പൂമുഖം LITERATUREകഥ സെയ്‌റ

കഥ 2

ഒരേ വഴിയിലൂടെ തലങ്ങുംവിലങ്ങും പലയാവർത്തി നടന്നു കാലുകൾ കടഞ്ഞപ്പോഴാണ് അവളുടെ നേരെ ആദ്യത്തെ ചോദ്യമെറിഞ്ഞത്.

‘സെയ്‌റ, ഇതെത്രാമത്തെ പ്രാവശ്യമാണ് നമ്മളിങ്ങനെ ഒരേദിശയിൽ നടന്നുകൊണ്ടിരിക്കുന്നത്. നിനക്ക് മുട്ടുവേദനയാണ് നടക്കാൻ കഴിയില്ല എന്നല്ലേ പറഞ്ഞിരുന്നത്?’.

ആദ്യം കേട്ട ഭാവം നടിച്ചില്ലെങ്കിലും, രണ്ടുമൂന്ന് ചുവടുകൾ കൂടി നടന്നശേഷം തിരിഞ്ഞു നിന്നുകൊണ്ട് അവൾ മറുചോദ്യമെറിഞ്ഞു.

‘നമ്മൾ ഇതിലും കൂടുതൽ ദൂരം ഒന്നിച്ചു നടന്നിട്ടുണ്ട്. ഇന്നിപ്പോ, ഇത്ര നടന്നപ്പോഴേക്കും മഹാദേവൻ ക്ഷീണിച്ചോ’.

‘അന്നത്തെ പ്രായമാണോ നമ്മുക്കിപ്പോൾ, അന്നുനടന്ന ദൂരമത്രയും ഇനിയും നടക്കാനൊക്കുമോ സെയ്‌റ’.

അവളുടെ ശബ്ദത്തിലെ ദൃഢത തിരിച്ചറിഞ്ഞതുകൊണ്ട് ഒരു മയത്തിലാണ് മറുപടി പറഞ്ഞത്.

‘അക്കണ്ട ദൂരമത്രയും നമ്മളെ നടത്തിയത് പ്രണയമായിരുന്നു, ഇന്ന് എന്നെയിങ്ങനെ നടത്തുന്നതും പ്രണയമാണ്. പക്ഷേ, അതെന്നോടുള്ള പ്രണയമാണെന്ന് മാത്രം’.

അവൾ പറഞ്ഞവസാനിപ്പിച്ച വാക്കുകൾ നല്ല കടുപ്പത്തിലായിരുന്നു, അതുകൊണ്ട് തന്നെ സംഭാഷണം വഴിമാറ്റുവാൻ വൃഥാവിലൊരു ശ്രമം നടത്തിയെങ്കിലും പാളിപ്പോയി.

‘നിനക്കൊരു മാറ്റവുമില്ലല്ലോ സെയ്‌റ’.

‘ഞാനെന്തിന് മാറണം, ആർക്കുവേണ്ടി മാറണം, എനിക്ക് ഞാനായിരിക്കണം. അതുകൊണ്ടാണ് മഹാദേവൻ വിളിച്ചപ്പോൾ ഞാനിറങ്ങി വന്നത്’.

‘അപ്പോ, സെയ്‌റ എനിക്കൊപ്പം ജീവിക്കുവാൻ വന്നതല്ല’.

‘അല്ല, എന്റെ ഇഷ്ടങ്ങളിൽ ജീവിക്കുവാൻ വേണ്ടി മാത്രം വന്നതാണ്’.

‘സെയ്‌റയെന്താ ഇങ്ങനെ സംസാരിക്കുന്നത്. നമ്മളൊന്നിച്ചുള്ള ജീവിതം സ്വപ്നം കണ്ടാണ് ഞാൻ വന്നത്’.

‘ഞാനും ജീവിതം ആഗ്രഹിച്ചു തന്നെയാണ് വന്നത്. അതെന്നെയാർക്കും തീറെഴുതി കൊടുത്തുകൊണ്ടായിരിക്കില്ല എന്നുമാത്രം’.

‘എനിക്കൊന്നും മനസ്സിലാകുന്നില്ല സെയ്‌റ’.

‘മഹാദേവന് എന്നാണ് എന്നെ മനസ്സിലായിട്ടുള്ളത്, നമ്മളിലുണ്ടായിരുന്ന പ്രണയം മനസ്സിലായിട്ടുള്ളത്. ആ പ്രണയത്തിൽ നിന്നും ഞാനെന്താണ് നേടിയതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. പ്രണയം എനിക്ക് സമ്മാനിച്ച ദുരിതങ്ങളിൽ നിന്നും ഞാൻ കരകയിറിയിട്ട് അധികം നാളായിട്ടില്ല’.

‘പ്രണയമുപേക്ഷിച്ചു.. എന്നെയുപേക്ഷിച്ചു പോയത് സെയ്‌റയാണ്’.

