പൂമുഖം നോവൽ യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 8 – രാജാവിന്റെ തീർപ്പുകൾ

യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 8 – രാജാവിന്റെ തീർപ്പുകൾ

രാജകൊട്ടാരവും അന്തപ്പുരവും ശേലാക്കുളവും അസ്മേദേവൂസിന് ഏറെ മധുരിച്ചു.
ഉപദേശിക്കാൻ ചുറ്റിനും മന്ത്രിമാർ …
ഊഴം കാത്തു നിൽക്കുന്ന റാണിമാർ ….
നേരം പോക്കിന് കന്യകമാർ …. .
പക്ഷേ , ന്യായാസനം ഏറെ കയ്ച്ചിരുന്നു. സഹായകരും ഇല്ല. പരാതികൾ തീർപ്പാക്കാൻ രാജാവ് ഏറെ വിയർത്തു. ഉദ്യോഗസ്ഥർ അമ്പരന്നു.
ശലമോന്റെ തീർപ്പുകൾ കേൾക്കാൻ സഞ്ചാരികൾ കൊട്ടാരത്തിൽ വരിക പതിവായിരുന്നു. അവർ രാജാവിനെ തുറിച്ചു നോക്കി. ശലമോൻ്റെ പ്രേതമാണോ ന്യായാസനത്തിൽ ഇരിക്കുന്നത്?
രാജാവിൻ്റെ ജ്ഞാനം മന്ദിഭവിച്ചതിൽ പണ്ഡിതനായ ഹേമാൻ ഖിന്നനായി. വർഷങ്ങൾക്ക് മുമ്പ് രണ്ട് സ്ത്രീകൾ ന്യായമണ്ഡപത്തിൽ വന്നത് അയാൾക്ക് ഓർമ്മ വന്നു.
ഒരേ കാലയളവിൽ ഗർഭിണികളായ, ആൺകുഞ്ഞുങ്ങളെ പ്രസവിച്ച രണ്ട് വേശ്യകളായിരുന്നു , അവർ. താഴ്‌വരയിലെ ഒരു സത്രത്തിലാണ് തൊഴിൽ എടുത്തിരുന്നത്. അവർ സ്നേഹിതകളായിരുന്നു. .
രാത്രിയിൽ അവരിൽ ഒരുവളുടെ കുഞ്ഞ് മരിച്ചു പോയി. ജീവനുള്ള കുഞ്ഞിനു വേണ്ടി വഴക്കായി. അവർ തമ്മിൽ തർക്കമായി. അത് തീർപ്പാക്കാൻ നഗരത്തിലെ ന്യായാധിപനോ മൂപ്പനോ കഴിഞ്ഞില്ല.
സാക്ഷിയോ തെളിവോ ഇല്ലാതെ എങ്ങനെയാണ് അമ്മയെ കണ്ടു പിടിക്കുക? എന്നാൽ ആ തർക്കത്തിനു തീർപ്പുണ്ടാക്കാൻ ശലമോൻ രാജാവിൻ്റെ പരമജ്ഞാനത്തിനു കഴിഞ്ഞു.

ശലമോനെക്കുറിച്ചുള്ള വാഴ്ത്തലുകൾ കേൾക്കുമ്പോൾ അസ്മേദേവൂസിന് കലിവരും. അയാൾ ശ്രമിക്കാതെയല്ല പക്ഷേ , അമ്പെ പരാജിതനായി. സ്നേഹിതരും മന്ത്രിമാരും അമ്പരന്നു.
രാജാവിന് കടുത്ത ഇച്ഛാഭംഗം തോന്നി.
ന്യായാസനത്തിൽ പോകാൻ മടിച്ചു. പക്ഷേ മന്ത്രി വിട്ടില്ല.
“അങ്ങേയ്ക്കാണ് ദൈവിക ജ്ഞാനം കിട്ടിയിരിക്കുന്നത്..”
രാജാവിനു ദേഷ്യം വന്നു.
“എന്തു ദൈവികജ്ഞാനം? നീതി നടത്താൻ രാജാവിനു പ്രത്യേകിച്ച് ഒരു മുന്തിരിക്കുലയും കായ്ച്ചിട്ടില്ല. നീ തന്നെ തീർപ്പാക്കുക.”
അയാൾ പറഞ്ഞു.
” പ്രഭോ ,എനിക്ക് ദിവ്യ ജ്ഞാനം ലഭിച്ചിട്ടില്ല.”
രാജാവിന് കരച്ചിലും ചിരിയും വന്നു. മന്ത്രി പിന്നാലെ നടന്ന് ശല്യം തുടർന്നു. ഒടുവിൽ സഹികെട്ട് മാസത്തിൽ ഒരു എഴുന്നെള്ളത്തിന് സമ്മതിച്ചു.

ന്യായാസനത്തെ രാജാവ് മറന്നു. മനസ്സിൽ നിറയെ അന്തപ്പുരത്തിലെ അനാഘ്റാത കുസുമങ്ങളാണ്. സായാഹ്നത്തിൽ ഒരു പൂവ് പളളി മഞ്ചത്തിൽ വിടരും…ഒന്ന് വാസനിക്കും. പ്രഭാതത്തിൽ അത് വലിച്ചെറിയും. പിന്നെയും കന്യകമാരുടെ നാമപ്പെട്ടിയുമായി വിചാരിപ്പുകാരൻ വരും. അതിൽ നിന്ന് ഒന്നെടുക്കും… പിന്നെയും അവശേഷിക്കുന്നു!

ഒരു സായാഹ്നത്തിൽ രാജാവ് ആരാഞ്ഞു.
“ഒറ്റത്തവണ തീർപ്പാക്കുന്നതിന് എത്ര നാൾ വേണ്ടി വരും !.”
അയാൾ പറഞ്ഞു.
