1 – അറസ്റ്റ്
ആദ്യ പ്രണയം
പറയാൻ കൂടി പറ്റിയിട്ടില്ല,
ഗട്ടറുകളിൽ
തുടരെ സൊല്യൂഷൻ കണ്ടെത്തിയത്
കാരണമാവുകയായിരുന്നു.
‘പിഴവുകളിന്നൊരു പ്രണയം’,
പശ്ചാത്തലത്തിൽ
ആരോ വരാനുണ്ടെന്നോർമ്മിപ്പിക്കുന്ന കാർമേഘം
അത്,
ചിരിയും ചുംബനവും സ്പർശനവും പൂർണ്ണമാക്കാതെ
പാത്രത്തിലെപ്പോഴും ഇച്ചിരി വറ്റ് ബാക്കിവെച്ചു.
എതോ സമരദിവസം കൈമാറിയൊരു
വാക്കിന്റെ പേരിൽ,
ഞങ്ങളിന്നുമൊരു തിരിക്ക് എണ്ണ ഒഴിച്ചോണ്ടിരിക്കുന്നു.
നിരാശയുടെ മഞ്ഞ പ്രകാശം.
2 – വിചാരണ
നീ ചിരിക്കാത്തതെന്താ?
നീ മധുരം നിർത്തിയതെന്താ?
നീ കണ്ണുകുത്തിക്കളഞ്ഞതെന്താ?
നീ കേൾക്കുക മാത്രമാണല്ലോ, ഒന്നും
ഓർക്കാത്തതെന്താ?
പുലർച്ചെ ഒരു ചോദ്യം
ഇരുട്ടും മുൻപൊരുത്തരം
ചോദ്യങ്ങളുടെ ഒരാള്
ഉത്തരങ്ങളുടെ ഒരാള്
3 – ശിക്ഷ
ഇതെന്റെ രണ്ടാം പ്രണയമാണ്.
ചോദിക്കില്ലെന്നും ഉത്തരമുണ്ടാകില്ലെന്നും
പറഞ്ഞൊറപ്പിച്ചാണ്
രണ്ടാളും മുൻവശത്തെ കതക് പൊളിച്ച് മാറ്റിയത്,
ഇപ്പോ
വളവുകളിലെല്ലാം
അറസ്റ്റിന്റെയും വിചാരണയുടെയും മുറിവ് മണം.
അതിന്മേലൊരിക്കലും
മരുന്നുപിടിക്കുന്നില്ല,
ചുമരിൽ
ചോര പൊടിയുന്ന പുണ്ണ്.
കവർ : ജ്യോതിസ് പരവൂർ