പൂമുഖം നോവൽ യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 6 – ബാബിലോണിലെ യക്ഷി

യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 6 – ബാബിലോണിലെ യക്ഷി

സെനീറിൽ നിന്ന് തുരത്തപ്പെട്ട പുള്ളിപ്പുലികൾ താഴ്‌ വരയിലിറങ്ങി ആടുകളെ കടിച്ചു കീറി. ആട്ടിടയരുടെ നെഞ്ചിൽ ചോരപൊടിഞ്ഞു. അവർ കരഞ്ഞു. അങ്ങനെയൊരു പരിണാമം സ്വപ്നത്തിൽ പോലും ശലോമോൻ പ്രതീക്ഷിച്ചില്ല. രാജാവ് ചിന്താകുലനായി.

മറ്റൊരു സ്ഥലത്തേക്ക് ആ ജന്തുക്കളെ മാറ്റിയാലും അവയുടെ ക്രൗര്യം കുറുയുകയില്ല. ശേഷിക്കുന്നത് സംഹാരമാണ്. ശലമോൻ മടിച്ചു.

അത് കാടിന്റെ സന്തുലനം നശിപ്പിക്കും എന്താണ് ചെയ്യുക? അസ്മോദേവൂസിനെ വരുത്തി കൽപ്പിച്ചു. .

“ആ ജന്തുക്കളെ നീ ശാന്തമാക്കണം.”

അവൻ ചിരിച്ചു.

“ജീവികളുടെ ഹൃദയത്തെ കഠിനമാക്കാൻ എനിക്ക് കഴിയും. പക്ഷേ അവയിൽ കനിവ് നിറയ്ക്കാൻ എനിക്ക് കഴിയില്ല.”

രാജാവിന് ഇച്ഛാഭംഗം തോന്നി. അല്പം വീഞ്ഞു നുകർന്ന് ആലോചനയിലാണ്ടു. മനോമുകരത്തിൽ ദൃഷ്ടമൃഗങ്ങളെ ശാന്തരാക്കാൻ ശക്തിയുള്ള ഒരു രത്നം തെളിഞ്ഞു.

നീലരത്നം !!

ലോകം കീഴടക്കിയ പോരാളിയായ ഹമുറാബിയെ പരാമർശിച്ച് ഒരു ചുരുൾ വായിച്ചിരുന്നു. ആ രാജാവിനു മുന്നിൽ കടുവ ഒരു ആട്ടിൻകുട്ടിയായി. കവികൾ അദ്ദേഹത്തിന്റെ ആജ്ഞാശക്തിയെ വാഴ്ത്തിപ്പാടി, പക്ഷേ സത്യം മറ്റൊന്നായിരുന്നു. അദ്ദേഹത്തിന്റെ കരത്തിൽ ഒരു നീല രത്നം ഉണ്ടായിരുന്നു. അതിന്റെ കിരണങ്ങളെ ചെറുക്കാൻ ദുഷ്ടമൃഗത്തിനായില്ല. പുള്ളിപ്പുലിയും പശുവും ഒരുമിച്ചുമേഞ്ഞു. ആ നീലരത്നത്തിന്റെ പ്രഭാവത്തിൽ ലോകവും കീഴടക്കി.

ആ രത്നം കരസ്ഥമാക്കാൻ ശലമോന് മോഹം തോന്നി. രാജാവ് കൽപ്പിച്ചു.

നമുക്ക് ആ നീല രത്നം വേണം.. …..”

ഭൂതം പറഞ്ഞു.

“ക്ഷമിക്കണം തിരുമനസ്സേ, ആ രത്നത്തിൻ്റെ കിരണമേറ്റാൽ ഞങ്ങൾ ഭൂതങ്ങൾ വരെ നിശ്ചലരാകും..”

ശലമോൻ ഖിന്നനായി. ഭൂതം പറഞ്ഞു.

“ആ രത്നം ഇരിക്കുന്ന സ്ഥലത്ത് ഞാൻ അവിടുത്തെ എത്തിക്കാം. ബാക്കി കാര്യങ്ങൾ അവിടുത്തെ വിരുതു പോലിരിക്കും.”

രാജാവിന് സന്തോഷമായി.

ബാബിലോണിയിലെ ഒരു വ്യാപാരിയുടെ പക്കലാണ് നീല രത്‌നമെന്ന് കേട്ടപ്പോൾ രാജാവിന്റെ മനമിടിഞ്ഞു. മാസങ്ങൾ നീളുന്നതാണ് ബാബിലോണിയിലേക്കുള്ള യാത്ര. മരുയാത്രയുടെ ക്ലേശങ്ങളെക്കുറിച്ച് കച്ചവടക്കാർ പറഞ്ഞ് കേട്ടിരുന്നു. മനസ്സും ശരീരവും ഒരുപോലെ മടുപ്പിക്കുന്ന മരുഭൂമിയാണത്….. ഏകാന്തത സഹിക്കാതെ ചിലപ്പോൾ സഞ്ചാരികൾ ഭ്രാന്തെടുക്കും.

രാജാവ് പിൻവാങ്ങാൻ ഭാവിച്ചപ്പോൾ അസ്മോദേവൂസ് കീശയിൽ കിടന്ന ഉറുമാലെടുത്ത് കാട്ടി. ശലമോൻ പുഞ്ചിരിച്ചു. അവൻ ഊതി. രാജാവിന്റെ മുന്നിൽ മേഘ പാളി പോലെ ഒരു പരവതാനി വിടർന്നു.

