പൂമുഖം Travel ഇസ്താൻബൂൾ നാമ: (ഭാഗം നാല്)

ഇസ്താൻബൂൾ നാമ: (ഭാഗം നാല്)

ഗുൽഹനെ പാർക്കും സുൽത്താനഹമ്മദ് ചത്വരവും

സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും ചെറിയ വിശപ്പും  ദാഹവും  തോന്നിത്തുടങ്ങിയിരുന്നു. വഴിയരികിൽ  ചെറിയ ഉന്തുവണ്ടികളിൽ മാതളനാരങ്ങയുടെ ജൂസ്  വിൽക്കുന്നുണ്ടായിരുന്നു. മാതളനാരങ്ങ  രണ്ടായി  മുറിച്ചു  ഒരു   മെഷീനിൽ  വച്ച്  ഞെക്കിപ്പിഴിഞ്ഞു  ജൂസ്  എടുക്കുകയാണ്  ചെയ്യുന്നത്. 50 ലീറയാണ് ഒരു   ഗ്ലാസ് ജൂസിന് വില. വളരെ ഉന്മേഷദായകമായ ഒരു പാനീയമാണിത്.  മറ്റൊരിടത്ത് ചെസ്റ്റ്‌നട്ട്  ചോളം  എന്നിവ ചുട്ടത് വിൽക്കുന്നുണ്ടായിരുന്നു. അവ കനലിൽ വേകുന്ന മണം അന്തരീക്ഷത്തിൽ നിറയുന്നു. 100ഗ്രാം  ചെസ്റ്റ്നട്ടും വാങ്ങി ബോസ്‌ഫോറസിന്റെ  കരയിലൂടെ ഞങ്ങൾ മുന്നോട്ടു നടന്നു.

ഒരിടത്ത് ഒരു പുസ്തകക്കട കണ്ട് അകത്തേക്ക് കയറി; കൂടുതലും തു ർക്കിഷ്ഭാഷയിലെ പുസ്തകങ്ങളാണ്. ലോകപ്രസിദ്ധമായ മിക്കവാറും എല്ലാ ക്ലാസിക്കുകളുടെയും പരിഭാഷ അവിടെ കണ്ടു. ഇംഗ്ലീഷ് പുസ്തകങ്ങൾ എവിടെയാണെന്ന് ചോദിച്ചു കണ്ടുപിടിച്ചെങ്കിലും   അവ എണ്ണത്തിൽ  അധികം ഉണ്ടായിരുന്നില്ല. വീണ്ടും മുന്നോട്ടു നടക്കുമ്പോൾ കടൽക്കരയിൽ ചൂണ്ടക്കാരുടെ ബഹളമാണ്. ആണും പെണ്ണുമായി പല വേഷത്തിലും നിറത്തിലും പ്രായത്തിലുമുള്ള ആൾക്കാരെ അവിടെ കണ്ടു.

ഗുൽഹനെ പാർക്ക്

ടോപ്പ്ക്കാപ്പി പാലസിന് തൊട്ടടുത്ത് തന്നെയുള്ള 13 ഏക്കർ വിസ്താരമുള്ള ഗുൽഹനേ പാർക്ക്  മനോഹരമാണ്. കൊട്ടാരത്തിന് സമീപത്ത് നിന്നാരംഭിക്കുന്ന ഈ ആരാമം ഗോൾഡൻ ഹോൺ ഭാഗത്തുള്ള ബോസ്ഫറസിന്റെ കര വരെ നീണ്ട് കിടക്കുന്നു. ആദ്യകാലത്ത് ധാരാളം റോസാച്ചെടികൾ ഉണ്ടായിരുന്ന ഇവിടം ആ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. ഗുൽഹനെ എന്ന വാക്കിൻറെ അർത്ഥം ‘Rose house’ എന്നാണ്. 1839ൽ അന്നത്തെ ഓട്ടോമൻ സുൽത്താൻ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ പൗരന്മാരും തുല്യരായി പ്രഖ്യാപിക്കപ്പെട്ടു. ഇതിന്  ശേഷം തോട്ടത്തിന്റെ ചില ഭാഗങ്ങളിൽ സാധാരണക്കാർക്കും പ്രവേശനം അനുവദിക്കപ്പെട്ടു. നൂറിൽപ്പരം വർഷങ്ങൾ പ്രായമുള്ള ധാരാളം വൻ വൃക്ഷങ്ങൾ ഇവിടെ കാണാം ഇതിൻറെ ഒരു ഭാഗത്ത് ടുലിപ്പുകൾക്കായി ഒരു പ്രത്യേക ഇടം ഉണ്ട്.

