പൂമുഖം LITERATUREവായന ഇടശ്ശേരിയും പച്ചക്കുളവും കാവ്യസംക്രമണവും

ഇടശ്ശേരിയും പച്ചക്കുളവും കാവ്യസംക്രമണവും

നോക്കൂ,ഈ കുളം എന്റെ ബാല്യത്തിന്റെ തിരുശേഷിപ്പാണ് !.
അത്യാനന്ദത്തോടെ ഞങ്ങൾ തുടിച്ചുകുളിച്ച ,
മൂക്കുപിടിച്ചു മുങ്ങിക്കുളിച്ച , ഉണ്ണിപ്പിണ്ടിച്ചങ്ങാടം കെട്ടി നീന്താൻശ്രമിച്ച,
തോർത്തുകൊണ്ടും ഇട്ട ഷിമ്മീസുകൊണ്ടും വെളുത്തുമിന്നുന്ന ചെറുമീനുകളെപ്പിടിച്ച, അവയെ വെള്ളാരങ്കല്ലുകളും പായലുമിട്ടൊരുക്കിയ പളുങ്കുകുപ്പിയിലേക്ക് നാടുകടത്തി രസിച്ച എന്റെ ബാല്യത്തിന്റെ തിരുശേഷിപ്പാണീ കുളം !..
പെരുമഴക്കാലത്ത്,
കുളക്കരയിലൊരു ഞാഞ്ഞൂൽവേട്ടയുണ്ടാകും. അത് ചിരട്ടയിലാക്കി ചൂണ്ടയിൽ കൊളുത്തി, ആൺകുട്ടികൾക്കൊപ്പം ഈയുള്ളവളും മീൻപിടിക്കാനിരിക്കുന്നൊരു ചിത്രം ഇന്നുമൊരു മറവിപ്പൂപ്പലും കൂടാതെ മനസ്സിലുണ്ട്!

എന്നാലീ കുളത്തിന് എന്റെ ജീവിതസമരവുമായി അഭേദ്യമായ ബന്ധമുണ്ടാവുന്നത് എനിക്ക് പതിനൊന്നുവയസ്സുള്ളപ്പോൾ ഇടശ്ശേരിയുടെ ‘വിവാഹസമ്മാനം ‘ എന്ന കവിത അച്ഛൻ ചൊല്ലിപ്പറഞ്ഞതിനുശേഷമാണ് !
“പച്ചക്കുളമിതു കാണാതായി
പായൽനിരന്നുമിരുൾ പരന്നും..
ദുഃഖദവിസ്മൃതിപ്പൂപ്പൽ മൂടി
ദുഷ്കാലം പെട്ടേടമെന്നപോലെ !..”
എന്ന ആദ്യവരിയിൽത്തന്നെ,
കവിതയിലെ നായികയിലേക്ക് ഞാൻ പ്രവേശിച്ച്, ഞങ്ങളുടെ പച്ചക്കുളത്തെ കവിതയുടെ പ്രധാനവേദിയാക്കി സങ്കല്‌പിക്കാൻ തുടങ്ങി. അതുവഴി ആ കുഞ്ഞുപ്രായത്തിലും
” ആരോടും പറയാത്ത”എന്റെ വലിയ സങ്കടങ്ങളെ നൈമിഷികമായ ഒരൊറ്റഭാവനകൊണ്ട് ഈ കുളക്കരയിലെത്തിയൊന്നിറക്കിവയ്ക്കാനും എന്റെ സങ്കല്പചിത്രണം പൂർത്തിയായാൽ കണ്ണീരുതുടച്ച് ആശ്വാസത്തോടും ആത്മവിശ്വാസത്തോടും തിരികെപ്പോകാനുമുള്ള അതിസുന്ദരമായൊരുപാധിയാക്കി അതിനെ പരമാവധി മനനം ചെയ്യാനും തുടങ്ങി..