അരുണോദയത്തിൽ മാന്ത്രിക പരവതാനി നിവർന്നു. പരിചാരകൻ യാത്രയ്ക്കുള്ള കെട്ടുകൾ എടുത്തുവെച്ചു. രാജാവും അസ്മേദേവൂസും കയറി. അവർ യാത്ര ആരംഭിച്ചു. പുലർവെയിലിൽ ആരോ ഒരു സ്വർണ്ണപ്പരവതാനി മരുപ്പരപ്പിലും വിരിച്ചിരുന്നു. ശലമോൻ വിസ്മയഭരിതനായി.

“ബൽഹാസോറിലെ പൊൻപാടങ്ങളാണ് ഓർമ്മ വരുന്നത് .”

അസ് മേദേവൂസ് പറഞ്ഞു.

“ഒരു ഈജിപ്തുകാരിയുടെ അണിവയറിനെയാണ് എനിക്കു ഓർമ്മ വരുന്നത് “

രാജാവ് ചിരിച്ചു.

പൂർവ്വാഹ്നത്തിൽ ഒരു ഒട്ടകനിര ദൃശ്യമായി. കിഴക്ക് നിന്നുള്ള സുഗന്ധ വ്യഞ്ജനങ്ങളും മറ്റ് ചരക്കുകളും ക്രയവിക്രയം ചെയ്യുന്ന സാർത്ഥവാഹക സഘം. ഹിമപർവ്വതങ്ങളും വന്യമായ മണൽപരപ്പും കടന്നാണ് അവർ വന്നിരുന്നത്. പകൽ ഉഗ്രമായ വെയിലും രാത്രിയിൽ അതിശൈത്യവും ഏറ്റ് ആ യാത്രികരുടെ ഉന്മേഷം പാടെ കെട്ടിരുന്നു. ചിലപ്പോൾ മരുപ്പാതയിലെ കാഴ്ച അത്യന്തം മറഞ്ഞിരുന്നു. അത് തിരിച്ചു കിട്ടാനായി നാഴികകളോളം ശീതക്കാറ്റിലും മരുക്കാറ്റിലും അവർ മരവിച്ചുനിന്നു… അപായസൂചന മൂലം ചില രാത്രികളിൽ ഉറങ്ങാനും കഴിഞ്ഞില്ല.

മരുപ്പരപ്പിലെ കാഴ്ചയും ദൂരവും അന്തമില്ലാത്തതാണ്. കാറ്റിന്റെ അലർച്ചയും അനന്തമായ ചക്രവാളവും മനസ്സുമടുപ്പിക്കുന്നതും ! വിരസത അകറ്റാൻ ചിലപ്പോൾ യാത്രക്കാർ പകൽകിനാക്കളിൽ മുഴുകും. ശേബാ റാണിയും അവളുടെ ശേലൊത്തപാദങ്ങളൂം ശലമോൻ്റെ മനോമുകരത്തിൽ തെളിഞ്ഞു. പിന്നെ രാജശാലയിൽ പക്ഷിമൃഗാദികളുടെ ഭാഷ പഠിപ്പിച്ച ഗുരുവും. ശൂനേംകാരി അബിശഗിനോടൊപ്പം ഓർമ്മകളിൽ കുറച്ചുദൂരം മരുപ്പരപ്പ് താണ്ടിയപ്പോൾ നഷ്ടപ്പെട്ട ഉന്മേഷം വീണ്ടെടുക്കാനായി. രാജധാനിയിലെ ശേലാകുളത്തിൽ നീരാടുന്ന ഉപഭാര്യമാരെയാണ് അസ്മേദേവൂസിന് ഓർമ്മവന്നത്. അയാൾക്ക് രാജാവിനോട് അസൂയ തോന്നി.

യാത്രക്കിടയിൽ അവർ മണൽപ്പരപ്പിലിറങ്ങി.

മരുക്കിണറിലെ വെള്ളം കോരി കുടിച്ച് രാജാവ് ദാഹമടക്കി … മരുപ്പച്ചയിൽ ഇറങ്ങി അപ്പവും ഈത്തപ്പഴവും വാങ്ങി വിശപ്പകറ്റി.. ആരും കാണാതെ യാത്രക്കാരുടെ വീഞ്ഞ് കട്ടെടുത്തു മോന്താനായിരുന്നു അസ്മേദേവൂസിന് കൗതുകം. മോഷ്ടിക്കുന്ന വീഞ്ഞിന് എത്ര നല്ല രുചിയാണ് !

ഉച്ചവെയിലിൽ ഒരിറ്റ് തണലിനായി മണലാരാണ്യത്തിലെങ്ങും രാജാവിന്റെ കണ്ണുകൾ പരതി. ആരോ വലിച്ചെറിഞ്ഞതു പോലെ കുറെ കുറ്റിച്ചെടികൾ മാത്രം. മരൂപ്പരപ്പിലെ യാത്ര എത്ര ദുസ്സഹമാണു്!

രാജാവിനു മടുത്തു.

