‘ആദ്യം സാക്ഷിയായ ഒരു മരണം അച്ഛമ്മയുടേതായിരുന്നു. കുട്ടിക്കാലത്ത് തറവാട്ടിൽ ഒരു മരണവും ഉണ്ടായിട്ടില്ല. എന്റെ അച്ഛമ്മ തൊണ്ണൂറ് കഴിഞ്ഞപ്പോഴാണ് മരിക്കുന്നത്. അപ്പോൾ ഞാൻ ഭർത്തൃഗൃഹത്തിലായിരുന്നു. അതിനെത്രയോ വർഷം മുമ്പ്, ഞങ്ങളുടെ തളരാത്ത കുട്ടിക്കാലത്ത്. മലനിരകളിലേക്ക് അക്കൊല്ലം മഹാമാരി കേറിവന്നത് അത്രയെളുപ്പം തിരിച്ചുപോകാത്ത വാശിക്കാരനായൊരു അതിഥിയെപ്പോലെ ആയിരുന്നു. അതിനിടയ്ക്ക് വിഷുവിന് മാമ്പഴം പെയ്തു. പറങ്കിക്കാട്ടിൽ പലവർണപ്പഴങ്ങൾ പൊഴിഞ്ഞു. മീനക്കാറ്റ് ദൂരെ ഗ്രാമങ്ങളിൽ വസൂരിവിത്തെറിഞ്ഞു. കൊയ്തെടുത്ത വിലപ്പെട്ട അനേകം മനുഷ്യജീവനുമായിക്കടന്നുപോയി. പത്രംവായിച്ച് ഞങ്ങൾ കരഞ്ഞു. ’
ഇപ്പോൾ നമ്മെ വിട്ടുപിരിഞ്ഞ പി. വത്സല എന്ന എഴുത്തുകാരി തന്റെ ആത്മകഥയായ ‘കിളിക്കാല’ത്തിൽ മരണത്തെക്കുറിച്ച് എഴുതിയതാണ് ഈ വരികൾ. അച്ഛമ്മയെപ്പോലെ തൊണ്ണൂറ് കടന്നില്ലെങ്കിലും എൺപത്തിയഞ്ചാം വയസ്സിലാണ് ആ കഥാകാരി മലയാള സാഹിത്യത്തിൽ എക്കാലവും ഓർക്കുന്ന അടയാളങ്ങൾ ബാക്കിവെച്ച് കടന്നുപോയത്.
അവരുടെ അവസാനകാല സൃഷ്ടിയായ ‘കിളിക്കാലം’ 2022 ന്റെ തുടക്കത്തിൽ ‘മാതൃഭൂമി ആഴ്ചപ്പതിപ്പിൽ’ പ്രസിദ്ധീകരണം തുടങ്ങിയപ്പോൾ, വലിയ ആവേശത്തോടെയാണ് സഹൃദയർ സ്വീകരിച്ചത്. സ്വന്തം ജീവിതത്തെ പരിസരമായും പ്രകൃതിയുമായും ലയിപ്പിച്ചുകൊണ്ടെഴുതിയ അവരുടെ ജീവിതകഥയെക്കുറിച്ച് ഓരോ ലക്കത്തിലും വായനക്കാർ ആവേശത്തോടെ പ്രതികരിച്ചു. മികച്ച വായനാനുഭവമായിരുന്നു ‘കിളിക്കാലം’ മലയാളികൾക്ക് നൽകിയത് എന്നതിന്റെ തെളിവായിരുന്നു അത്. 80 കഴിഞ്ഞിട്ടും തന്റെ തൂലികയുടെ കരുത്തിന് ഒരുകുറവും വന്നിട്ടില്ല എന്നതിന്റെ തെളിവ് കൂടിയായിരുന്നു ആ എഴുത്ത്.
എഴുത്തിലൂടെ ജീവിക്കുകയും ജീവിതത്തെ എഴുതുകയും ചെയ്ത അവർ കോഴിക്കോട് വെള്ളിമാട്കുന്നിലെ ‘അരുൺ നിവാസ്’ എന്ന വീട്ടിലും വയനാട്ടിലെ തിരുനെല്ലിയിലുള്ള വീട്ടിലും ഇരുന്ന് എഴുതിയതെല്ലാം വായനക്കാർ ഹൃദയത്തിൽ ഏറ്റുവാങ്ങി.
കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, മുട്ടത്തു വർക്കി അവാർഡ്, സി വി കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ തേടിയെത്തിയപ്പോഴും വിവാദങ്ങളിൽ പ്രതികരിക്കാനോ, അനാവശ്യകാര്യങ്ങളിൽ അഭിപ്രായം പറയാനോ നിൽക്കാതെ അവർ എഴുത്തിൽ മാത്രമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
കോഴിക്കോട് ഗവൺമെന്റ് ട്രെയിനിംഗ് കോളജ് പ്രധാന അധ്യാപികയായി 1993ൽ വിരമിച്ച അവർക്ക് അധ്യാപക സമൂഹത്തിൽ നിരവധി ശിഷ്യഗണങ്ങളാണുള്ളത്. കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നപ്പോഴും ഭരിക്കുന്ന സർക്കാറിനോട് വിധേയത്വം കാണിക്കാൻ അവർ കൂട്ടാക്കിയില്ല. എന്നുമാത്രമല്ല തന്റെ വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ച സംഘടനകളെ അവർ നിലയ്ക്ക് നിർത്തുകയും ചെയ്തു. ഇതിന്
ഉദാഹരണമാണ് 2013 ൽ മാതാ അമൃതാനന്ദമയിയെക്കുറിച്ച് അവരെഴുതിയ ലേഖനവും അതിനെച്ചൊല്ലിയുണ്ടായ കോലാഹലങ്ങളും.
