POLITICS

എൻറെ ഇന്ത്യ, അവൾ നേരിടുന്ന അഗ്നിപരീക്ഷകൾപ്രത്യക്ഷമായ , മുസ്ലിം വിവേചനം നടപ്പിൽ വരുത്തുന്ന ഒരു ബിൽ ലോകസഭയിൽ അവതരിപ്പിച്ചു നിഷ്പ്രയാസം നിർണായക ഭൂരിപക്ഷത്തോടെ പാസ്സാക്കി എടുത്തിരിക്കുന്നു എന്ന തോന്നൽ സൃഷ്ടിക്കാൻ അമിത് ഷാ – മോഡി ദ്വന്ദ്വത്തിനു കഴിഞ്ഞിരിക്കുന്നു. “പൗരത്വ ഭേദഗതി ബിൽ”. അങ്ങനെ മുസ്ലിമുകളെ രാജ്യത്തിൽ നിന്നോട്ടാകെ പുറത്താക്കുന്ന നടപടിക്കു തുടക്കം കുറിച്ചിരിക്കുന്നു എന്നിടത്തേക്കാണ് ബില്ലിനെ കുറിച്ചുള്ള വ്യാഖ്യാനങ്ങളും പോസ്റ്റുകളും തീവ്രമായ ആവേശത്തോടെയും ക്ഷോഭത്തോടെയും കൈ ചൂണ്ടുന്നത്. പ്രായോഗികവശങ്ങൾ വിശകലനം ചെയ്യുമ്പോൾ ബില്ലിൻറെ പ്രഹര പരിധി എത്രത്തോളം വരും .?

അഭയാർത്ഥികളിൽ മുസ്ലിമുകൾ ഒഴികെയുള്ള മത ന്യുനപക്ഷങ്ങൾക്കു പൗരത്വം നൽകുമെന്ന പ്രസ്താവന തന്നെയെടുക്കാം. പൗരത്വ രജിസ്റ്റർ തയ്യാറാക്കിയപ്പോൾ war hero ഉൾപ്പെടെയുള്ള നിരവധി ഹിന്ദുക്കൾ പുറത്താവുകയും രാജ്യത്തിനകത്തുനിന്നു തന്നെ കടുത്ത വിമർശനം ഉയരുകയും ചെയ്യുകയുണ്ടായി. RSS ആപൽ സൂചന മുഴക്കിയിരുന്നു. അത് സംബന്ധിച്ചുള്ള എതിർപ്പുകൾക്ക് ഒരു ഒത്തു തീർപ്പു മുന്നോട്ടു വെക്കുകയാണ് ബില്ലിലെ പൗരത്വ വാഗ്ദാനം. പൗരത്വ ര ജിസ്റ്ററിൽ തങ്ങളുടെ പേർ ഉൾക്കൊള്ളിക്കുവാൻ ദശാബ്ദങ്ങളോളം ഇന്ത്യൻ അതിർത്തിക്കകത്തു ജീവിച്ച പൗരന്മാർ പെടാപ്പാട്‌ പെടുന്നതിനു രാജ്യം സാക്ഷ്യം വഹിച്ചതാണ്. പലരും പരാജയപ്പെട്ടു പുറത്താവുന്നതും കണ്ടു. ഇതേ നിബന്ധനകൾ അഭയാർഥികളുടെ പൗരത്വദാനത്തിലും സ്വാഭാവികമായും മുന്നോട്ടു വെക്കപ്പെടും. ഫലത്തിൽ സാങ്കേതിക കാരണങ്ങളുന്നയിച്ചു കഴിയുന്നത്ര അഭയാർത്ഥികളെ പൗരത്വത്തിൽ നിന്ന് അകറ്റി നിർത്താൻ ഭരണകൂടത്തിന് കഴിയും. അതേസമയം മഹത്തായ ഒരു മനുഷ്യാവകാശനയം നടപ്പിലാക്കിയതായി പാർട്ടി ഭക്തരെ ബോധിപ്പിക്കുവാനും ശക്തമായ മുസ്ലിം വിരുദ്ധ നിലപാട് കൈക്കൊണ്ടുവെന്നു ഹിന്ദുത്വ ശക്തികളെ ധരിപ്പിക്കുവാനും സാധ്യമാവുകയും ചെയ്യും.