‘അതെ, ഞാനാണ് പ്രണയമുപേക്ഷിച്ചത്, മഹാദേവനെ ഉപേക്ഷിച്ചത്. നടന്നുതീർത്ത കുറേയേറേ വഴികളും, എഴുതി നിറച്ച അസംഖ്യം ഡയറികളുമല്ലാതെ വേറെന്താണ് പ്രണയമെനിക്ക് സമ്മാനിച്ചിട്ടുള്ളത്. ഒരിക്കലെങ്കിലും നിങ്ങളെന്റെ കൈകൾ കോർത്തുപിടിച്ചു ചേർന്നു നടന്നിട്ടുണ്ടോ? ഒരുവട്ടമെങ്കിലും എന്റെ കണ്ണുകളിലേക്ക് നോക്കി പ്രണയം പറഞ്ഞിട്ടുണ്ടോ? എന്റെ സങ്കടങ്ങൾ, പരിഭവങ്ങൾ ഇറക്കിവെയ്ക്കുവാൻ ആ തോളിലെങ്കിലും എനിക്കിടം നൽകിയിട്ടുണ്ടോ?’

‘എന്റേത് മാത്രമാകുന്നത് വരെ സെയ്‌റയെ തൊടരുതെന്ന് കരുതിയത് തെറ്റാണോ? നമ്മളൊന്നാകുന്ന ദിവസം നമ്മുടെ സ്വകാര്യതയിൽ നിന്റെ കണ്ണുകളിൽ നോക്കി എന്നിലെ പ്രണയം മുഴുവൻ പറയണമെന്നാഗ്രഹിച്ചത് തെറ്റാണോ?’

‘മഹാദേവാ.. പ്രണയവും മോഹവും രണ്ടാണ്. മോഹം ശരീരത്തേയും, പ്രണയം മനസ്സിനേയും ബന്ധിക്കുന്നതാണെന്ന തിരിച്ചറിവ് താങ്കൾക്കില്ലാതെ പോയതെന്റെ കുറ്റമല്ല’.

‘നമ്മൾ തർക്കിച്ചു പിരിയുവാനാണോ വന്നത്? എന്റെ ജീവിതത്തിൽ ഒരേയൊരു പെണ്ണേയുണ്ടായിട്ടുള്ളൂ, അത് നീയാണ്. വർഷങ്ങൾക്കിപ്പുറം നിന്നെ തേടിവന്നതും അതുകൊണ്ട് മാത്രമാണ്, നിന്നെയെനിക്ക് വേണം സെയ്‌റ’.

‘മഹാദേവാ, അന്നത്തെ സെയ്‌റയിൽ നിന്നും ഇന്നത്തെ എന്നിലേക്ക് ഒരുപാട് ദൂരമുണ്ട്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളിൽ ഞാനൊരു ഭാര്യയായിരുന്നു, ഇരുപത്തിമൂന്ന് വർഷങ്ങളായി ഞാനൊരമ്മയാണ്, ദാ കഴിഞ്ഞ രണ്ട് വർഷങ്ങളായി മുത്തശ്ശിയുമാണ്. ഇതിനിടയിൽ പലപ്പോഴായി പ്രണയത്തിൽ മാത്രമെനിക്ക് തെറ്റുകൾ ആവർത്തിക്കേണ്ടി വന്നിട്ടുണ്ട്, പൊങ്ങുതടി പോലെ ഒഴുകി നീങ്ങിയ ജീവിതം പലകരകളിൽ കൊണ്ടടുപ്പിക്കുവാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. പ്രണയിച്ചും, പ്രണയിക്കപ്പെട്ടും ഞാനെന്നെ തന്നെ മുറിവേൽപ്പിക്കുകയായിരുന്നു. രണ്ടുമുറികളിൽ ജീവിച്ചു തീർത്തുകൊണ്ടിരുന്ന ദാമ്പത്യത്തിൽ നിന്നും ഞാനിറങ്ങി വന്നതുകൊണ്ട് മാത്രമാണ് നിങ്ങൾക്കെന്റെ മുന്നിലിങ്ങനെ സംസാരിക്കുവാൻ അവസരമുണ്ടായത്’.

അവൾ സംസാരിച്ചു തീർന്നു കിതപ്പടക്കുംവരെ കാത്തുനിന്നിട്ടാണ് മറുപടി പറഞ്ഞത്.

‘ഞാൻ ചോദ്യം ചെയ്യുവാൻ വന്നതല്ല. കൈവെള്ളയിൽ നിന്നും ചോർന്നു പോയതെന്തായിരുന്നുവെന്ന് ഇപ്പോഴെനിക്കറിയാം. ഏകാന്തത ആഘോഷിച്ചു മടുത്തിട്ടാണ് നിന്നെ തേടിയിറങ്ങിയത്. നിന്റെ തിരഞ്ഞെടുപ്പുകളിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ചേരായ്കകളാണ് നമ്മളെ രണ്ടാക്കിയതെന്ന തിരിച്ചറിവുണ്ടായെപ്പോഴേക്കും നീ ഒരുപാട് ദൂരെയായിപ്പോയി’.

‘അടുത്തുണ്ടായിരുന്നപ്പോൾ ഇല്ലാതെപോയ തിരിച്ചറിവ് അകലെയായിരുന്നപ്പോൾ ഉണ്ടായീയെന്ന് ഞാൻ വിശ്വസിക്കണം. ഇപ്പോൾ തന്നെ ഇത്രയും സ്വകാര്യമായൊരിടത്തേക്ക് വിളിച്ചുവരുത്തിയത് എന്തിനെയെല്ലാമോ ഭയന്നിട്ടല്ലേ? എന്റെ കൈപിടിച്ചു ആൾക്കൂട്ടത്തിനിടയിലൂടെ നടക്കുവാനുള്ള ധൈര്യം മഹാദേവനുണ്ടോ?’.

