പൂമുഖം ഓർമ്മ ഒരു കാട്ടുചെമ്പകത്തിന്റെ ഓർമ്മക്കായി.

ഒരു കാട്ടുചെമ്പകത്തിന്റെ ഓർമ്മക്കായി.

കഴിഞ്ഞ ദിവസം അന്തരിച്ച കവിയും നടനും ആയ ജെയിംസ് കാരിയിലിനെ അനുസ്മരിക്കുന്നു.

1977 ജനുവരിയിലെ ഒരു പ്രഭാതം. തിരുവനന്തപുരത്തെ തനിനിറം പത്രത്തിനു മുകളിലുള്ള ഹാൾ. കലാനിലയം നാടകത്തിന്റെ ഫൈനൽ ഓഡീഷൻ നടക്കുന്നു. ഹാളിന്റെ ഒത്ത നടുക്കായി കൃഷ്ണൻ നായർസാർ ഇരിക്കുന്നു. അദ്ദേഹത്തിന്റെ നോട്ടം ഭയങ്കരമാണ്. ഒരാൾ ആർട്ടിസ്റ്റാണോ ഇല്ലയോ എന്ന് അറിയാൻ അങ്ങേർക്ക് ഒരു നിമിഷം മതിയാകും. ജഗതി എൻ.കെ. ആചാരിയെ പ്പോലൊരാൾ എഴുതുന്ന നാലര മണിക്കൂർ ദൈർഘ്യമുള്ള നാടകമൊക്കെ ഒറ്റയിരുപ്പിന് മൂന്ന് മണിക്കൂറാക്കി എഡിറ്റ് ചെയ്യുന്ന പ്രതിഭ. ഹാളിൽ ഒരു ഘനഗംഭീരമായ ശബ്ദം മുഴങ്ങി.

“എടേയ് ആ യോഹന്നാൻമാരെ വിളിക്കടെയ് “

ക്രിസ്തു നാടകത്തിൽ യോഹന്നാനായി അഭിനയിക്കാൻ വന്നവരെ ഒരാൾ
വിളിച്ചു കൊണ്ടുവന്നു.

യോഹന്നാൻമാർ ഓരോത്തരായി മുന്നിലേക്ക്‌ വന്നുതുടങ്ങി. ഒന്നു രണ്ടു വാക്ക് പറയുമ്പോഴെക്കും ശമുവൽ പ്രവാചകനെപ്പോലെ സാർ പറയും..

നിർത്തടേയ്. പോടെ …

ഓരോരുത്തരായി പുറത്തായി. ഒടുവിൽ ഒരു യുവാവ് ശേഷിച്ചു- കട്ടപ്പനക്കാരൻ
ജെയിംസ് കാരിയിൽ. അയാൾ പിന്നിലോട്ട് മാറി നിന്നു.

സാർ വിളിച്ചു. .
“താൻ എന്നാ കാണാൻ വന്നതാണ്? എന്തിനാടോ വായും പൊളിച്ച് നിൽക്കുന്നത്?”

ജെയിംസ് തലകുനിച്ചു. അടുത്ത ചോദ്യം:
“ഡയലോഗ് പറയാനോ അഭിനയിക്കാനോ വന്നതാണോ? അഭിനയിക്കാൻ
അറിയാമെങ്കി കേറി പറയോടെയ്..”

എല്ലാവരും ചിരിച്ചു.
ജെയിംസിന് വല്ലാത്ത നാണക്കേടായി . ഒടുവിൽ വെള്ളയാം കുടി പള്ളിയിലെ
സെന്റ ജോർജ് പുണ്യാളനെ ധ്യാനിച്ച് മുന്നോട്ട് കയറി ചെന്നു. ആചാരിയുടെ ദീർഘ ഡയലോഗിന്റെ ആദ്യവാക്യങ്ങൾ ഓർമ്മയിലുണ്ട്.

” നശ്വരവും ക്ഷണികവും ആയ ലൗകിക സുഖങ്ങളിൽ മുഴുകിയവരെ, സ്വർഗ്ഗചൈതന്യം നിങ്ങൾക്ക് നഷ്ടമായിരിക്കുന്നു… “

അത്രയും പറഞ്ഞപ്പോൾ ഡയലോഗ് മറന്നിരുന്നു. ഭാഗ്യത്തിന് സാർ പറഞ്ഞു.
“നിർത്തടേയ് … “

ആ യുവാവിനെ എല്ലാവരും സൂക്ഷിച്ചു നോക്കി. അയാളോട് സാർ പോടെയ് എന്നു പറഞ്ഞില്ല. അതിന്റെ അർത്ഥം ക്രിസ്തു നാടകത്തിലെ സ്നാപക യോഹന്നാൻ ആ കട്ടപ്പനക്കാരനാണ്. ജെയിംസ് കണ്ണു മിഴിച്ചു നിന്നു.

