Travel യാത്ര

ആദിമ ഭൂമിയിലൂടെ ഒഡീഷ (ഭാഗം: രണ്ട്)


ഗോത്രജീവിതങ്ങള്‍

ഒരു കാലത്ത് സമാധാനമായി സന്തോഷമായി ജീവിച്ചുവന്നിരുന്ന പ്രാചീന ഗോത്രവിഭാഗങ്ങള്‍. പിന്നീട് ‘പരിഷ്കൃത’ജനവിഭാഗങ്ങളുമായുണ്ടായ സംഘര്‍ഷത്തില്‍ അതിജീവനസമരത്തില്‍ ആട്ടിയോടിക്കപ്പെട്ട് ഒരു മൂലയിലേക്കൊതുക്കി മാറ്റിയ ഇവര്‍ ഇന്ന് ലാറ്റിനമേരിക്കയിലും വടക്കനമേരിക്കയിലും ഇന്തോനേഷ്യയിലും ഫിലിപ്പീന്‍സിലും ആസ്ട്രേലിയയിലും മലേഷ്യയിലും ഇന്ത്യയിലും എന്നുവേണ്ട ലോകത്തിന്റെ പല ഭാഗങ്ങളിലും അവഗണിക്കപ്പെട്ട് കഴിയുന്നു. ആധുനിക മനുഷ്യന്‍റെ കടന്നാക്രമണത്തിന്റെ ക്രൂരത. നിസ്സഹായതയുടെ ആദിമ സങ്കടങ്ങള്‍.

ഗോത്രജീവിതത്തിലൂടെ

പ്രകൃതിവിഭവങ്ങളുടെ ലഭ്യതയും മണ്ണിനോടും കാടിനോടും ഇണങ്ങി ഒന്നിച്ചു ജീവിച്കു വ്യത്യസ്ഥമായ ആചാരങ്ങളും വിശ്വാസങ്ങളും പുലര്‍ത്തി പോന്ന ജനതയായിരുന്നു ഒഡീഷയിലെ ഗോത്രവിഭാഗങ്ങളും. 2011 സെന്‍സസ് കണക്കനുസരിച്ച് ഏകദേശം അന്‍പത്തെട്ടോളം ശതമാനമാണ് മല്‍കാന്‍ഗിരിയിലെ ഗോത്രജനത. ഇതില്‍ പ്രധാനപ്പെട്ട ഗോത്ര വിഭാഗങ്ങളാണ് ബോണ്ട, ഗഡബ, കോന്ധ് (കന്ദ), കോയ എന്നിവര്‍. നൂറിലും അഞ്ഞൂറിലും ഇടയ്ക്ക് ജനസംഖ്യയുള്ള ഏകദേശം 29 ഓളം ഗോത്രവിഭാഗങ്ങള്‍ മല്‍കാന്‍ഗിരിയില്‍ ഉണ്ടെന്നാണ് കണക്ക്. (Malkangiri Gazetteer, 2014‍). ഭുയന്‍, ഗണ്ടിയ, ഗോണ്ട്, മുണ്ട, ഒമനത്വ, സവോര്‍ എന്നീ സമൂഹങ്ങള്‍ അതില്‍പ്പെടുന്നതാണ്. നമുക്കവരുടെ ചില ജീവിത രീതികളിലൂടെ യാത്ര ചെയ്യാം.

