പൂമുഖം LITERATUREകഥ നക്ഷത്രമുല്ല

നക്ഷത്രമുല്ല

രോഗനിർണയപരീക്ഷണങ്ങളുടെ കടലാസുകൂട്ടം നോക്കിക്കഴിഞ്ഞ് അയാളോട് ഡോക്ടർ പറഞ്ഞു,
“തര്യച്ചാ, നിങ്ങളുടെ മിടിപ്പ് ഒരെണ്ണം ഇടയ്ക്കിടെ കാണാതാകുന്നുണ്ട്!”
തര്യന് അതിൻ്റെ അർത്ഥം മനസിലായില്ല. അയാൾ മുന്നോട്ടാഞ്ഞിരുന്നു
“എന്നുവച്ചാൽ?”
ഹൃദയത്തിൻ്റെ കടുകിട തെറ്റാത്ത പ്രവർത്തനരീതിയെപ്പറ്റി ഡോക്ടർ തെല്ല് വിശദമായിത്തന്നെ അയാൾക്ക് പറഞ്ഞു കൊടുത്തു.
“എന്നുവച്ചാൽ നിങ്ങളുടെ ഹൃദയം ഇടയ്ക്കിടെ ഓടാൻ മറന്നുപോകുന്നെന്ന്!”
ഡോക്ടർ പറഞ്ഞുകൊണ്ടിരുന്നു.
“അതാണ് ഈ ക്ഷീണം. ഇത് ഒട്ടും തുടരാൻ സമ്മതിച്ചുകൂടാ. ചിലപ്പോൾ കുഞ്ഞൊരു യന്ത്രം നിങ്ങളുടെ ഉള്ളിൽ പിടിപ്പിക്കേണ്ടി വന്നേക്കാം.”
തര്യച്ചൻ്റെയുള്ളിൽ ചെറിയൊരു സ്ഫോടനം നടന്നു. എന്നാലും അത് പുറത്തേക്ക് വ്യാപിക്കാൻ അയാൾ അനുവദിച്ചില്ല. പകരം ഒരു ആശ്ചര്യത്തിൻ്റെ അടയാളം അയാൾ മുഖത്തണിഞ്ഞു.

അത്തരമൊരു ഉപകരണം ശരീരത്തിൽ പറ്റിയിരുന്ന് തൻ്റെ താളങ്ങളെ പരിശോധിക്കുകയും ഇടയ്ക്കിടെ നിയന്ത്രിക്കുകയും ചെയ്യുന്നത് തര്യൻ മുതലാളിക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. ഉപകരണമെന്നല്ല ഒന്നും, തന്നെ നിയന്ത്രിക്കാൻ അയാളൊരിക്കലും സമ്മതിച്ചിരുന്നില്ലല്ലോ. അയാൾ ഡോക്ടറോട് യാത്ര പറയാൻ പോലും മറന്ന് ഇറങ്ങിപ്പോന്നു.

അയാൾക്ക് ജീവിതത്തിലാദ്യമായി ഒരു വലിയ കുറവ് അനുഭവപ്പെട്ടു.

മിനിട്ടിന് ഒരു മിടിപ്പ് കുറയുന്നുവെന്നാണ് ഡോക്ടർ പറഞ്ഞത്. മണിക്കൂറിൽ അത് അറുപതാകും. ഒരു ദിവസത്തിൽ അത് ഭീമമായ ഒരു സംഖ്യയാണല്ലോ? ഹോ! അതൊരു വല്ലാത്ത കുറവു തന്നെയാണ്. ആയുസിൻ്റെ ധാന്യപ്പുരയിൽ നിന്ന് ചില നിമിഷങ്ങളെ ആരോ സദാ ചൊരിഞ്ഞെടുക്കുകയാണ്. യന്ത്രം പിടിപ്പിച്ചില്ലെങ്കിൽ ആ കുറവ് വീണ്ടും വീണ്ടും വർദ്ധിക്കും എന്നാണ് ഡോക്ടർ പറഞ്ഞത്. ബലമില്ലാത്ത ഒരു ഉത്തോലകമാണ് തൻ്റെ ലോകത്തെ നിയന്ത്രിക്കുന്നതെന്ന് അയാൾ വിഷാദിച്ചു.

