പൂമുഖം Travelയാത്ര ഇസ്താംബുൾ നാമ

ഇസ്താംബുൾ നാമ

 ഭാഗം മൂന്ന്

ഓറിയന്റ് എക്സ്പ്രസ്സ് 

ഓറിയന്റ്  എക്സ്പ്രസ്സ്  എന്ന പേര് കേട്ടിരുന്നുവെങ്കിലും അത് ചരിത്രത്തിലേക്ക് മറയുന്നതിന് മുൻപായി അവസാനമായി യാത്ര അവസാനിപ്പിച്ച  സിർകേസി സ്റ്റേഷൻ കണ്ടത് അപ്രതീക്ഷിതമായി കിട്ടിയ ബോണസ്  ആയിരുന്നു. ഇത്രയും വർഷങ്ങൾക്കു ശേഷം കാണുമ്പോഴും കെട്ടിടത്തിന്റെ വലിപ്പവും പ്രൗഢിയും നിർമ്മാണചാതുരിയും ആരെയും അത്ഭുതപ്പെടുത്തും. 

വളരെ പൊക്കത്തിലുള്ള മച്ചും പല നിറത്തിലുള്ള ഗ്ലാസുകൾ പതിച്ച വൃത്താകൃതിയിൽ ഉള്ള ജനാലകളും ഈ മന്ദിരത്തിന്  പ്രത്യേക ചാരുത നൽകുന്നുണ്ട്. മൺമറഞ്ഞു പോയ പല രാഷ്ട്രനേതാക്കളുടെയും സാംസ്കാരിക നായകന്മാരുടെയും കലാകാരന്മാരുടെയും പാദസ്പർശം കൊണ്ട് ധന്യമായ സ്റ്റേഷന്റെ തീവണ്ടി നിൽക്കുന്ന തുറന്ന ഭാഗം വളരെ നീളത്തിലുള്ളതാണ്. സ്റ്റേഷന് അകത്തുതന്നെ ഒരു കഫെ പ്രവർത്തിക്കുന്നുണ്ട്; കുറെ ആളുകൾ അവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. സ്റ്റേഷൻമാസ്റ്ററുടെ ഓഫീസ് ഇപ്പോഴും പഴയ രീതിയിൽ  സൂക്ഷിച്ചിട്ടുണ്ട്. 50  ലിറ കൊടുത്താൽ സ്റ്റേഷനിലുള്ള ടോയ്ലറ്റ് ഉപയോഗിക്കാം. ഓറിയന്റ് എക്സ്പ്രസ്സിന്റെ ചരിത്രം വിവരിക്കുന്നു ചെറിയ മ്യൂസിയവും ഈ കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.

ഓറിയന്റ് എക്സ്പ്രസ് എന്നത് 1883ല്‍ പാരീസിൽ നിന്നും ആരംഭിച്ച ഒരു ദീർഘദൂര ആഡംബര ട്രെയിനിന്റെ പേരാണ്. 

പാരീസിനെയും ഇസതാംബൂളിനെയും റെയിൽ മൂലം ബന്ധിപ്പിക്കണമെന്ന് ആഗ്രഹിച്ച ജോർജസ് നേഗൽ മാക്കേർസിന് ഈ പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നതിനായി ദശകങ്ങളോളം  ബാങ്കർമാരുമായും രാഷ്ട്രീയ നേതാക്കളുമായും സ്വന്തം കുടുംബവുമായി പോലും പൊരുതേണ്ടി വന്നു. പാരീസ് മുതൽ ഇസ്താംബൂൾ വരെ ഏകദേശം 2000കിലോമീറ്റർ  ദൂരം 10 രാജ്യങ്ങളിലൂടെ കടന്നു പോകുന്നു. പല കാര്യങ്ങളിലും ഏകീകൃതമായ നിയമങ്ങൾ ഉള്ള യൂറോപ്യൻ യൂണിയൻ നിലവിൽ വരുന്നതിനു വളരെ മുമ്പാണ് ഇതെന്ന് ഓർക്കണം. ഈ രാജ്യങ്ങളിലെല്ലാം അവരവരുടേതായ ചെറിയ ട്രെയിൻ സർവീസുകൾ ഉള്ളപ്പോഴാണ് അവരുമായി ദീർഘനാളത്തെ ചർച്ചയുടെ ഫലമായി ഇത്തരത്തിൽ ഒരു ട്രെയിൻ സർവീസ് നടത്തുന്നതിന് അനുവാദം ലഭിക്കുന്നത്. ഈ പത്ത് രാജ്യങ്ങളുമായി ഇദ്ദേഹത്തിന് വേറെ വേറെ കരാറുകൾ ഉണ്ടാക്കേണ്ടി വന്നു. കാറുകൾക്ക് മുൻപുള്ള അക്കാലത്ത് കുതിര വണ്ടിയിൽ പാരീസ്  മുതൽ വിയന്ന വരെ എത്താൻ ദുരിത പൂർണ്ണമായ 14 ദിവസങ്ങൾ വേണ്ടി  വന്നിരുന്നു.അന്നുവരെ  പട്ടാളക്കാരെ യുദ്ധമുഖങ്ങളിൽ എത്തിക്കുന്നതിന് മാത്രമായിരുന്നു ദീർഘദൂര ട്രെയിനുകൾ  ഉപയോഗിച്ചിരുന്നത്. 

പ്ലാറ്റ് ഫോം

പിന്നീട് സൂറിച്ച്, മിലാൻ, ബെൽഗ്രേഡ്, ഏതൻസ്  എന്നിവിടങ്ങളിലേക്ക് ഈ സർവീസ് വികസിപ്പിച്ചു. പിൽക്കാലത്ത് റെയിൽവേ എന്നതിൽ  ഉപരി യൂറോപ്പിലെ പല രാജ്യങ്ങളെ ഒന്നിച്ച് ബന്ധിപ്പിക്കുന്ന ഒരു ചങ്ങലയായി ഓറിയൻറ്  എക്സ്പ്രസ്സ് മാറി. യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ എത്തുന്ന ആദ്യത്തെ ലക്ഷ്വറി സർവീസ് ആയിരുന്നു ഇത്. 

ആദ്യ ട്രെയിനിൽ, 4 സ്ലീപ്പർ  കോച്ചുകൾക്ക് പുറമെ  യാത്രക്കാരുടെ  പെട്ടികൾ  സൂക്ഷിക്കാനായി ഒരു കോച്ച്, അടുക്കള എന്നിവ പ്രത്യേകമായി ഉണ്ടായിരുന്നു. കുറേനാളുകൾക്ക് ശേഷം ഈ സർവീസ് ലണ്ടൻ വരെ നീട്ടി. പാരീസിലെ  കലെ (Calais) വരെ എത്തുന്ന ട്രെയിനിൽ  നിന്ന് യാത്രക്കാരെ കപ്പലിൽ ഈ കമ്പനി തന്നെ ലണ്ടനിൽ എത്തിച്ചു  കൊടുക്കും. 

ഇസ്താൻബൂളിൽ ഞങ്ങൾ   സന്ദർശിച്ച സിർകേസി  സ്റ്റേഷൻ  ബോസ്‌ഫോറസിന്റെ  കരയിലാണ്. ഇവിടെ  നിന്ന് യാത്രക്കാർക്കായുള്ള പ്രത്യേക  ഫെറിയിൽ  ഇവരെ ഏഷ്യയുടെ മറ്റിടങ്ങളിലേക്ക്   ബന്ധിപ്പിക്കുന്ന ട്രെയിനുകൾ പുറപ്പെടുന്ന അനറ്റോളിയയിലെ  ഹൈദർപാഷ ടെർമിനലിൽ എത്തിച്ചിരുന്നു. ട്രെയിനിലെ ആഡംബരങ്ങളോട് കിടപിടിക്കുന്ന  വിധത്തിലുള്ള ഇസ്താംബൂളിലെ   പെര പാലസ് ഹോട്ടൽ   ഇതിലെ  യാത്രക്കാർക്ക് മാത്രമായി നിർമ്മിച്ചതാണ്.    

