പൂമുഖം നോവൽ യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 4 – എരിവുകാർ

യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 4 – എരിവുകാർ

രാജാവിന്റെ സേന സ്വഗൃഹങ്ങളിലേക്ക് മടങ്ങി. ചാർച്ചക്കാരായ വടക്കർക്കെതിരെ നീങ്ങാൻ മടിച്ചു.
സഹോദർക്കെതിരെ യുദ്ധം ചെയ്യാൻ വിസമ്മതിച്ചു. ബെന പരാജയം സമ്മതിച്ചു.

“ഇത് കർത്താവിൻ്റെ ഹിതമാണ്. “

വടക്കൻ താവളത്തിൽ ആരവങ്ങൾ ഉയർന്നു.ദേശത്തെ മൂപ്പൻമാർ വിധിയെഴുതി. .

“ശലമോൻ്റെ കഥ തീർന്നു.”

ശലമോൻ രാജാവിന്റെ തേർവാഴ്ചക്ക് അന്ത്യം കുറിച്ചതിൽ അവർ ആഹ്ളാദചിത്തരായി. താവളത്തിൽ എമ്പാടും വിജയാഘോഷങ്ങൾ തുടങ്ങി. കാനാൻകാരിയുടെ ആട്ടവും പാട്ടും ആരംഭിച്ചു. യെറോബയാമിന് ഉത്സാഹം തോന്നിയില്ല. അവർക്കറിയില്ല ബെത്‌ശേബയുടെ പുത്രനെ … . ശലമോൻ്റെ ഹൃദയത്തിനു് ആയിരം അറകളാണ് !

ആരവങ്ങൾ ഒഴിഞ്ഞു. എല്ലാവരും ഉറക്കം പിടിച്ചു. വീഞ്ഞിന്റെ ലഹരിയിൽ കൂർക്കംവലിച്ചുറങ്ങുകയാണ്. പക്ഷേ, യെറോബയാമിന് ഉറക്കം വന്നില്ല. ഒരു കരിയില വീണാൽ അറിയുന്ന നിശബ്ദതയാണ് താവളത്തിനു ചുറ്റും. എങ്കിലും ഒരു ഭയം… കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണോ?

കൂടാരത്തിൽനിന്ന് അയാൾ ഇറങ്ങി.

ജയാഘോഷത്തിൽ ലഹരിമോന്തിയ പടയാളികൾ കൂടാരത്തിൽ തളർന്നുറങ്ങുന്നു. കൂടാരങ്ങൾക്കിടയിലൂടെ നടന്നു. കാവൽമാടത്തിലെ പടയാളികളും നല്ല ഉറക്കത്തിലാണ്. അഗ്നികുണ്ഡത്തിലെ ജ്വാല ഊർദ്ധശ്വാസം വലിക്കുകയാണ്. അവരെ ഉണർത്താൻ മനസ്സുവന്നില്ല. നാലഞ്ച് വിറക് തുണ്ടുകൾ വലിച്ചെറിഞ്ഞിട്ട് അയാൾ നടന്നു. അകലെ ഇരുളിന്റെ ഉറയിൽ നിന്ന് മിന്നലിന്റെ വാൾ ആരോ എടുത്തു. അയാൾ ജാഗരൂകനായി.

പൊടുന്നനെ ആകാശത്ത് നിന്ന് ഒരു ഇടിവാൾ താവളത്തിൽ പതിച്ചു. കൂടാരത്തിൽ തീ പടർന്നു. താവളത്തിൽ നിന്നു കുട്ടനിലവിളി ഉയർന്നു. യെറോബയാം വിളിച്ചു പറഞ്ഞു.

” സഖാക്കളേ , തീ അണയ്ക്കുക.”

ആരും അതു ചെവികൊണ്ടില്ല. അവർ പുറത്തിറങ്ങി. അജ്ഞാത ഭയം അവരെ ഗ്രസിച്ചിരുന്നു. ഒരു ഇടിവാൾ കൂടി പതിച്ചതോടെ പടയാളികൾക്ക് സമനില തെറ്റി. ഭ്രാന്തുപിടിച്ചതു പോലെ മലയിടുക്കിലേക്ക് പാഞ്ഞു. ഇടവഴിയിലെ ഇരുട്ടിനു ഭ്രാന്തിളകി. വഴിയിൽ നിന്നിരുന്ന ഒന്നു രണ്ട് കുറ്റിച്ചെടികൾക്ക് അനക്കം വെച്ചു. ഒരാൾക്ക് എന്തോ സംശയം തോന്നി. അയാൾ വിളിച്ചു കൂവി

“രാജ സൈന്യം”

അത് കേട്ട് ചിലർ പിൻതിരിഞ്ഞോടി. പിന്നിൽ നിന്നവർക്ക് ഒന്നും മനസ്സിലായില്ല. ആരോ തങ്ങളെ ആക്രമിക്കാൻ വരുന്നുണ്ടെന്ന് തോന്നി.

അവർ വാൾ വീശി.

ഇടവഴിയിലെ ഇരുട്ടിൽ വടക്കർ പരസ്പരം വെട്ടിമരിച്ചു.