‘അതെന്താ സെയ്‌റ, ഞാനത്ര ഭീരുവാണോ?’

‘അതാണനുഭവം’.

‘നമ്മൾ സംസാരിച്ചു കാടുകയറുന്നു, സെയ്‌റ വന്നിട്ട് ഇതുവരെ അകത്തേക്ക് കയറിയില്ല. മുകളിലെ നിലയിലാണ് മുറികൾ ബുക്ക് ചെയ്തിരിക്കുന്നത്, വരാന്തയുടെ രണ്ടുവശവുമുള്ള മുറികളിലൊന്ന് നെയ്യാറിന്റെ കാഴ്ചകളിലേക്കും മറ്റൊന്ന് കാളിപ്പാറയുടെ കാഴ്ചകളിലേക്കുമാണ് തുറക്കുന്നത്. ഏത് മുറി വേണമെങ്കിലും തിരഞ്ഞെടുക്കാം, ആകാശം കാണണോ ജലം കാണണോയെന്ന് തീരുമാനിക്കൂ’.

‘താങ്കളൊട്ടും മാറിയിട്ടില്ല, ഒന്നിച്ചു ജീവിക്കുവാൻ വിളിച്ചിട്ടെന്തിനാണ് വെവ്വേറെ മുറികളെടുത്തിരിക്കുന്നത്. അടുത്തടുത്ത മുറികളിൽ അപരിചിതരായി ജീവിച്ചു മടുത്തിട്ടാണ് ഞാനിറങ്ങിപ്പോന്നത്, അങ്ങനെ കഴിയാനാണെങ്കിൽ എനിക്കവിടെ നിന്നാൽ മതിയായിരുന്നു’.

‘സെയ്‌റ, കല്ല്യാണം കഴിക്കാതെ നമ്മളെങ്ങനെ ഒരുമുറിയിൽ കഴിയും. ഇവിടുള്ളവർ മാര്യേജ് സർട്ടിഫിക്കറ്റ് ചോദിച്ചാൽ നമ്മളെന്ത് ചെയ്യും?’.

‘ശരിയാണല്ലോ, വാ പെട്ടിയെല്ലാമെടുക്ക് നമ്മുക്ക് കല്ല്യാണം കഴിച്ചിട്ടു തിരിച്ചുവരാം’.

ഇത്രയും പറഞ്ഞുകൊണ്ടു തിരികെ നടക്കാനൊരുങ്ങിയവളെ തടയുവാനായി മുന്നോട്ടാഞ്ഞ എന്നെ നോക്കി അവൾ പുച്ഛത്തോടെ മുഖം കോട്ടിക്കാണിച്ചു.

‘എന്ത് മണ്ടനാണെടോ മഹാദേവാ താൻ, ഇവിടാരും കല്ല്യാണരേഖ ഹാജരാക്കിയിട്ടല്ല ഒന്നിച്ചു താമസിക്കുന്നത്. മുറികിട്ടാൻ തന്റെയും എന്റെയും തിരിച്ചറിയൽ രേഖ മതിയെടോ. ഇതിപ്പോ ശരിക്കും താനെന്നെ ജീവിതത്തിലേക്ക് കൂട്ടുവാൻ വന്നതാണോ, സദാചാരം സംരക്ഷിക്കുവാൻ വന്നതാണോ?’.

‘ഇതിപ്പോ എന്ത് പറഞ്ഞാലും ഉടക്കാണല്ലോ. എനിക്കിതൊന്നും പരിചയമില്ല സെയ്‌റ, നിനക്ക് മാനസിക ബുദ്ധിമുട്ടുണ്ടാകരുതെന്ന് മാത്രമേ ഞാൻ കരുതിയിട്ടുള്ളൂ. നിന്നെ ഞാനായിട്ട് വിഷമിപ്പിക്കരുതെന്ന് കരുതുന്നതാണോ സദാചാരം?’.

‘എനിക്കിതെല്ലാം നല്ല പരിചയമാണ് മഹാദേവാ, വാ വെയിൽ കൊണ്ടു വാടണ്ട’.

വെളുക്കെ ചിരിച്ചുകൊണ്ടാണവൾ അത്രയും പറഞ്ഞത്, താമസ സ്ഥലമാകെയൊന്ന് വിശദമായി നോക്കിയിട്ട് വീണ്ടുമവൾ എന്റെ നേരെ തിരിഞ്ഞു.

‘എന്തായാലും കണ്ടെത്തിയ ഇടം മനോഹരമായിട്ടുണ്ട്. നെയ്യാർ ഹെറിറ്റേജ് ഹോംസ്റ്റേയെന്ന പേരും കൊള്ളാം. നെയ്യാറിന്റെ ധനമെല്ലാം ഒളിച്ചുവെച്ചിരിക്കുന്ന കുന്നുകൾക്കിടയിൽ ജലപ്പരപ്പിനടുത്ത് ഇങ്ങനൊരു ഇടം ഒരുക്കിയെടുത്തവരുടെ ദീർഘവീക്ഷണം സമ്മതിക്കണം. ഇതിനകത്ത് കയറിയാൽ പുറത്തൊരു ലോകമുണ്ടെന്ന് മറന്നുപോകുമല്ലോ, അജ്ഞാതവാസത്തിന് ഇവിടം മതിയാകും’.

