പൂമുഖം LITERATUREലേഖനം ആർ. എസ്. പി. കേരളത്തിൽ – ജനനവും പതനവും (ഭാഗം 3)

ആർ. എസ്. പി. കേരളത്തിൽ – ജനനവും പതനവും (ഭാഗം 3)

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ശ്രീകണ്ഠൻ നായർക്ക് ശേഷം

1952 മുതൽ താൻ പ്രതിനിധാനം ചെയ്തുവന്ന കൊല്ലം പാർലിമെൻറ് സീറ്റിലേക്കുള്ള 1980ലെ തെരഞ്ഞെടുപ്പിൽ ലോക്സഭയിലെ ആർ എസ് പി കക്ഷിനേതാവ് കൂടിയായിരുന്ന എൻ ശ്രീകണ്ഠൻ നായർ തോറ്റത് പാർട്ടിയിൽ ഒരു പൊട്ടിത്തെറിക്കു കാരണമായി. എ കെ ജി യോടൊപ്പം പാർലമെൻറിൽ ഏറ്റവും ബഹുമാനംനേടിയ നേതാവാണ് ശ്രീകണ്ഠൻ നായർ. തൻറെ പരാജയം ഉറപ്പുവരുത്താൻ സ്വന്തം പാർട്ടിയിൽ ഉള്ള ചിലരും ശ്രമിച്ചു എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. അവരുടെ പിന്നിൽ ബേബി ജോൺ ആണെന്ന് അദ്ദേഹം ആരോപിച്ചു. 1976 ൽ ടി കെ ദിവാകരൻ മന്ത്രിയായിരിക്കെ മരണപ്പെട്ടതുമുതൽ ആർ എസ് പി യിൽ ബേബി ജോൺ ആയിരുന്നു രണ്ടാമൻ.

താൻ ജന്മംകൊടുത്ത് ഊട്ടിവളര്‍ത്തിയ പാർട്ടിയിൽനിന്ന് ശ്രീകണ്ഠൻനായർ പതിയെ അകന്നു. അപ്രതീക്ഷിതമായിരുന്നു 1983ൽ ചങ്ങനാശ്ശേരിയിൽവെച്ച് ഹൃദ്രോഗംമൂലം ശ്രീകണ്ഠൻനായരുടെ വിയോഗം. ശ്രീകണ്ഠൻനായർക്ക് ശേഷം കൊല്ലം എം എൽ എ ആയിരുന്ന കടവൂർ ശിവദാസനാണ് അദ്ദേഹത്തിൻറെ പക്ഷത്തെ നയിച്ചത്. താമസിയാതെ നയകോവിദനായ കെ കരുണാകരൻ ശിവദാസനെ കോൺഗ്രസിലേക്ക് ആകർഷിച്ചു. അദ്ദേഹം പിന്നീട് മന്ത്രിയാവുകയും ചെയ്തു.

ബേബി ജോൺ യുഗം

ആർ എസ് പി യിലെ ബേബി ജോൺ യുഗത്തിൻറെ ആരംഭമായിരുന്നു 1980 ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ ശ്രീകണ്ഠൻനായരുടെ തോൽവി. 1952ൽ തിരുക്കൊച്ചി എം എൽ എ യായ ബേബി ജോൺ 1960 മുതൽ തുടർച്ചയായി 1996 വരെ കരുനാഗപ്പള്ളി, ചവറ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച എം എൽ എ യാണ്. 1970ൽ സി അച്യുതമേനോൻ മന്ത്രി സഭയിൽ അംഗമായ ബേബി ജോൺ പിന്നീട് കെ കരുണാകരൻ, എ കെ ആൻറണി, പി കെ വാസുദേവൻ നായർ, ഈ കെ നായനാർ മന്ത്രിസഭകളിൽ മന്ത്രിയായി. രാഷ്ട്രീയത്തിലെ ഗതിവിഗതികൾ കൃത്യമായി മനസിലാക്കുന്നതിലും ചടുലമായ കരുനീക്കങ്ങളിലൂടെ അവ നിയന്ത്രിക്കുന്നതിലും ബേബി ജോണിനെ വെല്ലാൻ വേറൊരു രാഷ്ട്രീയനേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ല. കേരള കിസിംഗർ എന്ന പേര് അദ്ദേഹം അന്വർഥമാക്കി. ബേബി ജോൺ മന്ത്രിസഭയിൽ ഉള്ളിടത്തോളം കാലം രാഷ്ട്രീയത്തിൽ ആർ എസ് പിയുടെ ഗ്രാഫും ഉയർന്നുനിന്നു.

