പൂമുഖം സ്മരണാഞ്ജലി ഒരു തലമുറമാറ്റത്തിന്റെ തുടക്കം

ഒരു തലമുറമാറ്റത്തിന്റെ തുടക്കം

ഉമ്മൻ ചാണ്ടിയുടെ മരണം കേരള രാഷ്‌ടീയo, പൊതു രംഗo എന്നിവ ഒരു തലമുറ മാറ്റത്തിലേക്കു പോകുന്നു എന്നാണ് കാണിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല ഏകദേശം ആറു ദശാബ്ദത്തിലെ പൊതു പ്രവർത്തനത്തിൽ ഉമ്മൻ ചാണ്ടിയും, ആ തലമുറയും കൊണ്ടുവന്ന പ്രവർത്തന ശൈലി , ആർജവം, വ്യക്തിനിഷ്ഠമല്ലാത്ത രാഷ്‌ടീയം, എന്നിവ ഇതോടെ കേരളത്തിൽ അന്യം നിൽക്കുകയാണ്. അധികാര രാഷ്‌ടീയം നടത്തുമ്പോളും, എങ്ങനെ അതിനെ ജനങ്ങളുടെ , തന്റെ പാർട്ടിയുടെ ഉന്നമനത്തിനു അനുകൂലമാക്കാമെന്ന ഒരേ ഒരു വിചാരമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു.

അടിയന്തരാവസ്ഥ കഴിഞ്ഞുള്ള ഏ. കെ. ആന്റണി -ഉമ്മൻ ചാണ്ടി കൂട്ടുകെട്ടിന്റെ പുത്തൻരാഷ്‌ടീയശൈലി കണ്ടു വളർന്ന ഒരാളെന്ന നിലയിൽപറയട്ടെ. കോൺഗ്രസിൽ തന്നെ അവർ ചെയ്ത സമരം, വ്യക്തിഗത പുരോഗതി അല്ല മറിച്ചു ജനകീയ അഭിവൃദ്ധിയാണ് രാഷ്‌ടീയ പാർട്ടികൾ ഉ ന്നമാക്കേണ്ടത് എന്ന് കാണിച്ചു തന്നു.അതായിരുന്നില്ലേ അവരുടെ കെ കരുണാകരനുമായുള്ള അഭിപ്രായ വ്യത്യാസവും? പാർട്ടിയിലെ സവർണ, ഫ്യൂഡൽ നേതാക്കളെ ആദർശാധിഷ്ഠിതമായി എതിർത്ത്, കോൺഗ്രസിന് , കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വർധിച്ചു വരുന്ന സ്വാധീനത്തെ നേരിടാൻ പ്രാപ്തിയുള്ള ഒരു കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപം കൊടുക്കുക യാണ് ആന്റണി-ഉമ്മൻ ചാണ്ടി കൂട്ടുകെട്ട് രാഷ്‌ടീയം കേരളത്തിൽ ചെയ്തത്. രണ്ടു പേരും അവരുടെ കൂടെ നിന്നവരും രാഷ്‌ടീയ പാരമ്പര്യമുള്ള നേതാക്കളുടെ വീടുകളിൽ നിന്നല്ല എന്ന് ശ്രദ്ധിക്കുക. അത് കൊണ്ട് തന്നെയാവണം കേരളം മറ്റൊരു ബംഗാൾ ആവാതെ ഇടതു വലതു മുന്നണികൾ മാറി മാറി ഭരിച്ചതും, ഏകദേശം ഒരേ അജണ്ടകൾ നടപ്പാക്കിയതും, അങ്ങനെ ഒരു കേരളമോഡൽ രാഷ്‌ടീയവും, വികസനവും ഉണ്ടായതും.

കമ്മ്യൂണിസ്റ്റ് പാർട്ടികളെ എതിർത്ത വിമോചന സമരത്തിലെ ഒരണ സമരത്തിന്റെ വക്താക്കൾ ആയാണ് ഇവരെ കേരളം ശ്രദ്ധിച്ചു തുടങ്ങിയത്. അതിനു ശേഷം യൂത്ത് കോൺഗ്രസിന്റെ ശക്തരായ നേതാക്കൾ ആയും. ഇവരുടെ കൂടെ ചേർന്ന് ഇവരെക്കാൾ ഉല്പതിഷ്ണുവും റാഡിക്കലും ആയ എം. എ. ജോൺ എന്ന കൂട്ടുകാരൻ ഉയർത്തിയ പുതിയ മുദ്രാവാക്യങ്ങൾ, അന്നത്തെ യുവാക്കളെ കോൺഗ്രസിൽ എത്തിച്ചു -പ്രത്യേകിച്ചു താഴെ കിടയിൽ ഉള്ള മധ്യവർത്തികളെ. അതായിരുന്നു അന്നത്തെ യൂത്ത് കോൺഗ്രസിന്റെ ശക്തിയും.

