പൂമുഖം സ്മരണാഞ്ജലി എൻ്റെ നമ്പൂതിരി (ആർടിസ്റ്റ് നമ്പൂതിരി അനുസ്മരണം)

എൻ്റെ നമ്പൂതിരി (ആർടിസ്റ്റ് നമ്പൂതിരി അനുസ്മരണം)

കഥകളെഴുതിത്തുടങ്ങുന്ന കാലത്തു നമ്പൂതിരി വരകളുടെ അനുഗ്രഹം കിട്ടണേ എന്ന് ഞാനും പ്രാർത്ഥിച്ചിരുന്നു. ഭാഗ്യവശാൽ കലാകൗമുദിയിലെ ആദ്യ കഥക്ക് തന്നെ ആ അനുഗ്രഹം കിട്ടി. എൺപതുകളുടെ ഒടുക്കമാണ് “സ്വർണഖനി” നമ്പൂതിരിച്ചിത്രങ്ങളോടെ അച്ചടിച്ച് വരുന്നത്. ആ കഥ നന്നായി ചർച്ച ചെയ്യപ്പെട്ടു. ആ കഥ ഇഷ്ടപ്പെട്ടതിനാലാവാം തൊട്ടടുത്ത കൊല്ലത്തിൽ ഓണപ്പതിപ്പിലേക്ക് കഥ തരാമോ എന്ന കത്ത് പത്രാധിപർ ജയചന്ദ്രൻ നായർ അയച്ചത്. ഞാൻ നടുങ്ങിപ്പോ യി. പലവട്ടം വായിച്ചു. കത്ത് ശരിയാണ്. “സ്വർണഖനി” പോലെ ഓണപ്പതിപ്പിലെ “ഗജാനനവും” (1990) നമ്പൂതിരി ചിത്രത്താൽ ശോഭിതമായി. പിന്നെ കുറെ കഥകൾ നമ്പൂതിരി വരയുടെ അകമ്പടിയോടെ കലാകൗമുദിയിൽ വന്നു. “ഞണ്ടും മീനും” “അനുഭൂതികൾക്ക് നിറം” “ആദാമിന്റെ മകൻ” “ജുറാസിക് പാർക്ക്” “നാട്ടുകാവൽ” എന്നിങ്ങനെ. 91 ഓഗസ്റ്റ് 18 ന്റെ ലക്കം മറക്കാനാവില്ല. “സാധാരണ വേഷങ്ങൾ” എന്ന എൻ്റെ കഥക്ക് തൊട്ടു മുൻപത്തെ പേജിൽ മാധവിക്കുട്ടിയുടെ “നീർമാതളം പൂത്ത കാലം” കഥയുടെ തൊട്ടു പിന്നിലെ പേജിൽ ഓ വി വിജയന്റെ “പ്രവാചകൻ്റെ വഴി”. മൂന്നിലും നമ്പൂതിരി വരയുടെ അനന്യ സൗന്ദര്യം..! വർഷം 94ഉം മറക്കാനാവില്ല. പൂരംകളി, ഒതേനൻ്റെ വാൾ എന്നീ കഥകൾക്കും അഞ്ചു അധ്യായങ്ങളായി നീണ്ട “പ്രളയ വാരിധി” എന്ന ലഘു നോവലിനുമായി നമ്പൂതിരി കുറെ ചിത്രങ്ങൾ വരച്ച വർഷമാണ്.

പിന്നീട് “മലയാളം” വാരികയിലും കുറെ കഥകൾ അദ്ദേഹത്തിൻ്റെ അനുഗ്രഹീത വരകളാൽ പ്രകാശിക്കപ്പെട്ടു. കഥകളുടെ കൂടെ ഫോട്ടോ എടുക്കുന്നത് കൊണ്ടാവും ആദ്യം കണ്ടപ്പോൾ തന്നെ “അംബികാസുതനല്ലേ” എന്ന് ചിരിച്ചു. കഥകൾ ഇഷ്ടമാണ് എന്ന് പറഞ്ഞു. പല തവണ പിന്നെയും കണ്ടു. ആദരവോടെ ഞാൻ സംസാരിച്ചു. പക്ഷേ വർത്തമാനങ്ങൾ നാലോ അഞ്ചോ മിനിറ്റിൽ ചുരുങ്ങി. മനസ്സിൽ എല്ലാം ഉണ്ടല്ലോ.

മലയാളത്തിൽ നമ്പൂതിരിയെപോലെ മറ്റൊരു വരയാൾ ഇനി ഉണ്ടാകുമെന്നു തോന്നുന്നില്ല.

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like