കോഫി ഹൗസ്, വിനോദത്തിനായുള്ള പ്രത്യേക ഭാഗം  എന്നിവയും ഒരു ചെറിയ മൃഗശാലയും ഇതിനകത്ത് ഉണ്ടായിരുന്നു. പിൽക്കാലത്ത് ഇവയെല്ലാം പൊളിച്ചു മാറ്റി. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യം മുതലുള്ള മരങ്ങൾ ഇവിടെ കാണാം. പഴയ കൊട്ടാരത്തിന്റെ കുതിരാലയത്തിലാണ് ‘മ്യൂസിയം ഓഫ് ദ ഹിസ്റ്ററി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഇൻ ഇസ്ലാം’ പ്രവർത്തിക്കുന്നത്. ഇത് പൂന്തോട്ടത്തിന്റെ പടിഞ്ഞാറേ പ്രവേശന ദ്വാരത്തിനടുത്താണ്. പ്രശസ്ത ടർക്കിഷ് ചരിത്രകാരനായ പ്രൊഫ. ഫുവാദ് സെസ്ഗിൽ ആണ് ഇതിന്റെ സ്ഥപനത്തിന് പിന്നിൽപ്രവർത്തിച്ചത്. 9-16വരെയുള്ള നൂറ്റാണ്ടുകളിൽ ഇസ്ലാമിക ലോകത്ത് നടന്ന ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും വിശദവിവരങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് നിർമ്മിക്കപ്പെട്ട പല ഉപകരണങ്ങളുടെയും ആദിമരൂപം ഇവിടെ കാണാം.

ഇവരുടെ ദേശീയ ദിനത്തിന്റെ പിറ്റേന്നാണ് ഞങ്ങൾ അവിടെ എത്തിയത്  എന്ന്  പറഞ്ഞുവല്ലോ. തലേന്ന് നടന്ന ആഘോഷങ്ങളുടെ കൊടികളും മറ്റും മാറ്റിയിരുന്നില്ല. അവധി ദിവസമായതുകൊണ്ട് ധാരാളം വിനോദസഞ്ചാരികൾ പാർക്കിൽ ഉണ്ടായിരുന്നു. ഒരു ഭാഗത്ത് അത്താത്തുർക്കിന്റെ  ഒരു വലിയ പ്രതിമ കണ്ടു. ധാരാളം പേർ അതിനു മുന്നിൽ നിന്ന് ഫോട്ടോകൾ എടുക്കുന്നുണ്ടായിരുന്നു. ഒരു ജോഡി വധൂവരന്മാർ  വളരെ അഭിമാനത്തോടെ അതിനു മുന്നിൽ പോസ്  ചെയ്യുന്നതും ചിത്രങ്ങൾ എടുക്കുന്നതും കണ്ടതിൽ നിന്നും അന്നാട്ടുകാർ അവരുടെ രാഷ്ട്രപിതാവിന് നൽകുന്ന ബഹുമാനവും സ്നേഹവും എത്രത്തോളം ഉണ്ടെന്ന് കണ്ടറിയാൻ സാധിച്ചു. അവിടെവച്ച് തുർക്ക്മാനിസ്ഥാൻകാരായ ഒരു സംഘം സ്ത്രീകളെ പരിചയപ്പെട്ടു. ഇംഗ്ലീഷ്  സംസാരിക്കാത്ത  അവർ ആംഗ്യഭാഷയിലാണ്  അവരുടെ സ്നേഹവും  കരുതലും പ്രകടിപ്പിച്ചത്.