1990കളുടെ മധ്യത്തിൽ പക്ഷാഘാതംവന്ന് ആരോഗ്യസ്ഥിതി മോശമാവുന്നത്തുവരെ ആർ എസ് പി യുടെ കടിഞ്ഞാൺ ബേബി ജോണിൻറെ കയ്യിൽ സുരക്ഷിതമായിരുന്നു. കെ പങ്കജാക്ഷൻ ആയിരുന്നു മറ്റൊരു പ്രമുഖ നേതാവ്. തിരുവനന്തപുരം വെസ്റ്റിൽ നിന്ന് 1971ലും 1977ലും, ആര്യനാട് നിന്ന് 1980ലും 1982ലും 1987ലും എം എൽ എ യായി തെരഞ്ഞെടുക്കപ്പെട്ട പങ്കജാക്ഷൻ 1979 മുതൽ 1982 വരെയും 1987 മുതൽ 1991 വരെയും മന്ത്രിയായിരുന്നു. 2012ൽ മരിക്കുമ്പോൾ ആർ എസ് പി അഖിലേന്ത്യാ സെക്രട്ടറിയായിരുന്നു.

തുടക്കം മുതൽ നേതൃനിരയിലുണ്ടായിരുന്ന വേറൊരാൾ ആർ എസ് ഉണ്ണിയാണ്. ഇരവിപുരം മണ്ഡലത്തിൽനിന്നും 1967, 1970, 1977, 1980, 1982 തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ച ഉണ്ണി 1970 മുതൽ 1977 വരെ ഡെപ്യൂട്ടി സ്പീക്കറായും 1981ൽ ചുരുങ്ങിയ കാലം മന്ത്രിയുമായിരുന്നു. 1984ൽ കൊല്ലത്തു നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വിദ്യാർത്ഥിനേതാവായി ഉയർന്നുവന്ന എൻ കെ പ്രേമചന്ദ്രൻ 1996 ലും 1998 ലും ആർ എസ് പി യുടെ പ്രതിനിധിയായി കൊല്ലത്തുനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1999ൽ ടി ജെ ചന്ദ്രചൂഡൻ ആർ എസ് പി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കെ ബാലകൃഷ്ണൻറെ അനുയായിയായി ആർ എസ് പിയിൽ ചേർന്ന ചന്ദ്രചൂഡൻ ആദർശശാലിയും ആർ എസ് പി അതിൻറെ തനതായ വ്യക്തിത്വം ഉയർത്തിപ്പിടിക്കണം എന്ന അഭിപ്രായം വെച്ചുപുലർത്തിയ നേതാവാണ്. അതിൻറെ ഫലമായി സി പി എമ്മിൻറെ അതൃപ്തിക്ക് അദ്ദേഹം പാത്രമായി. പലതവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും അദ്ദേഹം വിജയിക്കാഞ്ഞതിന്‍റെ പിന്നിൽ സി പി എമ്മിനെ കൂടാതെ ആർ എസ് പി യിലെ ഒരു വിഭാഗത്തിന്‍റെ എതിർപ്പും കാരണമായി. ബേബി ജോൺ രോഗിയായി മാറിയതോടെ ആർ എസ് പി ഇടതുമുന്നണിയിൽ തുടരണമെന്നും അതല്ല യു ഡി എഫിൻറെ ഭാഗമാകണമെന്നുമുള്ള പക്ഷങ്ങൾ ഉടലെടുത്തു. അഭിപ്രായഭിന്നത രൂക്ഷമായതോടെ 1999 മാർച്ചിൽ എ വി താമരാക്ഷൻ, ബാബു ദിവാകരൻ എന്നീ നേതാക്കളെ ആർ എസ് പി യിൽ നിന്നു പുറത്താക്കി. 1977ൽ മാരാരിക്കുളത്തു നിന്ന് എം എൽ എ യായ താമരാക്ഷൻ 1980ലും 1982ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 87ൽ തോറ്റെങ്കിലും 1990ൽ ഹരിപ്പാട് എം എൽ എ യായി. 91ൽ തോറ്റു. 96ൽ വീണ്ടും ജയിച്ചു.

