എന്റെ പ്രിയപ്പെട്ട അച്ഛന്‍റെ ഭൌതിക ദേഹം ഈ ഭൂമി വിട്ടകന്നിട്ട് മൂന്ന് ദശകങ്ങൾ പിന്നിട്ടിരിക്കുന്നു. പക്ഷെ, എന്‍റെ മനസ്സിൽ അച്ഛൻ ഇന്നും അന്നത്തെ പോലെ തന്നെ ജ്വലിച്ചു നിൽക്കുകയാണ്. തൃശൂർ ജില്ലയിലെ മുല്ലശ്ശേരി സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ആയിരുന്നു അച്ഛൻ. വിദ്യാർഥികളുടേയും സഹപ്രവർത്തകരുടേയും മനസ്സിൽ അച്ഛന് വലിയൊരു സ്ഥാനമാണുള്ളത്. അവരുടെ പ്രിയപ്പെട്ട മാഷ് ആയിരുന്നു അദ്ദേഹം.
തന്‍റെ ജീവിതത്തിലെ ഏറ്റവും ബൃഹത്തായ ഒരു കാലഘട്ടമായ അധ്യാപനജോലിയിൽ നിന്നും 58 മത്തെ വയസ്സിൽ വിരമിക്കുമ്പോൾ അച്ഛന്‍റെ ഒരു ഫോട്ടോ ഫ്രെയിം ചെയ്തു സ്കൂളിന്‍റെ അധികാരികൾ അദ്ദേഹത്തിന് സമ്മാനിച്ചു. കൂടാതെ ഒരെണ്ണം ഓഫീസ് മുറിയിലെ ചുമരിൽ ഇതിനു മുമ്പേ വിരമിച്ച പ്രധാന അധ്യാപകരുടെ ഫോട്ടോകളുടെ കൂട്ടത്തിൽ വെച്ചു. അച്ഛൻ ഞങ്ങളെ വിട്ടു പോയെങ്കിലും അദ്ദേഹത്തിന്‍റെ ഓർമ്മകൾ എപ്പോഴും ഞങ്ങൾ ഒരു സുവർണ്ണ കാലത്തിന്‍റെ സുന്ദര ചിത്രങ്ങളായി മനസ്സിൽ കൊണ്ട് നടന്നു. ഋതുക്കൾ ഏതോ കടമ തീർക്കുന്ന പോലെ തനിയാവർത്തനങ്ങളായി കാലചക്രത്തിനൊപ്പം സഞ്ചരിച്ചു.
വേണു ചേട്ടനുമായുള്ള കൽക്കട്ട ജീവിതം രണ്ടു മക്കളുടെ വളർച്ചയിലൂടെ അവരുടെ കുടുംബങ്ങളിലൂടെ ഏകതാള ഭാവത്തിൽ പാടിക്കൊണ്ടിരുന്നു. കാലം നമ്മളിൽ ഓരോ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടേയിരിക്കും. വേണു ചേട്ടന്‍റെ വിയോഗത്തിൽ നിന്നും മുക്തമാവാൻ എനിക്ക് പെട്ടെന്നാകുമായിരുന്നില്ല. പക്ഷേ ജീവിതം ജീവിച്ചു തന്നെ തീർക്കേണ്ടതാണല്ലോ. നല്ല കുറെ സുഹൃത്തുക്കളുടെ സമയോചിത ഇടപെടലുകൾ എന്നെ വീണ്ടും എഴുത്തിലേക്ക് കൊണ്ട് പോയി. അങ്ങനെ മനസ്സിലെ വേദന ഒരു കവിതയായി പിറക്കുകയും അത് പിന്നീട് മനോഹരമായ ഒരു ഗസൽ ആയി മാറുകയും ചെയ്തു. ഏറെ നാളത്തെ ആലോചനയ്ക്ക് ശേഷമാണ് ആ ഗസൽ ഒരു വീഡിയോ ആൽബം ആക്കാനുള്ള വഴി മുന്നിലേക്ക് വന്നത്. അതിന്‍റെ ഷൂട്ടിങ്ങിനിടയിൽ ഞാനെന്‍റെ ഗ്രാമത്തിലെത്തുകയും ഏറെ വർഷങ്ങൾക്ക് ശേഷം അച്ഛൻ ജോലി ചെയ്തിരുന്ന സ്കൂളിൽ പോകാൻ അവസരം ഉണ്ടാകുകയും ചെയ്തു. ‘സേതുവിന്‍റെ സ്വന്തം ചാരു’ എന്ന ആ വീഡിയോ ആൽബത്തിന്‍റെ ഷൂട്ട് സ്കൂളിന്‍റെ പുറകു വശത്തു ആയിരുന്നു. പരിസരം ആകെ മാറിയ കാരണം അച്ഛൻ ജോലി ചെയ്തിരുന്ന സ്കൂൾ ആണെന്ന് കൂടെ ഉള്ളവർ പറഞ്ഞപ്പോൾ മാത്രമാണ് ഞാൻ അറിഞ്ഞത് തന്നെ! മനസ്സിലപ്പോൾ ആ വിദ്യാലയത്തിലേക്ക് പോകണം എന്ന ചിന്ത ശക്തമാകുകയും ഞാൻ അവിടേക്ക് പോകുകയും ചെയ്തു .
