ഓരോ മലയാളിക്കും എന്തെങ്കിലും നല്ലത് പറയാനുണ്ടാവുക. ഓരോ മലയാളിയും മറ്റുള്ളവർ പറയുന്ന നല്ല വാക്കുകളെ ശരിവെക്കാൻ തയ്യാറാവുക- ഉമ്മൻ ചാണ്ടിയുടെ അപൂർവത അതായിരിക്കും. സദാ ജനമധ്യത്തിൽ സുതാര്യമായി പ്രവർത്തിച്ച ഒരു നേതാവിന്റെ രാഷ്ട്രീയത്തെകുറിച്ചു അനുകൂലിച്ചോ പ്രതികൂലിച്ചോ എഴുതുന്നത് വൃഥാ വ്യായാമമായിരിക്കും എന്നത് കൊണ്ട് എന്റെ ഔദ്യോഗിക ജീവിതത്തിനിടയിലെ ചില ലളിത മധുര അനുഭവങ്ങളും കാഴ്ചകളും ഓർമ്മപ്പൂക്കളായി സമർപ്പിക്കുവാനാണ് താല്പര്യപ്പെടുന്നത്.
വാർത്താ മേഖലയിൽ ഞാൻ ജോലി ചെയ്തിരുന്ന കാലയളവിൽ ഇതുപോലൊരു നേതാവിനെ കണ്ടിട്ടില്ലെന്ന് തന്നെ പറയാം. എല്ലാതരം ആളുകൾക്കും എപ്പോഴും കാണാൻ പറ്റുന്ന നേതാവും, മന്ത്രിയുമായിരുന്നു അദ്ദേഹം. മന്ത്രിയായിരുന്നപ്പോഴും അദ്ദേഹത്തിന്റെ സെക്യൂരിറ്റി സ്റ്റാഫ് നിയന്ത്രണങ്ങൾ കൊണ്ടു വരുമ്പോഴൊക്കെ അതിനപ്പുറം ചാടുന്ന ഒരു മനോഭാവക്കാരനായിരുന്നു അദ്ദേഹം. ഏത് മൂലയിലിരിക്കുന്ന മനുഷ്യനായാലും അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടാൽ അയാളുടെ പ്രശ്നങ്ങളറിയിക്കാൻ അപ്പോൾ തന്നെ അവസരമുണ്ടായിരിക്കും. ജനങ്ങളിൽ നിന്നും അന്നന്നേക്കുള്ള ഊർജ്ജം പകർന്നെടുത്തിരുന്ന ആളായിരുന്നു അദ്ദേഹം. ഉറങ്ങുമ്പോഴല്ലാതെ അദ്ദേഹത്തിന്റെ ചുറ്റിൽ നിന്നും ആൾക്കൂട്ടം ഒഴിഞ്ഞു കാണില്ല. ഇത്രയും രാഷ്ട്രീയ കഠിനാദ്ധ്വാനിയായ ഒരു മനുഷ്യനെ നമുക്ക് കാണാൻ കിട്ടില്ല.
ഒരു നേതാവിന് വേണ്ട ആദ്യത്തെ ഗുണം ജനങ്ങൾക്ക് അപ്രാപ്യനാണ് എന്ന് തോന്നിക്കാതിരിക്കുക എന്നതാണ്. അതിൽ അദ്ദേഹം ഒന്നാമനായിരുന്നു. ഏതൊരു രാഷ്ട്രീയ ശതുവിനും അദ്ദേഹത്തിന്റെ പ്രസന്നമായ പുഞ്ചിരി അവഗണിച്ച് കടന്നുപോകാനാവില്ല. കുട്ടികൾക്കും മുതിർന്നവർക്കും അദ്ദേഹം ഒരുപോലെ ‘ഉമ്മൻ ചാണ്ടി ആയിരുന്നു.
സ്വന്തം പാർട്ടിയിൽ ആർക്കും വെട്ടി മാറ്റാനാകാത്ത ശക്തനായിരുന്നു ഉമ്മൻ ചാണ്ടി. പാർട്ടിയിലെ പ്രതിസന്ധികളിലെല്ലാം ഒറ്റവാക്കിൽ ഉത്തരം കണ്ടെത്തിയിരുന്ന ചാണക്യൻ ആയിരുന്നത് കൊണ്ടു തന്നെയാണ് അദ്ദേഹത്തിന് ഇത്രയധികം പിന്തുണയുണ്ടായിരുന്നത്. പാർട്ടിയിൽ എതിരഭിപ്രായമുള്ളവർക്കു പോലും മുഖത്തു നോക്കി പ്രതിഷേധിക്കാൻ കഴിയാത്ത തരത്തിലുള്ള തന്ത്രങ്ങളും, വ്യക്തിത്വവും ഉള്ള ആൾ. രാഷ്ട്രീയ പ്രവർത്തകനാകാൻ വേണ്ടി മാത്രം ജനിച്ചയാളെന്ന് തോന്നിപ്പിക്കുന്ന ഊർജ്ജം.
