ബീഹാറിൽ പുതിയ വോട്ടർ പട്ടിക തയ്യാറാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം, ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കലിന്റെ ഭാഗമായുള്ളതാകുമോ എന്ന ഗൗരവമുള്ള ആശങ്കയാണുയർത്തുന്നത്. കേന്ദ്രസർക്കാരിന്റെ സംശയാസ്പദമായ ഈ പരിപാടി, ഭാവിയിൽ ഇന്ത്യയിൽ മുഴുവൻ വ്യാപിപ്പിക്കാൻ സാധ്യതയുണ്ട് എന്നതും വ്യാപകമായി ആശങ്ക ഉണർത്തുന്നു.
2025 നവംബറിലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, സംസ്ഥാനത്തെ 243 നിയോജക മണ്ഡലങ്ങളിലെ വോട്ടർ പട്ടിക പൂർണ മായും പുതുക്കാനാണ് ഇ.സി. തീരുമാനിച്ചിട്ടുള്ളത്.
ഇത്രമാത്രം ആശങ്കയ്ക്ക് എന്താണ് കാരണം?
ഈ പുതിയ വോട്ടർ പട്ടിക തയ്യാറാക്കൽ, സാധാരണ വോട്ടർ പട്ടിക പുതുക്കലിൽ നിന്ന് വ്യത്യസ്തമാണ്. സാധാരണയായി, വോട്ടർ പട്ടികയിൽ പേര് ചേർക്കലോ ഒഴിവാക്കലോ മാത്രമാണ് നടക്കാറുള്ളത്. എന്നാൽ, ഇത്തവണ, പഴയ പട്ടിക പൂർണമായും ഒഴിവാക്കി, പുതിയൊരു പട്ടിക തയ്യാറാക്കാനാണ് തീരുമാനം.
ഇതിനായി വോട്ടർമാരുടെ വിശദാംശങ്ങൾ, അവരുടെ പൗരത്വത്തിന്റെ തെളിവുകളുൾപ്പെടെ, പരിശോധിക്കപ്പെടും. പ്രത്യേകിച്ച് 2003 ലെ വോട്ടർ പട്ടികയിൽ ഇല്ലാത്തവരുടെ. അവിടെയാണ് എൻ.ആ.ർസി.യുമായി (ദേശീയപൗരത്വ റെജിസ്റ്റർ) ബന്ധപ്പെട്ട ആശങ്കകൾ ഉയരുന്നത്. കാരണം എൻആർസി പ്രക്രിയയിൽ പൗരത്വം തെളിയിക്കാനും സമാനമായ രേഖകളായിരുന്നു ആവശ്യം.
എൻ ആർ സിയുമായുള്ള സാമ്യം
ഉദാഹരണത്തിനു, 2019 ൽ അസമിൽ നടന്ന എൻആർസി പ്രക്രിയ, പൗരത്വം തെളിയിക്കാൻ രേഖകൾ ഹാജരാക്കാൻ കഴിയാത്ത 19 ലക്ഷം പേർക്ക് പൗരത്വം നഷ്ടപ്പെടാനുള്ള സാധ്യത സൃഷ്ടിച്ചിരുന്നു,
കേന്ദ്രസർക്കാർ അന്ന് ലക്ഷ്യമിട്ടത് ന്യുനപക്ഷങ്ങളെ ആയിരുന്നുവെങ്കിലും ഈ പട്ടികയിലെ 19 ലക്ഷം പേരിൽ 12 ലക്ഷത്തോളം ഹിന്ദുക്കളായിരുന്നതിനാൽ, അവസാനം ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഉപേക്ഷിക്കുകയായിരുന്നു. സർക്കാർ / പൊതു മേഖല സ്ഥാപനങ്ങളിൽ നിന്നുള്ള ഐ ഡി രേഖകൾ, പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ മറ്റ് സർക്കാർ രേഖകൾ -ഇവയൊക്കെയാണ് പുതിയ വോട്ടർ പട്ടിക തയ്യാറാക്കലിന്റെ ഭാഗമായി, വോട്ടർമാർക്ക് ഹാജരാക്കേണ്ടി വരുക. ഇത് പ്രത്യേകിച്ച് നിരക്ഷരർക്കും ദരിദ്രർക്കും രേഖകൾ ഇല്ലാത്തവർക്കും, പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ ഉൾപ്പെടുന്നവർക്കും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.രാജ്യത്ത് ഏറ്റവും കുറവ് ജനനങ്ങൾ രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ബീഹാർ!