അന്ന് അവധി ദിവസം ആയതിനാൽ സ്കൂൾ കെട്ടിടം അടച്ചു പൂട്ടിയിരുന്നു. എന്‍റെ അച്ഛൻ അധ്യാപനം നടത്തിയിരുന്ന ആ സ്കൂളിന്‍റെ മുറ്റത്ത് നില്ക്കുമ്പോൾ, അച്ഛന്‍റെ ഫോട്ടോ ഇവിടെയുണ്ടല്ലോ എന്ന ചിന്ത പൊടുന്നനെ എന്‍റെ മനസ്സിലേക്കെത്തി. എനിക്കതൊന്നു കാണണമെന്നു ഒരു മോഹമുണ്ടെന്ന് ഞാൻ എന്‍റെ കൂടെയുള്ളവരോട് പറഞ്ഞു. എന്നിട്ട് ആ വരാന്തയിലൂടെ നടന്ന് അവിടെ കണ്ട വാതിലുകളും ജനാലകളും കൈകൊണ്ട് പതുക്കെ തള്ളി തുറക്കാൻ ഒരു വൃഥാ ശ്രമം നടത്തി. പുറത്തപ്പോൾ ഇളം കാറ്റിനൊപ്പം ചെറുതായി പെയ്ത മഴയിൽ മുറ്റത്തെ ലാങ്കി ലാങ്കി മരം നനഞ്ഞു വിറച്ച് നിന്നു .
എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കുമ്പോൾ ആണ് ഞാനത് കാണുന്നത്. എനിക്ക് വലിയ അത്ഭുതമായി ; ചെറിയ ഒരു കിളിവാതിൽ സ്വല്പം തുറന്നു കിടക്കുന്നു! പെട്ടെന്ന് തന്നെ ഞാൻ അത് തള്ളി തുറന്നു.ഉള്ളിലെ ഇരുട്ടും പുറത്തെ മങ്ങിയ വെളിച്ചവും എന്‍റെ കണ്ണുകൾക്ക് വഴങ്ങിയപ്പോൾ ഞാനതു കണ്ടു! എന്റെ അച്ഛന്‍റെ ഫോട്ടോ! അതിശയമെന്ന് പറയട്ടെ, ആ ഫോട്ടോ മാത്രം കാണാൻ പാകത്തിന് ചെറിയ ഒരു വിടവ് മാത്രം! ബ്രിജേഷ് ആണ് അപ്പോൾ ആൽബത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരുന്നത്. ഉടനെ ഞാൻ പറഞ്ഞു. “ബ്രിജി, ദേ എന്‍റെ അച്ഛന്‍റെ ചിത്രം ചുമരിൽ കാണുന്നു . എനിക്ക് അതിന്‍റെ ഒരു ഫോട്ടോ എടുത്തു തരൂ പ്ലീസ് “…കിളിവാതിലിലൂടെ ഉള്ളിലേക്ക് നോക്കിയ ബ്രിജേഷ് സംശയത്തോടെ പറഞ്ഞു. “ആകെ ഇരുട്ട് ആണ് അകത്ത്. ഞാൻ ശ്രമിച്ചു നോക്കാം… ശരിയാകുമോ ന്ന് അറിയില്ല ട്ടോ”. മിടുക്കനായ, സമർത്ഥനായ ബ്രിജേഷ് അച്ഛന്‍റെ ഫോട്ടോ ഭംഗിയായി തന്നെ പുറത്തെ മങ്ങിയ പ്രകാശത്തിന്‍റെ സഹായത്തോടെ ക്യാമറയിൽ പകർത്തി.അച്ഛന്‍റെ മാത്രമല്ല, അച്ഛനെ നോക്കി നിൽക്കുന്ന എന്നെയും കൂടെ പകർത്തി. ബ്രിജേഷിന്‍റെ ക്യാമറയിൽ അത് കണ്ടു ഞാൻ അതീവ സന്തോഷത്തോടെ ആ കൈകളിൽ അമർത്തിപ്പിടിച്ചു. പിന്നെ, അതിലേറെ സ്നേഹത്തോടെ ആ കൈകൾ എന്‍റെ ചുണ്ടുകളിൽ ചേർത്തു.
അച്ഛൻ അത് കണ്ടു ഉറക്കെ ചിരിച്ചു! പിന്നെ സ്നേഹത്തോടെ പറഞ്ഞു. ‘മോളെ ഈ ചാറ്റൽ മഴയിൽ ഇങ്ങനെ നിൽക്കല്ലേ. വെള്ളം താഴ്ന്ന് നീരിളക്കം വന്നാലോ. വേഗം ഇറയത്തേക്കു കേറൂ”.. നിറഞ്ഞു നിന്ന മിഴികളോടെ ഞാൻ അച്ഛനെ അനുസരിച്ചു. അപ്പോൾ, മുറ്റത്ത് പൂത്തുലഞ്ഞു നില്ക്കുന്ന അച്ഛന്‍റെ പ്രിയപ്പെട്ട ലാങ്കി ലാങ്കി പൂക്കൾ അതിന്‍റെ മനം മയക്കുന്ന സുഗന്ധവുമായി വന്ന് എന്റെ കണ്ണുനീർ തുടച്ചു.
കവര്‍ ഡിസൈന്‍: വിത്സണ്‍ ശാരദ ആനന്ദ്