പൂമുഖം LITERATUREകവിത അരുതേ

മകനെ ,

അകലെ
മഞ്ഞുമടക്കുകളിലെ
തണുത്തുറഞ്ഞ ദിനരാത്രങ്ങളിൽ
നീയെന്നിൽ നെരിപ്പോടായിരുന്നു .

ഉറക്കം വഴിതെറ്റിപ്പോയ
കറുത്തയാമങ്ങളിൽ
നീ കനവിലെ രാജകുമാരനായി.

ബലയും അതിബലയും ജപിച്ച
അത്താഴവേളകളിൽ
നീയെന്റെ നിറവായി.

ഇഷ്ടപുസ്തകത്താളുകളിൽ
നിന്നെത്തന്നെ വായിച്ചു ഞാൻമയങ്ങി .

അമ്മയ്ക്കു സമ്മാനിക്കാനാശിച്ച പട്ടുകൾ
നിന്റെസ്കൂൾ യൂണിഫോമായി
വടിവൊത്തുനിന്നു.

നീ ജനിച്ചനാൾ മുതൽ
എന്റെ ജീവവായുവും ചാലകവും
നീമാത്രമായിരുന്നു.
എന്റെ കുതിരശക്തിപ്രവാഹമേ
നീയെന്റെ സ്വപ്നനിറവ്.

എന്നിട്ടും
നിന്റെമടിയിൽ
തലചായ്ക്കാൻ എന്നിലേക്കു
വാർദ്ധക്യമിഴയും മുമ്പ്

നിന്റെകയ്യിൽ കൈത്തോക്കു പിടിപ്പിച്ചതാരാണെന്റെ മുത്തേ?

എന്നിലേക്കു തീരാനോവിനെ ഒഴുക്കി
നീയിങ്ങനെ അട്ടഹസിക്കരുതേ..

ലഹരിയുടെ കൊലപാതക
മുനമ്പിൽ നിന്നു നീയലറുമ്പോൾ

” അരുതേ” യെന്നു
പ്രപഞ്ചം മുഴുവൻ കരയുന്നത്
നീ കേൾക്കാത്തതെന്ത്?

സുനാമിത്തിരയടങ്ങിയ
തീരത്തെ കാഴ്ചകളിൽ

ഒന്നും ബാക്കിയില്ലേയെന്ന അമ്മയുടെ നിലവിളി ദിഗന്തങ്ങളെപ്പോലും
നടുക്കുന്നു

ഏതായിരുന്നു ആ ഭീകരവളവ്?

നീയെന്റെനെഞ്ചിൽ നിന്നും തെറിച്ചുപോയ അപകടവളവേതായിരുന്നു ?

*ബല,അതിബല:
പൈദാഹ ശമനത്തിനുള്ള മന്ത്രങ്ങൾ

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like