പൂമുഖം ഓർമ്മ സർക്കസ് അനുഭവം അന്നും ഇന്നും

സർക്കസ് അനുഭവം അന്നും ഇന്നും

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

തിരുവനന്തപുരം പുത്തരിക്കണ്ടത്ത് സർക്കസ് തുടങ്ങിയപ്പോഴേ തീരുമാനിച്ചതാണ് മോളെ കൊണ്ടു പോയി കാണിക്കണമെന്ന്. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതിലൊന്നും വലിയ അത്ഭുതങ്ങളില്ലെങ്കിലും. വലുതാവുമ്പോൾ ഓർമ്മയിലെവിടെയെങ്കിലും ഒരു നിറം കിടന്നോട്ടെ എന്നു കരുതിയാണ് കഴിഞ്ഞ ആഴ്ച അവളെയും കൊണ്ട് JUMBO CIRCUS കാണാൻ പോയത്… കുട്ടിക്കാലത്തിന്റെ വർണ്ണപ്പകിട്ടുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സർക്കസ്.
പണ്ട് കല്ല്യാണങ്ങൾക്കും, ബന്ധുവീട് സന്ദർശനങ്ങൾക്കുമല്ലാതെ ഞങ്ങളെ പുറത്ത് കൊണ്ട് പോയിരുന്നത് സർക്കസ് കാണിക്കാനും, പെരുന്നാളുകൾക്ക് ബീച്ചിലും പാർക്കിലും ആയിരുന്നു. റോഡിൽ നിന്ന് സർക്കസ്സിന്റെ അനൗൺസ്മെന്റ് കേൾക്കുമ്പോഴെ ഞങ്ങടെ ഹൃദയത്തിൽ ട്രപ്പീസ് കളി തുടങ്ങും. വലിയ മാമനായിരുന്നു (വല്ല്യക്കാ) ഞങ്ങളെയും അടുത്ത വീടുകളിലെ എല്ലാ കുട്ടികളെയും കൂട്ടിക്കൊണ്ട് പോയിരുന്നത്. അന്ന് അതൊരു അത്ഭുത സ്വപ്നക്കൂടാരമായിരുന്നു. കടുംനിറങ്ങളുള്ള തുണികൾ തുന്നിച്ചേർത്ത മേലാപ്പ് കെട്ടിയ മാനം പോലെ!!

മൂന്നോ നാലോ വയസ്സിലാണ് ഞാൻ ആദ്യമായി സർക്കസ് കാണുന്നത്. അന്ന് ഞങ്ങൾ ബാപ്പയുടെ ജോലി സ്ഥലമായ വിജയവാഡയിലെ റെയിൽവേ കോട്ടേഴ്സിലായിരുന്നു. സർക്കസ് കണ്ടു കഴിഞ്ഞ് എനിക്ക് അതിലെ കുട്ടികൾ ഇട്ടത് പോലുള്ള മിന്നുന്ന ഫ്രോക്ക് വേണമെന്ന് വാശിയായി. കരച്ചിലായി … പിറ്റേന്നായിട്ടും ഞാനത് മറന്നില്ല. കരച്ചിലോട് കരച്ചിൽ. ..അത് പിന്നെ പനിയായി. ഇടക്കിടക്ക് അതും പറഞ്ഞ് ഉറക്കം ഞെട്ടൽ … ആകെ പുകിലായി. ഉമ്മാക്ക് ആധി കേറാൻ പിന്നെ വേറൊന്നും വേണ്ട. ഉമ്മ ഉടനെ തന്നെ ബാപ്പായെ ഫ്രോക്ക് വാങ്ങാൻ പറഞ്ഞു വിട്ടു. നഗരം മുഴുവൻ അരിച്ചു പെറുക്കിയിട്ടും അമ്മാതിരി ഒരു ഫ്രോക്ക് കിട്ടിയില്ല… എനിക്കാണെങ്കിൽ മരുന്ന് തന്നിട്ടും പനി കൂടി വന്നു. ഞങ്ങടെ തൊട്ടടുത്ത ക്വാട്ടേഴ്സിൽ ബാപ്പാടെ സഹപ്രവർത്തകൻ ആലപ്പുഴക്കാരൻ അങ്കിളും അദ്ദേഹത്തിന്റെ ഇംഗ്ലീഷുകാരി ഭാര്യയുമായിരുന്നു താമസം. അവസാനം കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ആ ആന്റി കടയിൽ പോയി ഒരു ഫ്രോക്ക് വാങ്ങിക്കൊണ്ടുവന്ന് അതിൽ സീക്വൻസ് ഒട്ടിച്ച് ഏകദേശം സർക്കസ്സ് ഉടുപ്പിന്റെ പരുവമാക്കി കൊണ്ടുത്തന്നു! എന്റെ പനിയും മാറി … രണ്ടു ദിവസം ദേഹത്ത് നിന്ന് മാറ്റാതെ ഞാനത് ഇട്ടു നടന്നെന്ന് ഉമ്മ എപ്പോഴും പറയും. അതൊന്നും വ്യക്തമായി ഓർമ്മയില്ലെങ്കിലും കണ്ണഞ്ചിക്കുന്ന നിറങ്ങളും വെളിച്ചവും മിന്നുന്ന ഉടുപ്പിട്ട പെൺകുട്ടി ഒരു കമ്പ് കടിച്ചു പിടിച്ച് അതിന്റെ മേലെ ഒരു പ്ലേറ്റ് എറിഞ്ഞു പിടിപ്പിച്ച് അതിൽ ഒരു ഗ്ലാസ് വച്ച് ബാലൻസ് ചെയ്തതും, ബലൂൺ വെടിവച്ച് പൊട്ടിക്കുന്നതുമൊക്കെ മങ്ങിയ ഓർമ്മയായി മനസ്സിലുണ്ട്…