അനുജത്തിയുടെ വിവാഹപ്പിറ്റേന്ന് ആത്മഹത്യ ചെയ്ത അവിവാഹിതയായ ജ്യേഷ്ഠത്തിയെക്കുറിച്ചൊരു പത്രവാർത്തയാണ് ,
ഈ ഹൃദയഹാരിയായ കവിതയെഴുതാൻ കവിക്ക് പ്രേരണയായതത്രേ !
കവിതയിൽ ചേച്ചിയുടെ കാമുകനെയാണ് അനുജത്തി ഭർത്താവാക്കിയിരിക്കുന്നത്. അതിന്റെ കാരണങ്ങൾ അനുവാചകർക്ക് വിഭാവനം ചെയ്യാനുള്ളതാണ്..
അവർ എങ്ങനെ, എപ്പോളാണ് കണ്ടുമുട്ടിയത് , പ്രണയിച്ചത് ,
അതല്ലാതെ അതിനു കളമൊരുക്കിയ മറ്റുസാഹചര്യമുണ്ടായിരുന്നോ എന്നൊക്കെ ചോദ്യങ്ങളുണ്ടാവാം..
ആ ” മറ്റു ” സാഹചര്യത്തെക്കുറിച്ച് ഞാൻ ചിലതുസൂചിപ്പിക്കാം.
അക്കാലത്തെ അമ്മമാർക്ക് ചീത്തവിളിയുടെ മാരകപര്യായങ്ങളടങ്ങിയ ഒരു പ്രത്യേകനിഘണ്ടുതന്നെ നാക്കിൻതുമ്പത്ത് നിലവിലുണ്ടായിരുന്നു..
വികടസരസ്വതിയാണതിന്റെ പ്രസാധക !
വെള്ളം കൂട്ടാത്ത ഒരിത്തിരിസ്നേഹപ്പൊടിയിൽ വാക്കുകളൊട്ടുമൊപ്പാതെ അതിനെയുള്ളിലിട്ടു ജീർണ്ണിപ്പിച്ച് മൂധേവി , അശ്രീകരം, പണ്ടാരം, അസത്ത്, തർപ്പണവിത്ത്.. ഇത്യാദി വിളികളെടുത്ത് പുറത്തിട്ട് നീട്ടിത്തല്ലിയലക്കുന്ന നാട്ടിൻപുറങ്ങൾ സർവ്വസാധാരണവുമായിരുന്നു.
അമ്മപ്പ്രാക്കുകളിൽ വായുമുട്ടിയോടിയ ഉത്പതിഷ്ണുക്കളായ ചില പെൺകിടാങ്ങളെങ്കിലും
അല്പം ശ്വാസാനന്ദത്തിനുവേണ്ടി വേലിചാടിത്തുടങ്ങിയിട്ടുണ്ടാവണം..
ആ ശകാരനിഘണ്ടുവിനെപ്പറ്റി ഇടശ്ശേരി ഉദാഹരിക്കുന്നതെന്തെന്നോ !?
“അമ്മ പറഞ്ഞില്ലേ,പെൺകിടാവിന്നാറാടാൻ തെല്ലുപുലർന്നാലെന്തേ?
ഓർത്തുനടക്കണ,മേറെച്ചിത്രം
ഓട്ടപ്പെടുമെന്നവർ പറഞ്ഞു..
കാലേകുളിച്ചാലോ വേശിയാട്ടം, കാലത്തെണീക്കാഞ്ഞാൽ കള്ളനാട്യം
പോകാതിരുന്നാലുമമ്പലത്തിൽ
പോയാലുമെപ്പൊഴും മറ്റൊരർത്ഥം!..”

ഒന്നിത്തിരി നേരത്തേ കുളിച്ചാലതു കാക്കക്കുളി.
ലേശം സമയമെടുത്ത് താളിതേച്ചുകുളിച്ചാലോ ?
” ആറാടിക്കേറീലേ പെണ്ണാരുത്തീ
അമ്മയ്ക്കിമ്മട്ടൊന്നേ നാവിലെത്തൂ… “

