പൂമുഖം സ്മരണാഞ്ജലി ദേവകി നിലയങ്ങോട്

ദേവകി നിലയങ്ങോട്

2011 ഫെബ്രുവരിയിൽ ദേവകി നിലയങ്ങോട് “മലയാളനാടു”മായി തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. അന്നത്തെ അഭിമുഖം വായനക്കാർക്കായി പുനപ്രസിദ്ധീകരിക്കുന്നു

ശ്രീമതി ദേവകി നിലയങ്ങോടിനെ തൃശൂരിനടുത്തുള്ള തിരൂരില്‍, എഴുത്തുകാരിയായ എന്‍. ചന്ദ്രികയോടും, മരുമകന്‍ രവീന്ദ്രനോടുമൊപ്പം, ‘കപിലവസ്തു’ എന്ന വീട്ടില്‍ വച്ചാണ് ഞാന്‍ കണ്ടത്. വെയിൽ തെളിഞ്ഞ പകല്‍ പോലെ, പ്രസാദാത്മകമായ ചന്ദനക്കുറി പോലെ ഒരു സ്ത്രീ. അവർ എഴുതിയ “കാലപ്പകർച്ചകൾ” എന്ന പുസ്തകമാണ് എന്നെ അവിടെ എത്തിച്ചത്. സാമൂഹ്യ പരിവർത്തനത്തിന്റെ അതിപ്രധാനമായ ഒരു കാലഘട്ടത്തെ കുറിച്ചുള്ള ഓർമ്മകൾ അവർ പങ്കുവെച്ചു.

ബാല്യം

പാലക്കാട് ജില്ലയിലെ മൂക്കുതലയിലെ പകരാവൂര്‍ മനയില്‍ നിന്ന് ആരംഭിക്കുന്നു ഓർമ്മകൾ. വിശാലമായ നെല്പാടങ്ങളും , കുളങ്ങളും, പറമ്പുകളും, ചെറുകാടുകളും ക്ഷേത്രങ്ങളും നിറഞ്ഞ സ്വച്ഛമായ ഗ്രാമീണത…പ്രക്രുതിയോടിണങ്ങിയാണ് അന്നത്തെ ബാല്യകാലം. കാലത്തും വൈകുന്നേരവും വെയിലുകൊണ്ട് കാടും തൊടിയും താണ്ടി, പലതരം കായ്കനികള്‍ പറിച്ചു തിന്ന്, കുളത്തില്‍ ചാടി മറിഞ്ഞു നീന്തിത്തുടിച്ച്… ഗൌരവ ചിന്തകള്‍ ഇല്ല, സമയ നിബന്ധനകളില്ല.അങ്ങനെ നോക്കുമ്പോള്‍ ഓരോ കാലത്തിനും അതിന്റേതായ നന്മയുണ്ട്. വര്‍ത്തമാനത്തിനു എന്നും നേട്ടങ്ങളോടൊപ്പം നഷ്ടങ്ങളുടെ ഹൃദയഭാരവും ഉണ്ട്.

ഇന്നത്തെ ബാലികാ ബാലന്മാരുടെ ദിനചര്യകള്‍ കാണുമ്പോള്‍ പരിഭവവും സങ്കടവും തോന്നാറുണ്ട്. ഉറക്കം തെളിയുന്നതിനു മുന്‍പ് വിളിച്ചു വിളിച്ചു എഴുന്നേല്‍പ്പിച്ചു, പല്ല് പോലും തേക്കാതെ കിടക്കയില്‍ വെച്ച് തന്നെ പാല്‍ കൊടുത്തു പ്രീണിപ്പിച്ചു, നിന്ന് തിരിയാന്‍ സമയമില്ലാതെ ഒരുക്കി സ്കൂള്‍ വാഹനങ്ങളില്‍ തിരുകിക്കയറ്റി വിടുന്നത് കാണുമ്പോള്‍ വിമ്മിഷ്ടം തോന്നും .ടി വി യുടെയും കംപുട്ടറിന്റേയും മുന്‍പില്‍ അടഞ്ഞ മുറികളില്‍ അവരുടെ പ്രസരിപ്പ്, നനഞ്ഞ പടക്കമാവുന്നതും വേദനിപ്പിക്കാറുണ്ട്‌. മുതുകു കുനിക്കുന്ന പുസ്തകസ്സഞ്ചിയുടെ ഭാരം അവരുടെ വളര്‍ച്ചയെ ബാധിക്കുമോ എന്ന് ആശങ്ക തോന്നാറുണ്ട്. ‘അമ്മെ വിശക്കുന്നു എന്തെങ്കിലും തരു ‘എന്ന് പറഞ്ഞു ഓടിവരുന്ന കുട്ടികളെ ഇന്ന് കാണാന്‍ കിട്ടില്ല .കുട്ടികളുടെ വിശപ്പ്‌ ആര് കവര്‍ന്നെടുത്തു എന്നാണതിശയം.മാമ്പഴം വേണ്ട, ചക്ക വേണ്ട, പേരക്ക വേണ്ട…!