കഴിഞ്ഞ അവധിക്കാലത്ത് നാട്ടിൽ നിന്ന് കുറച്ചുപേർ വന്നപ്പോൾ ഞാൻ പറഞ്ഞു നമുക്ക് സർക്കസ്സിന് പോകാം. കുട്ടികൾക്കൊക്കെ രസമായിരിക്കുമെന്ന്. കൂട്ടത്തിലെ ഒരു ചെറുപ്പക്കാരൻ പറഞ്ഞു. അത് വേണ്ട. അതില് പെണ്ണുങ്ങളൊക്കെ ‘എ’ പടം പോലെയായിരിക്കും. കൂടെ നിന്ന ചെറുപ്പക്കാരിയും അവനെ പിന്താങ്ങി. വേണ്ട വേണ്ട കുട്ടികളെ അതൊന്നും കാണിക്കണ്ട എന്ന് മുതിർന്നയാളും നിരസിച്ചു… പണ്ട് ഞങ്ങളെയൊക്കെ കാരണവർ സർക്കസ് കാണിക്കാൻ കൊണ്ടുപോയിരുന്നല്ലൊ എന്ന് ഓർമ്മിപ്പിച്ചപ്പോൾ മൂപ്പര് പറഞ്ഞു ‘അന്ന് ഞമ്മക്ക് ദീനിനെപ്പറ്റി ഇത്ര വിവരമില്ലായിരുന്നു ‘…
അതായത് അന്ന് പല ഇസങ്ങളും ഇവിടെ കടന്നുവന്നിട്ടില്ലാത്തത് കൊണ്ട് കാരണവർക്ക് പോലും സർക്കസ്സിലെ സാഹസികതയല്ലാതെ ലൈംഗികതയിലേക്ക് കടന്ന് ചിന്തിക്കാനുള്ള തീവ്രത ഇല്ലായിരുന്നു… അതായത് അന്നത്തെ അർദ്ധ ദാരിദ്ര്യം പങ്കിട്ട് എല്ലാ ജാതി മതസ്ഥരും സഹകരണത്തോടെ, സഹിഷ്ണുതയോടെ ജീവിച്ചിരുന്നു. ഗൾഫ് പണവും കടന്നുകയറ്റവും ഇത്രയ്ക്ക് വ്യാപകമല്ലായിരുന്നു. പേരിൽ മുസ്ലിം സ്കൂൾ എന്നുണ്ടായിരുന്നെങ്കിലും അവിടെ എല്ലാ മതസ്ഥരും പഠിച്ചിരുന്നു. ഇന്നത്തെപ്പോലെ പർദ്ദ യൂണിഫോമാക്കിയ പ്രത്യേക സ്കൂളുകൾ ഒന്നും ഇല്ലായിരുന്നു… ഈ വിഷയം വേറെ പറയേണ്ടതാണ്. (അതിന്റെ പ്രതികാരം തീർക്കാൻ ഞാനവരെ കുതിര മാളിക കാണിയ്ക്കാൻ കൊണ്ടുപോയി ) വീണ്ടും സർക്കസ് നൊസ്റ്റാൾജിയയിലേക്ക് തന്നെ പോകാം .

