പൂമുഖം ഓർമ്മ ഒരു കമ്മ്യുണിസ്റ്റ് ചരിത്രപുരുഷൻ കൂടി അരങ്ങൊഴിഞ്ഞിരിക്കുന്നു

ഒരു കമ്മ്യുണിസ്റ്റ് ചരിത്രപുരുഷൻ കൂടി അരങ്ങൊഴിഞ്ഞിരിക്കുന്നു

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

” എന്നും ഞാൻ ജീവിച്ചത് സാമ്രാജ്യത്ത വിരുദ്ധ ആശയങ്ങൾക്ക് വേണ്ടിയാണ് . സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് വേണ്ടിയാണ് . കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്ര പ്രതിബദ്ധതയ്ക്കും ജാഗ്രതയ്ക്കും സംഘടനാശുദ്ധിക്കും വേണ്ടിയാണ്.പാർട്ടിക്ക് അകത്തു ഞാൻ നിരന്തരം പോരാടിയത് . ആ പോരാട്ടത്തിൽ ഈ ആത്മകഥ പോലും എനിക്കൊരു ആയുധമായിട്ടുണ്ട് “

ഇന്നലെ മരിച്ച ബെർലിൻ കുഞ്ഞനന്തൻ നായർ എന്ന കമ്മ്യൂണിസ്റ്റിന്റെ ആത്മകഥയായ “പൊളിച്ചെഴുത്തി”ന്റെ ആമുഖ വരികളാണ് മുകളിൽ ഉദ്ധരിച്ചത് . പ്രത്യയ ശാസ്ത്രമില്ലാതെ അധികാരക്കൊതി മാത്രം ഊർജമായി കണ്ടു പാർട്ടി നടത്തുന്ന, കേരളത്തിൽ കമ്മ്യൂണിസ്റ്റുകൾ എന്ന് പറഞ്ഞു നടക്കുന്നവർക്ക് ഈ വരികളുടെ അർത്ഥം മനസ്സിലാകുമോ എന്തോ? മനസ്സിലായാലും അവർ അത് ചെങ്കൊടി പുതപ്പിച്ചു കിടത്തും. സഖാവ് ബെർലിനെ അവസാന കാലഘട്ടത്തിലും, മരിച്ചപ്പോഴും കിടത്തിയത് പോലെ.

ഞാൻ ബെർലിൻ കുഞ്ഞനന്തൻ നായരെ തേടിപ്പിടിച്ചു കണ്ടെത്തിയത് സോവിയറ്റ് കാലത്തിനിടെ 1989 ൽ കിഴക്കേ ബെർലിനിൽ വെച്ചായിരുന്നു. മൂന്നുമാസം ഒരു അന്താരാഷ്ട്ര മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിൽ പടിഞ്ഞാറൻ ബെർലിനിൽ താമസിച്ചപ്പോഴായിരുന്നു അത്. ആ വർഷത്തെ മെയ് ദിനം എനിക്ക് അദ്ദേഹത്തിന്റെ വക ആയിരുന്നു. മതിലിനപ്പുറത്തു പടിഞ്ഞാറൻ ബെർലിൻ എന്ന സ്ഥിതിയിൽ കിഴക്കൻ ജർമനിയിലെ ദ്വീപിൽ കഴിഞ്ഞ എനിക്ക് അന്നത്തെ വിസ അദ്ദേഹം ഒരുക്കി. ഞാൻ അന്ന് ഉണ്ടായിരുന്ന, ഇന്ന് ഇല്ലാതായ ഇരുമ്പു കർട്ടന് ഉള്ളിൽ സ്വസ്ഥമായി കറങ്ങി മെയ് ദിനം ആഘോഷിച്ചു.