ജീവിത രീതിയുടെ ലാളിത്യം കൊണ്ടാവാം അന്ന് കുട്ടികളുടെ ഇടയില്‍ രോഗങ്ങള്‍ കുറവായിരുന്നു. രോഗങ്ങള്‍ ഉണ്ടായാല്‍ നാട്ട് വൈദ്യന്മാരുടെ സഹായം ചിലപ്പോള്‍ സ്വീകരിക്കും.ഡോക്ടര്‍ വരുന്നത് അത്യപൂര്‍വമാണ്. അത്രയും പ്രധാനപ്പെട്ട ഒരു ശരീരമായിരിക്കണം രോഗത്തില്‍ പെട്ടത്. പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഒരു ചികിത്സക്കും മിനക്കെടാറില്ല. ജ്വര ബാധിതയായ സഹോദരിക്ക് ഡോക്ടറുടെ ചികിത്സ ലഭ്യമാക്കാന്‍ വേണ്ടി, വലിയമ്മയുടെ മക്കളായ കാര്യം നോക്കുന്നവരോട് കേണപേക്ഷിച്ച അമ്മ പരിഹാസ പൂര്‍വ്വം അവഗണിക്കപ്പെട്ടതും, ആ കുരുന്നു ജീവന്‍ ഒരു വയൽപൂ പോലെ കൊഴിഞ്ഞതും ആ ദുരന്ത സ്മരണ അമ്മയെ അവസാനം വരെ വിടാതെ പിന്തുടര്‍ന്നതും ഇന്നും ഓര്‍മയുണ്ട്.

കുടുംബത്തിലെ വിവേചനം

ജനിക്കുമ്പോള്‍ തന്നെ ഉണ്ട് ആ വിവേചനം. പെണ്ണ് പിറന്നാല്‍ പ്രസവ മുറിയുടെ വാതിലില്‍ പതിഞ്ഞ മുട്ടാണ് അറിയിപ്പ്. ആണ്‍ സന്തതി ആണെങ്കില്‍ വായ്ക്കുരവയോടെ വരവേല്‍ക്കും. പിന്നീട് കൂമ്പാള കോണകവും മൂന്നു നേരം അന്നവും ആണ് കുടുംബത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഉള്ള ജീവനം. ഭക്തി പുസ്തകങ്ങള്‍ വായിക്കാന്‍ ആവശ്യമായ നാലക്ഷരം ഒരു അധ്യാപിക വീട്ടില്‍ വന്നു പറഞ്ഞു കൊടുക്കുന്നതാണ് വിദ്യാഭ്യാസം. ശിലാവതി ചരിതംപാട്ട് രാവുപകൽ ഉരുവിടാം. കല്ലുകളിച്ചും ചുറ്റി നടന്നും സമയം ചിലവഴിക്കാം. ഇത്തിരി വട്ടത്തു നിന്ന് പുറത്തേക്കു കണ്ണും കാതും തുറക്കാതിരിക്കാന്‍ , അകത്തളങ്ങളില്‍ മുനിഞ്ഞു കത്താന്‍ ഒരു സ്ത്രീ ജന്മം.