” ഉദ്ദേശം മൂന്നുവർഷം “
അസ്മേദേവൂസിന്റെ കണ്ണുതള്ളിപ്പോയി.
കൊട്ടാരത്തിലെ മാരകേളികൾക്കിടയിൽ ന്യായാസനത്തെ രാജാവ് പാടെ മറന്നു. പക്ഷേ മാസാദ്യം മന്ത്രി ഓർമ്മിപ്പിച്ചു.
“നാളെ ന്യായാസനമാണ്. അങ്ങയുടെ ജ്ഞാനം കേൾക്കാനായി ജനം കാത്തിരിക്കുന്നു”
രാജാവ് ന്യായാസനത്തെ ശപിച്ചു.
രാത്രിയിൽ ന്യായമണ്ഡപത്തിന് തീ കൊളുത്തിയാലോ എന്നാലോചിച്ചു. രാജാവിനെ പിന്തിരിപ്പിക്കാൻ പ്രേയസിക്ക് ഏറെ പണിപ്പെടേണ്ടതായി വന്നു.
ന്യായമണ്ഡപത്തിൽ കൊമ്പു വിളി മുഴങ്ങി. അവിടെയാകെ നിശ്ശബ്ദത പടർന്നു. രാജാവ് ന്യായാസനത്തിൽ ഉപവിഷ്ടനായി. ഉദ്യേഗസ്ഥൻ പരാതിക്കാരുടെ പേരുകൾ ഉറക്കെ വിളിച്ചുതുടങ്ങി………..
കവാടത്തിൽ നിന്നിരുന്ന രണ്ടു് സ്ത്രീകൾ ഒരു യുവാവിനെ വലിച്ചിഴച്ചുകൊണ്ടു വന്നു. ഗ്രാമങ്ങളിൽ ഏതോ സുഗന്ധതൈലം വിൽക്കുന്നവൻ.
രാജാവ് സൂക്ഷിച്ചുനോക്കി. ഒരു യുവകോമളൻ
കൂടെ വന്നവരിൽ ഒരു സ്ത്രീ പറഞ്ഞു.
“തിരുമനസ്സേ, ഈ യുവാവ് എൻ്റെ മകളെ കല്യാണം കഴിക്കാമെന്ന് സമ്മതിച്ചിരുന്നു.”
എന്നാൽ മറ്റേ സ്ത്രീ പറഞ്ഞു.
“അല്ല, തിരുമനസ്സേ ഇവൻ എൻ്റെ പുത്രിയെ വിവാഹം കഴിക്കാമെന്നാണ് സമ്മതിച്ചിരുന്നത്. “
അവർ തമ്മിൽ തർക്കം തുടർന്നു.
ഈ തർക്കം എങ്ങനെയാണു് പരിഹരിക്കുക ?
വിദ്വാൻമാർ ഉത്സുകരായി. അവർ രാജാവിൻ്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
രാജാവ് ആജ്ഞാപിച്ചു.
“ഒരു വാൾകൊണ്ടു വരുക.”
അവർ ചിരിച്ചു.
കാവൽക്കാരൻ ഒരു വാൾ രാജസന്നിധിയിൽ കൊണ്ടുവന്നു. രാജാവ് അവനോട് കല്പിച്ചു.
“ഈ യുവാവിനെ രണ്ടായി പിളർക്കുക. ഒരു പകുതി ഇവൾക്കും മറു പകുതി മറ്റവൾക്കും തൽകുക.”
അപ്പോൾ ഒരു സ്ത്രിക്കു സന്തോഷമായി. അവൾ മനസ്സിൽ പറഞ്ഞു.
“കൊള്ളാം എൻ്റെ മകളെ ചതിച്ച ഇവനെ എനിക്കും വേണ്ട, നിനക്കും വേണ്ട.
അവൻ തുലയട്ടെ !!.’
അവൾ ഉണർത്തിച്ചു.
“ഇവനെ പങ്കിടുക… “
അത് കേട്ട് മറ്റേ സ്ത്രി ഞെട്ടിപ്പോയി.
“യജമാനനേ , ഈ യുവാവിൻ്റെ രക്തം ചിന്തരുതേ. ഈ സ്ത്രീയുടെ മകളെ ഇവൻ കല്യാണം കഴിച്ചോട്ടെ.”
എല്ലാവരും രാജാവിനെ ഉറ്റുനോക്കി. രാജാവ് പറഞ്ഞു.
“നീ പറഞ്ഞതു പോലെത്തന്നെ നടക്കട്ടെ , ഈ യുവാവിനെ ആ സ്ത്രീയോടൊപ്പം അയക്കുക .”
രാജാവിൻ്റെ തീർപ്പ് കേട്ട് പണ്ഡിതർ ആശ്ചര്യഭരിതരായി.
ആ സ്ത്രീയോടൊപ്പം യുവാവ് നടന്നു. പക്ഷേ അയാളുടെ തലകുനിഞ്ഞിരുന്നു.
ഈ തീർപ്പിനെക്കുറിച്ച് രാജസദസ്സിൽ വാശിയേറിയ തർക്കം നടന്നു. ന്യായം തീർപ്പാക്കാനുള്ള ജ്ഞാനം രാജാവിന് നഷ്ടപ്പെട്ടിരിക്കുന്നുവോ?
രാജാവ് എഴുന്നള്ളിയപ്പോൾ ഹേമാൻ ആരാഞ്ഞു.
“തിരുമനസ്സേ, രണ്ടായി മുറിക്കാനല്ലേ ആദ്യത്തെ സ്ത്രീ പറഞ്ഞത്?”
രാജാവ് തലയാട്ടി
“ശരിയാണ്. “
ഹേമാൻ അത്ഭുതപ്പെട്ടു.
