പൂമുഖം CINEMA ‘പിന്നെയും’ ചലച്ചിത്രക്കാഴ്ചകള്‍

ടൊറോന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, മലയാളനാട് വാരികയ്ക് വേണ്ടി ഫെസ്റ്റിവൽ സെന്ററിൽ നിന്നും നേരിട്ട് റിപ്പോർട്ട് ചെയ്യുന്നത് ശ്രീ. സുരേഷ് നെല്ലിക്കോട് : ‘പിന്നെയും’ ചലച്ചിത്രക്കാഴ്ചകള്‍

t1

എസ്ക്കലേറ്ററിന്‍റെ തൊട്ടുമുമ്പിലെ പടിയില്‍ നിന്ന് സെല്‍ഫോണ്‍ സന്ദേശങ്ങള്‍ പരതിക്കൊണ്ടിരുന്ന മെലിഞ്ഞ സുന്ദരന്‍ ഫോണ്‍ കീശയിലിട്ട് തൊട്ടു താഴെനില്‍ക്കുന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് ‘ഹെലോ’ പറഞ്ഞു. മേളയിലെ ചിത്രങ്ങള്‍ ഏതെങ്കിലും കണ്ടിരുന്നോ, പൊതുവേ യുള്ള അഭിപ്രായം എങ്ങനെ എന്നൊക്കെ എന്നോടു ചോദിച്ചു. തിരിച്ചും ഉപചാരങ്ങള്‍ പറയുന്നതിനിടെ അദ്ദേഹത്തിന്‍റെ ലാന്‍‌യാര്‍ഡില്‍ തൂങ്ങുന്നത് റിച്ചി മേത്ത എന്ന പേരാണെന്നു കാണുമ്പോള്‍ എന്‍റെയുള്ളില്‍ സന്തോഷത്തിന്‍റെ വേലിയേറ്റം. ‘ഇന്‍ഡ്യ ഇന്‍ എ ഡേ’ – ആ വാക്കുകള്‍ എന്നില്‍ നിന്നു പുറത്തുവരുമ്പോള്‍ അദ്ദേഹത്തിനും അത്ഭുതമായി. പിന്നെ റിച്ചി മേത്തയുടെ സിനിമാചരിത്രം ഞാന്‍ അങ്ങോട്ടു പറഞ്ഞുകൊടുക്കുമ്പോള്‍ സ്വയം തോന്നിയിട്ടുണ്ടാകും താനിയത്രയൊക്കെ വലിയ താരമായോ എന്ന്.

t4 2007 ല്‍ റിച്ചി എടുത്ത ‘അമല്‍’ സന്‍‌ഫ്രാന്‍സ്‌ക്കോ മേളയില്‍ ബെസ്റ്റ് നരെറ്റീവിനുള്ള പുരസ്ക്കാരവും വിസ്‌ലര്‍ മേളയില്‍ രുപീന്ദര്‍ നഗ്രയ്ക്ക് മികച്ച നടനേയും നേടിക്കൊടുത്തിരുന്നു. നസീറുദ്ദീന്‍ ഷായേയും റോഷന്‍ സേത്തിനേയും സീമാ ബിശ്വാസിനേയും സം‌‌വിധാനം ചെയ്യാന്‍ ഭാഗ്യം ലഭിച്ച കനേഡിയന്‍ ഇന്ത്യക്കാരന്‍. മൂന്നുവര്‍ഷം മുമ്പ് സാക്ഷാത്ക്കാരം നടത്തിയ ‘സിദ്ധാര്‍ത്ഥ്’ അന്ന് കണ്ടപ്പോള്‍ തന്നെ മനസ്സിലിടം പിടിച്ചിരുന്നു. ഒരു കുട്ടിയുടെ തിരോധാനം സംബന്ധിച്ച സാമൂഹ്യപ്രശ്നങ്ങള്‍ വളരെ യഥാതഥമായി അവതരിപ്പിക്കുന്നതിലൂടെ റിച്ചി വീണ്ടും ജനമനസ്സുകളില്‍ സ്ഥാനമുറപ്പിക്കുകയാണുണ്ടായത്. ഇപ്പോള്‍ ഇതാ പുതിയൊരു വാര്‍ത്താചിത്രം കൂടി. സുപ്രസിദ്ധ സം‌വിധായകനായ അനുരാഗ്‌ കാശ്യപും, ‘ദ മാര്‍ഷ്യ’നും ഗ്ലാഡിയേറ്ററുമൊക്കെതയ്യാറാക്കിയ റൈഡ്‌ലി സ്കോട്ടും ഗൂഗിളുമൊക്കെചേര്‍ന്നൊരുക്കിയ