ഒരു NDA സഖ്യകക്ഷിതന്നെ ചോദിച്ചത് “മുസഹാർ, ഡോം ജാതികളിൽ, വോട്ടർമാർക്ക് അവർ ആവശ്യപ്പെടുന്ന രേഖകൾ വളരെ കുറവാണ്. അവരെങ്ങനെ അവരുടെ പൗരത്വം തെളിയിക്കും?” എന്നായിരുന്നു.
ഈ പരിപാടി പ്രധാനമായും ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (SIR) തീവ്രമായ ഒരു വോട്ടർ പട്ടിക പരിശോധനയാണ് സൂചിപ്പിക്കുന്നത്.അതായത് നിലവിലുള്ള വോട്ടർ പട്ടിക പൂർണമായും പുതുക്കി തയ്യാറാക്കാനാണ് പുറപ്പാട് എന്നർത്ഥം. അതിന്റെ വിശദാംശങ്ങൾ ചുരുക്കിപറയാം.
1955 ലെ പൗരത്വ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി മൂന്ന് വിഭാഗങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ളത് .
- 1987 ജൂലൈ 1 ന് മുമ്പ് ജനിച്ചവർ അവരുടെ ജനനത്തീയതിയുടെയോ ജനന സ്ഥലത്തിന്റെയോ തെളിവ് ഹാജരാക്കേണ്ടതുണ്ട്. അതായത് നിങ്ങളിന്ന് ബീഹാറിൽ ആണ് താമസിക്കുന്നതെങ്കിൽ, ഈ രേഖകളൊന്നും ഹാജരാക്കാനാകുന്നില്ലെങ്കിൽ നിങ്ങളുടെ വോട്ടവകാശമേ നഷ്ടപ്പെടും. നാളെയത് പൗരത്വം തന്നെ നഷ്ടപ്പെടുന്ന ഒരു സ്ഥിതിവിശേഷത്തിലേക്ക് നയിച്ചേക്കാം.
- 1987 ജൂലൈ 1 നും 2004 ഡിസംബർ 2 നും ഇടയിൽ ജനിച്ചവർ ജനനത്തീയതിയുടെയോ ജനന സ്ഥലത്തിന്റെയോ തെളിവും അവരുടെ മാതാപിതാക്കളിൽ ഒരാളുടെ സമാനമായ തെളിവും ഹാജരാക്കേണ്ടതുണ്ട്.
- 2004 ഡിസംബർ 2 ന് ശേഷം ജനിച്ചവർ തങ്ങളുടെയും അവരുടെയും മാതാപിതാക്കളുടെയും ജനനത്തീയതിയുടെയോ ജനന സ്ഥലത്തിന്റെയോ
തെളിവ് ഹാജരാക്കേണ്ടതുണ്ട്.
ബീഹാറിലെ 4 കോടിയിലധികം വോട്ടർമാർ 20 നും 38 നും ഇടയിൽ പ്രായമുള്ളവരായതിനാൽ, മൊത്തം വരുന്ന 8 കോടിയോളം വോട്ടർമാരിൽ ഏകദേശം 50% പേർക്കും ആഴ്ചകൾക്കുള്ളിൽ തങ്ങളുടെയും മാതാപിതാക്കളിൽ ഒരാളുടെയെങ്കിലുമോ പൗരത്വം തെളിയിക്കേണ്ടിവരും.
