പൂമുഖം ഓർമ്മ ഒരു മീറ്റർഗേജ് ഓർമ്മ

ഒരു മീറ്റർഗേജ് ഓർമ്മ

ഞാൻ ഒരിക്കൽ ഹൈദരാബാദിൽ നിന്ന് യാത്ര ചെയ്യുകയാണ്. ഒരു മീറ്റിംഗിന് പോയതാണ്.മീറ്റിംഗ് കഴിഞ്ഞ് അടുത്ത ദിവസം തിരിച്ച് യാത്ര ചെയ്താൽ മതി. പക്ഷെ എനിക്ക് തോന്നി അന്ന് തന്നെ പോരണം ! എല്ലാം തോന്നലല്ലേ ?

അന്ന് ഇന്റർനെറ്റോ മൊബൈൽ ആപ്പോ ഇല്ല. ഇന്ത്യൻ റെയിൽവേ ആദ്യം ഓൺലൈൻ റിസർവേഷൻ കൊണ്ട് വന്നപ്പോൾ ടിക്കറ്റ് വന്നിരുന്നത് സ്പീഡ് പോസ്റ്റിൽ ആണ് .മൂന്ന് ദിവസം മുമ്പ് ബുക്ക് ചെയ്യണം. അതും നഗരങ്ങളിൽ മാത്രം. ചെന്നൈയിലെ എന്റെ ഓഫീസിൽ ഇരുന്ന് ഓൺലൈൻ റിസർവേഷൻ ചെയ്യുന്നതും ടിക്കറ്റ് സ്പീഡ് പോസ്റ്റിൽ വരുന്നതും ഒക്കെ രാജ്യം വലിയ സാങ്കേതിക മികവ് നേടിയതിന്റെ തെളിവാണ് എന്ന് അന്ന് തോന്നിയിരുന്നു. ഇന്ത്യൻ റെയിൽവേ റിസർവേഷൻ സിസ്റ്റം ആദ്യംവികസിപ്പിച്ചത് ഇൻഫോസിസ് ആണ് എന്ന് തോന്നുന്നു. ഈ സംഭവം നടക്കുന്നത് അതിനും മുമ്പാണ്.

കയ്യിൽ റെയിൽവേ ടൈം ടേബിൾ ഉണ്ട് . അന്ന് 15 രൂപയാണ് വില.ഹോട്ടലിൽ ഇരുന്ന് അത് മറിച്ച് നോക്കിക്കൊണ്ടിരുന്നപ്പോൾ ഒരു ഐഡിയ കിട്ടി . വൈകീട്ട് 7 മണിക്ക് സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വിശാഖപട്ടണത്തിന് പോകുന്ന ഒരു തീവണ്ടി ഉണ്ട്. അതിൽ കയറി വിജയവാഡയിൽ ഇറങ്ങിയാൽ ഡൽഹിയിൽ നിന്ന് വരുന്ന കേരള എക്സ്പ്രസ് കിട്ടും രണ്ടും തമ്മിൽ ഒരു മണിക്കൂറിന്റെ വ്യത്യാസമുണ്ട് !

രാത്രി ചെന്നെക്കും ഒരു വണ്ടി ഉണ്ട്. അത് രാവിലെ ചെന്നെയിൽ എത്തും . അവിടെ നിന്ന് 11 മണിക്ക് ഒരു വണ്ടി കാണുന്നു.അത് പിടിച്ചാൽ ഷൊർണൂർ ഇറങ്ങാം. പക്ഷെ ഞാൻ തീരുമാനിച്ചത് ചെന്നെയിൽ പോവണ്ട എന്നാണ്.കേരള എക്സ്പ്രസ് പിടിച്ചാൽ നേരെ കേരളത്തിൽ എത്തുമല്ലോ.അങ്ങനെ അപ്പോൾ തന്നെ പുറപ്പെടാൻ തീരുമാനിച്ചു.

സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ വൈശാഖിലേക്കുള്ള വണ്ടി പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു . ടിടിക്ക് കൈക്കൂലി കൊടുത്താണ് സീറ്റ് സംഘടിപ്പിച്ചത്. ട്രെയിൻ പുറപ്പെടാൻ തുടങ്ങും മുമ്പ് തോക്ക്പിടിച്ച കുറച്ച് പോലീസ് കാരും ഒരു മന്ത്രിയും പരിവാരങ്ങളും വന്ന് കയറി. എന്നെ ഇറക്കി വിടും എന്ന് ഭയന്നു . അതുണ്ടായില്ല. ഒരു സഹയാത്രികൻ ചെക്കൻ പറഞ്ഞു. അവന്റെ വല്യച്ഛനും ഇത് പോലെ ആണ് യാത്ര ചെയ്യുക എന്ന് . എം എൽ എ ആണത്രെ. നാക്സലുകളെ പേടിച്ച് .