ഹൃദയം ഇടയ്ക്കെങ്ങനെ പണി നിർത്തുന്നു എന്ന് ഡോക്ടർ വിശദീകരിച്ചത് അയാൾക്ക് മനസിലായില്ല.തൻ്റെ ഉള്ളിലിരുന്ന് മിടിച്ചിരുന്ന നാഴികമണി ഇടയ്ക്കിടെ കളവുകാട്ടുന്നു, അതു താനറിയാതെ ഇടയ്ക്ക് കള്ളപ്പെട്ട് നിന്നുപോകുന്നു. തൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ വ്യത്യസ്ത ഉല്പന്നങ്ങൾ, അവയുടെ കാലാവധി, മാറ്റ്, തോത്, ഉപഭോക്താക്കളുടെ മാറുന്ന അഭിരുചി തുടങ്ങി ഓരോ ജോലിക്കാരൻ്റെയും തൊഴിലിനോടുള്ള സമീപനം, അതേ മേഖലയിലെ മറ്റു സ്ഥാപനങ്ങളോട് ഉള്ളിൽ അവർ പുലർത്തുന്ന ആശാസ്യമല്ലാത്ത കൂറ്, രഹസ്യ സ്വഭാവം ഇതൊക്കെ പോലും അയാളുടെ മനസിൽ കള്ളികൾ തിരിച്ച് അടിയന്തിരം, ശ്രദ്ധേയം, ഭാവിയിൽ ഭീഷണമാകാവുന്നത് എന്നിങ്ങനെ അടയാളപ്പെടുത്തിയിട്ടുണ്ട്. തൊഴിലിടങ്ങളിൽ ജോലിക്കാർ സേവനവ്യഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ രഹസ്യഛായാഗ്രാഹികൾ പലയിടങ്ങളിലും പിടിപ്പിച്ചിട്ടുണ്ട്. അതൊക്കെ നിരീക്ഷിക്കാനും, കള്ളക്കാളകളെ അച്ചടക്കപ്പെടുത്താനും തര്യച്ചൻ്റെ സാമ്രാജ്യത്തിൽ സംവിധാനങ്ങളുണ്ട്. അപ്പോഴാണ് സ്വന്തം ഹൃദയത്തിൻ്റെ ഈ ഒറ്റിക്കൊടുക്കൽ. തര്യച്ചന് തൻ്റെ മോശപ്പെട്ട ശുഷ്കാന്തിയിൽ കുറച്ചിൽ തോന്നി. ആഴമേറിയ ഒരു നിശ്ശബ്ദത തുരന്ന് അതിൽ സ്വയം അടക്കം ചെയ്യാൻ അയാൾ ആഗ്രഹിച്ചു.

മനുഷ്യനെന്ന നിലയിലുള്ള തൻ്റെ കുറവുകളെപ്പറ്റി അയാൾക്ക് പണ്ടും ബോധ്യം വന്നിരുന്നത് വളരെ താമസിച്ചായിരുന്നു.

തര്യച്ചന് സ്നേഹിക്കാനറിയില്ലെന്ന് ഒറ്റ വാചകം എഴുതി വച്ചിട്ട് സ്വന്തം കുഞ്ഞന്നാമ്മ തൂങ്ങിനിന്നത് അയാൾ ഓർത്തു. ഒരാൾ സ്നേഹത്തെപ്പറ്റി പറയുന്നത് ആപേക്ഷികമായിട്ടാണെന്ന് തര്യച്ചന് പണ്ടേ അറിയാമായിരുന്നു. തൻ്റെ ചെയ്തികളെപ്പറ്റി വേണ്ടുംവണ്ണം മനസ്സിലാകാതെ പോയ ഒരു പോഴത്തിയാണ് അവളെന്ന് അയാൾ തൻ്റെ അടുപ്പക്കാരികളോട് പിൽക്കാലത്ത് പറയുമായിരുന്നു. എന്നാലും പ്രാർത്ഥനാമുറിയിൽ തൻ്റെ ആവലാതികൾ അഴിച്ചിട്ട് ദൈവവുമായി ചില ധാരണകളിലെത്തിയതിന് ശേഷം തര്യച്ചൻ എന്നും കുഞ്ഞന്നാമ്മയ്ക്ക് വേണ്ടി ഒരു നിമിഷം കണ്ണുപൂട്ടി നില്ക്കുമായിരുന്നു. അയാളുടെ ശിലാ ഹൃദയത്തിൽ നിന്ന് ദയയുടെ നനവു പൊട്ടുന്ന അപൂർവ്വസമയമാണത്. അരനിമിഷം മാത്രം നീണ്ടു നില്ക്കുന്ന ആ ഔദാര്യത്തിനിടയിലും കുഞ്ഞന്നാമ്മ പഴയ നിലപാട് മാറ്റിയിരുന്നില്ല. തര്യച്ചാ, നിനക്ക് സ്നേഹിക്കാനറിയില്ല! ചത്തിട്ടും നിൻ്റെ ശുദ്ധഗതി പോയില്ലേടീന്ന് തര്യൻ തിരിച്ച് കണ്ണുരുട്ടും.