കുടുംബത്തിലെ ആറാമത്തെ ആളായിരുന്ന തനിക്കു മൂന്ന് ജ്യേഷ്ഠ സഹോദരന്മാര്‍ ഉണ്ടായിരുന്നു, രണ്ടു സഹോദരിമാരും. മുതിര്‍ന്നത് മുതല്‍ വീടിന്റെ മറ്റൊരു ഭാഗത്ത്‌ അന്യരെപ്പോലെ കഴിയുന്ന സഹോദരന്മാരോട് സംസാരിക്കുന്ന പതിവ് ഇല്ല. മുതിര്‍ന്നാല്‍ ആഹാരം വിളമ്പി കൊടുക്കുന്നിടത്ത് അവസാനിക്കുന്നു, അമ്മയ്ക്കും സഹോദരിമാര്‍ക്കും പുരുഷ അംഗങ്ങളോടുള്ള സമ്പര്‍ക്കം .

ദേവകി നിലയങ്ങോട്

യോഗക്ഷേമ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ വീശിയടിച്ച പരിഷ്കാരങ്ങളുടെ കൊടുങ്കാറ്റില്‍ സഹോദരന്മാര്‍ പഴമയുടെ ഇല്ലപ്പറമ്പില്‍ നിന്ന് സുധീരം വിശാലമായ പുറം ലോകത്തേക്ക് കടന്നു. സ്വമേധയാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നു. പക്ഷെ പെണ്‍കുട്ടികള്‍ക്ക് ആ സന്ദേശങ്ങളുടെ പങ്കു പറ്റുവാന്‍ ഉതകുന്ന സാഹചര്യമായിരുന്നില്ല കുടുംബത്തില്‍. മുതിർന്നാല്‍ കുളിക്കാനും അമ്പലത്തില്‍ തൊഴാനും മാത്രമാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങുക. പത്തു പന്ത്രണ്ടു വയസ്സാകുമ്പോഴേക്കും വിവാഹം കഴിഞ്ഞു യാത്രയാവുകയായി. പിന്നെ തറവാടുമായി കാര്യമായി ബന്ധമില്ല.ഇടയ്ക്കെങ്ങാൻ വിരുന്നു പാര്‍ക്കാന്‍ വന്നാലായി.

എങ്കിലുംഅക്കാലത്ത് വായന ശാലയില്‍ നിന്ന് പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടിയിരുന്നത് വലിയ ആശ്വാസമായി പല പ്രശസ്ത ബംഗാളി നോവലുകളും ‘പാവങ്ങള്‍ തുടങ്ങിയ വിശിഷ്ട ഗ്രന്ഥങ്ങളും വായിക്കുവാനിടയായി. പുറത്തു മറ്റൊരു ലോകം ഉണ്ടെന്നു അങ്ങനെ മനസ്സിലായിരുന്നു. ബംഗാളിലെയും ബ്രാഹ്മണ സ്ത്രീകളുടെ സ്ഥിതി സമാനമായിരുന്നു. ബാലിക വിവാഹം, അകാല വൈധവ്യം എന്ന നരകം എല്ലാം ഒരേ പോലെ. എന്നാല്‍ തമിഴ് ബ്രാഹ്മണരുടെ ഇടയില്‍ നിലനിന്ന, മുണ്ഡനം, കാഷായ വസ്ത്രം എന്നിവ ഇവിടെ ഉണ്ടായിരുന്നില്ല

ഇല്ലങ്ങളിലെ പെൺജന്മങ്ങൾ

വിവാഹദിവസം രാവിലെയാണ് മിക്കവാറും പെണ്‍കുട്ടികള്‍ വിവരം അറിയുക.തലേന്ന് ‘അയണി ഊണ്’ എന്നൊരു യാത്രയെ സൂചിപ്പിക്കുന്ന ചടങ്ങ് ഉണ്ട് .വരന്റെ പ്രായമോ പൂര്‍വ വിവാഹങ്ങളോ ഒരു ഘടകം ആയിരുന്നില്ല. മൂന്നു ഭാര്യമാര്‍ വരെ സാധാരണ ഗതിയില്‍ നമ്പൂതിരിമാര്‍ക്ക് അനുവദിക്കപ്പെട്ടിരുന്നു. അച്ഛന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു തന്റെ അമ്മ. സ്ത്രീധനം ഒഴിവാക്കാന്‍ വേണ്ടിയുള്ള മാറ്റക്കല്യാണങ്ങളും പതിവായിരുന്നു.