നാഴികകൾ പിന്നിട്ടപ്പോഴാണു് ഒരു ഗാഫ് മരത്തിൻ്റെ പച്ചക്കുട കണ്ടത്. ആ തണലിൽ കിടന്നപ്പോൾ അതിയായ ആശ്വാസം തോന്നി. കണ്ണടച്ചപ്പോൾ തന്നെ ഉറങ്ങി..

അസ്മേദേവൂസും കണ്ണടച്ചു. പക്ഷേ ആ കാതുകൾ ചക്രവാളങ്ങളോളും തുറന്നിരുന്നു.

രാത്രിയിൽ രാജാവിനു വല്ലാത്ത തണുപ്പനുഭവപ്പെട്ടു.. കമ്പിളി പുതച്ചിട്ടും തണുപ്പ് മാറുന്നില്ല. ശലമോൻ മണലിൽ ഒരു കുഴി കുഴിച്ചു. അതിൻ്റെയുള്ളിൽ തീ കൂട്ടി. തീക്കുണ്ഡത്തിലെ വെളിച്ചം പുറത്ത് കാണാതിരിക്കാൻ രാജാവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മരുപ്പരപ്പിൽ കള്ളന്മാരുണ്ട്. അവർ യാത്രക്കാരെ അടിച്ചുവീഴ്ത്തി കവർച്ച നടത്തും. പാതിരാവ് കഴിഞ്ഞപ്പോഴാണ് ശലമോൻ കിടന്നത്.

ചൂടും പൂഴിക്കാറ്റും കൂടിക്കൊണ്ടിരുന്നു. അങ്ങനെ രണ്ട് ദിവസങ്ങൾ കഴിഞ്ഞു. അവർ തമ്മിൽ ഒന്നും സംസാരിച്ചില്ല. കള്ളന്മാരെ ഒഴിവാക്കി യാത്ര തുടരാനുള്ള കരുതലുകളെക്കുറിച്ച് മാത്രം ചിലപ്പോൾ വല്ലതും പറഞ്ഞു.

മൂന്നാം ദിനം ബാബിലോൺ നഗരത്തിലേക്കുള്ള പാത കണ്ടു. നഗരത്തിലേക്ക് പോകുന്ന ഒട്ടകങ്ങളുടെ പിന്നാലെ അവർ നടന്നു. നഗരകവാടത്തിൽ വീഥി രണ്ടു ശാഖകളായി പിരിഞ്ഞിരുന്നു. സഞ്ചാരികൾക്ക് വഴി കാട്ടാനായി അവിടെ രണ്ടു ചൂണ്ടുപലകകളൂം സ്ഥാപിച്ചിരുന്നു. ഒന്നിൽ ഇപ്രകാരം എഴുതി.

‘ശിരോദ് പ്രഭുവിൻ്റെ മുത്തു കടയിലേക്കുള്ള വഴി.’

ഒരു വഴിപോക്കൻ പറഞ്ഞു

“ശിരോദിൻ്റെ കടയിൽ കിഴക്കു് നിന്നും പടിഞ്ഞാറും നിന്നുമുള്ള എല്ലാ രത്നക്കല്ലുകളും മുത്തുകളും വാങ്ങാൻ കിട്ടും.”

ശലമോൻ മന്ദഹസിച്ചു.

രണ്ടാമത്തെ ചൂണ്ടുപലകയിലും ഒരു പരസ്യം കാണാമായിരുന്നു

‘ജമീല നർത്തകിയുടെ ഭവനത്തിലേക്കുളള വഴി’.

മറ്റൊരാൾ പറഞ്ഞു.

“ആ നർത്തികിയുടെ നൃത്തം കാണാൻ ആയിരം നാണയം നൽകണം.”

അത് കേട്ട് അസ്മേദേവൂസ് ഊറിച്ചിരിച്ചു

മുത്തുതെരുവിലെ കടയുടെ മുന്നിൽ നാലഞ്ച് ഒട്ടകങ്ങൾ കിടന്നിരുന്നു. അവ തെരുവിലെ ഗന്ധങ്ങൾ വലിച്ചെടുത്തു. ഒട്ടകനോട്ടക്കാരൻ്റെ ഗന്ധം ആദ്യം ശ്വസിച്ചു. അയാൾ ഒരണക്ക് വാങ്ങിയ മത്തക്കരു ചവയ്ക്കുകയാണ് . മുത്തുക്കടയിൽ നിന്ന് ഒരു നേരിയ സുഗന്ധം വരവായി. ഒട്ടകം നാസിക വിടർത്തി. യജമാനത്തിയുടെ ഗന്ധമാണ്.

അവൾ പറഞ്ഞു.

“ഒരു വളയ്ക്കുള്ള മുത്ത് തരു… “

ഒരു കോടി മുത്തുകളുടെ അധിപനായ ശിരോദ് പുഞ്ചിരിച്ചു.

നദിയിൽ നിന്ന് ഒരു കുളിർ കാറ്റ് തെരുവിലേക്ക് വീശി. ഒട്ടകം തണുപ്പ് ഉള്ളിലേക്ക് വലിച്ചു. രണ്ട് അപരിചിതരുടെ ഗന്ധമാണല്ലോ …. ഒട്ടകം തല ഉയർത്തി നോക്കി.