“പിന്നെ എന്തുകൊണ്ടാണ് ആ സ്ത്രീയോടൊപ്പം യുവാവിനെ അയച്ചത് ?”
രാജാവ് മന്ദഹസിച്ചു.
” ഹേമാനേ , ആ സ്ത്രീയാണ് അവനു പറ്റിയ അമ്മായിയമ്മ.”
രാജസദസ്സിൽ കൂട്ടച്ചിരി ഉയർന്നു.

തോജിലെ വ്യാപാരിയാരുന്നു ഹാരാൻ . അയാൾ കടയിൽ പോയാൽ പിന്നെ വീട്ടിൽ ഒരു വൃദ്ധപരിചാരികയുടെ ഭരണമായിരുന്നു. ഭാര്യ സുലേഖ നന്നെ ക്ലേശിച്ചു.
മുടി നരയ്ക്കുന്തോറും ആ തള്ളയുടെ അഹങ്കാരവും അനുസരണക്കേടും വർദ്ധിച്ചുകൊണ്ടിരുന്നു. ഒരു ദിവസം അവർ തേൻ തുള്ളിമത്തൻ എടുത്തു തിന്നു. അത് ബാലനു വേണ്ടി പ്രത്യേകം അവൾ നുറുക്കിവെച്ചതായിരുന്നു. കിഴവിക്കു വല്ലാത്ത കൊതി തോന്നിയപ്പോൾ ആ കഷണങ്ങൾ മുഴുവൻ എടുത്തു ഭക്ഷിച്ചു. ബാലൻ കരച്ചിലായി
സുലേഖക്ക് സഹികെട്ടു.
“ആർത്തിക്കാരി ഒട്ടകം !!.”
വൃദ്ധ കരഞ്ഞു. കുടുക്കഴിച്ച് നഗ്നമാറിടം കാട്ടി…
” എൻ്റെ കുഞ്ഞിന് ഒരു തുള്ളി പാലു കൊടുത്തില്ല. അതിനുള്ള ശിക്ഷയാണ് എനിക്ക് കിട്ടിത് .”
പരിചാരികമാർ ചിരിച്ചു. അത് കാര്യമാക്കാതെ തുടർന്നു.
“ഇപ്പോ വലിയ തടിയും തന്റേടവും ഉള്ള നിന്റെ യജമാനനുണ്ടല്ലോ … മൂന്ന് വർഷമാണ് ഈ നെഞ്ചിൽ നിന്നും ഊറ്റിക്കുടിച്ചത് !! “
സുലേഖക്ക് അറപ്പുതോന്നി.
കുഞ്ഞിലെ മുലകൊടുത്തത് പറഞ്ഞ് വൃദ്ധ യജമാനത്തിയുടെ നാവടപ്പിച്ചു..
വൃദ്ധയെ ശാസിക്കാൻ ഹാരാനും ധൈര്യപ്പെട്ടില്ല.
വൃദ്ധയുടെ പുത്രനാണ് ദ്വാരപാലകൻ. പരിചാരികമാരെ ദുഷിക്കുകയായിരുന്നു അയാളുടെ ഏക വിനോദം. ഒരിക്കൽ പാചകക്കാരിയെക്കുറിച്ച് ഒരു അപവാദം പറഞ്ഞുപരത്തി. ഭർത്താവ് ആ സാധു സ്ത്രീയെ തല്ലിച്ചതച്ചു. മുഖം അപ്പം പോലെ വീങ്ങി.
അവൾ കരഞ്ഞു.
കാവൽക്കാരനെ പിരിച്ചുവിടാൻ സുലേഖ ഭർത്താവിനെ നിർബന്ധിച്ചു. പക്ഷേ ഹാരാൻ മടിച്ചു. ഒരിക്കൽക്കൂടി തള്ള മൂക്കുപിഴിഞ്ഞിരുന്നു.
സുലേഖക്ക് ഭർത്താവിനോട് നീരസം തോന്നി.
യജമാനത്തിയുടെ സങ്കടം അലക്കുകാരി കണ്ടു. അവൾ ഉപദേശിച്ചു
“ഒരു അടിമയെ നിയമിക്കുക. …, “
അടിമകളെ വുദ്ധക്ക് വെറുപ്പായിരുന്നു.
ഒരു അടിമയ്ക്കായി സുലേഖ ഭർത്താവിനെ നിർബന്ധിച്ചു. എന്നാൽ ഹാരാൻ മടിച്ചു. ഒടുവിൽ ഭാര്യയുടെ കണ്ണുനീരിനു മുമ്പിൽ വഴങ്ങി ചന്തക്ക് പോയി. യൂദനുമായി മടങ്ങിവന്നു.
യൂദനെ കണ്ട് ദ്വാരപാലകൻ പല്ലിറുമ്മി. അയാളെ ദ്രോഹിക്കാൻ പലവിധ വേലത്തരങ്ങളും ഒപ്പിച്ചുവെച്ചു. പക്ഷേ അയാൾ ജാഗ്രതയോടെ വേലയെടുത്തു. നല്ല അടുക്കും ചിട്ടയും പാലിച്ച് , വെടിപ്പായിട്ടാണ് ഓരോ പണിയും ചെയ്തിരുന്നത്. ഹാരാൻ അയാളെ പ്രശംസിച്ചു. അത് വൃദ്ധക്ക് ഇഷ്ടപ്പെട്ടില്ല. സുലേഖ പുഞ്ചിരിച്ചു.
ഹാരാൻ അയാളെ പരിചാരകരുടെ മേലാളനാക്കി. അറബി ഞെട്ടിപ്പോയി. അയാൾ യൂദനെ ശപിച്ചു. ഒരു അടിമയുടെ കീഴിൽ ജോലി ചെയ്യുന്നതിൽ കവിഞ്ഞ അപമാനം ഈ ജീവിതത്തിലുണ്ടോ?