കൌമാരം കടക്കുന്നതിന് മുന്‍പ് വിധവയാകുന്നത് അപൂര്‍വ മായിരുന്നില്ല. അടുക്കളപ്പണി ചെയ്തും, അന്യ ഇല്ലങ്ങളില്‍ സഹായത്തിനു പാര്‍ത്തും,മറ്റുള്ളവരുടെ കുട്ടികളെ പരിപാലിച്ചും ആ ജന്മങ്ങള്‍ കരിന്തിരി കത്തി. ഒന്‍പതും പന്ത്രണ്ടും വയസ്സുള്ള വധൂവരന്മാര്‍ കിടപ്പറയില്‍ കയറി കട്ടിലില്‍ നിന്ന് ചാടിയും ചുറ്റും ഓടിയും കളിച്ചിരുന്ന കഥ ഇപ്പോഴും പൊട്ടിച്ചിരിപ്പിക്കുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ ആ വരന്‍ മരിച്ചു വിധവ തൊണ്ണൂറു വയസ്സുവരെ ഇല്ലത്ത് ഉണ്ടായിരുന്നു.’തളിര്‍ക്കാതെ പൂക്കാതെ കൊമ്പു കൊമ്പായി നിലം പൊത്തുന്നത് വരെ ‘ ആ പടുമരം ഇല്ലത്ത്‌ ശ്വസിച്ചും ചലിച്ചും കഴിഞ്ഞു. പരസ്പരം മത്സരിച്ചും, ഒതുങ്ങിയും ചിലപ്പോള്‍ തമ്മിലടിച്ചും കഴിയുന്ന സപത്നിമാരും നിഴല്‍ ജന്മങ്ങളായ വിധവകളും ഒരു വശത്തും, മൂന്നു വരെ വേളിയും നേരമ്പോക്കായി നാടുനീളെ സംബന്ധവും ആയി പുരുഷന്മാര്‍ മറുവശത്തും. മനുഷ്യ ജന്മങ്ങളെ സ്ത്രീ എന്നും പുരുഷന്‍ എന്നും അജഗജാന്തരമുള്ള അസ്തിത്വങ്ങാളായി ഇത്തരത്തില്‍ പുനര്‍ നിര്‍വചിച്ചത്‌, മധ്യകാലത്തായിരുന്നില്ല. അന്യ സമുദായങ്ങളില്‍ വിദ്യാഭ്യാസത്തിലൂടെയും രാഷ്ട്രീയത്തിലൂടെയും വനിതകള്‍ സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് ധാരാളമായി കടന്നു വന്നിരുന്ന, കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും കൊടുങ്കാറ്റു ആഞ്ഞടിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ആയിരുന്നു. അക്ഷരാഭ്യാസമില്ലാത്ത ആദിവാസി ക്കൂട്ടങ്ങള്‍ക്കിടയിലല്ല, വേദസാരപണ്ഡിതരെന്നു മേനിപൂണ്ട നമ്പൂതിരിമാര്‍ രാപ്പകല്‍ വൈജ്ഞാനിക ചര്‍ച്ചകള്‍ കൊണ്ട് മുഖരിതമാക്കിയ പേരുകേട്ട ഇല്ലങ്ങളില്‍ ആയിരുന്നു. അനാചാരങ്ങളുടെ ഈ അന്ധകാരക്കോട്ട തകര്‍ക്കാനായി ‘ആറ്റം ബോംബെറിഞ്ഞ’ വിപ്ലവകാരിയാണ് ശ്രീ വി ടി ഭട്ടതിരിപ്പാട്.