ആയിയിലെ ഇടവഴിയിൽ ചോര തളം കെട്ടികിടന്നു. മലയിടുക്കിൽ നിറയെ ചോരവാർന്ന കബന്ധങ്ങളും.ആ കാഴ്ച കണ്ട് യെറോബയാമിന് ഭയവും സങ്കടവും വന്നു. പ്രഭാത തണുപ്പിൽ അയാൾ വിറച്ചു. രാജദ്രോഹത്തിനുള്ള ശിക്ഷ കഴുവിലേറ്റലാണ്. ആഴ്ചകളോ മാസങ്ങളൊ ജഡം അങ്ങനെ തന്നെ കിടക്കും. കഴുകനും പക്ഷികളും വന്ന് കൊത്തി പറിച്ച് ഒരു അസ്ഥികൂടമായി മാറുംവരെ കിടക്കും. കാലിൽനിന്ന് ഒരു തരിപ്പ് അയാളുടെ നെഞ്ചിലേക്ക് ഇരച്ചുകയറി. അയാൾ രാജാവിനെ ശപിച്ചു.. പിന്നെ കുതിരപ്പുറത്ത് കയറി പാഞ്ഞു.

എഫ്രായിമിലെ മൂപ്പൻ താടിക്ക് കൈ കൊടുത്തു.

‘അമ്പ്, വാള്, കുന്തം, കുതിരകൾ ഉലക്കേടെ മൂട് ……. എന്തൊക്കെയായിരുന്നു ഇന്നലെ വരെ ആയിയിൽ ! പക്ഷേ ഇന്ന് എല്ലാം ആവിയായിരിക്കുന്നു. …’

നെബാതിൻ്റെ പുത്രനെ തുണയ്ക്കാൻ തോന്നിയ നിമിഷത്തെ അയാൾ ശപിച്ചു. വടക്കൻ ജനതയുടെ ജീവനും സമ്പത്തും രാജാവിൻ്റെ പാദാന്തികത്തിലാണ്. അയാൾ രാജ സന്നിധിയിലെത്തി ആ തൃപ്പാദങ്ങളിൽ വീണു.

“ദാവീദിൻ്റെ പുത്രാ , ഞങ്ങളെ കുറ്റക്കാരായി കാണരുതേ. ജനങ്ങളെ ഇളക്കി വിട്ടത് ഞങ്ങളല്ല.”

ശലമോൻ രാജാവ് മന്ദഹസിച്ചു.

ദിവാൻ മൂപ്പനെ ചൂണ്ടി പറഞ്ഞു.

“രാജദ്രോഹത്തിന്ന് ശിക്ഷ കഴുമരമാണ്. “

ശലമോൻ പറഞ്ഞു.

“ഇന്ന് നമ്മുടെ വിജയദിനമാണ്. ഈ ദിവസത്തിൽ ആരെയും വധിച്ചുകൂടാ.”

വടക്കിലെ മൂപ്പൻമാർക്ക് ശ്വാസം വീണു.രാജാവ് പറഞ്ഞു.

“ആഘോഷങ്ങൾ തുടങ്ങട്ടെ… “

രാജസദസ്സിൽ അസ് മോദേവൂസിന് ഇരിപ്പിടം ലഭിച്ചു. രാജാവ് അയാളിൽ സംപ്രീതനായിരുന്നു. അതേ സമയം ഒരടിമക്ക് ഇരിപ്പിടം നൽകിയത് പണ്ഡിതർക്ക് ഇഷ്ടപ്പെട്ടില്ല. അവർ അയാളെ ഉത്തരംമുട്ടിച്ച് നാണംകെടുത്താൻ ഉറച്ചു. രാജസദസ്സിൽ ഉദ്ദ്വേഗജനകങ്ങൾ ആയ തർക്കങ്ങൾ നടന്നിരുന്നു. ലോകം കണ്ട സുന്ദരിമാരെകുറിച്ച് ഒരു യോജിപ്പിലെത്താൻ പണ്ഡിതർക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല.

അസ്‌മോദേവൂസ് പറഞ്ഞു.

“ലോകം കണ്ട സുന്ദരിമാരിൽ ഏറ്റവും മികവാർന്നവൾ ഈജിപ്തിലെ റാണിയായ നെഫെർടിറ്റിയാണ് “

പണ്ഡിതർക്ക് ബോദ്ധ്യം വന്നില്ല. അവർ വാശി പിടിച്ചു.

“അബ്രഹാമിന്റെ ഭാര്യയായ സാറായാണ് ഭുവനൈക സുന്ദരി. “

ഒന്നു പുഞ്ചിരിച്ചിട്ട് അടിമ കരം വീശി.

നെഫെർടിറ്റി റാണിയുടെ മായാരൂപം രാജമണ്ഡപത്തിൽ പ്രത്യക്ഷമായി. ഒരു സ്വപ്നത്തിന്റെ മുഗ്ദ്ധ ലാവണ്യവും നിഷ്കളങ്കതയും ആ കണ്ണുകളിൽ നിഴലിച്ചിരുന്നു. പണ്ഡിതർ നിശ്ശബ്ദരായി.

ശലമോൻ രാജാവ് അത്യന്തം വിസ്മയിച്ചു.

സായാഹ്നത്തിൽ സ്ഫടികമണ്ഡപത്തിലെ ആയിരം തിരികൾ തെളിഞ്ഞു. ഗായകൻ ഒരു മധുരഗീതകം ആലപിച്ചു.

എന്നാൽ രാജാവിന് ഉൻമേഷം തോന്നിയില്ല. നൈഫെർടിറ്റിയുടെ അലൗകിക സൗന്ദര്യം ആ ഹൃദയത്തെ പരവശമാക്കിയിരുന്നു. മരുഭൂമിയിലെ വിജനതയിൽ കാറ്റ് മൂളി. ഈജിപ്തിലെ റാണിയുടെ മായാരൂപത്തിന് ജീവൻ വെക്കുന്നതു പോലെ തോന്നി. രാജാവിൻ്റെ പാരവശ്യം കണ്ട് അസ് മോദേവൂസ് പുഞ്ചിരിച്ചു.