‘നമ്മൾ ഒളിച്ചിരിക്കുവാനല്ലല്ലോ ഇത്രയിടം വന്നത്. എന്തായാലും അകത്തേക്ക് വാ, ബാക്കിയെല്ലാം വഴിയേ സംസാരിക്കാം. നിന്നും നടന്നും കാലുകൾ കടയുന്നു’.

അത്രയും പറഞ്ഞു കൂടുതലൊന്നും മിണ്ടാതെ ഞാൻ മുകളിലേക്കുള്ള പടികൾ കയറുവാൻ തുടങ്ങി. പിന്നിൽ നിന്നും കേൾക്കുന്ന പാദചലനങ്ങളിൽ നിന്നും അവളൊപ്പമുണ്ടെന്ന് ഉറപ്പിച്ചുകൊണ്ടാണ് മുന്നോട്ട് നടന്നത്. സെയ്‌റ വേഗത്തിൽ നടന്നു ഒപ്പമെത്തിയതും വലതുകൈ നീട്ടി എന്റെ ഇടതുകൈയിൽ പിടിച്ചതും പെട്ടെന്നായിരുന്നു. ഒന്നമ്പരന്നുവെങ്കിലും പ്രതികരണമെന്താകുമെന്ന് ഉറപ്പില്ലാത്തതിനാൽ കൈകൾ വിടുവിക്കുവാൻ ശ്രമിച്ചില്ല. വരാന്തയുടെ അറ്റംവരെ കൈകോർത്ത് നടന്നവൾ ആട്ടുകട്ടിൽ കണ്ടതോടെ കൈയിലെ പിടിവിട്ടുകൊണ്ട് അവിടേക്ക് പോയി.

കൗതുകത്തോടെ നെയ്യാറിനെ നോക്കിനിന്ന സെയ്‌റ പതുക്കെയെന്തോ മൂളിക്കൊണ്ട് വരാന്തയിൽ കൂടി വട്ടത്തിൽ നടക്കുവാൻ തുടങ്ങി. അവൾ ഇടയ്ക്കെന്തോ ആലോചിക്കുമ്പോലെ കുറച്ചുനേരം ആട്ടുകട്ടിലിന്റെ ചങ്ങലയിൽ പിടിച്ചുനിന്നു, ശേഷം സാവധാനം അതിലിരുന്നുകൊണ്ട് നെയ്യാറിനെ നോക്കി ഊഞ്ഞാലാടുവാൻ തുടങ്ങി. ചോദ്യങ്ങൾകൊണ്ട് വട്ടംകറക്കിയവൾ പരിസരബോധമില്ലാതെയിരുന്നു ഊഞ്ഞാലാടുന്നത് കാണുവാൻ രസമുണ്ടെങ്കിലും, അവളുടെ അടുത്ത ചോദ്യം നേരിടുവാനുള്ള സാവകാശം വേണമെന്നുള്ളതുകൊണ്ടാണ് മെല്ലെ മുറിയിലേക്ക് കയറി അകത്തെ വാതിൽതുറന്നു ബാൽക്കണിയിലെ കസേരയിൽ പോയിരുന്നത്.

‘ഇത് മഹാദേവന്റെ ആണോ’.

കൈയിലൊരു മദ്യകുപ്പിയുമായി അവൾ ബാൽക്കണിയിലേക്ക് കയറിവന്നു. ഹോംസ്റ്റേയിലെ ജോലിക്കാർ കണ്ടാലോയെന്ന് കരുതി അവളിൽനിന്നും കുപ്പി വാങ്ങുവാൻ ശ്രമിച്ചെങ്കിലും, തന്ത്രപൂർവ്വം ഒഴിഞ്ഞുമാറിയ അവൾ കുപ്പിയുമായി വരാന്തയിലെ ആട്ടുകട്ടിലിൽ പോയിരുന്നു. വരാന്തയുടെ അഭിമുഖമായുള്ള അടുക്കളയിൽ ജോലിക്കാർ പാചകത്തിലാണ്, അവളെ പ്രകോപിപ്പിച്ചാൽ സ്ഥിതി വഷളായാലോയെന്ന് കരുതി പതുക്കെ പിന്മാറി വാതിലിനരുകിൽ നിന്നു. കുപ്പിയുടെ അടപ്പ് തുറന്നവൾ മദ്യം വായിലേക്ക് ചരിച്ചതോടെ പതുക്കെ കളംവിട്ടു മുറിയിലേക്ക് കയറി.