വൃദ്ധ മൂക്ക് പിഴിഞ്ഞു.. ഹാരാൻ കാര്യമാക്കിയില്ല. നീരസപ്പെട്ട് അവർ വീട്ടിലേക്ക് മടങ്ങി. എന്നാൽ തള്ളയെ തിരികെ വിളിക്കാൻ ഹാരാൻ വിസമ്മതിച്ചു.
വൃദ്ധ ഹൃദയംപൊട്ടിക്കരഞ്ഞു.

കിഴക്കൻ പാതയിലാണ് ഹാരാൻ്റെ കുന്തിരിക്കക്കട. മരുപ്പാതയിലെ ആ കടയുടെ മുമ്പിൽ പേർഷ്യക്കാർ കാത്തുനിന്നിരുന്നു. ഒരു മൺപാത്രത്തിൽ വേലക്കാരൻ സുഗന്ധത്തരികൾ സന്ദർശകർക്കു കാട്ടികൊടുക്കും . ഒരു തരി ഞരടി നോക്കി. നല്ല നിറവും ഗുണവും ഉള്ള ചരക്ക് !!അവർക്ക് സന്തോഷമായി.
ഗന്ധം പരിശോധിക്കാനായി ആ കടയുടെ മുറ്റത്ത് ഒരു ധൂപക്കുറ്റി വെച്ചിരുന്നു. പകൽ മുഴുവൻ ആ കുറ്റിയിൽ നിന്ന് സുഗന്ധം ഉയർന്നു. അത് കാറ്റിൽ പടർന്നു.
ആ സുഗന്ധം നുകരാനായി മരുഭൂമിയിലെ ബിദവികൾ നാസിക വിടർത്തിയിരുന്നു.
യൂദൻ അങ്ങാടിയിലേക്ക് നടന്നു. ഭർത്താവിനുള്ള ഉച്ചഭക്ഷണം അടിമയുടെ കയ്യിലാണ് സുലേഖ കൊടുത്തയച്ചിരുന്നത്. അങ്ങാടിയുടെ മദ്ധ്യത്തിലാണ് ഹാരാൻ്റെ പണ്ടക ശാല. അവിടെ ചരക്കുകൾ വൃത്തിയാക്കി തരം തിരിച്ചിരുന്നത് അറബിപ്പെണ്ണുങ്ങളായിരുന്നു . സായാഹ്നത്തിൽ ജോലികഴിഞ്ഞു മടങ്ങുമ്പോൾ അവർ എട്ടുപത്ത് തരികൾ കയ്യിലെടുക്കും, കിടപ്പറ പുകയ്ക്കാൻ !!
സ്തനങ്ങൾക്കിടയിലാണ് അത് ഒളിപ്പിക്കുക.
സ്ത്രീകളുടെ ഉടുപ്പഴിച്ചുനോക്കാൻ ഹാരാൻ മടിച്ചു. യജമാനൻ്റെ പ്രയാസം യൂദൻ ഗ്രഹിച്ചു. അയാൾ ഉപദേശിച്ചു.
” ഒരു അടിമസ്ത്രീയെ അങ്ങ് പണ്ടകശാലയുടെ കാവൽക്കാരിയാക്കുക”
അറബിപെണ്ണുങ്ങൾ യൂദനെ പ്രാകി !
യൂദൻ്റെ സാമർത്ഥ്യവും പരിശ്രമവും ഹാരാൻ കണ്ടു. അയാളെ തോട്ടത്തിലേക്ക് അയച്ചു. ഈത്തപ്പന തോട്ടത്തിൽ വിളവെടുപ്പ് ആരംഭിച്ചിരുന്നു. ഭവനത്തിലെ മേൽനോട്ടത്തിനു പുറമേ തോട്ടത്തിലെ കൃഷികാര്യങ്ങളും ഏൽപ്പിച്ചു. അറബികൾ അസ്വസ്ഥരായി.
പക്ഷേ യൂദൻ അവരെ ശാന്തരാക്കി.
പിന്നീട് ഒരിക്കൽ പോലും തോട്ടത്തിലെ പണികൾ നോക്കാൻ ഹാരാൻ മിനക്കെട്ടില്ല. ഒരു ചാക്ക് ഈത്തപ്പഴം യൂദൻ വീട്ടിലേയ്ക്ക് കൊടുത്തയച്ചു. അതു നല്ലതു പോലെ കഴുകിയുണക്കിയിരുന്നു. നിറവും വെടിപ്പും കണ്ട് സുലേഖ അത്ഭുതപ്പെട്ടു.
ആഴ്ചാവസാനം ഹാരാൻ ഓടി തളർന്നു…തോട്ടത്തിൽ പോകണം, കണക്കുകൾ നോക്കി കൂലി കൊടുക്കണം. അത് അത്ര പ്രയാസമുള്ള പണിയല്ല. പക്ഷേ , അന്നു തന്നെ പണ്ടകശാലയിലെ സ്ത്രീകൾക്കും കൂലി കൊടുക്കണമായിരുന്നു. അയാൾക്ക് വല്ലാത്ത മടുപ്പ്തോന്നി.
നട്ടുച്ചനേരത്തെ തോട്ടത്തിലേക്കുള്ള യാത്രയിൽ കൈകാലുകൾ വെയിലേറ്റ് ചുവന്നിരുന്നു. യൂദൻ വന്നതോടെ കണക്കുകൾ കൃത്യമായിരുന്നു . പണം എണ്ണിക്കൊടുത്താൽ മാത്രം മതിയെന്നായി. പക്ഷേ , അതും അയാൾക്ക്‌ വിരസമായി തോന്നി. ഒരാഴ്ച്ച അയാൾ പറഞ്ഞു.