ശിരോദ് പ്രഭുവിൻ്റെ കടയിലെ നീലചുവരിൽ അറബിക്കടലിൻ്റെ ആഴത്തിൽ നിന്നെടുത്ത മുത്തുകൾ പതിച്ചിരുന്നു. അവ മുറിയിൽ കണ്ണൂചിമ്മി. സഞ്ചി തുറന്ന് മുത്തുകളും പവിഴങ്ങളും വെള്ള ഉറുമാലിൽ കുടഞ്ഞിട്ടപ്പോൾ ശലമോൻ പറഞ്ഞു.

“ഇതുക്കും മീതേ …”

ജോലിക്കാരൻ ചിരിച്ചു.അയാൾ സന്ദർശകനെ പ്രഭുവിൻ്റെ അരികിലേക്ക് കൊണ്ടുപോയി. അവർ തനിച്ചായപ്പോൾ ശലമോൻ പറഞ്ഞു.

“ഞാൻ ഒരു വ്യാപാരിയാണ്.”

ഒന്ന് ചിരിച്ചിട്ട് ശിരോദ് ഒരു സഞ്ചി തുറന്നു.

മുത്തുക്കൾ തിളങ്ങി. പക്ഷേ , ശലമോന്റെ കണ്ണുകൾ പ്രകാശിച്ചില്ല..

“ഇതുക്കും മീതേ… “

ശിരോദ് ആരാഞ്ഞു.

“എന്താണ് നിനക്ക് വേണ്ടത് “?

ശലമോൻ പറഞ്ഞു.

“നിൻ്റെ പക്കലുള്ള നീലരത്നം തരുക “

അയാൾ ചിരിച്ചു…, ചോദിച്ചു.

“സഹോദരാ ആരാണ് നിന്നോട് ഈ കളവ് പറഞ്ഞത് ?”

ശലമോൻ പറഞ്ഞു.

“ആരെങ്കിലും ആകട്ടെ സ്വർണ്ണമായാലും നാണയമായാലും എൻ്റെ പരിചാരകൻ വില തൽകും.

അയാൾ കുംഭ കുലുക്കി ചിരിച്ചു.

” അങ്ങനെയെങ്കിൽ നീ നാളെ വരിക…..”

അത് സമ്മതിച്ച് ശലമോൻ പുറത്തിറങ്ങി.

ശിരോദ് അത്‌ഭുതപ്പെട്ടു.

വളരെ സ്വകാര്യമായിട്ടാണ് നീലരത്നം സൂക്ഷിച്ചിരുന്നത്. ഭാര്യയോട് പോലും പറഞ്ഞില്ല….. പുത്രനോട് മാത്രം ! രാജാവ് അറിഞ്ഞാൽ പിന്നെ കഴുത്തിനുമേൽ തല കാണില്ല, ഇതാ, മരുഭൂമിയിൽ ആരോ ആ രഹസ്യം അറിഞ്ഞിരിക്കുന്നു….. ആരാണവൻ?

അയാൾ മട്ടുപ്പാവിൽ കയറി നോക്കി.

വടക്കൻ വ്യാപാരി തനിച്ചു നടന്നുപോകുന്നു. അതിൽ എന്തോ രഹസ്യമുണ്ട്…….

അയാൾ ഒരു പരിചാരകനെ ചട്ടംകെട്ടി അയച്ചു.

രത്നം നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തോർത്ത് വൃദ്ധൻ ശങ്കാകുലനായി. ശിരോദ് ഗോത്രത്തിന്റെ ഐശ്യര്യം പൊയ്പ്പോകും. രാജകുമാരിയെ വരിക്കാനുള്ള മകന്റെ മോഹം മരീചികയാകും. മരുഭൂമിയിലെ രാജ്യങ്ങളുടെ അതിർത്തികൾ മാറിമറയും മരുഭൂമിയിലാകെ യുദ്ധവും ക്ഷാമവും പരക്കും. ശവങ്ങൾ കൊത്തിപ്പറിച്ച് കഴുകൻമാർ മടുക്കും… ശിരോദിന്റെ മുഖം വിവർണ്ണമായി.

പരിചാരകൻ മടങ്ങി വന്നു.

“പ്രഭോ…, ആ വ്യാപാരി ഒട്ടകത്തെരുവിലെ സത്രത്തിലാണ് താമസം…”

ശിരോദ് താടിയുഴിഞ്ഞു.. പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു.

“ജമീലക്ക് ആളെ അയക്കുക.”

പരിചാരകൻ പുഞ്ചിരിച്ചു.

നഗരക്കാഴ്ചകൾ കാണാനായി അസ്മോദേവൂസ് തെരുവിലൂടെ നടന്നു. ഇരുവശത്തും നിരനിരയായ കെട്ടിടങ്ങൾ. മുകൾനിലയിലെ ജനാലകൾ തുറന്നിട്ടിരുന്നു. നഗ്നമായ കാലുകൾ ആട്ടികൊണ്ട് ഒരു ബാലിക കരം നീട്ടി വിളിച്ചു. ആ കൈകളെ താലോലിക്കാൻ അവനു കൊതി തോന്നി.

അയാൾ ചുറ്റുംനോക്കി.