ആ ശക്തി കോൺഗ്രസിനെ പിടിച്ചടക്കാൻ അവരെ സഹായിച്ചു. വ്യക്തിഗത അജണ്ടകൾ ഉണ്ടായിരുന്നവർ ഇന്നും കോൺഗ്രസിൽ ഉണ്ട്. പക്ഷെ അവരെക്കാൾ കമ്മ്യൂണിസ്റ്റു പാർട്ടികളെ എന്നും നേരിടുവാൻ പ്രാപ്തി ഉണ്ടായിരുന്നത് ആന്റണി- ഉമ്മൻ ചാണ്ടി നയിച്ച ആദർശ കൂട്ടുകെട്ടിനാണ് . അതല്ലേ കോൺഗ്രസിലെ എ ഗ്രൂപിന്റെ ശക്തിയു൦. അത് കൊണ്ട് തന്നെ ആണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഈ രണ്ടു പേരെയും എന്നും പ്രത്യേകം ടാർഗറ്റ് ചെയ്‌തിരുന്നതും

ഇവരുടെ ഇടയിലുള്ള വ്യക്തിഗത അടുപ്പം, എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഉമ്മൻ ചാണ്ടി, ആന്റണി,വയലാർ രവി, സുധീരൻ എന്നിവർ എത്ര അഭിപ്രായ വ്യത്യാസം ഉണ്ടായാലും, തങ്ങളുടെ വ്യക്തി ബന്ധങ്ങൾ നിലനിർത്തിയിരുന്നു.

ഉമ്മൻചാണ്ടിയാണ്,വളരെ ചെറുപ്പത്തിൽ മുഖ്യമന്ത്രി ആയ ആന്റണിയുടെ പിൽക്കാല ജീവിതത്തിന്റെ സുഹൃത്തും വഴികാട്ടിയും ആയത്.അദ്ദേഹത്തിന് ഒരു ജീവിത സഖിയെ കണ്ടു പിടിച്ചു വിവാഹം നടത്തി കൊടുത്തതും ഉമ്മൻ ചാണ്ടി ആയിരുന്നു. ആന്റണി കേന്ദ്രത്തിൽ എത്തുന്നതുവരെ ആ ചാർച്ച തുടർന്നു.

എന്തായിരുന്നു ഉമ്മൻ ചാണ്ടിയുടെയും കൂട്ടരുടെയും ജനകീയ അജണ്ട? മറ്റൊന്നുമല്ല, നിയമസംവിധാനങൾ അനുവദിക്കുന്ന എല്ലാ സഹായങ്ങളും ജനങ്ങൾക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവർക്ക് ലഭ്യമാക്കുക എന്നതാണ് അതിലെ പ്രധാന ജനകീയത. അതും പാർട്ടി വ്യത്യാസങ്ങൾ നോക്കാതെ. കമ്മ്യൂണിസ്റ്റ് പാർട്ടി കളുടെ മേലുള്ള അവരുടെ ജയത്തിനു കാരണവും അതായിരുന്നു.അവർ വിപ്ലവത്തിന് വേണ്ടിയോ,പാർട്ടി അജണ്ടകൾക്കു വേണ്ടിയോ കാത്ത് നിന്നില്ല. ചെയ്യാവുന്നത് ചെയ്തു കൊടുത്തു ജനകീയരായി. ഇടതു പക്ഷം ഏറെ കളിയാക്കിയ ജനസമ്പർക്ക പരിപാടി ലോകം മുഴുവൻ ശരിവെയ്ക്കുന്ന ഒരു ജനാധിപത്യ മുന്നേറ്റമാകുന്നതും അങ്ങനെയാണ്‌. എത്രയോ കുടുംബങ്ങൾക്ക് സർക്കാരിന്റെ ചട്ടക്കൂടുകളിൽ നിന്ന് , ഗുമസ്ത നൂലാമാലകളിൽ നിന്ന് , നീതി ലഭിക്കുവാൻ ആ പരിപാടി സഹായകമായി.