തലമറച്ച് ഇസ്ലാമിക വേഷം ധരിച്ചവരാണെങ്കിലും ഇവിടുത്തെ സ്ത്രീകൾ  വളരെ സ്വതന്ത്രരാണ് എന്ന് തോന്നി. കോഫി ഹൗസുകളിൽ സുഹൃത്തുക്കളോടൊപ്പം ഇരുന്നു നീണ്ട ‘കൊച്ചു വർത്തമാനം’ പറയുന്നതിനും  ബോയ്ഫ്രണ്ടിനൊപ്പം കൈകോർത്ത് പിടിച്ച് നടക്കുന്നതിനും ഉമ്മ വയ്ക്കുന്നതിനും അവർക്ക്  വിലക്കുകളൊന്നുമില്ല. സ്ത്രീകളും പുരുഷന്മാരും സിഗരറ്റ് വലിച്ചു കൊണ്ട് നടക്കുന്നത് ധാരാളമായി കണ്ടു. പൊതു ഇടങ്ങളിൽ  സിഗരറ്റ്  വലിക്കുന്നത് തുർക്കിയിൽ  നിരോധിച്ചിട്ടില്ല.

പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ച സൂഫി വര്യനായിരുന്ന ഹസ്സനെ  അൽ  ഉൻസിയുടെ   ഖബർ ഇസ്താംബൂളിലെ അയ്ഡിനോളു ലോഡ്ജിലാണ്(Aydinoglu lodge). അതിന് മുന്നിലൂടെയാണ് ഞങ്ങളുടെ അടുത്ത കാഴ്ചയായ സുൽത്താൽ അഹ്‌മദ് ചത്വരത്തിലേക്കുള്ള വഴി. അകത്തേക്ക്   ചെന്നപ്പോൾ  സൂക്ഷിപ്പുകാരൻ  വന്ന്    സംസാരിക്കാൻ   തുടങ്ങി. തുർക്കിഷ്  ഭാഷയിലായതു കൊണ്ട്  ഒന്നും  മനസിലായില്ല.  അതിനകത്ത് മറ്റു ചില ഖബറുകളും കണ്ടു. അവിടെ ഇംഗ്ലീഷിൽ  എഴുതി  വച്ചിരുന്ന  വിവരങ്ങൾ  ഇങ്ങനെ. 1643ൽ ജനിച്ച ഹസൻ അൽ ഉൻസി സയൻസിലും മതപരമായ കാര്യങ്ങളിലും പണ്ഡിതനായിരുന്നു. ഇരുപതാമത്തെ വയസ്സിൽ അദ്ദേഹം ഹയാ സോഫിയയിലെ മദ്രസയിൽ അധ്യാപകനായി ചേർന്നു. സാധാരണ ജനങ്ങൾക്കിടയിൽ പ്രശസ്തനായിരുന്ന അദ്ദേഹം, ജീവിച്ചിരുന്നപ്പോൾ തന്നെ നിർമ്മിച്ച  ഈയം കൊണ്ട് നിർമ്മിച്ച ഖബറിലാണ് മൃതദേഹം അടക്കം ചെയ്തത്.

