പൂമുഖം കഥകൾ കെ. എച്ച്. ഹുസൈൻ കഥകൾ

കെ. എച്ച്. ഹുസൈൻ കഥകൾ

മരം

തനിച്ച് ദൂരെനിന്നുനോക്കുമ്പോൾ ആ മരം വലിയൊരു പൂവാണെന്നേ തോന്നൂ.

നദിക്കുമുകളിൽ ചുവന്ന പൂക്കുലകളുമായി മരം കാറ്റത്തുനിന്നാടി. ഇളംകാറ്റ് പൂക്കളെ സമൃദ്ധമായി തല്ലിക്കൊഴിച്ചു. വെള്ളത്തിനുമുകളിൽ അവ അലസമായി ഒഴുകി. രാത്രിയിൽ എല്ലാ നിറങ്ങളും മായുമ്പോൾ മരം നദിയോട് പറയുന്നത് എന്തായിരിക്കാം?

അകലെനിന്ന് അവസാനത്തെ ബസ്സ് വരുന്ന ശബ്ദം പാലത്തിനു മുകളിൽനിന്ന് അയാൾ കേട്ടു. പൂക്കൾ ഒന്നൊന്നായി കൊഴിയുന്ന ശബ്ദത്തിനായി അയാൾ കാതോർത്തു. തൂവലിനേക്കാൾ കനം കുറഞ്ഞതായിരുന്നു രാത്രി. അവളുമൊത്ത് ഇവിടെ ജീവിക്കാനെത്തുമ്പോൾ ബസ്സിലിരുന്നാണ് ആദ്യമായി പൂത്തുലഞ്ഞ മരം കണ്ണിൽപ്പെട്ടത്. അവർ സന്തോഷംകൊണ്ട് ആർത്തുവിളിച്ചു. അന്യരായ നാട്ടുകാർ അതുകണ്ട് അതിശയിച്ചു. ബസ്സുനിറുത്തി അവൾ മരത്തിന്നടുത്തേക്കോടി. പുഴയിലിറങ്ങി പൂക്കൾക്കിടയിലൂടെ നീന്തി. അനേകം പൂക്കൾ അവളുടെ മുടിയിൽ കുരുങ്ങിനിന്നു.

പൂക്കാലത്ത് കുളിക്കാനായി അവൾ കടവിലെത്തുന്നത് നാട്ടുകാർക്കെന്നും കൗതുകമായിരുന്നു. മകൻ പിറന്നപ്പോൾ അവനേയും അവൾ കൂട്ടി. നാലഞ്ചുവർഷങ്ങൾക്കുമുമ്പ് വലിയൊരു കാറ്റ് മരത്തെ ഒടിച്ചുനുറുക്കി. ചീളിയ ശിഖരങ്ങൾ കണ്ട് അവൾ ഖിന്നയായി. അവളുടെ കണ്ണുനീരിൽ അയാൾ വേർപാട് ദർശിച്ചു. മകന് മെയിൽ ചെയ്തു.

ഭൂഖണ്ഡങ്ങൾക്കപ്പുറത്തുനിന്ന് മകൻ പൂത്തിറങ്ങുന്നതു കാണാൻ അവർ കാത്തിരുന്നു.

കഴിഞ്ഞവർഷം പുതുശിഖരങ്ങൾ വന്ന് മരം പണ്ടത്തേതുപോലെ പൂത്തു. നദിയ്ക്കുമുകളിൽ വിജൃംഭിതയായി നില്ക്കുന്ന മരത്തിന്റെ ഫോട്ടോ മകന് അയച്ചുകൊടുത്തു. അമ്മ എന്നും, വിസ്മൃതി എന്നും അടിക്കുറിപ്പെഴുതി.

അവസാനത്തെ ബസ്സ് അടുത്തുവരുന്നു. ഇരുട്ടിൽ പാലത്തിനു താഴെ ചുവന്ന കറുത്ത പൊട്ടുകൾക്കിടയിലൂടെ അവൾ നീന്തുന്നത് അയാൾ കേട്ടു.

