പൂമുഖം LITERATUREവായന ജലച്ചായചിത്രം–ആസ്വാദനവഴിയില്‍

ജലച്ചായചിത്രം–ആസ്വാദനവഴിയില്‍

ജീവിതത്തിന്‍റെ സമസ്തഭാവങ്ങളും അവസ്ഥകളും രസകണികയാക്കി ഒരു ചെപ്പില്‍ അടക്കിവെച്ചിരിക്കുന്നു. ആ ചെപ്പിന് ഒറ്റവാക്കില്‍ ഒരു പേരുണ്ട്. കഥ! സ്ഥലകാലസന്ദര്‍ഭങ്ങള്‍ ഒത്തുവരുമ്പോള്‍, ചെപ്പിനുള്ളിലെ കണികയുടെ നെറുക് പിളരുകയും ആത്മനാളം നേര്‍ത്ത തിരിയായി ചെപ്പും കടന്ന് പുറത്തേയ്ക്ക് വളരുകയും ചെയ്യുന്നു.തിരി തടിയാവുകയും അതിന് കൊമ്പും ചില്ലകളും ചില്ലത്തലപ്പുകളില്‍ ഇലയും പൂവും കായും കനക്കുകയും ചെയ്യുന്നു. അപ്പോള്‍ കഥ, വര്‍ത്തമാനത്തിലെ വടവൃക്ഷമായി ഭാഷയ്ക്ക് തണലും തണുപ്പുമായി നില്‍ക്കുന്നു.

കഥയ്ക്കും ഇതരസര്‍ഗ്ഗരൂപങ്ങളെ പോലെ ഒരു കാലമേയുള്ളൂ. വര്‍ത്തമാനം മാത്രം. ത്രികാലങ്ങളില്‍ പതറിയാടുന്ന അനുവാചകനെ അത് അതിന്‍റെ വര്‍ത്തമാനത്തില്‍ തളച്ചിടുന്നു. ആസ്വാദനവേളയില്‍, അതുകഴിഞ്ഞുള്ള വിചാരവേളകളിലൊക്കെയും, അയാള്‍ കഥയുടെ കാലത്തേയ്ക്ക് ഉരുവപ്പെട്ടുപോകുന്നു. അക്ഷരകലയില്‍ ധാരാളികളും മിതവ്യയക്കാരും പിശുക്കരുമുണ്ട്. അക്ഷരങ്ങളുടെ ക്രയവിക്രയത്തില്‍ അറുപിശുക്കന്മാരാകുന്നു കഥാകൃത്തുക്കള്‍.

” ഞാന്‍ ഒന്നു തൊട്ടോട്ടേ? അല്ലെങ്കില്‍ വേണ്ട, അമ്മുക്കുട്ടീ.ഏന്‍റെ കൈ നിറയെ ചെളിയാണ്.” എന്ന് കൈ പിന്‍വലിക്കുന്ന വേലായുധന്‍റെ, കുറഞ്ഞ വാക്കുകളില്‍ അമ്മുക്കുട്ടിയുടെ സൌന്ദര്യവും സൌശീല്യവും എത്ര വശ്യവും വിശിഷ്ടവും ആണെന്ന് വേലായുധനെ പോലെത്തന്നെ വായനക്കാരനും ബോധിക്കുന്നു. ഒരുപക്ഷേ അമ്മുക്കുട്ടിയുടെ ഗുണമേന്മകളെ വാഴ്ത്തി സഹസ്രാക്ഷരമാല കോര്‍ത്ത് ചാര്‍ത്തിയാലും മേല്‍പ്പറഞ്ഞ പത്തു പദങ്ങള്‍ തീര്‍ത്ത വികാരതീവ്രത അനുഭവിക്കാനാവുമെന്ന് തോന്നുന്നില്ല.അത്രയ്ക്ക് പിശുക്കനാണ് ‘കഥാപുരുഷ’നായ എം.ടി. !