ബസിലിക്ക സിസ്റ്റൺ

ബസിലിക്ക സിസ്റ്റേണിൽ  കയറാനായി ക്യൂ നിൽക്കുന്ന  ധാരാളം ആളുകളെ  വഴിയിൽ  കണ്ടു. സിസ്റ്റെർൺ എന്നത്  ഭൂമിക്കടിയിൽ നിർമ്മിച്ചിരിക്കുന്ന   ജലസംഭരണികളാണ്. ഇത്തരത്തിൽ ഇസ്താൻബൂളിന് അടിയിലുള്ള നൂറ് കണക്കിന് ജലസംഭരണികളിൽ  ഏറ്റവും  വലുതാണ് ബസിലിക്ക സിസ്റ്റേൺ.   ഹയ  സോഫിയയുടെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ ജലസംഭരണി, ആറാം നൂറ്റാണ്ടിൽ ബൈസന്റൈൻ ചക്രവർത്തി ജസ്റ്റീനിയൻ ഒന്നാമന്റെ ഭരണകാലത്ത് നിർമ്മിച്ചതാണ്. ഇപ്പോൾ വളരെ കുറച്ച് വെള്ളം മാത്രം  നില നിർത്തിക്കൊണ്ടാണ് ഇത്  സംരക്ഷിച്ചിരിയ്ക്കുന്നത്.

ഭൂമിക്കടിയിലുള്ള ചെറിയ ഒരു റിസർവോയർ ഈ ഭാഗത്ത് ഉണ്ടായിരുന്നത് എ ഡി 532ൽ നടന്ന  നിക്കാ കലാപത്തിന് ശേഷം കോൺസ്റ്റാൻ്റൈൻ മോടി പിടിപ്പിക്കുകയും  വികസിപ്പിക്കുകയും  ചെയ്തു. പിൽക്കാലത്ത് രാജകൊട്ടാരത്തിലേക്കും ചുറ്റുപാടുമുള്ള പ്രധാന മന്ദിരങ്ങളിലേക്കും  ആവശ്യമായ ശുദ്ധജലം ഇവിടെയാണ് സംഭരിച്ചിരുന്നത്. ഓട്ടോമൻമാരുടെ ഭരണത്തിന്റെ ആദ്യകാലങ്ങളിൽ ടോപ് കാപ്പി കൊട്ടാരത്തിലേക്കും  കൊട്ടാരത്തിലെ പൂന്തോട്ടങ്ങളിലേക്കും ഉള്ള ജലവും ഇവിടെ നിന്നാണ് നൽകിയിരുന്നത്. പക്ഷേ ഇസ്ലാമിക വിശ്വാസമനുസരിച്ച്  ഓട്ടോമന്മാർ  ഒഴുകുന്ന ജലത്തിനെ ആണ് കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്. കെട്ടിനിൽക്കുന്ന ജലത്തിനെ മരിച്ച ജലമായാണ് അവർ കണക്കാക്കിയിരുന്നത്. ഇത് മൂലം കാലക്രമേണ ഈ സിസ്റ്റെർണുകൾ ഉപയോഗിക്കപ്പെടാതെയായി. 1547ൽ പെട്രസ് ഗിയലിയസ് ഇത് കണ്ടെടുക്കുന്നത് വരെ  ഇവിടെയുള്ള സിസ്റ്റെർണുകൾ എല്ലാം വിസ്മൃതിയിലായിരുന്നു. ഇതിന് സമീപം താമസിക്കുന്ന പലരും തങ്ങളുടെ സമീപത്തുള്ള കിണറുകൾ എന്ന് കരുതപ്പെടുന്ന ഭാഗങ്ങളിൽ നിന്നും തൊട്ടികൊണ്ട് വെള്ളം  എടുത്തിരുന്നു. ഈ സിസ്റ്റർണുകൾക്കുള്ളിൽ കാണപ്പെടുന്ന നടപ്പാതകൾ 1980ൽ നിർമ്മിച്ചതാണ്. അതിനുമുമ്പ്  സിസ്സ്റ്റേണിനുള്ളിൽ  സഞ്ചരിക്കാനായി ബോട്ടുകളാണ് ഉപയോഗിച്ചിരുന്നത്.