ബോണ്ട

അന്യം നിന്നുകൊണ്ടിരിക്കുന്ന ബോണ്ടഗോത്രം ഇന്ന് കേവലം അയ്യായിരം പേര്‍ മാത്രമുള്ള ജനക്കൂട്ടമായി ചുരുങ്ങിയിരിക്കുന്നു. ബോണ്ട ഗോത്രം ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ പതിനഞ്ചു ഗോത്രങ്ങളില്‍ ഒന്നാണ്. ഇവര്‍ മല്‍കാന്‍ഗിരിയിലെ കെയിര്‍പൂര്‍ ബ്ലോക്കിലെ ബോണ്ട മലനിരകളില്‍ (Bonda Hills) വസിക്കുന്നു. ഇവരെ ബോണ്ട ഭാഷയില്‍ ‘റെമോ’ (people) എന്നും വിളിച്ചുവരാറുണ്ട്. മറ്റ് ജനതകളുമായി ഏറെ അടുക്കാന്‍ തല്‍പര്യമില്ലാത്ത, സ്വാതന്ത്ര്യത്തിന്ടെ സുഖം കൂടുതലായിഷ്ടപ്പെടുന്ന ബോണ്ട ഗോത്രം നല്ല തന്‍റേടവും ഉശിരും കാണിക്കുന്നവരാണ്. മലനിരകളില്‍ ഇവര്‍ നഗ്നരോ അര്‍ദ്ധനഗ്നരോ ആയി കാണപ്പെടും, ഇന്നതിന് കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിലും. ഐതിഹ്യം പറയുന്നത് പണ്ട് സീത നഗ്നയായി കുളത്തില്‍ കുളിക്കുന്നത് കണ്ട ബോണ്ട സ്ത്രീകള്‍ സീതയെ കളിയാക്കി ചിരിച്ചെന്നും അതിഷ്ടപ്പെടാതിരുന്ന സീതയില്‍നിന്ന് കിട്ടിയ ശാപമാണ് ഇവര്‍ അല്‍പവസ്ത്രന്മാര്‍ ആയതെന്നുമാണ്.

പലപ്പോഴും പിടികൊടുക്കാത്ത ഒരു ഗോത്രജനതയാണ് ഈ വിഭാഗം. ഇവര്‍ പത്തോ പതിനഞ്ചോ വീടുകളുള്ള കൂട്ടമായി സഹവസിച്ച് മാറിമാറി നടത്തുന്ന കൃഷിയിലൂടെ ജീവിക്കുന്നു. ഇവരില്‍ പുരുഷന്മാര്‍ പൊതുവേ നീളം
കുറഞ്ഞവരാണ്. സ്ത്രീകള്‍ തങ്ങളുടെ തലമുടി പറ്റെവെട്ടി വിവിധ ആഭരണങ്ങള്‍ അണിഞ്ഞാണ് നടക്കാറ് . വളരെപ്പെട്ടെന്ന് പ്രകോപിതരാകുന്ന ബോണ്ടഗോത്രത്തിന് നിസ്സാരമായ ഒരു കാരണം മതി തന്‍റെ മൂര്‍ച്ചയുള്ള
അമ്പ്‌ ശത്രുവിന്‍റെ നെഞ്ചത്തേക്ക് പായിക്കാന്‍.

വിവാഹരീതികള്‍

രസകരമായൊരു വസ്തുത ബോണ്ട സ്ത്രീകള്‍ തങ്ങളെക്കള്‍ പ്രായം കുറഞ്ഞവരെയാണ് കല്യാണം കഴിക്കുന്നത് എന്നതാണ്. സ്ത്രീകളാണിതിന്‍റെ വാക്ക്. ഇതിനു കാരണം പറയുന്നത് ഇവരെ വാര്‍ധക്യകാലത്ത് നോക്കാന്‍
ആരോഗ്യമുള്ള ഭര്‍ത്താവുതന്നെ വേണമെന്നതാണ്.!

ബോണ്ടസമുദായത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവരുടെതായ ഇടങ്ങളിലാണ് കിടന്നുറങ്ങുകയെങ്കിലും യുവാക്കളായ ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികള്‍ കിടക്കുന്നയിടങ്ങളിലേക്ക് രാത്രികളില്‍ പോകാന്‍ സമ്മതമുണ്ട്. ഇവര്‍ക്ക് വിവിധ ഉല്‍സവങ്ങളിലും പാട്ടിലും ഡാന്‍സിലും ഇടപഴകാന്‍ കൂടുതല്‍ അവസരം കിട്ടുന്നു. അങ്ങിനെ കൂടുതല്‍ അടുത്തറിയുമ്പോള്‍ യുവമിഥുനള്‍ക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാന്‍ പറ്റുന്നത്തിനുള്ള സാഹചര്യം ഉണ്ടാകുന്നു. ഇങ്ങനെ പങ്കാളിയെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഇവര്‍ക്ക് കുടുംബവും സമൂഹവും സമ്മതം കൊടുക്കുകയും ഗോത്രാചാരപ്രകാരം കല്യാണം കഴിച്ചുകൊടുക്കുകയും ചെയ്യുന്നു. കല്യാണത്തിന്‍റെ തലേദിവസം പ്രതിശ്രുതവരന്‍ ഗോത്രാചാരപ്രകാരമായ അകമ്പടികളോടെ വധുവിന്റെ വീട്ടിലേക്ക് വരികയും അവിടത്തെ ചില ചടങ്ങുകള്‍ക്ക് ശേഷം മറ്റുള്ളവര്‍ ഇവരെ കുറച്ചുനേരം ഒരു മുറിയിലാക്കി പുറത്തുനിന്നും അടയ്ക്കുന്നു. ഈയൊരു ചടങ്ങ് ഇവര്‍ക്ക് ഭാര്യ-ഭര്‍തൃ സ്ഥാനം നേടിക്കൊടുക്കുന്നു.