2001ൽ താമരാക്ഷൻപക്ഷം ബേബി ജോണിനെ മുൻനിർത്തി ആർ എസ് പി (ബോൾഷെവിക്ക് ) എന്ന പുതിയ പാർട്ടിയുണ്ടാക്കി യു ഡി എഫിൽ ചേർന്നു. ബാബു ദിവാകാരനും ഷിബു ബേബി ജോണും എം എൽ എ മാരായി. ബാബു ദിവാകരൻ പിന്നീട് മന്ത്രിയും ഷിബു ബേബി ജോൺ പാർട്ടി സെക്രട്ടറിയുമായി. താമരാക്ഷൻ സ്വന്തം പക്ഷത്തെ പിന്നീട് ഗൗരിഅമ്മയുടെ ജെ എസ് എസിൽ ലയിപ്പിച്ചു. 2005 ൽ പാർട്ടി സെക്രട്ടറി ഷിബു ബേബി ജോണിൻറെ നേതൃത്വത്തിൽ ആർ എസ് പി (ബി) യു ഡി എഫ് വിട്ട് എൽ ഡി എഫിൽ ചേർന്നു. ബാബു ദിവാകരൻ ആർ എസ് പി ( മാർക്സിസ്റ്റ് ) എന്ന പാർട്ടിയുണ്ടാക്കി യു ഡി എഫിൽ തുടർന്നു. 2006 ൽ എൻ കെ പ്രേമചന്ദ്രൻ ആർ എസ് പി പ്രതിനിധിയായി രാജ്യസഭാ എം പി യായി തെരഞ്ഞെടുക്കപ്പെട്ടു.

2006 ൽ ചവറയിൽ ഷിബു ബേബി ജോണിനെ തോൽപ്പിച്ച പ്രേമചന്ദ്രൻ മന്ത്രിസഭയിലും അംഗമായി. 2008 ജനുവരി 29 ന് ബേബി ജോൺ അന്തരിച്ചു. 2011ൽ ചവറയിൽനിന്ന് പ്രേമചന്ദ്രനെ പരാജയപ്പെടുത്തി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഷിബു ബേബി ജോൺ മന്ത്രിയായി. 1987 ലും 1996 ലും ഇരവിപുരത്തുനിന്ന് എം എൽ എ യും 1996 മുതൽ 2001 വരെ മന്ത്രിയുമായ വി പി രാമകൃഷ്ണപിള്ള 2008 ൽ ടി ജെ ചന്ദ്രചൂഡനെ തോൽപ്പിച്ച് ആർ എസ് പി സംസ്ഥാന സെക്രട്ടറിയായി. ഒത്തുതീർപ്പിന്‍റെ ഫലമായി ചന്ദ്രചൂഡൻ അഖിലേന്ത്യ സെക്രട്ടറിയായി. എന്നാൽ 2010 ൽ ഒഴിവുവന്ന രാജ്യസഭാ സീറ്റ് ചന്ദ്രചൂഡനു വേണ്ടി ആവശ്യപ്പെടാൻ രാമകൃഷ്ണപിള്ള തയാറായില്ല.വലിയ വിമർശനം പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നതോടെ 2011 ൽ രാമകൃഷ്ണപിള്ള പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എ എ അസീസ് പുതിയ സെക്രട്ടറിയായി.ആർ എസ് പി യിലെ ഒരു ദുഃഖ കഥാപത്രമാണ് ടി ജെ ചന്ദ്രചൂഡൻ. ആർ എസ് പി യുടെ തുടക്കം മുതൽ കെ ബാലകൃഷ്ണന്‍റെ അനുയായിയായി പാർട്ടിയിലുള്ള ചന്ദ്രചൂഡൻ സ്വതന്ത്രമായ അഭിപ്രായം തുറന്നു പറയുന്ന ആദർശശാലിയാണ്. അതുകൊണ്ടു തന്നെ പാർട്ടിക്കുള്ളിലും പുറത്തും ധാരാളം ശത്രുക്കളെയും സൃഷ്ടിച്ചു. 1982 ലും 1987 ലും 2006 ലും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും തോല്പിക്കാൻ മുന്നിൽ നിന്നവരിൽ സി പി എമ്മിന്‍റെ കൈകൾ ദർശിക്കുന്നവരാണ് മിക്ക നിരീക്ഷകരും. പിന്നീട് രാജ്യസഭയിലേക്ക് അയക്കണം എന്ന നിർദേശം വന്നെങ്കിലും മാർക്സിസ്റ്റ് പാർട്ടി തുണച്ചില്ല.

