പൂമുഖം സ്മരണാഞ്ജലി നമ്പൂതിരി: പാരമ്പര്യത്തിന്റെയും ആധുനികതയുടെയും തന്റെ തന്നെയും ചിത്രകാരൻ

നമ്പൂതിരി: പാരമ്പര്യത്തിന്റെയും ആധുനികതയുടെയും തന്റെ തന്നെയും ചിത്രകാരൻ

കുറേ മുമ്പ് “മലയാളം” വാരികയിൽ വന്ന എന്റെ കഥയ്‌ക്ക് നമ്പൂതിരി വരച്ച ഓർമ്മയുണ്ട്, ജോൺ അബ്രഹാം കഥാപാത്രമായി വരുന്ന ഒരു കഥയായിരുന്നു എന്നാണ് ഓർമ്മ : അപൂർണ്ണമെന്നു തോന്നിക്കുന്ന വരയുടെ അതേ തീർപ്പിൽ (Surety) ആ ചിത്രം സന്തോഷത്തോടെ കണ്ട ഓർമ്മയുമുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം എം. ടി യെ വരച്ചത് ഒരു പ്രസാധക സുഹൃത്ത് കാണിച്ചു തന്നു. തന്റെ തന്നെ വരയിൽ നമ്പൂതിരി കണ്ടുപിടിക്കുന്ന അതേ പാരമ്പര്യത്തിലാണ്, ഒരു പക്ഷെ, ആ ചിത്രവും. നമ്പൂതിരിയുടെ ഇല്ലസ്ട്രഷന്സ് എന്നെ എന്നും ആകർഷിച്ചിട്ടുണ്ട്. പാരമ്പര്യവും ആധുനികതയും കലർന്ന വരയാണ് അത് എന്നും തോന്നിയിട്ടുണ്ട്. അതിലെ കേരളീയത കേരളത്തിൽ ഇല്ലാത്ത ഒരു നാഗരികത കൂടി ചേർന്നതാണ്. ആ നാഗരികതയാണ് ചിലപ്പോൾ നമ്പൂതിരിയുടെ ആധുനികത.

സുഹൃത്തും ചിത്രകാരിയും ഗവേഷകയുമായ കവിത ബാലകൃഷ്ണനെ കാണുമ്പോൾ എല്ലാം ഞങ്ങളുടെ സംഭാഷണത്തിൽ “നമ്പൂതിരി” വരും : കല ആവശ്യമായി വരുന്ന നമ്മുടെ ഓർമ്മയിൽ ആ വരയ്ക്ക് അത്രയും ജീവിതമുണ്ട്. അദ്ദേഹം വരച്ച ചിത്രങ്ങൾ, എം ടി യ്‌ക്കും നിർമ്മൽകുമാറിനും വേണ്ടി വരച്ച “മഹാഭാരതം” തീർച്ചയായും, ഓർമ്മയിൽ നിൽക്കുന്നു. കഥകളി രൂപങ്ങളും. നമ്മുടെ ഫിക്ഷന്റെ ആനന്ദവും പരിമിതിയും ആ ചിത്രങ്ങൾ തന്നിട്ടുണ്ട്, പക്ഷെ ഒരിക്കലും അത് കഥയെ കവിഞ്ഞു എന്ന് തോന്നിയില്ല. നമ്പൂതിരി, കഥയ്ക്കല്ല, തനിക്കു വേണ്ടി മാത്രം വരച്ചു എന്നേ തോന്നിയിട്ടുള്ളു. നമ്മൾ നമ്പൂതിരിയെ ഇഷ്ടത്തോടെ ഓർമ്മിക്കും, വിമർശങ്ങൾ പറയുമ്പോഴും.

കരുണാകരൻ

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like