തൻ്റെ ബംഗ്ലാവിൽ മടങ്ങിയെത്തിയാലുടൻ പകൽവേളകളിൽ സാധാരണ ചെയ്യും പോലെ അന്ന് തര്യൻ മദ്യക്കുപ്പി തുറന്നില്ല. പകരം ക്രൂശിതൻ്റെ വലിയ എണ്ണച്ചായച്ചിത്രത്തിന് മുന്നിൽ നിന്ന് പ്രാർത്ഥിച്ചു. അപ്പോഴത്തെ പ്രാർത്ഥനയിൽ ലാഭം, പ്രതികാരചിന്ത എന്നീ പതിവു വിഷയങ്ങളൊന്നും കടന്നുവന്നില്ല. വിഷയശൂന്യതയുടെ മരുവിൽ അയാളുടെ പ്രാർത്ഥന ഏറെനേരം നീണ്ടുനിന്നു. വീട്ടിലെ പരിചാരകരുടെ അടക്കിപ്പിടിച്ച സംസാരങ്ങളും, നട്ടുച്ചയുടെ മുറുക്കിക്കെട്ടിയ മൗനവുമല്ലാതെ അവിടെ ആകെ മുഴങ്ങിക്കേട്ടത് അയാളുടെ ആഞ്ഞുമിടിക്കുന്ന നെഞ്ചിൻ്റെ താളം മാത്രമായിരുന്നു. രക്ഷകൻ്റെ സന്നിധി തന്ന ശാന്തതയിൽ അയാൾ ആ താളത്തെ ശ്രദ്ധയോടെ പിന്തുടർന്നു. എവിടെയാണ് തൻ്റെ ഹൃദയം നിലയ്ക്കുന്ന ആ നിമിഷം. അയാൾ അതീവ ശ്രദ്ധയോടെ എണ്ണി,
ഒന്ന് … രണ്ട്…. മൂന്ന് … പത്ത്…. നാല്പത് … നാല്പത് …..
നാല്പത് കഴിയുമ്പോൾ ഹൃദയം ഒന്നു പതുങ്ങിയതു പോലെ തര്യച്ചന് തോന്നി. അതോ വെറും തോന്നലാണോ? ഹൃദയം നിലച്ച ആ നിമിഷം, ശൂന്യതയിൽ നിന്ന് കുഞ്ഞന്നാമ്മ ചിരിച്ചതു പോലെ…… തര്യച്ചാ! നിനക്ക് സ്നേഹിക്കാനറിയല്ല. നീയാദ്യം അതു പഠിക്ക്. എല്ലാം ശരിയാകും.

ഇത്തവണ തര്യന് ക്ഷോഭം വന്നില്ല. നനുനനുത്ത ഒരോർമ്മയിൽ അയാൾ കുളിർത്തുനിന്നു. അവളെന്തെങ്കിലും കൂടി പറഞ്ഞെങ്കിൽ എന്ന് അയാൾ കാതോർത്തു. അവളുടെ, മന്ത്രകോടി പൊതിഞ്ഞ പാതിമുഖത്തെ ലജ്ജ അനേകാണ്ടുകൾ കഴിഞ്ഞിട്ടും അയാൾ ഓർത്തെടുത്തു. കൊളുത്തിൽ നിന്നഴിച്ച് താഴെ കിടത്തുമ്പോഴും അവളുടെ മുഖത്തിൻ്റെ കോടിപ്പോകാത്ത മറ്റേപ്പാതിയിൽ അതേ ലജ്ജ വിളറിക്കിടന്നതും അയാളോർത്തു!
തര്യച്ചന് കരയണമെന്നുണ്ടായിരുന്നു. പക്ഷെ ഒരു കരച്ചിലിലേക്ക് എത്തേണ്ടവർ പറയുന്ന രഹസ്യവാക്ക് അയാൾക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല.

അയാളോട് സഹതാപം തോന്നിയിട്ടാവണം വൈകിയെത്തിയ തുലാവർഷം അയാളുടെ ബംഗ്ളാവിനെ പെട്ടെന്ന് പൊതിയാൻ തുടങ്ങി. അപ്രതീക്ഷിതമായെത്തിയ മഴയെ കൈകാര്യം ചെയ്യാൻ വീട്ടുവേലക്കാർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. അന്നോളം കടക്കാതിരുന്ന നൂൽപ്പഴുതുകളിലൂടെ ഈർപ്പവും തണുപ്പും അവരെ വളഞ്ഞു. നശിച്ച മഴയെന്ന് ഒരു വേലക്കാരി പറഞ്ഞത് അല്പം ഉറക്കെയായിപ്പോയി. അവൾ പുതുതായി വന്ന ഒരാളായിരുന്നു. അയ്യോ! മുതലാളി കേൾക്കും എന്ന് മുതിർന്ന ഒരുവൾ പറയുന്നത് കേട്ടുകൊണ്ടാണ് തര്യൻ അങ്ങോട്ട് ചെല്ലുന്നത്. പെട്ടെന്ന് ഒരു ആഞ്ഞ നിശ്ശബ്ദത അവിടെ പൊട്ടിവീണു. പുതിയതായി വന്ന വേലക്കാരി വല്ലാത്ത മാനസികാവസ്ഥയിലായത് തര്യച്ചൻ ശ്രദ്ധിച്ചു. കുഞ്ഞന്നാമ്മ പറഞ്ഞതുപോലെ സ്നേഹത്തിൻ്റെ പാഠങ്ങൾ പഠിക്കാൻ തര്യച്ചൻ ശ്രമിച്ചു തുടങ്ങി. മുമ്പ് താനൊരിക്കലും പരിചയിച്ചിട്ടില്ലാത്ത ദയാവായ്പിൻ്റെ മുഖാവരണമണിഞ്ഞ് അയാൾ ആ പെണ്ണിനെ നോക്കി. അവൾ പക്ഷെ പെട്ടെന്ന് രംഗത്തു നിന്ന് നിഷ്ക്രമിച്ചു കളയുകയാണ് ചെയ്തത്. തര്യച്ചനു കഷ്ടം തോന്നി. അവിടെ ശേഷിച്ചവരാണെങ്കിലോ അത്ഭുതത്തോടെ നിശ്ചലതയാർന്നു നിന്നു.