അയാൾ ജീവിതം ഒടുക്കിയത് ആ നദിയിലാണെന്ന് നാട്ടുകാർ ഓർക്കാറുണ്ട്. മരം പൂത്ത കാലത്താണ് അയാൾ മരിച്ചത് . അയാൾ എന്നത്തേയുംപോലെ പാലത്തിനു മുകളിൽനിന്ന് തന്നെ നോക്കുന്നത് മരം സന്തോഷത്തോടെ നോക്കിക്കണ്ടു. മുപ്പതുവർഷം മുമ്പ് ബസ്സിൽനിന്നും ഭാര്യയോടൊപ്പം ഇറങ്ങി ഓടിവന്ന് തന്നെ നോക്കി തുള്ളിച്ചാടിയ അവരുടെ കണ്ണിലെ തിളക്കം മരം ഓർക്കുന്നു. പൂക്കളെ മറന്നുപോയ മകനെക്കുറിച്ചും മരം ഓർക്കുന്നു. ഓർമ്മകൾക്കു മീതെ പൂമരം ഉലഞ്ഞാടി.

മരത്തിലെ മാലാഖ

പാതിതുറന്ന വാതിൽപ്പഴുതിലൂടെ ഉമ്മ കിടക്കുന്നത് കാണാം. അകത്തും പുറത്തും ഒരേ വെയിലായിരുന്നു. അപ്പുറം മേൽക്കൂരയുണ്ടോ എന്നും അറിയില്ല. വാതിൽപ്പാളിയുടെ നിഴൽ ഏങ്കോണിച്ചുകിടന്നു. വൃക്ഷശിഖരങ്ങളിലുടക്കിപ്പോയ മാലാഖയെപ്പോലെയായിരുന്നു കറുപ്പും വെളുപ്പും. കണ്ണെത്താദൂരത്തോളം പരന്നുകിടന്ന മഞ്ഞിൽ പട്ടിക്കുട്ടിയും മാലാഖയുടെ പുള്ളിവസ്ത്രങ്ങളും നിശ്ചലദൃശ്യമായി തങ്ങിനിന്നു.

വാതിലിന്നിപ്പുറം നിന്ന് ഞാൻ ഉമ്മയോട് സംസാരിച്ചു. എന്താണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ല. ഉമ്മ അത് കേൾക്കുന്നുണ്ടെന്നും വ്യക്തമായ ഉത്തരങ്ങൾ പറയുന്നുണ്ടെന്നും ചുണ്ട് അനങ്ങുന്നതിൽ നിന്നും വ്യക്തമായിരുന്നു. നിശ്ശബ്ദമായ ഉത്തരങ്ങളെ ഞാൻ വിനയപൂർവ്വം സ്വീകരിച്ചു.

മാലാഖയെ സ്‌നേഹിച്ച പട്ടിക്കുട്ടി എവിടേക്കും പോയില്ല എന്ന് നമുക്കറിയാം. അവൻ മരച്ചുവട്ടിൽ ദിവസങ്ങളോളം കാത്തുകിടന്നു. കഠിനമായ മഞ്ഞിൽ കൈകാലുകൾ മരവിച്ച് വ്രണംവച്ചു പൊട്ടി. മുകളിലേക്ക് നോക്കി ദീനമായി അവൻ തേങ്ങിക്കൊണ്ടിരുന്നു. അതുകേട്ടപ്പോൾ മാലാഖയുടെ നെഞ്ച് പിടഞ്ഞിരിക്കണം. താഴേക്ക് പറന്നുചെന്ന് അവന്റെയടുത്ത് ഇരിക്കണമെന്ന് തീവ്രമായി അവൾ മോഹിച്ചിരിക്കണം. ശിഖരങ്ങളിൽ ഉടക്കിപ്പോയ മാലാഖമാർക്ക് സ്വർഗ്ഗത്തിലേക്ക് പറക്കാനും ഭൂമിയിലേക്ക് ഇറങ്ങാനും കഴിയില്ല.

ഇടയ്ക്കു് ഒരൊറ്റക്കിളി വിറങ്ങലിച്ച ആകാശത്തിലൂടെ പറന്നുപോയി. രാത്രിയിലെപ്പോഴോ അകലെ കുറുക്കൻ ഓരിയിട്ടു. മഞ്ഞുഭൂമിക്കുമേലെ വിളർത്ത ചന്ദ്രൻ നിഗൂഢമായ തന്റെ യാത്ര തുടർന്നു. പട്ടിക്കുഞ്ഞിനേയും നോക്കി ഉറങ്ങാതെ മാലാഖ മരത്തിൽ തൂങ്ങിക്കിടന്നു.