ബോണ്ട ഗോത്രങ്ങളില്‍ വിധവകള്‍ക്ക് ഭാര്യ നഷ്ടപ്പെട്ട പുരുഷന്മാരെ പുനര്‍വിവാഹം കഴിക്കാന്‍ അനുമതിയുണ്ട്.

കോയ

കോയഗോത്രം ആന്ധ്രയിലെ ഗോദാവരി ജില്ലയിലും മല്‍കാന്‍ഗിരി ജില്ലയിലും കൂടുതലായി കാണപ്പെടുന്നു. ഗോണ്ട് ഗോത്ര വിഭാഗത്തില്‍പ്പെട്ട കോയ ഏകദേശം രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കടുത്ത ക്ഷാമത്തിന്‍റെയും വറുതിയുടെയും ഗോത്രവംശീയതയുടെയും കാലത്ത് പലായനം ചെയ്യപ്പെടുകയോ ആട്ടിപ്പായിക്കപ്പെടുകയോ ചെയ്ത ജനതയാണ്. ഇവര്‍ കലിമേല, പൊഡിയ മുതലായ ബ്ലോക്കുകളില്‍ കാണപ്പെടുന്നു. ഈ വിഭാഗമാണ് മല്‍കാന്‍ഗിരിയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഗോത്രം. ഇവര്‍ പശു, പോത്ത്, എരുമ, പന്നി, കോഴി എന്നിവകളെ വളര്‍ത്തുന്നു. ഏകദേശം ഒന്നര ലക്ഷം പേര്‍ ഉള്ള കോയ ജനസംഖ്യ സ്ത്രീ പുരുഷ അനുപാതത്തില്‍ സ്ത്രീകളാണ് കൂടുതല്‍. ഇവരുടെ പ്രധാന ഉത്സവമാണ് ചൈത്രമാസത്തിലെ ബീജാപണ്ടു.

കുടിലുകളില്‍ താമസിക്കുന്ന ഇവര്‍ പുകയില, വിവിധയിനം ചോളങ്ങള്‍, നെല്ല് തുടങ്ങിയവ കൃഷിചെയ്യുന്നു. ഇവരുടെ മദ്യത്തിന്‍റെ പേര് മഹുലി എന്നും സലാപ എന്നും അറിയപ്പെടുന്നു. ഗോത്രത്തലവനെ പരമ്പരാഗതമായ
തിരഞ്ഞെടുക്കുന്നതാണ് ഇവരുടെയും രീതി. ഇവരെ പേട എന്ന് വിളിക്കുന്നു. ചെറിയ ഗോത്ര ഗ്രാമങ്ങള്‍ ചേര്‍ന്ന് മുത്ത എന്നും അതിന്‍റെ തലവനെ മുത്തടാര്‍ എന്നും വിളിക്കുന്നു.

കോയമാര്‍ക്കിടയിലുള്ള ഒരാചാരമാണ് പെണ്ടുല്‍. ആണ് പെണ്ണിനെ അവന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെ പെണ്ണിന്‍റെ സമ്മതത്തോടെ തട്ടിക്കൊണ്ടു പോകുന്ന രീതിയാണ്. ഈ ‘തട്ടിക്കൊണ്ടുപോകല്‍’ മിക്കവാറും നടക്കുക അവള്‍ കൃഷിയിടത്തില്‍ പണിചെയ്യുമ്പോഴോ അല്ലെങ്കില്‍ കാട്ടില്‍ ഫലവര്‍ഗങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോഴോ ആയിരിക്കും.