കടുത്ത സാമ്പത്തിക സ്വയംകൃതാനർത്ഥങ്ങളുടെ മുൻപിൽ ഒരു സൂത്രവാക്യവും കണ്ടെത്താതെ, വഴിമുട്ടി നിൽക്കുന്ന സർക്കാരിന് ചില വെടിക്കെട്ടുകൾക്കു തീകൊടുക്കുകയെ നിർവാഹമുള്ളൂ. നിയമത്തിന്റെ പ്രായോഗിക വശങ്ങളെ കുറിച്ച് ആഴത്തിൽ വിശകലനം ചെയ്യുന്നതിന് മുൻപ് തെരുവ് പ്രക്ഷോഭങ്ങൾക്കു തിരികൊളുത്താൻ ആരും പ്രേരിതരാവരുത്. അതുഅധികാരികളുടെ ആഗ്രഹം നിവർത്തിച്ചു കൊടുക്കലായിരിക്കും. ഈ സർക്കാർ യുദ്ധം എന്ന option തിരഞ്ഞെടുപ്പിന് മുൻപുള്ള പ്രതിസന്ധിയിൽ ഉപയോഗിച്ചു കഴിഞ്ഞു. വിജയം പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. ഇനിയുള്ള ആശ്രയം രാജ്യത്തിനകത്തെ ക്രമസമാധാന തകർച്ചയാണ്. ആഗോള ഇസ്ലാമിക തീവ്രവാദ ഏജന്റുമാർക്ക് ഒരു സുവർണാവസരം, നിരോധനാജ്ഞ, ഇന്റർനെറ്റ് വിച്ഛേദം, തടവിലാക്കൽ, കഴിയുമെങ്കിൽ അടിയന്തിരാവസ്ഥ …

അഭയാർത്ഥി പ്രശ്നത്തെ യാഥാർഥ്യ ബോധത്തോടെ സമീപിക്കുമ്പോൾ അവരെ അനിയന്ത്രിതമായി സ്വീകരിക്കുവാൻ ആവശ്യമായ സ്ഥല വിസ്തൃതിയും വിഭവ സമൃദ്ധിയും നമ്മുടെ രാജ്യത്തിന് ഇല്ല എന്ന വസ്തുത കാണാതിരിക്കരുത്. ജനസംഖ്യ ഇപ്പോഴും അതിവേഗ വർധനയുടെ പാതയിലാണ്. തൊഴിലില്ലായ്മയുടെ ഗ്രാഫ് കുതിച്ചുയരുന്നു. വെള്ളവും ശുദ്ധവായുവും വിലപ്പെട്ടവയായി. മ്യാന്മാർ പോലെയുള്ള രാജ്യങ്ങളിലെ ജനവിരുദ്ധ ഭരണത്തിനു കടിഞ്ഞാണിടേണ്ടത് ലോക രാഷ്ട്രങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണ്. ആ ചെറു ഏഷ്യൻ രാജ്യത്തിനു മേൽ ഗുണാത്മകമായി ഇടപെടുന്നതിൽ നിന്ന് പാശ്ചാത്യ ശക്തികളെ പിൻവലിക്കുന്നത്, അവ, തങ്ങൾ ലാറ്റിൻ അമേരിക്കയിലും മധ്യേഷ്യയിലും അഴിച്ചുവിട്ട വിധ്വംസന പ്രവർത്തനങ്ങളുടെ നിഴലിൽ നിൽക്കുന്നത് കൊണ്ടാണ്. യൂറോപ്പിലെ നാറ്റോ രാജ്യങ്ങളിലേക്ക് പലായനം ചെയ്ത അഭയാർഥികളുടെ കാര്യത്തിൽ യൂറോപ്പിന് നിഷേധിക്കാനാവാത്ത ധാർമ്മികബാധ്യതയുണ്ട്. അത്തരമൊന്നു ഇന്ത്യക്കു റോഹിൻഗ്യൻ ജനതയോട്‌ ഇല്ല. മാനുഷികമായ അനുതാപത്തിനപ്പുറം അവരുടെ ഭൗതികാവശ്യങ്ങൾ ഏറ്റെടുക്കുവാനുള്ള വിഭവപര്യാപ്തത ഈ രാജ്യത്തിനില്ല തന്നെ. അതിനെ മുസ്ലിം മേൽവിലാസം നൽകി നോക്കിക്കാണുന്നതും അനാവശ്യമാണ്. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് അതിർത്തികാക്കുകയാണതിനു പോംവഴി.

