പൂമുഖം LITERATUREകഥ ഒരു കവിതക്കഥ

ഒരു കവിതക്കഥ

മകന്റെ കല്ല്യാണക്കുറി വാട്സാപ്പിലും, മെസ്സഞ്ചറിലും തൊടുത്തു വിടുമ്പോഴായിരുന്നു, പ്രൊഫസറുടെ ഇടിവെട്ട് പോലുള്ള ചിരി.ഇത്തരം ചിരിയുടെ അകമ്പടിയായി ഒരു സരസകഥ ഉണ്ടാകുമെന്ന് പ്രൊഫസറുടെ ഭാര്യക്ക് ഉറപ്പായിരുന്നു.ഭാഷാദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ സാഹിത്യ കിറുക്കുകളെല്ലാം അവരും ആസ്വദിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു.അടുക്കളയിൽ നിന്നും ഓടി ഒരു കഥാപ്രസംഗം കേൾക്കാനെന്ന പോലെ അവർ അദ്ദേഹത്തിന്റെ മുന്നിലെത്തി.അദ്ദേഹം ചിരി ഒതുക്കാനായി ആയാസപ്പെട്ടുകൊണ്ടു പറഞ്ഞു,

“ഇപ്പോൾ ഞാൻ വാട്‌സ്ആപ്പിൽ തൊടുത്തുവിട്ട ക്ഷണക്കത്ത് നാൽപതോളം വർഷങ്ങൾക്ക് മുമ്പ് എന്റെ ജൂനിയറായി പഠിച്ചിരുന്ന ഒരു സ്ത്രീ സുഹൃത്തിനാണ്.”

‘അതിനെന്തിനീ ഒരു അട്ടഹാസച്ചിരി?’എന്ന രീതിയിലാണ് ഭാര്യയുടെ നോട്ടം.

വിദ്യാർത്ഥി ജീവിതത്തിനിടയിൽ ഒരു വർഷം കലാലയ മാഗസിനിന്റെ പത്രാധിപർ ആയിരുന്നു അദ്ദേഹം.അന്നത്തെ വിദ്യാർത്ഥികളിൽ സാഹിത്യവാസന തുലോം കുറവായിയുന്നതുകൊണ്ട്, ചില സ്വന്തം സൃഷ്ടികൾ വിശ്വസ്ത സുഹൃത്തുക്കളുടെ പേരിൽ അദ്ദേഹത്തിന് പ്രസിദ്ധീകരിക്കേണ്ടിവന്നു.

“അതിൽ ഒന്ന്‌ ഞാൻ എഴുതിയ ഒരു കവിത തന്നെയായിരുന്നു.ആനുകാലികത്തിന് അയക്കാൻ കരുതിെവച്ച ആ ദുരന്ത കവിത ഒരാളുടെ ജീവിത കഥ തന്നെ മാറ്റിയെഴുതി.”
ഇത്രയും പറഞ്ഞിട്ട്, ഓർമ്മയിൽ നിന്നും തെല്ല് ക്ലേശപൂർവ്വം പൊടിതട്ടിയെടുത്തിട്ട് പ്രഫസർ കവിത സാവധാനം നീട്ടിച്ചൊല്ലി.

ആഞ്ഞാഞ്ഞു വിഷം കൊത്തി,
കോൾകൊണ്ടിരുണ്ട,തീക്ഷ്ണ വിഷാദമീതുറമുഖത്താർത്തലയടിച്ചിട്ടും,
ചുണ്ട് പൊട്ടിക്കുന്ന അമർഷം ത്രസിച്ചിട്ടും,വരണ്ട തേങ്ങലുകൾ
തൊണ്ടയിൽ തുടിച്ചിട്ടും,പാടാൻ മറക്കാത്തതെന്തേ,ഞാനാ പ്രഭാത സംഗീതം,പാഴ് വിലാപം.?
മൃത്യുവിൽ മുഖം നോക്കും മൈന
മാസ്മര ഗീതങ്ങൾ മൂളാൻ കൊതിക്കില്ല
ചിറകൊടിഞ്ഞുഴലും സ്വപ്നങ്ങൾക്കൊരു പുതുതൂവൽചാർത്തി ഉയരാനാവില്ല ചുരുണ്ടുറങ്ങുമെൻ ദുരന്തകഥാപാത്രത്തിനൊരു ചവിട്ടു നാടകത്തിൽ അരങ്ങേറാൻ വേഷമില്ല
എങ്കിലും, എന്തിനുയർത്തുന്നു ഞാനീ പ്രഭാത സംഗീതം, പാഴ് വിലാപം?
അതീന്ദ്രിയസുഖലയ ഭാസുരതാളം കുഴിമാടത്തിൽ മുഴക്കാനൊ?
ഭൂതദാത്രിയാം ഭ്രാന്ത വിരക്തിയിൽ ഉന്മാദത്തെ തിരായാനോ?
അടിമയുടെ ശവക്കല്ലറയിൽഅനുശോചനത്തിൻ ശരറാന്തലുകൾ കൊളുത്താനോ,
എന്തിനുയർത്തുന്നു, ഞാനീ പ്രഭാതസംഗീതം, പാഴ് വിലാപം?”

ഇത്തരത്തിൽ കഠിന പദങ്ങളിൽ മെനഞ്ഞ ഒരു ദുഃഖകവിത, മാഗസിനിൽ നൽകിയത് ഒരു പ്രീ ഡിഗ്രി വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ പേരിൽ, അവളുടെ പൂർണ്ണ സമ്മതത്തോടെ, ആയിരുന്നു. അവൾ വിദ്യാർത്ഥിസംഘടനയിലെ ഒരു സജീവാംഗമായിരുന്നു .”ആരുചോദിച്ചാലും സ്വയം രചിച്ചതാണ് എന്നേ പറയാവൂ എന്ന് ഞങ്ങൾ ചട്ടവും കെട്ടി.” പ്രൊഫസർ തുടർന്നു.