അല്പം സ്നേഹം കുടഞ്ഞിട്ടാൽ , മകളതെല്ലാം വാരിക്കൂട്ടിയെടുത്ത് വഴിതെറ്റിപ്പോകുമോ എന്ന ശങ്ക ചില അമ്മമാരെയെങ്കിലും മഥിച്ചൊരു കാലമായിരുന്നത് !
പക്ഷേ,
സ്നേഹം പ്രകടിപ്പിക്കുവാൻ കൂടിയുള്ളതല്ലേ ? അല്ലാതെ പ്രത്യേകിച്ചും നമ്മുടെ കുഞ്ഞുങ്ങളതെങ്ങനെ മനസ്സിലാക്കും?
ഒരു സ്നേഹത്തുണ്ട് രക്ഷിതാക്കളവർക്ക് പ്രകടമാക്കിയേ തീരൂ… അതവരെ ബോദ്ധ്യപ്പെടുത്താനാണ് .
വഴിതെറ്റാതെ നടത്താനാണ് ..
സകലപ്രതിസന്ധികളിലും ചേർത്തുനിർത്താൻ കൂടെയുണ്ടെന്ന് അറിയിപ്പിക്കാനാണ്..
അല്ലാത്തപക്ഷം കുതിച്ചൊഴുകുന്ന സ്നേഹത്തിന്റെ തീരംനോക്കി അവരങ്ങു പോയ്ക്കളയുന്നത് സ്വാഭാവികമാണ്!
അതുകൊണ്ടല്ലേ ,
“ഉച്ചയ്ക്കിത്താമരപ്പൊയ്കവക്കിൽ പച്ചത്തണലിലദ്ദേഹം വാഴ്കെ, ആടിനെക്കെട്ടാനോ തെല്ലുനേരം
ഏടലർ കണ്ടുരസിക്കുവാനോ ഞാനിങ്ങണഞ്ഞീലണിഞ്ഞൊരുങ്ങീ -യിട്ടാ നന്ദോദ്വേഗാൽ ജ്വലിച്ചിടാതെ “

എന്നിങ്ങനെ പ്രണയം സംഭവിച്ചത് കവി വരച്ചിടുന്നത് ! ആടിനെക്കെട്ടാനോ അല്ലെങ്കിൽ താമരപ്പൂക്കളെക്കണ്ടു രസിക്കാനോ എന്ന വ്യാജേന അവളങ്ങോട്ടു വച്ചടിക്കും..
ആ താമരപ്പൊയ്കയുടെ വക്കത്തെ പച്ചത്തണലിൽ, സ്നേഹത്തിന്റെ പൂർണ്ണമാമാകാരമായി അയാളുണ്ടാവും.
എന്നാൽ വിധിഹിതമെന്നേ പറയേണ്ടൂ,
അയാൾ നമ്മുടെ നായികയുടെ അനുജത്തിയെ വധുവാക്കിയിരിക്കയാണ്.
ഈയൊരു സംഭവം മനസ്സിനേല്പിച്ച കനത്ത ആഘാതവും അമ്മയുടെ കർക്കശവും പക്ഷഭേദമാർന്നതും സ്നേഹരഹിതവുമായ പെരുമാറ്റവുമൊക്കെ ഇനിയങ്ങോട്ടുള്ള ജീവിതത്തിനോടവൾക്ക് വെറുപ്പുണ്ടാക്കിയതാവാം.
എന്നാൽ തന്റെ വീടിനും വീട്ടുകാർക്കും ചീത്തപ്പേരുണ്ടാവാതിരിക്കാൻവിധം ,
ആ ആത്മഹത്യയെ ഒരു സുന്ദരമായ കൃത്യത്തിനിടയിൽ സംഭവിച്ച അപകടമാക്കി അവൾ തന്ത്രപരമായി മാറ്റിയെടുക്കുകയാണ്.
തന്നെ ചതിച്ച കാമുകന്റേയും അനുജത്തിയുടേയും കൃത്യം നെഞ്ചത്തുതന്നെയത് തറയ്ക്കണമെന്ന് അവൾക്ക് നിർബന്ധവുമുണ്ട്.
അങ്ങനെ …