എല്ലാം നിശ്ശബ്ദമാണ്. മഞ്ഞിൽ മരവിച്ചുപോയ പട്ടിക്കുട്ടി പ്രേഷണം ചെയ്യുന്ന സ്‌നേഹവും മരത്തിലുടക്കിപ്പോയ മാലാഖയുടെ തേങ്ങലുകളും വാതിൽപ്പാളിക്കപ്പുറത്തെ ഉമ്മയുടെ നിശ്വാസങ്ങളും ഞാനും. എല്ലാം നിശ്ശബ്ദമാണ്.

ഈ നിശ്ശബ്ദതയിലാണ് ദൈവസാന്നിദ്ധ്യം എന്ന് സുഹൃത്ത് പറയുന്നു. ഈ നിശ്ശബ്ദതയുടെ അർത്ഥം തേടലാണ് മനുഷ്യന്റെ ആത്യന്തികലക്ഷ്യം എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

മരത്തിലെ മാലാഖ ഒരിക്കലും പട്ടിക്കുട്ടിയെ ഉപേക്ഷിച്ച് സ്വർഗ്ഗത്തിലേക്കു പോകില്ല എന്നാണ് എന്റെ വിശ്വാസം. വാതിൽപ്പാളിക്കപ്പുറം എപ്പോഴും ഉമ്മയുടെ വചനങ്ങൾ ഉണ്ടാകുമെന്നും. ദൈവം അങ്ങനെ ആത്യന്തികമായ ഒരു പ്രശ്‌നം അല്ലാതായിത്തീരുന്നു.

കാട്ടിലെ സ്വപ്നങ്ങൾ

പിന്നാമ്പുറത്തെ കാട്ടിൽ ചെന്നുനോക്കാൻ ഞാൻ ഭയപ്പെട്ടു. അഴുകിയ ഗന്ധം എവിടെ നിന്നാണെത്തുന്നതെന്നു് കണ്ടുപിടിക്കാൻ ഞാൻ ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും ഗന്ധവും ദിശയും തിരിച്ചറിയാൻ കഴിഞ്ഞില്ല. നേരം ഇരുട്ടാൻ ഞാൻ കാത്തിരുന്നു. കുറ്റിപ്പടർപ്പിലൂടെ കുറേ നടന്നു. ഷർട്ടിലും ദേഹത്തും മുള്ളുകൾ കോറി. ഗന്ധം കാണാതെ ഞാൻ മടങ്ങി.

രക്തം പൊടിഞ്ഞ മുറിവുകളും കീറിയ ഷർട്ടും കണ്ട് ഭാര്യ മുഖം ചുളിച്ചു. രാത്രി മുഴുവൻ മണം പിടിച്ച് ഞാൻ കിടന്നു. നേരം പുലറായാപ്പോഴാണ് ഉറങ്ങിയത്. ഉറക്കത്തിൽ കുറ്റിക്കാടുകൾ അനങ്ങി.

ഉണർന്നപ്പോൾ വെയിൽ പടർന്നിരുന്നു. അടുക്കളയിൽ ചെന്നപ്പോൾ ഭാര്യ അവൾ കണ്ട സ്വപ്നത്തെക്കുറിച്ച് പറഞ്ഞു. ഒന്നും കാണാൻ വയ്യാത്തത്ര ഇരുട്ടായിരുന്നു, മൂക്കിലാകെ അഴുകിയ ഗന്ധം. സഹിക്കവയ്യാതെ ഉറക്കമുണർന്നു. കാഴ്ചകളില്ലാത്ത സ്വപ്നം എങ്ങനെ സ്വപ്നങ്ങളാകും എന്ന് ഞാൻ ചോദിച്ചു. സ്വപ്നത്തിൽ ഗന്ധങ്ങളുണ്ടാകാറില്ല എന്ന് ഞാൻ കടുപ്പിച്ചു പറഞ്ഞു. എന്തിനിങ്ങനെ ഒച്ചയെടുക്കുന്നു എന്നവൾ ചോദിച്ചു. ഉള്ളിലെ ഉദ്വേഗം മറച്ചു പിടിക്കാൻ ഞാൻ ശ്രമിച്ചു. എന്തെങ്കിലും കണ്ടിരിക്കും, ഓർത്തു നോക്ക്, ഓർത്തു നോക്ക്. ഇരുട്ടിൽ കുറ്റിക്കാടുകൾ അനങ്ങിയോ? കുറ്റിക്കാടിന്നകത്ത് എന്തെങ്കിലും കിടന്നിരുന്നോ? അതിന്റെ ഗന്ധമായിരിക്കാം നീ ശ്വസിച്ചത്. അവളെന്റെ ചോദ്യങ്ങൾ അവഗണിച്ചു് കഞ്ഞിവെപ്പ് തുടർന്നു.