“നീ ഇവർക്ക് നാണയം എണ്ണി കൊടുക്കുക.”
യൂദൻ എണ്ണി കൊടുത്തു. ആർക്കും പരാതിപ്പെടാനായില്ല. നഗരത്തിലേക്ക് മടങ്ങുമ്പോൾ അയാൾ ആലോചിച്ചു.
‘ഞാൻ എന്തിനു ഈ കൊടുംവെയിലു കൊള്ളണം?’
വാരാന്ത്യത്തിൽ പണസഞ്ചി ഹാരാൻ യൂദനെ ഏൽപ്പിച്ചു. അയാൾ വേലക്കാർക്ക് കൂലി കൊടുത്തു.
അറബികൾ സന്തുഷ്ടരായി.
അവരുടെ കൂലി തുട്ട് തീർത്തുകൊടുത്തിരുന്നു.
വാരാന്ത്യം യൂദൻ തനിച്ചാണ്. സന്ധ്യയാകുമ്പോൾ കാവൽക്കാരൻ നഗരത്തിലേക്ക് മടങ്ങും . നേരം പുലർന്നാണ് വരിക. അതു വരെ ഒറ്റക്ക് തോട്ടത്തിലെ കുടിലിൽ കഴിയണം.
അയാൾക്ക് പേടി തോന്നിയില്ല.
പക്ഷേ തനിച്ചാകുമ്പോൾ പഴയ ഓർമ്മകൾ വേട്ടയാടാൻ തുടങ്ങും. ചിലപ്പോൾ യെറുശലേം സ്മരണകൾക്ക് ജീവൻ വെച്ചു തുടങ്ങും.
ദൈവാലായ ഗോപുരത്തിലെ ചിറകടിയും ദാവീദിൻ്റെ ഗോപുരത്തിലെ അസ്തമന ശോഭയും മാതളത്തോട്ടത്തിലെ സുഗന്ധവും കുന്നുകളിലെ പച്ചപ്പിൻ്റെ മൃദുലതയും ഓർമ്മയിൽ തെളിയും.
പിന്നെ ഉറക്കം വരില്ല.
കാറ്റിനു കാതോർത്ത് അങ്ങനെ കിടക്കും. ഉറങ്ങാൻ വിസമ്മതിക്കുന്ന കുഞ്ഞിനെ പോലെ ഓർമ്മകൾ രാത്രി മുഴുവൻ ശല്യപ്പെടുത്തും .നേരം വെളുക്കാറാകുമ്പോഴാണ് ഒന്നു മയങ്ങുക.
ചില രാത്രികളിൽ അയാൾക്ക് ഭ്രാന്ത്രുപിടിക്കും.അപ്പോൾ മരുഭൂമിയിലേക്ക് ഒളിച്ചോടാനൊരുങ്ങി എഴുന്നേൽക്കും..പക്ഷേ ഒളിച്ചോടിയവരുടെ ദുരന്തം ഓർത്ത് പിൻതിരിയും.
ഒരു സായാഹ്നത്തിൽ ശലോമൻ ഉന്മാദിയെപ്പോലെ നഗരത്തിലേക്ക് നടന്നു.
തെരുവിൽ നല്ല തിരക്കാണ്. ആളുകൾ ഭക്ഷണം കഴിക്കുന്നു. ഉടുപ്പുകൾ നോക്കുന്നു. കുട്ടികൾ ഓടി കളിക്കുന്നു.
ശലമോന് ഒരു സമാധാനവും തോന്നിയില്ല.
അയാൾ നടന്നു. ഇടവഴിയിറങ്ങി. അകലെ ചാളത്തെരുവിലെ ചില വിളക്കുകൾ കാണാം. വില കുറഞ്ഞ മദ്യം ലഭിക്കുന്ന കടകളെക്കുറിച്ച് കാവൽക്കാരൻ പറഞ്ഞു കേട്ടിരുന്നു. അയാൾ അവിടെ എത്തി.. ഇരുളിൽ തെരുവു വേശ്യകൾ കരം കാട്ടി വിളിച്ചു….
അയാൾ ഓടി. അവർ പരിഹസിച്ചു.
“പേടിച്ചു തൂറി അടിമ !!”
അയാൾ ഒരു മദ്യശാലയിലേയ്ക്ക് കയറി ഇരുന്നു. കാട്ടറബികൾ ചോദിച്ചു .
“നീ ഏതാടാ?”
അയാൾ പരുങ്ങി.
ഒരാൾ പറഞ്ഞു.
“ഹാരാൻ്റെ അടിമയാണ്. 1
അവർ തുടർന്നു .
“കുടിച്ചിട്ട് മിണ്ടാതെ പോയ്ക്കൊള്ളണം..”
അയാൾ ശിരസ്സനക്കി.
രണ്ട് പാത്രം മദ്യം അകത്താക്കിയിട്ട് ശലമോൻ ഇറങ്ങി. ആ വരവ് കണ്ട് തെരുവു വേശ്യകൾ നിശ്ശബ്ദരായി!. അയാൾ തോട്ടത്തിലേക്ക് നടന്നു.
ചാളയിലെ വേശ്യകൾ രാവിലെ ഉണർന്നു. കഴുതകളുടെ കെട്ടഴിച്ചു. വടി വീശിയപ്പോൾ അവ നടന്നു. ഈത്തപ്പന തോട്ടത്തിൽ നിന്നാണ് അവർ വിറകുശേഖരിച്ചിരുന്നത്. തെരുവിലെ ആളുകളുടെ ഇടയിലൂടെ നടന്നു..