തര്യച്ചൻ അവരെല്ലാരോടുമായി വിളിച്ചു പറഞ്ഞു. ഞാനൊരു യാത്ര പോകുന്നു. മൂന്നാലുനാൾ കഴിഞ്ഞേ മടങ്ങൂ .നിങ്ങൾക്ക് ശമ്പളത്തോടു കൂടിയ അവധി തരാം! പോരെ?
വേലക്കാരുടെ അത്ഭുതം ഇരട്ടിച്ചതേയുള്ളു. മുതലാളി കാണാതെ അവർ പരസ്പരം നോക്കി കണ്ണിറുക്കി ചിരിച്ചു.
അയാൾ അവർക്ക് അന്നത്തേക്ക് അവധി കൊടുത്തു. കാലങ്ങളായി അവരിൽ കെട്ടിക്കിടന്ന ശിശുസദൃശമായ കലപില ശബ്ദം മുഴക്കി അവർ അവരവരുടെ വീടുകളിലേക്ക് പോയി.

തര്യച്ചൻ ഒരു തുകൽപ്പെട്ടിയിൽ മൂന്നുനാലുനാളത്തെ യാത്രയ്ക്കുള്ള അനുസാരികൾ അടുക്കി വച്ചു. അലമാരിയുടെ ഉള്ളറയിൽ പൂട്ടിവച്ചിരുന്ന മിനുമിനുത്ത കൈത്തോക്ക് തുറന്ന് അതിൽ നിന്ന് ഒരു തിരയൊഴികെ ബാക്കിയെല്ലാം നീക്കം ചെയ്തു. അത് ഒരു ചെറിയ ബാഗിനുള്ളിലാക്കി പെട്ടിയിൽ വച്ചു. എല്ലാ യാത്രകളിലും അയാൾ നിറതോക്ക് ഒപ്പം കരുതാറുണ്ടായിരുന്നു. ഇന്ന് തോക്കിൽ ഒരു തിര മാത്രം മതിയെന്ന് അയാൾ സ്വയം നിഷ്കർഷിച്ചതാണ്.
യാത്രയ്ക്കുള്ള ആശയം അന്നേരം രൂപപ്പെട്ടതാണ്. തുടർന്ന് അയാൾ തൻ്റെ ഗ്രൂപ്പ് എം.ഡി യ്ക്ക് ചില നിർദ്ദേശങ്ങളും മറ്റും ഉൾക്കൊള്ളുന്ന സന്ദേശം മെയിൽ ചെയ്തു. ഒരു സാധാരണയാത്രയാണ് താൻ നടത്താൻ പോകുന്നതെന്നും തൻ്റെ മനോനിലയ്ക്ക് ഒരു ഗ്ലാനിയുമില്ലെന്നും വായിക്കുന്നവർക്ക് നൂറു ശതമാനവും തോന്നത്തക്ക വാചകഘടനയാണ് മെയിലെഴുതാൻ അയാൾ തെരഞ്ഞെടുത്തത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും അയാൾ ചുവടെ നോട്ടു ചേർത്തു. ബിസിനസ് ഭാഷയ്ക്കപ്പുറം, പെട്ടെന്ന് ദുർബലനായ ഒരു മനുഷ്യൻ്റെ വിറയൽ അല്പമെങ്കിലും അതിൽ വീഴരുതെന്ന് അയാൾക്ക് നിർബ്ബന്ധമുണ്ടായിരുന്നു.