ഇനിയെന്താകും സംഭവിക്കുകയെന്ന് ഏതൊരു പിടിയുമില്ല. സാധുവായ സെയ്‌റ ഇത്രയും തന്റേടം കാണിക്കുമെന്ന് കരുതിയില്ല. ഇവളെന്നാണ് കുടിക്കുവാൻ തുടങ്ങിയത്?, ഇനിയെന്തെല്ലാം ശീലങ്ങൾ മാറിയിട്ടുണ്ടാകും?. തിരികെ വന്നത് തെറ്റായിപ്പോയോ?, സെയ്‌റ ബാധ്യതയാകുമോ?. ഞൊടിയിടയിൽ നിരവധി ചോദ്യങ്ങളാണ് തലയിൽ നിന്നുയർന്നത്. കൈവിട്ടുപോയത് തിരികെപ്പിടിക്കാനിറങ്ങി കൂടുതൽ അബദ്ധത്തിലേക്കാണോ പോകുന്നത്?, ഈ സാഹചര്യമെങ്ങനെ കൈകാര്യം ചെയ്യും?. ചിന്തകൾ കാടുകയറുന്നതിനിടയിൽ അവൾ അകത്തേക്ക് കയറിവന്നു.

‘എന്താ മഹാദേവൻ പേടിച്ചു പോയോ? കൊള്ളാമല്ലോ ”റോകു ജിൻ”.

കുപ്പിയുയർത്തി കാണിച്ചുകൊണ്ടാണ് അവൾ ചോദ്യം ചോദിച്ചതും, അതിലെ പേര് വായിച്ചതും, തുടർന്നു സംസാരിച്ചതും.

‘ഇത് ജാപ്പനീസ് ഡ്രിങ്ക് അല്ലേ, ഞാനിത് കഴിച്ചിട്ടുണ്ട്. ഒരിക്കൽ വിദേശയാത്ര കഴിഞ്ഞുവന്ന എന്റെ മകൾ കൊണ്ടുതന്നതാണ്, അയാൾ തല്ലി നിഷേധിച്ചിരുന്ന സ്വാതന്ത്ര്യത്തെ അന്നാണ് ഞാനാദ്യമായി വാരിയണിഞ്ഞത്’.

‘സെയ്‌റ കുടിക്കാറുണ്ടോ?’

‘അതെന്താ അങ്ങനെ ചോദിച്ചത്? മഹാദേവൻ കുടിക്കാറുണ്ടോയെന്ന് ഞാൻ ചോദിച്ചില്ലല്ലോ. പെണ്ണുങ്ങൾ കുടിക്കുവാൻ പാടില്ലെന്ന് കുപ്പിയിൽ എഴുതിയിട്ടുണ്ടോ, മദ്യപാനം ഹാനികരമെന്ന് മാത്രമല്ലേ എഴുതിയിട്ടുള്ളൂ’.

‘സാധാരണ സ്ത്രീകളാരും കുടിക്കാറില്ല, അതാ ചോദിച്ചത്’.

‘ഞാൻ സാധാരണ സ്ത്രീയല്ല, അസാധാരണയായ സെയ്‌റയാണ്’.

‘ഞാൻ തർക്കത്തിനില്ല, താൻ കുടിച്ചോളൂ’.

‘അതെന്താ മഹാദേവൻ കുടിക്കുന്നില്ലേ? നമ്മൾ ജീവിതം പങ്കിടുവാൻ ഇറങ്ങിയതല്ലേ, അപ്പോളെല്ലാം പങ്കുവെയ്ക്കണം’.

അവൾ മേശയിൽ നിന്നും ഗ്ലാസ്സുകൾ പുറത്തെടുത്തു ടീപ്പോയുടെ മുകളിൽ വെച്ചു. കുപ്പിയിൽ നിന്നും ശ്രദ്ധയോടെ മദ്യം ഗ്ലാസ്സുകളിലേക്ക് പകരുമ്പോൾ അവളുടെ മുഖത്തൊരു ചിരി തങ്ങിനിൽപ്പുണ്ടായിരുന്നു. തുറന്നുകിടക്കുന്ന വാതിലിലൂടെ ജോലിക്കാർ ഇതെല്ലാം കണ്ടാലോയെന്ന ഭയത്തിലായിരുന്നു ഞാൻ, വാതിലടയ്ക്കാൻ ശ്രമിച്ചാൽ ഗ്ലാസും കുപ്പിയുമായി അവൾ വരാന്തയിലേക്കിറങ്ങുമെന്ന ചിന്ത കാരണം ആ സാഹസത്തിന് മുതിർന്നില്ല.

ഏതോ ഒരുൾപ്രേരണയാൽ അവൾ നീട്ടിയ മദ്യം വാങ്ങിപ്പോവുകയായിരുന്നു. വെള്ളം ചേർക്കാത്ത മദ്യം കുറേശ്ശെയായി ആസ്വദിച്ചു കുടിക്കുന്ന സെയ്‌റയെ വെറുതെ നോക്കിനിൽക്കുവാനെ കഴിയുന്നുള്ളൂ. തടയുവാനോ നിയന്ത്രിക്കുവാനോ കഴിയുന്നില്ല, കൈയിൽ മദ്യഗ്ലാസ്സുമായി വെറുതെ നിൽക്കുന്ന എന്റെ നേരെയായി അവളുടെ നോട്ടം..

‘മഹാദേവനെന്താ കുടിക്കാത്തത്?’