ചന്ദ്രചൂഡൻ 1999 മുതൽ 2018 വരെ ആർ എസ് പി ദേശീയ സെക്രട്ടറിപദം അലങ്കരിച്ച മലയാളിയാണ്. 2014ൽ ഇരു ആർ എസ് പി വിഭാഗങ്ങളും ഒന്നിച്ചു ഒരു പാർട്ടിയായി. സി പി എം കൊല്ലം പാർലിമെൻറ് സീറ്റ് ആർ എസ് പിക്ക് നിഷേധിച്ചതിനെത്തുടർന്ന് ആർ എസ് പി എൽ ഡി എഫ് വിട്ടു. എൻ കെ പ്രേമചന്ദ്രൻ യു ഡി എഫ് സ്ഥാനാർഥിയായി സി പി എമ്മിൻറെ കരുത്തനായ എം എ ബേബിയെ തോൽപ്പിച്ച് എം പിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2019 ലെ തെരഞ്ഞെടുപ്പിലും പ്രേമചന്ദ്രൻ കൊല്ലം എം പിയായി ജയിച്ചു. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അമ്പേ പരാജയപ്പെടുകയാണുണ്ടായത്.

2016 ലും 2021 ലും ഷിബു ബേബി ജോൺ ഉൾപ്പെടെ ഒരു ആർ എസ് പിക്കാരന് പോലും ജയിക്കാനായില്ല. 2016ൽ മുൻപ് ബേബി ജോണിൻറെ അനുയായിയായ വിജയൻ പിള്ളയോടാണ് തോറ്റതെങ്കിൽ 2021ൽ യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത മകനോടാണ് ഷിബു തോറ്റത്. ആർ എസ് പി യുടെ അണികൾ അതിൻറെ തുടക്കം മുതൽ ഇടത് ആഭിമുഖ്യം പുലർത്തുന്നവരാണ്. അത് കൃത്യമായി തിരിച്ചറിഞ്ഞ കുന്നത്തൂർ എം എൽ എ കോവൂർ കുഞ്ഞുമോൻ ആർ എസ് പി യു ഡി എഫിലേക്ക് പോയപ്പോൾ മാറി നിന്നു. ആർ എസ് പി (മാർക്സിസ്റ്റ് ലെനിനിസ്റ്റ് ) എന്നാണ് കുഞ്ഞുമോൻ തൻറെ പക്ഷത്തിനു പേര് നൽകിയത്. 2016 ലും 2021 ലും ഇടതു പിന്തുണയോടെ കുഞ്ഞുമോൻ എം എൽ എ യായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു പാർട്ടിയായി അംഗീകരിക്കാനോ മന്ത്രിസ്ഥാനം നൽകാനോ സി പി എം തയാറായില്ല.

ആർ എസ് പി ഇനി എങ്ങോട്ട്?