മെംഫിസിലെ പിരമിഡിൽ നിന്ന് അയാൾ റാണിയെ വിളിച്ചു വരുത്തി.

സ്ഫടികമണ്ഡപത്തിലെ കൽപ്പടവിൽ നെഫെർടിറ്റി പ്രത്യക്ഷയായി. അവൾ രാജാവിനെ നമസ്ക്കരിച്ചു.

രാജകിയ വെള്ളയുടുപ്പുകളാണ് റാണി ധരിച്ചിരുന്നത്.കണ്ഠത്തിലെ രത്നാഭരണം മാറിടത്തിൽ അസ്തമന ശോഭ പരത്തിയിരുന്നു. കാലിലെ സ്വർണ്ണ പാദുകം അന്തിവെയിലിലെ പൊന്നുപോലെ തിളങ്ങി. അവളുടെ പാദങ്ങളിൽ ജലാശയത്തില തിരകൾ നമസ്ക്കരിച്ചു. മുത്തുക്കൾ പതിച്ച ശിരസ്ത്രാണം രാജാവിനെ വിസ്മയിപ്പിച്ചു.

“ഈ മുഖമാണോ ഈജിപ്തിലെ പത്തായിരം പടയാളികളെ പുരോഹിതനായ ബെനാകോണിൻ്റെ ശിരസ്സറുക്കാൻ പ്രേരിപ്പിച്ചത്?

ഈജിപ്തിൻ്റെ റാണി, നീ സായാഹ്ന ചന്ദ്രികയേക്കാൾ മനോഹരിയാണ്. ശേബയിലെ റാണിയേക്കാൾ സുന്ദരിയും വിവേകമതിയും ധീരയും…. “

ആ പ്രശംസ കേട്ട് നെഫെർടിറ്റി പുഞ്ചിരിച്ചു.

രാജാവ് നമിച്ചു.. .

“നീ ഒന്നു മനസ്സുവെച്ചാൽ ഈ കൊട്ടാരത്തിൻ്റെ ഉടയവളാകാം. നിനക്ക് ശയിക്കാൻ ഞാൻ പേർഷ്യയിലെ രത്നകംബളം വിരിക്കാം. പ്രഭാതത്തിൽ നിന്നെ ഉണർത്താൻ റാണിമാരെ ചട്ടം കെട്ടാം . നിൻ്റെ ആജ്ഞക്കായി പള്ളിയറയുടെ മുമ്പിൽ എന്റെ പുത്രന്മാർ കാത്തു നിൽക്കും ” .

അവൾ സാകൂതം നോക്കി.

“ഇനി ഒരിക്കലും ആരും നിന്നെ ബന്ധിക്കില്ല.ഏതെങ്കിലും ഒരുത്തൻ വന്നാൽ അന്ന് അവൻ്റെ അന്ത്യമായിരിക്കും.. “

നെഫെർടിറ്റി കരം നീട്ടി.

രാജാവ് സന്തുഷ്ടനായി. രാജാവിന്റെ ഹൃദയത്തിൽ ആയിരം പ്രാവുകൾ ചിറകടിച്ചുയർന്നു. റാണിയുടെ കരത്തിൽ ആദരപൂർവ്വം ചുംബിച്ചു. പക്ഷേ ആ കരം ഹിമശൈലം പോലെ തണുത്തിരുന്നു.

കൊടുംശൈത്യത്തിൽ സ്പർശിച്ച പോലെ അധരങ്ങളിലെ അഗ്നിജ്വാല അണഞ്ഞു. ഞെട്ടലോടെ ആ കണ്ണകളിലേക്ക് നോക്കി. മരണം പോലെ അത് നിശ്ചലവും വിളറിയും ഇരുന്നു.

രാത്രിയുടെ മുന്നാം യാമത്തിൽ നൈഫെർടിറ്റി മടങ്ങി. പക്ഷേ മരണത്തിൻ്റെ ദുർഗന്ധം മടങ്ങിയില്ല. അറേബ്യയിലെ സുഗന്ധം തളിച്ചിട്ടും അതു മാഞ്ഞില്ല.. അസ്മോദേവൂസ് നിസ്സഹായനായി.

ശലമോൻ രാജാവിൻ്റെ നെഞ്ചിൽ നിന്ന് ഒരു ഗദ്ഗദം ഉയർന്നു

അസ്മോദേവൂസിന് വിശ്രമിക്കാൻ രാജാവ് കൊട്ടാരത്തിൽ ഒരു മന്ദിരം അനുവദിച്ചു. രണ്ട് ദാസികളെയും നൽകിയിരുന്നു. അവർ സുന്ദരികളായിരുന്നു. പ്രേമപൂർവ്വം അവർ ഒന്നുതൊട്ടപ്പോൾ അയാൾക്ക് യൗവനം തിരിച്ചു കിട്ടി. പ്രേമപൂർവ്വമുള്ള തലോടലിനായി നിത്യേന ദാഹിച്ചു. മൃദുല പരിരംഭണത്തിനായി സായാഹ്‌നത്തിൽ കൊതിച്ചു. ദാസിമാർ മന്ദഹസിച്ചു. അവർ തലോടി. ആ ഹൃദയത്തിൽ ആയിരം ആശകൾ തളിരിട്ടു.

അന്ത:പ്പുരത്തിലെ റാണിമാരുടെ വശ്യസൗന്ദര്യം അടിമയെ ആകർഷിച്ചു. മട്ടുപ്പാവിൽ കാറ്റു കൊള്ളുന്ന സിദോനിയ റാണിയെ ഒന്നു വാരി പുണരാൻ ….

അന്തഃപുര കന്യകമാരടൊത്ത് ശേലാകുളത്തിൽ ഒന്നു നീരാടാൻ …,..