മാറ്റത്തിന്റെ കൊടുങ്കാറ്റ്

“വി ടി യാണ് ഞങ്ങളുടെ ദൈവം” (അത് പറഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണ ആ മുഖം ആവേശം കൊണ്ട് ചുവന്നു.)

വളര്‍ന്നു കൊണ്ടിരുന്ന ഇന്ത്യന്‍ ദേശീയതയുടെ പ്രചോദനം ഉള്‍ക്കൊണ്ടു നമ്പൂതിരി സമുദായത്തിലെ പരിവർത്തനവാദികള്‍ യോഗക്ഷേമസഭയിലൂടെ നവീനാശയങ്ങള്‍ക്ക് പ്രചാരം നല്‍കി വന്ന കാലം, 1930കള്‍…..യോഗങ്ങളുംഅനൌപചാരിക ചര്‍ച്ചകളും സജീവമായി നടക്കവെ , അവയില്‍ നിന്നൊഴിഞ്ഞു ഒളിച്ചും പതുങ്ങിയും നടക്കുന്ന അന്തര്‍ജനങ്ങൾക്കു ഇടിമിന്നല്‍ പോലെയാണ് വി ടി യുടെ ഒരു സന്ദേശം ലഭിച്ചത്.

“ഇന്നത്തെ നിങ്ങളുടെ നില എന്താണ്! അമ്മാത്തെ അമ്പലക്കുളത്തിനപ്പുറം ഒരു ലോകമുണ്ടെന്നു നിങ്ങളില്‍ എത്ര പേര്‍ അറിഞ്ഞിട്ടുണ്ട്? കുളത്തില്‍ നിന്നും വലിച്ച ഈറന്‍ ചണ്ടി പോലെ ദുര്‍ഗന്ധ പൂരിതമായ നിങ്ങളുടെ തലമുടിക്കെട്ടു അല്‍പ നേരത്തേക്കെങ്കിലും ഒന്ന് വിടര്‍ത്തി വകഞ്ഞിടുവാന്‍ നീങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടോ! നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ സ്ഥിതിയോ? അച്ഛന്റെ പവിത്രമോതിരം കൊണ്ട് കുട്ടിക്കാലത്ത് ആ ലഹള പിടിച്ച ഹോമാചാരത്തിനിടയിൽ നിങ്ങളുടെ നാവു പിടിച്ചിഴച്ചു അമ്പത്തൊന്നക്ഷരം എഴുതിയില്ലായിരുന്നെങ്കില്‍ അക്ഷര ജ്ഞാനത്തിന്റെ സ്വാദ് പോലും നിങ്ങള്‍ ആസ്വദിച്ചിട്ടില്ലെന്നു ഞാന്‍ ശഠിക്കുമായിരുന്നു. പ്രിയ സഹോദരി, നല്ലവണ്ണം ആലോചിച്ചു നോക്കു സ്ഥിതിക്കൊത്ത പരിഷ്ക്കാരങ്ങളില്‍ പ്രവേശിക്കു.അന്തപ്പുരത്തിലും ഒന്ന് വെളിച്ചം വെക്കട്ടെ. ഈര്‍ച്ചവാളു കൊണ്ട് ഈർന്നാലും ഒരിഞ്ചു പോലും മുറിഞ്ഞു പോകാത്ത ആ മാമൂല്‍ക്കോട്ടയിലെ ഒറ്റക്കല്ലെങ്കിലും ഒന്ന് പുഴങ്ങിയാല്‍ അതായില്ലേ?”