അവളുടെ ചോദ്യത്തിന് മറുപടിയെന്നവണ്ണം മനഃപൂർവ്വമായി തന്നെ ഗ്ലാസ്സ് വായിലേക്ക് കമിഴ്ത്തി. തൊണ്ടയിലൂടെ എരിഞ്ഞിറങ്ങിയ മദ്യം ആമാശയത്തിലേക്ക് ഒഴുകിയിറങ്ങുന്നത് നന്നായറിഞ്ഞു. ഇവളെങ്ങനെയാണ് ഇത്ര അനായാസമായി മദ്യപിക്കുന്നത്? ഇനിയിപ്പോൾ കുടിച്ചു തെളിഞ്ഞ മദ്യപാനിയായി കാണുമോ അവൾ?. ലഹരി കയറിയാൽ അവളെന്തെങ്കിലും അക്രമം കാണിക്കുമോയെന്ന വെപ്രാളത്തിൽ നിൽക്കുമ്പോഴാണ് സെയ്‌റ അടുത്ത ഗ്ലാസ്സ് നീട്ടിയത്. ഇനിയെന്തെങ്കിലും ആകട്ടെയെന്ന് കരുതി തന്നെയാണ് ഗ്ലാസ്സ് വാങ്ങി അതുമുഴുവൻ ഒറ്റവലിക്ക് അകത്താക്കിയത്.

ലഹരി ചെറുതായി കയറി തുടങ്ങിയതോടെ, അപ്പോ കിട്ടിയ ധൈര്യത്തിൽ നേരെ ചെന്നു വാതിലടച്ചു ബോൾട്ടിട്ടു. അവളേയും ലഹരി ബാധിക്കുന്നുവെന്ന് തോന്നുന്നു, നിറുത്താതെ ചോദ്യങ്ങൾ ചോദിച്ചിരുന്നവൾ അന്തർമുഖയായിരിക്കുന്നു. ഗ്ലാസിലെ മദ്യം കഴിഞ്ഞതും അവൾ വീണ്ടും നിറയ്ക്കുമെന്നാണ് കരുതിയത്, അതുണ്ടായില്ല. അവളെന്തോ കാര്യമായി ചിന്തിക്കുകയാണ്, എന്തോ പറയുവാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നുന്നു. ഇത്രയും നേരും ബെല്ലും ബ്രേക്കുമില്ലാതെ സംസാരിച്ചവൾക്ക് ആശയക്കുഴപ്പമുണ്ടാക്കുവാൻ മാത്രം ശേഷിയുണ്ടോ ലഹരിക്ക്? ഇനിയിവൾ വല്ല അക്രമവും നടത്തുവാനുള്ള തയ്യാറെടുപ്പിലാണോ?.

ചിന്തകൾക്ക് തീപിടിച്ചതോടെ, ഗ്ലാസ്സും കൈയിലെടുത്ത് കുപ്പിയെടുക്കുവാനായി ചെന്നു. ഉദ്ദേശം തിരിച്ചറിഞ്ഞാകണം, അവൾ കുപ്പിയെടുത്ത് മാറ്റിവെച്ചു.

‘മഹാദേവന് എത്രത്തോളം കുടിക്കുവാൻ കഴിയുമെന്ന് എനിക്കറിയില്ല. കുടിച്ചു കഴിഞ്ഞാൽ നിങ്ങളെങ്ങനെ പെരുമാറുമെന്നും അറിയില്ല. അതുകൊണ്ട് ഇനിയിപ്പോ കുടിക്കണ്ട, തത്കാലം നമുക്ക് സംസാരിച്ചിരിക്കാം. ലഹരി കൂടിയാൽ ചിലപ്പോ സംസാരം വഴിമാറും, അതൊഴിവാക്കുന്നതല്ലേ നല്ലത്’.

‘സംസാരിക്കാം ഇഷ്ടംപോലെ സംസാരിക്കാം. അതിൽ നീ വിദഗ്ദ്ധയാണല്ലോ. നീ തന്നെ തുടങ്ങിക്കോ, ഞാൻ കേൾക്കാം’.

‘മഹാദേവനെ ലഹരി ആവേശിച്ചു തുടങ്ങിയല്ലോ, ആദ്യമായാണ് നിങ്ങളെന്നെ നീയെന്ന് വിളിച്ചത്. പ്രണയകാലത്തും, ദാ തൊട്ടുമുൻപ് വരെയും അങ്ങനെ വിളിച്ചിട്ടില്ല. അന്നെല്ലാം എടീയെന്നും നീയെന്നും നിങ്ങളെന്നെ വിളിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, നിങ്ങളുടെ അധികാരഭാവം എനിക്കിഷ്ടമായിരുന്നു. പക്ഷേ അന്ന് അതിനുള്ള ധൈര്യം നിങ്ങൾക്കുണ്ടായില്ല, ലഹരിയുടെ ബലത്തിലാണെങ്കിലും ഇന്നുണ്ടായല്ലോ, സന്തോഷം’.

‘നീയെന്താ കളിയാക്കുകയാണോ?’

‘മഹാദേവനെ കളിയാക്കുവാനോ, ഞാനോ? ഒരിക്കലുമില്ല. അന്നുമിന്നും ഞാൻ മനസ്സുകൊണ്ട് പ്രണയിച്ച ഒരേയൊരു പുരുഷൻ നിങ്ങളാണ്, നിങ്ങൾക്ക് അതിനുള്ള യോഗ്യതയില്ലാതിരുന്നിട്ടും’.