ഏദോമിയ റാണിയുടെ മാറിടത്തിൽ മയങ്ങാൻ …

അസ്മേദേവൂസ് കൊതിച്ചു.

പക്ഷേ രാജാവിനെ ഭയന്ന് ആ മോഹങ്ങൾ ഉള്ളിൽ ചുരുട്ടിവെച്ചു. ശലമോൻ രാജാവിനോട് അയാൾക്ക് എന്തെന്തില്ലാത്ത അസൂയ തോന്നി.

അക്കാലത്ത് യൂദയിലെ മരുഭൂമിയിൽ റബി ഏലിയാബിന് ദൈവത്തിൻ്റെ വെളിപാട് ലഭിച്ചു.

“അത്തി വൃക്ഷങ്ങളുടെ തായ്തണ്ടിൽ കോടാലി വെച്ചിരിക്കുന്നു. ഫലം കായ്ക്കാത്ത ഒരോന്നും വെട്ടി വീഴ്ത്തും .”

ജനക്കൂട്ടം ചോദിച്ചു.

“ഞങ്ങൾ എന്ത് ചെയ്യണം? “

ആകാശത്തേക്ക് നോക്കിയിട്ട് പറഞ്ഞു.

“ആവർത്തന പുസ്തകത്തിലേക്ക് മടങ്ങുക.”

യെറുശലേം നഗരത്തിലേ ചില കച്ചവടക്കാർ ശബത് ലംഘിച്ചിരുന്നു. ഇരുളിൻ മറവിൽ പഴക്കുട്ടയും അപ്പവട്ടികളും ഒളിച്ചുകടത്തി. റബി അതു കണ്ടു. അയാളുടെ ശിഷ്യൻമാർ ആ കുട്ടകൾ തട്ടിമറിച്ചപ്പോൾ കച്ചവടക്കാർ സംഭീതരായി. ചുമട്ടുകാരെ പിടികൂടാനായി റബിയുടെ ശിഷ്യൻമാർ കാട്ടുവഴികളിൽ ഒളിച്ചു നിന്നു.

ഒരു ശബത്തിൽ നാതാൻ രാജകുമാരൻ റബിയെ കേട്ടു. അയാളുടെ കണ്ണുകൾ ശൂന്യമായിരുന്നു.

” അന്ത്യദിനങ്ങളിൽ നീ സ്രഷ്ടാവിനെ ഓർമ്മിക്കുക പാതാളത്തിലെ കീടം ശരീരം തിന്നുന്നതിന്നു മുമ്പ് , എനിക്ക് ഒന്നിലും രസമില്ല എന്നു കിടക്കയിലിരുന്ന് നീ പറയുന്ന വത്സരങ്ങൾ വന്നെത്തും മുമ്പ്, ഇലകൾ എല്ലാം കൊഴിയും മുമ്പായി ഹാഷേമിനെ ഓർമ്മിക്കുക..”

കൊട്ടാര ജീവിതത്തിൽ മനം മടുത്ത രാജകുമാരന് അത് ഒരു കുളിർമഞ്ഞായിരുന്നു. ആർഭാടജീവിതം ഉപേക്ഷിച്ച് റബിയെ പിൻതുടർന്നു. കാലുവെന്ത നായയെ പോലെ നടന്നു. ആ തീർത്ഥയാത്രക്കിടയിൽ ഹൃദയത്തെ കുത്തിനോവിച്ചിരുന്ന മഹാസങ്കടങ്ങൾ നാതാൻ മറന്നു.

നാതാനെക്കുറിച്ച് ഓർക്കുമ്പോൾ അമ്മ ബെത്ശേബയുടെ കണ്ണുകൾ ഈറനണിയും.

‘പാവം കുട്ടി.’

നാതാന് ലില്ലിപൂക്കൾ ഇഷ്ടമായിരുന്നു. കൊട്ടാരത്തിനു പിന്നിലെ പൂന്തോട്ടത്തിൽ ഒരു ലില്ലിച്ചെടി നിന്നിരുന്നു. അത് പടരുന്നത് കാണാൻ രാവിലെ വരും. തളിരുകൾ കാണാൻ ഒരു രാജകുമാരിയും വന്നിരുന്നു. അദോനിയാഹിൻ്റെ കൊച്ചുസഹോദരി അക്‌സാ രാജകുമാരി . ഒരു മൊട്ട് വിരിഞ്ഞപ്പോൾ അവരുടെ കണ്ണുകൾ ഇടഞ്ഞു.. മണ്ണിനടിയിൽ വേരുകൾ കെട്ടുപിണയുന്നത് അവർ അറിഞ്ഞില്ല. മുള്ളുകൾക്കിടയിൽ നിന്ന് ഒരു ലില്ലിപ്പൂവ് അവൻ പറിച്ചെടുത്തു. അവൾ അത് നെഞ്ചോട് ചേർത്തു. അവർ പഴത്തോട്ടത്തിലെ മാതള മരത്തിൻ്റെ ചുവട്ടിൽ ചിലപ്പോൾ ഒന്നും മിണ്ടാതെ ഇരിക്കും.

ബെത്ശേബ ചിരിച്ചു.

അത് തമാശയായിരുന്നില്ല. അസ്ഥിയിൽ തേൻ നിറക്കുന്ന മധുര പ്രണയമായിരുന്നുവെന്ന് അന്ന് അവർ അറിഞ്ഞില്ല.

ശലമോൻ രാജാവായതിൽ അക്സാ രാജകുമാരി ഏറെ സന്തോഷിച്ചിരുന്നു. തൻ്റെ വിവാഹത്തോടെ ഇരുകുടുംബങ്ങളും രമ്യപ്പെടുമെന്ന് ആശിച്ചു. പക്ഷേ അമ്മ തിരുത്തി.