(ക്ലോ ഗ്രെയ്‌സ് മൊറേസ് – ‘ബ്രെയിന്‍ ഓണ്‍ ഫയറി’ലെ നായിക.)

  ‘ഇന്‍ഡ്യ ഇന്‍ എ ഡേ’. ഭാരതത്തിലെ നാനാത്വത്തെ ഒരുമിച്ചു കോര്‍ത്തെടുത്ത ഒരു വ്യത്യസ്ത ചിത്രം. ഒത്തിരിപ്പേരുടെ നിര്‍മ്മാണസഹായത്തില്‍ പൂര്‍ത്തി യാക്കപ്പെട്ട ഈ ചിത്രം ഇതില്‍ കാണുന്നവരും ബന്ധപ്പെട്ടവരുമായ എല്ലാവരുടേയും ചിത്രമാണ്‌, എല്ലാ അര്‍ത്ഥത്തിലും. 86 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ വാര്‍ത്താചിത്രം പിന്നീട് യൂറ്റ്യൂബില്‍ ലഭ്യമാകും.

ഒണ്‍‌ടേറിയോയില്‍, ഒരു പക്ഷേ ഒരു ‘വെറ്റ്‌റന്‍’ നമ്പര്‍ പ്ലെയ്‌റ്റുമായി വണ്ടിയോടിച്ചു നടക്കുന്ന ഒരേയൊരു റിട്ടയഡ് മലയാളി കേണല്‍ റെജി കൊടുവത്ത് ആയിരിക്കും. ‘റെജിന്‍സസ്’ എന്ന പേരിലൊരു ബ്ലോഗിന്‍റെ ഉടമ. സൈനിക് സ്കൂള്‍, നാഷനല്‍ ഡിഫന്‍സ് അക്കഡെമി, ഇന്‍ഡ്യന്‍ മിലിട്ടറി അക്കഡെമി എന്നീ ശരിയായ വഴികളിലൂടെ ഉയരങ്ങളിലെത്തിയ പട്ടാളക്കാരന്‍. അദ്ദേഹത്തിന്‍റെ ഒരു ബ്ലോഗിനുള്ള പ്രതികരണത്തിനു നന്ദി പറയാനാണ്‌ എന്നെ ആദ്യമായി വിളിക്കുന്നത്. ഏതാണ്ട് ഒരു വര്‍ഷം പ്രായമുള്ള ഒരു ദൂരഭാഷിണി- ഫെയ്‌സ് ബുക്ക്- ഓണ്‍ലൈന്‍ സൗഹൃദം. അത് ഞങ്ങള്‍ ഓഫ്‌ലൈനാക്കുന്നത് ‘പിന്നെയും’ കാണാന്‍ തീരുമാനിക്കുന്നതിലൂടെയാണ്‌. അങ്ങനെ ടിഫി(TIFF)ന്‍റെ ‘റഷ് ലൈന്‍‌അപ്പി’ (Rush Line-up)ല്‍ ഞങ്ങള്‍ സൗഹൃദം ഓഫ്‌‌ലൈനാക്കി.