‘ ഉണ്ണിയുടെ നോട്ടത്തിന് തോട്ടരക്കത്തിയുടെ മൂര്‍ച്ചയുണ്ടായിരുന്നു.’ എന്ന് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി വായിക്കപ്പെടുമ്പോള്‍ അമ്മയുടെ മുഖത്തേയ്ക്ക് നോക്കുന്ന ഉണ്ണിയുടെ രോഷം വായനക്കാരുടെ മനസ്സില്‍ മുന കൂര്‍പ്പിക്കുകയാണ്.
കഥാപാത്രത്തിന്‍റെ ഭാവം അതേ മാത്രയില്‍ അനുവാചകരുടെ അനുഭവമാകുന്ന രാസപ്രക്രിയ!

‘നിലാവില്‍ വിയര്‍ക്കുന്ന പ്രകൃതം’ എന്ന് കാമുകിയെ പരിചയപ്പെടുത്തുന്ന കെ. പി . നിര്‍മ്മല്‍കുമാറും ‘ഫെയ്റര്‍ ദാന്‍ ദാറ്റ് വേഡ്’ എന്ന് പോര്‍ഷ്യയെ വര്‍ണ്ണിക്കുന്ന ഷേക്സ്പിയറും വിശ്വവിഖ്യാതരായ പിന്നെയെത്രയോ കഥയെഴുത്തുകാരും ഈ പിശുക്കരുടെ ഗണത്തില്‍ പെടുന്നു. അവരുടെ പരമ്പരയില്‍ വലിയ കണ്ണുകളും വട്ടക്കഷണ്ടിയും ഉള്ള ഒരു പിശുക്കന്‍റെ ‘ജലച്ചായചിത്രം’ കൂടി ഞാനൊന്ന് ഒട്ടിച്ചുവെയ്ക്കട്ടെ.
നടപ്പുകാലത്തെ ഏത് കഥാകാരനൊപ്പവും ഇരിക്കാന്‍ താനും അര്‍ഹനാണ് എന്ന് ഒറ്റ ചെറുകഥാസമാഹാരം കൊണ്ട് സഹൃദയചിത്തത്തെ സംപ്രീതമാക്കുന്നു സതീശന്‍ പുതുമന.

ജലച്ചായചിത്രം പുറത്തുവരുന്നത് മലയാള ചെറുകഥയുടെ നൂറ്റിമുപ്പത്തിനാലാം കൊല്ലത്തിലാണ്. അഞ്ച് തലമുറ താണ്ടി കഥ നടന്ന സമയദൂരം. പശ്ചാത്താപത്തില്‍ നിന്ന് പരിഭ്രമത്തിലേയ്ക്കും അവ്യാഖ്യേയമായ വിഭ്രാന്തിയിലേയ്ക്കുമുള്ള ദൂരം. മലയാളചെറുകഥയുടെ യാത്ര മുന്നോട്ട് തന്നെ. സ്ഥലകാലബോധസംയുക്തകങ്ങള്‍ കാവ്യകലയുടെ കണ്ണാടിയിലേയ്ക്ക് കഥാകാരന്‍റെ മുഖം തിരിക്കുമ്പോള്‍ കഥ തെളിയുകയായി. അതില്‍ നിന്ന്
അക്ഷരം മുളപ്പിച്ചെടുക്കേണ്ട കാര്‍ഷികവൃത്തി മാത്രമേ പിന്നെ കഥാകാരന്‍ നിര്‍വഹിക്കേണ്ടതുള്ളൂ. അയാളുടെ നാലാംഭാവം വിത്തും കൈക്കോട്ടും കരുതിവെച്ച കളപ്പുരയാണല്ലോ.