ഇതിനടുത്തു തന്നെ ‘മില്യൺ’ എന്നപേരിൽ,   വളരെ  ഉയരത്തിലുള്ള കരിങ്കൽ സ്തൂപം ,ഇരുമ്പു കൈവരികൾ  നിർമ്മിച്ച്   സംരക്ഷിച്ചിരിക്കുന്നതായി  കണ്ടു.   എ ഡി മൂന്നാം നൂറ്റാണ്ടിൽ  റോമൻ ഭരണത്തിന് കീഴിൽ  കോൺസ്റ്റാന്റിനോപ്പിൾ  എന്നായിരുന്നു ഇസ്താൻബൂളിന്റെ പേര്. ചക്രവർത്തി സെപ്റ്റിമസ് സെവെറസ് സ്ഥാപിച്ചത് ബൈസന്റൈൻ സീറോ-മൈൽക്കുറ്റി ആണ് മില്യൻ. ബൈസന്റൈൻ സാമ്രാജ്യത്തിലെ പ്രധാന നഗരങ്ങളിലേക്കുള്ള ദൂരം അളക്കുന്നതിനുള്ള ആരംഭസ്ഥലം! അക്കാലത്തെ പ്രധാന  നഗരങ്ങളിലേക്കുള്ള  ദൂരം  ഇവിടെ അടയാളപ്പെടുത്തിയിട്ടുണ്ട്.

വഴിയരികിൽ ആലു പെറോട്ട പോലെ  ഒരു അപ്പം  ഉണ്ടാക്കി  വിൽക്കുന്നത് കണ്ടു. രണ്ടു  മൂന്നു  സ്ത്രീകൾ നിലത്തിരുന്ന് ഇതുണ്ടാക്കുന്നുണ്ട്; കുറേപ്പേർ  റോഡിൽ  നിന്ന് വീഡിയോ എടുക്കുന്നുണ്ട്. ഉള്ളിൽ പാലക്, ഉരുളക്കിഴങ്ങ്   ചീസ്  എന്നിവ  നിറച്ച  വളരെ നേരിയ ചപ്പാത്തിയായാണ് ഇവർ ചുട്ടെടുക്കുന്നത്. ഒരു  ചപ്പാത്തി  സാമ്പിൾ  ആയി  വാങ്ങിക്കഴിച്ചു കൊണ്ട് ഞങ്ങൾ  മുന്നോട്ട്  നടന്നു.

ഹയ സോഫിയക്കും ബ്ലൂ മാസ്കിന് ഇടയിലുള്ള ഭാഗം സുൽത്താനഹമ്മദ് സ്ക്വയർ എന്നാണ് അറിയപ്പെടുന്നത്.  ഇവിടെയുള്ള ട്രാം സ്റ്റേഷന്റെ പേരും ഇതുതന്നെയാണ്. ഇസ്താൻബുളിലെ ചരിത്ര പ്രധാന മന്ദിരങ്ങളെല്ലാം ഇതിന് ചുറ്റുമാണ്. സുൽത്താനഹമദ് ഇസ്താംബൂളിലെ വളരെ ജനപ്രിയമായ ഒരു ഇടമാണ്. അഞ്ചു മിനിറ്റ് എങ്കിലും ഇവിടെ ചിലവഴിക്കാതെ ഒരാളും ഇവിടെ നിന്നും മടങ്ങാറില്ല. നഗരത്തിലെ പല പ്രധാന  ആഘോഷങ്ങളും കൂടിച്ചേരലുകളും  ഇവിടെയാണ്  നടക്കുന്നത്.

ധാരാളം വിനോദ സഞ്ചാരികൾ ഇവിടെയുള്ള പുൽത്തകിടിയിൽ  വിശ്രമിക്കുന്നുണ്ടായിരുന്നു. മനോഹരമായ  ഒരു ഇടമാണിത്. ധാരാളം ഒലിവു മരങ്ങളും ഈന്തപ്പനകളും ദേവദാരു മരങ്ങളും പൂന്തോട്ടത്തിന്റെ പല ഭാഗങ്ങളിലായി കണ്ടു. ഹയ സോഫിയ സന്ദർശിക്കാം എന്ന് കരുതിയാണ് ഈ ഭാഗത്തേക്ക് വന്നതെങ്കിലും വളരെ നീളമുള്ള ക്യൂ കണ്ട് ഞങ്ങൾ പിൻവാങ്ങി.

