Travel യാത്ര

ഒരു ഗ്രാമ്പിയൻസ് യാത്രനാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിൽ ജനിച്ചു വളർന്ന എനിക്ക് നന്നായി നീന്താൻ അറിയാത്തതിലുള്ള വിഷമം നേരത്തേ തന്നെ തോന്നി തുടങ്ങിയിരുന്നെങ്കിലും ആസ്ത്രേലിയയിൽ എത്തിയ ശേഷം അതിന്റെ തീവ്രത അതി കഠിനമായി. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന സമുദ്രതീരങ്ങൾ, എണ്ണിയാൽ തീരാത്ത വിധം അനേകം സുരക്ഷിതമായ ആയ ബീച്ചുകൾ, അതിൽ വസ്ത്രം ധരിച്ചവർക്കും അല്ലാത്തവർക്കും പ്രത്യേക ഇടങ്ങൾ, സർഫേഴ്സിനായുള്ള പ്രത്യേക സൗകര്യങ്ങൾ, സ്വിമ്മിംഗ് പൂളുകൾ, പുഴകൾ അങ്ങനെ നീന്താനും ഉല്ലാസത്തിനും അനവധി, നിരവധി അവസരങ്ങൾ.ഇവയെല്ലാം പാഴായി പോകുന്നതിലുള്ള വിഷമം ഇനി ആരോട് പറയാൻ ?പറഞ്ഞിട്ടെന്ത് കാര്യം?

പുതുതായി ആസ്ത്രേലിയയിലേക്ക് കുടിയേറാൻ തയ്യാറെടുക്കുന്നവർ IELTS പരീക്ഷ പാസാകുന്നതോടൊപ്പം നീന്തലിലും പ്രാവീണ്യം നേടിയ ശേഷമേ യാത്ര തിരിക്കാവൂ എന്നാണ് എന്റെ എളിയ ഉപദേശം.

ഇന്ത്യയേക്കാൾ ഏകദേശം രണ്ടരയിരട്ടി വലിപ്പവും കേരളത്തേക്കാൾ കുറഞ്ഞ ജനസംഖ്യയുമുള്ള, ലോകത്തെ ഏറ്റവും വലിയ ദ്വീപും, ഏറ്റവും ചെറിയ ഭൂഖണ്‌ഡവുമാണ് ആസ്ത്രേലിയ. ആറ് സംസ്ഥാനങ്ങളും രണ്ട് യൂണിയൻ ടെറിട്ടറികളും ഇതിൽ ഉൾപ്പെടുന്നു. ഇതിലെ ഏറ്റവും ചെറിയ സംസ്ഥാനമായ വിക്ടോറിയയുടെ തലസ്ഥാനമാണ് മെൽബൺ നഗരം. അവിടമാണ് ഞങ്ങളുടെ വാസസ്ഥലം.

നാട്ടിൽ ഒരു പട്ടണം വിട്ട് മറ്റൊരു പട്ടണത്തിൽ എത്തിയാൽ വ്യത്യസ്തമായ ഭാഷാശൈലിയും, ഭക്ഷണരുചികളും അനുഭവപ്പെടുന്നതു പോലെ ഇവിടെ വലിയ വ്യത്യസ്തകൾ ഒന്നും തോന്നിയിട്ടില്ല. ഏത് ടൗൺ സെന്റെറിൽ എത്തിയാലും ഒരേ ഫിഷ് & ചിപ്സ്, ഒരേ ബർഗർ. പിറ്റ്സായുടെ കാര്യത്തിൽ മാത്രം പലപ്പോഴും വ്യത്യസ്തതകളും രുചി വൈഭവങ്ങളും തോന്നിയിട്ടുണ്ട്. ഞങ്ങൾ ആലപ്പുഴയിലും, ചങ്ങനാശ്ശേരിയിലും മറ്റും ഉള്ളവർ എറണാകുളത്തും കോഴിക്കോടും വരെ പോയി കായിക്കാന്റെ മട്ടൺ ബിരിയാണി, റഹ്മത്തിലെ ബീഫ് ബിരിയാണി, ചട്ടി പത്തിരി, ദുബായ് പാരഗൺ റെസ്റ്റോറന്റിലെ ആവോലി വാഴയിലയിൽ പൊള്ളിച്ചത് ഒക്കെ കഴിക്കാൻ എടുത്ത എഫർട്ടുകളെപ്പറ്റി ഓർക്കുമ്പോൾ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്.