ഇവരുടെ മറ്റൊരു രീതി പെണ്ണിന് ആണുമായി പൂര്‍വബന്ധമുണ്ടെങ്കില്‍ പെണ്ണ് നേരെ വന്ന് ആണിന്‍റെ വീട്ടില്‍ താമസിച്ചു തുടങ്ങുക എന്നതാണ്. ഇതിനു ലോന്‍-ഉദി-വാറ്റ (Lon-Udi-Wata)എന്ന് പറയുന്നു. ഈ ചടങ്ങില്‍
‘സ്ത്രീധനം’ മറ്റു വിവാഹരീതികളെക്കാള്‍ കുറവാണ്. മിക്കപ്പോഴും പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളെക്കാള്‍ പ്രായം കൂടുതലായിരിക്കും. കല്യാണം മിക്കവാറും നടക്കാറ് കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞയുടനെയാണ്.
കോയഗോത്രത്തിന്‍റെ കല്യാണദിവസം വധുവിനെ അവളുടെ സുഹൃത്തുക്കളും ബന്ധുക്കളും കൂട്ടി വരന്‍റെ വീട്ടില്‍ വരുന്നു. ഇവിടെ ക്ഷണിക്കപ്പെടാതെ പല ഗ്രാമങ്ങളില്‍ നിന്നും ഇതേ ഗോത്രത്തിലെ ജനങ്ങള്‍ വന്ന് കല്യാണം
കൂടുന്നു മദ്യപിക്കുന്നു സദ്യ ഉണ്ണുന്നു. ലണ്ട (Landa) എന്നറിയപ്പെടുന്ന റൈസ് ബിയര്‍ ആണ് പ്രധാനമദ്യമായി വിളമ്പുക. പോത്തിന്‍റെ കൊമ്പ് തലയില്‍ ധരിച്ച് ഇവര്‍ പരമ്പരാഗത നൃത്തം ചെയ്യുന്നു. കോയ ഗോത്രത്തില്‍
വിവാഹമോചനത്തെക്കാള്‍ കൂടുതലാണ് ഒളിച്ചോടല്‍. വിധവകളെ കല്യാണം കൂടുതലും കഴിക്കുക മരിച്ചുപോയ ഭര്‍ത്താവിന്‍റെ ഇളയ സഹോദരനെയായിരിക്കും.

മദ്യം

ഈ ഗോത്രവര്‍ഗങ്ങള്‍ എല്ലാം തന്നെ കൂടുതലായും മഹുവ പൂക്കളില്‍ നിന്ന് വാറ്റിയ മദ്യം സേവിക്കുന്നവരാണ്. അതല്ലാതെ പനങ്കള്ളും റൈസ് ബിയറും, റാഗിയില്‍ നിന്നും മറ്റു ചോളവര്‍ഗങ്ങളില്‍ നിന്നും വാറ്റിയെടുക്കുന്ന
സുവാന്‍ പോലെയുള്ള മദ്യങ്ങളും സുലഭമാണ്.

ബ്രിട്ടീഷ്കാര്‍ക്കെതിരെയുള്ള മുന്നേറ്റങ്ങളും കോയ കലാപവും

ഇന്ത്യാ ചരിത്രത്തില്‍ സ്ഥാനം പിടിച്ച 1880 ലെ പ്രസിദ്ധമായ കോയ പ്രക്ഷോഭം നടക്കുന്നത് തമദോരയുടെ നേതൃത്വത്തിലാണ്. അന്നത്തെ യുദ്ധത്തില്‍ തമദോരയുടെ ശക്തിയില്‍ ബ്രിട്ടീഷ്‌ പോലീസിനെ തോല്‍പ്പിച്ച യുവ
കോയപടയാളികള്‍ തമദോരയെ പോഡിയ, മൊട്ടു തുടങ്ങിയ ഇടങ്ങളിലെ ഭരണാധികാരിയായി അണികള്‍ പ്രഖ്യാപിച്ചു. പേരുകേട്ട കോയ വിപ്ലവത്തില്‍ ആറു ബ്രിട്ടീഷ്‌ പോലീസുകാരും ഒരു ഇന്‍സ്പെക്ടറും കൊല്ലപ്പെട്ടിരുന്നു. ഹൈദരാബാദില്‍നിന്ന് കേണല്‍ മക്ഗോയിഡ് നൂറോളം സൈനികരെ അയച്ചു പോരാടിയെങ്കിലും പരാജയം തന്നെയായിരുന്നു ഫലം. ധീരമായ ചെറുത്തുനില്‍പ്പും തിരിച്ചടിയും തമദോരയുടെ നേതൃത്വത്തില്‍ തുടങ്ങിയപ്പോള്‍ ബ്രിട്ടീഷ്‌ പോലീസിന് പിടിച്ചുനില്ക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ഈ യുവ പടയാളിയെ 1880 ജൂലൈ ഇരുപത്തെട്ടാം തിയ്യതി മിലിട്ടറി പോലീസ് മൊട്ടുവിനടുത്തുള്ള റാമ്പ കാടുകളില്‍ വെച്ച് അതിക്രൂരമായി കൊന്നു. ഇതോടെ ശരിയായ നേത്രുത്വത്തിന്‍റെ അഭാവംകാരണം കോയ പോരാളികള്‍ ചിന്നഭിന്നരായി.

