പൂമുഖം സ്മരണാഞ്ജലി അതിരുകളെ അലിയിച്ച ഇശലുകൾ

അതിരുകളെ അലിയിച്ച ഇശലുകൾ

അന്നും ഇന്നും കോഴിക്കോട് മാപ്പിളമാർക്ക് മാപ്പിളപ്പാട്ടിന്റെ ഇശൽ ചുണ്ടിലില്ലാത്ത ഒരു ദിവസം പോലും കടന്നു പോവാറില്ല… വിളയിൽ ഫസീല എന്ന മാപ്പിളപ്പാട്ടിന്റെ രാജ്ഞി വിട പറയുമ്പോൾ പല തലമുറകളുടെ ഉള്ളിലെ പുളകങ്ങളാണ് മങ്ങിപ്പോകുന്നത്. മോയിൻ കുട്ടി വൈദ്യരുടേയും മറ്റും കാലഘട്ടത്തിന് ശേഷം മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ വരിൽ വലിയൊരു പങ്ക് വി എം കുട്ടിക്കും അവകാശപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ട്രൂപ്പിലെ പ്രധാന പാട്ടുകാരിയായിരുന്നു വിളയിൽ വത്സല എന്ന ഫസീല. അവർ അനശ്വരമാക്കിയ പാട്ടുകൾ പുതു തലമുറയുടെ ചുണ്ടിൽ നിന്നു പോലും ചുണ്ടുകളിലേക്ക് ഇന്നും ചേക്കേറുന്നുണ്ട്.

വി എം കുട്ടിയുടേയും ഫസീലയുടേയും ഗാനമേളയുണ്ടെങ്കിൽ ജനം വിളിക്കാത്ത കല്യാണത്തിനും പോകും!.. അതായിരുന്നു അവരുടെ താരമൂല്യം. അതിശയോക്തി തോന്നുമെങ്കിലും മാസത്തിൽ 30 ദിവസവും പരിപാടികൾ അവതരിപ്പിച്ച കാലവും ഉണ്ടായിരുന്നത്രെ… ചെറുപ്പക്കാർക്കും, പ്രവാസികൾക്കും, പ്രായമായവർക്കും അവർ ഒരു പോലെ ഹരമായിരുന്നു. അന്ന് മാപ്പിളപ്പാട്ട് പുസ്തകങ്ങൾ ഇല്ലാത്ത മുസ്ലിം വീടുകളില്ലായിരുന്നു. കുടുംബത്തിലെ മുതിർന്ന സ്ത്രീകളൊക്കെ കല്യാണ രാവില് തിരക്കൊഴിയുമ്പോൾ ഈ പുസ്തകം നോക്കി പാട്ടു പാടുന്നത് സ്ഥിരം കാഴ്ചയായിരുന്നു… കത്തുപാട്ടൊക്കെ കേട്ട് പ്രവാസികളുടെ ഭാര്യമാരൊക്കെ ഇരുന്നു കരയുന്നുണ്ടാവും.. ഗാനമേളയുണ്ടെങ്കിൽപ്പിന്നെ കല്യാണ വീട്ടിൽ വെളുക്കുവോളം ആരവമൊഴിയില്ല. പിറ്റേന്ന് സന്ധ്യയ്ക്ക് പുതുക്കം കഴിയുമ്പോഴേക്കും ഞങ്ങൾ കുട്ടികളൊക്കെ ഉമ്മമാരുടെ തോളിൽ ക്ഷീണിച്ചുറങ്ങിയിട്ടുണ്ടാകും…