ഇവിടെ ആസ്ത്രേലിയയിൽ എത്തിയ ശേഷം എന്റെ ഓഫീസിൽ കമ്പനി വക ഫ്രീ ലഞ്ച് തരുന്ന ഒരു കലാപരിപാടി എല്ലാ വെള്ളിയാഴ്ചകളിലും അരങ്ങേറിയിരുന്നു. തുടക്കത്തിൽ അവിടെ അവൈലബിൾ ആയിരുന്ന പല വിഭവങ്ങളുടെയും പേര് പറയാൻ നന്നേ പാടുപെടുമായിരുന്നു. ദുബായിലെ ജീവിതത്തിൽ നിന്നും പല വിദേശ ഭക്ഷണങ്ങളും പരിചിതമായിരുന്നെങ്കിലും ബീഫ് സ്ട്രോഗനോഫ്, ചിക്കൻ സ്ക്നിട്ട്സൽ, ബീഫ് ലസാഗ്‌നിയ, പെറി പെറി സോസ്, ബൊളോഗ്നീസ് തുടങ്ങിയവയുടെ ശരിയായ ഉച്ഛാരണം തുടക്കത്തിൽ ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ ചെറുതായിരുന്നില്ല. അപ്പോഴൊക്കെ ചെറുപ്പത്തിൽ നന്നായി നാക്കു വടിക്കാഞ്ഞതിനെ പഴിച്ചും, മലയാള ഭാഷയുടെ പരിമിതി ആവാം ഇതിന് ഒക്കെ കാരണം എന്നോർത്തും സമാധാനിച്ചു.

ഇത്തരം കട്ടിയേറിയ ചില ഐറ്റംസ് മെനുവിൽ കാണുമ്പോൾ ഒന്നുകിൽ നമ്പർ ചൂണ്ടിക്കാണിക്കും, അല്ലെങ്കിൽ ദോ ലത് എന്ന് ഇംഗ്ലീഷിൽ പറയും. അതുമല്ലെങ്കിൽ മനസ്സിൽ പിറുപിറുക്കും. ഒരു മോട്ടാ സെറ്റ്, ഒരു മസാല ദോശ എന്നൊക്കെ പറയാൻ എന്ത് എളുപ്പമാണ്, നമ്മുടെ ഭാഷ എത്ര യൂസർ ഫ്രണ്ട്ലി ആയിരുന്നു എന്നോർക്കും.

കൂടെ ജോലി ചെയ്തിരുന്ന ഡാനിയൽ എന്ന മൃഗ സ്നേഹിയായ ആസ്ത്രേലിയക്കാരൻ ജോലിക്ക് വരുമ്പോൾ വളർത്തുനായ ഡാഷിനെയും കൂടെ കൂട്ടുക പതിവായിരുന്നു. അയാൾ ജോലിയിൽ ഉള്ളപ്പോൾ ഡാഷിനെ വിൻഡോ തുറന്ന് വണ്ടിയിൽ ഇരുത്തും. ആസ്ത്രേലിയയിലെ ഭക്ഷണ പ്രിയരുടെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നായ “ദി ലോട്ട്” ആണ് ഡാനിയൽ മിക്കവാറും ഓർഡർ ചെയ്യുക. ഈ വൻകരയിൽ അവൈലബിൾ ആയ മിക്കവാറും ഇറച്ചികൾകൊണ്ടുള്ള ഒരു നാലുനില ബർഗർ. പിന്നെ ഇടക്ക് നാട്ടിൽ പുട്ടിന് പീര കയറ്റുന്നതുപോലെ ഇടക്ക് രണ്ട് മുട്ട ബുൾസ് ഐയും. ഡാനിയലിന്റെ ഓർഡർ മിക്കവാറും ഇത്തരം രണ്ട് ബർഗറുകൾ ആയിരിക്കും. വൺ ഫോർ ഡാനിയൽ, വൺ ഫോർ ഡാഷ്. പലപ്പോഴും ഡാനിയലിന്റെ ഓർഡറിന് താഴെ Same As Daniel എന്ന് എഴുതി ഞാനും പണി എളുപ്പമാക്കിയിരുന്നു.