തൊട്ടടുത്തു തന്നെയുള്ള സുൽത്താൻ അഹമ്മദിന്റെയും അടുത്ത കുടുംബാംഗങ്ങളുടെയും ശവകുടീരം കാണാൻ തീരുമാനിച്ച് അങ്ങോട്ടേക്ക് നടന്നു. പതിനാലാമത്തെ ഓട്ടോമൻ സുൽത്താൻ ആയിരുന്നു ഇരുപത്തേഴാം വയസ്സിൽ ഈ ലോകം വിട്ടുപോയ സുൽത്താൻ അഹമ്മദ് ഒന്നാമൻ. 1603 മുതൽ 1617 വരെയുള്ള അദ്ദേഹത്തിന്റെ ഭരണകാലം  താരതമ്യേന സമാധാനപരമായിരുന്നു. ഭരണകാര്യങ്ങളിൽ വളരെ കണിശക്കാരനായിരുന്നതോടൊപ്പം ദാനധർമ്മങ്ങളിൽ അദ്ദേഹം മുന്നിട്ടു നിന്നു. മറ്റു പല ഭരണാധികാരികളുമായി താരതമ്യം  ചെയ്യുമ്പോൾ എളിമയുള്ള ജീവിതമാണ് അദ്ദേഹം  നയിച്ചത്. പണ്ഡിതന്മാരെയും കലാകാരന്മാരെയും എഴുത്തുകാരെയും  അദ്ദേഹം കൈയ്യയച്ച് സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നു.

അധികാരവടംവലികൾ ഒഴിവാക്കാനായി ഒരാൾ സുൽത്താനായി അധികാരം ഏൽക്കുമ്പോൾ തന്റെ മറ്റ് സഹോദരന്മാരെയും അർദ്ധ സഹോദരന്മാരെയും വധിക്കുക എന്നത് ഓട്ടോമൻ രാജാക്കന്മാരുടെ അംഗീകരിക്കപ്പെട്ട ഒരു രീതിയായിരുന്നു. ഇതിന് ഒരു അവസാനം വരുത്തിയത് സുൽത്താൻ അഹമ്മദ് ആയിരുന്നു. അദ്ദേഹം ഇതിനു പകരമായി തൻറെ സഹോദരനായ  ഇബ്രാഹിമിനെ ‘കേജ്’ എന്നറിയപ്പെട്ട കൊട്ടാരത്തിലെ ഒരു മുറിയിൽ പൂട്ടിയിടുക എന്ന രീതി ആരംഭിച്ചു. പുറത്തു പോകാനും മറ്റുള്ളവരെ കാണാനും ഉള്ള അവകാശമൊഴികെ ബാക്കി എല്ലാ സുഖസൗകര്യങ്ങളും ഇതിനുള്ളിൽ അവർക്ക് ലഭ്യമായിരുന്നു. ഈ രീതിയുടെ വിവിധ വശങ്ങളെപ്പറ്റി പിറകെ വിശദീകരിക്കാം.

‘ബഹ്തി’ എന്ന തൂലികാനാമത്തിൽ ഇദ്ദേഹം കവിതകൾ എഴുതി.. ഇദ്ദേഹത്തിൻറെ കവിതകളുടെ സമാഹാരത്തിന്റെ ഒരു കോപ്പി ഇവിടത്തെ നാഷണൽ ലൈബ്രറിയിൽ ഉണ്ട്.