” താൻ മെയ്ദിന റാലി കണ്ടിട്ട് അലക്സാണ്ടർ പ്ലാസയിൽ തന്നെ ഉള്ള എന്റെ ഫ്ലാറ്റിലേക്ക് വരുക, ഊണ് എന്റെ കൂടെ ആകാം.” അദ്ദേഹ൦ എന്നെ ക്ഷണിച്ചു. ആ മെയ് ദിനം എനിക്ക് ഉത്സവമായിരുന്നു. കാരണം ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തെ മെയ് ദിനത്തിൽ ഞാൻ പങ്കു ചേരുകയാണ്. രാഷ്‌ട്രീയത്തിൽ ഇടതു വശം ചേർന്ന് നടക്കുന്നവർക്ക് ആഹ്ളാദകരമായ ദിന൦ . മനസ്സിൽ “സഖാക്കളെ സഖാക്കളെ മുന്നോട്ടു” പാടിക്കൊണ്ട് ഞാൻ ആ മെയ് ദിനത്തിന്റെ ഫോട്ടോകൾ ഒന്നൊന്നായി എടുത്തു. റാലി കഴിഞ്ഞപ്പോഴാണ് ഞാൻ നിൽക്കുന്നത് അലക്സാണ്ടർ പ്ലാസയിൽ തന്നെ ആണെന്നും, അവിടെ തന്നെ ഉള്ള ഫ്ലാറ്റിലാണ് ബെർലിൻ കുഞ്ഞനന്തൻ നായർ താമസിക്കുന്നതെന്നും മനസ്സിലായത്. മെട്രോ സർവീസ് ഉള്ളതിനാൽ, സ്റ്റേഷൻ പരിസരത്തു നിന്ന് ഇറങ്ങുമ്പോൾ തന്നെ അലക്സാണ്ടർ പ്ലാസയിൽ എത്തിയിരുന്നു. സന്തോഷകരമായ ആ ജനക്കൂട്ടറാലി കണ്ടു കിഴക്കൻ ജർമ്മനി പോളണ്ട് പോലെയാവുകയില്ല എന്ന് ഞാൻ മനസ്സിൽ കുറിച്ചു. ഞങ്ങളുടെ ഉച്ച ഊണ് സമയത്ത് -എല്ലാം മലയാളി സ്റ്റൈൽ – അദ്ദേഹം പറഞ്ഞതും അതാണ് -കിഴക്കൻ ജർമനിയുടെ സമ്പദ് വ്യവസ്ഥ നല്ലതാണെന്നും, സോവിയറ്റ് ബ്ലോക്കിന്റെ അവസാന കോട്ടയായി ഇവിടം നില കൊള്ളുന്നുവെന്നും.