നിയമസഭയിൽ ഒരാൾ പോലുമില്ലാതെ ആർ എസ് പി ഒരു വലിയ പ്രതിസന്ധി ഘട്ടത്തെ നേരിടുകയാണ്. പാർട്ടിയുടെ 1982 മുതലുള്ള പ്രകടനം വിലയിരുത്തുമ്പോൾ ഏറ്റവും മോശമായ സ്ഥിതിയിലാണ്.
1982 – 4 എം എൽ എ മാർ, ബേബി ജോൺ മന്ത്രി.
1987 – 5 എം എൽ എ മാർ, ബേബി ജോൺ, കെ പങ്കജാക്ഷൻ മന്ത്രിമാർ .
1991 – 2 എം എൽ എ മാർ, ബേബി ജോൺ മന്ത്രി.
1996 – 5 എം എൽ എ മാർ,
98 മുതൽ 2001 വരെ വി പി രാമകൃഷ്ണപിള്ള മന്ത്രി.
2001 – 2 എം എൽ എ മാർ,
2006 – 3 എം എൽ എ മാർ, എൻ കെ പ്രേമചന്ദ്രൻ മന്ത്രി.
2011 – 2 എം എൽ എ മാർ, ഷിബു ബേബി ജോൺ മന്ത്രി.
2016 – പൂജ്യം.
2021 – പൂജ്യം.

ഈ കടുത്ത പ്രതിസന്ധിയിൽ നിന്ന് പാർട്ടി എങ്ങനെ കര കയറും എന്നു പ്രവചിക്കാനാവില്ല. ഷിബുവിന് യു ഡി എഫിൽ ഭാവിയില്ല. യു ഡി എഫ് സ്ഥാനാർഥിയായി രണ്ടു പ്രാവശ്യം വിജയിച്ചു മികച്ച എം പി യായി അംഗീകാരം നേടിയ പ്രേമചന്ദ്രന് യു ഡി എഫ് വിടാൻ സ്വാഭാവികമായും എതിർപ്പുണ്ടാവും. അല്ലെങ്കിൽ അടുത്ത പാർലിമെൻറ് തെരഞ്ഞെടുപ്പിൽ പ്രേമചന്ദ്രന് സീറ്റ് വിട്ടു നൽകാൻ സി പി എം തയാറാകണം. യു ഡി എഫിനെ ദുർബലപ്പെടുത്താൻ കിട്ടുന്ന അവസരം എന്ന നിലയിൽ അവർ അതിനെ കാണുമോ എന്ന് കാത്തിരുന്നു കാണേണ്ട കാര്യമാണ്. പ്രത്യേകിച്ച് ആർ എസ് പി അണികൾ മിക്കവാറും ഇടതു മുന്നണിക്ക് വോട്ട് ചെയ്യുന്ന സാഹചര്യത്തിൽ.

കുഞ്ഞുമോനെ അംഗീകരിക്കാതെ ഒറ്റക്ക് നിർത്തിയിരിക്കുന്നത് ആർ എസ് പി ക്കുള്ള ചൂണ്ടയാണോ എന്നറിയില്ല.രാഷ്ട്രീയത്തിൽ ഒന്നും മുൻകൂട്ടി പ്രവചിക്കാനാവില്ല. ഓരോ ദിവസവും, ഓരോ സംഭവവും പുതിയ വഴിത്തിരിവുകളായി മാറാം. ഒരു കാര്യം വ്യക്തമാണ്. അരനൂറ്റാണ്ടിലേറെക്കാലം മധ്യകേരളത്തിലെ രാഷ്ട്രീയചിത്രത്തിൽ നിറഞ്ഞുനിന്ന ആർ എസ് പി യുടെ പുഷ്കലകാലം അസ്തമിച്ചു. മുൻഗാമിയായ കെ എസ് പി പോലെ സാവധാനം ചക്രവാളത്തിൽ മറയുമോ അതോ അസ്ഥിപഞ്ജരമായി കുറേക്കാലം കൂടി ജീവിക്കുമോ? കാത്തിരുന്നു കാണാം.

Comments
Print Friendly, PDF & Email

You may also like