പുറംചുമരിൽ എല്ലാ മൃഗങ്ങളുടെയും ചിത്രങ്ങൾ ഉണ്ടെങ്കിലും പട്ടിയും, കുതിരയും, കഴുതയും മാത്രമേ ഇപ്പോഴത്തെ സർക്കസ്സിലുള്ളൂ. അതും അവരെ വെറുതേ പ്രദർശിപ്പിക്കുന്നേയുള്ളു…
പണ്ട് സൈക്കിൾ ചവിട്ടുന്ന ആനയും, ജീപ്പോടിക്കുന്ന കുരങ്ങനും, കുതിരപ്പുറത്തിരുന്ന് അഭ്യാസം കാണിക്കുന്ന സുന്ദരിമാരും എന്തൊരു ഹരമായിരുന്നു… സിംഹത്തിന്റേയും, കടുവയുടേയും, പുലിയുടേയും പരിശീലകനെ ആരാധനയോടെ കണ്ടിരുന്ന ആവേശങ്ങൾക്കൊന്നും ഇന്ന് ഇടമില്ല…
കൂടാരത്തിന്റെ പുറകു വശത്തുള്ള കൂടുകളിൽ നിന്നുള്ള വന്യ മൃഗങ്ങളുടെ ഗർജ്ജനങ്ങൾ കേട്ട് മുതിർന്നവരെ കെട്ടിപ്പിടിക്കുന്ന കുട്ടികളെയും, ആനപ്പിണ്ഡത്തിന്റേയും, കുതിരച്ചാണകത്തിന്റെയും മണമടിക്കുന്ന ഓർമ്മയിലെ ആ പഴയ കൂടാരങ്ങളെയും ഇന്ന് കാണാൻ കഴിയില്ല… കൂടാരങ്ങൾക്ക് വിശാലതയും, പൊക്കവും കുറഞ്ഞത് പോലെ!
അതോ വളർന്നു പോയ നമ്മുടെ സങ്കൽപ്പ ലോകം ചുരുങ്ങിപ്പോയതാണോ… തിരിച്ചറിയാനാവുന്നില്ല…

സൈക്കിൾ ബാലൻസിംഗ് പണ്ട് സർക്കസുകളിൽ ഒരു മെയിൻ ഐറ്റമായിരുന്നു. മൂന്നു ചക്രമുള്ള സൈക്കിൾ ഓടിക്കുന്നതും , ചവിട്ടിക്കൊണ്ടിരിക്കുമ്പോൾ ചക്രങ്ങൾ ഊരിയെടുത്ത് ഒറ്റച്ചക്രത്തിൽ ബാലൻസ് ചെയ്യുന്നതും ഉൾപ്പെടെ പല അഭ്യാസങ്ങളുമുണ്ടായിരുന്നു. കോമാളികൾക്ക് കുഞ്ഞു സൈക്കിളുകളുമുണ്ടായിരുന്നു.


ഇപ്പോൾ സാധാരണ സൈക്കിളിൽ രണ്ടു പേർ ചേർന്ന് ചെറിയ ചെറിയ അഭ്യാസങ്ങളേ കാണിക്കുന്നുള്ളൂ. കോമാളികൾ പഴയ പോലെ തമാശകളൊന്നും കാണിക്കാതെ തമാശയെന്ന പേരിൽ പരസ്പരം മുഖത്തടിച്ചു കളിയ്ക്കുന്നത് കണ്ട് വിഷമം തോന്നി. അവരുടെ കഴിവുകളെ ഉൾക്കൊള്ളിക്കാതെ ശാരീരിക വൈകല്യങ്ങളെ മാത്രം വില്പനച്ചരക്കാക്കുന്നതിൽ അമർഷം തോന്നി…

അന്നും ഇന്നും “ഗർർർ…
എന്ന ഇരമ്പം കൊണ്ട് മനുഷ്യന്റെ ഹൃദയവും തലച്ചോറും കാർന്ന് കൊണ്ട് തലങ്ങും വിലങ്ങും ബൈക്ക് ഓടിക്കുന്ന മരണക്കിണർ ഒരു അത്ഭുത പ്രതിഭാസമായിത്തന്നെ അവശേഷിക്കുന്നു!!. ഓരോ ഷോയ്ക്കും അവസാനത്തെ ഐറ്റമായും, ആദ്യത്തെ ഐറ്റമായും മാറി മാറി അവതരിപ്പിക്കുന്ന ട്രപ്പീസ് കളിയാണ് സർക്കസ്സിലെ ഹൈലൈറ്റ്!.. പതിയെ ഊഞ്ഞാലാടിയാടി പിടിവിട്ട് അടുത്ത ഊഞ്ഞാലാട്ടക്കാരന്റെ കൈയിൽ കൊളുത്തിപ്പിടിച്ചാടി തിരിഞ്ഞ് വരുമ്പോൾ കറക്ട് ടൈമിംഗിൽ മറ്റൊരാൾ ഊഞ്ഞാലാട്ടിയിട്ടു കൊടുത്ത് അതിൽ പിടിച്ച് തിരിച്ച് കേറി വീണ്ടും ആവർത്തിച്ച് അവസാനം ഊഞ്ഞാലിൽ കാലു കൊളുത്തിയിട്ട് തലകീഴായി മറ്റൊരാളെയും കൊണ്ട് ആടുന്നതൊക്കെ അന്നത്തെ അതേ വികാരത്തോടെ ശ്വാസം അടക്കിപ്പിടിച്ചാണ്
ഇന്നും കണ്ടു കൊണ്ടിരുന്നത്… താഴെ നെറ്റ് കെട്ടിയിട്ടുണ്ടെന്നത് അന്നത്തേക്കാളും ഇന്ന് ആശ്വാസം തന്നു… ബാൽക്കണിയും കടല(കപ്പലണ്ടി) വിൽപ്പനയും ഇല്ലാത്തത് വളരെയധികം മിസ് ചെയ്തു..

Comments

You may also like