കഥകൾ ശരിക്കും വായിച്ചു സ്വാംശീകരിച്ച ശേഷമേ നമ്പൂതിരി ചിത്രം വരച്ചിരുന്നുള്ളൂ. മലയാളം വാരികയിൽ ശ്രീ എസ് ജയചന്ദ്രൻ നായർ പത്രാധിപരായിരുന്ന കാലത്ത് ഇടയ്ക്കിടെ എന്നോട് കഥകൾ ചോദിച്ചിരുന്നു. അതിനായി നമ്പൂതിരി ചിത്രങ്ങൾ ചമച്ചിരുന്നു. എൻറെ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളുടെ ശരീര ശാസ്ത്രവും അദ്ദേഹം ആവിഷ്കരിച്ചത് എന്റെ ഭാവനയ്ക്കും അപ്പുറമായിരുന്നു. അതിലൊരു കഥയിലെ കഥാപാത്രത്തിന് എൻ്റെ ഛായയും രൂപവുമെന്ന് ചിലർ പറഞ്ഞിരുന്നു. വാരികയിൽ അനുവാചകന്റെ ശ്രദ്ധ കഥയെക്കാൾ ആദ്യം പതിയുക ചിത്രത്തിലേക്കാണ്. എന്ത് അതിശയകരമായ വര എന്ന് ചിന്തിച്ച് ആദ്യം കഥാപാത്രത്തെ ഉൾക്കൊണ്ട ശേഷമേ അവർ കഥയിലേക്ക് പ്രവേശിക്കൂ എന്ന് തോന്നിയിട്ടുണ്ട്. അത്രയ്ക്ക് മിഴിവുള്ള ചിത്രങ്ങൾ ആയിരുന്നു അവ. നമ്പൂതിരി താമസിച്ചിരുന്നത് ഞങ്ങളൊക്കെ താമസിച്ചതിന്റെ അടുത്തായിരുന്നു. നേരിൽ കാണുമ്പോൾ ആ പരിശുദ്ധാത്മാവ് മധുര മനോഹരമായി പുഞ്ചിരിക്കും.
നടക്കാവിൽ ഞാൻ ബാങ്കിലേക്ക് പോകുമ്പോൾ ചിലപ്പോഴൊക്കെ അദ്ദേഹം നടന്നുവരുന്നത് കാണാം. ചിലപ്പോഴൊക്കെ ബസ്റ്റോപ്പിനരികിൽ ഒതുങ്ങി നിന്ന് സ്ത്രീപുരുഷന്മാരെ ഉറ്റു നോക്കി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവരുടെയൊക്കെ രൂപം ആവാഹിക്കുകയും ചിത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കയും ചെയ്തിരിക്കണം. നാം സാധാരണക്കാരുടെ രൂപം തന്നെയല്ലേ അദ്ദേഹം വരച്ചത്! അല്ലാതെ അഭൗമ സൗന്ദര്യത്തെ അല്ല. എന്നാൽ ആ വരയുടെ വടിവുകൾ നമ്മെയൊക്കെ സുന്ദരികളും സുന്ദരന്മാരും ആക്കി എന്ന് മാത്രം. കഥയെഴുതിത്തുടങ്ങിയ കാലത്ത് മലയാളം വാരികയിൽ അദ്ദേഹം ചമച്ച എൻ്റെ പെണ്ണുങ്ങളുടെ മിഴിവ് കണ്ട് ഞാനന്തിച്ചു നിന്നിട്ടുണ്ട്.
സ്ത്രീ പുരുഷന്മാരുടെ ശരീര ഭാഷയെ അതീവ സൂക്ഷ്മമായി വരച്ചിട്ട മഹാപ്രതിഭ നമ്പൂതിരി സാറിന് മരണമില്ല. അവയൊന്നും ചിത്രങ്ങളായിരുന്നില്ല. ജീവിക്കുന്ന സ്മാരകങ്ങളാണ്.

കവർ : ജ്യോതിസ് പരവൂർ