സന്ധ്യയെത്തിയിട്ടും മഴ തോരുന്നില്ലായിരുന്നു. ബസ് സ്റ്റാൻഡിലെത്തുമ്പോൾ അയാളുദ്ദേശിച്ച വണ്ടി, അവിടെ പിടിച്ചിട്ടിട്ടുണ്ട്. ഒരു കുപ്പി വെള്ളം മാത്രം വാങ്ങി അയാൾ കൈസഞ്ചിയിലിട്ടു. പണ്ട് വെള്ളക്കാരുടെ വേനൽക്കാലവസതിയായിരുന്ന ഒരു നഗരത്തിലേക്കാണ് ആ ബസ് പോകുന്നത്. പശ്ചിമഘട്ടത്തിൻ്റെ ഉയരങ്ങളിൽ ഇപ്പോഴങ്ങനെയൊരു സ്ഥലമുണ്ടെന്നത് പലർക്കും അറിഞ്ഞുകൂടാ. കുഞ്ഞന്നാമ്മയെ കെട്ടുന്ന കാലത്താണ് അവർ രണ്ടുപേരും കൂടെ അവിടെ ആദ്യം എത്തുന്നത്. ഒരു ശിശിരസന്ധ്യയ്ക്കായിരുന്നു അത് എന്ന് തര്യൻ കൃത്യമായി ഓർത്തു. അന്ന് ചലനം കുറഞ്ഞ ഒരു സിനിമയിലെ ഫ്രെയിമിലെന്ന പോലെയായിരുന്നു അവിടം. നേരത്തെ താഴുന്ന സൂര്യൻ്റെ ശോണരശ്മികളും വേഗതകുറഞ്ഞ വഴികളും ചേർന്ന് ആ സ്ഥലത്തിനെ ഒരു ധ്യാനമുറി പോലെ തോന്നിപ്പിച്ചു. അവിടെ ഒന്നിലേറെ ആത്മഹത്യാമുനമ്പുകൾ ഉണ്ടെന്ന് കുഞ്ഞന്നാമ്മയാണ് തര്യനോടാദ്യം പറഞ്ഞത്. ആ പ്രദേശത്തിൻ്റെ ഭാവത്തിനോട് തീരെ യോജിക്കാത്ത ഒരു പ്രസ്താവമായിരുന്നു അവളുടേത്. കിനാവുകളുടെ പറുദീസ എന്നു പേരുള്ള ഒരു ഹോട്ടലിലാണ് അവർ അന്ന് മുറിയെടുത്തത്. റിസപ്ഷനിൽ വച്ചുതന്നെ ആത്മഹത്യാമുനമ്പുകളെപ്പറ്റി അവൾ ചോദിച്ചു മനസിലാക്കിയത് തര്യന് തെല്ലും ഇഷ്ടമായില്ല. ജീവിതവും ആത്മഹത്യയും ഒരു വീട്ടിലെ തന്നെ ഇരട്ട മുറികളാണെന്നായിരുന്നു കുഞ്ഞന്നാമ്മയുടെ ഫിലോസഫി. അയാൾ പിന്നൊന്നും മിണ്ടിയില്ല.

പട്ടണക്കാഴ്ചകൾ വിട്ട് ബസ് മെല്ലെ മലകളുടെ ദുരൂഹതകളിലേക്ക് കയറിത്തുടങ്ങി. വണ്ടിയോടുന്നതിൻ്റെ മുരൾച്ച മാത്രം കേൾക്കാം. ഇടയ്ക്ക് നിന്നു പോകുന്ന തൻ്റെ ഹൃദയത്തെപ്പറ്റിയുള്ള അയാളുടെ വേവലാതി ഒട്ടും കുറയുന്നില്ലായിരുന്നു. ഉയരം കൂടുന്തോറും തണുക്കുന്ന മലകളുടെ ഉള്ളു തൊടുന്ന കാറ്റ് അയാളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. വെളുപ്പായ നേരത്താണ് അയാൾ ഒന്നു കണ്ണടച്ചത്. അതും ഒരു പേക്കിനാവിൻ്റെ വിളുമ്പിൽ തട്ടി തകർന്നു പോയി.