യാത്രയെയും ട്രെയിനിന് ഉള്ളിലെ സൗകര്യങ്ങളെയും സംബന്ധിച്ചുള്ള ഏറ്റവും ചെറിയ കാര്യങ്ങളുടെ  വിശദവിവരങ്ങളെക്കുറിച്ചു പോലും അദ്ദേഹം സ്വന്തമായ തീരുമാനങ്ങൾ എടുത്തിരുന്നതായി കാണാം. സുഖകരമായ, സോഫകൾ പോലെയുള്ള ഇരിപ്പിടങ്ങൾ,  ഫൈവ് കോഴ്സ് ഡിന്നർ, ഭക്ഷണം ട്രെയിനിൽ തന്നെ പാചകം ചെയ്ത് വിതരണം ചെയ്യാനുള്ള ലോകത്തിലെ ഏറ്റവും നല്ല പാചകക്കാരൻ, മൃദുവായ കിടക്കകൾ, കുലുക്കം തീരെ കുറഞ്ഞ നാല് ആക്സിലുകൾ ഉള്ള വാഗണുകൾ,  പുകവലിക്കുന്നതിനുള്ള പ്രത്യേക ഇടം എന്നിവ ‘പാലസ് ഓൺ വീൽസ്’ എന്ന് വിളിക്കപ്പെട്ട ഈ യാത്രയെ രാജകീയമാക്കി. യാത്രക്കാരന് ‘ബോ’ ടൈയും കോട്ടും നിർബന്ധമായിരുന്നു. ഒരു ചെറിയ ക്യാബിനും സോഫയെക്കാൾ വലിയ ബെഡും ഓരോ യാത്രക്കാരനും  ലഭിക്കും. 

പ്രാതൽ  ക്യാബിനിൽ തന്നെയാണ് വിളമ്പുക. ‘ട്രെയിനുകളുടെ രാജാവ്’ എന്നും ‘രാജാക്കന്മാരുടെ ട്രെയിൻ’ എന്നും അറിയപ്പെടുന്ന  ഈ ആഡംബര ട്രെയിനിൽ,  ജനാല  വിരികൾ പട്ട് തുണി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കപ്പുകൾ  ക്രിസ്റ്റൽ കൊണ്ടും, മേശകൾ വെള്ളി കൊണ്ടും  നിർമ്മിക്കപ്പെട്ടതായിരുന്നുവത്രേ! ചൂടുവെള്ളം ലഭിക്കാനായി ഓരോ കമ്പാർട്ട്മെന്റിലും കൽക്കരി കൊണ്ട് ചൂടാക്കുന്ന ബോയിലർ പ്രത്യേകമായി സ്ഥാപിച്ചിരുന്നു. ടോയ്‌ലറ്റ് മാത്രമാണ് മറ്റുള്ളവരുമായി ഷെയർ ചെയ്യേണ്ടിയിരുന്നത്.  എന്നാൽ ഓരോ യാത്രക്കാരനും ഉപയോഗിച്ച് കഴിഞ്ഞ ശേഷം അത് വൃത്തിയാക്കാൻ പ്രത്യേകം ഏർപ്പാട് ഉണ്ടായിരുന്നു.

സ്റ്റേഷനിലെ കഫറ്റിരിയ

യൂറോപ്പിന്റെ സാംസ്കാരികചരിത്രം മാറ്റി മറിച്ച ഈ ട്രെയിൻ ഉണ്ടായതിന്  പിന്നിൽ ഒരു പ്രേമകഥയും കൂടി കൂട്ടിച്ചേർന്നിരിക്കുന്നു . യുവാവായിരുന്ന ജോർജസ് സ്വന്തം കസിനുമായി പ്രേമത്തിലായി.  അക്കാലത്ത് കത്തോലിക്കാ മതവിശ്വാസ പ്രകാരം അത്തരം വിവാഹ ബന്ധങ്ങൾ അനുവദനീയമായിരുന്നില്ല. ഈ ബന്ധത്തിൽ നിന്ന് അദ്ദേഹത്തെ പിൻതിരിപ്പിക്കാനായി പിതാവ് ജോർജസ്സിനെ അമേരിക്കയിലേക്ക് ഉപരിപഠനത്തിനായി അയക്കുകയായിരുന്നു. അവിടെ കണ്ട അറ്റ്ലാന്റിക് സമുദ്രം മുതൽ പെസഫിക് സമുദ്രം വരെ നീണ്ടുകിടക്കുന്ന റെയിൽവേയുടെ പ്രവർത്തനം കണ്ട്, അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇത്തരത്തിൽ ഒന്ന് യൂറോപ്പിലും വേണമെന്ന് അദ്ദേഹം തീരുമാനിച്ചു. ഇതിലെ ഓരോ ചെറിയ കാര്യങ്ങളിൽ പോലും അദ്ദേഹത്തിൻറെ ശ്രദ്ധയുണ്ടായിരുന്നു. ബാങ്കർമാരായ മാതാപിതാക്കൾ നൽകിയ തുകയിൽ നിന്നായിരുന്നു കമ്പനിയുടെ തുടക്കം. ഫ്രഞ്ചിൽ സ്ലീപ്പർ കാറുകൾ എന്ന്  അർത്ഥമുള്ള വാഗൺസ് ലിറ്റ്സ് എന്നായിരുന്നു അദ്ദേഹം സ്ഥാപിച്ച കമ്പനിയുടെ പേര്.