ഇതേ രീതിയിലാണ് മല്‍കാന്‍ഗിരിയിലെ അവസാനത്തെ രാജ്ഞിയായ ബംഗാരു ദേവി (1838-1872 AD) കോയപടയാളികളുടെ സഹായത്തോടെ ജെയ്പ്പൂര്‍ രാജാവായ രാമചന്ദ്ര ദേവ മൂന്നാമനെ തോല്‍പ്പിച്ചത്. ഇവര്‍ പിന്നീട് ബ്രിട്ടീഷ്‌കാരുടെ നികുതിനയത്തെ ശക്തമായി എതിര്‍ത്ത് കോയപോരാളികളുടെ കൂടെ ഒട്ടേറെ പോരാട്ടങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. 1880ല്‍ തമദോരയുടെ സഹായത്തോടെ വീണ്ടും അധികാരം തിരിച്ചുപിടിക്കാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. രോഗബാധിതയായി ബംഗാരു ദേവി തന്‍റെ എഴുപതാമത്തെ വയസ്സില്‍ 1872 ല്‍ മരണത്തിനു കീഴടങ്ങി. ഈ പോരാട്ടവീര്യവും സമരതന്ത്രങ്ങളും ഈ മേഖലയില്‍ മാവോവാദികള്‍ എന്ന പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങളുമായി കൂട്ടി വായിക്കാവുന്നതാണ്.

പിന്നീട് വീണ്ടും 1920-24 ല്‍ അല്ലൂരി സിതാറാം രാജുവിന്‍റെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ മല്‍കാന്‍ഗിരി സ്ഥാനംപിടിച്ചത്. അല്ലൂരി രാജു അവിടത്ത്കാരനായിരുന്നില്ലെങ്കിലും
ഓരോ മരവും മണ്ണും മലയും വഴിയും നന്നായറിഞ്ഞ ശക്തനായ ഗറില്ല പോരാളിയായിരുന്നു. ഇദ്ധേഹത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ബ്രിട്ടീഷ്‌ പോലീസ് സ്റ്റേഷനുകള്‍ ആക്രമിച്ച് ആയുധം തട്ടുന്ന രീതി ബ്രിട്ടീഷ്‌ പോലീസിനു
ശരിക്കും തലവേദന സൃഷിടിച്ചിരുന്നു. ആന്ധ്രയോട് ചേര്‍ന്ന ചിത്രകൊണ്ടയും കൊണ്ടകംബെരുവുമായിരുന്നു അല്ലൂരി രാജുവിന്‍റെ താവളം. 1922 ലെ അദ്ധേഹത്തിന്‍റെ നേതൃത്വത്തില്‍ കോയ ഗോത്രപ്പട രാജ ബമങ്കി ജയില്‍
ആക്രമിക്കുകയും സ്വാതന്ത്ര്യ സമരപോരാളിയായിരുന്ന ബിരായ ദോരയെ സ്വതന്ത്രനാക്കുകയും ചെയ്തു. പിന്നീട് രണ്ടു ബ്രിട്ടീഷ്‌ ഓഫീസര്‍മാരെ കൊല്ലുകയും മറ്റൊരു ഓഫീസറെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഇങ്ങനെ ഒട്ടനവധി ഗറില്ലാ ആക്രമണങ്ങള്‍ നടത്തിയ കോയഗോത്രവും അല്ലൂരി രാജുവും 1924 ല്‍ വലിയ ബ്രിട്ടീഷ്‌ പോലീസ് സേനകളാല്‍ ചിത്രകൊണ്ട കാട്ടില്‍ വളയപ്പെടുകയും ഒട്ടേറെ കോയപ്പടയാളികള്‍ പോരാടി
മരിക്കുകയും ചെയ്തു. രക്ഷപ്പെട്ട അല്ലൂരി രാജുവിനെ ചര്‍ച്ചയ്ക്കവിളിക്കനെന്ന വ്യാജേന വരുത്തി തൂക്കിക്കൊല്ലുകയാണുണ്ടായത്.

