പൂമുഖം ചുവരെഴുത്തുകൾ കിഴക്കമ്പലത്ത് രാഷ്ട്രീയ മലിനീകരണം?

കിഴക്കമ്പലത്ത് രാഷ്ട്രീയ മലിനീകരണം?

ഒരു വിഷയത്തെ ആവശ്യത്തിൽ അധികം ബഹളമയമാക്കി നിലനിർത്തുകയും അത് പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോകുകയും ചെയ്യുക എന്ന പരമ്പരാഗത രാഷ്ട്രീയ ശൈലിയാണ് കിഴക്കമ്പലത്ത് കാണപ്പെടുന്നത്. കിറ്റെക്‌സ് കമ്പനി അന്തരീക്ഷ മലിനീകരണം നടത്തുന്നുണ്ടെങ്കിൽ അത് കൃത്യമായി കണ്ടെത്താനും നടപടികൾക്ക് തുടക്കമിടാനും ഇവിടുത്തെ പൊല്യൂഷൻ കൺട്രോൾ ബോർഡ് എന്തിനാണ് ഇത്രയധികം വൈകുന്നത്? അതല്ല, സാബു ജേക്കബും 20 ട്വൻറിയും രാഷ്ട്രീയ തലവേദന സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതിന് പൊള്യൂഷൻ എന്നല്ല പറയുന്നത്. അത്തരം തലവേദന ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്ക് ഉണ്ടാകുന്നുണ്ട് എങ്കിൽ അതിൻറെ പരിഹാരത്തിന് ജനാധിപത്യ രാഷ്ട്രീയമാണ് ഉപയോഗിക്കേണ്ടത്. അല്ലാതെ പരമ്പരാഗത ശക്തി രാഷ്ട്രീയ കളരിയിലെ പടക്കുറുപ്പന്മാർ പൂഴിമണ്ണിളക്കി കളിക്കുകയും അതിൽ കുളിക്കുകയുമല്ല വേണ്ടത്. ഈ വിഷയം ഇവിടെയുള്ള ജനങ്ങളുടെ കൂടി വിഷയമാണ്. ഒരു വ്യവസായ സ്ഥാപനം നിയമാനുസൃതമല്ല നടക്കുന്നത് എന്നുണ്ടെങ്കിൽ കൃത്യമായ നടപടി വേണമെന്ന് തന്നെ നാട്ടുകാർ പറയും. അതല്ല, ആ സ്ഥാപനം നിയമാനുസൃതമാണ് നടക്കുന്നത് എങ്കിൽ അവിടെ മൂന്നാന്തരം കയ്യാങ്കളി വേണ്ടെന്നും ജനം ആവശ്യപ്പെടും.

അതിനാൽ, ചില ചോദ്യങ്ങൾ ജനത്തിന് സർക്കാരിനോട് ചോദിക്കാനുണ്ട്.

1. ഇത് വരെ നടന്ന റെയ്‌ഡുകളിൽ അന്തരീക്ഷ മലിനീകരണ സംബന്ധമായ തെളിവുകൾ ലഭ്യമാണോ?
2. കൃത്യമായ തെളിവുകൾ ഉണ്ടെങ്കിൽ അവയുടെ അടിസ്ഥാനത്തിൽ കമ്പനിക്ക് നോട്ടീസുകൾ നൽകിയോ?
3. വ്യവസായ വകുപ്പിൻറെയോ തൊഴിൽ വകുപ്പിൻറെയോ നിഷ്കർഷകൾ പാലിക്കപ്പെടുന്നില്ല എന്നതിന് എന്തെങ്കിലും തെളിവുകൾ ഉണ്ടോ?
4. ഉണ്ടെങ്കിൽ അവയുടെ അടിസ്ഥാനത്തിൽ കമ്പനിക്ക് നോട്ടീസുകൾ നൽകിയോ?
5. മേൽ പറഞ്ഞിട്ടുള്ള നോട്ടീസുകൾക്ക് മറുപടി ലഭിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അതിന് എത്ര നാൾ കാലാവധി അനുവദിച്ചിട്ടുണ്ട്?

ഇനി, സാബു ജേക്കബ്ബിനോട് ചില ചോദ്യങ്ങൾ.

1. താങ്കൾക്ക് സ്ഥാപനം നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സർക്കാരൻറെ ഭാഗത്ത് നിന്നും എന്ത് ഇടപെടലാണ് ഉണ്ടായിട്ടുള്ളത്?
2. പൊല്യൂഷന്‍ കൺട്രോൾ ബോർഡ്, വ്യവസായ വകുപ്പ്, തൊഴിൽ വകുപ്പ് എന്നിവയുടെ ഭാഗത്ത് നിന്ന് റെയ്‌ഡുകൾ സ്വാഭാവികമാണ്. അത് അസാധാരണമായ വിധത്തിൽ, അതായത് സ്ഥാപനത്തിൻറെ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയോ പ്രതികൂലമായി ബാധിക്കുകയോ ചെയ്യുന്ന വിധത്തിലാണ് നടന്നിട്ടുള്ളത് എന്ന് താങ്കൾ കരുതുന്നുണ്ടോ?
3. ഉണ്ടെങ്കിൽ അതിനെതിരെ താങ്കൾക്ക് സർക്കാരിൽ നേരിട്ടും അല്ലെങ്കിൽ നിയമ പരമായും നടപടി സ്വീകരിക്കാം എന്നിരിക്കെ പരമ്പരാഗത രാഷ്ട്രീയത്തിൻറെ അതേ നാണയത്തിൽ മറുപടി കൊടുക്കുന്നത് എത്രത്തോളം ഉചിതമാണ്?
4. താങ്കളുടെ സ്ഥാപനം താങ്കളുടേത് തന്നെയാണ്. അത് എപ്പോൾ വേണമെങ്കിലും താങ്കൾക്ക് അടയ്ക്കാം, അല്ലെങ്കിൽ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റാം. എന്നാൽ അത് ഒരു വെല്ലുവിളി ആയി ഉയർത്തുന്നത് ഒരു കോർപറേറ്റ് സമ്മർദ്ദ തന്ത്രവും പണാധിപത്യ പ്രവണതയുമായി തന്നെ ജനം കണക്കാക്കുവാൻ സാധ്യതയുണ്ട്. അതിനാൽ അതിന് പകരം താങ്കൾ മുൻകൈ എടുത്ത് സ്ഥാപിച്ച 20 ട്വൻറി എന്ന പ്രസ്ഥാനത്തിന് അനുയോജ്യമായ മാന്യത താങ്കളുടെ പ്രതികരണങ്ങളിൽ ഉണ്ടായിരിക്കണം എന്ന് ജനം ചിന്തിച്ചാൽ അതിൽ തെറ്റുണ്ടോ?

പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like