വീട്ടിൽ വളർത്തിയിരുന്ന ക്രിസ്റ്റഫർ എന്ന പെരുമ്പാമ്പിനെകുറിച്ചും, ജോർജ് എന്ന സ്പൈഡറിനെ കുറിച്ചും, ഓരോ ദിവസവും ജീവിതം ആസ്വാദ്യകരമായി മുന്നോട്ട് നയിക്കുന്നതിനേപ്പറ്റിയും ഉള്ള ഡാനിയലിന്റെ വർണ്ണനകൾ കേൾക്കുമ്പോൾ ഞാൻ ഉൾപ്പെട്ട നമ്മുടെ പൊതുവിലുള്ള മലയാളി കാഴ്ചപ്പാടുകളെപ്പറ്റി ഓർത്തു പോകാറുണ്ട്, മക്കളുടെ കൊച്ചു കൊച്ചു നേട്ടങ്ങളിൽ അവരെ അഭിനന്ദിക്കുകയും, പ്രോൽസാഹിപ്പിക്കുകയും ചെയ്യാൻ പൊതുവിൽ മടി കാണിക്കുന്ന, കുറ്റപ്പെടുത്തലുകൾക്കും, താരതമ്യങ്ങൾക്കും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന, ഇന്നലെകളിലും നാളെകളിലും മാത്രം ജീവിക്കുന്ന, അന്നന്നത്തെ ജീവിതം ദുരിതപൂർണ്ണമാക്കുന്ന ഒരു സമൂഹമായി നമ്മൾ മാറുന്നില്ലേ എന്ന് ? പ്രകടമാക്കാത്ത സ്നേഹവും, ചിലവാക്കാതെ ക്ലാവ് പിടിച്ച ധനവും വെറും വ്യർത്ഥമാണെന്ന് എന്നാണ് നാം മനസ്സിലാക്കുക ?? ഏറ്റവും പ്രിയപ്പെട്ടവർക്ക് പോലും മരണശേഷം മാത്രം ഉമ്മകൊടുക്കുന്ന, മരണശേഷം മാത്രം അവരെപ്പറ്റി രണ്ട് നല്ല വാക്ക് പറയുന്ന, മരണശേഷം മാത്രം ഷൂസ് ധരിക്കുന്ന ഒരു പ്രത്യേക തരം ആളുകൾ അല്ലേ നമ്മൾ മലയാളികൾ എന്ന് ?

ആസ്ത്രേലിയയിൽ കുടിയേറിയതിന് ശേഷമുള്ള ഞങ്ങളുടെ ആദ്യ ഹോളിഡേ ട്രിപ്പ് ആയിരുന്നു ഗ്രാമ്പിയൻസിലേക്കുള്ള യാത്ര. മെൽബണിന് വടക്കു കിഴക്കായി നഗരത്തിൽ നിന്നും ഏകദേശം 250 കി.മീ ദൂരെയാണ് ഗ്രാമ്പിയൻസ് എന്ന മലയടിവാര ഗ്രാമപ്രദേശം. ഏകദേശം നാല് ലക്ഷത്തിൽ പരം ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന അഞ്ച് ചെറു മലനിരകളും പ്രകൃതി രമണീയമായ നിരവധി കാഴ്ചകളും ഉള്ള ഈ പ്രദേശം ഡിങ്കോസ്, റെഡ് ഫോക്സ് മുതലായ മാംസാഹാരികളായ മൃഗങ്ങളുടെയും കങ്കാരു, കോവാലാസ്, പ്രത്യേക ഇനം ആടുകൾ, യൂറോപ്യൻ റാബ്ബിറ്റ്, ബ്രൗൺ റാബ്ബിറ്റ് എന്നറിയപ്പെടുന്ന ചെറിയ ഇനം മുയലുകൾ എന്നിവയുടെയും എമു, കാസോവരി, കൂക്കാബരാ തുടങ്ങിയ പക്ഷികളുടെയും ആവാസ കേന്ദ്രമാണ്. സഞ്ചാരികൾക്ക് കൗതുകകരവും കുട്ടികൾക്ക് പഠനവിധേയമാക്കുവാൻ ഉതകുന്നതും ആയ നിരവധി കാഴ്ചകളാൽ സമ്പന്നമാണ് ഇവിടം.

