പൂമുഖം സ്മരണാഞ്ജലി നാലാം നിലയിലെ ബാൽക്കണി – പി വത്സല സ്മരണാഞ്ജലി

നാലാം നിലയിലെ ബാൽക്കണി – പി വത്സല സ്മരണാഞ്ജലി

പുഴയിലേക്കു ചാടാനൊരുങ്ങുന്ന നങ്ങേമയോട് അയാൾ ചോദിച്ചു :
നീന്താനറിയ്യോ നങ്ങേ?
അറിയും.
ആഴമറിയ്യോ നങ്ങേ?
അറിയില്ല.
നങ്ങ ആഴമറിയാതെ നീന്തിക്കടന്ന പുഴകൾ, കയങ്ങൾ.
മകനും കൂട്ടുകാരും കഴിച്ചിട്ടു പോയ എച്ചിലിലകൾ ഇരുട്ടത്ത് വാഴത്തൊടിയിൽ കുഴിച്ചിടുന്ന നങ്ങ.
എഴുപതുകളിലെ കേരള രാഷ്ട്രീയത്തിൽ നങ്ങ എന്നൊരു സ്ത്രീയുടെ ഒച്ചപ്പാടില്ലാത്ത ഇടപെടലുകൾ.
എത്ര നങ്ങമാരുടെ ആഴമറിയാത്ത നീന്തലുകളിൽ ഏറിയാണ് വസന്തത്തിന്റെ കാഹളമൂത്തുകാർ പുഴ താണ്ടാൻ തുനിഞ്ഞത്. എവിടേയും അടയാളപ്പെടാതെ പോയ നങ്ങമാരുടെ നീന്തലിനെക്കുറിച്ചെഴുതിയ ആഗ്നേയമാണ് എന്റെ വത്സല ടീച്ചർ.

പിന്നീട് ഭാരതത്തിലെ ചുവന്ന ഇടനാഴിയായി ആഴത്തിൽ വരഞ്ഞ ബസ്തറിലൂടെ നാലു വർഷം വഴിയും വഴിയമ്പലവുമില്ലാതെ അലഞ്ഞു നടന്നപ്പോൾ ഞാനേറെ നങ്ങമാരെ കണ്ടു. നങ്ങമാരില്ലാതെ അവരുടെ ഇടപെടലുകളില്ലാതെ ഒരു വിപ്ളവും സംഭവിക്കുന്നില്ല, അവർ തെളിച്ച വഴികളിലൂടെയല്ലാതെ അവർ പൊതിഞ്ഞ കിടങ്ങുകൾക്കു മുകളിലൂടെയല്ലാതെ അവർ വേവിച്ച പരിപ്പു തിന്നാതെ ഒരു സായുധനും കാടു തീണ്ടുന്നില്ല എന്ന അറിവിൽ, ആഴമറിയാതെ നീന്താനൊരുങ്ങുന്ന നങ്ങ ഏറ്റവും വലിയ വിപ്ളവകാരിയായി മാറുന്നതറിഞ്ഞു. അപ്പോഴും നങ്ങ കുങ്കുമപ്പാറയിലേക്കുള്ള കുതിപ്പിലും കിതപ്പിലും നീന്തുക തന്നെയായിരുന്നു , പക്ഷെ പുറത്തേറിയിരുന്നവർ തിരിച്ച് കരയിലേക്കു ചാടി ഓടി മറഞ്ഞിരുന്നു.

വത്സല ടീച്ചർ നെല്ല് മാത്രമല്ല, മസാലപുരട്ടി തൂക്കിയിട്ട പൂടയില്ലാ കോഴി പോലുള്ള ആ സിനിമ അവരെ ഓർമ്മിപ്പിക്കുന്നുമില്ല. തൊട്ടാൽ പൊട്ടുന്ന മാരയുടെ മാദകത്വവും മല്ലന്റെ നെഞ്ചുവിരിവും കുറുമാട്ടിയുടെ കാമക്കണ്ണുമല്ല നെല്ല്. അത്തരത്തിലൊരു പൊയ്ക്കാഴ്ച്ച വരച്ചുണ്ടാക്കിയ കച്ചവട സിനിമയിൽ എല്ലാമുണ്ട്, ആ പുസ്തകം മാത്രമില്ല. അലഞ്ഞുതിരിഞ്ഞു വന്ന ഒരു സഞ്ചാരിയുടെ ഇടത്താവളമായിരുന്നു തിരുനെല്ലി. അയാൾ കടന്നു പോയ വഴിയരികിലെ ചില മനുഷ്യർ മാത്രമായിരുന്നു അവർ.