തെരുവിൽ നിന്ന് മുകളിലേക്ക് കയറാനുള്ള കോണിപ്പടികൾ കണ്ടു. താഴത്തെപ്പടിയില്‍ കാലെടുത്തുവെച്ചപ്പോൾ അവിടെ ഇരിക്കുന്ന സുന്ദരിയെ കണ്ടു. അവൾ കരം നീട്ടിയപ്പോൾ അയാൾ കീശയിൽ നിന്ന് ഒരു സ്വര്‍ണ്ണനാണയം എടുത്തു കൊടുത്തു.

അവളെഴുന്നേറ്റ് കോണിപ്പടികള്‍ കയറി. അയാൾ പിന്നാലെ നടന്നു. ഇടനാഴിയിൽ കാമുകിയെപ്പോലെ അവൾ കരംകോർത്തു…….

” പ്രിയപ്പെട്ടവനേ നിന്നെക്കാണാനാണ്. ഞാൻ പ്രഭാതം മുതൽ ഈ കോണിപ്പടിയിൽ കാത്തിരുന്നത് . ഇനി നമ്മള്‍ തമ്മില്‍ പിരിയുകയില്ല, എന്താ…”

അയാൾ നടന്നു.

ബാലിക തന്നോടുതന്നെ ചിരിച്ചു..

വെയിലാറിയപ്പോൾ ശലമോൻ സത്രത്തിൽ നിന്നിറങ്ങി.

വഴിയോരത്ത് ചരക്കുകൾ വിൽപ്പനക്കു വെച്ചിരിക്കുന്നു. കിഴക്കു നിന്നും മരുഭൂമിയിൽ നിന്നുമുള്ള ചരക്കുകൾ വാങ്ങാൻ നല്ല ആൾക്കൂട്ടവും ഉണ്ട്. അവർ വിലപേശുന്നുത് നോക്കി അല്പനേരം നിന്നു. ഈത്തപ്പഴങ്ങളും പാൽക്കട്ടികളും. അപ്പുറത്തായി കഠാരകളും വാളുകളും വില്പനക്ക് വെച്ചിരിക്കുന്നു.

കൊല്ലൻ കരം കാട്ടി വിളിച്ചു.

ശലമോൻ ഒരു കത്തി എടുത്തു നോക്കി.

ഒരു അറബി ആരാഞ്ഞു.

“ആരാണ്? ഇതിന് മുമ്പ് കണ്ടിട്ടില്ലല്ലോ?”

ശലമോൻ ചിരിച്ചു.

“കുറച്ചു ദൂരെ നിന്നാണ്.”

അയാൾ പറഞ്ഞു.

“ഇത് പേർഷ്യൻ കഠാരയാണ്”

ശലമോൻ ഒരു കഠാരയും കുറച്ച് പഴവും വാങ്ങി. അവർ അവ ഭക്ഷിച്ചുകൊണ്ട് സംസാരിച്ചു. നഗരത്തിലെ ഇടങ്ങൾ എല്ലാം അറബി കാണിച്ചു കൊടുത്തു.

സന്ധ്യ… മരുപരപ്പിനു മീതെ സുര്യൻ ഒരു ചുവപ്പുലില്ലിയായി. അറബിയുടെ പിന്നാലെ ശലമോൻ നടന്നു. നദിതീരത്തെ നർത്തകിയുടെ തെരുവിലെത്തിയത് അറിഞ്ഞില്ല. ജമീലയുടെ ഭവനത്തിനു മുന്നിൽ കപ്പൽജോലിക്കാർ നിന്നിരുന്നു. ഒരാൾ പറഞ്ഞു.

“ആഴിയിലെ തിരകൾ പോലെയാണ് ജമീലയുടെ അരക്കെട്ടിലെ ചലനങ്ങൾ.”

പാതി തമാശയായി ഒട്ടകനോട്ടക്കാരൻ പറഞ്ഞു.

“അത് കണ്ടവർ ഇതുവരെ വീടണഞ്ഞിട്ടില്ല.”

ഇരുളിൽ നിന്ന ദാസി ക്ഷണിച്ചു.

“വരിക , ജമീലയുടെ ഉദരനർത്തനം കാണാൻ ആയിരം നാണയങ്ങൾ മാത്രം”

അവർ ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു. ശലമോനും ഒരു കൗതുകം തോന്നി.

ആയിരം പണം എണ്ണി കൊടുത്തപ്പോൾ ഒരു തടിയൻ വാതിൽ തുറന്നു. ശലമോൻ അകത്ത് കയറി നോക്കി. ശരറാന്തലുകളുടെ സുവര്‍ണ്ണനാളങ്ങള്‍ പ്രകാശം പൊഴിക്കുന്ന വിശാലമായ ഒരു തളം. കപ്പൽക്കാർ മെത്തയിൽ ചാരികിടക്കുന്നു. ഒരു പരിചാരിക വീഞ്ഞ് വിളമ്പുന്നു. അതിഥികളെ രസിപ്പിക്കാനായി ഒരു യുവാവ് കിന്നരം മീട്ടുന്നു. കാൽചിലമ്പൊലി കേട്ട് അവർ തലയുർത്തി നോക്കി. കോണിപ്പടികൾ ഇറങ്ങി ജമീല വരുന്നു …..