രാത്രി ഒമ്പതിന്‌ ‘പ്രെസ്സ് ആന്‍റ് ഇന്‍‌ഡസ്ട്രി’ വിഭാഗത്തിനു മാത്രമായുള്ള പ്രദര്‍ശനത്തിനു എനിക്കും റെജിക്കും പുറമേ മറ്റു നാലുപേര്‍ മാത്രം. നേര്‍ത്ത തണുപ്പും, മഴ പെയ്യാനും പെയ്യാതിരിക്കാനുമുള്ള പുറത്തെ വീര്‍പ്പു മുട്ടലും, പ്രായമേറുന്ന രാതിയുമാകും പത്രക്കാരേയും സിനിമക്കാരേയും ഈ പ്രദര്‍ശനത്തില്‍ നിന്നു പിന്തിരിപ്പിച്ചത്. മാത്രമല്ല, ഇതിനകം മൂന്നു പ്രദര്‍ശനങ്ങള്‍ നടന്നു കഴിഞ്ഞിരുന്നു. പിറ്റേ ദിവസത്തെ അവസാന പൊതുപ്രദര്‍ശനത്തില്‍ തീയേറ്റര്‍ നിറയെ ആള്‍ക്കാരുണ്ടായിരുന്നെങ്കിലും മലയാളികളെ എണ്ണിത്തിട്ടപ്പെടുത്താന്‍ രണ്ടു കൈയിലെ വിരലുകള്‍ തന്നെ അധികമായിരുന്നു.

അടൂര്‍ ചിത്രങ്ങളില്‍ കാണാറുണ്ടായിരുന്ന നാടന്‍ സംഭാഷണങ്ങള്‍ക്കുള്ളിലൊളിച്ചിരുന്ന ഹാസ്യം എവിടെപ്പോയെന്നു തെരയുകയായിരുന്നു, ഞാന്‍. മകള്‍ വലുതായി പ്രത്യക്ഷപ്പെടുന്ന ആദ്യരംഗം പോലെ അരോചകമായ ഒരു നാടകം മറ്റൊരു അടൂര്‍ ചിത്രങ്ങളിലും ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. അതുപോലെ തന്നെ സപ്തതിയിലും ശതാബ്ദിയിലുമൊക്കെയെത്തിയ, കുന്തം വിഴുങ്ങിനിന്ന് കൃത്രിമത്വം കലര്‍ന്ന ഭാഷയില്‍ സംസാരിക്കുന്ന, പോലീസുകാരെയും. കാവ്യാ മാധവന്‍ ദേവിയിലേയ്ക്ക് ഇറങ്ങിച്ചെന്നതാണ്‌ ചിത്രത്തിനെ ജീവനോടെ നിലനിറുത്താന്‍ സഹായിക്കുന്നത്. അടൂര്‍ സിനിമകളിലെ പഴയകാലത്തെ ഞാനെപ്പോഴും മനസ്സില്‍ ആരാധിച്ചുനിറുത്തുന്നുണ്ട്.

പീറ്റര്‍ ബര്‍ഗ് സം‌വിധാനം ചെയ്ത ‘ഡീപ് വാട്ടര്‍ ഹൊറൈസന്‍’ 2010 ഏപ്രില്‍ 20 നു മെക്സിക്കന്‍ ഗള്‍ഫില്‍ നടന്ന, ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ചോര്‍ച്ചയുടേയും അതുണ്ടാക്കിയ അപകടത്തിന്‍റെയും കഥയാണു പറയുന്നത്. മാര്‍ക്ക് വാല്‍‌ബെര്‍ഗ് പ്രധാന വേഷം ചെയ്യുന്നു. ഡ്രില്ലിംഗ് റിഗ്ഗിന്‍റെ കുഴലിലൂടെ പുറത്തു ചാടിയ മീതെയ്‌ന്‍ വാതകമുണ്ടാക്കിയ പൊട്ടിത്തെറിയില്‍ പതിനൊന്നുപേര്‍ക്ക് ജീവന്‍ വെടിയേണ്ടി വന്നു. രക്ഷപ്പെട്ടവരില്‍ പലരും ഇന്നും കനത്ത രോഗാവസ്ഥയിലാണ്‌. മാര്‍ക്ക് സം‌വിധായകനോടൊപ്പം ചലച്ചിത്രമേളയിലുണ്ടായിരുന്നു. മാര്‍ക്കിനെ കാണാന്‍ കഴിയാത്തതിനാല്‍ ഞാന്‍ ബ്ലൂ ജേയ്‌സ് വേയിലെ ‘വാല്‍‌ബര്‍ഗേഴ്സി’ല്‍ പോയി. ഒരു ബര്‍ഗര്‍ തിന്നു വിശപ്പടക്കുകയും അവിടുത്തെ ഷെഫ് ആയ, മാര്‍ക്ക് വാല്‍ബെര്‍‌ഗിന്‍റെ സഹോദരന്‍ പോളിനെ കണ്ട് ദാഹമടക്കുകയും ചെയ്തു..