നെല്ല്, വയനാടൻ ഗ്രോത ജനതയുടെ ചരിത്രമായി വായിക്കാൻ കഴിയാതെയും, ആദിമ ചോദനകളുടെയും ചേതനകളുടെയും അനുഷ്ഠാനങ്ങളുടെയും നേർ സാക്ഷ്യമായി മാറാതെയും, ഒരു നാടിന്റെ (കാടിന്റെ?) പുരാവൃത്തമായി തീരാതെയും പോയിട്ടുണ്ടെങ്കിൽ, അതിനുള്ള ഏക കാരണം അതൊരു കച്ചവട സിനിമയായി ജനങ്ങളിലേക്കെത്തി എന്നതു മാത്രമാണ്. വത്സല ടീച്ചറുടെ ഏറ്റവും ഗഹനമായ സാമൂഹ്യ സാംസ്കാരിക ഗവേഷണം, ഒരു ത്രികോണ പ്രണയ രൂപത്തിൽ ദൃശ്യഭാഷയായി എന്നതു മാത്രമാണ്.

എന്നാൽ എനിക്കാരാണ് പി വത്സല?
ആദ്യമായി എനിക്കൊരു നോവൽ സമ്മാനമായി കിട്ടുകയായിരുന്നു, സ്ക്കൂളിൽ നിന്ന് എട്ടിൽ പഠിക്കുമ്പോൾ ഏറ്റവും നല്ല യാത്രാവിവരണത്തിന്. വർണക്കടലാസിനകത്ത് പുതുമണം പൊഴിക്കുന്ന പുത്തൻ പുസ്തകം.
കവർ പേജിൽ നരച്ച ആകാശത്തിനു കീഴെ ഇരുണ്ട ഒരു ബഹുനിലക്കെട്ടിടത്തിന്റെ നാലാം നിലയിലൊരു ബാൽക്കണിയിൽ താഴെ തളർന്നുറങ്ങുന്ന നഗരത്തിലേക്കു നോക്കി നില്ക്കുന്ന ഒരു സ്ത്രീയുടെ വെളുത്ത രേഖാചിത്രം. പി. വത്സലയുടെ ‘കനൽ’.
‘അവൾ, അനുരാധ ഒളിച്ചോടിപ്പോന്നതാണ്, സ്വന്തം നാട്ടിൽ നിന്ന് വീട്ടിൽ നിന്ന് കുട്ടികളിൽ നിന്ന് കൂടെ ഭർത്താവുമുണ്ട്.’
ആദ്യ വരികൾ തന്നെ മനസിൽ കൊളുത്തിട്ടു .
ബാല്യത്തിന്റെ പൂത്തിരികൾ ഞാൻ മുഴുവൻ കത്തിച്ചു തീർത്തിരുന്നില്ല , കൗമാരത്തിന്റെ മഴവില്ല് എന്നിൽ തെളിഞ്ഞു കഴിഞ്ഞിരുന്നില്ല. ഭർത്താവിനൊപ്പം ഈ അനുരാധ എങ്ങോട്ടാണ് ഒളിച്ചോടുന്നത്? ഉയരത്തിലൊരു ബാൽക്കണിയിൽ ഏകയായി താഴത്തെ തണുത്തുറഞ്ഞ നിശ്ശബ്ദതയിൽ നിശ്ചലതയിൽ ഇവളെന്താണ് തേടുന്നത്?
ഇത്രയും കൗതുകത്തോടെ സന്തോഷത്തോടെ താത്പര്യത്തോടെ ഞാനന്നു വരെ ഒരു പുസ്തകവും വായിച്ചിട്ടില്ല. ഒരു മുതിർന്ന പെൺകുട്ടിയായി എന്ന് ആദ്യമായി എന്നെ ഓർമ്മിപ്പിച്ച പുസ്തകമായിരുന്നു ‘കനൽ’.

