കെ ജി ജോർജ്ജ്
സൈക്കോ മുഹമ്മദ് എന്ന പേരിൽ പ്രശസ്തനായ ക്ലിനിക്കൽ സൈക്കോളോജിസ്റ്റ് മുഹമ്മദിന്റെ കഥയെ ആസ്പദമാക്കി പമ്മനും കെ ജി ജോർജും കൂടി തിരക്കഥയെഴുതിയ ചിത്രമായിരുന്നു കെ ജി ജോർജിന്റെ ആദ്യ സിനിമ ‘ സ്വപ്നാടനം'(1976). മുഖ്യധാരാമലയാള സിനിമ കണ്ട് ശീലിച്ചിട്ടില്ലാത്ത കഥാപാത്രങ്ങളും കഥയുമുള്ള ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സിനിമയുടെ ക്രാഫ്റ്റിന്റെ മർമ്മമറിയുന്ന ഒരു സംവിധായകന്റെ തുടക്കം കുറിക്കലായിരുന്നു. സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങളിലൂടെ അതൊരു മികച്ച തുടക്കമായി. അതിന് മുൻപേ രാമു കാര്യാട്ടിന്റെ ‘ നെല്ലി ‘ ന്റെ തിരക്കഥയിലൂടെ ജോർജ് ശ്രദ്ധ നേടിയിരുന്നു.
ക്യാമ്പസ് പ്രേമങ്ങളിൽ വേറിട്ടതും ആഴത്തിലുള്ളതും ആയ ജോർജ് ഓണക്കൂറിന്റെ കഥയ്ക്ക് ചേർന്ന ചലച്ചിത്ര ഭാഷ്യം. ശോഭയുടെയും, വേണു നാഗവള്ളിയുടെയും പ്രകടനം, ഓ എൻ വി – എം ബി ശ്രീനിവാസൻ ടീമിന്റെ ഗാനങ്ങൾ എന്നിവ കൊണ്ട് ‘ ഉൾക്കടൽ ‘ ഇന്നും മികച്ചു നിൽക്കുന്നു.
1981 ൽ പുറത്തിറങ്ങിയ ‘ കോലങ്ങൾ’ അന്നോളം നന്മ മാത്രം വിളമ്പുന്ന ഗ്രാമീണ ചിത്രങ്ങളിൽ നിന്ന് കുതറി മാറി നടന്നു. പി ജെ ആന്റണിയുടെ “ഒരു ഗ്രാമത്തിന്റെ ആത്മാവ്” എന്ന കഥയ്ക്ക് ജോർജ് തിരക്കഥയെഴുതി. രാമൻ നായർമാർ മാത്രമല്ല, ഗ്രാമങ്ങൾ തിന്മയുള്ള പരമുമാരുടെയും, ചാക്കോമാരുടെയും കള്ള് വർക്കിമാരുടെയും കൂടിയുള്ള ഇടമാണെന്ന് തെളിയിക്കുന്നു.
എസ് എൽ പുരത്തിനോട് ചേർന്ന് ജോർജ് തിരക്കഥയെഴുതി ഒരു നാടക ട്രൂപ്പിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കുറ്റാന്വേഷണ കഥയാണ് ‘യവനിക’ എന്ന മാസ്റ്റർ പീസ്. സിനിമയിൽ വന്നു പോകുന്ന ഓരോ കഥാ പാത്രങ്ങൾക്കും സവിശേഷമായ പ്രാധാന്യം ഇതിലുണ്ട്. തബലിസ്റ്റ് അയ്യപ്പനായി ഭരത് ഗോപി തിളക്കമാർന്ന പ്രകടനമായിരുന്നു. രോഹിണിയായി ജലജയും, വക്കച്ചനായി തിലകനും പോലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടിയും മികച്ച അഭിനയം കാഴ്ചവെച്ചു. പശ്ചാത്തലത്തിന് അനുയോജ്യമായ മികച്ച ഗാനങ്ങൾ.
‘ആദാമിന്റെ വാരിയെല്ല് ‘ മൂന്ന് സ്ത്രീകളുടെ ജീവിതം തുറന്ന് കാട്ടിയ സിനിമയാണ്. പുരുഷപീഡനം വിവിധ തലങ്ങളിൽ നേരിടേണ്ടി വരുന്ന സ്ത്രീകൾ. ഇതിൽ സൂര്യയുടെ കഥാപാത്രം ആശുപത്രിയിൽ നിന്ന് ഇറങ്ങിയോടുന്ന ക്ലൈമാക്സ് മലയാള സിനിമയ്ക്ക് തന്നെ നൂതന്മായ ഒരു ട്രീറ്റ്മെന്റ് ആയിരുന്നു. ജോർജിന്റെ സ്ത്രീ കഥാപാത്രങ്ങൾക്ക് ഒരിക്കലും വാർപ്പ് മാതൃകകൾ ഉണ്ടായിരുന്നില്ല. ശ്രീവിദ്യ എന്ന നടിയുടെ മികച്ച വേഷങ്ങൾ ജോർജിന്റെ സിനിമകളിലായിരുന്നു. ജോർജിന്റെ കഥാപാത്രങ്ങൾ നായകന്മാരോ വില്ലന്മാരോ ആയിരുന്നില്ല. അവർ വ്യവസ്ഥിതിയുടെ ഇരകൾ ആയിരുന്നു.