ഇ എം സ്- അച്യുതാന്ദൻ എന്നിവരുടെ കറ കളഞ്ഞ പൊതു രാഷ്‌ടീയ പ്രവർത്തനത്തെ എതിർത്തു കൊണ്ട് അധികാര രാഷ്‌ടീയത്തിൽ പിടിച്ചു നിൽക്കുക ദുഷ്കരമാണ്‌ എന്ന് ഉമ്മൻ ചാണ്ടിയും കൂട്ടരും മനസ്സിലാക്കിയിരുന്നു. അതായിരിക്കണo അവരെ ജനകീയ വിഷയങ്ങളിൽ കൂടുതൽ ഊന്നിയുള്ള രാഷ്‌ടീയ ശൈലിയിലേക്ക് നയിച്ചത്. അച്യുതമേനോനെപ്പോലെ ഒരു ബൗദ്ധിക നേതാവായിരുന്നില്ല ഉമ്മൻ ചാണ്ടി. പക്ഷെ വികസന കാര്യത്തിൽ, സാം പിട്രോഡയെ വരെ കേരളത്തിൽ കൊണ്ടുവരുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.അതായിരിക്കും, കൊച്ചി മെട്രോക്കും , ഇന്ത്യയുടെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖമാകുവാൻ പോകുന്ന വിഴിഞ്ഞം പദ്ധതിക്കും അദ്ദേഹം രൂപ കല്പന നടത്തിയത്. അതിൽ വ്യക്തിതാല്പര്യങ്ങൾ കണ്ടെത്തുവാൻ പോയ ഇടതു പക്ഷം ഇപ്പോൾ അതിനെ ആഘോഷിക്കുന്നതും നാം കണ്ടു കൊണ്ടിരിക്കുകയാണ്.

അദ്ദേഹത്തിന്റെ ഉയർച്ച നേരിട്ട് കാണുവാൻ എനിക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ കൂട്ടാളിയായ ആന്റണിയിലൂടെ, അദ്ദേഹത്തിന്റെ വളർച്ചയെപ്പറ്റി അറിയുവാൻ ഡൽഹിയിൽ ഇരുന്നു കൊണ്ട് കഴിഞ്ഞിരുന്നു. രണ്ടു പ്രാവശ്യമേ അദ്ദേഹത്തെ നേരിട്ട് കാണുവാനും സംസാരിക്കുവാനും മുഖ്യമന്ത്രി ആയതിനു ശേഷം കഴിഞ്ഞുള്ളു . അതിനു മുൻപ് കേരള ഹൗസിലെ പത്രസമ്മേളനങ്ങളിലും. മറ്റു കോൺഗ്രസുകാരിൽ നിന്ന് വ്യത്യസ്തമായ ഈഗോയില്ലാത്ത പെരുമാറ്റം, സഖാക്കളുടെ അപ്രമാദിത്യമില്ലാത്ത ഇടപെടലുകൾ, ഇവയൊക്കെ ആണ് അദ്ദേഹത്തെ ജനകീയനാക്കുന്നത് എന്ന് അറിയുവാൻ ഈ ചെറിയ നേരിട്ടുള്ള കണ്ടു മുട്ടലുകൾ മതിയായിരുന്നു.

കേരളം വലിയ വെല്ലുവിളികളും പ്രതിസന്ധികളും അഭിമുഖീകരിക്കുന്ന സമയത്താണ് ഉമ്മൻ ചാണ്ടിയുടെ വിയോഗം എന്നത് വളരെ ദുഃഖജനകമാണ്. ഒരു സ്ത്രീയെ മുൻനിർത്തി അദ്ദേഹത്തെ തേജോവധം ചെയ്യുവാൻ ശ്രമിച്ചത് താനെ പരാജയപ്പെട്ടു. പക്ഷെ കേരളത്തിന്റെ വെല്ലുവിളികൾ നേരിടാൻ അദ്ദേഹത്തിനെപ്പോലെ ഒരു ശക്തനായ നേതാവ് ഇല്ലല്ലോ എന്ന വസ്തുതയാണ് ആ വിയോഗത്തിൽ എനിക്കുള്ളത്. അവിടെയാണ് അദ്ദേഹത്തിന്റെ മരണം ഒരു തലമുറമാറ്റത്തിന്റെ സൂചന ആണ് എന്ന് നാം മനസിലാക്കേണ്ടത്. അദ്ദേഹം തന്റേതായ രീതിയിൽ എതിർത്ത് തോൽപ്പിച്ച വി എസ് അച്യുതാനന്ദനും കിടക്കയിൽ ആണെന്നുള്ള അറിവ് ഈ തലമുറ മാറ്റത്തിനു ആക്കം കൂട്ടുന്നു. രാഷ്‌ടീയസന്യാസം സ്വയം വിധിച്ച ഉമ്മൻ ചാണ്ടിയുടെ സഹവർത്തികളായിരുന്ന എ.കെ. ആന്റണിയുടെ അഭാവവും, വയലാർ രവിയുടെ തിരോധാനവും, ഈ തലമുറമാറ്റത്തെ ഉറപ്പിക്കുന്നു.

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like