മുസ്ലിങ്ങളുടെ പുണ്യസ്ഥലമായ മെക്കയിലെ കഅ്ബയെ  പൊതിയുന്ന സ്വർണ്ണ നൂലുകൾ കൊണ്ടു് ഖുറാൻ വചനങ്ങൾ എഴുതിയ കറുത്ത വെൽവെറ്റ് തുണി മുൻകാലങ്ങളിൽ ഈജിപ്തിൽ നിന്നാണ് നെയ്തു കൊണ്ടു വന്നിരുന്നത്. ഇദ്ദേഹത്തിൻറെ കാലത്താണ് ഇതിനുവേണ്ടി പ്രത്യേക വർക്ക് ഷോപ്പുകൾ തലസ്ഥാനത്ത് തന്നെ സ്ഥാപിച്ചത്. പിന്നീട് വളരെക്കാലം എല്ലാ വർഷവും മക്കയിലേക്ക് ഇത് ഇവിടെ നിന്നാണ് അയച്ചിരുന്നത്. ധാരാളം ചിത്രപ്പണികൾ ഉള്ള ഇസ്നിക്ക് ടൈലുകൾ കൊണ്ടു് ശവകുടീരത്തിന്റെ ഉൾഭാഗം മുഴുവൻ അലങ്കരിച്ചിട്ടുണ്ട്.

അഹമ്മദ് ഒന്നാമൻ അദ്ദേഹത്തിൻറെ ഭാര്യ കൊസം, അവരുടെ മൂന്നു മക്കൾ എന്നിവർ ഉൾപ്പെട്ട 36 രാജകുടുംബാംഗങ്ങളുടെ ശവകുടീരങ്ങൾ ഇവിടെ കാണാം. മരിച്ചവരുടെ പ്രാധാന്യവും പ്രായവും അനുസരിച്ച് ശവകുടീരങ്ങളുടെ വലിപ്പത്തിനും അലങ്കാരങ്ങൾക്കും വ്യത്യാസമുണ്ട് ഏറ്റവും വലുത് സുൽത്താൻ അഹമ്മദിന്റേത് തന്നെയാണ്. ഇവരിൽ മെഹ്‌മദ്‌  രാജകുമാരനെ വധിച്ചത്  സഹോദരനായ ഒസ്മാൻ  രണ്ടാമനാണ്. അടുത്തടുത്തുള്ള ഇവരുടെ ശവകുടീരങ്ങൾ കാഴ്ചക്കാരനോട് എന്തൊക്കെയോ മന്ത്രിക്കുന്നത് പോലെ തോന്നി. ചരിത്രകാരനായി  എവിലിയ ചെലേബി രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച് മക്കളിൽ ഒരാളായ ഉസ്മാൻ രണ്ടാമന്  എതിരായി ആഭ്യന്തരകലാപം  ആരംഭിച്ച  ജനക്കൂട്ടം  അയാളുടെ വൃഷണങ്ങൾ തകർത്തു കൊലപ്പെടുത്തുകയായിരുന്നുവത്രേ!.

ഗ്രീക്ക് പാതിരിയുടെ മകൾ ആയിരുന്നു അടിമയായി പിടിക്കപ്പെട്ട അനസ്തേസ്യ എന്ന് പേരുണ്ടായിരുന്ന  കൊസം. 13 വയസ്സുള്ളപ്പോൾ ഹറത്തിൽ എത്തിയ ഇവർ സുൽത്താൻ അഹമ്മദിന് പ്രീയപ്പെട്ടവളായി മാറി. ഇവർക്ക് കൊസം എന്ന പേര് സുൽത്താൻ തന്നെയാണ് നൽകിയത്. ഭർത്താവായ അഹമ്മദ് ഒന്നാമന്റെയും പിന്തുടർന്ന്  വന്ന മക്കളായ മുറാദ് നാലാമൻ,  ഇബ്രാഹിം തുടങ്ങിയവരുടെയും ഭരണകാലത്തു ഇവർ ഓട്ടോമൻ രാജ്യത്തിൻറെ ഭരണകാര്യങ്ങളിൽ കൈ കടത്തിയിരുന്നു. കൊസം  ശത്രുക്കളായ ബന്ധുക്കളാൽ  കൊട്ടാരത്തിൽ വച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു.