പിന്നീട്, അക്ഷരങ്ങളും സംഗീതവും വർണ്ണങ്ങളും പ്രണയവുമെല്ലാം പൂത്തുലയുന്ന വസന്തത്തിലേക്ക് ഞാൻ നടന്നു കയറിപ്പോയി. പിന്നിട്ട വഴികളിൽ ഞാൻ മറന്നിട്ടുപോയ കളിക്കോപ്പുകളും സമ്മാനങ്ങളും അമ്മയുടെ സ്വകാര്യ ശേഖരങ്ങളായി. അതിനിടയിലെവിടേയോ അനുരാധയും അവളുടെ ഏകാന്ത രാത്രിയും മറഞ്ഞു കിടന്നു.

വർഷങ്ങൾക്കു ശേഷം ഈയിടെയായി ഞാൻ അനുരാധയെക്കുറിച്ച് ഏറെ ഓർക്കുന്നു.
ഉറങ്ങുന്ന നഗരത്തിന്റെ തണുത്ത ഏകാന്തതയിൽ നേർത്ത ഒരു സ്ത്രീരൂപം തെളിയുന്നു.
പഞ്ചാര മണൽ തട്ടിത്തെറിപ്പിച്ച ബാല്യം വെള്ളാരങ്കല്ലുകളും കാക്കപ്പൊന്നും ശേഖരിച്ച കൗമാരം നിറയെ പൂമരങ്ങൾ കാവൽ നില്ക്കുന്ന നനുത്ത പുല്ലു പുതച്ച യൗവ്വനം.
എന്റെ പാതയുടെ അങ്ങേയറ്റം കണ്ടു തുടങ്ങിയിരിക്കുന്നു.
ഇതിനപ്പുറം വലിയ മരങ്ങൾ ഒരുക്കുന്ന തണലിൽ ഉറച്ച മണ്ണിലൂടെയുള്ള വിശാല വീഥിയാണ്. അവിടെ വർണ്ണാഭമായ പൂക്കളില്ല, പക്ഷെ മൂത്തു പഴുത്ത കനികളുണ്ട് . ഒളിച്ചിരിക്കുന്ന അത്ഭുതങ്ങളില്ല, പക് ഷെ അനുഭവങ്ങൾ ഒരുക്കിയ ഇരിപ്പിടങ്ങളുണ്ട് . ഇപ്പോൾ ഈ വസന്തത്തിന്റെ പാതയിൽ, ഏറ്റവും ഇങ്ങേയറ്റത്ത് ഒരല്പനേരം കൂടെ കൂടുതൽ തങ്ങുവാൻ മോഹിച്ച് ഈ പൂമരത്തിനു കീഴെ ഇങ്ങിനെ നില്ക്കുമ്പോൾ, എനിക്ക് അനുരാധയെ നല്ലതുപോലെ മനസിലാവുന്നു.

പിന്നിട്ട ഓരോ വഴിത്തിരിവിലും തൂവലുകൾ ഊരുന്ന ഓരോ ഋതുവിലും ഇലകൾ പൊഴിക്കുന്ന ഓരോ സ്ത്രീയും, ഒരു ഘട്ടത്തിൽ അവൾക്കു മാത്രമായി ഒരിടം ജനാലകളുള്ള ഒരൊഴിഞ്ഞ ഇടനാഴി ഉയരത്തിലൊരു ബാൽക്കണി തണുത്ത കാറ്റടിക്കുന്ന ഒരു വരാന്ത തണൽ മരത്തിനു താഴെ ഒരൊഴിഞ്ഞ ഇരിപ്പിടം തേടുന്നു. അനുരാധ നേടിയ ഉയരങ്ങളിലെ ഏകാന്തതയുടെ കൂട് എനിക്കിപ്പോൾ കൂടുതൽ വ്യക്തമാണ്. ഞാൻ മുതിർന്നു കൊണ്ടേയിരിക്കുന്നു.

പി വത്സല, ഞാനൊരു കുമാരിയായിത്തുടങ്ങി എന്ന് എന്നെ ആദ്യമായി ഓർമ്മിപ്പിച്ചവർ.

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like