തോട്ടത്തിൽ പതുങ്ങി കിടന്ന അവസാനത്തെ ഇരുൾ നാമ്പുകൾ മൂരി നിവർന്നു ! യൗവ്വനം പുളച്ചു നിൽക്കുന്ന ഈത്തപ്പനയിൽ ആദ്യരശ്മികൾ വീണിരുന്നു. സ്വൈരിണിയെ കണ്ടപ്പോൾ തോട്ടപ്പണിക്കാരുടെ തണുപ്പു മാറി.
കഴുതകളെ മേയാൻ വിട്ട് അവർ തോട്ടത്തിൽ കയറി.
മേലാളാനെ ഒന്നു സുഖിപ്പിച്ചാൽ മതി ഒരു ആഴ്ചത്തേക്കുള്ള വിറകു ശേഖരിക്കാം. .
ഈത്തക്കളത്തിൽ പഴങ്ങൾ അടർത്തിയ കവിളും മടക്കുലകളും കൂട്ടിയിട്ടിരുന്നു. വാരസുന്ദരി ഒന്നു സൂക്ഷിച്ചു നോക്കി. ഒരാഴ്ചത്തേക്ക് കത്തിക്കാനുള്ളതുണ്ട്. അവൾ ചുറ്റും നോക്കി. മേലാളനെ കാണുന്നില്ല.
അവൾ കുടിലിലേക്ക് നടന്നു.
ഒരു സ്ത്രീ വരുന്നത് യൂദൻ കണ്ടു. കാവൽക്കാരനോട് ആരാഞ്ഞു.
ആ സ്ത്രീ ഏതാണ് ?
അയാൾ പറഞ്ഞു.
“ചാളയിലെ തമാർ ആണ്. വിറക് പെറുക്കാൻ വന്നതാണ്. “
ഒന്ന് ചിരിച്ചിട്ട് അയാൾ കുടിലിൽ നിന്നും ഇറങ്ങി. പനകയറ്റക്കാർ സ്വപ്നം കാണുന്ന ചാളറാണിയെ കണ്ട് യൂദൻ എഴുന്നേറ്റു.
ഉടുപ്പിന്റെ കെട്ടുകൾ അഴിച്ച് തമാർ മാറിടം കാട്ടി. യൂദൻ ആ മാറിടത്തിലേക്ക് ഒന്നു നോക്കി പിന്നെ ചോദിച്ചു
“ആരാണ് നിന്നോട് ഉടുപ്പഴിക്കാൻ പറഞ്ഞത് ?”
അവൾ പറഞ്ഞു.
“വിറക് ശേഖരിക്കുന്നതിനു് പകരം എന്റെ ഉടുപ്പഴിക്കാൻ മേലാളൻമാർ നിർബന്ധിക്കാറുണ്ട് “
അയാൾ പറഞ്ഞു.
“ഹാരാൻ്റെ തോട്ടത്തിൽ വിറക് ശേഖരിക്കുന്നതിന് നീ ഇനി മുതൽ ഉടുപ്പ് അഴിക്കേണ്ടതില്ല.”
യൂദൻ്റെ വാക്കുകൾ കേട്ട് തമാർ അമ്പരന്നു.
അടുത്ത ആഴ്ചയും തമാർ തോട്ടത്തിൽ പോയി. അന്ന് പുറപ്പെടുമ്പോൾ വൈകിയിരുന്നു. അവൾ വിറകു പെറുക്കിക്കൂട്ടി. ആരും അവളെ അലട്ടിയില്ല. തമാറിനെ ശല്യപ്പെടുത്തരുതെന്ന് യൂദൻ പണിക്കാർക്ക് താക്കീത് നൽകിയിരുന്നു.
ഭക്ഷണ സമയമായി. വേലക്കാർ ഇരുന്നു.
പാത്രത്തിൽ നിന്ന് ഒരു പാത്രം വെള്ളം കോരി തമാർ കുടിച്ചു. അവൾക്ക് വല്ലാത്ത വിശപ്പും ദാഹവും തോന്നിയിരുന്നു. യൂദൻ അതു കണ്ടു. അയാൾ പറഞ്ഞു.
“അവൾക്കും കുറെ അപ്പം കൊടുക്കുക “
അപ്പോൾ അവൾ വേലക്കാരികളുടെ ഇടയിലിരുന്നു.അപ്പക്കാരി ഭക്ഷണം നൽകി.
അയാൾ പറഞ്ഞു.
“നിൻ്റെ അപ്പകഷണം ഈത്തപ്പഴച്ചാറിൽ മുക്കുക. “
അവൾ ആ ചാറിൽ മുക്കി ഭക്ഷിച്ചു.
ആ രാത്രിയിൽ തമാർ ഉറങ്ങിയില്ല. നിശാകാമുകരെ സ്വീകരിച്ചില്ല. അയൽക്കാരി ആരാഞ്ഞു.
“എന്തുപറ്റി?”
അവൾ പറഞ്ഞു.
“ഒരു തലവേദന…. “
അവൾക്ക് ഭർത്താവിനെ ഓർമ്മ വന്നു. ഒരു ദിവസം രാവിലെ മരുഭൂമിയിലേക്ക് പോയതാണ്, പിന്നെ തിരിച്ചു വന്നില്ല. കള്ളൻമാരുടെ വാൾമുനയേറ്റ് പിടഞ്ഞു വീഴുയായിരുന്നു.
അവൾ ബിദവി സ്ത്രീയായിരുന്നു. ഗോത്രാചാരങ്ങൾ ലംഘിച്ചാണ് അവൾ അറബിയെ വിവാഹം ചെയ്തത്.
പിതാവ് തമാറിനെ ശപിച്ചു.
മടങ്ങി ചെന്നാൽ ജീവിത കാലം മുഴുവൽ ഒരു പരിഹാസച്ചെണ്ട ആകേണ്ടിവരുമെന്ന് അവൾ ഭയപ്പെട്ടിരുന്നു. അവൾ മരുഭൂമിയിലേക്ക് മടങ്ങാൻ മടിച്ചു.