പൗരത്വ ഭേദഗതി ബില്ല് പ്രകാരം ഇന്ത്യക്കു പുറത്തുനിന്നെത്തിയ മുസ്ലിമിതര സമൂഹങ്ങൾ വ്യാപകമായി ഇന്ത്യൻ പൗരത്വം നേടി ഈ മഹാരാജ്യത്തിൽ ഉൾച്ചേരുമെന്നു കരുതുന്നത് മൗഢ്യമാവും. ഈ അവസരത്തിൽ ഇസ്രായേലിലെ ആദ്യ ജൂത കൂടണയാലാണോർമ്മ വരുന്നത്. ഇതാ ജൂതർക്കൊരു രാഷ്ട്രം എന്ന് വിജ്ഞാപനം ചെയ്ത ഇസ്രായേൽ, കറുത്ത ജൂതന്മാർ പെരുകാതിരിക്കാൻ വേണ്ടി സെലെക്ടിവ് ജനന നിയന്ത്രണ കുത്തിവെയ്പ്പ് നടത്തിയിരുന്നതായി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. അത്രക്കൊക്കയേ ഉള്ളൂ എത്‌നിക് ടോട്ടാലിറ്റേറിയനിസത്തിന്റെ വംശ സ്നേഹം പ്രത്യേക ആർട്ടിക്കിൾ, inner line permit എന്നിവയിലൂടെ മിക്ക വടക്കു കിഴക്കൻ അതിർത്തി സംസ്ഥാനങ്ങളും പ്രത്യേക സംരക്ഷണം അനുവഭവിക്കുമ്പോൾ പുതിയതായി പൗരത്വം ലഭിക്കുന്നവർ എവിടെയാവും വാസസ്ഥലം കണ്ടെത്തുക? ദീർഘകാലമായി പുറത്താക്കണമെന്ന് ആവശ്യമുന്നയിക്കുന്നവർക്കു പൗരത്വം നൽകാനുള്ള നീക്കത്തിന് ആ ഭൂവിഭാഗത്തിൽ നിന്ന് ഒരു പിന്തുണയും ലഭിക്കില്ലെന്നുറപ്പാണ്. വലിയ വെല്ലുവിളികൾ നേരിടേണ്ടിയും വരും. ആ സ്ഥിതിക്ക് ഈ നവ പൗരന്മാർ രാജ്യത്തിൻറെ ഇതര ഭാഗങ്ങളിലേക്ക്, പ്രത്യേകിച്ച് താരതമ്യേന അസഹിഷ്ണുത കുറഞ്ഞു പ്രകടമാവുന്ന മെട്രോകളിലേക്കും കേരളം തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുമോ? കേന്ദ്ര സർക്കാർ അത്തരം ഭാവി സാധ്യതകളെ വിലയിരുത്താൻ ഒരു താല്പര്യവും കാണിച്ചിട്ടില്ല. കാരണം ഫലത്തിൽ വിപുലമായ ഒരു പൗരത്വദാന പരിപാടി അവരുടെ നയത്തിൽ ഇടം പിടിച്ചിട്ടില്ല. രാജ്യത്തിനകത്ത് തങ്ങൾക്കു ഭരണം നേടാൻ കഴിഞ്ഞിട്ടില്ലാത്ത പ്രദേശങ്ങളിലെ ജനതയെപ്പോലും അന്യത്വത്തോടെ വീക്ഷിക്കുന്ന ഒരു സർക്കാർ മതത്തിന്റെ പേരിലായാലും ഒരു കൂട്ടം നിരാലംബരായ വിദേശികളോട് അത്രയും ഉദാരത കൈക്കൊള്ളും എന്ന് സങ്കൽപ്പിക്കുന്നത് അതിശയോക്തിപരമായിരിക്കും.