സ്വന്തം അനുജത്തിയുടെ വിവാഹപ്പിറ്റേന്ന്,തന്റെ
അഞ്ചാറുവയസ്സുള്ള കുഞ്ഞനുജനുമായി കുളത്തിലേക്ക് , പുലരുംമുമ്പേ കുളിക്കാനെത്തുകയാണ് നായിക.
എന്നാൽ കുളിയല്ല അവളുടെ ഉദ്ദേശ്യം.
” നീയിതിൻനേർത്തൊരു വീർപ്പാൽത്തന്നെ
നിന്നുവിറയ്ക്കാൻ തുടങ്ങിയല്ലോ
ചേച്ചി പുതപ്പിച്ചിരുത്താം നിന്നെ –
ച്ചേലിലീ മേൽമുണ്ടു കൊണ്ടിവിടെ!. “
എന്നോതി കുളപ്പടവിൽ അനുജനെ പുതപ്പിച്ചിരുത്തി, കുളത്തിൽ ചാടി ആത്മഹത്യ ചെയ്യാനാണ് ചേച്ചിയുടെ പദ്ധതി. താമരപ്പൂവ് പറിച്ചുതരാൻവേണ്ടി താൻ കുളത്തിലിറങ്ങുകയാണെന്നും വീട്ടുകാരെ പേടിപ്പിക്കാൻവേണ്ടി താനവിടെ ചേല കുരുക്കിക്കിടക്കുമെന്നും ഒട്ടുമേ പേടിക്കേണ്ടതില്ലെന്നും ചേച്ചി ബുദ്ധിപൂർവ്വം പറഞ്ഞുവയ്ക്കുന്നു.
എന്തിനാണു ചേച്ചി കുളത്തിൽ ചാടിയതെന്ന് പലരും ചോദിച്ചേക്കാം..
“ഉമ്മവച്ചോതുന്നു ചേച്ചി നിന്നോ –
ടോർമ്മിച്ചിതൊന്നേ നീ ചൊല്ലിടാവൂ
ഉണ്മയിൽ ദമ്പതിമാർക്കൊരോമൽ
സമ്മാനമേകണമെന്നുചൊല്ലി ചേലിലിപ്പൊൽത്താർ പറിക്കുവാനേ ചേച്ചിയിറങ്ങിയിപ്പൂങ്കുളത്തിൽ !. “
നവദമ്പതികൾക്ക് ഒരു താമരപ്പൂ സമ്മാനിക്കാൻവേണ്ടിയാണ് ചേച്ചി ഈ കുളത്തിലിറങ്ങിയതെന്നേ പറയാവൂ എന്നാണ് കുഞ്ഞനുജനെയുമ്മവച്ച് ചേച്ചി ഓർമ്മിപ്പിക്കുന്നത്..
ഇതൊക്കെക്കേട്ട് അനിയൻകുട്ടി അങ്കലാപ്പോടെയിരിക്കുമ്പോൾ ,
” ആയായി,തോർത്തീല ചേച്ചി തെല്ലും
നീയിതുകൊണ്ടൊക്കെപ്പേടിച്ചാലോ !?”
എന്നവനെ സമാധാനിപ്പിക്കാനും ചേച്ചി മറക്കുന്നില്ല.

സത്യത്തിൽ ഈ കവിതയെ പരിചയപ്പെടുന്നതിനുമുമ്പുവരെ ,
എന്റെ ഏറ്റവും സ്വകാര്യവും തോരാത്തതുമായ ഒരുസങ്കടനിവൃത്തിക്കുവേണ്ടി എന്റെ കോട്ടയ്ക്കലമ്മയ്ക്ക് തുടർച്ചയായി എണ്ണവഴിപാട് കഴിച്ചിരുന്നവളാണു ഞാൻ !
അതുകൊണ്ടുതന്നെ പിന്നീടങ്ങോട്ട് ,
ഏറ്റവും ദുഃഖഭരിതമായ സന്ദർഭങ്ങളിലൊക്കെ ഇടശ്ശേരിയുടെ ഈ കാവ്യരംഗത്തിന് ഞങ്ങളുടെ സ്വന്തം കുളക്കര വേദിയാക്കി , എന്റെ അഞ്ചുസഹോദരന്മാരിലേതെങ്കിലുമൊരാളുടെ കൈപിടിച്ച് അങ്ങോട്ടേക്കുപോകുന്നതുസങ്കല്‌പിക്കൽ ഞാൻ ശീലമാക്കി..
ആ കാവ്യനായികയെപ്പോലെ, കുളപ്പടിയിൽ ഞാനെന്റെ പൊന്നനുജനെയിരുത്തി കുളത്തിലേക്ക് ചാടാനൊരുങ്ങി..
അന്നേരം ഇടശ്ശേരിയുടെ നായിക തൽസമയമെന്റെ ഉള്ളിലേക്കുകയറി അവനോടു പറയും..
“കോച്ചുംതണുപ്പിൽ കഴുത്തിനറ്റം
ചേച്ചിയിറങ്ങിത്തിരിഞ്ഞുനോക്കാം.
ഇപ്പടവിന്മേൽബ്ഭയപ്പെടാതെ –
ന്നപ്പു ചിരിച്ചു ചിരിച്ചിരിക്കൂ..
ആശിക്കാനില്ലൊരു മന്ദഹാസം
ചേച്ചിക്കു മറ്റൊരു ചുണ്ടിൽനിന്നും !..”