പട്ടണത്തിലെത്തുമ്പോൾ നേരം നന്നേ പുലർന്നിരുന്നു. പണ്ടു കണ്ടതിൽ നിന്ന് വലിയ മാറ്റമൊന്നും അവിടെ തോന്നിച്ചില്ല. കുറെക്കൂടി വേഗത തോന്നിപ്പിച്ചു എന്നു മാത്രം. എന്തായാലും കിനാവുകളുടെ പറുദീസ കണ്ടുപിടിക്കാൻ അയാൾക്ക് തീരെ ബുദ്ധിമുട്ടേണ്ടി വന്നില്ല. അത് തര്യന് അനല്പമായ സന്തോഷം നൽകി. യഥാർത്ഥത്തിൽ ആ താമസയിടം തിരഞ്ഞു തന്നെയാണ് അയാൾ അവിടെ വന്നതും. അത് നിലവിൽ ഇല്ലായിരുന്നെങ്കിൽ മറ്റെന്തു ചെയ്യണം എന്ന പ്ളാൻ – ബി അയാൾക്കില്ലായിരുന്നു താനും.
ചിരപരിചിതയെപ്പോലെ, റിസപ്ഷനിലിരുന്ന പെൺകുട്ടി അയാളെ നോക്കി ചിരിച്ചു.
“സാർ ഒറ്റയ്ക്കാണോ”
അതേയെന്ന് തര്യൻ പ്രതിവചിച്ചു.
“ഒറ്റയ്ക്ക് വരുന്നവർക്ക് മുറി കൊടുക്കരുതെന്നാണ് സാർ ഇവിടത്തെ നിയമം!”
തര്യന് അത്ഭുതം തോന്നാതിരുന്നില്ല.
അവൾ വിശദീകരിച്ചു.
“ഇവിടത്തെ പോലീസിൻ്റെ നിബന്ധനയാണത്. ആത്മഹത്യയാണ് സാർ കാരണം!”
തര്യൻ ചെവി കൂർപ്പിച്ചു.
“ഇക്കൊല്ലം ഈ ഹോട്ടലിൽ തന്നെ ഒമ്പതു പേർ.”
അത്രയും പറഞ്ഞിട്ട്, അവളെന്തോ അരുതാത്തതു പറഞ്ഞ പോലെ പെട്ടെന്ന് നിർത്തിക്കളഞ്ഞു.
“ഒറ്റയ്ക്കെത്തുന്നവർക്കും സംശയം തോന്നുന്നവർക്കും മുറി കൊടുക്കരുതെന്നാണ് സാർ പൊലീസിൻ്റെ നിയമം”
കുര്യൻ പറഞ്ഞു. ” ഞാനിവിടെ വന്നിട്ടുണ്ട്. ഇരുപത്തിരണ്ട് കൊല്ലം മുമ്പ്! അന്നു ഞങ്ങളുടെ മധുവിധു ആയിരുന്നു “
പെൺകുട്ടി ചോദിച്ചു.
“ഭാര്യയെ എന്താണിപ്പോൾ കൊണ്ടു വരാഞ്ഞത്?”
”അവളിന്നില്ല!”
മറുപടി പറഞ്ഞിട്ട് അയാൾ കുഞ്ഞന്നാമ്മയ്ക്ക് വേണ്ടി കാതോർത്തു. ഇല്ല, അവൾ വരുന്നില്ല!
എങ്ങനെയാണ് ഭാര്യ മരിച്ചതെന്ന് അവൾ ചോദിച്ചതിന് തര്യൻ മറുപടി പറഞ്ഞില്ല.
വിഷാദത്തിൻ്റെ ഒരു വലിയ മഞ്ഞുമേഘം അവിടെ പ്രത്യക്ഷപ്പെട്ടു.
അത് മെല്ലെമെല്ലെയലിഞ്ഞു തീരാൻ അല്പം സമയമെടുത്തു.
അവൾ ചോദിച്ചു
“സാർ, അന്ന് ഏത് മുറിയിലായിരുന്നു താമസിച്ചത് “
തര്യന് നേരിയ പ്രകാശം വന്നപോലെ തോന്നി.
“പന്ത്രണ്ടിൽ. രണ്ടാം നിലയിലായിരുന്നു.”
“ഇപ്പൊഴും അത് രണ്ടാം നിലയിൽ തന്നെയാണ് “
പെൺകുട്ടി ചിരിച്ചു.
കൂടുതൽ വിശ്വാസം വരുത്താനായി തര്യൻ പറഞ്ഞു.
” അന്ന് പുതുദമ്പതികൾ ഇവിടെ ഏതെങ്കിലും ഒരു ചെടി നടുന്ന പതിവുണ്ടായിരുന്നു. ഞങ്ങളൊരു നക്ഷത്രമുല്ലയാണ് നട്ടത്”
അവൾ പറഞ്ഞു
“ചെടി നടുന്ന കാര്യം അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. അച്ഛൻ്റെ മരണശേഷമാണ് ഞാനിവിടെ എത്തുന്നത് “
എന്നിട്ട് ഒരു സ്വകാര്യം പോലെ പറഞ്ഞു.
” സാറിനെ എനിക്ക് വിശ്വാസം തോന്നുന്നു. പന്ത്രണ്ടാം നമ്പർ മുറി തന്നെ തരട്ടെയോ?”
തര്യന് ആനന്ദത്താൽ തൊണ്ടയിൽ വാക്കു വിലങ്ങിപ്പോയി.
അതിഥികളുടെ വിവരങ്ങൾ എഴുതുന്ന രജിസ്റ്റർ അവൾ അയാൾക്കു നേരെ നീട്ടി. അതിലെഴുതുമ്പോൾ യാത്രയുടെ ഉദ്ദേശം എന്നയിടം അയാൾ മന: പൂർവ്വം വിട്ടു കളഞ്ഞത് അവൾ കണ്ടുപിടിച്ചു.
“ഒന്നും വിട്ടുകളയരുത്”
അവൾ നിഷ്കർഷിച്ചു.
എന്നിട്ടു ചാട്ടുളി പോലെ ചോദിച്ചു.
“ആട്ടെ താങ്കളുടെ ആഗമനോദ്ദേശം എന്താണ് ?”
ചാട്ടുളി മറുപടി തന്നെ തര്യനും കൊടുത്തു.
“ആത്മഹത്യ ചെയ്യാൻ “
ആ മറുപടിയിൽ ഞെട്ടിക്കുന്ന ഒരംശമുണ്ടെന്നറിഞ്ഞിട്ടും ഉറക്കെച്ചിരിക്കാനാണ് അവർക്കു രണ്ടു പേർക്കും തോന്നിയത്.
അവൾ തന്നെയാണ് മുറിയിലേക്കുള്ള വഴി കാണിച്ച് തര്യൻ്റെ ഒപ്പം ചെന്നതും. പോകുന്നവഴിയിൽ ചുറ്റുകോവണിയ്ക്കപ്പുറം ചതുരവടിവുള്ള തോട്ടം കാട്ടി അവൾ പറഞ്ഞു. ഈ കാണുന്ന മരങ്ങളൊക്കെ പണ്ട് മധുവിധുവിനു വന്നവർ നട്ടതാണ്.