രാഷ്ട്രീയ പ്രതികരണങ്ങൾ
ഈ നിയമങ്ങൾ പ്രതിപക്ഷത്തുന്നിന്നും കടുത്ത വിമർശനങ്ങളാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. മോദി സർക്കാരിന്റെ പുതിയ പൗരത്വ നിയമം പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് പൗരത്വം വേഗത്തിലാക്കുക , പക്ഷേ മുസ്ലീങ്ങളെ ആ പ്രക്രിയയിൽ ഉൾപ്പെടുത്താതിരിക്കുക എന്നതായിരുന്നുല്ലോ കോൺഗ്രസ് പാർട്ടി ഈ പ്രക്രിയയെ എതിർക്കുന്നത്, “പരിഹാരത്തിന്റെ മറവിൽ വഞ്ചനാപരവും സംശയാസ്പദവുമായ ഒരു ആശയം” എന്ന് അതിനെ വിളിച്ചുകൊണ്ടാണ്. ബീഹാറിലെ വോട്ടർമാരുടെ വോട്ടവകാശം ഇനി കേന്ദ്ര, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ കൈകളിലായിരിക്കുമെന്നതുകൂടി അവർ ഓർമ്മിപ്പിക്കുന്നു. “കേന്ദ്ര സംവിധാനങ്ങളുടെ അധികാരം ഉപയോഗിച്ച് വോട്ടർമാരെ ലിസ്റ്റിൽ നിന്ന് മനഃപൂർവ്വം ഒഴിവാക്കാൻ കഴിയും എന്ന വലിയ ഒരു അപകടസാധ്യത ഇതിൽ ഒളിച്ചിരിക്കുന്നു,”
ബീഹാറിലെ സീമാഞ്ചൽ മേഖലയായിരിക്കും മറ്റുള്ളവയേക്കാൾ കൂടുതൽ സങ്കീർണതകൾക്ക് വിധേയമാകുന്നത്. ഇവിടം കുടിയേറ്റത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും ഒരു കേന്ദ്രമാണ്. ആളുകൾ ഡൽഹിയിലേക്കും പഞ്ചാബിലേക്കും വലിയ തോതിൽ തൊഴിൽ തേടി പോകുന്നവർ. അവരിൽ എത്ര പേർക്ക് ഈ പരിപാടിക്കായി തൊഴിൽ വിട്ടു തിരിച്ചുവരാൻ കഴിയും?
ബീഹാറിലെ പ്രതിപക്ഷ പാർട്ടികൾ, പ്രത്യേകിച്ച് രാഷ്ട്രീയ ജനതാദൾ ഈ നീക്കത്തെ “എൻആർസിയുടെ പരോക്ഷ നടപ്പാക്കൽ” എന്നുതന്നെയാണ് വിമർശിച്ചത്. ആർജെഡി നേതാവ് തേജസ്വി യാദവ്, ഇത് പാവപ്പെട്ടവരെയും ദലിതരെയും ഒഴിവാക്കാനുള്ള ബിജെപി-നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ തന്ത്രമാണെന്ന് ആരോപിച്ചു.
അതേസമയം, വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്താൻ മാത്രമാണ് ഈ നീക്കമെന്ന് ബിജെപി വാദിക്കുന്നു. ‘അനധികൃത’കുടിയേറ്റക്കാർ, മരണപ്പെട്ടവർ, ദ്രുതഗതിയിലുള്ള നഗരവൽക്കരണം, പതിവായുള്ള അന്യദേശസഞ്ചാരം,ഇതൊക്കെ കാരണം പട്ടിക പുതുക്കാതെ തരമില്ല എന്നാണവരുടെ വിശദീകരണം.
1. ജനങ്ങളുടെ ആശങ്കയുടെയും ഈ നടപടി “അപകടകരം” എന്ന് വിമർശിക്കപ്പെടുന്നതിന്റെയും കാരണങ്ങൾ:
ബീഹാറിലെ ജനങ്ങൾ, പ്രത്യേകിച്ച് മുസ്ലിം, ദലിത്, പിന്നോക്ക സമുദായങ്ങളിൽപ്പെട്ടവർ, തങ്ങളുടെ വോട്ടവകാശം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ്. ബീഹാറിന്റെ അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ളവരിൽ കുടിയേറ്റക്കാർ എന്ന് സംശയിക്കപ്പെടുന്നവർക്ക് പൗരത്വം തെളിയിക്കേണ്ട കടമ്പകൾ കൂടുതലാണ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ഇവിടെ എത്തുന്ന ഈ സാധാരണ മനുഷ്യർ, പലപ്പോഴും, സ്വൈര്യ ജീവിതം അസാദ്ധ്യമാക്കുന്ന,പ്രാദേശിക കലാപമോ പ്രകൃതിക്ഷോഭമോ ഒക്കെപ്പോലെയുള്ള പ്രതികൂല സാഹചര്യങ്ങളിൽ നിന്നോടി രക്ഷപ്പെട്ടെത്തിയതാകും. സ്വാഭാവികമായും അവരിൽ വലിയൊരു ഭാഗത്തിൻ്റെ കയ്യിലും രേഖകളൊന്നുമുണ്ടാകാൻ വഴിയില്ല. അസമിലെ എൻആർസി പ്രക്രിയയിൽ ഈ പ്രശ്നങ്ങൾ കാരണം അന്നു പലർക്കും രേഖകൾ ഹാജരാക്കാൻ കഴിയാതെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടായി. അവരിൽ വളരെ വലിയൊരു വിഭാഗത്തെ നുഴഞ്ഞുകയറ്റക്കാർ എന്ന് മുദ്രകുത്തി നിഷ്കരുണം ഇതിനകം അതിർത്തി കടത്തി വിട്ടു കഴിഞ്ഞു. ഛിന്നഭിന്നമായിപ്പോയ കുടുംബങ്ങൾ, മാതാപിതാക്കളെ നഷ്ടപ്പെട്ടവർ,പരസ്പരം അകന്നുപോകേണ്ടിവന്ന ഭാര്യാഭർത്താക്കന്മാർ സഹോദരങ്ങൾ, എന്നിങ്ങനെ ആസാമിൽ നിന്നും കേട്ട കരൾപിളരുന്ന കഥകൾ ഒട്ടനവധിയാണ്. രേഖകൾ പരിശോധിക്കാനിരിക്കുന്ന സർക്കാർ ഉദ്യോസ്ഥ്റെ മുൻപിൽ വീർപ്പടക്കിപ്പിടിച്ചു നിൽക്കുന്ന പാവം മനുഷ്യരുടെ ചിത്രങ്ങൾ മറക്കാനാകില്ല. പൗരത്വരേഖകളില്ലെന്ന പേരിൽ കേന്ദ്രസർക്കാർ കരയിലൂടെയും വെള്ളത്തിലൂടെയുമൊക്കെ അതിർത്തികടത്തിവിട്ടവർ അങ്ങനെ നേപ്പാളിലും ബംഗ്ലാദേശിലും മ്യാൻമറിലും ഒക്കെയായി എത്തിപ്പെടുമ്പോൾ അവിടെയും സ്വീകരിക്കപ്പെടാതെ, സ്വന്തം എന്ന് പറയാൻ ഒരു രാജ്യം പോലുമില്ലാത്ത ദുരവസ്ഥയിലാണ് ചെന്ന് പെടുക.
2. സമയപരിമിതി:
8 കോടി വോട്ടർമാരെ 25 ദിവസത്തിനുള്ളിൽ പരിശോധിക്കുക എന്നത്, അതും 73% പ്രദേശങ്ങളിലും വെള്ളപ്പൊക്കം നേരിടുന്ന ബീഹാറിൽ, തീർത്തും അപ്രായോഗികമാണ്.
3. രാഷ്ട്രീയ പ്രത്യാഘാതങ്ങൾ:
ഈ നീക്കം ആഴത്തിലൊന്ന് ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഒരിക്കൽ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചതിനാൽ ‘നീട്ടിവെച്ച’ ദേശീയ പൗരത്വ രജിസ്റ്റർ (NRC) പോലുള്ള പദ്ധതികൾ, ഒരു സംസ്ഥാന തെരഞ്ഞെടുപ്പിന്റെ മറവിൽ നടപ്പാക്കുന്നതാണെന്നും,അതും ചില വിഭാഗങ്ങളെ മാത്രം ലക്ഷ്യമിട്ട് വോട്ടവകാശം തടയാൻ ശ്രമിക്കുകയാണ് എന്നും പ്രതിപക്ഷം ആരോപിക്കുന്നത് ശരിയാകാമെന്ന ചിത്രമാണു തെളിഞ്ഞു വരുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം:
വിദേശ അനധികൃത കുടിയേറ്റക്കാരുടെയും മരിച്ചവോട്ടർമാരുടെയും പേരുകൾ ഉൾപ്പെട്ടിട്ടുള്ളതു കൊണ്ടും ദ്രുതഗതിയിലുള്ള നഗരവൽക്കരണം, പതിവായ കുടിയേറ്റം, വോട്ടർമാരുടെ പോക്കു വരവ്” എന്നീ കാരണങ്ങൾ കൊണ്ടും സംസ്ഥാനത്തിന് ഒരു പുതിയ പട്ടിക ആവശ്യമാണെന്ന് ഇ.സി.ഐ വിശ്വസിക്കുന്നു.
