പൂമുഖം LITERATUREകവിത വിട

വിടയെന്നൊരു
വാക്കെഴുതുവാൻ
വയ്യാതാവുന്നെനിക്ക്.

നാം കൈ പിടിച്ചെത്ര
നാട്ടുവഴികൾ താണ്ടി.
നറു കിനാവു നുണഞ്ഞു നടന്നു.

കോവിലിലെക്കുളവും
ആറാട്ടു ജലവും
കരുത്തുകാട്ടാനായ് ചാടി
മാലോകർ കാണാനൊരുമിച്ച്
മത്സരിച്ചു നാം ചാടി

കണ്ണെത്താപ്പാടത്തെ
കതിർ നെൽപ്പൂപ്പാല്
കണ്ണടച്ചു നമ്മൾ കുടിച്ചു.

ഗാനമേള തൻ
ഗഗനോത്സവം
ഗമയിൽ കുളങ്ങരയിൽ കണ്ടു.

സേമിയയെന്ന
സോമരസ നിരുപമപാനി
സാദരം കുടിച്ചുല്ലസിച്ചു..

ബാലി സുഗ്രീവർ
ബലം പിടിച്ചലറിയ
ബാലെ കണ്ടു നാം
ബലം പരീക്ഷിച്ചു ചിരിച്ചു.

ഉത്തരം മറന്ന
ഉത്തര പരീക്ഷയിൽ
ഉത്തരമൊന്നു പോലെഴുതി

കാവടി തുള്ളി
കണ്ണടച്ചു നാം
കള്ളഭക്തരായ് മിന്നി

രസമുറ്റും സിനിമയ്ക്കായ്
രാവിലെ പണം പിടുങ്ങി….

അച്ഛൻ്റെ കണ്ണുരുട്ടൽ
അമ്മ തൻ സ്നേഹശാസന
അതൊന്നുമോർക്കാതെ കടന്നു…

ജ്യുസ് കടയിലെ
ജലഭരണിയിലെ
ജീരകപാനീയം കുടിച്ചു.

പിന്നെയും പിന്നെയും
പല പ്രായങ്ങൾ
പലകാലകോലം വരച്ചു.

കൂട്ടുകാരാ
കാലം മഞ്ഞണിഞ്ഞു.

നീ പോയതെനിക്കോർക്ക വയ്യ
നിനക്കൊപ്പമാണു ഞാനിപ്പൊഴും
നിൻ്റെ ചിരിയെൻ്റെ
നീണ്ട വിരലിൽ തൂങ്ങി നടപ്പൂ.

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like