ബ്രാം ബൂക്ക് നാഷണൽ പാർക്ക്, ഹാൾസ് ഗ്യാപ്പ് മൃഗശാല, മക്കെൻസീ വെള്ളച്ചാട്ടം, റീഡ്, ബൊറോക്കാ, പിന്നാക്കിൾ തുടങ്ങിയ ലുക്ക് ഔട്ട് പോയിന്റുകളും, നിരവധി വൈനറികളും ഇതിലെ ചില പ്രധാന ആകർഷണങ്ങളാണ്.

ഹാൾസ് ഗ്യാപ്പ് മൃഗശാലയിൽ ആകർഷണകാരികളായ പല പക്ഷിമൃഗാദികൾ ഉണ്ടായിരുന്നെങ്കിലും എന്നെ ഏറ്റവും ആകർഷിച്ചതും സ്പർശിച്ചതും ആസ്ത്രേലിയയുടെ ദേശീയ പക്ഷിയായ എമു വിനെപ്പറ്റിയുളള വിവരണം ആയിരുന്നു. 2.1 മുതൽ 2.8 മീറ്റർ വരെ ഉയരവും 35 കിലോ വരെ തൂക്കവും വയ്ക്കുന്ന ഇവറ്റകളിലെ മുട്ട ഇടുന്ന പരിപാടി മിസ്സിസ് എമുവിന് ആണെങ്കിലും അതിന് അടയിരിക്കുകയും മുട്ട വിരിയുന്നത് വരെയുള്ള എട്ട് ആഴ്ചകളോളം ജലപാനമോ, ഭക്ഷണമോ ഇല്ലാതെ തന്റെ ശരീരഭാരത്തിന്റെ മൂന്നിലൊന്ന് ഭാരം വരെ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന മിസ്റ്റർ എമുവിനെപ്പറ്റിയുള്ള കഥ കേട്ടപ്പോൾ ആദ്യ പ്രസവത്തിന് ഭാര്യയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയ ശേഷം ബന്ധുവും ഒത്ത് നേരേ ആഘോഷിക്കാൻ പോയി എന്ന പരാതി വർഷങ്ങളായി കേട്ടുകൊണ്ടിരുന്ന എന്റെ കണ്ണ് നിറഞ്ഞു പോയി.

മറ്റൊരു പ്രധാന ആകർഷണം ആയിരുന്നു ആസ്ത്രേലിയൻ ദേശീയ മൃഗമായ കാംഗരുക്കളെ കുറിച്ചുള്ള വിവരണം. രണ്ട് മീറ്ററിൽ അധികം ഉയരവും തൊണ്ണൂറ് കിലോക്ക് മുകളിൽ ഭാരവും വരുന്ന ആസ്ത്രേലിയയിലെ ജനസംഖ്യയുടെ ഏകദേശം ഇരട്ടിയോളം (50 മില്യൺ) വരുന്ന ഇവറ്റകളുടെ അമിത വർദ്ധന തടയാൻ കൂടുതൽ ആളുകൾ ഇവയെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്ന ആഹ്വാനം പോലും ഇവിടുത്തെ അഡലൈഡ് യൂണിവേഴ്സിറ്റിയിലെ ഒരു പ്രഫസർ നടത്തുകയുണ്ടായി. ആസ്ത്രേലിയയിലെ സിഡ്നിയിൽ ഉളള ഒരു പബ്ബിൽ ഇവിടുത്തെ ദേശീയ പക്ഷിയായ എമുവിന്റെയും, ദേശീയ മൃഗമായ കാംഗരുവിന്റെയും മാംസം കൊണ്ട് ഉണ്ടാക്കിയ പീറ്റ്‌സാകൾ (Pizza) പോലും വിളമ്പുന്നുണ്ട്.