പന്ത്രണ്ട് കഥകള്‍ നൂറ്റിനാല്‍പ്പതോളം താളുകളില്‍ ഭാവാര്‍ദ്രചിത്രങ്ങളായി കിടക്കുന്നു. ചിത്രങ്ങളില്‍ നോക്കിനില്‍ക്കേ, വരകള്‍ക്കും വര്‍ണ്ണങ്ങള്‍ക്കും ഇടയിലുള്ള ജലരാശിയില്‍ കാഴ്ച പതിക്കുമ്പോള്‍, അവിടെ ഞാന്‍ എന്നെ കാണുന്നു. കാണുന്ന ചിത്രങ്ങളുടെ വരപ്പെടാത്ത ഇടങ്ങളില്‍ തന്നെത്തന്നെ കാണുന്ന വായനക്കാരന്‍. സതീശന്‍ പുതുമനയുടെ രചനാവൈഭവം അദ്ഭുതമുയിര്‍ക്കുന്ന ആസ്വാദ്യതയാകുന്നത് അങ്ങനെയാണ്. ചായക്കൂട്ടുകളുടെ ഇതര ആഖ്യാനസമ്പ്രദായങ്ങളില്‍ നിന്ന് ജലച്ചായചിത്രങ്ങളുടെ രചന ഭിന്നമാകുന്നത് അതിന്‍റെ സ്ഥായീഭാവത്തിലെ ജീവോന്മീലനമായ ആര്‍ദ്രതകൊണ്ടാണ്. ജലം ജീവന്‍റെ ആധാരമാണല്ലോ.

ആദ്യകഥ, നീലക്കാര്‍വര്‍ണ്ണം, ആരംഭിക്കുന്നത് അമ്പലനടയില്‍നിന്നാണ്. നട കടന്ന് നാലമ്പലത്തില്‍ എവിടെയോ ഒരു സായന്തനത്തില്‍ അപ്രത്യക്ഷരായ ഭാര്യയും അനുജത്തിയും- അവരുടെ വരവും കാത്ത് അമ്പലപരിസരത്ത് നഗ്നപാദനായി അലയുന്ന ചന്ദ്രശേഖരന്‍ മാഷ് –
(”ചെരുപ്പ് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതിന്‍റെ ടോക്കണ്‍ ഭാര്യയുടെ കൈവശമാണ്.”)
വഴിവിളക്കിന്‍റെ വെളിച്ചവട്ടത്തില്‍ ഇടയ്ക്ക് തെളിഞ്ഞുകെടുന്ന രൂപങ്ങളിലൊക്കെ അവരെ തിരയുന്ന മാഷുടെ ആധിയിലേയ്ക്ക് മറ്റൊരു ചന്ദ്രശേഖരന്‍ കയറിക്കൂടുന്നു- മാഷല്ലാത്ത, യുവാവായ ചന്ദ്രശേഖരന്‍.

കഥ കേള്‍ക്കാന്‍ ഒരാളെ കിട്ടിയ മുറയ്ക്ക് മാഷ് കഥ തുടങ്ങുകയായി. സൈലാസ് മാര്‍നറെ ഓര്‍മ്മിപ്പിക്കുന്ന കല്‍പനാവൈഭവം. എന്നെന്നോ എപ്പോഴെന്നോ എങ്ങനെയെന്നോ വിശദീകരിക്കാനാവാതെ നാലമ്പലത്തിനുള്ളില്‍ നഷ്ടപ്പെട്ടുപോയ ഭാര്യയുടെയും സഹോദരിയുടെയും കഥ പറയുന്ന മാഷക്ക് മതിഭ്രമം വന്നിട്ടുണ്ടാവുമോ? മാഷായ ചന്ദ്രശേഖരനും മാഷല്ലാത്ത ചന്ദ്രശേഖരനും ഒരാള്‍ തന്നെയാവുമോ? അഥവാ അപരനൊരു ഭ്രമകല്‍പന മാത്രമാവുമോ ? വായനക്കാരന്‍റെ വിചാരശേഷിയിലേയ്ക്ക്, ഉത്തരങ്ങള്‍ അപ്രസക്തമാവുന്ന ചോദ്യങ്ങള്‍ നിക്ഷേപിച്ചുകൊണ്ട് കഥാകാരന്‍ മൌനിയാകുന്നു.