വിപ്ലവത്തിന്റെ പെൺതാരകങ്ങൾ

കുളപ്പുരയിലും ഇടവഴിയിലും അമ്പലക്കെട്ടിലും അകത്തളങ്ങളിലും ആ കുറിപ്പുകള്‍ വീണ്ടും വീണ്ടും വായിക്കപ്പെട്ടു. ഈ ആശയങ്ങളില്‍ നിന്ന് പ്രചോദിതരായ കുറച്ചു സ്ത്രീകള്‍, പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത അകത്തളങ്ങളിലേക്ക് കടന്നു വന്നു. പാര്‍വതി നെന്മേനിയും ആര്യ പള്ളവും ആയിരുന്നു അവരിൽ പ്രമുഖര്‍. അടഞ്ഞ അടുക്കള വാതിലുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ മുട്ടിവിളിച്ചു സംശയാലുക്കളായ അന്തര്‍ജനങ്ങളെ പുറത്തേക്കു കൈപിടിച്ചു ഇറക്കിയാണ് ആ മഹതികള്‍ അവരെ മാറ്റത്തിന്റെ അക്ഷരമാലകള്‍ പഠിപ്പിച്ചത്. തെക്കിനിയില്‍ തുടങ്ങിയ സൌഹൃദ സമ്മേളനങ്ങളില്‍ പങ്കുവെച്ച ആശയങ്ങള്‍ അതിവേഗം സമുദായത്തില്‍ പ്രചരിച്ചു. ആ ധൈര്യ ശാലികളായ വനിതകളെ കാണുമ്പോള്‍ മുഖം തിരിച്ചും തുപ്പിയും മാമൂലുകളുടെ കാവല്ക്കാര്‍ പ്രതിഷേധിച്ചു. പക്ഷെ അതൊന്നും അവരെ പിന്തിരിപ്പിച്ചില്ല. അവരോടുള്ള അത്ഭുതാദരങ്ങള്‍ ഇന്നും ഓര്‍മയിൽ തിളങ്ങി നില്‍ക്കുന്നു .

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്

വി ടി, എം ആര്‍ ബി, പ്രേംജി എന്നിവര്‍ നാടകങ്ങള്‍ എഴുതി തയ്യാറാക്കി ഇല്ലങ്ങള്‍ തോറും അവതരിപ്പിച്ചു. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, രജനീ രംഗം, മറക്കുടയ്ക്കുള്ളിലെ മഹാ നരകം, ഋതു മതി എന്നിവ അവയില്‍ പ്രധാനമായവ . ഇല്ലങ്ങളുടെ മുറ്റത്തു നാടകം അരങ്ങേറുമ്പോള്‍ ഇറയത്ത് ഓടയില്‍ ഞാത്തിയിട്ട ഇണമുണ്ടുകള്‍ തീര്‍ത്ത മറയുടെ പിന്നില്‍ ഇരുന്നു ഇടയിലെ നേര്‍ത്ത വിടവിലൂടെയാണ് അന്തര്‍ജനങ്ങള്‍ കാണുക. തങ്ങളുടെ ലജ്ജാകരമായ പിന്നോക്കാവസ്ഥ രംഗത്ത് പുനർജീവിച്ചപ്പോൾ അവര്‍ തിരിച്ചറിഞ്ഞു. വ്യത്യസ്തമായ ഒരു നിലനില്പിന് വേണ്ടി വിദൂരമായെങ്കിലും സ്വപ്നം കാണാന്‍ അവര്‍ ധൈര്യപ്പെട്ടു. നമ്പൂതിരി വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ സംരംഭകര്‍ ഉണ്ടായി. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മുറവിളി ഉയരുകയായി. അന്തര്‍ജനങ്ങള്‍ക്ക് തൊഴില്‍ പരിശീലിപ്പിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങള്‍ തുറന്നു. പരദേശി ബ്രാഹ്മണര്‍ക്ക് സ്ത്രീധനം കൂടാതെ വിവാഹം ചെയ്തു കൊടുക്കപ്പെടുന്നവരും അന്യ ഇല്ലങ്ങളില്‍ ദാസ്യവേല ചെയ്യുന്നവരും ആയ പെണ്‍കിടാങ്ങളെ നിന്ദ്യമായ അവസ്ഥകളില്‍ നിന്ന് അനുയോജ്യമായ തൊഴിലിലേക്ക് ആകര്‍ഷിക്കുന്നതിനായി അന്ന് അന്തർജനങ്ങള്‍ ഒരു നാടകം തനിയെ എഴുതി സംവിധാനം ചെയ്തു അവതരിപ്പിക്കുകയുണ്ടായി. “തൊഴില്‍ പരിശീലന കേന്ദ്രത്തിലേക്ക്” .. തൊഴില്‍ ചെയ്തു സ്വന്തം കാലില്‍ നിന്ന് സ്ത്രീകള്‍ അവരുടെ ഭാഗധേയം നിര്‍ണയിക്കണം എന്ന ആഹ്വാനവുമായി ഒരു ജാഥ നടത്തി.അത്ഭുതാവഹമായിരുന്നു പ്രതികരണം.