ഡൽഹി പാർട്ടി വിശേഷങ്ങൾ പങ്കു വെച്ച അദ്ദേഹം, ഞാൻ അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികളെ പറ്റി എഴുതി ക്കൊണ്ട് അമൃത ബസാർ പത്രിക എന്ന കൽക്കട്ട പേപ്പറിന് വേണ്ടി പ്രവർത്തിച്ചു എന്നറിയിച്ചപ്പോൾ, കൂടുതൽ പാർട്ടി കാര്യങ്ങളിലേക്ക് കടന്നു. അദ്ദേഹം ബ്ലിറ്റ്സിന്റെ മാത്രമല്ല, രണ്ടു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും കൂടി പ്രതിനിധി ആയിട്ടാണ് ബെർലിനിൽ പ്രവർത്തിക്കുന്നത് എന്ന് പറഞ്ഞു . അന്നത്തെ കിഴക്കൻ ജർമ്മനിയുടെ ഭരണാധികാരി ഹോയനക്കാരുമായി നല്ല ബന്ധം ഉണ്ടായിരുന്ന അദ്ദേഹം പല ഇടതു രഹസ്യങ്ങളും പങ്കു വെച്ചു. അതിൽ ഒന്ന് അച്ചടി സാങ്കേതികവിദ്യയിൽ മുന്പിലായിരുന്ന കിഴക്കൻ ജർമനിയെക്കൊണ്ട് അന്നത്തെ ഇടതു പക്ഷ പത്രമായിരുന്ന “പാട്രിയോട്ടിന്” ഒരു പ്രസ് തന്നെ സംഭാവന ചെയ്യിപ്പിച്ചതും , അന്നത്തെ എഡിറ്റർ അത് ദുരുപയോഗം ചെയ്തതും ആയിരുന്നു. കിഴക്കൻ ജർമ്മനി അച്ചടി വിദ്യയിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നായിരുന്നു. സോവിയറ്റ് യൂണിയനിൽ നിന്നും ഇന്ത്യയിൽ നിന്നും വിദ്യാർഥികൾ അവിടെ അച്ചടി വിദ്യയിലെ മുന്നേറ്റങ്ങൾ പഠിക്കുവാൻ പോകാറുണ്ടായിരുന്നു. കിഴക്കൻ ബെർലിൻ സോവ്യറ്റ് യൂണിയന്റെ പടിഞ്ഞാറൻ യൂറോപ്പിലേക്കുള്ള പടിവാതിൽ ആയതു കൊണ്ടും, നാറ്റോ സഖ്യത്തിന്റെ താവളം പടിഞ്ഞാറൻ ജർമനിയിലെ ബർലിൻ ആയതു കൊണ്ടും, ശീത യുദ്ധത്തിന്റെ ( കോൾഡ് വാർ) മുഖമായിരുന്നു. അവിടെയുള്ള ഒരു പത്രപ്രവർത്തകന് ഈ യുദ്ധത്തിന്റെ മുന്നണി റിപ്പോർട്ടർ കൂടി ആയേ പറ്റൂ. പി കൃഷ്ണ പിള്ളയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ച, ലെനിനും സ്റ്റാലിനും പാർട്ടി ക്ലാസ് നടത്തിയ മോസ്കൊയിലെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര സ്കൂളിൽ പരിശീലനം ലഭിച്ച ഏക മലയാളി എന്ന നിലയിലും. ബെർലിൻ കുഞ്ഞനന്തൻ നായർ സാമ്രാജ്യ ശക്തികളുടെ ശീത സമര കുതന്ത്രങ്ങളെ പറ്റി ഇന്ത്യയിലെ പത്രത്തിൽ എഴുതി. മാത്രമല്ല ഒരുപുസ്തകം തന്നെ പ്രസിദ്ധീകരിച്ചു. മോസ്കൊയിലെ പാർട്ടി സ്കൂളിൽ സ്റ്റാലിൻ എഴുതിയ ചില സൂക്തങ്ങൾ, അവിടുത്തെ ബോർഡിലും അദ്ദേഹത്തിന്റെ ഓർമയിലും മായാതെ കിടക്കുന്നതിനെപ്പറ്റി അദ്ദേഹം വാചാലനായിരുന്നു. പിന്നീട് അമ്പതുകളിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കന്മാരെ സ്റ്റാലിന്റെ ക്ഷണ പ്രകാരം രഹസ്യമായി കൽക്കത്തയിലെ ഹാൽദിയ തുറമുഖത്തു നിന്ന്, നിഖിൽ ചക്രവർത്തി എന്ന മെയിൻസ്ട്രീം പത്രാധിപർ കടത്തി വിട്ടതിനു സാക്ഷിയായതും അദ്ദേഹo വിവരിച്ചു. അതായതു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പല ചരിത്ര സംഭവങ്ങൾക്കും സാക്ഷിയായ ഒരു മനുഷ്യനോടാണ് ഞാൻ സംവദിക്കുന്നത് എന്ന് ഞാൻ മനസിലാക്കി.

തന്റെ യുവസുഹൃത്തും സഖാവുമായ സീതാറാം യെച്ചൂരിയെ പറ്റി അദ്ദേഹം അന്വേഷിച്ചു . അദ്ദേഹത്തെ സിപിഎം സെക്രട്ടേറിയറ്റ് അംഗമാക്കിയത് പാർട്ടിയുടെ ഭാവിയെ പറ്റി ശുഭ പ്രതീക്ഷ നൽകുന്നതായി പറഞ്ഞു . ഇന്ത്യയിൽ തിരിച്ചെത്തണമെന്നും , അത് ഡൽഹിയിൽ വേണമോ കേരളത്തിൽ വേണമോ എന്ന് തീരുമാനിച്ചിട്ടില്ല എന്നും അദ്ദേഹം അറിയിച്ചു. ഞാൻ പത്രപ്രവർത്തകരുടെ ഡൽഹി സഹകരണ ആവാസ സംഘത്തിലെ അംഗമാണെന്ന് കേട്ടപ്പോൾ, അവിടെ തനിക്കു ചേരുവാൻ കഴിയുമോ എന്ന് ആരാഞ്ഞു.