ഈ സമാഹാരത്തിലെ പന്ത്രണ്ടു കഥകളും വിശദീകരിച്ചു വിലയിരുത്താന്‍ ഞാനാളല്ല. ഒരു മാതൃക സൂചിപ്പിച്ചു എന്നേയുള്ളൂ. ഓരോ കഥയും അതുണര്‍ത്തുന്ന സവിശേഷഭാവുകത്വത്തിന് അനുസൃതമായ കാല്‍പ്പനികപരിസരം നിര്‍മ്മിച്ചെടുക്കുന്നു. ഒന്നും മറ്റൊന്നുപോലെയല്ല. കഥനരീതിയിലും കഥാപാത്രാവിഷ്ക്കാരത്തിലും കഥാകൃത്ത് ഈ തനിമ നിലനിര്‍ത്തുന്നു. രചനകള്‍ സ്വരുക്കൂട്ടുന്ന കാര്യത്തില്‍ സതീശന്‍ പുതുമന പുലര്‍ത്തിയിട്ടുള്ള വിവേകം അഭിനന്ദനീയം തന്നെ. ആസ്ട്രോഫിസിക്സ് ബൌദ്ധികതലത്തില്‍ ഉരുവപ്പെടുത്തുന്ന അവിശ്വസനീയമായ യാഥാര്‍ത്ഥ്യ(Incredible reality)ത്തിന്‍റെ പരിഭ്രാന്തിയും പെരുവഴിയില്‍ പത്രക്കാരന്‍റെ ഇരുചക്രവാഹനത്തിന്‍റെ പാച്ചിലില്‍ അരഞ്ഞുപോയ തേരട്ടയോടുള്ള അനുതാപാര്‍ദ്രമായ മാനവീകതയും കഥാവിഷ്ക്കാരങ്ങളുടെ അടിസ്ഥാനപ്രേരണകളാണ്.

തറവാടിന്‍റെ മാനം കാക്കാന്‍ മരിക്കാതെയും മറ ചെയ്യപ്പെടേണ്ടിവരുന്ന ശശിധരന്‍ നായര്‍, കുഴിയിലിറങ്ങാന്‍ വിസമ്മതിച്ച്, വക്കത്തിരിക്കവേ അമ്മ ചോദിച്ചു:

“നീയെന്താ പറയ് ണ്?”

തുടര്‍ന്ന് ഭാര്യയായ വിലാസിനിയുടെ വാക്കുകള്‍ :

” സമ്മതിയ്ക്കൂ ശശ്യേട്ടാ. അമ്മ ങ്ങന്യൊക്കെ പറഞ്ഞ്ട്ട് ഏട്ടന്‍ മിണ്ടാണ്ടിര്ന്നാലോ? ദാണോ ഏട്ടന്‍ നിക്ക് പറഞ്ഞ് തരാറ്ള്ളത്?”

” വിലാസിനീ..”

“ഞാന്‍ സഹിക്ക് ണ്ല്യേ? ഭര്‍ത്താവ് ല്യാത്ത ഒരു പെണ്ണിന്‍റെ സങ്കടം ആലോയ് ച്ചോക്കൂ.”

(‘ബ്രൂട്ടസ്സേ നീയുമോ?’ എന്ന് ഞാന്‍ കൌതുകം പൂണ്ടു.)

നിരര്‍ത്ഥകമായ മാനാഭിമാനകല്‍പ്പനകള്‍ക്ക് നേരെ ആക്ഷേപഹാസ്യത്തിന്‍റെ വിരല്‍ ചൂണ്ടുന്ന കര്‍ക്കശക്കാരനായ സര്‍ഗ്ഗപ്രതിഭയെ ഇവിടെ നാം കാണുന്നു. ആധിയും ആശങ്കയും ഇഴ കോര്‍ത്തെടുക്കുന്ന വിഹ്വലതയും വിഭ്രാന്തിയും അനുവാചകചിത്തത്തില്‍ സൃഷ്ടിക്കുന്ന കഥാകാലങ്ങള്‍ പരിമിതപ്പെടാതെ നീളുകയാണ്. ഇതത്രേ സതീശന്‍റെ സാമര്‍ത്ഥ്യവും.