“ബെത്ശേബയുടെ പുത്രനെ നിനക്കറിയില്ല. ചിരിച്ചു കൊണ്ട് കഴുത്തറക്കുന്നവരാണ് അമ്മയും മകനും .”

അമ്മ പറഞ്ഞത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല. പക്ഷേ ഒരു മദ്ധ്യാഹ്നത്തിൽ ഊട്ടുമേശയിൽ നിന്ന് സഹോദരനെ പടയാളികൾ പിടികൂടിയപ്പോൾ ആ സത്യം അവളെ തുറിച്ചു നോക്കി അമ്മയും നാത്തൂനും അലറി കരഞ്ഞു. പേടിച്ചരണ്ട കുട്ടികളുടെ കണ്ണുകളിലേക്ക് ഒന്നേ നോക്കിയുള്ളു പിന്നെ സർവ്വശക്തിയും സമാഹരിച്ച് ഓടി… കൊട്ടാരത്തിൻ്റെ പടികൾ കയറുമ്പോൾ കിതച്ചിരുന്നു. വാല്യക്കാരി പറഞ്ഞു.

“രാജാവ് ഉച്ചവിശ്രമത്തിലാണ്‌…”

അവൾ കാത്തു നിന്നു.

ഒടുവിൽ കൊട്ടാര മുറ്റത്ത് നിന്ന് പെരുമ്പറ അടിച്ചപ്പോൾ നിരാശയോടെ പിൻവാങ്ങി. മുറ്റത്ത് ചോരവാർന്ന സഹോദരന്റെ ശിരസ്സ് കണ്ടപ്പോൾ ഒന്നലറിവിളിച്ചു. ആരോ വന്ന് മാറോട് ചേർത്തു. കണ്ണീരടക്കി ഒന്ന് തിരിഞ്ഞു നോക്കി.

കൊട്ടാരത്തിലെ ജനാലക്കു പിന്നിൽ രാജാവിന്റെ മുഖം കണ്ടു. ശലമോൻ ചിരിക്കുകയാണ് …….

അക്സ സ്വയം ശപിച്ചു.

മൂടൽ മഞ്ഞിൽ നഗരം അമർന്നു.

ഒരിക്കൽ കൂടി യെറുശലേം കുന്നുകൾ കാണാൻ കഴിഞ്ഞതിൽ പ്രവാചക സംഘം ചേങ്ങില മുഴുക്കി….നാതാൻ പാട്ടുപാടി ദൈവത്തെ സ്തുതിച്ചു. താഴ്വരയിലെ പച്ചപ്പിൽനിന്ന് ഉയരുന്ന പുക കണ്ട് റബി ഏലിയാബ് അസ്വസ്ഥനായി.

നഗരത്തിനുമീതെ ഒരു കരിമേഘം ഫണം വിടർത്തി നിൽക്കുന്നു.

അജകവാടത്തിൽ കരിനിഴൽ വീണിരുന്നു.ചേങ്ങില ശബ്ദം കേട്ടപ്പോൾ യഹൂദർ ജോലികൾ നിർത്തി ശിരസ്സു നമിച്ചു.

റബി മന്ദഹസിച്ചു.

തെരുവിലെ പഴക്കാരികൾ പഴങ്ങൾ നൽകി. അവർ അത് ഭക്ഷിച്ചു. ആ യാത്രക്കിടയിൽ ഒരിക്കൽ പോലും ദാഹമോ വിശപ്പോ അറിഞ്ഞിരുന്നില്ല. നഗരത്തിൽ മഞ്ഞ് പെയ്തു തുടങ്ങി. ഹിമവർഷത്തിൽ ആനന്ദനൃത്തം ചവിട്ടി അവർ നടന്നു. ദൈവാലയ ഗോപുരം കണ്ടപ്പോൾ അവർ നിലത്ത് വീണ് സാഷ്ടാംഗം നമസ്ക്കരിച്ചു.

തിരുനാളിനു ജനത്തിരക്ക് കുറഞ്ഞതിൽ ആലയഗണം അസ്വസ്ഥരായി.

“കർത്താവേ ,നിൻ്റെ ജനം താഴ്വരയിലേക്കാണ് പോകുന്നത് .അവർ ആട്ടിൻകുട്ടിയെ ഹോമിക്കുന്നു. ധാന്യക്കറ്റകളും മുന്തിരിയുടെ ഫലങ്ങളും കാഴ്ചവെക്കുന്നു. ദൈവമേ , നിൻ്റെ ബലിപീഠം അനാഥമാണ് .അവിടുന്ന് അഗ്നിയും ഗന്ധവും ആ താഴ്‌ വരയിൽ പൊഴിക്കേണമേ.”

ബലികൾ അർപ്പിച്ച ശേഷം പ്രവാചക ഗണം കാത്തുനിന്നു. വെളിപാട് ഗണത്തിലെ ഒരുവൻ വിറയ്ക്കാൻ തുടങ്ങി.

“ഹാഷേമിൻ്റെ പാദപീഠമാണ് യെറുശലേം നഗരം.ആ നഗരത്തെ വിശുദ്ധീകരിക്കുക.”

റബി ശിരസ്സ് നമിച്ചു.

യെറുശലേമിനു മീതേ ആകാശം അടർന്ന് വീണു.