മാറ്റത്തിന്റെ മണിമുഴക്കം കേട്ട് ഇല്ലങ്ങള്‍ ഉണര്‍ന്നത് വെളിപ്പെടുത്തിയ ഒരു സംഭവം.
വേളിക്കു അല്പം മുന്‍പ് മാത്രം ആചാരപ്രകാരം അനുവദിച്ച ‘മുഖ ദര്‍ശന’ത്തില്‍ പ്രായക്കൂടുതല്‍ ഉള്ള വരനെ കണ്ടു ഒരു പെണ്‍കുട്ടി, തഞ്ചത്തില്‍ ഇട്ടിരുന്ന പലക പിന്നിലേക്ക്‌ നീക്കി, കോണിപ്പടികള്‍ ചവിട്ടി, മുറിയില്‍ കയറി വാതിലടച്ചു, വിവാഹത്തെ വെല്ലുവിളിച്ചു. താന്‍ പിന്മാറുന്നതായി പ്രഖ്യാപിച്ച അവള്‍ ചടങ്ങ് റദ്ദു ചെയ്തെന്നു ബന്ധപ്പെട്ടവര്‍ വാക്ക് നല്‍കുന്നതുവരെ പുറത്തിറങ്ങിയില്ല. ഒരിക്കല്‍ ചിറ തകര്‍ത്താല്‍ പ്രവാഹത്തിനെ ആര്‍ക്കാണ് തടഞ്ഞു നിര്ത്താനാവുക?

വിവാഹം, കുടുംബം

നിലയങ്ങോട് പുരോഗമാനാശയങ്ങളുടെ വിളഭൂമിയായിരുന്നു അവിടേക്ക് വിവാഹം കഴിഞ്ഞു ചെന്നെത്തിയത് ഒരു വഴിത്തിരിവായിരുന്നു.. ഓലക്കുടയും ശീലപ്പുതപ്പും ഉപേക്ഷിച്ചു സാരി ധരിച്ചുകൊണ്ടാണ് ഭര്‍തൃഗൃഹത്തിലേക്ക് യാത്രയായത്. നിലയങ്ങോട്ടേക്ക് കയറുന്നതിനു മുന്‍പ് ദമ്പതികളെ, അതിനകം കമ്മ്യൂണിസ്റ്റുകളായ ഏതാനും യുവജനങ്ങള്‍ ചുവന്ന മാലയണിഞ്ഞു ഇൻക്വിലാബ് സിന്ദാബാദ് വിളികളോടെ സ്വീകരിക്കുകയുണ്ടായി.

ജീവിതം തന്നെ വിപ്ലവം

വിധവകളുടെ ദയനീയാവസ്ഥ മുഖ്യവിഷയമായ ഒരു ചര്‍ച്ചക്കിടയില്‍ സദസ്സിനോട് പാര്‍വതി നെന്മേനി ചെത്തിക്കൂർപ്പിച്ച ഒരു ചോദ്യം ഉന്നയിച്ചു. ‘വിധവയെ വിവാഹം ചെയ്യാന്‍ തയ്യാറുള്ളവര്‍ ആരെങ്കിലും ഈ സദസ്സിലുണ്ടോ? ‘സദസ്സില്‍ നിന്ന്, ഇതാ ഈ ഞാനുണ്ട് എന്ന് കൈ ഉയര്‍ത്തി ഉറച്ച കാല്‍വെപ്പുകളോടെ ഒരു യുവാവ് മുന്നോട്ടു വന്നു. എം ആര്‍ ബി. ആയിരുന്നു അത്. അന്ധാളിച്ചു നിന്ന യാഥാസ്ഥിതികതയോട് മിശ്ര ഭോജനം നടത്തിയും, വിധവയെ ജീവിത സഖിയായി സ്വീകരിച്ചും സഹോദരിയെ അന്യ ജാതിക്കാരന് വിവാഹം കഴിച്ചു കൊടുത്തും അദ്ദേഹം കലാപം പ്രഖ്യാപിച്ചു. വി ടി യും പ്രേംജിയും ആവര്‍ത്തിച്ചു. വിശ്വാസങ്ങള്‍ സ്വന്തം ജീവിതം കൊണ്ട് എഴുതി രേഖപ്പെടുത്തിയ ആ യുവാക്കളുടെ നിശ്ചയദാർഢ്യം നിത്യ നൂതനമായിരിക്കുന്നു .ആ സമര്‍പ്പണം ഒക്കെ എത്ര ആവേശകരം !!