സാർ തുടർന്നു.
” എടേയ് ശക്തികുളങ്ങരയിൽ ക്രിസ്തു എന്ന നാടകമുണ്ട്. അതിൽ താൻ യോഹന്നാൻ വേഷം ചെയ്ത് കൊള്ളണം കേട്ടോ … “

അയാൾ തലയാട്ടി.

ജെയിംസ് ശക്തികുളങ്ങരക്ക് വണ്ടി കയറി. അവിടെ എത്തി കലാനിലയത്തിന്റെ സ്ഥിരം നാടകവേദിയിൽ അംഗമായി. ജനനവും മരണവും നടക്കുന്ന വലിയ ഒരു ലോകമാണ് നാടകവേദി . 280-300 പേരാണ് ആ ക്യാമ്പിലുള്ളത്. ഒരു തമിഴനാണ് ക്യാമ്പിന്റെ നടത്തിപ്പ്. അയാൾ കർശനക്കാരനാണ്. റിഹേഴ്സലിനു ചെല്ലാൻ താമസിച്ചാലോ, മെസ്സിൽ വൈകിയാലോ , റോൾ കോളിന് ചെന്നില്ലെങ്കിലോ ഫൈൻ അടിക്കും. അന്നൊക്കെ 125 രൂപയാണ് ശമ്പളം . അതിൽ 15 രൂപ ഫൈൻ തമിഴൻ കൊണ്ടു പോകും. ബാക്കി ചിലവെല്ലാം കഴിഞ്ഞ് 25 രൂപ ഒക്കെയാണ് സാധാരണ മിച്ചം കിട്ടുക. അവിടെ ചിലർക്ക് ഭക്ഷണം മാത്രം കിട്ടിയാൽ മതി. മറ്റ് ചിലർക്ക് ബീഡി മേടിക്കാനോ എണ്ണ മേടിക്കാനോ വല്ലതും കിട്ടിയാൽ മതി. മിക്കവരും സിനിമയിലെ ചാൻസ് തേടി വന്നവരാണ്. അക്കാലത്ത് കലാനിലയം സിനിമ പിടിച്ചിരുന്നു.

സെറ്റിൽ ഏതാണ്ട് നാല്പത് പേരാണ് പണി എടുക്കുക. കാർപേന്റെഴ്സ്, ധോബിമാർ , ലൈറ്റ്, സൗണ്ട് ടെക്നിഷ്യൻമാർ തുടങ്ങിയവർ. പാപ്പനംകോട് ലക്ഷ്മൺ രചിച്ച “സൽക്കലാ ദേവി തൻ ശില്പ ഗോപുരം —” എന്ന അവതരണ ഗാനം കേട്ടുതുടങ്ങിയപ്പോൾ ജെയിംസിന് ഭയം തോന്നിയില്ല. കട്ടപ്പനയിലെ സമിതികളിൽ അഭിനയിച്ച അനുഭവങ്ങൾ കരുത്തായി. ആചാരിയുടെ വാക്കുകൾക്ക് ജീവൻ വെച്ചു. ശക്തികുളങ്ങരയിലെ മൈതാനം പ്രകമ്പനം കൊണ്ടു. കൃഷ്ണൻ നായർ സാറിന്റെ തീരുമാനം കൃത്യമായി. തുടർന്ന് കലാനിലയത്തിന്റെ എല്ലാ നാടകത്തിലും വേഷം കിട്ടി.

പതിനൊന്ന് മാസം കഴിഞ്ഞപ്പോൾ ജെയിംസ് കട്ടപ്പനയ്ക്ക് മടങ്ങി. ആദ്യത്തെ ആവേശം തീർന്നപ്പോൾ അയാൾക്ക് മടുപ്പ് തോന്നി. അഭിനയിക്കുന്നതിനു പുറമേ ക്യാമ്പിൽ വേറേയും ജോലി ചെയ്യണമായിരുന്നു. മെസ്സിലെ ഭക്ഷണം ഒട്ടും ഇഷ്ടപ്പെട്ടില്ല.ശരീരം എല്ലും തോലുമായി. വീട്ടിൽ എത്തി. സിനിമ സംവിധായകൻ കെ ജി ജോർജ് വിളിക്കുന്നു. യവനികയുടെ രചനയിലാണ് അദ്ദേഹം. കൂട്ടിക്കലിൽ വെച്ച് അദ്ദേഹത്തെ കാണുന്നു. . കലാനിലയം നാടക വേദിയുടെ ഉള്ളുകള്ളികൾ എല്ലാം അദ്ദേഹം ചോദിച്ചു മനസ്സിലാക്കി.ഒന്നര മണിക്കൂർ സംസാരിച്ചു. ഒടുവിൽ പറഞ്ഞു. ‘നിനക്ക് സിനിമയിൽ ഞാൻ ഒരു വേഷം തരാം. നീ വരണം. ജെയിംസ് തലയാട്ടി. പിന്നീട് വേണു നാഗവള്ളി അഭിനയിച്ച ജോസ് കൊല്ലപ്പള്ളിയുടെ വേഷമാണ് കെ.ജി ജോർജ് മനസ്സിൽ കണ്ടത്. പക്ഷേ, വിധി മറ്റൊന്നായി.