കാലം ആരെയും കാത്ത് നിൽക്കുന്നില്ല. ആ വർഷം നവംബറിൽ തന്നെ ബെർലിൻ മതിൽ പൊളിഞ്ഞു.കിഴക്കൻ ജർമ്മനി സോവിയറ്റ് യൂണിയന് മുൻപേ പടിഞ്ഞാറൻ ജർമനിയിൽ ലയിച്ചു. പടിഞ്ഞാറൻ ജർമ്മനി ഒന്നാം ലോകവും, കിഴക്കൻ ജർമ്മനി മൂന്നാം ലോകവുമായി കഴിയുന്ന അവസ്ഥ ഒരേ ഭാഷയും സംസ്കാരവും ഉള്ള ഒരു ജനതയ്ക്കു എന്നേക്കും തുടരുക അപ്രയോഗികമായിരുന്നു. അതും രണ്ടാം ലോക മഹായുദ്ധത്തിന്റെ വിജയികൾ നിയന്ത്രിക്കുന്ന സർക്കാരുകൾ ഉള്ളപ്പോൾ.കിഴക്കു -പടിഞ്ഞാറു ജർമനികളുടെ ഐക്യം കാലത്തിന്റെ ഒരു അനിവാര്യത മാത്രം ആയിരുന്നു

ബെർലിൻ കുഞ്ഞനന്തൻ നായരുമായുള്ള എന്റെ കൂടിക്കാഴ്ച മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവയുടെ ഇന്ത്യൻ ആവിർഭാവത്തിനു ഏകദേശം അഞ്ചു വർഷങ്ങൾക്ക് മുൻപേ ആയിരുന്നു. അതുകൊണ്ട് , അദ്ദേഹം കേരളത്തിൽ സ്ഥിര താമസത്തിനായി വന്നത് സിപിഎം അദ്ദേഹത്തെ പുറത്താക്കിയപ്പോൾ മാത്രമാണ് ഞാൻ അറിഞ്ഞത്. അദ്ദേഹത്തെപ്പോലെ , പ്രത്യയശാസ്ത്രവും, പാർട്ടി ചരിത്രവും രക്ത ധമനികളിൽ ഒഴുകുന്ന ഒരാൾക്ക് കേരളത്തിൽ അധികാരത്തിനു വേണ്ടി മാത്രം പാർട്ടി നടത്തുന്നവരിൽ നിന്ന് അങ്ങനെ ഒരു നീക്കം ഉണ്ടായതിൽ അത്ഭുതമൊന്നും തോന്നിയില്ല. പക്ഷെ അദ്ദേഹത്തിന്റെ പ്രായാധിക്യത്തിലും ശമിക്കാത്ത കമ്മ്യൂണിസ്റ്റ് ബോധത്തിലൂടെ നടത്തിയ പ്രത്യാക്രമണങ്ങൾ-എഴുത്തുകളിലൂടെയും , മറ്റു ഇടപെടലുകളിലൂടെയും – എന്നെ വളരെ ആകർഷിച്ചു.

അങ്ങനെയാണ് ഒരു പൊതു സുഹൃത്ത് വഴി ഞങ്ങൾ വീണ്ടും ബന്ധപ്പെടുവാൻ ഇടയായത്. അതും ടി പി ചന്ദ്രശേഖറിന്റെ ക്രൂരമായ പാർട്ടി സെൽ കൊലപാതകത്തിന് ശേഷം. ഇത് ആപത്കരമായ ബംഗാൾ മോഡൽ പോക്കാണ് എന്ന് മനസിലാക്കിയ ചിലർ ഡൽഹിയിൽ ഒരു പ്രതിഷേധ സമ്മേളനം കേരള ഹൗസിൽ വെച്ചു നടത്തുകയുണ്ടായി. അവിടെ ഈ സoഭവങ്ങളെ പറ്റി ഇംഗ്ലീഷിൽ ഒരു ലേഖന സമാഹാരം ഇറക്കണമെന്നു സുഹൃത്തുക്കൾ എന്നോട് അവശ്യപെട്ടു . ആ പുസ്തകം ബെർലിനും ഞാനുമായി വീണ്ടും ബന്ധപ്പെടുവാൻ കാരണമായി. തന്റെ പ്രധാന ലേഖനം ഏകദേശം ഒരാഴ്ചകൊണ്ട് എന്നോട് ഫോണിൽ അദ്ദേഹം പറയുകയായിരുന്നു . കൂടെ തന്റെ കേരളത്തിലെ അനുഭവങ്ങളും. ആ ഒരാഴ്ച എനിക്ക് കിട്ടിയത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആഗോള പ്രശ്നങ്ങൾ മാത്രമല്ല, കേരളത്തിലെ പ്രശ്നങ്ങളെപറ്റിയും ഉള്ള ഒരു സ്റ്റഡിക്ലാസ് ആയിരുന്നു. ക്ലാസ് എടുത്ത അദ്ദേഹത്തിന് വിദ്യാർത്ഥിയായ എന്നെ മനസ്സിലായി.ആ സൗഹൃദം വർഷങ്ങളോളം തുടർന്നു.