ഈ രംഗം സങ്കല്‌പിക്കുമ്പോഴൊക്കെ ഞാൻ വിതുമ്പി നിശ്ശബ്ദം കരയും ..
സജലമായ കണ്ണുകൾക്കൊപ്പം എന്റെ ചുണ്ടുവിറയ്ക്കാൻ തുടങ്ങും..

കുളത്തിൽ ചാടുന്നതിനുമുമ്പ് , തന്നെ ഏറെ സ്നേഹിക്കുന്ന അനുജനോട് അവസാനമായി ചേച്ചിക്കൊരു ചോദ്യമുണ്ട്.
” ഞാനിക്കറുത്തൊരു നീറ്റിൽ മുങ്ങി –
ക്കാണാതെയാമ്പോൾക്കരയുമോ നീ ?..”

നോക്കൂ … എന്നെക്കാണാതെയാവുമ്പോൾ നീ കരയുമോ എന്നു ചോദിക്കുന്നത് എന്തിനാണ് മനുഷ്യരേ ?
ഞാൻ കരയും, എന്റെ ചേച്ചി എന്നെവിട്ടുപോവല്ലേയെന്നവൻ നൂറുവട്ടം പറയണമെന്നു കരുതിത്തന്നെയാണത്.
അവസാനശ്വാസത്തിലും സ്നേഹിക്കപ്പെടാനുള്ള കൊതിയാണവിടെ വ്യംഗ്യം !
ഇതിനെ സ്വാർത്ഥചിന്തയെന്നു പറയാമോ ? അങ്ങനെയെങ്കിൽ ഇത്തരം സ്വാർത്ഥചിന്തകൾ, നിലനില്പിനുവേണ്ടി പ്രകൃതിയൊരുക്കുന്ന വളരെ സ്വാഭാവികമായ പദ്ധതികളാണ്.

അങ്ങനെ സർവ്വപ്രത്യാശയും പിടിവള്ളിയും നഷ്ടപ്പെട്ട് , ഇടശ്ശേരിയുടെ നായികയെപ്പോലെ ഞാനാ കുളത്തിലേക്ക് ചാടിമരിക്കാനായുമ്പോൾ …. പടിഞ്ഞാട്ടുനിന്നെന്റെ കോട്ടയ്ക്കലമ്മ എന്നെനോക്കി കൈയോങ്ങും..
ഞാൻ കൊഞ്ഞനംകുത്തും..

അന്നേരം …
അതേ,സത്യമാണ് – എങ്ങാണ്ടൊരു ധൈര്യത്തിന്റെ മടയിൽനിന്നൊരു പുലിക്കുട്ടി ഉടനടി ചാടിയെന്റെ മനസ്സിലെത്തി,
“അയ്യയ്യേ അയ്യയ്യേ ന്റെ സഖാവുട്ടീ .. ” എന്നെന്നെ കളിയാക്കി വിലക്കും.
അത് കേവലമൊരു പുലിയല്ല !നിഷേധിക്കപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ കരുത്താണ്ട സ്ത്രീസത്തയാണത്!
കാലിനിടയിൽ വാലുതിരുകിയ കൊടിച്ചിയിൽനിന്ന് , ചെറുത്തുനില്ക്കുകയും ആക്രമിച്ചുതോല്പിക്കുകയും ചെയ്യുന്ന വ്യാഘ്രിയിലേക്ക്‌ തൽക്ഷണമെന്റെ സ്വത്വം പറിച്ചുനടപ്പെടും.
ശക്തിയിലേക്കുള്ള പെണ്മയുടെ പകർന്നാട്ടത്തിൽ
ഞൊടിയിടെ ഞാനൊരു വരയൻപുലിയായി മാറും !..