അവൾ അതിഥികളെ നമസ്ക്കരിച്ചു. നൃത്തം തുടങ്ങി. കാറ്റിലാടുന്ന കള്ളിമുൾചെടിയെ ശലമോന് ഓർമ്മ വന്നു. കപ്പൽക്കാർ ചഷകം ചുണ്ടോട് ചേർത്തു. വീഞ്ഞു നുണയുന്നതിനിടയിൽ കണ്ണുകൾ ആ നാഭിച്ചുഴിയിൽ പരതി. പങ്കായം പോലെയാണ് ആ കാലുകൾ ചലിക്കുന്നത്. ചുഴലിക്കാറ്റിൽപ്പെട്ട പായ്മരം പോലെ അവർ കറങ്ങി.

ജമീല പുഞ്ചിരിച്ചു.

ശലമോനെ വശീകരിക്കാനായി ജമീല അരക്കെട്ട് ഒന്ന് ചലിപ്പിച്ചു. തുലാസിലെ തട്ടുകൾ പോലെ അവ ഉയർന്നു താഴ്ന്നു.

ജമീല ഒരു അപ്പിൾ എടുത്തു ചുംബിച്ചു. കപ്പൽക്കാർ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

ആരാണ് ആ ഭാഗ്യവാൻ?

അവൾ ഒരു അതിഥിക്ക് അത് സമ്മാനിക്കും. രാത്രിയിൽ അയാളുടെ സിരകളിൽ ലഹരി പടരും ….. പരദേശിക്ക് ആപ്പിൾ സമ്മാനിച്ചപ്പോൾ കപ്പൽക്കാർ നിരാശപ്പെട്ടു. ശലമോൻ അമ്പരന്നു.

പരിചാരിക പറഞ്ഞു.

“ഹേയ് സഞ്ചാരീ, എഴുന്നേൽക്കുക ….ഈ രാത്രിയിൽ നീ ജമീലയുടെ ശയ്യയിലാണ് ഉറങ്ങുക. പറയുക, നീ ഏത് ദേശക്കാരനാണ് ?”

അയാൾ പറഞ്ഞു.

“മരുഭൂമിക്ക് അപ്പുറം.”

ശലമോൻ അവളോടൊപ്പം നടന്നു.

കപ്പൽക്കാരുടെ നിരാശ മാറ്റാനായി പരിചാരിക ഒരു മണിയടിച്ചു. നാലഞ്ച് അറബി സുന്ദരികൾ പ്രത്യക്ഷരായി.

ആ ഭവനത്തിൻ്റെ രണ്ടാം നിലയിലാണ് ജമീലയുടെ ശയനമുറി. ആ നിലയിലെ ഇടനാഴിയിൽ രണ്ടു പല്ലികൾ പാർത്തിരുന്നു. ശലമോൻ രാജാവിനെ കണ്ട് പെൺപല്ലി ചിലച്ചു..

“ഒരാളെക്കൂടി ബാബിലോണിലെ യക്ഷി ഭക്ഷിക്കാൻ പോകുന്നു!”

ആൺപല്ലി പറഞ്ഞു.

“കഷ്ടം… നൂറു കണക്കിന് ഭാര്യമാരുള്ള ഈ മനുഷ്യൻ്റെ ഗതി ഇങ്ങനെയായല്ലോ! ആരുണ്ട് രാജാവിനെ രക്ഷിക്കാൻ?”

ഇടനാഴിച്ചുവരിലൂടെ പെൺപല്ലി പാഞ്ഞു.

ശലമോൻ രാജാവിൻ്റെ മുന്നിൽ വാൽ മുറിച്ചിട്ടു. ഇടനാഴികയിലെ തറയിൽ ആ വാൽ പിടഞ്ഞു. ദുശ്ശകുനം കണ്ട് ശലമോൻ തരിച്ചുനിന്നു. പെൺപല്ലി ഒരിക്കൽ കൂടി ചിലച്ചു.

“മടങ്ങി പോകുക ശലമോനേ.. ഇത് പാതാളത്തിൻ്റെ വാതിലാണ്.”

ആ മുന്നറിയിപ്പ് കേട്ട് അയാൾ ശങ്കിച്ചുനിന്നു.

ജമീല ശലമോൻ്റെ കരം കവർന്നു. ആ സ്പർശത്തിൽ ദുർനിമിത്തങ്ങൾ എല്ലാം ആ മനുഷ്യൻ മറന്നു. വാതിൽ പിന്നിൽ അടഞ്ഞത് അറിഞ്ഞില്ല. കിടപ്പറയുടെ പാതി കാട്ടുകമ്പുകൾ കൊണ്ട് മറച്ചിരുന്നു. പേർഷ്യൻവിരി മാറ്റി ജമീല അകത്തേക്ക് കയറിപ്പോയി.

തെരുവിലേക്ക് ഒരു ജനാല തുറന്നു കിടന്നിരുന്നു ….. അതിന് അഴികൾ ഇല്ലായിരുന്നു ! ശലമോൻ അടുത്തു ചെന്ന് നോക്കി. തെരുവിലേക്ക് പോകാനുള്ള ഒരു സൂത്രവഴി. മുകളിലേക്ക് കയറിവരാനുള്ള ഒരു വലിയ കുട്ട താഴെ കിടന്നിരുന്നു.

ശലമോൻ മന്ദഹസിച്ചു..