1983 ൽ തന്നെ പുറത്തിറങ്ങിയ ‘ ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ‘ മരണപ്പെട്ട നടി ശോഭയുടെ ജീവിതവുമായി സാമ്യമുള്ള കഥയായിരുന്നു. സിനിമയിലെ പെൺ ജീവിതത്തെ തുറന്ന് കാട്ടുന്ന സിനിമയായിരുന്നു. എങ്കിലും ജോർജ് ചിത്രങ്ങളിലെ പ്രമേയത്തിന്റ പിരിമുറുക്കം ഈ സിനിമയിൽ കുറവായിരുന്നു.
വേളൂർ കൃഷ്ണൻ കുട്ടിയുടെ കഥയെ ആസ്പദമാക്കി കെ ജി ജോർജ് സംവിധാനം ചെയ്ത ‘പഞ്ചവടിപ്പാലം’ 1984 ലാണ് പുറത്തിറങ്ങിയത്. കക്ഷി രാഷ്ട്രീയത്തെയും അധികാരത്തെയും പരിഹസിക്കുന്ന ഈ ആക്ഷേപ ഹാസ്യ സിനിമ മലയാള സിനിമയിൽ ഒരു കൾട്ട് ആയി ഇന്നും നില നിൽക്കുന്നു. നെടുമുടി വേണുവും ഗോപിയും സുകുമാരിയും ശ്രീവിദ്യയും കൂട്ടരും മത്സരിച്ച് അഭിനയിച്ച സിനിമ.
ഗണേശൻ പ്രധാന കഥാപാത്രമായി അഭിനയിച്ച ‘ ഇരകൾ ‘ കുടുംബ ബന്ധങ്ങളിലെ സ്നേഹരാഹിത്യവും അധികാരവും രാഷ്ട്രീയവും ഗംഭീരമായി അവതരിപ്പിച്ച സിനിമയാണ്. തിലകൻ അവതരിപ്പിച്ച അധികാര കേന്ദ്രമായ മാത്തുകുട്ടിയുടെ കുടുംബത്തിലെ താളപ്പിഴകൾ തിരക്കഥയുടെ കെട്ടുറപ്പിൽ ജോർജ് എന്ന സംവിധായകൻ വിദഗ്ധമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. തുടർന്ന് വന്ന ‘ മറ്റൊരാൾ ‘ എന്ന സിനിമയിലും ഭാര്യ-ഭർതൃ ബന്ധത്തെ സൂക്ഷ്മമായി ജോർജ് പരിഗണിക്കുന്നുണ്ട്. ‘ ഈ കണ്ണി കൂടി’ എന്ന ചിത്രം. ഒരു സ്ത്രീയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഇഴ പൊട്ടാതെ, വേറിട്ട രീതിയിൽ ആവിഷ്കരിച്ച സിനിമയാണ്.
അമേരിക്കൻ സിനിമ സംവിധായകൻ റോബർട്ട് ആൾട്ട്മാൻ പറഞ്ഞ പോലെ, ‘Filmmaking is a chance to live many lifetimes’. കെ ജി ജോർജ് അതി സൂക്ഷ്മമായി അനേകം മനുഷ്യരുടെ ജീവിതങ്ങൾ കാണിച്ചു തന്നു. കേരള സർക്കാർ ജെ സി ഡാനിയൽ പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചു . പുരസ്‌കാരങ്ങൾക്ക് പിറകെ പോകുന്ന പ്രകൃതമല്ലാത്തത് കൊണ്ടും ഫിലിം മേക്കിങ്ങിലുള്ള തന്റെ സത്യസന്ധത കൊണ്ടും കെ ജി ജോർജ് ഉയർന്നു നിൽക്കുന്നു. ആ സിനിമകൾക്ക് പ്രേക്ഷകരുടെ മനസ്സിൽ എന്നും സ്ഥാനമുണ്ട്. കാലത്തിന് മുൻപേ സഞ്ചരിച്ച ക്രാഫ്റ്റുകൾ.
കവർ : ജ്യോതിസ് പരവൂർ
Images : Google Images