ഒരു രാത്രി വീട്ടുടമസ്ഥൻ പറഞ്ഞു.
” നമ്മൾ തമ്മിലുളള കണക്കുകൾ തീർക്കണം. “
തമാർ പകച്ചു പോയി. അയാൾ ചിരിച്ചു
കടം വീട്ടാനാണ് ആദ്യം ഉടുപ്പഴിച്ചത് !! ആ രാത്രി മുഴുവൻ കരഞ്ഞു. പിന്നിട് ഒരു ശീലമായപ്പോൾ കരഞ്ഞതേയില്ല.
ഹാരാൻ്റെ ഭവനത്തിൽ യൂദൻ പണിയെടുക്കാൻ തുടങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞു. പട്ടിണിയുടെയും മരുഭൂമിയിൽ നടന്നതിൻ്റെയും ക്ഷീണം ഏതാണ്ട് മാറി. കൈകാലുകൾ ഒന്നു കൊഴുത്തുരുണ്ടു. ഇരുഭുജങ്ങളിലും മുയൽ കുട്ടികൾ തുള്ളിച്ചാടി.
അയാളെ കാണുമ്പോൾ രണ്ടു വേലക്കാരികൾ ചുണ്ടു കടിക്കും .
അറബികൾ ചിരിക്കും.
അവർ ലജ്ജിച്ച് തലതാഴ്ത്തും. പിന്നെ ഓരോരോ കാരണം പറഞ്ഞ് പഴക്കളത്തിൽ നിൽക്കും. ഉഷ്ണം കാരണം അയാൾ കുടിലിന്റെ വാതിൽ അടക്കാറില്ല. അവർ ആരും കാണാതെ ഒളിഞ്ഞു നോക്കും. പിന്നെ നെടുവീർപ്പിടും.
വസന്തത്തിൽ കച്ചവട സംഘങ്ങൾ അങ്ങാടിയിൽ വരും. യഹുദ സംഘത്തിന്റെ സന്ദേശം ഹാരാനു ലഭിച്ചു. അയാൾ ചരക്കുകൾ സംഭരിച്ചു തുടങ്ങി.
ശലമോന് ഒരു പ്രതീക്ഷ തോന്നി.
യൂദൻ്റെ ബലിഷ്ഠമായ ചുമലുകൾ സുലേഖയുടെ സ്വൈരം കെടുത്തി. അവൾക്ക് ഉറക്കം നഷ്ടപ്പെട്ടു. മുഖം വിളറിയത് ഹാരാൻ കണ്ടു. രാത്രിയിൽ ആരാഞ്ഞു..
“എന്തു പറ്റി ഓമനെ ? 1
“ഒരു വയറ്റുവേദന “
അവൾ കള്ളം പറഞ്ഞു. അതു കേട്ട് അയാൾ വൈദ്യനെ കണ്ടു. അയാൾ ചില പൊടികൾ നൽകി. പക്ഷേ അവ ആരും കാണാതെ കഴുതയ്ക്ക് കൊടുത്തു.
തോട്ടത്തിലെ തണ്ണിമത്തൻ ചുവന്നുതുടങ്ങിയിരുന്നു. യൂദൻ ഒരെണ്ണം പറിച്ച് എടുത്തു. അയാൾ ഭവനത്തിൽ എത്തി. യജമാനത്തിക്ക് ആദ്യ ഫലം സമ്മാനിച്ചു.
ബാലനു കൊതി തോന്നി.
അവൾ അതു തൊലികളഞ്ഞ് നുറുക്കി. പക്ഷേ വിരൽ മുറിഞ്ഞ് ചോര വാർന്നത് സുലേഖ അറിഞ്ഞില്ല.
ബാലൻ ഭയന്നു.
ഉഷ്ണം അധീകരിക്കുമ്പോൾ സുലേഖ സായാഹ്നക്കാറ്റ് കൊണ്ടിരുന്നു. അവൾ വീട്ടിൽ നിന്ന് ഇറങ്ങി. വീടിന് പിന്നിലായിരുന്നു ഉദ്യാനം. കുളക്കരയിലെ തണുത്ത കാറ്റു കൊണ്ടപ്പോൾ അൽപ്പം ആശ്വാസം തോന്നി. ആ കുളക്കരയിലാണ് ബാലൻ കളിച്ചിരുന്നത്.
ഒരു ദിവസം കളിക്കുമ്പോൾ ബാലൻ വൃക്ഷച്ചുവട്ടിൽ പാമ്പിനെ കണ്ടു. പിന്നീട് അവിടെ പോകാൻ ഭയപ്പെട്ടു. പരിചാരികയും ഭയപ്പെട്ടു. ആ വൃക്ഷത്തിൽ നിന്ന് ഇലകൾ വീണിരുന്നു. അതു വാരി മാറ്റാൻ പരിചാരകർ ആരും തന്നെ തയ്യാറായില്ല. കരിയിലകൾ കൊണ്ട് വൃക്ഷച്ചുവട്ടിൽ ഒരു മെത്ത വിരിക്കപ്പെട്ടു. സുലേഖക്ക് കുളിരിട്ടു.
അവൾ യൂദനെ ഓർത്തു പോയി. പക്ഷേ തൻ്റെ അഭിനിവേശം തുറന്നു പറയാൻ ലജ്ജിച്ചു.
ഉദ്യാനത്തിൽ കാടും പടർപ്പും വള്ളിയും നിറഞ്ഞു. ഒരു ദിവസം സുലേഖ യൂദനെ വിളിച്ചു ചൂണ്ടികാട്ടി.
“ഈ ഭവനത്തിലെ എല്ലാ കാര്യങ്ങളും യജമാനൻ നിന്നെയാണല്ലോ ഏൽപ്പിച്ചിരിക്കുന്നത്. പക്ഷേ നീ എൻ്റെ പൂന്തോട്ടം കണ്ടില്ലേ?”
