ടാവണം അവിടെയാണ് ചർച്ച ഫോക്കസ് ചെയ്യേണ്ടത് ബാങ്കുകൾക്ക് അതിനു വേണ്ട അടിസ്ഥാന ഘടക വായ്‌പാ പദ്ധതികൾ നിലവിലുണ്ട്. അവ പരമാവധി ഉപയോഗിക്കപ്പെടണം. യുവാക്കൾ, നവസാങ്കേതിക വിദ്യ ഉപയോഗിച്ച് കര്ഷകന് എവിടെയും ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയും എന്ന നിയമാനുകൂല വ്യക്തികളുടെ മേനി പറച്ചിൽ യാഥാർഥ്യമാക്കണം. അത് സാദ്ധ്യമാണ്. വൻ വിഭവങ്ങൾ കയ്യിലുള്ള കോര്പറേറ്റുകൾക്ക് അപ്പോഴും മേൽക്കയ്യുണ്ടാവാം എങ്കിലും കർഷക സംഘങ്ങൾ മത്സരത്തിനുണ്ടാവുക കർഷകന്റെ വിലപേശൽ ശേഷി വർദ്ധിപ്പി ക്കും ഈ പ്രോസസ്സിൽ, നിലവിലുള്ള ചൂഷകരായ ഇടനിലക്കാർ അനിവാര്യമായും രംഗം വിടുകയോ fair trade practices അവലംബിക്കുകയോ ചെയ്യേണ്ടതായി വരും.

കർഷക സംഘങ്ങൾ രുപീകരിക്കുക, അവർക്ക് സംഭരണത്തിൽ ഇപ്പോൾ FCI ക്കു നൽകുന്ന സബ്സിഡി വിതരണം ചെയ്യുവാൻ സർക്കാരിനെ പ്രേരിപ്പിക്കുക എന്നിവയിൽ പ്രതിപക്ഷ കക്ഷികൾ തങ്ങളുടെ പങ്കു വഹിക്കണം. ഈ സന്ദർഭം ക്രിയാത്മകമായി ഇടപെടാതിരുന്നാൽ കൃഷി, റീറ്റെയ്ൽ വ്യാപാരം എന്നീ സുപ്രധാന മേഖലകളിൽ അംബാനി-അദാനിവൽക്കരണം തടയാനുള്ള അവസാനത്തെ അവസരം നഷ്ടമാകുന്നതിനു നാം സാക്ഷ്യം വഹിക്കേണ്ടി വരും. ജയ് കിസാൻ വെറും ഒരു വോട്ടു മന്ത്രമാവരുത് കർഷകൻ ജയിക്കുമ്പോഴേ രാജ്യം ജയിക്കുന്നുള്ളൂ.

Comments
Print Friendly, PDF & Email

You may also like