ഇവരുടെ കഥ പറയുന്ന കൊസം  സുൽത്താൻ എന്ന  പേരിലുള്ള ടർക്കിഷ് സീരിയൽ  അനേകം   ഭാഷകളിൽ  ഡബ്ചെയ്ത്  ലോകമാകെ പ്രദർശിപ്പിച്ചു  വരുന്നു.   സന്ദർശകരിൽ പലരും അവിടെ അടക്കിയിരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ഇസ്താൻബൂളിലെ ഫോർ സീസൺസ് ഹോട്ടൽ, സുൽത്താൻ  അഹമ്മദ് ജയിൽ പുതുക്കിപ്പണിതതാണ്.

ഈ മൊസോളിയത്തിന്റെ അകത്തെ ഭിത്തികളും ജനാലകളും കുംഭഗോപുരവും  മറ്റും അക്കാലത്തെ നിർമ്മാണ ശൈലികളുടെ സുന്ദര ദൃഷ്ടാന്തങ്ങളാണ്. മാർക്വറ്ററി(marquetry) ശൈലിയിലുള്ള അലങ്കാരങ്ങളാണ് പ്രധാന വാതിലിൽ കാണുന്നത്. പല നിറത്തിലുള്ള തടി ക്കഷണങ്ങൾ വളരെ നേരിയതായി മുറിച്ച് ആ കഷണങ്ങൾ കൊണ്ട് പാറ്റേണുകൾ ഉണ്ടാക്കി അലങ്കരിക്കുന്നതാണ് ഇതിൻറെ രീതി.

ഈ ചത്വരത്തിൽ  തന്നെയാണ്, ഹുറം സുൽത്താന്റെ പേരിലുള്ള  ഹമാം. സുൽത്താൻ  സുലൈമാന്റെ  പ്രിയ പത്‌നിയയായിരുന്ന ഇവരുടെ നിർദ്ദേശമനുസരിച്ച്  പ്രസിദ്ധ ശില്പിയായ സിനാൻ  ആണ്  ഇത് നിമ്മിച്ചത്. വാസ്തുവിദ്യ സംബന്ധമായി   വളരെ  സവിശേഷതകളുള്ള ഒരു  നിർമ്മിതിയാണിത്.

അവിടെ  നിന്ന് ഫോട്ടോകൾ  എടുത്തു കൊണ്ടിരിക്കുമ്പോൾ ഒരാൾ  അടുത്ത്  വന്ന് ഇംഗ്ളീഷിൽ  സംസാരിക്കാൻ  തുടങ്ങി. ആദ്യം കുറെ പ്രശംസാവചനങ്ങളുമായാണ് തുടങ്ങിയത്. തൊട്ടടുത്തു തന്നെ അയാളുടെ കാർപെറ്റുകളും സുഗന്ധവ്യഞ്ജനങ്ങളും  വിൽക്കുന്ന കടയുണ്ട്. അവിടേക്ക് വിനോദ സഞ്ചാരികളെ അനുനയിപ്പിച്ച്  കൊണ്ട് പോകാൻ വേണ്ടി വന്നിരിക്കുകയാണ്. ഇവ രണ്ടും ഇവിടെ നിന്ന് വാങ്ങാൻ ഞങ്ങൾക്ക് ഒരു ഉദ്ദേശവും ഇല്ലായിരുന്നു. കുറെ നേരം ഞങ്ങളുടെ കൂടെ നടന്ന് സംസാരിച്ച ശേഷം അയാളുടെ കട എത്തിയപ്പോഴേക്കും നിരാശനായി അവിടേക്ക് കയറിപ്പോയി. ഇത് ഇവിടുത്തെ ഒരു സ്ഥിരം പതിവാണെന്ന് കുറച്ചു ദിവസത്തെ അവിടുത്തെ താമസം കൊണ്ട് മനസ്സിലായി. ഇസ്താംബൂളിനെ സംബന്ധിച്ച് ഏറ്റവും മടുപ്പിയ്ക്കുന്ന കാര്യം  ഇവിടെ വളരെ സാധാരണമായ ഈ ‘പ്രഷർ സെയിൽസ് ‘ ആണ്.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like