പൂമുഖം LITERATUREകവിത പ്രകൃതീ, മനോഹരി

പ്രകൃതീ, മനോഹരി

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

പടിഞ്ഞാറു പടരുന്ന
അന്തിച്ചുവപ്പിന്റെ
വർണ്ണപ്പുടവയവളുടേതല്ലേ…?

മന്ദമാരുതൻ മൂളി മൂളി
ഉറക്കമുണർത്തുന്ന
പൂവിതളിന്നധരങ്ങൾ
അവളുടേതല്ലേ…?

നീലിമ മെഴുകും
കടൽനിറം തെളിയും
മേഘകാന്തി വിരിഞ്ഞ —
തവളുടെ കണ്ണിലല്ലേ?

കടൽശംഖു മൂളിയ
ഗാന പ്രവാഹമവളുടെ
മാനസമുരളി നിറഞ്ഞതല്ലേ?

കരിമേഘക്കാടുകൾ
കെട്ടഴിച്ചിട്ടൊരു
കാർകൂന്തൽ നിര–
കളവളുടേതല്ലേ …?

ഭംഗിയിൽ മുക്കി വരച്ചൊരു
ചന്ദനഗാത്രം
അവളുടേതല്ലേ..?

ചിരിക്കുമ്പോൾ
പുലരിയുടെ
ശോഭ വിരിയുന്നു…
ഉറങ്ങുമ്പോൾ നിശയുടെ
കാന്തി പടരുന്നു…..!

കാതരേ, മനോഹരീ,
പ്രണയ പ്രകൃതീ ,
പ്രേമ വിലാസിനീ
ഞാൻ നിൻ പുഴയിലെ അമ്പിളിത്തോണിയിൽ
സത്ചിന്തയാം
തുഴയെറിഞ്ഞു വരുന്നു
പ്രണയസൗഗന്ധികപ്പൂവ് ചൂടാൻ


Comments

You may also like