അന്യാദൃശമായ ഇതിവൃത്തനിര്‍ണ്ണയനവും അതിസൂക്ഷ്മമായ കഥാപാത്രനിരീക്ഷണവും. സ്ഫുടം ചെയ്തെടുത്ത വാക്കും പ്രയോഗവും. മസ്തിഷ്ക്കത്തിന്‍റെ മറവി മൂടാത്ത കള്ളറകളില്‍ ഏറെക്കാലം ത്രസിച്ചിരിക്കുന്ന ഓര്‍മ്മക്കഥകള്‍! ഭാഷയില്‍ മുദ്രിതമാകാവുന്ന പന്ത്രണ്ട് നല്ല കഥകള്‍ ! നല്ല വാക്കുകള്‍ കൊണ്ട് നല്ല രീതിയില്‍ പറഞ്ഞ കഥകള്‍ ! ആലോചനാമൃതം.

സതീശന് പ്രിയപ്പെട്ടത് എഴുത്തിന്‍റെ വഴിതന്നെയാണ് എന്ന് ഏറെക്കുറെ ആറ് പതിറ്റാണ്ടുകള്‍ക്കപ്പുറത്ത് എനിക്ക് തോന്നിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാതൃഭൂമി ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ച സമ്മാനാര്‍ഹമായ ലേഖനമായിരുന്നു അച്ചടിമഷി പുരണ്ട ആദ്യശ്രമം. മൃഗങ്ങളെ കഥാപാത്രങ്ങളാക്കി, അഗതക്രിസ്റ്റി ശൈലിയില്‍ കുട്ടികള്‍ക്ക് വേണ്ടി എഴുതിയ നോവല്‍ ജനയുഗം വാരികയുടെ പതിനാലോ പതിനഞ്ചോ ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്ത് ദേശബന്ധു പബ്ലിക്കേഷന്‍സ് അത് പുസ്തകരൂപത്തിലും പുറത്തുകൊണ്ടുവന്നിരുന്നു. എണ്‍പതുകളില്‍ കുങ്കുമം വാരികയിലും കഥ മാസികയിലുമായി കഥകള്‍ വായിച്ചത് ഓര്‍ക്കുന്നു.

പിന്നെ ഈ സമാഹാരത്തിലെ ജലച്ചായചിത്രം എന്ന കഥയിലെ ബെര്‍മാന്‍ എന്ന ഒ.ഹെന്‍റി കഥാപാത്രത്തെ പോലെ ഒരലസത സതീശനെയും പിടികൂടിയോ ? ടൈംടേബ്ള്‍ വെച്ച് കഥയെഴുതുന്ന കൂട്ടത്തില്‍ അല്ല എന്നു കരുതാനാണ് എനിക്കിഷ്ടം.
ഏഴര പതിറ്റാണ്ടില്‍ എഴുതിയ കഥകള്‍ പരിമിതം.
എണ്ണത്തില്‍ കുറവെങ്കിലും എണ്ണപ്പെട്ടവ !

ജലച്ചായചിത്രം വായിച്ചുകഴിഞ്ഞപ്പോള്‍ ഇത്രയെങ്കിലും കുറിക്കാതെ വയ്യ എന്നു തോന്നി. ഒരു നല്ല കൃതിയെ അടയാളപ്പെടുത്തേണ്ടത് ഏതൊരു സഹൃദയന്‍റേയും കടമയാണല്ലോ. ഈ പുസ്തകം ഗൌരവമായ വായന ആവശ്യപ്പെടുന്നു. പുസ്തകത്തിനും കഥാകൃത്തിനും ആശംസകള്‍

കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like