“പിന്നേ..യ്ക്ക് മരിക്കലല്ലേ പണി ?ന്റെ പട്ടി പൂവും” എന്നാക്രോശിച്ച്,
അച്ഛനും സഖാവ് പപ്പേട്ടനുംകൂടെ പൂമുഖത്തിരുന്നു പലപ്പോഴും കൊറിക്കുന്ന ഓയെൻവിയുടെ
കോതമ്പുമണികളെത്തന്നെ ഓരോന്നോരോന്നായി പെറുക്കിയെടുക്കാൻവേണ്ടി ഞാനെന്റെ പൊന്നനുജന്റെ കൈപിടിച്ചൊരോട്ടമോടും.
ആങ്ങളയാൽ സംരക്ഷണം കൊതിക്കുന്ന പെങ്ങളും നീയെന്റെ പെങ്ങളാണെന്ന് ആവർത്തിച്ചുരുവിടുന്ന ആങ്ങളയുമായി ഞങ്ങൾ മാറും..
എല്ലുറപ്പും
കൈക്കരുത്തും
തന്റേടവുമുള്ള ആങ്ങളയായിമാറി
മഹത്തായ സോദരസ്നേഹമുൾക്കൊണ്ട് , സ്ത്രീകൾക്ക് സംരക്ഷണമേകുകയാണ് പുരുഷധർമ്മമെന്ന്‌ വിളിച്ചോതുന്ന ആ വരിത്തണലത്തങ്ങനെ ഞങ്ങൾ നില്ക്കും..
“പേടിച്ചരണ്ട നിന്‍ കണ്ണുകള്‍ രാപ്പകല്‍
തേടുന്നതാരെയെന്നറിവൂ ഞാന്‍.
മാരനെയല്ല, മണാളനെയല്ല, നിന്‍-
മാനം കാക്കുമൊരാങ്ങളയെ!”
എന്നവരി വീണ്ടും വീണ്ടും ചൊല്ലി മനസ്സുകൊണ്ടോടിക്കേറി തട്ടുമ്മോളിലെത്തി, വ്രാന്തയിലെ അച്ഛാച്ഛന്റെ ചാരുകസേരയിലിരുന്ന് ഞാനെന്റെ കാലിന്മേൽ കാലുകയറ്റിവയ്ക്കും..
ഒരിക്കൽ ,
എന്റെ പേരിലീ ദേശമറിയപ്പെടുന്നതോർന്ന് ഞാനഭിമാനംകൊണ്ട് വിജൃംഭിതയാവും..
അടിമുടി കോൾമയിർക്കൊള്ളും..
പടിഞ്ഞാറ് കോട്ടയ്ക്കലമ്മയെണീറ്റ് എന്നെ സാകൂതം നോക്കി കൈയടിക്കും..
നീളം കൂടിയൊരു സങ്കടപ്പുഴയെ
പെരുത്തൊരു സാന്ത്വനക്കടലിലേക്ക് ഇവ്വിധമൊഴുക്കിയൊഴുക്കി , ഞാനങ്ങനെ സ്വയം ശുദ്ധീകരിച്ചു കരുത്തയാവും..

എന്റെ വിവാഹംവരെ ഈ പച്ചക്കുളത്തെ സാക്ഷിയാക്കി ഞാനിത്തരം മനോശുദ്ധീകരണവിനോദത്തിലും തുടർന്നുള്ള ആനന്ദമൂർച്ഛയിലുമേർപ്പെട്ടു. അതെന്തുകൊണ്ടാവാമെന്ന് അന്നൊക്കെ ചിന്തിച്ചിട്ടുണ്ട്.
ഇടശ്ശേരിക്കവിതയിൽനിന്നും പൊടുന്നനെ ഓയെൻവിക്കവിതയിലേക്കുള്ള ഈ സംക്രമണം എന്നെ അതിശയിപ്പിക്കുന്നതായിരുന്നു !
എങ്കിലും പിന്നീടതിനുള്ള ഉത്തരം,
“പൊട്ടി പുറത്ത് ശീവോതി അകത്ത് ” എന്ന കവിതയിലൂടെ
എന്റെ പുന്നാരയിടശ്ശേരിതന്നെ എനിക്കു കാട്ടിത്തരുകയായിരുന്നു.
“വെളിച്ചം തൂകിടുന്നോളം
പൂജാർഹം താനൊരാശയം
അതിരുണ്ടഴൽചാറുമ്പോൾ
പൊട്ടിയാട്ടുക താൻ വരം!”

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like