ഗ്രാമ്പിയൻസിലെ മറ്റൊരു പ്രധാന ആകർഷണമായ മക്കെൻസി വെള്ളച്ചാട്ടത്തിന്റെ വൃഷ്ടിപ്രദേശങ്ങളിലെ കാനന ഭംഗിയും മറ്റും ആതിരപ്പള്ളി, വാഴച്ചാലുമായി യാതൊരു താരതമ്യത്തിനും ഇടമില്ലെങ്കിലും പരിസര മലിനീകരണം, വന വന്യജീവി സംരക്ഷണം മുതലായവയിൽ നമുക്ക് ഇവിടെ നിന്നും പലതും പഠനവിധേയമാക്കാവുന്നതാണ്.

എന്റെ കുടുംബവും, മറ്റ് മൂന്ന് സുഹൃത്തുക്കളുടെ കുടുംബവും, അവിവാഹിതനായ മറ്റൊരു സുഹൃത്തും ചേർന്നതായിരുന്ന ഞങ്ങളുടെ സംഘം. സംഘത്തിലെ ഒരാളുമായി വർഷങ്ങളായി ദുബായിൽ നിന്നു തുടങ്ങിയ സൗഹൃദം. ഞങ്ങളുടെ രണ്ടാളുടെയും മക്കൾ ഏകദേശം ഒരേ പ്രായക്കാർ. അതിനാൽ അവരും വളരെ ഉഷാറിൽ.ബാക്കിയുള്ളവരുമായി കഴിഞ്ഞ 10 വർഷങ്ങളായി തുടരുന്ന ഊഷ്മളമായ സൗഹൃദം, അവർ ആസ്ത്രേലിയയിലെ ഏന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ചിലർ. സംഘത്തിലെ മറ്റൊരാൾ മലയാള വ്യാകരണ ഗദ്യപദ്യ മേഖലകളിൽ അതി നിപുണൻ. സായം സന്ധ്യകളിലെ കവിയരങ്ങുകളിൽ ഇദ്ദേഹത്തിന്റെ മലയാള സംഗീത പരിഞ്ജാനത്തെ തോൽപിക്കാൻ ഞങ്ങളിൽ പലർക്കും സാധിക്കാറില്ല. ടിയാന്റെ സഹധർമ്മണി നല്ല വായനാശീലവും അത്യാവശ്യം നിരൂപണ കലയിൽ തരക്കേടില്ലാത്ത പരിജ്ഞാനവും ആർജ്ജിച്ചവൾ. എം.ടി.യുടെ അസുരവിത്തും, രണ്ടാമൂഴവും കെ.ജി.സാവന്തിന്റെ കർണ്ണനും ഒക്കെ ഹൃദ്യസ്ഥമാക്കിയവൾ.

സംഘത്തിലെ മറ്റ് രണ്ടാൾ കണ്ണൂർകാരായ നവദമ്പതികൾ. കണ്ണൂർകാർ നന്നേ സ്നേഹമുള്ളവരും, ആതിഥേയ മര്യാദകളിൽ പ്രത്യേക തൽപരരും ആണെന്ന് മനസ്സിലാക്കി തന്നവർ. പ്രായത്തിൽ ഞങ്ങളേക്കാൾ ചെറുപ്പമെങ്കിലും ഹാസ്യത്തിലും, സെൻസ് ഓഫ് ഹ്യൂമറിന്റെ കാര്യത്തിലും രണ്ടാളും ഒന്നിനൊന്ന് മെച്ചം. ടിക് ടോക് രംഗത്ത് സജീവമായിരുന്ന ഈ കലാകാരിയുടെ നിരവധി ആരാധകരെ അടുത്തിടെ ഉണ്ടായ മോദിജിയുടെ ടിക് ടോക് നിരോധനം, നിരാശയിലാഴ്ത്തിയതായി കേൾക്കുന്നു.