താഴ്‌വരയിൽ വെള്ളി പെയ്തുകൊണ്ടിരുന്നു. ക്ഷേത്ര മുറ്റത്ത് വീണ ഉതിർമണികൾ കൊത്തിപ്പെറുക്കുന്ന ചെറുകിളികളെ നോക്കി അയാൾ നിന്നു. ഉഷപൂജ കഴിഞ്ഞു നട അടച്ചിരുന്നില്ല. അയാൾ കാത്തുനിന്നു. എല്ലാം കഴിഞ്ഞ് പൂജാരി ഇറങ്ങി വന്നു. അയാൾക്ക് സന്തോഷമായി.

“രാത്രിദേവന്ന് ഒരു അമവാസി വഴിപാട് സമർപ്പിക്കാൻ യജമാനൻ ആഗ്രഹിക്കുന്നു”

പൂജാരി പുഞ്ചിരിച്ചു.

“പാനീയബലിയും ധാന്യബലിയും ശലമോൻ രാജാവിൻ്റെ വകയാണ് “

അയാൾ പറഞ്ഞു.

“ശലമോൻ രാത്രിദേവനെ അല്പമാണ് സേവിക്കുന്നത്. പക്ഷേ എൻ്റെ യജമാനൻ കൂടുതൽ സേവിക്കും.”

കൈകൾ തിരുമ്മിയിട്ട് തുടർന്നു.

“ഒരു കാളയെ ബലിയർപ്പിക്കാനാണ്

യജമാനൻ്റെ ആഗ്രഹം.”

പൂജാരി മഞ്ഞപ്പല്ലുകൾ കാട്ടി ചിരിച്ചു.

“രാത്രിദേവൻ്റെ എല്ലാ പ്രവാചകൻമാർക്കും കാണിക്ക കൊടുക്കാനും യജമാനന് ആഗ്രഹമുണ്ട്.”

പൂജാരിക്ക് അഹ്ലാദം അടക്കാനായില്ല.എത്രയോ കാലമായി ഒരു കാണിക്ക ലഭിച്ചിട്ട്. കൈകൾ ഉയർത്തി പൂജാരി ആ മനുഷ്യനെ അനുഗ്രഹിച്ചു.

“നിൻ്റെ യജമാനൻ്റെ അഭീഷ്ടം നിറവേറ്റാൻ നിശാദേവൻ അനുഗ്രഹിക്കട്ടെ ” .

അത് കേട്ട് അയാൾ ഊറി ചിരിച്ചു.

രാത്രിദേവൻ്റെ പുരോഹിതരും പ്രവാചികമാരും തുള്ളിച്ചാടി.എത്രയോ കാലമായി ഒരു മഹായാഗം അർപ്പിച്ചിട്ട്. ഒരു ഏറു കാളയെ തൊലിയുരിച്ച് ബലികഴിക്കുക ഈ ജൻമത്തിൽ സാധ്യമെന്ന് കരുതിയതല്ല. പക്ഷേ ഫറവോപുത്രിയുടെ കൗശലത്തിൽ അതു സാധ്യമായി. മലയിൽ ഒരു ബലിപീഠം ഉയർന്നു. അമാവാസിക്ക് അഖണ്ഡ ബലിയാണ് മലയിലും താഴ്‌ വരയിലും നടക്കുന്നത്.. ബലിരക്തം കുടിച്ച് രാത്രിദേവനും ശക്തി പ്രാപിച്ചിരിക്കുന്നു .ഇനി ദേവനെ തളയ്ക്കാൻ ഒരു ലേവ്യനും കഴിയില്ല.

പൂജാരിക്ക് തോന്നി.

ദേവൻ്റെ വാഴ്ചയാണ് നഗരത്തിലും താഴ്വരയിലും വരുക. കുറേ കാലം യഹൂദ പുരോഹിതർ ഭരിച്ചതാണ് , വയറുനിറയെ ഇറച്ചി ഭക്ഷിച്ചതാണ് ഇനിയുള്ള കാലം കുറച്ചു പട്ടിണി കിടക്കട്ടെ. ബാഹുറുമിലെ പൂജാരി ചിരിച്ചു.

ഇനി കാനാൻകാരുടെ ഊഴമാണ്.

അമാവാസിയിൽ രാത്രിദേവൻ്റെ ആലയം തിങ്ങി നിറഞ്ഞു. താഴ്വരയിലെ പുരോഹിതർ എല്ലാവരും വന്നുചേർന്നിരുന്നു. വിശുദ്ധ വസ്ത്രങ്ങൾ ധരിച്ച് ബലിപീഠത്തിന് ചുറ്റും അണിനിരന്നു. പൂജാരിയുടെ ക്ഷണമനുസരിച്ച് ഈജിപ്തിലെ പ്രവാചികയും വന്നുചേർന്നിരുന്നു. ഇരുൾ പരന്നപ്പോൾ ഒരു ഏറു കാളയുടെ ശബ്ദം കേട്ടു .

പൂജാരി പന്തം വീശി.

ഓക്കുമരച്ചുവട്ടിൽ ഏറുകാള നിൽക്കുന്നു. പൂജാ വസ്ത്രം കണ്ട് കാള വിരണ്ടു. കെട്ട് പൊട്ടിക്കാൻ അവൻ ഒന്നു ശ്രമിച്ചു നോക്കി. പക്ഷേ ആ മുപ്പിരിയൻ കയർ പൊട്ടിക്കാൻ കഴിഞ്ഞില്ല.

ബലിയർപ്പിക്കാനായി ഒരു യഹൂദൻ അകത്തു കടന്നു. അയാൾ മുഖം മറച്ചിരുന്നു. പൂജകൾ ആരംഭിച്ചപ്പോൾ മുഖാവരണം മാറ്റി. നാതാൻ രാജകുമാരൻ !

പൂജാരി ചിരിച്ചു. സഹായിക്ക് സംശയം തോന്നി.