തോട്ടത്തിലാകെ ഇടത്തരം മരങ്ങളും വള്ളിപ്പടർപ്പുകളും നിറഞ്ഞു നിന്നു. താനും കുഞ്ഞന്നാമ്മയും ചേർന്ന് നട്ടുവച്ച നക്ഷത്രമുല്ല എവിടെയാണെന്ന് തര്യച്ചന് ഓർത്തെടുക്കാൻ പറ്റുന്നില്ലായിരുന്നു.
പന്ത്രണ്ടാം നമ്പർ മുറിയ്ക്ക് കാര്യമായ മാറ്റമൊന്നുമില്ലായിരുന്നു. വാൻഗോഗിൻ്റെ ആമ്പൽപ്പൂക്കൾ നിറഞ്ഞ കുളം എന്ന വിഖ്യാതചിത്രം ഇപ്പോഴും അവിടെ ഭിത്തിയിൽ കിടപ്പുണ്ട്. പഴമയുടെ അതിപ്രസരം തോന്നുമെങ്കിലും നിത്യം പരിചരിയ്ക്കപ്പെടുന്ന ഒന്നിൻ്റെ ഉത്സാഹം ആ മുറിയിൽ നിലനിന്നു.
കിടക്കവിരികൾ മാററുന്ന വേളയിൽ പെൺകുട്ടി പറഞ്ഞുകൊണ്ടിരുന്നു. പന്ത്രണ്ടാം നമ്പർ മുറിയാണ് കിനാവുകളുടെ യഥാർത്ഥ പറുദീസ. ഇവിടത്തെ ബാൽക്കണിയിലേക്ക് പണ്ട് മഞ്ഞ് താണിറങ്ങുമായിരുന്നു. പകൽ തെളിയുമ്പോൾ പശ്ചിമഘട്ടത്തിൻ്റെ എടുപ്പുകളുമായി സ്വർഗം ഭൂമിയിലിറങ്ങി വരുമായിരുന്നു
പെൺകുട്ടിയുടെ വാക്കുകൾക്കിടയിലേക്ക് തര്യൻ തൻ്റെ കുസൃതിച്ചോദ്യമെറിഞ്ഞു.
“ഈ പന്ത്രണ്ടാം നമ്പർ മുറിയിൽ നിന്ന് നേരിട്ട് സ്വർഗത്തിൽ പോയവരെത്ര പേരാണ് കുട്ടീ? “
പെൺകുട്ടി തെല്ലും പകയ്ക്കാതെ ഉത്തരം നൽകി
“ഇക്കൊല്ലം തന്നെ നാലു പേർ!”
ഇവിടെ നിന്നുള്ള പ്രശാന്തമായ ദൂരക്കാഴ്ചകൾക്കിടയിൽ വിഷാദത്തിൻ്റെ ഊടുവഴികളുമുണ്ടായിരിക്കണം. അത് പണ്ട് കുഞ്ഞന്നാമ്മ കണ്ടു പിടിച്ചതാണല്ലോ!
“ഒടുവിലത്തെ സംഭവം മൂന്നു മാസം മുമ്പായിരുന്നു. അതിനു ശേഷമാണ് ഒറ്റയ്ക്കു വരുന്നവർക്ക് മുറി കൊടുക്കേണ്ടതില്ല എന്ന നിയമം ഇവിടെ കർശനമാക്കിയത്. ഈ പട്ടണം മരിയ്ക്കാൻ വരുന്നവരുടെ ഇഷ്ടനഗരമാണെന്ന് പുറത്ത് മനുഷ്യർ അടക്കം പറയുന്നുണ്ട്. പക്ഷേ, വിറ്റുവരവില്ലാതെ ഉടമസ്ഥൻ എങ്ങനെ ഞങ്ങൾക്ക് ശമ്പളം തരും.” അവൾ സങ്കടമിറക്കുകയാണ്.
പന്ത്രണ്ടാം നമ്പർ മുറിയിൽ ജീവിതമിറക്കി വച്ച് കടന്നുപോയ ആ നാലു പേരെക്കുറിച്ച് ഒട്ടേറെ കാര്യങ്ങൾ തര്യച്ചന് അറിയണമായിരുന്നു. അവർ എവിടെ നിന്നൊക്കെ വന്നവരാണ്, മരിക്കാനായി അവർ കണ്ടു പിടിച്ച സങ്കേതം എന്തായിരുന്നു, ഒടുക്കം എങ്ങനെയായിരുന്നു അവർ കണ്ടു പിടിക്കപ്പെട്ടത്, അവർ ഒറ്റയ്ക്കായിരുന്നോ… അങ്ങനെ കുറെയേറെ. ചോദിക്കാനുള്ള ഊഴം പാർത്ത് അയാളിരുന്നു.
അവൾ നിർത്തുന്നില്ലായിരുന്നു. രൂപസൗഭഗത്തിനു ചേർന്ന മോഹനമായ ഒരു ചിരിയോടെ അവൾ കൂട്ടിച്ചേർത്തു.
” പക്ഷെ, താങ്കളെ എനിക്ക് വിശ്വാസം തോന്നുന്നു. താങ്കൾ ചതിക്കില്ലെന്ന്. അതാണ് മുറി തന്നത്!”
തര്യനൊന്നു ഞെട്ടി.
“ആത്മഹത്യ ചതിയാണോ? “
“അതെ! എൻ്റെ ഭർത്താവ് ആത്മഹത്യ ചെയ്തതാണ്”
പെട്ടെന്നൊരു നിശ്ശബ്ദത എങ്ങാണ്ടു നിന്നോ പറന്നുവന്നു. മനുഷ്യൻ വാമൊഴി കണ്ടു പിടിക്കുന്നതിനു മുമ്പുള്ള ഒരു പകലിലേക്ക് ആ മുറി പെട്ടെന്ന് തർജ്ജമ ചെയ്യപ്പെട്ടു. കുടിനീരും, ടവ്വലും സോപ്പുമൊക്കെ സജ്ജീകരിച്ചിട്ട് അവൾ പെട്ടെന്ന് മുറി വിട്ടു പോയി. അതോടെ വല്ലാത്തൊരു പ്രകാശക്കുറവിൽപ്പെട്ട് പന്ത്രണ്ടാം നമ്പർ മുറി വീണു കിടന്നു.
നിമിഷങ്ങൾ ചലിക്കാത്ത ആ മുറിയിൽ എത്രനേരം ഇരുന്നെന്ന് തര്യനറിയില്ല. യാത്രയുടെ മുഷിവു നാറുന്ന വസ്ത്രങ്ങൾ പോലും മാറ്റാതെയാണ് താനിരിക്കുന്നതെന്ന് അയാൾക്ക് ബോധം വന്നു. ഇതിനോടകം ഏറെ നേരം അയാൾ ഉറങ്ങിക്കാണണം!
അയാൾ ബാൽക്കണിയുടെ പടുതയും ചില്ലുജനാലയും മാറ്റി പുറത്തേക്ക് നോക്കി. അവിടെ ഉച്ചത്തിരിവിൻ്റെ ചിട്ടവട്ടങ്ങളാണ്. പതിവിലേറെത്തെളിഞ്ഞ ആകാശത്തിനിടയിലൂടെ പച്ചയിൽ നിന്ന് കടുംനീലയായും പിന്നെ ഇളം നീലയായും മാറി, പിന്നെപ്പിന്നെ നിറം വാർന്ന് ചക്രവാളത്തിലലിയുന്ന മലകളുടെ ദൃശ്യം.