പിന്നെയുണ്ടായിരുന്നത് അന്നത്തെ ഞങ്ങളുടെ ഗ്രൂപ്പിലെ ഏക അവിവാഹിതൻ.

ആനന്ദലഹരിയുടെ പരമോന്നതിയിൽ എത്തിയാൽ പിന്നെ ആളിന്റെ സംസാരം ലൗഡ് സ്പീക്കറിലെ തോപ്രാംകുടി മൈക്കിനെ കടത്തി വെട്ടും. ഇത് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ഞങ്ങളുടെ താമസ സ്ഥലം 17 ഏക്കറിന്റെ ഒത്ത നടുവിലായി ഒറ്റപ്പെട്ടു സ്ഥിതി ചെയ്യുന്ന ജിൻചില ഫാം ഹൗസിലാക്കാൻ തീരുമാനിച്ചു. ഇതിനും പുറമേ ചുറ്റുമുള്ള മറ്റൊരു നൂറ്റി പത്തോളം ഏക്കറിൽ ആൾതാമസമോ ആൾ സഞ്ചാരമോ ഇല്ലാത്ത പ്രകൃതിഭംഗിയാൽ നിറഞ്ഞ ഭൂപ്രദേശം.

ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്നും ഏകദേശം മൂന്ന് മണിക്കൂർ യാത്രയുണ്ട് ഗ്രാമ്പിയൻസിലേക്ക്. കൂടുതലും ഇരുവശങ്ങളിലുമായി ആറുമുതൽ എട്ടു വരി പാതകൾ. സിറ്റി പ്രദേശം കഴിഞ്ഞാൽ 110 കി.മീ വരെയാണ് പരമാവധി വേഗത.കൂടുതലും നേർരേഖപോലെയുള്ള റോഡുകൾ.

ജി പി എസിൽ ഇടക്കെങ്കിലും കാണാനാവുന്ന ഒരു പ്രതിഭാസമാണ് 50 കി.മീ ക്ക് ശേഷം ലെഫ്റ്റ് / റൈറ്റ് ടേൺ എന്നത്. രണ്ട് രാത്രിയും മൂന്ന് പകലുമായാണ് ഞങ്ങളുടെ ടൂർ പ്ലാൻ ചെയ്തിരുന്നത്. ഞങ്ങൾ താമസിച്ചിരുന്ന ഫാം ഹൗസിനുള്ളിൽ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ട നിരവധി കായിക വിനോദങ്ങൾക്കുള്ള ഏർപ്പാടുകൾ ഉണ്ടായിരുന്നു. ഫാമിനുള്ളിൽ തന്നെ ഒരു ചെറു ഡാമും, അതിനുള്ളിൽ കയാക്കിംഗിനുള്ള സൗകര്യങ്ങൾ, കൂടാതെ സൈക്ലിംഗ്, ട്രാമ്പുലിൻ, ഇരുപതോളം പേർക്കുള്ള താമസസൗകര്യം, കുട്ടികൾക്കായി ബങ്ക് ബെഡ് സൗകര്യങ്ങൾ, സ്റ്റീം ബാത്ത്, വലിയ ബാർബിക്യൂ .

ആദ്യ ദിവസം തന്നെ ഞങ്ങളുടെ ഫാം ഹൗസ് മുയലുകളുടെ ഒരു വലിയ സങ്കേതമാണെന്ന് മനസ്സിലാക്കിയിരുന്നു. അവയെ പിടിക്കാനായി നിരവധി ട്രാപ്പുകളും അവിടെ ലഭ്യമായിരുന്നു. അവറ്റകളുടെ തലങ്ങും വിലങ്ങുമുള്ള ഓട്ടം കണ്ടപ്പോൾ വീട്ടിൽ നിന്നും കൊണ്ടുപോയ കറിവച്ചതും ചുടാൻ തയ്യാറാക്കിയതുമായ നിരവധി ഇറച്ചികൾക്ക് പുറമേ പിറ്റേന്നത്തെ ബ്രേക്ക്ഫാസ്റ്റിന് മുയലിറച്ചി ആക്കിയാലോ എന്ന് പോലും ഓർത്തുപോയി. അടുത്തടുത്തുള്ള ബുരോസ് (Burrows)ന് മുന്നിലായി ട്രാപ്പ് കൊണ്ടു വച്ചാൽ മതി അവർ കയറി വരും എന്ന് വിചാരിച്ചിരുന്ന ഞങ്ങളോട് ഇതല്ല ഇതിനപ്പുറവും ചാടി കടന്നവനാണ് ഈ K K ജോസഫ് എന്ന ഭാവത്തിൽ അവ ഓടിയൊളിച്ചു ഞങ്ങളെ ഇളിഭ്യരാക്കി.

എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന ശങ്കയിൽ എന്റെ ദുബായ് സുഹ്യത്ത് വെളുപ്പിന് വീണ്ടും എഴുന്നേറ്റ് അവിടെ പോയി ട്രാപ്പുകൾ പരിശോധിച്ച് നിരാശനായി തിരിച്ചു വന്നത് ഇപ്പോഴും ഓർക്കുന്നു.

രാത്രിയിലെ ഞങ്ങളുടെ നീണ്ട ബാർബി ക്യൂവിന് ശേഷം എല്ലാവരും സംഗീത സന്ധ്യക്കായി അകത്തു കയറി അല്പം വൈകി പുറത്തിറങ്ങി നോക്കുമ്പോൾ വീടിന് ചുറ്റും ദേശീയ മൃഗങ്ങളുടെ നൂറിൽപരംവരുന്ന ഒരു വലിയ സംഘം വളഞ്ഞിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. കാംഗരൂ കൂട്ടങ്ങൾ ബോധപൂർവ്വം മനുഷ്യരെ ആക്രമിക്കാറില്ലെങ്കിലും അവരുടെ കൂട്ട ഓട്ടത്തിനിടയിൽ എങ്ങാനും നമ്മൾ പെട്ടാൽ നമ്മേ നിഷ്കരുണം മറിച്ചിടാൻ ശേഷിയുള്ളവർ.

ഏകദേശം പത്ത് വർഷങ്ങൾ പിന്നിട്ടെങ്കിലും ഒരു പക്ഷേ ആസ്ത്രേലിയയിൽ വന്ന ശേഷമുള്ള ആദ്യ ട്രിപ്പ് ആയതിനാലാവാം ആ ഓർമ്മകൾ മനസ്സിൽ ഇന്നും പച്ചപിടിച്ചു നിൽക്കുന്നു.

മറ്റൊരിക്കൽ ഞങ്ങൾക്ക് വിക്ടോറിയ സ്റ്റേറ്റിൽ തന്നെയുള്ള ലോൺ ബീച്ചും അവിടെ നിന്നും അധികം ദൂരത്ത് അല്ലാതെയുള്ള സർഫേഴ്സ് പാരഡൈസ് എന്ന ബീച്ചും സന്ദർശിക്കാൻ അവസരം കിട്ടി. അതിനടുത്തായി ഉണ്ടായിരുന്ന ബോർഡ് കണ്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ധൈര്യം സംഭരിച്ച് മുന്നോട്ട് പോയി. “നൂഡ് ബീച്ച്” പുരുഷനും സ്ത്രീയും ഒറ്റക്കും കൂട്ടായും പൂർണ്ണ നഗ്നരായി നടക്കാനും കിടക്കാനുമുള്ള ബീച്ച്.

ഒരു വിധം തണുപ്പുള്ള സമയമായിരുന്നതിനാൽ ഒന്നു രണ്ടു ലേയറുകളുള്ള വസ്ത്രധാരണമായിരുന്നു ഞങ്ങളുടേത്. മാന്യമായി വസ്ത്രധാരണം ചെയ്തതിൽ ജീവിതത്തിൽ ആദ്യമായ് കുറ്റബോധം തോന്നിയ നിമിഷങ്ങൾ.

Comments
Print Friendly, PDF & Email