‘തൊട്ടുണർത്താൻ ഒരു ചെറുവിരൽ’ എന്ന പേരിൽ മാതൃഭൂമി പത്രത്തിന്റെ എഡിറ്റ് പേജിൽ അവരെഴുതിയ ലേഖനത്തെ കുറിച്ചായിരുന്നു വിവാദം. ആദിവാസകളടങ്ങുന്ന കീഴാളരുടെ ജീവിതം പൊതുസമൂഹത്തിന് മുന്നിലെത്തിച്ച എഴുത്തുകാരിയെ ഇടതുപക്ഷ സഹയാത്രിക എന്ന നിലയിലാണ് അതുവരെ കേരളീയ സമൂഹം കണ്ടത്. ദേശാഭിമാനി ആഴ്ചപ്പതിപ്പിലെ അവരുടെ സ്ഥിരം സാന്നിധ്യം അതിന് ആക്കം കൂട്ടുകയും ചെയ്തു. ഈ ഇടതുപക്ഷ സങ്കൽപത്തിനേറ്റ കനത്ത പ്രഹരമായിരുന്നു മാതൃഭൂമിയിലെ ലേഖനം.
അവരെക്കുറിച്ചുണ്ടായിരുന്ന ധാരണകളെയാകെ തകിടം മറിച്ച ആ ലേഖനം വന്നതിന് പിറകെ എഴുത്തുകാരിയെ തള്ളിപ്പറഞ്ഞുകൊണ്ട് പുരോഗമന കലാസാഹിത്യ സംഘം രംഗത്തുവന്നു. മുമ്പ് പു.കാ.സയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു പി.വത്സല എന്നും ഓർക്കേണ്ടതുണ്ട്. അവർ ഹൈന്ദവ ഫാസിസത്തിന് കുഴലൂതുകയാണെന്നും ബി.ജെ.പി ആയെന്നും പു.കാ.സ ആരോപിച്ചു. സാമൂഹിക മാധ്യമങ്ങൾ അതേറ്റുപിടിച്ച് ടീച്ചർക്കെതിരെ തിരിഞ്ഞു. എന്നാൽ എഴുത്തുകാരിയെ ഭയപ്പെടുത്താൻ അതിനൊന്നുമായില്ല. നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ച് വിജയം കണ്ട മാതാ അമൃതാനന്ദമയിയുടെ ജീവിതം ഓരോ സ്ത്രീക്കും മാതൃകയാണെന്ന തന്റെ അഭിപ്രായത്തിൽ അവർ ഉറച്ചുനിന്നു. ടീച്ചർ തുടർന്നും അമൃതാനന്ദമയിയുടെ പരിപാടികളിൽ പങ്കെടുത്തുകൊണ്ടാണ് വിമർശനങ്ങൾക്ക് മറുപടി പറഞ്ഞത്. ക്രമേണ വിവാദങ്ങൾ കെട്ടടങ്ങുകയായിരുന്നു.‘ജാതിയുടെ മേൽക്കീഴ് വ്യവസ്ഥ ഇവിടുത്തെ കുടുംബജീവിത മണ്ഡലത്തിൽ മാത്രം നിലനിൽക്കാൻ കൂട്ടാക്കാതെ വിപ്ലവപാർട്ടികളുടെ രാഷ്ട്രീയ ശിഖരങ്ങൾ പോലും കയറിപ്പറ്റി കൊടിപറത്തുകയാണ്’ എന്ന് ഉറക്കെപ്പറയാനും വത്സല ടീച്ചർ മടിച്ചില്ല.
ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതിയ ടീച്ചർ അവസാനകാലത്ത് യുക്തിചിന്തവിട്ട് ആത്മീയതയെ കൂട്ടുപിടിച്ചതൊന്നും അവരുടെ വായനക്കാരെ തെല്ലും അലോസരപ്പെടുത്തിയില്ല. ‘കിളിക്കാലം’ എന്ന ആത്മകഥയ്ക് ലഭിച്ച സ്വീകരണം അതിനുള്ള തെളിവായിരുന്നു.
കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രില്‍ 4-ന് കോഴിക്കോട് ജനിച്ച പി.വത്സല എന്ന എഴുത്തുകാരി ‘പെണ്ണെഴുത്തുകാരി’ എന്ന ലേബലിന് പുറത്തായിരുന്നു ജീവിച്ചത്. അവർക്ക് ഏറെ ചേർന്നത് ‘വയനാടിന്റെ എഴുത്തുകാരി’ എന്ന വിശേഷണമായിരുന്നു. 1972 ൽ വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ മുൻനിർത്തി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെ ശ്രദ്ധേയയായ അവർ തുടർന്നും ആദിവാസി ജീവിതത്തിലെ കണ്ണീരുപ്പ് ഒപ്പിയെടുത്തുകൊണ്ടെഴുതി. 1974 ൽ എഴുതിയ ‘ആഗ്നേയം’, 1989 ൽ എഴുതിയ ‘കൂമൻ കൊല്ലി’ എന്നി നോവലുകൾ സമൂഹത്തിന്റെ പലവിധ ചൂഷണങ്ങൾക്ക് വിധേയരായി കഴിയുന്ന ഗോത്രവർഗ്ഗക്കാരുടെ ജീവിതമാണ് വരച്ചിട്ടത്.
കവർ : ജ്യോതിസ് പരവൂർ