ചഷകവുമായി ജമീല ഇറങ്ങിവന്നു. രാത്രികാമുകനെ ഉന്മത്തനാക്കാനായി ഒരു സുഗന്ധം വീഞ്ഞിൽ ചേർത്തിരുന്നു. മുറിയിലാകെ മാദകമായ ഗന്ധം പടർന്നു. അയാൾ അൽപം രുചിച്ചു നോക്കി..ഒരു ചവർപ്പുണ്ട്. മുഖം തിരിച്ചു..

ജമീല പുഞ്ചരിച്ചു.

“ഏതാണ് നാട്?”

“കുറച്ച് പടിഞ്ഞാറാണ്.”

അയാളെ കുടുക്കാനായി അവൾ ഉടുപ്പിന്റെ കെട്ടഴിച്ചു. തണ്ണിമത്തനുകൾ കണ്ട് അയാൾ അമ്പരന്നു. ഒറ്റവലിക്ക് അയാൾ ചഷകം കാലിയാക്കി. ഒരിക്കൽ കൂടി അവൾ വശ്യമായിച്ചിരിച്ചു. പിന്നെ ഒരു ഉപകരണം കൊണ്ട് ആ മുറിയിലെ വിളക്ക് കെടുത്തി.

ഒരു വെണ്ണക്കൽ ശില്പം പോലെ അവൾ നിശ്ചലയായി. ആകാശത്തു നിന്നൊരു നക്ഷത്രക്കീറ് ആ ഉടലിൽ പതിച്ചിരുന്നു.. ശലമോൻ പരവശനായി.. കിടക്കയിൽ നിന്ന് എണിറ്റു. ജമീലയെ വാരിപ്പുണരാനായി ഒന്നു രണ്ടടി നടന്നപ്പോൾ ഒരു പന്തികേട് തോന്നി. ശിൽപം കറങ്ങുന്നു!!!.

അയാൾ ചുററും നോക്കി.

മുറിയാകെ കറങ്ങുകയാണ്…. ഇതിൽ എന്തോ കുഴപ്പമുണ്ട്. ഇടനാഴിയിലെ പല്ലി പറഞ്ഞത് ഓർമ്മ വന്നു ‘ബാബിലോണിലെ യക്ഷി !’ആ കണ്ണുകളിൽ അയാൾ ഒന്നു സൂക്ഷിച്ചു നോക്കി. ഇരയെ കണ്ട പുലിയുടെ തിളക്കം!

ഒട്ടകനോട്ടക്കാരൻ പറഞ്ഞതിൻ്റെ അർത്ഥം അപ്പോഴാണ് മനസ്സിലായത്.

”അവളെ കണ്ടവർ വീടണയില്ല …”

ഈ യക്ഷിയുടെ കരാളഹസ്തത്തിൽ നിന്ന് എങ്ങനെയാണ് രക്ഷപ്പെടുക? ഏതോ മയക്കു ദ്രവ്യം അവൾ വീഞ്ഞിൽ ചേർത്തിട്ടുണ്ട്. അസ്മേദേവൂസിനെ ഓർമ്മ വന്നു.

ഭൂതത്തെ വിളിക്കാനായി ശലമോൻ വിരലൊന്നുയർത്തി. പക്ഷേ മോതിരത്തിൽ സ്പർശിക്കാൻ ആവും മുമ്പ് ശലമോൻ നിലംപതിച്ചു.. തേനിൽ വീണ തേനീച്ചയെ പോലെ !!

അകത്തുനിന്ന് രണ്ടു മല്ലൻമാർ ഇറങ്ങി വന്നു. അവർ ആ മനുഷ്യന്റെ കരങ്ങൾ ബന്ധിച്ചു …..

വസ്ത്രങ്ങളും ആഭരണങ്ങളും ഓരോന്നായി അഴിച്ചെടുത്ത് പാത്രത്തിലിട്ടു.

ജമീല ഒന്നു കണ്ണോടിച്ചു.

വിലപ്പെട്ട ആഭരണങ്ങൾ ഒരു സഞ്ചിയിലേക്ക് എടുത്തിട്ടു. നിറം മങ്ങിയ പിച്ചളമോതിരം കണ്ടു. ആ വില കെട്ട മോതിരം തെരുവിലേക്ക് വലിച്ചെറിഞ്ഞു. അവൾ കുടിലചിത്തയായിരുന്നു. കിടപ്പറ കാമുകൻമാരെ കുടുക്കിലാക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന യക്ഷി. അവരെ അടിമകളാക്കി വിറ്റിരുന്നു.

ജനാലപ്പടിയിൽ മല്ലൻമാർ ഒന്നു തട്ടി..തെരുവിൽ നിന്ന് ഒരു കുട്ട കയറി വന്നു. ശലമോനെ അവർ ആ കൊട്ടയിലേക്ക് നിക്ഷേപിച്ചു. താഴെ നിന്നിരുന്ന അറബി ചരടയച്ചു. കുട്ട ഇറങ്ങി വന്നു. ഇരുളിൽ കിടന്ന ഒട്ടകത്തിനെ ബാലൻ തട്ടിയുണർത്തി. അത് എഴുന്നേറ്റു. അയാൾ ഉടുപ്പിന്റെ കൈമടക്കി. പിന്നെ കുട്ടയിൽ നിന്ന് ആ മനുഷ്യനെ എടുത്ത് ഒട്ടകത്തിൻ്റെ പുറത്ത് കിടത്തി. ഒരു ചരക്കുകെട്ടു പോലെ ബന്ധിച്ചു. ബാബിലോണിലെ ആ തെരുവിൽ ശലമോൻ്റെ നാമം നഷ്ടമായി !! മാളികയിൽ വസിച്ചിരുന്ന മന്നൻ്റെ തോളിൽ വിധി മാറാപ്പ് കയറ്റി.