കൊന്ധ/ കന്ധ

‘കൊന്ധ’, ‘കന്ധ’ ‘കുയി’ എന്നിങ്ങനെ വിളിക്കപ്പെടുന്ന ഈ ഗോത്രവിഭാഗമാണ് ഒഡിഷയില്‍ ജനസംഖ്യയില്‍ ഏറ്റവും കൂടുതലുള്ള ഗോത്രജനവിഭാഗം. ഏകദേശം ഒരു മില്ല്യന്‍. ദ്രവീഡിയന്‍ ഭാഷയോട് ചേര്‍ന്ന ഇവരുടെ ഭാഷ ‘കുയി’ എന്നറിയപ്പെടുന്നു. കാടിനോടും പ്രകൃതിയോടും എളുപ്പം ഇണങ്ങി ജീവിക്കുന്ന ഇക്കൂട്ടര്‍ അമ്പും വില്ലുമുപയോഗിച്ചു വേട്ടയാടി ഉപജീവനം നയിക്കുന്നു. ഇവരുടെ ഗോത്രനാമത്തില്‍തന്നെ ഉരുത്തിരിഞ്ഞ ജില്ലയാണ് കാന്ധമാല്‍. ഈയടുത്തകാലം വരെ ഇവര്‍ക്കിടയില്‍ മനുഷ്യബലി സജീവമായിരുന്നു. ഇവര്‍ മനുഷ്യബലി നടത്തുന്നതിന്‍റെ വിശ്വാസം മനുഷ്യരക്തം ഭൂമിയില്‍ പടര്‍ന്നാല്‍ പ്രകൃതി ഊഷരയാകുമെന്നും അത് കൃഷിക്കും ഭൂമിക്കും നല്ലത് കൊണ്ടുവരുന്നതോടെ തങ്ങള്‍ക്ക് ഐശ്വര്യം സന്തോഷവും വന്നു ചേരുമെന്നുമാണ്.

വളരെ രസകരമാണിവരുടെ വിവാഹ രീതി. കല്യാണം നിശ്ചയിച്ചുകഴിഞ്ഞാല്‍ വരന്റെ കുടുംബക്കാര്‍ വധുവിന്‍റെ വീട്ടില്‍ വരികയും തങ്ങള്‍ക്ക് തരേണ്ട ‘ധനം’ ഉറപ്പിക്കുകയും ചെയ്യുന്നു. അതിനുശേഷം നാടന്‍ മദ്യസേവയും ആഘോഷവും അരങ്ങേറുന്നു. പിന്നീട് നിശ്ചയിക്കപ്പെട്ട ദിവസം വധുവിനെ വരന്റെ ആള്‍ക്കാര്‍ വന്ന് ‘തട്ടിക്കൊണ്ടുപോകല്‍ നാടകം’ അരങ്ങേറുകയും വധുവിന്‍റെ പാര്‍ട്ടിക്കാര്‍ വരന്‍റെ ആള്‍ക്കാരെ പിന്തുടരുകയും തമാശരൂപേണ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാക്കുകയും അതിനുശേഷം എല്ലാവരും ഒന്നിച്ചിരുന്നു ആഘോഷത്തിന്‍റെയും മദ്യപാനത്തിന്‍റെയും ഭക്ഷണത്തിന്‍റെയും അകമ്പടിയോടെ കല്യാണം നടക്കുന്നു. ഈ രീതിയിലുള്ള ആചാരങ്ങള്‍ പൊരജയും ഗടബയും പുലര്‍ത്തിപ്പോരുന്നു. എല്ലാ ഗോത്ര വിവാഹത്തിന്‍റെയും കൂടെ പാട്ടും മദ്യപാനവും നൃത്തവും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. ഈ ചെലവുകളൊക്കെ വഹിക്കുന്നത് വരന്‍റെ വീട്ടുകാര്‍ ആണെന്നതാണ് മറ്റൊരു കാര്യം.

