പൂമുഖം സ്മരണാഞ്ജലി ഇരുളിൽ പ്രകാശത്തിന്റെ വര – പി വത്സല സ്മരണാഞ്ജലി

ഇരുളിൽ പ്രകാശത്തിന്റെ വര – പി വത്സല സ്മരണാഞ്ജലി

ഇരുട്ടിൽ പ്രകാശത്തിന്റെ ഇടപെടൽ എന്നതുപോലെയാണ് വത്സലടീച്ചറുടെ കൃതികളിലൂടെയുള്ള യാത്ര സാദ്ധ്യമാവുക എന്നുതോന്നുന്നു. ഈ ജീവിതങ്ങളെയൊക്കെ കഥപ്പെടുത്താമോ എന്ന ആശയലോകത്തേക്കുള്ള തുറപ്പാണത്. സവർണ്ണജീവിത സമ്പുഷടതകളേക്കുറിച്ചുള്ള എഴുത്തുകൾക്കിടയിൽ തകഴിയും കേശവദേവുമൊക്കെ വെട്ടിയിട്ട പാതയുടെ ഇങ്ങേക്കൈവഴിയിലൂടെ എസ് കെ പൊറ്റക്കാട്ടിനൊപ്പം വത്സലടീച്ചർ വയനാട്ടിലേക്ക് കയറി.

കുടിയേറ്റജീവിതങ്ങളുടെ കഥയുമായാണ് എസ് കെ വയനാട്ടിലെത്തിയതെങ്കിൽ ടീച്ചർ വരച്ചെടുത്തത് തനത് വയനാടൻ ജീവിതാവസ്ഥകളായിരുന്നു. പലവ്യഥകളാൽ ഇരുളാഴ്ന്ന ജീവിതങ്ങളുടെ പച്ചക്കുപറച്ചിലുകളായിരുന്നു വത്സലടീച്ചറുടെ എഴുത്തുശൈലി. ആദിവാസിഗോത്രജീവിതങ്ങളുടെ ആചാരങ്ങളും അനാചാരങ്ങളും രീതികളും മറനീക്കി ആ എഴുത്തുകളിലൂടെ മലയാളത്തിലേക്ക് ചുരമിറങ്ങിയെത്തി.

ജീവിതസായാഹ്നത്തിൽ മുക്കത്ത് മകൾക്കൊപ്പമാണെങ്കിലും വീടിനുപിറകിലൂടെ ഒഴുകുന്ന ഇരുവഴിഞ്ഞിപ്പുഴയിലൂടെ ഓർമ്മകളെ തിരിച്ചു നീന്തിച്ച് ടീച്ചർ ആ വീടിന്റെ ബാൽക്കണിയിൽ വന്നിരുന്നു.

കാപ്പിയുടെ അവതാരിക എഴുത്തിത്തരാമോ എന്നൊരു ആവശ്യാർത്ഥമാണ് തീർത്തും അപരിചിതനായ ഞാനാവീട്ടിലേക്ക് കയറിച്ചെല്ലുന്നത്. ‘എഴുത്തുകാരൊക്കെ പരസ്പരം മുൻപരിചയമുള്ളവരാണ് ഏതുകാലത്തേയും ഏതുലോകത്തേയും’ എന്നു പറഞ്ഞാണ് ടീച്ചർ എതിരേറ്റത്. എഴുത്തുകാരനാണെന്ന് തീരേ വിശ്വാസം പോരാതിരുന്ന എന്നിൽ ആ വാക്കുകൾ ഒരു തിരിയിട്ടുപ്രകാശിപ്പിച്ചു. ഏൽപ്പിച്ച ‘കാപ്പി’യുടെ അദ്ധ്യായമോരോന്നും വായിച്ചുതീർത്ത് ടീച്ചർ വിളിച്ചു ദീർഘമായി സംസാരിച്ചു. മലയാളത്തിലെ പ്രശസ്തമായ പ്രസിദ്ധീകരണസ്ഥാപനങ്ങളുടെ പേരുപറഞ്ഞ് എന്നോടു ചോദിച്ചു: ‘ഞാനവരോട് ശുപാർശചെയ്യട്ടെ ഇത് പ്രസിദ്ധീകരിക്കാൻ’ എന്ന് സ്നേഹപ്പെട്ടു. പലവട്ടം എനിക്ക് കണ്ണുനനഞ്ഞു.