അങ്ങനെ രാത്രി ഏകദേശം ഒന്നരയായപ്പോഴാണ് വിജയവാഡ എത്തുന്നത്. പക്ഷെ കേരള എക്സ്പ്രസ് പോയിരിക്കുന്നു ! സെക്കന്തരാബാദിൽ നിന്ന് പടിഞ്ഞാട്ട് പോകേണ്ടതിന് അതിബുദ്ധി കാരണം ഞാൻ കിഴക്കോട്ടേക്കാണ് പോയിരിക്കുന്നത്. ഉദ്ദേശിച്ച കണക്ഷൻവണ്ടിയും പോയിരിക്കുന്നു.

ഞാൻ വീണ്ടും ടൈം ടേബിൾ നോക്കി . വിജയവാഡയിൽ നിന്ന് ചെന്നൈ പോകുന്ന ഒരു ട്രെയിൻ ഉണ്ട് അതിൽ ഗുണ്ടൂർ ഇറങ്ങി യാൽ അവിടെ നിന്ന് ഒരു പാസഞ്ചർ പിടിച്ച് ആർക്കോണം എത്താം. അങ്ങനെ ചെന്നൈ വണ്ടിയിൽ കയറി ടി ടി ഇ ക്ക് കൈകൂലി കൊടുത്ത് ബർത്ത് വാങ്ങി. അതി രാവിലെ ഗുണ്ടൂർ എത്തി.

അവിടെ എത്തിയപ്പോൾ ഒരു കാര്യം മനസ്സിലായി . ആർക്കോണത്തേക്ക് പാസഞ്ചർ വണ്ടി ഒന്നും ആ സമയത്ത് ഇല്ല.സ്റ്റേഷൻ മാസ്റ്റർ ഒരു വഴി പറഞ്ഞു തന്നു . ബസ്സിൽ റെണിഗുണ്ടയിലേക്ക് പോയാൽ അവിടെ നിന്ന് പാസഞ്ചർ ഉണ്ട്, ആർക്കോണത്തേക്ക് .

അങ്ങനെ അതിരാവിലെ ഒരു കനത്ത ബാഗും തൂക്കി ഞാൻ റെണിഗുണ്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തു കടന്നപ്പോൾ ഞെട്ടി. ഒരു ടൈം മെഷീനിൽ കയറി ഇറങ്ങിയപോലെ ! കാളവണ്ടികൾ , പാൽക്കാരന്മാർ. വൃക്ഷച്ചുവട്ടിലെ തറയിൽ ഇരുന്ന് വർത്തമാനം പറയുന്ന വൃദ്ധന്മാർ.എരുമകളെ തെളിച്ച് പോകുന്ന ആളുകൾ.ടാറിടാത്ത റോഡുകൾ. തലയിൽ കുട്ടകൾ ചുമന്ന് പോകുന്ന സ്ത്രീകൾ… പതിനെട്ടാം നൂറ്റാണ്ടിലെ കാഴ്ചകൾ! എനിക്ക് ഭാഷയും അറിയില്ല. ഒരു കിലോമീറ്റർ നടക്കണം ബസ് സ്റ്റാന്റിലേക്ക്. അപരിചിതമായ വഴിയിലൂടെ നടക്കുമ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. മധ്യകാലനഗരങ്ങൾ എന്ന് തോന്നിക്കുന്ന നഗരങ്ങൾ ഇന്ത്യയിൽ ഇപ്പോഴും ഉണ്ടോ ? ബാഗും തൂക്കിപ്പിടിച്ച്,നടന്ന് ക്ഷീണിച്ച്, ബസ് സ്റ്റാൻഡിൽ എത്തി. ബസ്സിൽ കയറി. നിറയെ ജോലിക്ക് പോകുന്ന സാധാരണ തൊഴിലാളികൾ ആണ് . കയ്യിൽ ഓരോ ചോറ്റുപാത്രങ്ങൾ ഉണ്ട് . ദാവണിയും സാരിയും ഉടുത്ത സ്ത്രീകൾ പൗഡർ വാരി തേച്ച് പൂ ചൂടി.. കണ്ടക്ടറോടും പണിക്കാരായ സ്ത്രീകളോടും ഇംഗ്ലീഷ് + തമിഴ് + ഹിന്ദി + മലയാളം + ആംഗ്യ ഭാഷയിൽ എന്നെ റെണിഗുണ്ട റെയിൽവേ സ്റ്റേഷനിൽ ഇറക്കണേ എന്ന് പറഞ്ഞുറപ്പിച്ച് വീണ്ടും പതിനെട്ടാം നൂറ്റാണ്ടിലേക്ക് നോക്കി ഇരുന്നു.
സ്റ്റേഷൻ മാസ്റ്റർ പറഞ്ഞ പോലെ റെണിഗുണ്ടയിൽ നിന്ന് ആർക്കോണത്തേക്ക് പാസഞ്ചർ കിട്ടി. ആർക്കോണത്ത് നിന്ന് മലബാർ എക്സ്പ്രസിൽ കക്കാട്ടിരിക്ക്…

ആ യാത്ര എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ്. ഒരു വിചിത്രലോകത്തിലൂടെയുള്ള യാത്ര പോലെ !

വര : മധുസൂദനൻ അപ്പുറത്ത്

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like