തൻറെ റെയിൽവേ കമ്പനിയുടെ ട്രെയിനിൽ യാത്ര ചെയ്യുന്നത്  മറക്കാനാവാത്ത ഒരു അനുഭവമായി മാറണമെന്ന് ജോർജസിന് നിർബന്ധം ഉണ്ടായിരുന്നു. ട്രെയിനിൽ ഉപയോഗിച്ചിരുന്ന ജഗ്ഗിന്റെ പ്രത്യേകതരം ഡിസൈൻ അദ്ദേഹത്തിൻറെ സംഭാവനയാണ് ഏറ്റവും നല്ല പാചകക്കാരെ  തെരഞ്ഞെടുക്കാൻ അദ്ദേഹം നിർബന്ധം പിടിച്ചിരുന്നു. ട്രെയിൻ യാത്രാപഥങ്ങളിൽ  നിന്നെല്ലാം പുതുതായി  പറിച്ചെടുത്ത പഴങ്ങളും പച്ചക്കറികളും ട്രെയിനിലേക്ക് എത്തിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു. അക്കാലത്ത് ഇതിനകത്തെ 5 കോഴ്സ്  ഡിന്നർ കഴിക്കാനായി മാത്രം ചിലർ  ട്രെയിനിൽ ടിക്കറ്റ് എടുത്തിരുന്നു. ഭക്ഷണം കഴിഞ്ഞു അടുത്ത സ്റ്റേഷനിൽ അവർ ഇറങ്ങിപ്പോയി!നാല് ആക്സിലുകൾ ഉള്ള വാഗണുകൾ ട്രെയിൻ യാത്ര കുറേക്കൂടി സുഖകരമാക്കി.

അക്കാലത്ത് സ്ത്രീകൾ ട്രെയിനിൽ യാത്ര ചെയ്യുന്നത് സാധാരണമായിരുന്നില്ല അവർക്കു പോലും യാത്ര സുരക്ഷിതമാണെന്ന് തെളിയിക്കാനായി അദ്ദേഹം തന്റെ ഭാര്യയെയും സഹോദരിയെയും ആദ്യയാത്രയിൽ കൂടെ കൂട്ടി. ഓറിയന്റ് എക്സ്പ്രസിന് അന്ന് കൊട്ടാരങ്ങളിൽ മാത്രം കിട്ടുന്ന ആഡംബരത്തിന്റെ രുചിയുണ്ടായിരുന്നു. ഈ രാജകീയ യാത്രയ്ക്കായി പണം ചെലവഴിക്കാൻ ധനികരും ഉന്നതരുമായ ആളുകൾ മത്സരിച്ചു.

അക്കാലത്ത് വിയന്ന കഴിഞ്ഞാൽ പിന്നെയും തെക്കോട്ട് ട്രെയിൻ സഞ്ചരിക്കുന്ന ഭാഗത്ത് കൊള്ളക്കാരുടെ ശല്യം നന്നായി അനുഭവപ്പെട്ടിരുന്നു. ഇതുമൂലം എല്ലാ യാത്രക്കാരും തോക്ക് കൈവശം വച്ചാണ് യാത്ര ചെയ്തിരുന്നത്. രാഷ്ട്രനേതാക്കളും അംബാസിഡർമാരും ഉൾപ്പെടെ പല പ്രമുഖ വ്യക്തികളും ഇതിൽ യാത്ര ചെയ്യുകയും ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കുന്ന പല തീരുമാനങ്ങളും ഇതിനകത്ത് വച്ച് എടുക്കുകയും ചെയ്തിട്ടുണ്ട്.