ഇനി, ബിൽ നിയമമായി നടപ്പിലാവുകയാണെങ്കിൽ, പൗരത്വം നിഷേധിക്കപ്പെട്ടു ഒറ്റയ്ക്ക് പുറത്താവുമെന്നു കരുതുന്ന മുസ്ലിം അഭയാർത്ഥികളുടെ കാര്യത്തിൽ ഈ രാജ്യത്തിന് എന്ത് നടപടിയാണ് സ്വീകരിക്കാൻ കഴിയുക എന്ന് നോക്കാം. അവരെ സിൻജിയാങ് മോഡൽ ക്യാമ്പുകളിൽ തടവിലാക്കി പരിശീലിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമോ? ലോക രാഷ്ട്രങ്ങളുടെ ഇടപെടലുകൾ ഉണ്ടാവില്ലേ?ചൈനയെ പ്പോലെ സാമ്പത്തിക ഉപരോധങ്ങൾ ഒരു പരിധിവരെയെങ്കിലും ചെറുത്തുനിൽക്കുവാനുള്ള കഴിവ് നമ്മുടെ രാജ്യത്തിനില്ല എന്നത് ഏതു കടുത്ത രാജ്യ സ്നേഹിയും അംഗീകരിക്കേണ്ട യാഥാർഥ്യം മാത്രം. ഇപ്പോൾ തന്നെ R CE P കരാറിൽ ഒപ്പിടാത്തതു ഗാന്ധിജിയുടെ മുഖം ഓർമ്മയിൽ വന്നത് കൊണ്ടല്ല, ട്രംപിന്റെ നയം ഓർമ്മവന്നതു കൊണ്ടാണെന്നു വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് പൗരത്വ ഭേദഗതി ബിൽ ലോകസഭയിൽ അവതരിപ്പിച്ചു പാസ്സാക്കി എടുത്തത് പോലെ എളുപ്പമല്ല, അത് നിയമമായി പ്രയോഗത്തിൽ വരിക എന്നത്.

ഈ വസ്തുത ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും അറിയാത്തതല്ല. ഒരു പക്ഷെ ഏറ്റവും അറിയുക അവർക്കു തന്നെയാവണം. പിന്നെ എന്ത് കൊണ്ടായിരിക്കും ദ്രുതഗതിയിൽ ഈ ബിൽ അവതരിപ്പിച്ചത്? ഒന്നിന് പുറകെ ഒന്നായി പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നും പാളിപ്പോവുന്ന സാമ്പത്തിക മിന്നലാക്രമണങ്ങളുടെ പേരിൽ സ്പോൺസർ പ്രസ്ഥാനങ്ങളിൽ നിന്നും, പാർട്ടി അഫിലിയേറ്റഡ് തൊഴിൽ സംഘടനകളിൽ നിന്നും കോർപ്പറേറ്റ് സുഹൃത്തുക്കളിൽനിന്നു പോലും വിമർശനം നേരിടുമ്പോൾ ഒരു രാഷ്ട്രീയരക്ഷാതന്ത്രം പയറ്റുക.

എന്ന് വെച്ച് പൗരത്വ ബിൽ ഒരു കടലാസ്സു പുലിയല്ല. വിഷം പുരണ്ട പല്ലും നഖവുമുപയോഗിച്ചു രാഷ്ട്ര ശരീരത്തെ രക്തപങ്കിലമാക്കുവാനുള്ള നെഗറ്റീവ് ഊർജ്ജം അതിലടങ്ങിയിരിക്കുന്നു. കാശ്മീരിലെ ഭാവനാശൂന്യമായ ദ്രുത നീക്കത്തിലൂടെ അതിർത്തി ജനതയുടെ goodwill രാജ്യത്തിന് നഷ്ടമായിരിക്കുന്നു. മറിച്ചു കരുതുവാൻ പ്രേരകമായ ഒന്നും ഇന്നുവരെ മുന്നോട്ടു വെക്കപ്പെട്ടിട്ടില്ല. ബാബ്‌റി മസ്ജിദ് വിധി അനന്യമായ സംയമനത്തോടെയാണ് രാജ്യത്തെ സമസ്ത വിഭാഗങ്ങളും നേരിട്ടത്. ദശാബ്ദങ്ങൾക്കു ശേഷം കഠിനമായ തുടർ പരീക്ഷണങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സഹിഷ്ണുതയും ഉൾക്കൊള്ളലും നേരിടുന്ന അടുത്ത വെല്ലുവിളിയാണ് നഗ്നമായ വിഭാഗീയതയുടെ ബിൽ. നാളെ ബില്ലു എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും എന്ന പ്രഖ്യാപനം ശ്രദ്ധിച്ചിരിക്കുമല്ലോ. അങ്ങനെ രാജ്യവ്യാപകമായി വെറുപ്പ് വിതച്ചു വെറുപ്പ് കൊയ്യാൻ ബിൽ ഉപകാരണമാവുന്നു. ആ ലക്ഷ്യത്തെ തിരിച്ചറിയുകയും ചെറുത്തുതോൽപ്പിക്കുകയും ചെയ്യേണ്ടത് ഇന്ത്യയുടെ നിലനിൽപ്പിനു അനുപേക്ഷണീയമാണ്, ഈ ജനതയ്ക്ക് അതിനു കഴിയും.

Print Friendly, PDF & Email