അവളുടെ വീട്ടിൽ ആയിടക്ക് കലാലയത്തിൽ സൈക്കോളജി അദ്ധ്യാപകനായി ചേർന്ന അകന്ന ബന്ധു, കോളേജ് ഹോസ്റ്റലിൽ മുറി തരപ്പെടും വരെ, അതിഥിയായി താമസിച്ചിരുന്നു.കോളേജ് മാഗസിൻ ഇറങ്ങി. പെണ്കുട്ടിയുടെ ലക്ഷണമൊത്ത ദുരന്ത കവിത കാമ്പസിൽ സംസാര വിഷയമായി.വീട്ടിൽ അവളുടെ അത്ഭുത സിദ്ധി ചോദ്യംചെയ്യപ്പെട്ടു.എല്ലാവരോടുമായി അവൾ ആണയിട്ടു പറഞ്ഞു അതവളുടെ ഭാവനയിൽ നിന്നും പിറവിയെടുത്തതാണ് എന്ന്.അവരുടെ വീട്ടിൽ അതിഥിയായി താമസിച്ചിരുന്ന യുവ അദ്ധ്യാപകൻ കവിതയിൽ കുത്തിയൊഴുകുന്ന പദാവലികൾക്കിടയിൽ ഒളിച്ചിരിക്കുന്ന അർത്ഥതലം മനസ്സിലാക്കാൻ ഒരു സൈക്കോ അനാലിസിസിന് പോലും മുതിർന്നു.അവസാനം അദ്ധ്യാപകനും വീട്ടുകാരും ചേർന്ന് എത്തിച്ചേർന്ന നിഗമനം അവൾക്ക് കടുത്ത പ്രേമ നൈരാശ്യമാണ് എന്നാണ്. ഒപ്പം, ഇതുമൂലം അവൾ വല്ല കടുംകയ്യും ചെയ്തേക്കുമോ എന്ന ഭയവും.

രാവിലെ അദ്ധ്യാപകന്റെ സവിധത്തിൽ വീട്ടുകാർ അവളോട് പറഞ്ഞു, ” നിനക്ക് ആരെ ഇഷ്ടമുണ്ടെങ്കിലും പറയൂ, ഞങ്ങൾ വിവാഹം കഴിപ്പിച്ചുതരാം”.കവിതയിലെ വരികൾ ആവർത്തിച്ചുചൊല്ലി അതിന്റെ അർത്ഥം അളന്നുമുറിച്ചു വിശകലനം ചെയ്തായിരുന്നു അദ്ധ്യാപകന്റെ, ഒരു ക്ലാസ്സുമുറിയിലേതെന്ന പോലെയുള്ള,സ്ഫുടമായ വിശകലനം.ഇതുകൂടി കഴിഞ്ഞപ്പോൾ അവളുടെ പ്രണയിതാവ് ആരെന്നറിയാനുള്ള വളഞ്ഞു നിന്നുള്ള ചോദ്യം ചെയ്യലായി.

താൻ എഴുതാത്ത കവിത തനിക്ക് വരുത്തിതീർത്ത പൊല്ലാപ്പിനെക്കുറിച്ച് ആകുല ചിത്തയായ അവൾ അക്ഷരാർത്ഥത്തിൽ പതറിപ്പോയി.വീണ്ടും അദ്ധ്യാപകന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ നീണ്ടുപോയപ്പോൾ അവൾക്ക്‌ പൊടുന്നനെ ഒരു ബുദ്ധി ഉദിച്ചു. അവൾ പറഞ്ഞു,തനിക്ക് ആദ്യ നോട്ടത്തിൽ തന്നെ പ്രണയം തോന്നിയത് ലോകത്തിൽ ഒരാളോട് മാത്രമാണെന്നും, അത് തന്റെ മുന്നിൽ നിൽക്കുന്ന അദ്ധ്യാപകനോട് ആണെന്നും…..!!സംഭവങ്ങൾക്ക് ഇത്തരത്തിൽ ഒരു പരിണാമം അദ്ധ്യാപകനോ, വീട്ടുകാരോ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല .അത്തരത്തിൽ ചെറുപ്പത്തിന്റെ കുസൃതിയിൽ കുറിക്കുകൊള്ളുന്ന ഒരു തർക്കുത്തരം മനസ്സിൽ ഉദിച്ച നിമിഷം വരെ, ഒരുപക്ഷേ അവളും ആ വിദൂര സാധ്യതയെക്കുറിച്ച് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല.എന്തായാലും, അദ്ധ്യാപകൻ തന്റെ സൈക്കോ അനാലിസിസിനാൽ സ്വയം വരിഞ്ഞുമുറുക്കപ്പെട്ട പോലെ അവളുടെ ചടുലമായ ഉത്തരത്തിന് മുൻപിൽ സ്തബ്ധനായി നിന്നു.പിന്നീട് അവരുടെ വിവാഹത്തിലേക്കുള്ള സംഭവഗതി കാലം സുഗമമാക്കി…

നാൽപ്പത് വർഷം മുൻപ് താൻ എഴുതിയ ഒരു കവിത പറ്റിച്ച പണിയെക്കുറിച്ചു വാചലനായ പ്രൊഫസർ ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി.

വര : മധുസൂദനൻ അപ്പുറത്ത്

കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like