ഞാൻ ജോലി ചെയ്യുന്നതിനപ്പുറം രാഷ്ട്രീയക്കാരോട് ഒരു തരത്തിലുള്ള വ്യക്തിബന്ധവും സൂക്ഷിക്കാത്തയാളാണ്. ഉമ്മൻ ചാണ്ടി ഏത് ആൾക്കൂട്ടത്തിൽ കണ്ടാലും ചിരിച്ച് കൈകാണിക്കും. നടപ്പിലും ഉടുപ്പിലും യാതൊരു ജാഡയുമില്ലാത്ത ആ ഭാവം കേരളത്തിലെ ഒരു പൊതു പ്രവർത്തകന് പരക്കെ ജനസമ്മതി നേടിക്കൊടുത്തതിൽ അത്ഭുതമില്ല.
അവസാനം ഞാൻ കാണുന്നത് മൂന്നാല് വർഷം മുമ്പ് RCC യിൽ വച്ചായിരുന്നു. അവിടത്തെ ഡോക്ടർമാർ യാത്രയാക്കാൻ പുറം വാതിൽ വരെ ഇറങ്ങി വന്നിരുന്നു. കൂടെ കുറച്ചു പേർ വേറെയും. അന്നും ചിരിച്ചു കൊണ്ട് കൈ കാണിച്ചു പോയി. സ്വന്തം ശരീരത്തിന് അദ്ദേഹം മുഖ്യ ശ്രദ്ധ കൊടുത്തില്ല. പൊതു പ്രവർത്തനത്തിന്റെ ലഹരിയിൽ ആയിരുന്നു. അല്ലെങ്കിൽ അത് അത്ര പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം കരുതിയിരിക്കില്ല.
ഉമ്മൻചാണ്ടി തത്സമയം നേരിട്ടിടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചതും ആവശ്യങ്ങൾ നിവർത്തിച്ചതും ആയ അനുഭവങ്ങൾ ഉള്ളവർ ഏറെ പേരുണ്ടാവും. ഞാനും അങ്ങനെയൊന്നു പങ്കുവെക്കട്ടെ.
ഞങ്ങളുടെ അകന്ന ബന്ധത്തിൽപ്പെട്ട, ഭർത്താവും മക്കളും ഉപേക്ഷിച്ച ഒരു സ്ത്രീ കിടപ്പാടമില്ലാതെ കഷ്ടപ്പെട്ടപ്പോൾ പെട്ടെന്നുണ്ടായ ഒരു തോന്നലിൽ അവർ ഉമ്മൻ ചാണ്ടിയെ കാണാൻ പോയി. സെക്യൂരിറ്റി അവരെ അടുപ്പിച്ചില്ല. അവർ ഗേറ്റിന് പുറത്ത് റോഡ് സൈഡിൽ കുത്തിയിരുന്നു. കുറച്ചു കഴിഞ്ഞ് അദ്ദേഹത്തിന്റെ വണ്ടി കടന്നു വരുമ്പോൾ “ഉമ്മൻ ചാണ്ടി സാറേ” എന്നു അവർ ഉറക്കെ വിളിച്ചു. കുറച്ചു മന്നോട്ട് പോയ വണ്ടി പുറകോട്ട് വന്നു കാര്യമന്വേഷിച്ചു. നാലു മാസത്തിനകം അവർക്ക് നല്ലൊരു വീടായി!
കേരളത്തിലെ ജനപ്രിയ നേതാവിന് മുഖ്യമന്ത്രിയും ഗോവിന്ദൻ മാഷും ഉചിതമായ രീതിയിലാണ് അനുശോചനം രേഖപ്പെടുത്തിയിട്ടുള്ളത്. രാഷ്ട്രീയ കസേരക്കളിയുടെ ഭാഗമായി “മരണം ആരേയും വിശുദ്ധരാക്കുന്നില്ല’ എന്ന ക്‌ളീഷേ പ്രയോഗിക്കുന്നതിനോട് ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ ഞാൻ യോജിക്കുന്നില്ല.
കവർ : സി പി ജോൺസൺ