മാസത്തിൽ ഒരിക്കൽ ഫോണിൽ അദ്ദേഹം ഡൽഹി വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു, ഞാനുമായി നാട്ടിലെ പാർട്ടി വിശേഷങ്ങൾ പങ്കു വെച്ചുകൊണ്ട്. ഞങ്ങളുടെ പുസ്തകം നാട്ടിലും ചർച്ചാവിഷയമായി. പക്ഷെ ആർ എം പി എന്ന പാർട്ടിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷ അറ്റു പോയി ഒരു വർഷത്തിനുള്ളിൽ. ‘അവരെക്കൊണ്ട് പറ്റുന്ന പണിയല്ല ‘എന്ന് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു. ശാരീരികമായി ആരോഗ്യം വഷളായിക്കൊണ്ടുമിരുന്നു. എങ്കിലും വളരെ ജാഗരൂകനായ ഒരു മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം.

ഞങ്ങളുടെ സുഹൃദ് ബന്ധം ഒരു നല്ല ഡോക്യുമെന്ററി ഫിലിമിൽ പകർത്തണമെന്ന് ഞാൻ പദ്ധതിയിട്ടു.ലോകത്തെ മാറ്റിമറിക്കുന്നതിനെ കുറിച്ച് സ്വപ്നം കണ്ട്, സ്വപ്നങ്ങളുടെ ശവക്കോട്ടയിൽ ഇരിക്കുന്നവരെ പറ്റിയുള്ള ഒന്ന്. അങ്ങനെയുള്ളവരുടെ ഉള്ളം
ഒപ്പിയെടുക്കണം എന്ന് ഞാൻ കരുതി. അദ്ദേഹം സമ്മതിച്ചു.അപ്പോഴേക്കും പാർട്ടിയിൽ തിരികെ പോയിരുന്നുവെങ്കിലും. ഞാൻ ക്യാമറയുമായി തിരുവനന്തപുരത്തു നിന്നു കണ്ണൂരിനു ടിക്കറ്റ് ബുക്ക് ചെയ്തു. പക്ഷെ അന്ന് രാവിലെ വിളിച്ചപ്പോൾ “താൻ വരണ്ട,എനിക്ക് ആശുപത്രിയിൽ പോകണം” എന്നു പറഞ്ഞു അദ്ദേഹം അതിൽ നിന്ന് പിന്മാറി. അദ്ദേഹം കണ്ണൂർ പാർട്ടി ആസ്ഥാനത്ത് നടക്കുവാൻ പോകുന്ന തന്റെ വീഡിയോ അഭിമുഖത്തെ പറ്റി പറഞ്ഞു കാണണം.അവർ വിലക്കിയിട്ടുണ്ടാവണം. ഒരു അവസാന മണിക്കൂർ പിന്മാറ്റം അദ്ദേഹത്തിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അത് പിന്നീട് ചില പൊതു സുഹൃത്തുക്കൾ സ്ഥിരീകരിക്കുകയും ചെയ്തു.

അദ്ദേഹത്തെ ചെങ്കൊടി ഇട്ടു പുതപ്പിച്ചു തന്നെ വേണം അവസാന യാത്ര ചെയ്യിപ്പിക്കുവാൻ എന്ന് വാശിയുള്ള യെച്ചൂരി എന്ന പാർട്ടി സെക്രട്ടറിയാണ്‌,തന്റെ സ്വത:സിദ്ധമായ, ദുഷ്കരമായ സാഹചര്യങ്ങളെ പോലും ബോദ്ധ്യമാക്കാനുള്ള കഴിവ്‌ കൊണ്ട് ബെർലിനെ തിരിച്ചു പാർട്ടിക്ക് അകത്തു കൊണ്ടുവന്നത്. പുറത്തു പോയി തിരിച്ചു ചെന്നവർക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ടാകുക സ്വാഭാവികം. അത് ഞാൻ മനസ്സിലാക്കുന്നു. എനിക്ക് പരിഭവം ഇല്ല. പക്ഷെ ഒരു ചരിത്ര പുരുഷനെയും, അദ്ദേഹത്തിന്റെ അനുഭവങ്ങളെയും വരുംതലമുറക്കായി ഡിജിറ്റൽ ആയി സൂക്ഷിക്കുവാനുള്ള അവസരം നഷ്ടമായതിൽ എനിക്ക് സന്താപവുമുണ്ട് .

കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മരണവാർത്ത വായിച്ചപ്പോൾ ഒരു നിസ്സംഗതയാണ് തോന്നിയത്. ഒരു കാലഘട്ടത്തിന്റെ സുവർണ സ്വപ്നങ്ങൾ പാഴായി പോകുന്നത് കണ്ട ഒരു നല്ല മനുഷ്യൻ ചരിത്രത്തിലേക്കു നീങ്ങുന്നു. അദ്ദേഹത്തെ പോലെ മോസ്‌കോയിൽ സോവിയറ്റ് കാലത്തു പണിയെടുത്തു, സോവിയറ്റ് തകർച്ചക്ക് ശേഷം ജീവിതകാലം മുഴുവൻ പെൻഷൻ കിട്ടിക്കൊണ്ടിരുന്ന ഒരു പഴയ സഖാവിനോട് തന്റെ സോവിയറ്റ് അനുഭവങ്ങളെ പറ്റി ഒരു പുസ്തകം എഴുതുവാൻ നിർദേശിച്ചപ്പോൾ എന്നോട് അദ്ദേഹം പറയുകയുണ്ടായി
” നിങ്ങൾ ആവശ്യപ്പെടുന്നത് എന്റെ യൗവന സ്വപ്നങ്ങൾ ഓരോന്നായി എങ്ങനെ തകർന്നു എന്ന് ഞാൻ അനുഭവിച്ചറിഞ്ഞത് എഴുതി വെക്കാനാണ്. എന്റെ സ്വപ്നങ്ങൾ എന്റേത് മാത്രമാണ്.അതും അതിന്റെ നാശവും എന്റേത് മാത്രമാണ്.അത് പങ്കു വെയ്ക്കുക മനഃസാക്ഷിയുള്ള ആർക്കും ദുഷ്കരമാണ്”. ഞാൻ ഒരിക്കലും അദ്ദേഹത്തോട് ആ പുസ്തകക്കാര്യം പിന്നീട് ചർച്ച ചെയ്തില്ല. ബെർലിൻ എന്റെ ഡോക്യൂമെന്ററിയിൽ നിന്ന് ഒഴിഞ്ഞതിനും കാരണം മറ്റൊന്നുമല്ല എന്ന് ഞാൻ മനസ്സിലാക്കുന്നു.

പുതിയ ആകാശവും, പുതിയ ഭൂമിയും സ്വപ്നം കണ്ടവർക്ക് അത് തങ്ങളുടെ മുൻപിൽ, കാലഘട്ടത്തിൽ തന്നെ പൊളിഞ്ഞു എന്നത് എപ്പോഴും വേദനാജനകമായ അനുഭവം ആണല്ലൊ . അത് വീണ്ടും ഓർത്തെടുക്കുമ്പോൾ പ്രത്യേകിച്ചും.അതിനെ പറ്റി ചർച്ച ചെയ്യുവാൻ അനിതര സാധാരണമായ വിശകലന ശേഷി വേണം. അത് തങ്ങളുടെ ജീവിത സായംസന്ധ്യയിൽ ലഭിക്കുക വിരളമാണ്‌. ലാൽ സലാo സഖാവെ! നിങ്ങ ളുടെ സ്വപ്നഭൂമി ഇന്നില്ലെങ്കിലും നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങളിലൂടെ, അതിനെ പ്രായോഗികമാക്കുവാനുള്ള പരിശ്രമത്തിലൂടെ ഈ ലോകത്തെ, മനുഷ്യകുലത്തെ കുറച്ചു കൂടെ മഹത്തരമാക്കിയിട്ടാണ് പോകുന്നത്. കാരണം മാനുഷികസമത്വം , ശ്രേഷ്‌ഠത എന്നിവയിലേക്കുള്ള പ്രയാണത്തിൽ ലോകം നിങ്ങളുടെ സ്വപ്നങ്ങളുടെ അരികു പിടിച്ചു വളരെ ദൂരം കടന്നു വന്നിരിക്കുന്നു. ഈ പ്രയാണം നിങ്ങളിൽ അവസാനിക്കുന്നില്ല, ഞങ്ങളിലും.

ഒരു കണ്ണീർ നിറഞ്ഞ ലാൽ സലാം, സഖാവ് ബെർലിൻ കുഞ്ഞനന്തൻ നായർ.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like