1979 ൽ കട്ടപ്പനയിൽ കലാനിലയം വന്നു. അന്ന് കൃഷ്ണൻ നായർ സാറിന്റെ കാൽ മുറിച്ചിരിക്കുകയാണ്. സാറിനെ കാണാൻ ജെയിംസ് ചെന്നു. അയാളെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു

“നീ വാടേയ്… “

ജെയിംസ് മടിച്ചു. കെ.ജി ജോർജ് വിളിച്ചിട്ടുണ്ട്. അതു വരെ കെ. പി. എ. സി യിൽ അഭിനയിക്കാൻ കത്ത് വന്നിരുന്നു. പക്ഷെ തിരിച്ചു ചെല്ലാൻ കൂട്ടുകാരും നിർബന്ധിച്ചു. അവരെ തള്ളിപ്പറയാൻ കഴിഞ്ഞില്ല. കലാനിലയത്തിലേക്ക് മടങ്ങി.

1980 ൽ കലൂരിൽ കലാനിലയം ക്യാമ്പ് ചെയ്യുന്നു. നാടകം അരങ്ങേറുന്നു.

കൃഷ്ണൻ നായർ സാർ ലോകത്തോട് വിട പറയുന്നതപ്പോഴാണ്.മക്കൾ സമിതിയുടെ സാരഥ്യം ഏറ്റെടുത്തു. പക്ഷേ എല്ലാവർക്കും ശമ്പളം കൊടുക്കാൻ അവർക്ക് കഴിഞ്ഞില്ല. നാല്പത് വർഷത്തോളം സാറിന്റെ സന്തത സഹചാരികളായി കഴിഞ്ഞ പലരും അവിടെയുണ്ട്. അവരുടെ ജീവിതം അവതാളത്തിലായി. പുറത്തിറങ്ങി ജീവിക്കാൻ പലർക്കും അറിയില്ല. പോകാൻ വേറെ ഇടമില്ല , നാടില്ല, വീടില്ല! പ്രതിഷേധമായി, പണിമുടക്കായി , കളി നിർത്തി സമരം തുടങ്ങുകയായി. മാനേജ്മെന്റിന് വാശിയായി.
ജീവിതം വഴി മാറി പോകുന്നത് കണ്ട് ജെയിംസ് നിസ്സാഹായനായി നിന്നു.

ക്യാമ്പിൽ പട്ടിണിയായി. ആ സമയത്ത് ഈശ്വരി സ്വാമി വക്കീൽ ഒരു ദൈവ ദൂതനെ പോലെ വന്നെത്തുന്നു. സമരസഹായസമിതി രൂപികരിക്കുന്നു. കൊച്ചി മേയർ കെ ബാലചന്ദ്രനെ പ്രസിഡന്റാക്കി കലാനിലയം സ്റ്റാഫ് അസോസിയേഷൻ ഉണ്ടാക്കുന്നു. അവർ നാടകം കളിച്ച് ചിലവിന് പണം ഉണ്ടാക്കുന്നു. . ജെയിംസ് 21 അംഗ കമ്മറ്റിയിലായി. പിന്നിട് അതിന്റെ സെക്രട്ടറിയായി , വെസ് പ്രസിഡന്റായി. കോടതി വിലക്കിയതോടെ നാടകം നിർത്തേണ്ടി വന്നു. അങ്ങനെ തോറ്റു പിൻമാറാൻ അവർ തയ്യാറായില്ല. എറണാകുളത്തെ തെരുവിൽ പാത്രമെടുത്തു. കിട്ടിയ പൈസക്ക് പച്ചരി മേടിച്ചു കഞ്ഞി വെച്ചു. വീടുകളിൽ നിന്ന് അച്ചാർ വാങ്ങി കഞ്ഞി കുടിച്ചു.