വോട്ടർ പട്ടികയിൽ വിദേശ അനധികൃത കുടിയേറ്റക്കാരുടെ സാന്നിധ്യം സംബന്ധിച്ച ഡേറ്റയോ തെളിവോ അവരുടെ കൈവശമുണ്ടോ എന്ന ചോദ്യത്തിന് മറുപടി, “അത്തരം വ്യക്തികളുടെ സാന്നിധ്യം സംബന്ധിച്ച പതിവ് വിവരങ്ങൾ പട്ടികയിൽ വന്നുകൊണ്ടിരിക്കുന്നു” എന്ന് മാത്രമാണ്. ആ ഉദ്യോഗസ്ഥൻ അതിന്റെ ഒരു ഡേറ്റയോ തെളിവോ ഒന്നും പങ്കിട്ടതുമില്ല.
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ഒരു എൻജിഒ ആയ എഡിആർ -ADR- സുപ്രീം കോടതിയിൽ ഹർജി നൽകി. തിരഞ്ഞെടുപ്പ് നടക്കുന്ന ഒരു സംസ്ഥാനത്ത് ഇപ്പോൾ ഇത്രയും കർക്കശമായ നടപടിക്ക് കാരണമില്ലെന്നും, ഈ നീക്കത്തിന് കൃത്യമായ നടപടിക്രമങ്ങളില്ലെന്നും, ലക്ഷക്കണക്കിന് ആളുകളുടെ വോട്ടവകാശം നിഷേധിക്കുമെന്നും അവർ ചുണ്ടിക്കാട്ടി. വോട്ടർ പട്ടികയിൽ ഉൾപ്പെത്തുക എന്ന ഉത്തരവാദിത്തം സർക്കാറിന്റെയാണ്. ഈ നടപടിയിലൂടെ അത് പൗരരിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്
ബീഹാറിലെ പുതിയ വോട്ടർ പട്ടിക തയ്യാറാക്കൽ, തിരഞ്ഞെടുപ്പ് പ്രക്രിയയെ സുതാര്യമാക്കാനുള്ള ശ്രമമാണോ അതോ എൻആർസിയുടെ മറ്റൊരു രൂപമാണോ എന്ന ചോദ്യം അവഗണിക്കാനാകുന്നതല്ല.
സാധാരണക്കാരായ ജനങ്ങൾക്ക് പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ഇതു നടപ്പാവുന്നത് അവരുടെ വോട്ടവകാശത്തിനും പൗരത്വത്തിനും ഭീഷണിയായി മാറിയേക്കാം. ഈ നീക്കത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം വ്യക്തമാകാൻ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അടുത്ത നടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്, ഈ പരിഷ്കരണം വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കാനും, അനർഹരായവരെ ഒഴിവാക്കാനുമാണ്. എന്നാൽ, ഇത് വോട്ടർമാരെ, പ്രത്യേകിച്ച് പാവപ്പെട്ടവരെയും പ്രവാസികളെയുമാണ് ബുദ്ധിമുട്ടിലാക്കുക എന്ന് വ്യക്തം.
ഇത്രമാത്രം ആലോചിക്കുക: ബീഹാറിലെ വോട്ടർ ലിസ്റ്റിലുള്ള എത്രയോ ബിഹാറികൾ കേരളത്തിൽ വന്ന് ജോലി ചെയ്യുന്നു. ഈ പറഞ്ഞതുപോലെ വോട്ടർ ലിസ്റ്റ് മുഴുവൻ അധികൃതർ പുതുക്കിപ്പണിയുകയാണെങ്കിൽ, ചുരുങ്ങിയ സമയത്ത് മേല്പറയുന്ന രേഖകൾ ഹാജരാക്കാതെ തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യാൻ വേണ്ടി ബിഹാറിലേക്ക് മടങ്ങി പോകുന്നവരിൽ ഒരാളും ആ ലിസ്റ്റിൽ ഉണ്ടാകില്ല. ബീഹാറിലെ ജനസംഖ്യയിൽ 20% ത്തോളം വരുന്ന ന്യൂനപക്ഷങ്ങളെയും അത്രതന്നെ വരുന്ന ദളിതരുടെയുമൊക്കെ വലിയ ഒരു ഭാഗം വോട്ടർ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടുക എന്നതാകും ഇതിന്റെ ആത്യന്തികമായ ഫലം.
കവർ : വിൽസൺ ശാരദ ആനന്ദ്