‘എനിക്കെന്ത് യോഗ്യതയാടീ ഇല്ലാത്തത്, അന്തസ്സായി അദ്ധ്വാനിച്ചു സ്വന്തം കാലിൽ നിൽക്കുന്ന ഒരു ആണാണ് ഞാൻ. ഒരു പെണ്ണിനും എന്റെ യോഗ്യതയെ ചോദ്യം ചെയ്യുവാനുള്ള അവകാശമില്ല, നിനക്കും’.

‘ആഹാ, മഹാദേവൻ ആണായല്ലോ, ലഹരി കയറി പൊട്ടിമുളച്ച പൗരുഷമാണെങ്കിലും കാണാൻ സുഖമുണ്ട്’.

‘സെയ്‌റ, എനിക്കെപ്പോഴും സ്വയം നിയന്ത്രിക്കുവാൻ കഴിഞ്ഞെന്നു വരില്ല. നീ നിന്നെ നിയന്ത്രിക്കുന്നതാവും നല്ലത്. സഹിക്കുന്നതിനും പരിധിയുണ്ട്’.

‘മഹാദേവാ, താങ്കളെന്നെ ഒന്നും ചെയ്യില്ല. ആ ധൈര്യമുള്ളത് കൊണ്ടാണ് ഞാനിവിടെ അടച്ചിട്ട മുറിക്കുള്ളിൽ ഇങ്ങനെയിരിക്കുന്നത്. ഇതേ മദ്യം ആദ്യമായി കുടിച്ച ദിവസമാണ് ഞാൻ അയാളിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചതും, അയാൾ ഞങ്ങളുടെ മുറിയിൽ നിന്നുമിറങ്ങിപ്പോയതും. എന്റേതായ ആ ഇടത്തേക്ക് പിന്നൊരിക്കലും ഞാനയാളെ കയറ്റിയിട്ടില്ല, കടന്നുകയറുവാനുള്ള കരുത്ത് അയാൾക്കുണ്ടായില്ല, അത്രേയുള്ളൂ ഞാനറിഞ്ഞ പുരുഷൻ. നിങ്ങളും വ്യത്യസ്തനല്ല, പൗരുഷമുണരുവാൻ ലഹരി വേണ്ടിവന്നു, ആണായപ്പോൾ പെണ്ണിനോടുള്ള ബഹുമാനവും പോയി’.

അവളുടെ വാക്കുകൾ മുഖത്തടിയേറ്റത് പോലെയാണ് വന്നുകൊണ്ടത്, കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടുവാൻ കഴിഞ്ഞില്ല, അവളുടെ മറുപടികൾ തലച്ചോറിൽ പ്രകമ്പനം കൊള്ളുവാൻ തുടങ്ങി. ലഹരിയുടെ നാമ്പുകൾ താണിറങ്ങിയതോടെ, കുനിഞ്ഞുപോയ തലയുമായി ബെഡിൽ പോയിരുന്നു.

സെയ്‌റ മറ്റേതോ ലോകത്താണ്, അങ്ങോട്ട് നോക്കുവാനുള്ള ധൈര്യമുണ്ടായില്ല. അവൾ പറഞ്ഞതാണ് ശരി, മഹാദേവൻ ഭീരുവാണ്. ലഹരി കയറിയപ്പോൾ ഉണർന്നുപോയ പൗരുഷമാണ് നിയന്ത്രണമില്ലാതെ തിളച്ചുതൂവിയത്. വേണ്ടിയിരുന്നില്ല, ഏകാന്തതയെ തോൽപ്പിക്കുവാൻ കൂട്ടുപിടിച്ച ലഹരിയാണ് വില്ലനായത്. പ്രകോപിതനാകാതിരുന്നെങ്കിൽ ചിലപ്പോൾ സ്ഥിതി മറ്റൊന്നാകുമായിരുന്നു.

‘ദേവേട്ടാ’..

അപ്രതീക്ഷിതമായിരുന്നു ആ വിളി, അവളിൽ നിന്നും കേൾക്കുവാൻ ഒരുപാടാഗ്രഹിച്ചതാണത്. ഇങ്ങനെയൊരു സാഹചര്യത്തിൽ അവളങ്ങനെ വിളിക്കുമെന്ന് ചിന്തിക്കുവാൻ പോലും കഴിഞ്ഞിരുന്നില്ല. ആ ഞെട്ടലിൽ നിന്നുണരുമ്പോൾ അവളെന്നെ തന്നെ നോക്കിനിൽക്കുകയായിരുന്നു.

‘ഞാൻ ഇങ്ങനെ വിളിച്ചു കേൾക്കാനല്ലേ നിങ്ങളാഗ്രഹിച്ചിരുന്നത്’.