275 പേരുടെ ജീവിതവും അവരുടെ കഷ്ടപ്പാടും ആണ് മുന്നിൽ. ജെയിംസിന് ഊണില്ല. ഉറക്കവും ഇല്ല . രാവും പകലും ജോലി. മുദ്രാവാക്യവും പ്രസ്താവനയും തയ്യാറാക്കണം. പത്രക്കാരെ കാണണം. ഒടുവിൽ ഒരു നാടകവേദി രൂപികരിക്കാൻ തീരുമാനിക്കുന്നു. ഇന്ത്യൻ ഡ്രാമാസ്ക്കോപ്പ്. 27 വയസ്സിൽ ജെയിംസ് അതിന്റെ ചെയർമാൻ ആയി. ഒരു തമാശക്ക് കൂട്ടുകാർ വിളിച്ചു- ‘കൃഷ്ണൻ നായർ’

രാമപുരത്ത് നാടക ക്യാമ്പ് തുടങ്ങി. എം ജെ ആന്റണിയുടെ ‘സൂര്യകാലടി’ ഉൾപ്പെടെ നാലഞ്ച് നാടകങ്ങൾ അരങ്ങേറി. ഒരു വിധം പിടിച്ചു നിൽക്കാമെന്നായി. അപ്പോഴാണ് മലയാളികളുടെ സ്വതസിദ്ധമായ ഗ്രൂപ്പിസം തലപൊക്കുന്നത്. ജാതിയായി, മതമായി, സവർണ്ണത നാവു നീട്ടുകയായി . ഒടുവിൽ മടുത്തിട്ട് ജെയിംസ് ചെയർമാൻ സ്ഥാനം ഒഴിയുന്നു. പിന്നീട് മറ്റ് നാടകവേദിയിൽ വേഷമിടുന്നു.

നാടക രംഗത്ത് തന്നെയുള്ള ബീന ജീവിത പങ്കാളിയായിരുന്നു. അവർക്ക് രണ്ടു മക്കളും ജനിച്ചു. മലബാർ സമിതികളിൽ അഭിനയിക്കുന്ന കാലത്ത് കവിതകൾ ചൊല്ലിത്തുടങ്ങി. അതിൽ ഹരം കയറി അഭിനയം നിർത്തുകയുണ്ടായി. വേദികളിൽ നിന്ന് വേദികളിലേക്ക്. ‘ഇടവപ്പാതി’ എന്ന കാവ്യസമാഹാരം പ്രസിദ്ധികരിച്ചു. ഒഴിവു സമയത്ത് കുട്ടികളെ നാടകം പഠിപ്പിക്കാൻ തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ ജീവിതം വഴിമുട്ടി. അപ്പോൾ ആത്മിയതയിലായി കമ്പം. കുമ്പനാട്ട് പോയി തിയോളജി പഠിച്ച്‌ ഒരു അവധൂതനെ പോലെ കഴിഞ്ഞു. മൂന്ന് മാസങ്ങൾക്ക് മുൻപ് കണ്ടപ്പോൾ എന്നോട് പറഞ്ഞു,ഒരു തീർത്ഥയാത്ര പോകുകയാണെന്ന്.

ഋഷികേശ് സന്ദർശിച്ചു മടങ്ങുമ്പോൾ പനിയായി. കോട്ടയത്ത് വെച്ച് ന്യുമോണിയ ബാധിതനായി,കഴിഞ്ഞ ദിവസം മരിച്ചു. ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തെ ശ്രീകാര്യം സെമിത്തേരിയിൽ ആ ജീവിതത്തിന് തിരശ്ശീല വീണു. നാളെ അദ്ദേഹം ഓർമ്മയാകും. കൈതപ്രത്തെ പോലെ കൈനിക്കരയേയും തിലകനേയും പോലെ പ്രതിഭാശാലിയായിരുന്നു അദ്ദേഹം. പക്ഷേ സമുദ്രത്തിന്റെ അഗാധതകളിൽ ശ്രദ്ധിക്കപ്പെടാത്ത രത്നമാകാനായിരുന്നു വിധി. ആരും കാണാതെ വാടി കൊഴിഞ്ഞു പോകുന്ന വന സുഗന്ധിയാകാനായിരുന്നു യോഗം.പാർട്ടിയും ഗ്രൂപ്പും കളിച്ച് അക്കാഡമികളിൽ കയറിപ്പറ്റിയില്ല അദ്ദേഹം.ഭ്രാന്തുപിടിച്ച ആൾക്കൂട്ടത്തിന്റെ നെറികെട്ട പോരാട്ടങ്ങളിൽ നിന്നകന്ന് സുബോധത്തോടെ നടന്നതിനാൽ ആരും അദ്ദേഹത്തെ അംഗികരിച്ചില്ല. പക്ഷേ കണ്ടുമുട്ടിയവരുടെ മനസ്സിൽ ഒരു തുണ്ടു വെളിച്ചമായി കിടക്കും.

ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളജിൽ വച്ച് മരിച്ച ജയിംസ് കാരിയിലിനെ 2010 ലെ ലോകനാടകദിനത്തിന് ദർശന ആദരിച്ചപ്പോഴത്തെ ചിത്രം .

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like