t5 (ഇവന്‍ മക്‌ഗ്രിഗൊര്‍ – ‘അമേരിക്കന്‍ പാസ്റ്റൊറലി’ന്‍റെ സം‌വിധായകനും നടനും)

1972  ല്‍ 33 വയസ്സുള്ള പ്പോളാണ്‌ പ്രശസ്ത ജാസ് സംഗീതജ്ഞനായ ലീ മോര്‍ ഗന്‍, ഭാര്യ ഹെലന്‍ മോര്‍ഗ ന്‍റെ വെടിയേറ്റു മരിക്കുന്നത്. ആ കഥയാണ്‌, സ്വീഡിഷ് സം‌വിധായകനായ കാസ്പെര്‍ കോളിന്‍ ‘ഐ കാള്‍ഡ് ഹിം മോര്‍ഗന്‍’ എന്ന ഡോക്യു മെന്‍ററിയിലൂടെ പറയുന്നത്. മോര്‍ഗന്‍റെ സുഹൃത്തു ക്കളും സഹപ്രവര്‍ത്തകരു മായ ഒട്ടേറെപ്പേരുമായി അഭിമുഖം നടത്തിയാണ്‌ കാസ്പെര്‍ ഈ ദൗത്യം പൂര്‍ത്തിയാക്കിയിരി ക്കുന്നത്.

മടക്കയാത്രയ്ക്കായി യൂണിയന്‍ സ്റ്റേഷനിലേയ്ക്കു നടക്കുമ്പോള്‍ നഗരത്തില്‍ ഉത്സവമില്ലാത്ത പലരേയും പതിവുപോലെ കണ്ടു. അതിലൊന്ന് രാവിലത്തെ യാത്രയിലെ, ‘ഗര്‍ഭിണിയാണ്‌; വിശപ്പുമുണ്ട്’ (Pregnant & Hungry) എന്ന ഒരു ബോര്‍ഡും പിടിച്ചിരിക്കുന്ന യുവതി ആയിരുന്നു. അവള്‍ അവിടെത്തന്നെ ഉണ്ടായിരുന്നു. ആകെയുള്ള വ്യത്യാസം ഇത്തവണ അവള്‍ ടോപ്പ് വയറിനു മുകളിലേയ്ക്ക് തെറുത്തുകയറ്റി വച്ചിരുന്നു. മുമ്പില്‍ കുത്തിയിരുന്ന ആള്‍ പത്ത് ഡോളര്‍ കൊടുത്ത് അവളുടെ ചിത്രമെടുക്കുന്നതിനും ഞാന്‍ സാക്ഷിയായി. രാവിലെ എനിക്ക് ഈ ഐഡിയ തോന്നിയിരുന്നെങ്കിലും എന്‍റെയുള്ളിലെ മലയാളി എന്‍റെ കോളറില്‍ പിടിച്ച് ശക്തിയായ വലിച്ചതിനാല്‍ എനിക്കതിനുള്ള ധൈര്യംനഷ്ടപ്പെട്ടിരുന്നു.

t3

Comments
Print Friendly, PDF & Email

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം

You may also like