കടിഞ്ഞാൺ പിടിച്ചു കൊണ്ട് ബാലൻ തെരുവിലൂടെ നടന്നു.

രാത്രി വൈകിയപ്പോൾ അസ്മേദേവൂസ് തെരുവിലേക്ക് ഇറങ്ങി. തെരുവിൽ രാത്രിയുടെ തണുത്ത നിശ്ശബ്ദത നിറഞ്ഞിരുന്നു. വിളക്കിൻ്റെ ചുവട്ടിൽ രണ്ടു പാറാവുകാർ നിന്നിരുന്നു. പൊടുന്നനെ തെരുവിൻ്റെ അറ്റത്ത് ഒരു ഒട്ടകത്തിൻ്റെ തല കാണാറായി.

അവർ ജാഗരൂകരായി.

ഒട്ടകപ്പുറത്ത് ഒരാൾ കിടക്കുന്നുതു കണ്ടു. പക്ഷേ ആളിന് അനക്കമില്ല. അവർക്ക് സംശയം തോന്നി.

“ഈ മനുഷ്യനു് എന്ത് പറ്റി?

അറബി ഒട്ടകത്തെ നിർത്തി.

“ഈ പാവത്തിന് നല്ല സുഖമില്ല. എൻ്റെ അയൽക്കാരനാണ്.”

പാറാവുകാരൻ സഹതപിച്ചു.

“കഷ്ടം തന്നെ”

അറബി നടന്നു.

പക്ഷേ ഒട്ടകപ്പുറത്ത് കിടക്കുന്ന മനുഷ്യനെ അസ്മേദേവൂസ് തിരിച്ചറിഞ്ഞു. ഒറ്റനോട്ടത്തിൽ തന്നെ അവന് ആളെ മനസ്സിലായി. ശലമോൻ രാജാവ് ബാബിലോണിലെ യക്ഷിയുടെ കെണിയിൽ വീണിരിക്കുന്നു !! മഹാജ്ഞാനിയായ ശലമോൻ രാജാവിനെ ഒരു സ്ത്രീ അടിമയാക്കിയിരിക്കുന്നു!

‘സിംഹം അറബിയുടെ വലയിലായിരിക്കുന്നു. ആ വല പൊട്ടിക്കാൻ ഒന്ന് മനസ്സുവെച്ചാൽ മതി. പക്ഷേ ഞാനെന്തിനു തയ്യാറാകണം.

അസ്മേദേവൂസ് മടിച്ചു.

‘അടിമ വീണ്ടും അടിമയാകുക.’

ആ ജീവിതത്തോട് അയാൾക്ക് മടുപ്പ് തോന്നി.

‘ഇപ്പോൾ ഒന്നു കണ്ണടച്ചാൽ മതി റാണിയുടെ തോഴിയെ എളുപ്പം സ്വന്തമാക്കാം. അവളെ നഷ്ടപ്പെടുത്തുക ഭൂലോകവിഡ്ഢിത്തമാണ് ‘.

ഇരുളിൽ ആ കണ്ണുകൾ തിളങ്ങി.

രാജാവിനോട് അയാൾക്ക് അല്പം പോലും സഹതാപം തോന്നിയില്ല.

‘നല്ല കാലം മുഴുവൻ രാജാവായി സുഖിച്ചതാണ്. ഭൂമിയിലെ എല്ലാ ജ്ഞാനവും നേടിയിട്ടുണ്ട്. പക്ഷേ കഷ്ടപ്പാട് എന്താണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല.

ആയ കാലത്ത് സേവകൻമാരും അടിമകളുമായിരുന്നു ചുറ്റും. ഇനി കുറച്ചു കാലം അടിമയായി മരുഭൂമിയിൽ കിടക്കട്ടെ !! . അപ്പോൾ അറിയാം കഷ്ടപ്പാട് എന്തെന്ന്..

ഒരു അടിമയുടെ ദുഃഖം അറിയാൻ രാജാക്കൻമാർക്ക് അവസരങ്ങൾ കിട്ടാറില്ലല്ലോ..!.’

അയാൾ ഊറിച്ചിരിച്ചു.

സ്ഫടികമണ്ഡപത്തിലെ അർദ്ധനഗ്നാംഗിമാരുടെ ആട്ടവും പാട്ടും അന്തഃപ്പുരത്തിലെ ഉപഭാര്യമാരെയും അസ്മേദേവൂസ് ഓർത്തു.

അന്തഃപ്പുരത്തിലെ ചെറുതുണ്ടുകൾ !!. ഒരു അഗ്നിസ്ഫുലിംഗം ഇല്ലെങ്കിൽ ആ വിറകു തുണ്ടുകൾ മരവിച്ച് കിടക്കും…

“ഇനി ആരാണാവോ ആ വിറകു തുണ്ടുകൾക്ക് തീ കൊളുത്തുക?’

(തുടരും)

വര : പ്രസാദ് കാനത്തുങ്കൽ

കവർ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like