വര : പ്രസാദ് കാനത്തുങ്കൽ


അയാളെഴുന്നേറ്റ് തുകൽപ്പെട്ടി തുറന്ന് ഉള്ളറയിൽ സൂക്ഷിച്ചു വച്ച ചെറിയ ബാഗെടുത്തു. അതിനുള്ളിൽ നിന്നും കണ്ടെടുത്ത കറുത്തു മിന്നുന്ന ലോഹസാമഗ്രിയുടെ ഉള്ളറ തുറന്നു. മരണദൂതനെപ്പോലെ അതിൽ പറ്റിച്ചേർന്നിരിപ്പുണ്ട് ഒരു ഒറ്റത്തിര. തര്യച്ചനത് ഉള്ളംകൈയിൽ കുടഞ്ഞിട്ടു. എന്നിട്ട് സർവ്വ ശക്തിയുമെടുത്ത് പുറത്തെ വിജനതയിലേക്കെറിഞ്ഞുകളഞ്ഞു. വെടിക്കോപ്പൊഴിഞ്ഞ് ടീപ്പോയിൽ കിടന്ന തോക്കിന്, ഖനനം ചെയ്തെടുത്ത അയിരിൻ്റെ ആദിമലാവണ്യമുള്ളതായി തര്യച്ചന് തോന്നി.
അനന്തരം, മലിനതകളുടെ കൂടുകളഴിച്ചുമാറ്റി അയാൾ പിറന്നപടി ഷവറിന് താഴെ നിന്നു. അനേകായിരം നൂൽവിരലുകളാൽ, ജലം അയാളുടെ തളർന്നഹൃദയത്തെ തണുപ്പിക്കാൻ തുടങ്ങി.

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like