CINEMA

ഇഷ്‌ക്ish

ഇതൊരു പ്രണയകഥയല്ല. എന്ന ടാഗ് ലൈനോടെയാണ് ഇഷ്ക് നമുക്കു മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്. സിനിമയുടെ പേരും ടീസറും ഈ വാചകവും തമ്മിലുള്ള വൈരുദ്ധ്യം കൊണ്ടാണ് ഇഷ്ക് കൗതുകം ഉണ്ടാക്കുന്നത്. പുതുതരംഗ സിനിമയുടെ മറ്റൊരു തുടർച്ച എന്ന നിലയിലാണ് ഇഷ്‌കിന്റെ പ്രീ റിലീസ് പ്രമോഷനുകൾ നമുക്ക് മുന്നിൽ എത്തുന്നത്. നവാഗതനായ അനുരാജ് മനോഹറാണ് സംവിധായകൻ രതീഷ് രവിയുടേതാണ് തിരക്കഥ.ഷൈൻ നിഗം,ആൻ ശീതൾ, ഷൈൻ ടോം ചാക്കോ,ജാഫർ ഇടുക്കി,ലിയോണ,മാല പാർവതി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. നോമ്പും മറ്റുമായി മലയാളസിനിമയുടെ ഓഫ് സീസണായ സമയത്താണ് ഇഷ്‌ക് റിലീസാകുന്നത്. സിനിമാപ്രേമികളുടെ സൂക്ഷ്മ ശ്രദ്ധ പതിയാൻ ഇത് കാരണമാവുന്നു.

സച്ചി എന്നു വിളിക്കുന്ന സച്ചിദാനന്ദന്റെയും ( ഷൈൻ നിഗം) വസുധയുടെയും( ആൻ ശീതൾ) പ്രണയത്തിൻറെ ട്രാക്കിലൂടെയാണ് ഇഷ്ക്ക് തുടങ്ങുന്നത്. വളരെ സ്വാഭാവികമായി ആണ് ആ പ്രണയം നമുക്കു മുന്നിൽ അവതരിപ്പിക്കുന്നത്. പ്രണയത്തിനപ്പുറം തിരക്കഥയ്ക്കുള്ളിലുള്ള സാധ്യതകളിലേക്ക് ഉള്ള സൂചനകൾ തുടക്കംമുതലേ കാണികളിലേക്ക്‌ എത്തുന്നുണ്ട്. സച്ചിയും വസുധയും ഒരു ദിവസം നീണ്ട ഡ്രൈവിന് പോകുന്നു. അവളുടെ പിറന്നാൾ ആഘോഷിക്കലാണ് പ്രാഥമിക ലക്ഷ്യം. ആ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ചിലർ അവർക്കിടയിലേക്ക് എത്തുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളും അവയെ അതിജീവിക്കാൻ അവർ നടത്തുന്ന ശ്രമങ്ങളും ഒക്കെയാണ് സിനിമ.

കഥാഗതിയെ കുറിച്ച് സ്പോയ്ലർകൾക്ക് സാധ്യതയുള്ളതിനാൽ സിനിമ കാണാത്തവർ തുടർന്നു വായിക്കുന്നത് അഭികാമ്യമാണോ എന്നറിയില്ല.1983 ലാണ് ജോഷി സംവിധാനം ചെയ്ത ആ രാത്രി പുറത്തുവരുന്നത് മമ്മൂട്ടിയും പൂർണിമ ജയറാമുമായിരുന്നു മുഖ്യവേഷങ്ങളിൽ ഭാര്യയും ഭർത്താവുമൊത്തുള്ള ജീവിതത്തിലേക്ക് സദാചാര പോലീസിന്റെ ഭീകരമായ കടന്നുകയറ്റമാണ്‌ ആ രാത്രിയുടെ ഇതിവൃത്തം. 3 പതിറ്റാണ്ടുകൾക്കപ്പുറം വരത്തനും ആ വിഷയത്തെ പറ്റി സംസാരിക്കുന്നു ഈ രണ്ടു സിനിമകളുടെയും കുറച്ചുകൂടി പുരോഗമനാത്മകമായ തുടർച്ചയാണ് ഇഷ്ക് എന്നുപറയാം .

ആ രണ്ടു സിനിമകളും നായകനിലേക്ക് ചുരുങ്ങിയപ്പോൾ ഇഷ്ക്ക് സമൂഹത്തിലേക്ക് പടരുന്നു എന്നൊക്കെ ചുരുക്കാം വേണമെങ്കിൽ. കേന്ദ്ര കഥാപാത്രങ്ങൾ എന്നല്ലാതെ നായകനും വില്ലനും തമ്മിലുള്ള സദാചാര/ സദാചാര വിരുദ്ധ പോരാട്ടം വരച്ചിടാത്തതാണ് ഇഷ്കിന്റെ വിജയം എന്നു പറയാം. ആ വിജയം ഒരു വെല്ലുവിളി കൂടിയാണ്.