അവൾ കാണാതെ പിന്നേയും ഞാൻ കാട്ടിൽ പോയി അലക്ഷ്യമായി അലഞ്ഞു. മടങ്ങിയെത്തുമ്പോൽ അവൾ ഉറക്കം പിടിച്ചിരുന്നു. ഉണർന്നപ്പോൾ സ്വപ്നത്തെക്കുറിച്ച് അവൾ വീണ്ടും വാചാലയായി. കാടാകെ പൂത്തിരുന്നെന്നും ഒരിക്കലും ഉണരരുതെന്ന് ആഗ്രഹിച്ചിരുന്നെന്നും നിങ്ങൾ കുലുക്കിയുണർത്തിയപ്പോൾ പൂക്കളുടെ ഗന്ധം നഷ്ടപ്പെട്ടുവെന്നും അവൾ ഒച്ചയിട്ടു. പൂക്കൾ സ്വപ്നത്തിൽ ഗന്ധങ്ങൾ വിതറാറില്ലെന്നും പറഞ്ഞ് ഞാൻ പൊട്ടിത്തെറിച്ചു. അവൾ അടുക്കളയിൽ പോയി കഞ്ഞിവെച്ചു.

അന്നു രാത്രി ഞാൻ കാട്ടിലേക്കു പോയില്ല. നേരത്തേ കിടന്നു. കാടാകെ പൂത്ത സ്വപ്നം കാണാൻ ഞാൻ കഠിനമായി യത്നിച്ചു. പൂക്കളുടെ വാസനക്കായി ഞാൻ ആഞ്ഞുവലിച്ചു. അഴുകിയ ഗന്ധം പതുക്കെ മൂക്കിൽ നിറഞ്ഞു.

പ്രച്ഛന്നം

മൂന്നുമാസം പ്രായമുള്ള കുഞ്ഞുങ്ങൾ കൂട്ടത്തോടെ കരയുന്നു എന്ന് തിടുക്കത്തിൽ അറിയിച്ച് അവൾ ഇരുട്ടിൽ മറഞ്ഞു.

രാത്രിയിൽ അകലെ ചെണ്ടയുടെ ശബ്ദം മുഴങ്ങി. കുഞ്ഞുങ്ങൾ കൊമ്പൂതി കരഞ്ഞു. വീടുവിട്ടിറങ്ങി ഞാൻ ഓടി. ഇരുട്ടിൽ വേലിത്തലപ്പുകൾക്കിടയിലൂടെ ഗ്യാസ് ലൈറ്റിന്റെ വെളിച്ചം കാണാം. കിതച്ച് തെരുവിലെത്തിയപ്പോൾ ചെണ്ടക്കാർ സംഘം ചേർന്ന് വളഞ്ഞുനിന്നു് കൊട്ടുകയാണ്. വലയത്തിനകത്ത് കുറേപേർ കൂമ്പാരംപോലെ നിന്നിരുന്നു. അതിനകത്തുനിന്നു് കുഞ്ഞുങ്ങളുടെ ദീനരോദനം ഉയർന്നു.

ഉറക്കത്തിൽനിന്നു് പിടഞ്ഞെണീറ്റ് ആ രാത്രിയിൽ നിരവധിപേർ അവിടെയെത്തിയിട്ടുണ്ട്. വിഭ്രാന്തിയുടെ തെരുവിലെത്തിപ്പെട്ടതിന്റെ പാരവശ്യം എല്ലാ മുഖങ്ങളിലും കാണാം. ഗ്യാസ് ലൈറ്റിന്റെ തീക്ഷ്ണപ്രകാശം അവരുടെ മുഖങ്ങളിൽ വിളറി വീണു.