ഗഡവ

ഗഡവ ഗോത്രവിഭാഗം ഒഡിഷയിലെ മറ്റൊരു പ്രാചീനമായ വിഭാഗമാണ്. ഗഡബ എന്നാല്‍ ചുമലില്‍ ഭാരം ചുമക്കുന്നവന്‍ എന്നര്‍ത്ഥം. കൃഷി മുഖ്യമായി ചെയ്യുന്ന ഇവരെ പല്ലക്ക് ചുമക്കുന്നതിലും മറ്റുമായി ഉപയോഗിക്കാറുണ്ടായിരുന്നത്രേ. ഇവരുടെ ഭാഷയെ ഗോട്ടോബ് എന്ന് പറയുന്നു. ഗഡബ സ്ത്രീകള്‍ കൂടുതലും കടുംനിറങ്ങളിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നു . വിധവാ വിവാഹങ്ങള്‍ സമ്മതമായ ഇവരില്‍ തന്‍റെ മരിച്ചുപോയ ഭര്‍ത്താവിന്‍റെ ഇളയ സഹോദരനെ കല്യാണം കഴിക്കുന്ന ആചാരവും നിലവിലുണ്ട്. ഏതെങ്കിലും പുരുഷന് തന്‍റെ ഭാര്യയെ വിവാഹമോചനം ചെയ്യണമെന്നുണ്ടെങ്കില്‍ നിശ്ചിതമായ ചെലവും പൈസയും കൊടുത്തെ അവരെ പറഞ്ഞയക്കാന്‍ പറ്റൂ.

പരൊജ

ഒഡീഷയിലെ മറ്റൊരു പ്രധാനപ്പെട്ട ഗോത്രവര്‍ഗമാണ് പരൊജ. ഇവരെ മല്‍കാന്‍ഗിരിയിലും കൊരാപ്പുട്ടിലും കൂടുതലായി കണ്ടുവരുന്നു. നല്ല കരുത്തുള്ള ശരീരമുള്ളവരും കഠിനാധ്വാനം ചെയ്യുന്നവരുമാണ് പരൊജകള്‍. വളരെ പെട്ടെന്ന് സൗഹാര്‍ദ്ത്തിലാകാനും ഇഴുകിച്ചേരാനും ഇഷ്ടപ്പെടുന്നു ഇക്കൂട്ടര്‍, മറ്റു ഗോത്രങ്ങളെപ്പോലെ കൃഷിതന്നെയാണിവരുടെയും ജീവിതനിവൃത്തി. ചെറിയ ചോളങ്ങളും നെല്ലും പ്രധാനമായി കൃഷി ചെയ്യുന്നു. അതോടൊപ്പം പശു, പോത്ത്, പന്നി, ആട്, എന്നിവയെ വളര്‍ത്തുകായും ചെയ്യുന്നു. ഡാന്‍സും പാട്ടും ഇഷ്ടപ്പെടുന്ന ഇവര്‍ ജീവിതം കൂടുതല്‍ ആസ്വദിക്കാന്‍ ശ്രമിക്കുന്നവരാണ്.

ധരുവ

ധരുവ എന്നു വിളിക്കുന്ന ഈ ഗോത്രത്തെ മല്‍കാന്‍ഗിരി ജില്ലയിലെ കൊരുകുണ്ട ബ്ലോക്കില്‍ കാണാവുന്നതാണ്. ഇവരെ മധ്യപ്രദേശിനും ഛത്തീസ്ഗഡ്‌നും ഇടയ്ക്കും കാണാം. ഇവര്‍ക്ക് ഇവരുടെതയ സംസ്കാരവും ഭാഷയും ഉണ്ട്. ഏകദേശം 8128 ധരുവ ഗോത്രജനതയാണ് മല്‍കാന്‍ഗിരി ജില്ലയില്‍ ഉള്ളത്. കൃഷിയാണിവരുടെ മുഖ്യ ജീവിതമാര്‍ഗം. ഇവരുടെ ഗോത്രസ്മരണകളുടെ ദൈവങ്ങളെയായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. ക്രമേണ ഇവര്‍ ഹിന്ദുദേവതകളെയും ദേവന്മാരെയും വിശ്വസിച്ചുതുടങ്ങി.

അവലംബം: Malkangiri Gazetteer

(തുടരും)

Print Friendly, PDF & Email

About the author

ചന്ദ്രൻ പുതിയോട്ടിൽ

യാത്രികൻ, പരിസ്ഥിതിപ്രവർത്തകൻ, എഴുത്തുകാരൻ.

Add Comment

Click here to post a comment

Your email address will not be published. Required fields are marked *