സദാചാര പോലീസിംഗ് ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഒന്നാണ്. ഇതിന് ഗ്രാമ-നഗര വ്യത്യാസങ്ങൾ ഇല്ല. പ്രായഭേദവുമില്ല. രാഷ്ട്രീയപാർട്ടികളും പോലീസും അടക്കം ഏറ്റവും പുതിയ സംവിധാനങ്ങൾ വരെ ഉപയോഗിച്ച് ഇത് ചെയ്യുന്നുണ്ട് സമൂഹമാധ്യമങ്ങളിൽ മുതൽ പൊതു ഇടങ്ങളിലെ പകൽ വെട്ടത്തു വരെ ഇത് വ്യാപകമായി നടക്കുന്നുണ്ട്. പക്ഷേ മറ്റു കുറ്റകൃത്യങ്ങളിൽ നിന്നു ഇതിന് പ്രകടമായിത്തന്നെ നിരവധി വ്യത്യാസങ്ങളുണ്ട്. ഇത് ഒരു കുറ്റകൃത്യമായല്ല സാമൂഹ്യസേവനം ആയാണ് ഇവിടുത്തെ ഭൂരിപക്ഷം കാണുന്നത്. ഏതൊരാൾകൂട്ടവും ഏറ്റവും ക്രൂരമായ ആനന്ദം അനുഭവിക്കുന്നത് സദാചാര പോലീസിങ്ങിലെ പ്രതിചേർക്കലുകളിലാണെന്ന് തോന്നിയിട്ടുണ്ട് രണ്ടുപേർ തമ്മിലുള്ള കൂടിയിരിപ്പിന് വിവാഹം പോലെ അപൂർവമായ അനുവാദം തരലുകൾ മാത്രമേ ഇവിടെയുള്ളൂ. ഈ അവസ്ഥകളെ ഒക്കെ സിനിമ നമുക്കുമുന്നിൽ വ്യക്തമായി പുച്ഛിക്കുന്നുണ്ട്. സദാചാര പോലീസിന് ഒപ്പം സിനിമ ചാരിത്ര്യം എന്ന വിഷയത്തെയും അഡ്രസ്സ് ചെയ്യുന്നുണ്ട്. ശാരീരിക പരിശുദ്ധി ഒരിക്കലും ഇവിടെ ജെൻഡർ ന്യൂട്രൽ ആയ വാക്കല്ല. നേരത്തെ സൂചിപ്പിച്ച ആ രാത്രി അതിനെ മരണം എന്ന മലയാള സിനിമയുടെ സ്വാഭാവിക പരിണാമത്തിലേക്ക് എത്തിക്കുന്നു. വരത്തൻ അതിനെ സംബന്ധിച്ച പ്രശ്നവൽക്കരണങ്ങളിലേക്ക് കടക്കുന്നുണ്ട്. ഇഷ്ക്ക് ആത്മാഭിമാനമുള്ള തീരുമാനത്തിലേക്ക് നായികയെ വ്യക്തമായി എത്തിച്ചാണ് നിർത്തുന്നത്. കേവല ഹീറോയിസത്തിലേക്ക് ചുരുങ്ങിപ്പോകും എന്ന തോന്നലിൽ നിൽക്കുമ്പോഴാണ് സിനിമ വ്യക്തമായ നിലപാടിൽ തന്നെ നിർത്തുന്നത്. കുമ്പളങ്ങി നൈറ്റ്സിലും ഉയരെയിലും ഒക്കെ വെളിപ്പെട്ട മലയാളി പുരുഷ സ്വത്വത്തിന്റെ തുടർച്ചയിൽ ഇഷ്ക് എത്തുന്നത് അവിടെവച്ചാണ്. സ്വതവേ അത്തരം വെളിപ്പെടലിൽ ഒരു ബാലൻസിംഗ് നടക്കുന്നുണ്ട്. കുമ്പളങ്ങിയിലെ സജിയും ബോബിയും ഉയരെയിലെ വിശാലും ഒക്കെ ബാലൻസിംഗിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഉദാഹരണങ്ങളാണ്. ഇഷ്‌കിൽ ബാലൻസിങ് ഇല്ല എന്നതും ശ്രദ്ധേയമാണ്.

നായകൻ / വില്ലൻ അഥവാ എല്ലാവരും അങ്ങനെയല്ല എന്നൊരു സമവായം ഇഷ്ക്കിൻ എവിടെയുമില്ല. സദാചാര പോലീസിംഗ് ഒരു സാമൂഹിക തിന്മ എന്നതിനപ്പുറം തീർത്തും വ്യക്തിപരമായ ഒരു അടരിലും പ്രവർത്തിക്കാം. ആ സമയത്ത് ഉചിതമായ തീരുമാനമെടുക്കുക എന്നത് മാത്രമാണ് അനുഭവിക്കുന്നവർക്ക് അതിജീവിക്കാനുള്ള ഒരേയൊരു വഴി നായകൻ/ വില്ലൻ എന്ന ഒരു അവസ്ഥയിൽ നിന്നും കേന്ദ്രകഥാപാത്രങ്ങൾ എന്നൊരു വിശാലമായ സാധ്യത സിനിമ ബുദ്ധിപരമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. സിനിമാറ്റിക് സാധ്യതകൾ വച്ചുനോക്കിയാൽ ഒരേ തീവ്രതയോടെ എല്ലാവർക്കും ആദ്യ പകതി അനുഭവിക്കാൻ ആയോ എന്നത് സംശയമാണ്. നവതരംഗ സിനിമകൾ മലയാളത്തിൽ പിന്തുടരുന്ന ചില സങ്കേതങ്ങൾ മേക്കിങ്ങിൽ തുടർന്നു ക്ലീഷേകൾ ആവുന്നു. ആദ്യഭാഗത്തെ സംഭാഷണങ്ങൾ ഡബ്ബിങ് രീതി മുതലായവ ഉദാഹരണങ്ങൾ. പോരായ്മകൾക്ക് അപ്പുറം ഒരു സാമൂഹിക പ്രസക്തമായ വിഷയത്തിന്റെ ക്രൗര്യത്തെ പറ്റി സംസാരിക്കുന്ന ശ്രമമെന്ന നിലയിൽ ശ്രദ്ധേയമായ സിനിമ തന്നെയാണ് ഇഷ്ക്ക്.

Print Friendly, PDF & Email