എന്റെ ബാല്യ കാലത്തിലൊക്കെ എന്നും രാവിലെ ടേപ്പ് റെക്കോഡറിലോ റേഡിയോയിലോ മാപ്പിളപ്പാട്ട് കേട്ടുകൊണ്ടാണ് ഉണർന്നു വരുന്നത്.
ഉമ്മ വി എം കുട്ടിയുടെയും ഫസീലയുടെയും വലിയ ഫാനായിരുന്നു… ഒരു ദിവസം അടുത്ത വീട്ടിലെ മറിയത്താത്ത പാട്ട് കേട്ടുകൊണ്ട് വന്നപ്പോൾ അതാരുടെ പാട്ടാണെന്ന് ചോദിച്ചു. അത് വിളയിൽ വത്സലയുടെ പുതിയ കാസറ്റാണെന്ന് ഉമ്മ പറഞ്ഞപ്പോൾ മറിയത്താത്ത തിരുത്തി. “അല്ല വിളയിൽ ഫസീല!! ഇസ്ലാമിലേക്ക് വന്ന ആളെ നമ്മളൊരിക്കലും പഴയ പേര് വിളിയ്ക്കാൻ പാടില്ല”. (അന്നാദ്യമായാണ് മതം മാറാൻ പറ്റുമെന്ന് ഞാൻ മനസ്സിലാക്കുന്നത്. ഞാനപ്പോൾ മനസ്സിൽ വിചാരിച്ചു. വലുതാവുമ്പോൾ ഞാനും മതം മാറും. എന്നിട്ട് തട്ടമിടാതെ പൊട്ടുംതൊട്ട് നടക്കും… പിന്നെയും കുറേ കാലം കഴിഞ്ഞാണ്‌ മനസ്സിലായത് മതം മാറുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും, മാറിയിട്ടും യാതൊരു കാര്യവുമില്ലെന്നും…)

ചില പാട്ടുകളുടെ തുടക്കത്തിൽ അതിന്റെ ഉള്ളടക്കത്തിനനുസരിച്ച് ഖുർആൻ വചനങ്ങളും മറ്റും ചേർക്കാറുണ്ട്. അതിന്റെ ഉച്ചാരണമൊക്കെ കേട്ടാൽ ഒരിക്കലും അറബി പഠിച്ചിട്ടില്ലാത്ത ഒരാളാണത് പാടുന്നതെന്ന് തോന്നുകയേയില്ല…
വത്സല ഫസീലയായി ഒരു മുസ്ലിംമിനെ വിവാഹം കഴിച്ചതിന് ശേഷവും ഇരു കുടുംബങ്ങളും കാട്ടിത്തന്നത് മത സൗഹാർദ്ദത്തിന്റെ മനോഹരമായ, ഉത്തമമായ മാതൃകയാണ്… സഹോദരങ്ങൾ തമ്മിൽ പരസ്പരം ബന്ധങ്ങൾ നിലനിർത്തുകയും എല്ലാ ചടങ്ങുകൾക്കും ഒരുമിച്ച് ബന്ധങ്ങളിലെ സ്ഥാനം നിലനിർത്തി ബഹുമാനവും സ്നേഹവും പങ്കു വച്ചിരുന്നു എന്ന് അവരുടെ സഹോദരൻ പറയുന്നത് കേൾക്കാനിടയായി… മരണത്തിന്റെ തലേ ദിവസവും സഹോദരൻ നാരായണനെ കണ്ടു മടങ്ങിയതാണവർ… വെറുപ്പില്ല, വിദ്വേഷമില്ല, ജീഹാദ് കാഹളം വിളികളില്ല… കേരളം എങ്ങിനെയായിരിക്കണമെന്ന് യഥാർത്ഥ മതേതര വിശ്വാസികൾ ആഗ്രഹിക്കുന്നതാണ് അവർ മഹത്തായ ജീവിതത്തിലൂലെ കാണിച്ചു തന്നത്… ബഹുമാനം… സ്നേഹം

സാഹിത്യ ഭംഗിയും ശാസ്ത്രീയതയുമില്ലെന്ന വിമർശനമുണ്ടെങ്കിലും മലബാർ മുസ്ലീംങ്ങളുടെ പ്രത്യേകിച്ചും മലപ്പുറം കോഴിക്കോട് ഉള്ള എല്ലാവരുടെ ഉള്ളിലും സംഗീതമുണ്ടെങ്കിൽ അതിൽ പ്രധാന സ്ഥാനം മാപ്പിളപ്പാട്ടിന് തന്നെയാണ്… സാധാരണ മനുഷ്യരുടെ ആഘോഷങ്ങളെയെല്ലാം ചടുലമാക്കുന്നത്
ഈ സംഗീതം തന്നെയാണ്… ഫസീല ഒരു വലിയ പ്രതിഭയായിരുന്നു. മാപ്പിളപ്പാട്ടിൽ നിന്ന് വന്നത് കൊണ്ടായിരിക്കാം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഗായിക… പ്രിയ ഗായികയ്ക്ക് ആദരാഞ്ജലികൾ

കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like