ചെറിയൊരു ഇടവേളക്കുശേഷം ടീച്ചർ വിളിച്ചു: ‘കാപ്പി വായിച്ചു കഴിഞ്ഞു. എനിക്കവിടെ ഇരിപ്പുറച്ചില്ല വയനാട്ടിലെ വീട്ടിലേക്ക് വന്നു. അല്പദിവസം ഇവിടെ കഴിഞ്ഞ് തിരിച്ചുവരും. അപ്പോഴേക്കും അവതാരിക തരാം.’
സംസാരം തുടർന്നു: ‘നിങ്ങൾ എത്രകാലം വയനാട്ടിലുണ്ടായിരുന്നു?’
ഞാൻ പറഞ്ഞു: ‘തീരേ ചെറിയൊരു കാലയളവ്. ഒരു വർഷത്തിനുംതാഴെ’
കുറേനേരം ഫോണിനപ്പുറം നിശബ്ദത. പിന്നാലെ ടീച്ചറുടെ പതിഞ്ഞ ശബ്ദം ഞാൻകേട്ടു: ‘പൂർവ്വ ജന്മങ്ങളിൽ നിങ്ങളവിടെയായിരിക്കണം ജീവിച്ചത്. ഞാനും ഒരു പക്ഷേ’
എനിക്ക് വീണ്ടും കരച്ചിൽവന്ന് തൊണ്ടകനത്തു. ഏതു സ്നേഹമാണീവിധം വന്നെന്നെ തൊടുന്നതെന്ന് ഞാൻ ആശ്ചര്യപ്പെട്ടു. ആദിമമായ ഓർമ്മകളിൽ പൊള്ളി ഞാനൊരു കാട്ടുജന്തുവായി.
ടീച്ചർ പറഞ്ഞു: ‘ധർമ്മൻ അഞ്ചുവർഷത്തേക്കെങ്കിലും നിങ്ങൾ മറ്റൊരു പുസ്തകം പ്രസിദ്ധീകരിക്കരുത്. ഇതിന് അത്രയും ആഴമുണ്ട്. അതിനുമീതെ ഉടൻ മറ്റൊന്നുവേണ്ട.’ കാപ്പിതന്നെ എന്നിൽ വന്നുപെട്ടത് എങ്ങിനെ എന്നറിയാത്ത ഞാൻ ഇനിയെന്തെഴുതാൻ എന്ന് നിശ്വസിച്ചു. തീരേ അപരിചിതനും അശുവുമായ എന്നോട് പുലർത്തിയ ആ മാതൃസ്നേഹത്തിന്റെ തന്മയത്വം അക്ഷരങ്ങളോടുള്ള ടീച്ചറുടെ ഇമ്പാവസ്ഥകൂടിയാണ്.

കാപ്പി പ്രസിദ്ധീകരിച്ച് ഏറെക്കഴിഞ്ഞാണ് അതിന്റെ ഒരു പ്രതിയുമായി ടീച്ചറുടെ വീട്ടിലേക്ക് വീണ്ടും ചെല്ലുന്നത്. ഓർമ്മകളുടെ ചതുരംഗക്കളത്തിൽ കാലാളുകൾ നഷ്ടപ്പെട്ട് ഒരിരുൾക്കളിയിൽ ടീച്ചർ ഒതുങ്ങിയിരുന്നു: ‘നിങ്ങളെ എനിക്ക് നല്ല പരിചയമുണ്ടല്ലോ’ എന്ന് സംസാരത്തിനിടെ ടീച്ചർ എന്നോട് പലവട്ടം ചോദിച്ചു. ഇതേ ചോദ്യം വർഷങ്ങൾക്കുമുമ്പ് ഞാനെഴുതിയ ഒരു കഥയിലെ ഹൻമന്തപ്പ എന്ന കഥാപാത്രം പലവട്ടം ചോദിക്കുന്നുണ്ടല്ലോ എന്ന് ഞാൻ ആശ്ചര്യപ്പെട്ടു. എനിക്കൊപ്പം ടീച്ചറുടെ വീട്ടുകാരും ഓർമ്മയുടെ ആ കളിയിൽ വല്ലാതെ വേദനിച്ചു. എന്നാൽ എഴുതാൻ പോകുന്ന പുതിയ നോവലിനേക്കുറിച്ചുള്ള സംസാരത്തിലെങ്ങും ഓർമ്മ ഒളിച്ചുകളിച്ചില്ല. മഷിപ്പേന ഉപയോഗിച്ച് കടലാസിൽ എഴുതിയും തിരുത്തിയുമാണ് ടീച്ചറിപ്പോളും എഴുത്തുമുറിയിൽ മുഴുകുന്നത് എന്നത് മറ്റൊരത്ഭുതം. പുത്തൻകാലം ഏല്പിച്ച കെട്ടിമാറാപ്പുകളൊന്നും ആ ജീവിതത്തെ സ്പർശിച്ചതേയില്ല. ഒരു നാടൻ കോട്ടൺസാരിയുടുത്ത് അവർ നമ്മെ എതിരേറ്റു. കൈകളിൽ മുറുകേപ്പിടിച്ച് ഓർമ്മകെട്ടു പോകും കാലങ്ങളിലും എനിക്ക് നിങ്ങളെ പരിചയമുണ്ടല്ലോ എന്ന് കൊതിപ്പിച്ചു.

എഴുതിക്കൊണ്ടിരുന്ന ആ നോവൽ പൂർത്തിയാക്കിയിട്ടാണോ ടീച്ചറുടെ മടക്കം എന്നറിയില്ല. നെല്ല് എന്നാണല്ലോ ടീച്ചറുടെ പ്രശസ്തമായ നോവലിന്റെ പേര്. ആ പേരിന്റെ തെരഞ്ഞടുപ്പുതന്നെ നോക്കൂ. മലയാളിയുടെ ആജീവനാന്ത പ്രതീക്ഷയുടെ ക്ഷിപ്രപ്രതീകമാണത്. നെല്ലിന്റെ ഇരുതലക്കൽ അടിയാനും ഉടയോരുമുണ്ട്. ആവാസവ്യവസ്ഥയും കമ്പോളാവസ്ഥയുമുണ്ട്. ജീവിതച്ചുരമിറങ്ങി ടീച്ചർ വായ്ക്കരിയിട്ടുപോകുമ്പോൾ അക്ഷരങ്ങളിലൂടെ വരച്ചുവച്ച ജീവിതാവസ്ഥകൾ ആജീവനാന്തം മലയാളിയെ പിന്തുടരുകതന്നെ ചെയ്യും. ആ ചോദ്യം ഇപ്പോളും എന്നെ വന്നു തൊടുന്നത് എന്തിനെന്നറിയില്ല:
‘എനിക്ക് നിങ്ങളെ പരിചയമുണ്ടല്ലോ!’

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like