“അന്ന് സ്ത്രീകളുടെ മോചനത്തിനും ഉന്നമനത്തിനും വേണ്ടി ആദ്യം ഉല്‍കണ്ഠപ്പെട്ടത് ആണുങ്ങളായിരുന്നു. സ്വസമുദായത്തില്‍ തന്നെയുള്ളവര്‍. ഒരര്‍ത്ഥത്തില്‍ ചൂഷണ വ്യവസ്ഥയുടെ അനന്തരാവകാശികള്‍. “നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളിലും ഞങ്ങള്‍ ഒപ്പമുണ്ടാവും. ഞങ്ങള്‍ ഉണ്ടാല്‍ നിങ്ങളെ ഊട്ടും. അല്ലെങ്കില്‍ നിങ്ങള്‍ ഉണ്ടേ ഞങ്ങള്‍ ഉണ്ണുകയുള്ളൂ. ഞങ്ങള്‍ ചിരിച്ചാല്‍ നിങ്ങളും ചിരിക്കും. അല്ലെങ്കില്‍ നിങ്ങള്‍ ചിരിച്ചേ ഞങ്ങള്‍ ചിരിക്കു.” വി ടി യുടെ വാക്കുകള്‍ …
ഇത് ഒരു വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഇന്നത്തെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളില്‍ അറിഞ്ഞോ അറിയാതെയോ വന്നു ചേരുന്ന പുരുഷനിഷേധ വികാരത്തിന്റെയും , സ്ത്രീപക്ഷത്തു നിന്ന് ഉയരുന്ന വിയോജനാഭിപ്രായങ്ങളെ കൂവിയിരുത്തുന്ന ആണ്‍സമീപനത്തിന്റെയും പരിമിതികള്‍. സ്ത്രീകളും പുരുഷന്മാരും ഒത്തൊരുമിച്ചു ഒരേ മനോഭാവത്തോടെ പ്രവർത്തിക്കുമ്പോഴേ ഏതു സാമൂഹ്യ പ്രസ്ഥാനവും വിജയിക്കുകയുള്ളൂ. അല്ലാത്തപ്പോള്‍ ഒന്ന് മറ്റൊന്നിനെ പിന്നിലേക്ക്‌ വലിച്ചു കൊണ്ടേയിരിക്കും.

ജീവിതസായാഹ്നം

മനസ്സ് സംതൃപ്തമാണ്. പരാതികള്‍ തീരെയില്ല. ചെറിയ ആരോഗ്യപ്രശ്നങ്ങളോട് സമരസപ്പെട്ടിരിക്കുന്നു. ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നേതൃസ്ഥാനത്ത് നിന്ന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന് മാത്രം ദുഃഖം തോന്നാറുണ്ട് .

ഒരു കാലഘട്ടത്തിന്റെ, ആയുധമില്ലാതെ വിജയിച്ച ഒരു സമരത്തിന്റെ, മാമൂലുകള്‍ പൊട്ടിച്ചെറിഞ്ഞു സ്വതന്ത്രമായ സ്ത്രീത്വത്തിന്റെ രേഖാ ചിത്രങ്ങള്‍ മനസ്സില്‍ കോറിയിട്ടുകൊണ്ട്, ഞാന്‍ വിടപറഞ്ഞു .

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like