അയാൾ പറഞ്ഞു.
“ആ തോട്ടം വൃത്തിയാക്കാൻ പരിചാരകർക്ക് ഭയമാണ്. ഞാനത് ചെയ്യാം.”
അവൾ പുഞ്ചിരിച്ചു..
നിനക്ക് ഭയമില്ലേ?
അയാൾ പറഞ്ഞു.
“എല്ലാം ദൈവം കാണുന്നു. അവൻ അറിയാതെ ഒന്നും സംഭവിക്കുന്നില്ല.”
അവളുടെ കണ്ണുകൾ തിളങ്ങി. .
കുളക്കരയിലെ മരച്ചുവട്ടിൽ കരിയിലകൾ കുന്നുകൂടി കിടന്നിരുന്നു. യൂദൻ ആ ഇലകൾ വാരാൻ തുടങ്ങിയപ്പോൾ അവൾ വിലക്കി.
” അരുത് ….”
അയാൾ അമ്പരന്നു.
അവൾ പറഞ്ഞു.
” നമുക്ക് കിടക്കാനായി പ്രകൃതി തീർത്തതാണ് ഈ മെത്ത…വരിക എന്നോടൊന്നിച്ച് ഈ മെത്തയിൽ ശയിക്കുക. “
യൂദൻ പറഞ്ഞു.
” ക്ഷമിക്കണം യജമാനനെ വഞ്ചിക്കാൻ എനിക്ക് കഴിയില്ല.”
അവൾ ആവർത്തിച്ചു.
“ഈ ഭവനത്തിലെ എല്ലാ കാര്യങ്ങളും നിന്നെയാണല്ലോ ഏൽപ്പിച്ചിരിക്കുന്നത്. “
അയാൾ പറഞ്ഞു.
“ശരിയാണ് ഈ വീട്ടിൽ യജമാനൻ എനിക്കൊന്നും അപ്രാപ്യമാക്കിയിട്ടില്ല; നിങ്ങളെ ഒഴിച്ച് …”
അവൾ പറഞ്ഞു.
“ഞാനും നിനക്കു വിധേയയാണ്. “
“അല്ല, നിങ്ങൾ അദ്ദേഹത്തിൻ്റെ ധർമ്മപത്നിയാണ്.”
അയാൾ ഉദ്യാനത്തിൽ നിന്ന് ഇറങ്ങി. പിന്നീട് ഒരിക്കൽ പോലും സുലേഖ അയാളെ നിർബന്ധിച്ചില്ല. യൂദനു സമാധാനമായി.
ഒരിക്കൽ കൂടി തണ്ണിമത്തനുമായി ശലമോൻ വീട്ടിലെത്തി. അപ്പോൾ സായാഹ്നമായിരുന്നു. പരിചാരികമാർ അടുക്കളമുറ്റത്തായിരുന്നു… ബാലൻ ഉറങ്ങുകയും.
സുലേഖ വശ്യമായി ചിരിച്ചു.
അയാൾ പോകാനായി തിരിഞ്ഞപ്പോൾ അവൾ മേലങ്കിയിൽ കയറി പിടിച്ച് ക്ഷണിച്ചു.
“വരിക എന്നോടൊത്ത് ശയിക്കുക”

യജമാനനെ വഞ്ചിക്കാൻ ശലമോന് മനസ്സ് വന്നില്ല. മേലങ്കി ഉപേക്ഷിച്ചിട്ട് അയാൾ ഇറങ്ങിപ്പോയി.
സുലേഖക്ക് അരിശവും സങ്കടവും വന്നു. പിന്നെ അവൾ അവനെ അത്യധികം വെറുത്തു. അവൾക്ക് തോന്നിയ വെറുപ്പ് മുമ്പ് തോന്നിയ പ്രേമത്തെ അതിശയിക്കുന്നതായിരുന്നു!.


അവൾ ഉറക്കെ നിലവിളിച്ചു.
“അയ്യോ ഓടിവായോ….. ഒരു അടിമ എന്നെ അപമാനിക്കാൻ വന്നിരിക്കുന്നേ…..”
ഒച്ചപ്പാട് കേട്ട് പരിചാരികമാർ ഓടി വന്നു. യജമാനത്തി പറഞ്ഞ കഥ കേട്ടപ്പോൾ വേലക്കാർക്ക് അത്യധികം അമർഷം തോന്നി. ഭർത്താവ് വരുന്നത് വരെ ആ മേലങ്കി അവൾ കൈവശം വെച്ചു. അയാളോട് യൂദൻ തന്നെ അപമാനിച്ചു എന്നു ബോധിപ്പിച്ചു . അയാൾക്ക് അരിശവും സങ്കടവും വന്നു.
“കഷ്ടം , ഒരു പാമ്പിനാണല്ലോ ഞാൻ പാലു കൊടുത്തത്. “
ദ്വാരപാലകൻ പറഞ്ഞു.
” അടിമയെ വീട്ടിൽ കയറ്റിയപ്പോഴെ ഞാൻ പറഞ്ഞതാണ് പക്ഷേ അങ്ങ് കേട്ടില്ല.. “
അയാളുടെ പരിഹാസം ഹാരാന്റെ നെഞ്ചിൽ കൊണ്ടു.ഹാരാൻ കോപം കൊണ്ടു ജ്വലിച്ചു.
“ഇന്ന് ഞാൻ അവന്റെ തൊലി ഉരിക്കുന്നുണ്ട്”
ദ്വാരപാലകൻ മുഖം താഴ്ത്തി ചിരിച്ചു.


( തുടരും)

വര : പ്രസാദ് കാനത്തുങ്കൽ

കവർ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like