അതേയെന്ന് പറയാനാഗ്രഹിച്ചെങ്കിലും, ശബ്ദം പുറത്തേക്ക് വന്നില്ല. അവൾ അടുത്തേക്കുവന്നു ഒപ്പമിരുന്നു, ചുമലിൽ മുഖം ചേർത്തുവെച്ചു. കുറച്ചുനേരം മാത്രം, ചുമലിൽ നനവുള്ള ചൂടുപടർന്നതും അവൾ മുഖമുയർത്തി അകന്നിരുന്നു. കണ്ണുകൾ അമർത്തി തുടയ്ക്കുന്ന അവളുടെ കൈകളിൽ പിടിക്കുവാനായി തുനിഞ്ഞതാണ്, അതവൾ കൈയുയർത്തി തടഞ്ഞു.

‘ഞാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെങ്ങിനെയെന്ന് മഹാദേവനറിയുമോ?’

‘ഇല്ല’.

‘പൊതിഞ്ഞു മൂടിക്കെട്ടിയ ശരീരവും മനസ്സുമായാണ് ഓരോ പെണ്ണും ജീവിക്കുന്നത്. അവസരം കിട്ടിയാൽ അവളുടെ ശരീരത്തിലേക്കും മനസ്സിലേക്കും എത്തിനോക്കുവാൻ ഒരു മടിയുമില്ലാത്ത പുരുഷന്മാരാണ് പലരും. അത്തരക്കാർക്കിടയിൽ ജീവിക്കുന്ന ഓരോ പെണ്ണും അനുഭവിക്കുന്ന വീർപ്പുമുട്ടൽ പറഞ്ഞറിയിക്കുവാൻ കഴിയില്ല. അതിൽ നിന്നാണ് ഞാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്, ആ രാത്രി ഞാനെന്റെ പ്രണയങ്ങൾ മുഴുവൻ വിളിച്ചു പറഞ്ഞു. അടച്ചിട്ട മുറിയിൽ അയാൾക്ക് മുന്നിൽ ഞാൻ വിവസ്ത്രയായി സ്വതന്ത്രയായി നടന്നു. ലഹരിയുടെ ധൈര്യത്തിൽ ഞാൻ കാട്ടികൂട്ടുന്നതാണെന്ന് കരുതി അയാളെന്നെ തല്ലി. അന്നാദ്യമായി അയാളെ ഞാൻ തിരിച്ചു തല്ലി, അയാൾ ഇറങ്ങിപ്പോയതോടെ ഞാനെന്റെ സ്വാതന്ത്ര്യം പരിപൂർണ്ണമായി സ്വന്തമാക്കി. ആ സ്വാതന്ത്ര്യം മറ്റൊരാളുടെ മുന്നിൽ അടിയറ വെയ്ക്കുവാൻ ഞാൻ തയ്യാറല്ല’.

‘സെയ്‌റ, നിന്റെ സ്വാതന്ത്ര്യങ്ങൾക്ക് ഞാനൊരിക്കലും..’.

വാക്കുകൾ പൂർത്തിയാക്കുവാൻ അവസരം നൽകാതെ സെയ്‌റ നേരെ വാതിൽക്കലേക്ക് നടന്നു, വാതിൽപ്പടിയിൽ ഒരുനിമിഷമെന്തോ ആലോചിച്ചു നിന്നവൾ തിരികെ അകത്തേക്ക് തന്നെ മടങ്ങി. കേട്ടതൊന്നും ഉൾക്കൊള്ളുവാനാകാതെ ബെഡിൽ തന്നെ തറഞ്ഞിരിക്കുകയാണ് ഞാൻ. അരുകിലെത്തിയ അവൾ കൈനീട്ടിയെന്റെ തലയിൽ തലോടി, കുമ്പിട്ടുപോയ ശിരസ്സുയർത്തി നോക്കിയത് ആ കണ്ണുകളിലേക്കായിരുന്നു. തിളങ്ങി ജ്വലിക്കുന്ന കറുത്ത കൃഷ്ണമണികളിൽ വാത്സല്യം നിറയുന്നത് ഞാനറിഞ്ഞു, അവളെന്റെ നെറുകയിൽ ചുംബിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും, അതുണ്ടായില്ല.

‘മഹാദേവാ, നിങ്ങളുടെ പ്രണയവും എന്റെ സ്വാതന്ത്ര്യവും രണ്ട് ധ്രൂവങ്ങളിലാണ്. നിങ്ങൾക്ക് ഞാനും എനിക്ക് നിങ്ങളും ബാധ്യതയാണെന്ന് തിരിച്ചറിയുന്ന നിമിഷം പ്രണയം മരിക്കും, സ്വാതന്ത്ര്യം നിഷേധിക്കപ്പെടും, ഞാനതാഗ്രഹിക്കുന്നില്ല. ഇനിയും നമ്മുക്ക് കാണാം, പ്രണയവും സ്വാതന്ത്ര്യവും ചർച്ച ചെയ്യാം, അതിനുമപ്പുറം ജീവിതമൊന്നും സ്വപ്നം കാണരുത്’.

അടഞ്ഞ വാതിലിന് വെളിയിൽ അവളുടെ കാലടിയൊച്ചകൾ അകന്നുപോകുമ്പോൾ, ഇരുളിലാണ്ട മുറിയിൽ കൂട്ടുകെട്ടിയ ഏകാന്തതയിൽ ഞാനെന്നെ തിരയുവാനിറങ്ങി.

Comments
Print Friendly, PDF & Email

You may also like