“പ്രഭോ രാജകുമാരൻ ആ റബിയുടെ ശിഷ്യനല്ലേ?”

അയാൾ പറഞ്ഞു.

“മുമ്പെ ഗമിക്കുന്ന ഗോവിനെ പിന്നാലെ ബഹു ഗോക്കളും..”

പ്രവാചക ഗണം ഊറിചിരിച്ചു.

ആകാശത്ത് മൂന്ന് നക്ഷത്രങ്ങൾ ഉദിച്ചപ്പോൾ ബലിമൃഗത്തെ വെട്ടിനുറുക്കി വിറകിന് മീതെ വെച്ചു. വിശുദ്ധതൈലം തളിച്ചപ്പോൾ പ്രവാചിക മന്ത്രങ്ങൾ ചൊല്ലി തുടങ്ങി. . വിറകിൽ അഗ്നി ആളിപടർന്നതോടെ വിറയ്ക്കാനും ബലിപീഠത്തിന് ചുറ്റും ഓടാനും തുടങ്ങി. ബലിയിൽ പങ്കുചേരനായി മറ്റ് യഹൂദരും അകത്തു വന്നു. വാതിലിനോട് ചേർന്നു നിലയുറപ്പിച്ചു. ആചാരമനുസരിച്ച് കൈത്തണ്ട മുറിച്ച് ചോര ഒഴുക്കിയപ്പോൾ അവർ വാതിലടച്ചു. നാതാൻ പറഞ്ഞിരുന്നു.

“ഒരാൾ പോലും രക്ഷപ്പെട്ടു കൂടാ. എല്ലാവരെയും വധിക്കുക.”

ദാസർ അവരുടെ മേൽ ചാടിവീണ് ഒന്നൊഴിയാതെ എല്ലാവരെയും വാളിന്നിരയാക്കി.

രാത്രിയിൽ മഞ്ഞ് പെയ്തു കൊണ്ടിരുന്നു. തുത് മോസ റാണി ഒരു ദുസ്വപ്നം കണ്ട് ഞെട്ടിയുണർന്നു. യെറുശലേം അരുവിയിലെ വെള്ളം ചെന്നായ്ക്കൾ നക്കികുടിക്കുന്നു!. അത് രക്തം പോലെ ചുവന്നിരുന്നു.ഉറക്കറയിലെ മങ്ങിയ വെളിച്ചത്തിൽ ഒന്ന് കണ്ണടച്ചു. പക്ഷേ ഒരിക്കൽ കൂടി ആ കാഴ്ച മനസിൽ തെളിയുകയാണ്. വല്ലാത്ത അസ്വസ്ഥത. ഒരു അലർച്ചയോടെ പാതിരാക്കാറ്റ് ജനാലയിൽ തട്ടിവിളിച്ചപ്പോൾ ഭയം മനസ്സിലേക്ക് ഇരച്ച് കയറി.

പ്രഭാത തണുപ്പിൽ നരച്ച പുതപ്പ് മാറ്റാൻ സൂര്യൻ മടിച്ചു.ന്യായ മണ്ഡപത്തിന് മുന്നിലെ അഗ്നികുണ്ഡത്തിനു ചുറ്റും കാവൽക്കാർ കൂടി നിന്നിരുന്നു. അവർ കാതോർത്തു. രാജാവ് എഴുന്നെള്ളുന്ന ദിവസമാണ്. അൽപം കഴിഞ്ഞപ്പോൾ ശിപായി ഉറക്കെ വിളിച്ചു.

ഹൂശിൻ്റെ പുത്രൻ ഏസെർ…

ചീട്ട് കാണിച്ച് ഒരു വൃദ്ധൻ അകത്തേക്ക് കയറിപ്പോയി.

രാജാവ് ആരാഞ്ഞു.

“എന്താണ് നിനക്ക് പറയാനുള്ളത്? “

അയാൾ രാജാവിനെ നമസ്ക്കരിച്ച് പറഞ്ഞു തുടങ്ങി.

“പ്രഭോ , ……”

പുറത്ത് ഒരു ശബ്ദ കോലാഹലം കേട്ടു. ശലമോൻ ദൃഷ്ടി ഉയർത്തി. നോക്കി. കവാടാത്തിൽ ഒരു വൃദ്ധൻ ബഹളം ഉണ്ടാക്കുന്നു. അയാളുടെ വസ്ത്രം കീറിപ്പറിഞ്ഞിരുന്നു. തലയിലാകെ പൂഴിയും.

ഭ്രാന്തൻ?

കാവൽക്കാർ അയാളെ തടഞ്ഞു.

അയാൾ ഉറക്കെ നിലവിളിച്ചു.

“പ്രഭോ …രക്ഷിക്കണമേ “

ശലമോന് മനസ്സലിവു തോന്നി. രാജാവ് ആംഗ്യം കാട്ടി.

അയാൾ ഓടി ചെന്ന് ശലമോൻ രാജാവിനെ ദണ്ഡനമസ്ക്കാരം ചെയ്തു. രാജാവ് ചോദിച്ചു.

“നീ ആരാണ്?”

ചുറ്റുപാടും ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു.

”ഞാൻ ഒരു ഈജിപ്തുകാരനാണ്. രാവിലെ ബലിയർപ്പിക്കാൻ താഴ്വരയിൽ പോയപ്പോൾ ക്ഷേത്രത്തിൽ ഒരു കാഴ്ച കണ്ടു. “

അയാൾ കരഞ്ഞു. രാജാവ് ആരാഞ്ഞു.

“എന്താണത്? പറയുക “

” രക്തം ഒഴുന്നതു കണ്ടു “.

“രക്തപ്പുഴയോ?”