ഒന്നും രണ്ടും ലോകമഹായുദ്ധകാലങ്ങളിൽ ഈ  ട്രെയിൻ സർവീസ് നിർത്തി  വച്ചു. ബോഗികൾ സ്റ്റേഷനിൽ  തന്നെ  സൂക്ഷിച്ചിരുന്നു. യുദ്ധം അവസാനിക്കാറായപ്പോൾ  ഇതിന്റെ ചില ബോഗികൾ പാരീസിന് സമീപം ഉള്ള ഒരു വനത്തിലേക്ക് കൊണ്ട് പോയി സ്ഥാപിച്ചു. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ, ജർമ്മൻ പ്രതിനിധികളും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിലുള്ള വെടിനിർത്തൽ കരാർ ഇങ്ങനെ വനാന്തരത്തിൽ സൂക്ഷിച്ചിരുന്ന ഫ്രഞ്ച് കമാൻഡറിന്റെ  പ്രൈവറ്റ്  ബോഗി  ആയ ഓറിയന്റ് എക്സ്പ്രസിന്റെ 2431 നമ്പർ വാഗണിൽ   വച്ചാണ് ഒപ്പു വച്ചത്.

ഹൈസ്പീഡ് ട്രെയിനുകളും  വിമാനയാത്രയും കൂടുതൽ പ്രചാരത്തിൽ ആയതു മൂലം കാലക്രമേണ റൂട്ടുകളുടെ എണ്ണവും ദൂരവും കുറഞ്ഞു കുറഞ്ഞ് 2009 ൽ ഈ കമ്പനി  ട്രെയിൻ സർവീസ്  അവസാനിപ്പിച്ചു. ഓറിയന്റ് എക്സ്പ്രസിന്റെ വാഗണുകൾ പിന്നീട് ബ്രിട്ടീഷ്, മൊറോക്കൻ റോയൽ പാലസ് മ്യൂസിയങ്ങൾ വാങ്ങി.

പ്രസിദ്ധ നോവലിസ്റ്റ് അഗതാ ക്രിസ്റ്റിയുടെ ‘മർഡർ ഓൺ ഓറിയന്റ് എക്സ്പ്രസ്’ കൂടാതെ പല പ്രമുഖ സിനിമകളിലും നോവലുകളിലും ഓറിയന്റ് എക്സ്പ്രസ് കഥാപാത്രമായിട്ടുണ്ട്. അക്കാലത്ത് ഏറ്റവും പ്രസിദ്ധമായിരുന്ന ‘ഫ്രം റഷ്യ വിത്ത് ലവ്“ എന്ന ജെയിംസ് ബോണ്ട് സിനിമയിൽ  007ഉം  നായികയും ഓടിക്കൊണ്ടിരിക്കുന്ന  ട്രെയിനിൽ  നിന്ന് രക്ഷപെടുന്ന  രംഗവും ചിത്രം കണ്ടിട്ടുള്ള ആരും  മറക്കാനിടയില്ല. ധാരാളം ടി വി പരമ്പരകളിലും  ഓറിയന്റ്  എക്സ്പ്രസ്സ്  കഥാപാത്രമായിട്ടുണ്ട്.

മർമാറെ  കമ്മ്യൂട്ടർ ട്രെയിനിൻ്റെ ഒരു പ്രധാന സ്റ്റേഷനായാണ് ഇപ്പോൾ ഇതിന്റെ ഒരു ഭാഗം പ്രവർത്തിക്കുന്നത്. ഇസ്താൻബുളിന്റെ യൂറോപ്യൻ ഭാഗത്തു  നിന്ന് ഏഷ്യൻ   വശത്തേക്ക്  ബോസ്ഫറസിൻ്റെ അടിയിലൂടെയുള്ള ടണൽ  വഴിയാണ്  ട്രെയിനിൻ്റെ സഞ്ചാര പാത. സ്റ്റേഷനിലെ  കൗണ്ടറിൽ  നിന്ന്  ഇസ്താൻബുൾ  ട്രാവൽ  കാർഡ് വാങ്ങി ഞങ്ങൾ പുറത്തേക്ക് നടന്നു.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments

You may also like