കുറച്ചുപേർ ഒരറ്റത്ത് ചെണ്ടക്കാരുടെ വലയം ഭേദിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. കൊട്ടുകാർ അജയ്യരായിരുന്നു. നിർബ്ബാധം അവർ മേളം തുടർന്നു. താളങ്ങളിൽ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. അകത്തും പുറത്തും നടക്കുന്ന സംഘർഷങ്ങളും ഇളക്കങ്ങളും അവരെ ഏശുന്നതായി തോന്നിയില്ല. ഒരിടപോലും തെറ്റാതെ ഒരൊറ്റ ചെണ്ടയിലെന്നതുപോലെ അവരെല്ലാവരും സ്വയം സമർപ്പിച്ച് കൊട്ടി. നിരാശരായ ജനങ്ങളുടെ നിശ്വാസം അലകളായി ചുറ്റും പടർന്നു.

രണ്ടുപേർ അടുത്തുള്ള മരത്തിൽ ഏന്തിവലിഞ്ഞു കയറുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഇരുട്ടിൽ ഇതെങ്ങനെ സാധിക്കുന്നു എന്ന് ഞാൻ അത്ഭുതപ്പെടുകയും ചെയ്തു. അധികം താമസിയാതെ അതിലൊരുത്തൻ താഴെ വീണു. മറ്റവൻ തള്ളിയിട്ടതാണെന്ന് അവൻ ഞരങ്ങി. മറ്റവന് മുകളിൽ നിന്ന് ഇപ്പോൾ എല്ലാം വ്യക്തമായി കാണാം. മൊബൈലിൽ നിന്ന് അപ്പപ്പോൾ അവൻ താഴേക്ക് വിവരം അറിയിച്ചു കൊണ്ടിരുന്നു. ചെണ്ടക്കാരുടെ വലയത്തിനകത്ത് മനുഷ്യപ്പുറ്റിനു നടുവിൽനിന്നും കുഞ്ഞുങ്ങളുടെ ശബ്ദം ഉയർന്നുകൊണ്ടിരുന്നു.

പക്ഷെ അത് കുഞ്ഞുങ്ങളല്ല എന്നുള്ളതാണ് സത്യം. കുഞ്ഞുങ്ങളുടെ രൂപത്തിൽ ശബ്ദങ്ങളുണ്ടാക്കുന്ന പാവകളാണവ. കൊമ്പിനു പകരമുള്ള പുതിയ പരീക്ഷണമാണത്. പലകാലത്തിൽ പല പിച്ചുകളിൽ കരയാനുള്ള ഒരു സാങ്കേതിക ക്രമീകരണമാണത്.

ചെണ്ടക്കാർ താളം മാറ്റുകയാണ്. തീർത്തും വ്യത്യസ്തമായ ചടുലത ഇപ്പോൾ കൈവന്നിരിക്കുന്നു. നിമിഷം ചെല്ലുന്തോറും ഇത് മുറുകികൊണ്ടിരിക്കും. അതിനനുസൃതമായി നടുവിലെ കൊമ്പുവിളി യഥാർത്ഥ രോദനമായി മാറുകയും, മനുഷ്യന്റെ വ്യഥ തന്നെയായി രൂപാന്തരപ്പെടുകയും ചെയ്യുമായിരിക്കാം. താഴെവീണു് നട്ടെല്ലൊടിഞ്ഞവന്റെ ഞരക്കം ഇരുട്ടിൽ നേർത്തുവന്നു. നിശ്ശബ്ദമായിക്കൊണ്ടിരിക്കുന്ന അവന്റെ ചുണ്ടുകളിൽ ഞാൻ കാതുചേർത്തു- ‘സഖാവെ, താളങ്ങളിൽ നമ്മെയെല്ലാം ഉന്മാദരാക്കി അവർ നരബലി നടത്തുകയാണ്. ഹാ, കുഞ്ഞുങ്ങൾ.”

വര : പ്രസാദ് കാനത്തുങ്കൽ

കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like