“അതെ , തമ്പുരാനേ “

അകത്തു കയറി നോക്കിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന രാത്രിദേവൻ്റെ പൂജാരിമാരെ കണ്ടു”

ഈജിപ്തിലെ പൂജാരിമാരുടെ മരണം കേട്ട് ശലമോൻ്റെ മുഖം വിളറി.

മുന്തിരിച്ചക്കിലെ ചാറു പോലെ ക്ഷേത്രവാതിലിൻ്റെ കട്ടിളക്കടിയിൽ നിന്ന് രക്തം ഒഴുകിയിരുന്നു. തുത് മോസ റാണി അകത്തു കയറി നോക്കി. പ്രവാചികയുടെ കണ്ണ് തുറന്നിരിക്കുന്നു. കൺമുന്നിൽ കണ്ട മരണം ആ കണ്ണുകളെ നരപ്പിച്ചു. ഉളളം ഇളകി മറിയുന്ന പോലെ റാണിക്ക് തോന്നി. പ്രവാചികയുടെ വസ്ത്രത്തിലെ കട്ടചോര കണ്ടപ്പോൾ കുടൽ ഞെട്ടി വിറച്ചു. പിളർന്ന വയർ കണ്ടപ്പോൾ സന്ധി ബന്ധങ്ങൾ വേർപെട്ട ഒരു ഞരക്കം റാണിയിൽ നിന്നുയർന്നു. ആശ്വസിപ്പിക്കാൻ ഇനി ഈജിപ്തിലെ പ്രിയയില്ല. ആ മാറിലേക്ക് അവൾ അലച്ച് വീണു. നഗരത്തിലെ ഈജിപ്തുകാർ നിശബ്ദം കരഞ്ഞു.

വിജാതീയരുടെ ശ്മശാനത്തിൽ മൃതരെ തുവെളള വസ്ത്രത്തിൽ പൊതിഞ്ഞ് കിടത്തി.

സുഗന്ധലേപനങ്ങൾ പുരട്ടിയിരുന്നു. പ്രവാചികയുടെ കുഴിമാടത്തിൽ ശലമോൻ രാജാവ് കണ്ണീർ വാർത്തു. ഒരു പിടി കുന്തിരിക്കം വിതറിയപ്പോൾ ഈജിപ്തുകാർ പൊട്ടിക്കരഞ്ഞു. പക്ഷേ റാണി കരഞ്ഞില്ല. ആറ്റരികിലെ അലരിപോലെ അവളുടെ മുടിയിഴകൾ ചിതറി കിടന്നിരുന്നു. രാജാവ് പ്രിയതമയുടെ കരത്തിൽ ഒന്നമർത്തി. പക്ഷിക്കുഞ്ഞിൻ്റെ ഹൃദയം പോലെ അത് വിറയാർന്നിരുന്നു.

പ്രവാചികയുടെ ആത്മശാന്തിക്കായി മലയിൽ റാണി ബലികൾ അർപ്പിച്ചു. എട്ടാം ദിനം മടങ്ങുമ്പോൾ ഒരു രൂപം മഞ്ഞിൽ നിന്ന് ഓടിവരുന്നത് കണ്ടു. അയാളുടെ മുടി മഞ്ഞ് വീണ് വെളുത്തിരുന്നു. തണുപ്പു കാരണം വിറകൊണ്ടു അംഗരക്ഷകൻ ഒരു വാൾ എടുത്തു. പക്ഷേ റാണി വിലക്കി.

“ആ മനുഷ്യനെ കമ്പിളി പുതപ്പിക്കുക.”

അൽപം ചൂട് വീണപ്പോൾ അയാൾ വായ് തുറന്നു.

“തമ്പുരാട്ടീ… “

ആ ശബ്ദം കേട്ട് അവൾ അമ്പരന്നു. പുരോഹിതൻ്റെ സഹായി. ആ ഘോര കൃത്യത്തിൻ്റെ ഏക സാക്ഷിയാണ്. അവൾ ആ കരത്തിൽ പിടിച്ചു പറഞ്ഞു.

“പറയുക “

തമ്പുരാട്ടീ,

അയാൾ മടിച്ചു. റാണി പറഞ്ഞു.

“ഭയപ്പെടേണ്ടാ…”

അയാൾ പറഞ്ഞു.

“അവിടുത്തെ പുരോഹിതരെയും പ്രവാചികയെയും കൊലചെയ്തത് രാജാവിൻ്റെ സഹോദരനായ നാതാനാണ്…. പുരോഹിതരിൽ ആർക്കും ആ വാളിൽ നിന്ന് രക്ഷപ്പെടാനായില്ല. ഇത് പറയാൻ ഞാൻ മാത്രം ശേഷിച്ചിരിക്കുന്നു.”

ഒരുപിടി മഞ്ഞ് വാരി റാണി തലയിൽ വിതറി. രക്തത്തിന് പകരം രക്തമാണ്. അവൾ അലറി.

“എൻ്റെ പുരോഹിതയെ നാതാൻ വധിച്ചു. അവൻ്റെ ജീവനെ ഞാൻ അതു പോലെ ആക്കുന്നില്ലെങ്കിൽ ഹാതോർ എന്നോട് ഇതും ഇതിലധികവും ചെയ്യട്ടെ.”

കത്തി കൊണ്ട് സ്വകരത്തിൽ ഒരു മുറിവുണ്ടാക്കി. ആ മുറിവിൽ നിന്ന് ചോര പൊടിഞ്ഞു. മലയിലെ മഞ്ഞ് ചുവന്നു.

(തുടരും)

വര : പ്രസാദ് കാനത്തുങ്കൽ

കവർ : വിൽസൻ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like